അരസിയൽ
സുവരൊട്ടികൾ-
ഏഴ്
▮
ദ്രാവിഡ കക്ഷികളുടെ, പ്രത്യേകിച്ച്, ഡി എം കെയുടെ സാമ്പ്രദായിക താല്പര്യങ്ങൾക്കും കുടുംബവാഴ്ചാമനോഭാവത്തിനും എതിരെ വിമത ശബ്ദമായി ഉദിച്ചുയർന്ന വൈയാപുരി ഗോപാലസ്വാമി എന്ന വൈകോ രൂപീകരിച്ച രാഷ്ട്രീയ സംഘടനയാണ് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (MDMK).
ഡി എം കെ അധ്യക്ഷൻ കരുണാനിധിയുമായുള്ള പ്രത്യയശാസ്ത്ര വിയോജിപ്പും രാഷ്ട്രീയ പിന്തുടർച്ച സംബന്ധിച്ച അസ്വാരസ്യവും, ഇവയുമായി ബന്ധപ്പെട്ടും അല്ലാതെയും അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യങ്ങളും നിമിത്തം ഡി എം കെയിൽ നിന്ന് പുറത്താക്കപ്പെട്ടതാണ് പുതിയ കക്ഷി രൂപീകരിക്കാൻ വൈക്കോയെ നിർബന്ധിതനാക്കിയത്. അദ്ദേഹത്തിന്റെ വിമത പ്രതിച്ഛായയും തമിഴ് വംശീയ തീവ്രനിലപാടുകളും, സ്വതന്ത്ര രാഷ്ട്ര (തമിഴ് ഈഴം) ത്തിനായി പോരാടുന്ന എൽ ടി ടി ഇ യോടുള്ള അതിശക്തമായ ആഭിമുഖ്യവും, ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റു പാരിസ്ഥിതിക - പ്രാദേശിക പ്രശ്നങ്ങളിലുമുള്ള ഇടപെടലുകളും തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചു.
തമിഴ് ദേശീയതയോടുള്ള കൂറും ഉജ്ജ്വലമായ പ്രസംഗപാടവവും ധാരാളം ചെറുപ്പക്കാരെ വൈകോയിലേക്ക് ആകർഷിച്ചു. ഡി എം കെ യ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും എതിരെ ശക്തമായ ബദലായി പ്രാരംഭകാലത്ത് എം ഡി എം കെ ഉയർത്തിക്കാട്ടപ്പെട്ടു. എന്നാൽ അതിനൊരു തുടർച്ച നൽകാൻ പാർട്ടിക്കോ വൈകോയുടെ നേതൃപാടവത്തിനോ സാധിച്ചില്ല.
പുതിയ പാർട്ടിയുമായുള്ള വൈകോയുടെ വരവ്, ഡി എം കെയെ വലിയ പിളർപ്പിലേക്കെത്തിക്കുമെന്ന് ഒരു ഘട്ടത്തിൽ ഏവരും വിശ്വസിച്ചിരുന്നു. പ്രതീക്ഷകൾ വാനോളമുയർത്തിയ ഒരു വിമത സംഘടന, അതിന്റെ ആരംഭശൂരത്വം പിന്നിട്ട്, താഴേക്ക് പതിക്കുന്ന ദൃശ്യമാണ് പിന്നീടുണ്ടായത്. ഒരു കാലത്ത് തമിഴ് രാഷ്ട്രീയത്തിന്റെ ദേശീയ ശബ്‍ദമായി മുഴങ്ങിയ വൈകോ പഴയ ഗരിമയുടെ നിഴലായി മാറിയെങ്കിലും, 81 -ാം വയസ്സിലും രംഗത്തുണ്ട്.

ഹിന്ദി വിരുദ്ധസമരങ്ങളിലൂടെ
രാഷ്ട്രീയത്തിലേക്ക്
1944 മെയ് 22 -ന് തിരുനെൽവേലി ജില്ലയിലെ ശങ്കരൻകോവിലിനടുത്ത് കലിംഗപട്ടി ഗ്രാമത്തിൽ, തെലുങ്ക് സംസാരിക്കുന്ന നായിഡു സമുദായത്തിലാണ് ഗോപാലസ്വാമിയുടെ ജനനം. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം കോളേജ് വിദ്യാഭ്യാസകാലത്ത് ചെന്നൈയിൽ ഹിന്ദി വിരുദ്ധ സെമിനാറിൽ സംസാരിക്കാൻ ലഭിച്ച അവസരമാണ് രാഷ്ട്രീയത്തിലേക്കുള്ള വൈകോയുടെ വഴി തെളിയിച്ചത്.
