ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം നാല്;
അധ്യായം ഒന്ന്
▮
പാർലമെൻ്ററി സമ്പ്രദായത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ രൂപീകരണത്തിനു ശേഷമുള്ള ഒരു നൂറ്റാണ്ട് പരിശോധിച്ചാൽ അവയെ പറ്റി സമൂഹത്തിൽ സമ്മിശ്ര അഭിപ്രായങ്ങൾ നിലിനിന്നിരുന്നു എന്നു കാണാം. എങ്കിലും പൊതുവേ സമൂഹം പാർട്ടികളെ ആദരവോടെയല്ല അക്കാലത്ത് കണ്ടിരുന്നത്. 17-ാം നൂറ്റാണ്ടിൻ്റെ ഒടുവിൽ പാർട്ടികൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സജീവമാകാൻ തുടങ്ങിയപ്പോഴും, പിന്നീട് 18-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോളം പാർട്ടികളോട് അവമതിപ്പ് തുടരുന്നുണ്ട്. എന്നാൽ പാർട്ടികളോടുള്ള സമൂഹത്തിൻ്റെ വിപ്രതിപത്തി 19-ാം നൂറ്റാണ്ടിൽ ക്രമേണ മാറിത്തുടങ്ങുകയും, അവ മുമ്പത്തേതിലും സ്വീകാര്യത നേടുകയും ചെയ്തു.
എന്തുകൊണ്ടാണ് പാർട്ടികൾ പാർലമെൻ്റുമായുള്ള ഇടപഴകലിൻ്റെ ആദ്യ നൂറ്റാണ്ടിൽ ശക്തമായ വിമർശനങ്ങൾക്കു വിധേയമായത്? പിന്നീട് എന്തുകൊണ്ട് സമൂഹത്തിന് പാർട്ടികളോടുള്ള ഇഷ്ടക്കേട് കുറയാൻ തുടങ്ങി? പാർട്ടികളുടെ പ്രവർത്തനത്തിൽ വന്ന മാറ്റങ്ങളാണോ അവ സ്വീകാര്യമാകാൻ കാരണമായത്? അതോ സമൂഹത്തിൻ്റെ ചിന്താഗതിയെ മറ്റു ചില പാർട്ടി ബാഹ്യഘടകങ്ങൾ സ്വാധീനിച്ചോ? ഈ വിഷയങ്ങളാണ് താഴെ ചർച്ച ചെയ്യുന്നത്.
കുലീന രാഷ്ട്രീയത്തിന്റെ
പാർട്ടിവൽക്കരണം
ഇംഗ്ലീഷ് പാർലമെൻ്റിൻ്റെയും പാർട്ടികളുടെയും ആദ്യകാല ചരിത്രം പരിശോധിച്ചാൽ പാർട്ടികളെ പറ്റി നമ്മുടെ നിലവിലെ ധാരണയിൽ മൂന്നു പ്രധാന തിരുത്തലുകൾ വരുത്തേണ്ടിവരും. അതിൽ ഒന്നാമത്തേത് പാർട്ടികൾ ഉണ്ടായത് തെരഞ്ഞെടുപ്പു പ്രക്രിയയുടെ അനന്തരഫലമെന്ന നിലയിലല്ല എന്നതാണ്. 17 -ാം നൂറ്റാണ്ടിൻ്റെ അവസാനമാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പുകൾ കുറച്ചെങ്കിലും ഇംഗ്ലണ്ടിൽ ശക്തമാകുന്നത്. എന്നാൽ പാർട്ടി പ്രാഗ്രൂപങ്ങളുടെ ഉത്ഭവം, വിഗ്-ടോറി ചേരിതിരിവുകൾക്കും മുമ്പ്, 1642-1650 കളിലെ ആഭ്യന്തരയുദ്ധ ഘട്ടങ്ങളിൽ കാണാനാവും.
1670 കളിൽ വിഗ്-ടോറി ചേരികളിലൂടെ പാർലമെൻ്ററി പാർട്ടികൾ ആവിഷ്കൃതമായി എന്ന സാമ്പ്രദായിക വ്യാഖ്യാനത്തെ ഡേവിഡ് സ്കോട്ട് നിരസിക്കുന്നുണ്ട് (David Scott, “The Civil War and the First Age of Party”). അതിനാൽ പാർട്ടികൾ ഉടലെടുക്കുന്നത് പാർലമെൻ്ററി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനോ വോട്ടർമാരെ സ്വാധീനിക്കാനോ മത്സരം മുറുകിയതുകൊണ്ടോ ആണെന്നു പറയാൻ കഴിയില്ല.
