ഒരു തലശ്ശേരി സൂത്രം

തലശ്ശേരിയിൽ ബി.ജെ.പി നേടിവരുന്ന വോട്ടുകൾ അപ്പടി യു.ഡി.എഫ് സ്ഥാനാർഥിക്ക് മറിച്ചാലും, 2016ൽ നേടിയ 34,117 വോട്ടിന്റെ ഭൂരിപക്ഷം വച്ച് എൽ.ഡി.എഫിന് ജയിക്കാം. എങ്കിലും അങ്ങനെ നേരായവഴിക്കായിരിക്കില്ല കാര്യങ്ങളുടെ കിടപ്പ് എന്നൊരു ശുഭപ്രതീക്ഷയിലാണ് കോൺഗ്രസിന്റെ ഒരിത്.

Election Desk

സാക്ഷാൽ അമിത് ഷാ പ്രചാരണം നടത്താൻ തീരുമാനിച്ച മണ്ഡലം. സംസ്ഥാനത്തെ ബി.ജെ.പിയുടെ ക്ലാസ് മണ്ഡലങ്ങളിലൊന്ന്. അതായത്, ‘ഒന്നാഞ്ഞുപിടിച്ചാൽ ജയിക്കാം എന്ന് മുൻകൂട്ടി തീരുമാനിക്കപ്പെട്ടത്' എന്ന് വോട്ടർമാരെ ചെണ്ടകൊട്ടി അറിയിച്ചിരുന്നു.

ജില്ല അധ്യക്ഷൻ എൻ. ഹരിദാസിനെയാണ് നിർത്തിയത്. പത്രികക്കൊപ്പം നൽകേണ്ട രേഖകളിൽ പാർട്ടി അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാൽ ഹരിദാസിന്റെ പത്രിക തള്ളി. തലശ്ശേരിയിൽ നാം കണ്ടുവരുന്ന തരത്തിലുള്ള ബി.ജെ.പിയെ സംബന്ധിച്ച് ഇത് അസാധാരണ സാഹചര്യമായിരുന്നു. പാർട്ടി ജില്ലാ ഘടകം ആകമാനമാണ് അപമാനിക്കപ്പെട്ടത്. എന്നാൽ, ഇത്തരം അവസ്ഥകളിൽ ബലിയാടാക്കാൻ നിർത്തുന്ന ഡമ്മിയുണ്ടാകുമല്ലോ, ഡമ്മിയുടെ പത്രികയും ഇതേ കാരണത്താൽ തള്ളിപ്പോകുന്നു. എന്തുചെയ്യാം, തലശ്ശേരിക്കാരുടെ നഷ്ടമെന്നല്ലാതെ എന്തുപറയാൻ! സ്ഥാനാർഥിയില്ലാതായിപ്പോയി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും വോട്ട് കിട്ടിയ മണ്ഡലത്തിലാണ് ഈ ‘ദുരവസ്ഥ'.

എവിടെയോ ഒരു സൂത്രം മണക്കുന്നുണ്ട്. പാർട്ടി അധ്യക്ഷൻ ഒപ്പിടാൻ മനഃപൂർവം മറന്നുകൊടുത്തതാണ് എന്നൊരു മണം. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെ ഭാഗമായുള്ള ബോധപൂർവ പിഴവെന്നാണ് സി.പി.എം പാടിനടക്കുന്നത്. ബി.ജെ.പി നേതാക്കൾ തന്നെ വെളിപ്പെടുത്തിയ കഴിഞ്ഞകാല അനുഭവങ്ങൾ വെച്ച് ഇത്തരം കച്ചവടങ്ങളുടെ സാധ്യത തള്ളാനുമാകില്ലല്ലോ. മാത്രമല്ല, തലശ്ശേരിയിൽ ബി.ജെ.പി വോട്ട് വേണ്ട എന്ന കടുത്ത പ്രഖ്യാപനം നടത്താൻ ഇതുവരെ കോൺഗ്രസ് തയാറായിട്ടുമില്ല.

ഷംസീറിനെ തോൽപ്പിക്കാൻ ബി.ജെ.പിയിൽനിന്ന് വോട്ട് ആവശ്യപ്പെടില്ലെന്ന് മുല്ലപ്പള്ളി ‘വേ(ണ്ട)ണം' മട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഉത്തരവാദപ്പെട്ട നേതാക്കൾ കമാ മിണ്ടിയിട്ടില്ല. മാത്രമല്ല, നമ്മുടെ സുരേഷ് ഗോപി പറയുന്നതെന്താണ്? എൻ.ഡി.എക്ക് സ്ഥാനാർഥി ഇല്ലാത്ത മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളെ തോൽപ്പിക്കും, ഷംസീർ ഒരു കാരണവശാലും ജയിക്കരുത്, തലശ്ശേരിയിൽ നോട്ടക്ക് അല്ലെങ്കിൽ സി.പി.എമ്മിന് എതിരെയാണ് വോട്ട് ചെയ്യേണ്ടത്- ഇപ്പോഴാണ് തലശ്ശേരിയിൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ടുചെയ്ത 22,125 പേർക്ക് ആശ്വാസമായത്.