ഇക്കാലത്ത് ഹിന്ദി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പല നേതാക്കളുമായും വൈകോ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. തമിഴ്‍നാട്ടിലെ വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ വലിയ ചലനങ്ങളുണ്ടാക്കിയിരുന്ന ഘട്ടത്തിലാണ്, വൈകോയുടെ നേതൃത്വത്തിലുള്ള തമിഴ് മൺട്രം എന്ന കൂട്ടായ്മ ഈ വിഷയവുമായി ബന്ധപ്പെട്ട്, സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിന് നേതൃത്വം കൊടുത്ത വിദ്യാർത്ഥി നേതാവിന്റെ പ്രസംഗശൈലി, അന്നവിടെ സന്നിഹിതനായിരുന്നു ഡി എം കെ സ്ഥാപക നേതാവ് അണ്ണാദുരൈയുടെ ശ്രദ്ധയാകർഷിച്ചു. വൈകോയെ അദ്ദേഹം ഡി എം കെയുടെ വിദ്യാർത്ഥി വിഭാഗത്തിലേക്ക് ക്ഷണിച്ചു. സംഘടനയിൽ സംസ്ഥാന ജോ. സെക്രട്ടറിയായി ആരംഭം കുറിച്ച വൈകോ ചുറുചുറുക്കാർന്ന നേതൃശൈലിയും തീപാറുന്ന പ്രസംഗങ്ങളും കൊണ്ട് പാർട്ടിയിൽ പടിപടിയായി ഉയർന്നു.
അണ്ണാദുരൈയുടെ മരണശേഷം ഡി എം കെയിൽ കരുണാനിധി പിടിമുറുക്കുകയും അഭിപ്രായ ഭിന്നതയെ തുടർന്ന് എം.ജി. രാമചന്ദ്രൻ അണ്ണാ ഡി എം കെ രൂപീകരിക്കുകയും ചെയ്ത കാലഘട്ടത്തിൽ വൈകോ പാർട്ടിയുടെ കൂടെ നിന്നു. കരുണാനിധിയെ പോലെ ക്ലാസ്സിക് തമിഴ് സാഹിത്യത്തിലും ലോകരാഷ്ട്രീയത്തിലും ചരിത്രത്തിലുമുള്ള അവഗാഹം നിറഞ്ഞ പ്രസംഗങ്ങളും, സമരവേദികളിലെ മുൻനിര സാന്നിധ്യവും വഴി പാർട്ടിയിലെ യുവാക്കളെ വൈകോ കയ്യിലെടുത്തു. ഒരു ഘട്ടത്തിൽ എം ജി ആർ, വൈകോയെ പാർട്ടിയിലെ താക്കോൽ പദവി വാഗ്‌ദാനം ചെയ്തു ക്ഷണിച്ചെങ്കിലും ഡി എം കെ വിടാൻ വൈകോ തയ്യാറായില്ല.
ദേശീയ തലത്തിൽ 'ഇന്ത്യ മുന്നണി'യുടെയും നിയമസഭയിൽ മതേതര പുരോഗമന സഖ്യത്തിന്റെയും ഭാഗമായ എം ഡി എം കെ. വരുന്ന തിരഞ്ഞെടുപ്പിലും മറിച്ചൊരു തീരുമാനമെടുക്കാനിടയില്ല.
പ്രക്ഷോഭങ്ങളുടെ പാത
രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 30 -ലധികം തവണ ജയിൽശിക്ഷ അനുഭവിച്ച സമരനായകനാണ് വൈകോ. നാല് വർഷത്തിലേറെ കാലം അദ്ദേഹം ജയിൽവാസം വരിച്ചു. 1976-ൽ മിസ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും ഒരു വർഷക്കാലം ജയിലിലടക്കപ്പെടുകയും ചെയ്തു. 1977-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മധുര സന്ദർശനത്തിനെതിരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്ത് 40 ദിവസത്തേക്ക് ജയിലിലടച്ചു. 1978 മുതൽ 1981 വരെ അദ്ദേഹം ഡി എം കെയിൽ ഒരു കേഡർ ഫോഴ്സ് സ്ഥാപിക്കുകയും പരിശീലന ക്യാമ്പുകൾ നടത്തുകയും ചെയ്തു. സർക്കാരിനെതിരെ സൈന്യം രൂപീകരിക്കുന്നു എന്ന കുറ്റം ചുമത്തി അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.
പാർലിമെന്ററി രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ച്, വിവിധ ചുമതലകൾ നിർവഹിച്ചുവന്ന വൈകോയെ 1978 -ൽ, 34ാം വയസ്സിൽ ഡി എം കെ, രാജ്യസഭാംഗമായി നിയോഗിച്ചു. 1996 വരെ മൂന്നു തവണ അദ്ദേഹം രാജ്യസഭാംഗമായി തുടർന്നു. ഇക്കാലങ്ങളിൽ പാർട്ടി നയങ്ങളുടെയും തമിഴ് ദേശീയതയുടെയും പ്രതിരോധശബ്ദമായി, പാർലമെന്റിൽ വൈകോ.