രണ്ടാമതായി, പാർട്ടികളുടെ ഉത്ഭവത്തെ സാമൂഹികമായ വിവിധ പ്രത്യയശാസ്ത്ര ചേരിതിരിവുകളുടെ രാഷ്ട്രീയ പ്രതിഫലനം എന്ന നിലയിൽ മാത്രം മനസ്സിലാക്കാൻ കഴിയില്ല. രാഷ്ട്രീയാധികാരം കൈവശപ്പെടുത്താനുള്ള പ്രഭുവർഗ്ഗ നേതാക്കളുടെ സംഘടിത നീക്കങ്ങൾ പാർലമെന്ററി വിഭാഗീയതയെ ശക്തിപ്പെടുത്തുകയും അതിന് സംഘടിത രൂപം നൽകുകയും ചെയ്തു. എന്നാൽ മതപരവും ഭരണഘടനാപരവുമായ അഭിപ്രായവ്യത്യാസങ്ങൾ ഈ വിഭാഗീയതയുടെ സ്വതന്ത്രമായ ഘടകങ്ങളായി നിലനിന്നിരുന്നു. രാഷ്ട്രീയനേതാക്കൾ അവയെ തങ്ങളുടെ സംഘടിത ഐക്യത്തിനും അധികാരമത്സരത്തിനും ഉപയോഗപ്പെടുത്തുകയും ചെയ്തു.

മൂന്നാമതായി, പാർട്ടികളുടെ ഉത്ഭവത്തിന് ഇംഗ്ലീഷ് സമൂഹത്തിലെ ജനാധിപത്യവൽക്കരണവുമായി പ്രത്യേകിച്ചു ബന്ധമൊന്നും കണ്ടെത്താനാവില്ല എന്നതാണ്. രാജഭരണം ദുർബ്ബലപ്പെടുമ്പോൾ, ഇംഗ്ലണ്ടിലെ കുലീനർക്കിടയിൽ ഭരണകൂടാധികാരം നേടിയെടുക്കാനുള്ള മത്സരത്തിൻ്റെ പരിണതഫലമാണ് പാർട്ടി പ്രാഗ്രൂപങ്ങൾ. അക്കാലത്ത് അവ ഇന്നത്തേതു പോലെ സംഘടിത ബഹുജന പാർട്ടികളായി വളർന്നിരുന്നില്ല എന്നു മാത്രം. സാർവ്വത്രിക വോട്ടവകാശത്തിലേക്കും അതുവഴി ജനാധിപത്യത്തിലേക്കുമുള്ള ചുവടുവെയ്പുകളിലാണ് അധികാര പ്രാപ്തിക്കു വേണ്ടി രൂപപ്പെട്ട കുലീന ചേരിതിരിവ് ബഹുജന പാർട്ടികളായി വികസിക്കുന്നത്.
അതുപോലെ, അക്കാലങ്ങളിൽ പാർട്ടികൾക്കെതിരായ വിമർശനങ്ങൾക്ക് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ടായിരുന്നു.
ഒന്ന്: ദേശീയ ഐക്യത്തിന്റെ തകർച്ച:
പാർട്ടികൾ സമൂഹത്തെ പരസ്പരവിരുദ്ധ വിഭാഗങ്ങളാക്കി വിഭജിക്കുന്നു എന്ന ആശങ്ക.
രണ്ട്: വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ നഷ്ടം:
പാർട്ടിഅച്ചടക്കം പാർലമെന്റ് അംഗങ്ങളുടെ സ്വതന്ത്രമായ തീരുമാനമെടുക്കലിനെ തടസ്സപ്പെടുത്തുന്നു എന്ന വിമർശനം.
മൂന്ന്: സ്വകാര്യ താൽപര്യങ്ങളുടെ ആധിപത്യം: പൊതുനന്മയെക്കാൾ വ്യക്തികൾക്ക് അധികാരവും സ്ഥാനമാനങ്ങളും സംരക്ഷിക്കുന്നതിനുള്ള കൂട്ടുകെട്ടുകളാണ് പാർട്ടികൾ എന്ന ധാരണ.