പിന്തുണക്കാൻ ഒരാളെ തേടി അലയുമ്പോഴാണ് ഒരു ഗാന്ധിയനെ തന്നെ കണ്ടുമുട്ടിയത്, പിന്നെ ശങ്കിച്ചില്ല. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.ഒ.ടി നസീറിന് ബി.ജെ.പി പിന്തുണയും പ്രഖ്യാപിച്ചു. ‘ബി.ജെ.പിയുടെ ആശയങ്ങളോട് യോജിക്കുന്നില്ല' എന്നൊക്കെ നിലപാടുള്ളയാളാണ് നസീർ. എങ്കിലും, ബി.ജെ.പി വോട്ടർമാർ നസീറിനെ കാര്യമായി എടുക്കുമെന്നു തോന്നുന്നില്ല, പാർട്ടി ഇച്ഛിച്ചത് അവർ ചെയ്‌തേക്കും.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കിട്ടിയത് 22,125 വോട്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13,456 വോട്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ 20,249 വോട്ട്. തലശ്ശേരി നഗരസഭയിൽ എട്ട് കൗൺസിലർമാരുമുണ്ട്. കണക്ക് ഗംഭീരമാണ്. ഇനി, ഈ വോട്ടുകൾ അപ്പടി യു.ഡി.എഫ് സ്ഥാനാർഥിക്ക് മറിച്ചാലും, 2016ൽ നേടിയ 34,117 വോട്ടിന്റെ ഭൂരിപക്ഷം വച്ച് എൽ.ഡി.എഫിന് ജയിക്കാം. എങ്കിലും അങ്ങനെ നേരായവഴിക്കായിരിക്കില്ല കാര്യങ്ങളുടെ കിടപ്പ് എന്നൊരു ശുഭപ്രതീക്ഷയിലാണ് കോൺഗ്രസിന്റെ ഒരിത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ എൽ.ഡി.എഫിന് 11,469 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ 46,422 വോട്ട് ഭൂരിപക്ഷം നേടി. ഇത്തവണയും എൽ.ഡി.എഫ് വിജയസാധ്യത നിലനിർത്തുന്നു.

1957ൽ രൂപീകൃതമായതുമുതൽ, ഒരു തവണ ഒഴിച്ച് ഇടതുപക്ഷ സ്ഥാനാർഥികളെ മാത്രം ജയിപ്പിച്ച മണ്ഡലം. 1960ൽ കോൺഗ്രസിലെ പി. കുഞ്ഞിരാമൻ കൃഷ്ണയ്യരെ 23 വോട്ടിന് തോൽപ്പിച്ചു. എന്നാൽ, തെരഞ്ഞെടുപ്പുകേസിൽ ഫലം റദ്ദാക്കി ഇലക്ഷൻ ട്രൈബ്യൂണൽ കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കൃഷ്ണയ്യരെ കൂടാതെ കെ.പി.ആർ. ഗോപാലൻ, എൻ.ഇ. ബാലറാം, ഇ.കെ. നായനാർ തുടങ്ങി പ്രമുഖരുടെയും അങ്കത്തട്ട്. മുഖ്യമന്ത്രിയായ ഇ.കെ. നായനാർ 1996ലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തെരഞ്ഞെടുത്തത് തലശ്ശേരിയാണ്. കോടിയേരി ബാലകൃഷ്ണൻ അഞ്ചു തവണ ഇവിടെനിന്ന് എം.എൽ.എയായി.
1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കൃഷ്ണയ്യർ ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ചു. കോൺഗ്രസിലെ പി. കുഞ്ഞിരാമനെ 12,048 വോട്ടിനാണ് തോൽപ്പിച്ചത്.
1965 ലും 1977 ലും പാട്യം ഗോപാലൻ. 1967 ൽ കെ.പി.ആർ ഗോപാലൻ. 1970 ൽ സി.പി.ഐയും സി.പി.എമ്മും ഏറ്റുമുട്ടിയപ്പോൾ സി.പിഐ നേതാവ് എൻ.ഇ. ബലറാം ജയിച്ചു. 1979 ലെ ഉപതിരഞ്ഞെടുപ്പിലും 1980ലും സി.പി.എമ്മിലെ എം.വി. രാജഗോപാൽ ജയിച്ചു. 1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ കോടിയേരി ബാലകൃഷ്ണൻ.


Comments