LTTE ആസ്ഥാനത്തേക്കുള്ള
രഹസ്യസന്ദർശനം
1989 -ൽ ലോക്സഭാംഗമായിരിക്കെ, പാർട്ടി അധ്യക്ഷനായ കരുണാനിധിയെ അറിയിക്കാതെ ശ്രീലങ്കയിലെ LTTE ആസ്ഥാനം സന്ദർശിച്ചതാണ് വൈകോയുടെ രാഷ്ട്രീയ ജീവിതത്തിലുണ്ടായ അതിനിർണായക സംഭവം. 1987 -ലെ ഇന്ത്യ - ശ്രീലങ്ക ഉടമ്പടി അനുസരിച്ച് ആ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനും LTTE- യെ നിരായുധീകരിക്കാനും ഇന്ത്യൻ സമാധാന സംരക്ഷണ സേന (IPKF) സൈനിക ഇടപെടലുകൾ നടത്തുന്ന കാലമായിരുന്നു അത്. ‘ഓപ്പറേഷൻ പവൻ’ എന്ന ഈ സൈനിക നീക്കം 1990 വരെ നീണ്ടു.
ഫെബ്രുവരി 6 -നാണ് തമിഴ്പുലി നേതാവ് പ്രഭാകരനുമായി വൈകോ രഹസ്യ സന്ദർശനം നടത്തുന്നത്. വൈകോയുടെ ഈ നടപടി നേതൃത്വത്തിനെതിരെയുള്ള ധിക്കാരമായി കണക്കാക്കപ്പെട്ടു. മാത്രമല്ല ദേശീയതലത്തിൽ ശക്തമായ ചുവടുവെയ്പ്പുകൾക്കൊരുങ്ങുന്ന ഡി എം കെയ്ക്ക് മേൽ ഇതൊരു രാഷ്ട്രീയ സമ്മർദ്ദമായും മാറി. സന്ദർശനം സംബന്ധിച്ച് എഴുത്തെഴുതി, കരുണാനിധിയ്ക്ക് അത് വൈകിക്കിട്ടുംവിധം എത്തിക്കാൻ ഏർപ്പാടുചെയ്തു കൊണ്ടാണ് വൈകോ ശ്രീലങ്കയിലേക്കു തിരിച്ചതെന്ന് പിന്നീട് വെളിവാക്കപ്പെട്ടു. തമിഴ് വംശജരുടെ പ്രശ്നത്തിൽ വൈകോ അടക്കം ഡി എം കെയുടെ രണ്ടു പ്രതിനിധികളെ ശ്രീലങ്കയിലേക്ക് അയക്കാൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് അനുമതി തേടി കാത്തിരിക്കുന്ന സമയത്താണ് ധൃതി പിടിച്ചുള്ള രഹസ്യസന്ദർശനമെന്നതും കരുണാനിധിയെ രോഷം കൊള്ളിച്ചു.

23 ദിവസത്തിനുശേഷം തമിഴ്നാട്ടിൽ തിരിച്ചെത്തിയ വൈകോയ്ക്ക് പാർട്ടിയിൽ നിന്ന് അതിരൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ സാധാരണ പ്രവർത്തകരിൽ വൈകോയുടെ ഈ നീക്കം ആവേശം വിതച്ചതായി മനസ്സിലാക്കിയ നേതൃത്വം പൊടുന്നനെ നടപടിയിലേക്കു നീങ്ങിയില്ല. സന്ദർശനത്തെക്കുറിച്ച് LTTE നേതാവ് പ്രഭാകരൻ കരുണാനിധിക്ക് കത്തെഴുതിയിരുന്നതായി 28 വർഷങ്ങൾക്കുശേഷം 2016 -ൽ വൈകോ വെളിപ്പെടുത്തി. ഇതിൽ തമിഴ് ദേശീയതയുടെ കാര്യത്തിൽ വൈകോ കാണിക്കുന്ന നിരുപാധിക സ്നേഹത്തെയും ധൈര്യത്തെയും പ്രകീർത്തിച്ച പ്രഭാകരൻ, ശ്രീലങ്കയിലെ ഇന്ത്യൻ സേനയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ഈ വിഷയം ദേശീയതലത്തിൽ പ്രതിപക്ഷ സംഘടനകളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാൽ കരുണാനിധി ഈ എഴുത്ത് നശിപ്പിച്ചുകളഞ്ഞെന്നു വൈകോ ആരോപിച്ചു.
ഡി എം കെയിൽനിന്ന്
പുറത്തേക്ക്
LTTE- യുമായുള്ള ബന്ധവും സംസ്ഥാനത്തെ ക്രമാസമാധാന തകർച്ചയും ചൂണ്ടിക്കാട്ടി 1991- ൽ രാജീവ് ഗാന്ധിയുടെ യൂണിയൻ സർക്കാർ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി എം കെ ഗൺമെന്റിനെ പിരിച്ചുവിട്ടു. അതേവർഷം തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് തമിഴ്പുലികളുടെ ചാവേർ ബോംബ് സ്‌ഫോടനത്തിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടു. ഈ രണ്ടു സംഭവങ്ങളും വൈകോയ്ക്ക് നേരെയുള്ള കരുണാനിധിയുടെ വിദ്വേഷം അധികരിക്കാനിടയാക്കി. ഡി എം കെ യോഗങ്ങളിലേക്ക് വൈകോയെ ക്ഷണിക്കാതെയായി. ഈ ഘട്ടത്തിൽ തന്നെ വൈകോയെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്യാൻ കരുണാനിധി ഒരുമ്പെട്ടെങ്കിലും, പാർട്ടിയിലുണ്ടായേക്കാവുന്ന ആഭ്യന്തര സംഘർഷം മനസ്സിലാക്കി തീരുമാനം നീട്ടിവെച്ചു.
എൽ ടി ടി ഇ നിരോധനം, തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെയുടെ ശ്രീലങ്കൻ സൈനികരുടെ അതിക്രമങ്ങൾ, കച്ചത്തീവ് വീണ്ടെടുക്കൽ , തമിഴ് സ്വതന്ത്ര രാഷ്ട്രം എന്നിങ്ങനെ തമിഴ് ദേശീയതയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും വൈകോ ശബ്ദമുയർത്തി.
എന്നാൽ 1993 ഒക്ടോബർ മൂന്നിന് തമിഴ്നാട് ചീഫ് സെക്രട്ടറി, ഡി എം കെ പ്രസിഡന്റ് എം. കരുണാനിധിയ്ക്ക്, ‘വൈകോയുടെ രാഷ്ട്രീയവളർച്ച മുൻനിർത്തി LTTE താങ്കളെ വധിക്കാൻ പദ്ധതിയിടുന്നു’ എന്ന മുന്നറിയിപ്പ് നൽകിയത് കരുണാനിധിക്ക് തക്കതായ കാരണമായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുണ്ട് (ജൂനിയർ വികടൻ എന്ന പ്രസിദ്ധീകരണത്തിൽ പരാമർശിച്ച ഈ സന്ദർഭം സംബന്ധിച്ച് ലേഖകൻ നടത്തിയ അന്വേഷണത്തിൽ രേഖകളൊന്നും കണ്ടെത്താനായില്ല). എന്തായാലും, നിരോധിത സംഘടനയായ LTTE ബാന്ധവത്തെ മുൻനിർത്തിയാണ് വൈകോയെ പാർട്ടിയിൽ നിന്നു പുറത്താക്കിയത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, വൈകോയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം, രാഷ്ട്രീയ പിൻഗാമിയായി മകൻ എം.കെ. സ്റ്റാലിന് വഴിയൊരുക്കാനുള്ള നീക്കങ്ങൾക്കു തടസ്സമാകുമെന്ന കരുണാനിധിയുടെ ആശങ്കയാണ് ഈ നടപടിക്ക് പിന്നിലെന്ന് മറുവിഭാഗം വാദിച്ചു.
വൈകോയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഡി എം കെ അണികളിൽ വലിയൊരു വിഭാഗം തെരുവിലിറങ്ങി പ്രകടനം നടത്തി. കരുണാനിധിയുടെ നടപടിയെ ചോദ്യം ചെയ്തും വൈകോയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും തമിഴ്‌നാടിലുടനീളം നടന്ന പ്രക്ഷോഭത്തിൽ അഞ്ചു പ്രവർത്തകർ തീകൊളുത്തി ആത്മഹത്യ ചെയ്തതായി അന്നത്തെ മാധ്യമ വാർത്തകളിൽ കാണാം. ഇതിനിടെ, വൈകോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഒമ്പത് ജില്ലാ സെക്രട്ടറിമാരെയും 400- ലധികം ജനറൽ കൗൺസിൽ അംഗങ്ങളെയും കരുണാനിധി പാർട്ടിയിൽനിന്ന് പുറത്താക്കി.

പുതിയ പാർട്ടിയുടെ ഉദയം
1994 മെയ് ആറിന് വൈകോയും അനുയായികളും ചെന്നൈയിൽ പൊതുയോഗം വിളിച്ചു. ഈ യോഗത്തിലാണ് മറു മലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (MDMK) എന്ന പുതിയ കക്ഷി ഉദയം കൊള്ളുന്നത്.
രൂപം കൊണ്ട് രണ്ടു വർഷത്തിനുള്ളിൽ നിയമസഭാ - ലോക്സഭാ തെരഞ്ഞെടുപ്പുകൾ പാർട്ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. എ.ഐ.എ.ഡി.എം.കെ ക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനിന്നതിനാൽ ഡി എം കെ - തമിഴ് മാനില കോൺഗ്രസ് സഖ്യം നിയമസഭാ സീറ്റുകൾ തൂത്തുവാരി. ലോക്സഭയിലെ മുഴുവൻ സീറ്റും ഈ മുന്നണി തന്നെ കൈവശപ്പെടുത്തി. സി പി എം, സിപിഐ, ജനതാദൾ എന്നീ കക്ഷികളുമായി സഖ്യം രൂപീകരിച്ച് മത്സരിച്ച എം ഡി എം കെയ്ക്കു സീറ്റുകൾ നേടാനായില്ലെങ്കിലും അഞ്ചു ശതമാനത്തോളം വോട്ടുവിഹിതം സമാഹരിക്കാനായി. വിലാത്തികുളത്തിൽ മത്സരിച്ച വൈകോ 634 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവകാശി മണ്ഡലത്തിലും അദ്ദേഹം തോറ്റു.
പുതിയ കക്ഷി എന്ന നിലയിൽ ആദ്യ തിരഞ്ഞെടുപ്പിലെ എം ഡി എം കെയുടെ പ്രകടനം താരതമ്യേന മോശമായിരുന്നില്ല. മുന്നണി രാഷ്ട്രീയത്തിൽ പാർട്ടിയുടെ സജീവ സാന്നിധ്യത്തിന് ഇത് തുടക്കം കുറിച്ചു. ഇതേവർഷം ജനുവരിയിലാണ് വൈയാപുരി ഗോപാലസ്വാമി എന്ന പേര് വൈകോ എന്നാക്കി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്. രാഷ്ട്രീയ ഐഡന്റിറ്റി, ന്യൂമറോളജി തുടങ്ങിയ കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ടു അക്കാലത്ത് പറഞ്ഞുകേട്ടിട്ടുണ്ട്.
ലോക്സഭയിൽ മതിയായ പിന്തുണ ലഭിക്കാതെ 13 ദിവസങ്ങൾകൊണ്ടവസാനിച്ച എ.ബി. വാജ്‌പേയിയുടെ ഭരണത്തിനുശേഷം വന്ന ദേവഗൗഡ സർക്കാരിന്റെ പതനത്തെ തുടർന്ന്, 1998 -ൽ വീണ്ടും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ -ബി ജെ പി മുന്നണിയുടെ ഭാഗമായി മത്സരിച്ച് വൈകോ ശിവകാശിയിൽ നിന്നു ജയിച്ചുകയറി. തനിയ്‌ക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനും കരുണാനിധി സർക്കാരിനെ താഴത്തിറക്കാനുമുള്ള ജയലളിതയുടെ സമ്മദ്ദങ്ങൾക്കു വാജ്‌പേയി സർക്കാർ വഴങ്ങിയില്ല. 13-ാം മാസം എ.ഐ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചു. സർക്കാർ രാജിവെക്കേണ്ടിവന്ന സാഹചര്യത്തിൽ അടുത്തവർഷം വീണ്ടും തിരഞ്ഞെടുപ്പ്. ശിവകാശിയിൽ നിന്നു തന്നെ വൈകോ വീണ്ടും ലോക്സഭയിലെത്തി. ഇത്തവണ ഡി എം കെ - ബി ജെ പി മുന്നണിയോടൊപ്പമായിരുന്നു എന്നുമാത്രം.
ഡി എം കെ ക്കെതിരെയുള്ള തരംഗത്തിൽ എ ഡി എം കെ മുന്നണി വൻനേട്ടം കൊയ്ത 2001 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം ഡി എം കെ ഒറ്റയ്ക്ക് മത്സരിച്ചു. സീറ്റുകൾ നേടാനായില്ല. വോട്ടു വിഹിതത്തിലും കാര്യമായ മാറ്റമുണ്ടായില്ല.
പാർലമെന്റിന്റെ ഇരുസഭകളിലും തമിഴ്‌നാടിന്റെ ദേശീയ ശബ്ദമായി വൈക്കോയുടെ വാക്കുകൾ മുഴങ്ങി. പാർലിമെന്റിലെ സിംഹം എന്ന വിശേഷണം ശ്യാമപ്രസാദ് മുഖർജിയോടൊപ്പം അദ്ദേഹം പങ്കിട്ടു.
2006-ൽ എ.ഐ.എ.ഡി.എം.കെ മുന്നണിയുടെ ഭാഗമായി 35 സീറ്റുകളിൽ മത്സരിച്ച തെരഞ്ഞെടുപ്പിലാണ് ആറ് സീറ്റുകൾനേടി എം ഡി എം കെ ആദ്യമായി തമിഴ്നാട് നിയമസഭയുടെ പടികയറുന്നത്. 2011 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുധാരണയുമായി ബന്ധപ്പെട്ട തർക്കത്തിൽ മുന്നണിബന്ധമുപേക്ഷിച്ച് എം ഡി എം കെ മത്സരത്തിൽനിന്ന് മാറി നിന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാരിച്ച ചെലവ് പാർട്ടിക്ക് ഒറ്റയ്ക്ക് താങ്ങാനാവുന്നതല്ല എന്നാണ് വൈകോ മാധ്യമ സമ്മേളനത്തിൽ അന്ന് വിശദീകരിച്ചത്. 2016 -ലെ തിരഞ്ഞെടുപ്പിൽ, 'ജനക്ഷേമ മുന്നണി' എന്നൊരു പരീക്ഷണ സഖ്യം രൂപീകരിച്ചു. സി പി ഐ, സി പി എം, വി സി കെ, എന്നീ കക്ഷികളോടൊപ്പം ചേർന്ന്, ഡി എം ഡി കെ നേതാവ് വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിർത്തി മത്സരിച്ച ഈ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മുന്നണിയും പാർട്ടിയും അമ്പേ പരാജയപ്പെട്ടു.
ഈ തിരഞ്ഞെടുപ്പിൽ കോവിൽപട്ടി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയെങ്കിലും, അവസാന നിമിഷം വൈകോയ്ക്ക് പിന്മാറേണ്ടിവന്നു. ഉടുമലൈപെട്ടയിലെ ദളിത് യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു തേവർ സമുദായത്തിനെതിരെ വൈകോ നടത്തിയ പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധമുയർന്നതാണ് വിനയായത്. പ്രതിഷേധങ്ങൾക്കു എണ്ണ പകർന്നത് ഡി എം കെ യാണെന്ന് വൈകോ കുറ്റപ്പെടുത്തി. വൈക്കോയ്ക്ക് പകരമെത്തിയ സ്ഥാനാർത്ഥിക്കു മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
2021 -വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഡി എം കെ യുമായി സഖ്യത്തിന് തയ്യാറായിരുന്നില്ലെങ്കിലും 1999 - ലും 2004 - ലും യഥാക്രമം ബിജെപി - ഡിഎംകെ കൂട്ടണിയുടെയും കോൺഗ്രസ് - ഡി എം കെ മുന്നണിയുടെയും ഭാഗമായി എം ഡി എം കെ മത്സരിച്ചു. എൻ ഡി എ മുന്നണിയിൽ 1998 -ലും,1999 -ലും മത്സരിച്ച അഞ്ചിടങ്ങളിൽ യഥാക്രമം മൂന്നും,നാലും സീറ്റുകളിൽ ജയിക്കാനായി. 2004 -ൽ നാലിൽ നാല് സീറ്റുകളും ലഭിച്ചു. 2009 -ൽ ഇടതു കക്ഷികളും പാട്ടാളി മക്കൾ കക്ഷിയും അടങ്ങിയ എ ഡി എം കെ യുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയിൽ തിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ ഒരു സീറ്റിൽ ഒതുങ്ങേണ്ടി വന്നു. പിന്നീട് ലോക്സഭാ തിരെഞ്ഞടുപ്പിൽ ഒരിക്കലും ഈ സംഖ്യ മറികടക്കാൻ പാർട്ടിക്ക് സാധിച്ചതുമില്ല. 2021 -ൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ (ഡി എം കെയോടൊപ്പം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ) ആകെ മത്സരിച്ച 6 സീറ്റുകളിൽ നാലെണ്ണത്തിൽ വിജയം കണ്ടു.

തുടർസമരജീവിതം
തമിഴ് ദേശീയതയോടും എൽ ടി ടി ഇ യോടുമുള്ള വൈകോയുടെ അനുഭാവത്തിനു പിൽക്കാലത്തും കുറവൊന്നും വന്നില്ല. 2002-ൽ മധുരയിലെ തിരുമംഗലത്ത് നടന്ന ഒരു പൊതുയോഗത്തിൽ "ഇന്നലെയും ഞാൻ എൽ. ടി. ടി. ഇയെ പിന്തുണച്ചിരുന്നു; ഇപ്പോഴും പിന്തുണയ്ക്കുന്നു; നാളെയും പിന്തുണയ്ക്കും " എന്ന് വൈകോ തുറന്നടിച്ചു. നിരോധിത പ്രസ്ഥാനത്തെ പിന്തുണച്ചതിന് അന്നത്തെ മുഖ്യമന്ത്രി ജയലളിത അദ്ദേഹത്തെ 19 മാസത്തോളം ജയിലിലടച്ചു. ചെന്നൈയിൽ നടന്ന ഒരു സെമിനാറിൽ എൽ ടി ടി ഇ യെ ആദരിച്ചും ഇന്ത്യയുടെ അഖണ്ഡതക്കെതിരെയും സംസാരിച്ചതിന്റെ പേരിലും രാജ്യദ്രോഹകുറ്റം ചുമത്തി അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. 2009 -ൽ 'ഞാൻ കുറ്റം ചുമത്തുന്നു' എന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശനവേളയിൽ തമിഴ്പുലികൾക്കെതിരെയുള്ള യുദ്ധം നിർത്തുന്നില്ലെങ്കിൽ ഇന്ത്യ ഒരു രാജ്യമായി മുന്നോട്ടു പോകില്ല എന്ന് അതിരൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയുണ്ടായി. കരുണാനിധി സർക്കാരും രാജ്യദ്രോഹ കുറ്റം ചുമത്തി വൈകോയെ ജയിലിലടച്ചു.
എൽ ടി ടി ഇ നിരോധനം, തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെയുടെ ശ്രീലങ്കൻ സൈനികരുടെ അതിക്രമങ്ങൾ, കച്ചത്തീവ് വീണ്ടെടുക്കൽ , തമിഴ് സ്വതന്ത്ര രാഷ്ട്രം എന്നിങ്ങനെ തമിഴ് ദേശീയതയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും വൈകോ ശബ്ദമുയർത്തി. ഇതര സംസ്ഥാനങ്ങളുമായുള്ള ജലതർക്കങ്ങൾ, സ്റ്റെർലൈറ്റ്, മീഥെയ്ൻ, ന്യൂട്രിനോ, തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികൾ, സർക്കാർ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ഭരണഘടനാ ലംഘനങ്ങൾ - ഇവിടങ്ങളിലെല്ലാം വൈക്കോ പ്രതിഷേധവുമായി മുന്നിലെത്തി. എന്നാൽ നോട്ടു നിരോധനം പോലുള്ള അപൂർവ സന്ദർഭങ്ങളിൽ പ്രതിപക്ഷ സ്വരങ്ങളിൽ നിന്നു ഭിന്നമായി മോഡി സർക്കാരിനെ പിന്തുണയ്ക്കാനും വൈകോയ്ക്ക് മടിയുണ്ടായില്ല. പുതിയ കറൻസി നോട്ടുകളിൽ ഹിന്ദിഅക്ഷരങ്ങളും അക്കങ്ങളും ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നിരുന്നാലും പൊതുജീവിതത്തിൽ അവകാശസമരങ്ങൾക്കായി ഒരു കോടി കിലോമീറ്ററുകളിൽ അധികം സഞ്ചരിച്ച വൈകോ അടിമുതൽ മുടിവരെ ഒരു പ്രക്ഷോഭകനായി തുടർന്നു.
പാർലമെന്റിന്റെ ഇരുസഭകളിലും തമിഴ്‌നാടിന്റെ ദേശീയ ശബ്ദമായി വൈക്കോയുടെ വാക്കുകൾ മുഴങ്ങി. പാർലിമെന്റിലെ സിംഹം എന്ന വിശേഷണം ശ്യാമപ്രസാദ് മുഖർജിയോടൊപ്പം അദ്ദേഹം പങ്കിട്ടു. തമിഴ് ദേശീയത വെല്ലുവിളിക്കപ്പെടുമ്പോഴൊക്കെ ആ ഗർജ്ജനം ഉയർന്നു കേട്ടു. ഭരണഘടനാപരമായ ദേശീയഭീഷണികൾ തുടങ്ങിയ കാതലായ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും വൈക്കോ പാർലിമെന്റിൽ കത്തിക്കയറി. അവയുടെ രാഷ്ട്രീയ ഉള്ളടക്കവും അവതരണശൈലിയും എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റി.
തമിഴ് വൈകാരികയെ മൂർപ്പിച്ച് നിർത്തുന്നതിൽ ശ്രദ്ധയൂന്നിയ വൈകോയ്ക്ക് അതിനെ പാർട്ടി അടിത്തറയായി വികസിപ്പിക്കാൻ കഴിഞ്ഞില്ല. കേഡർ അടിസ്ഥാനത്തിൽ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിലും വൈകോ പരാജയപ്പെട്ടു.
പതനത്തിന്റെ നാൾവഴികൾ
വൈക്കോയുടെ അതിവൈകാരിക നേതൃശൈലി പ്രായോഗിക രാഷ്ട്രീയത്തോട് ഇടഞ്ഞുനിന്നു. പലപ്പോഴും ഒത്തുതീർപ്പിന്റെയും പരസ്പര വിരുദ്ധമായ നിലപാടുകളുടെയും സഖ്യരൂപീകരണത്തിലെ ദീർഘ വീക്ഷണമില്ലായ്മയുടെയും പേരിൽ അവ വിമർശിക്കപ്പെട്ടു. യൂണിയൻ സർക്കാരിൽ ലഭിച്ച അധികാര സ്ഥാനങ്ങൾ നിരസിച്ചതടക്കമുള്ള വിഷയങ്ങൾ പാർട്ടിനേതാക്കളിലും അണികളിലും അതൃപ്തിയുണ്ടാക്കി.
തമിഴ് വൈകാരികയെ മൂർപ്പിച്ച് നിർത്തുന്നതിൽ ശ്രദ്ധയൂന്നിയ വൈകോയ്ക്ക് അതിനെ പാർട്ടി അടിത്തറയായി വികസിപ്പിക്കാൻ കഴിഞ്ഞില്ല. പാർട്ടിഘടന ശക്തിപ്പെടുത്തുന്നതിനായി, കേഡർ അടിസ്ഥാനത്തിൽ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിലും വൈകോ പരാജയപ്പെട്ടു. എ ഡി എം കെ യുമായുള്ള സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിൽ മുതിർന്ന നേതാക്കളായ ജിഞ്ചി രാമചന്ദ്രൻ, എൽ ഗണേശൻ ഉൾപ്പെടെയുള്ള നേതാക്കളെ 2006 -ൽ പാർട്ടിയിൽ നിന്നു പുറത്താക്കി. ഇരുനേതാക്കളും വിമത യോഗം വിളിച്ചു കൂട്ടി വൈകോയെ പാർട്ടിയിൽ പുറത്താക്കികൊണ്ട് പ്രമേയം പാസ്സാക്കിയ സംഭവവും ഉണ്ടായി.
ഏതായാലും 2010 -ൽ പ്രാദേശിക പാർട്ടി പദവി പോലും നഷ്ടപ്പെടുന്നതിലേക്കാണ് ഇതെല്ലാം നയിച്ചത്. നാളിതുവരെ ആ പദവി തിരിച്ചു പിടിക്കാൻ എം ഡി എം കെയ്ക്ക് ആയിട്ടില്ല. പാർട്ടിയിലെ രണ്ടാം നിര നേതാക്കൾക്കിടയിൽ ആഭ്യന്തര സംഘർഷവും സംഘടനയുടെ പുനരുജ്ജീവനത്തിനു തടസ്സമായി.
1990 - കളുടെ അവസാനത്തോടെ എൽ ടി ടി ഇ, സ്വതന്ത്ര തമിഴ് രാഷ്ട്രം തുടങ്ങിയ ആശയങ്ങൾക്ക് ലഭിച്ചിരുന്ന ജനപിന്തുണ, പിൽക്കാലത്തെ പോട്ട ഉൾപ്പെടെയുള്ള അതിതീവ്ര നിയമങ്ങളുടെ പശ്ചാത്തലത്തിൽ പ്രായോഗിക രാഷ്ട്രീയത്തിൽ വൈകോയ്ക്ക് ഒരു ബാധ്യതയായി മാറി. പ്രഭാകരന്റെ മരണത്തോടെ ശ്രീലങ്കൻ തമിഴ് പ്രശ്നത്തിന് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രസക്തി കുറയാൻ തുടങ്ങി. നിലനില്പിനായി ഇരുമുന്നണികളുമായും മാറി മാറി സന്ധി ചെയ്ത്, പരിമിതമായ സീറ്റുകളിൽ മത്സരിക്കേണ്ടി വന്നു. മക്കൾ രാഷ്ട്രീയത്തിനെതിരെ പോരാട്ടം നടത്തിയ വൈകോക്ക് രണ്ടാം നിര നേതാക്കൾക്കിടയിൽ ഉണ്ടായ അധികാര തർക്കങ്ങൾക്ക് ഒടുവിൽ, മകൻ ദുരൈ വൈകോയെ പാർട്ടിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കേണ്ട സാഹചര്യമുണ്ടായി. ഇത് വൈകോയുടെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഡി എം കെ യുടെ കുടുംബ വാഴ്ചയ്ക്കെതിരെ നിലപാടെടുത്ത ആൾ തന്നെ സ്വന്തം മകന് പാർട്ടിയുടെ പിന്തുടർച്ചാവകാശം പതിച്ചു നൽകിയത് വൈകോയുടെ രാഷ്ട്രീയ വിശ്വാസ്യത ഇല്ലാതാക്കി. തനിക്കെതിരെ കരുണാനിധി എന്ന പോലെ മകൻ ദുരൈയ്ക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി മല്ലൈ സത്യയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയ സാഹചര്യം തമിഴ് രാഷ്ട്രീയത്തിലെ കൗതുകമുണർത്തുന്ന യാദൃഛികതകളിലൊന്നാണ്. എം. കെ സ്റ്റാലിനെതിരെ കലഹം കൂട്ടി പുറത്തുവന്ന വൈകോ, സീറ്റുകൾക്ക് വേണ്ടി അദ്ദേഹത്തിന്റെ മുന്നിൽ കൈ കെട്ടി നിൽക്കേണ്ടി വരുന്ന അവസ്ഥയും എം ഡി എം കെയുടെ ദയനീയ തിരുശേഷിപ്പാണ്.

തിരഞ്ഞെടുപ്പ് സഖ്യം
നിലവിൽ ദേശീയ തലത്തിൽ 'ഇന്ത്യ മുന്നണി'യുടെയും നിയമസഭയിൽ മതേതര പുരോഗമന സഖ്യത്തിന്റെയും ഭാഗമായ എം ഡി എം കെ. വരുന്ന തിരഞ്ഞെടുപ്പിലും മറിച്ചൊരു തീരുമാനമെടുക്കാനിടയില്ല. വൈകോയുടെ ധീരശൂര പ്രതിച്ഛായയിൽ തിളങ്ങിനിന്ന പാർട്ടിയുടെ അതിവിദൂര നിഴൽ മാത്രമാണ് ഇപ്പോൾ എം ഡി എം കെ. ദുരൈ വൈകോയ്ക്കു ഇനിയും നേതൃശേഷി പ്രകടിപ്പിക്കാനായിട്ടില്ല. പാർട്ടിയുടെ ഇന്നത്തെ നില വെച്ചു വിലപേശൽ ശേഷി തീരെ നഷ്ടപ്പെട്ട സാഹചര്യത്തിലും ഡി എം കെയുടെ നേതാക്കളുമായുള്ള സൗഹാർദ്ദപരമായ ബന്ധം നിലനിർത്തുന്നതിന്റെയും മുന്നണി മര്യാദയുടെയും പേരിൽ ലഭിക്കാവുന്ന ഏതാനും സീറ്റുകൾ മാത്രമാണ് എം ഡി എം കെ യുടെ പ്രതീക്ഷ.