പാർട്ടിയുടെ വക്താക്കളെ ബഹുമാന്യരായോ ദേശഭക്തരായോ കരുതുന്ന പ്രവണത 17-18 നൂറ്റാണ്ടുകളിൽ വളരെ കുറവായിരുന്നു.
ജനകീയാധികാരവുമായി ബന്ധപ്പെടാതെ, പ്രഭുവർഗ്ഗ അധികാരപ്രാപ്തിയുടെ ഉപാധിയെന്ന വിധത്തിൽ പാർട്ടികൾ പിറന്നതിനാൽ, അവയ്ക്കു പിന്നിലെ താല്പര്യങ്ങൾ അത്രമേൽ പ്രകടമായതിനാലാകാം പാർട്ടികൾ സാമൂഹികമായ അവമതിപ്പിനു വിധേയമായത്. അവയെ സംശയത്തോടെയും ശത്രുതയോടെയും ആളുകൾ സമീപിച്ചു. "പാർട്ടി" എന്നതിന് ഒരുതരം നെഗറ്റീവ് അർത്ഥം തന്നെ വന്നു. "ഫാക്ഷൻ" എന്ന പ്രയോഗം കൊണ്ട് ഈ ദുസ്സൂചന പ്രകടമാകുകയും ചെയ്തു. ഒരു വിഭാഗം ആളുകൾ തങ്ങളുടെ സ്വകാര്യ താൽപര്യങ്ങൾ നേടിയെടുക്കുന്നതിനായി സംഘടിപ്പിച്ച ഗ്രൂപ്പ് എന്ന അർത്ഥമാണ് രണ്ടു പ്രയോഗങ്ങളും നൽകിയത്. അവ ധാർമ്മികമായും രാഷ്ട്രീയമായും അപകടം ചെയ്യുന്നതായി പലരും കരുതി.
പാർട്ടിയുടെ വക്താക്കളെ ബഹുമാന്യരായോ ദേശഭക്തരായോ കരുതുന്ന പ്രവണത 17-18 നൂറ്റാണ്ടുകളിൽ വളരെ കുറവായിരുന്നു. അധികാരം നേടാൻ കുത്സിത മാർഗ്ഗങ്ങൾ നേടുന്നവരെ വിളിക്കാൻ പാർട്ടിയും ഫാക്ഷനും മാറിമാറി ഉപയോഗിക്കപ്പെട്ടിരുന്നു. സ്വാർത്ഥത, അധികാര ലോഭം, അഴിമതി എന്നീ ദുരർത്ഥങ്ങൾ ഈ വാക്കുകളിൽ മുഴച്ചു നിന്നു.
മഹത്തായ വിപ്ലവത്തിനു (1688–89) ശേഷം 1700–1714 കാലത്ത് വിഗ്-ടോറികൾ തമ്മിൽ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പ് മത്സരങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു തന്നെ "റേജ് ഓഫ് പാർട്ടി ("The Rage of Party,”) എന്ന പേരിലാണ്. അപകടകരവും അയുക്തികവും അനിയന്ത്രിതവുമായ ക്രോധം (rage) നിറഞ്ഞ സ്വകാര്യമത്സരം രാജ്യത്തെ അസ്ഥിരമാക്കുമെന്ന അക്കാലത്തെ വേവലാതിയുടെ പ്രതിഫലനമാണ് ഈ പ്രയോഗം.

വിസ്കൗണ്ട് ബോളിംഗ്ബ്രോക്ക് (Henry St John, Viscount Bolingbroke) ആകണം അക്കാലത്ത് ആദ്യമായി "A Dissertation upon Parties" (1735) എന്ന പേരിൽ പാർട്ടികളെ പറ്റി ഗൗരവത്തിൽ വീണ്ടുവിചാരം നടത്തിയത്. പാർട്ടിയോടുള്ള വിധേയത്വം യുക്തിബോധമുള്ള ഒരാളെ അസംബന്ധ തത്ത്വങ്ങളുടെ വക്താവാക്കുമെന്നും, സത്യസന്ധ്യരെ അനീതിക്കു കൂട്ടുനിർത്തുമെന്നും ബോളിംഗ്ബ്രോക്ക് എഴുതി. അക്കാലത്തെ പാംലെറ്റുകൾ, ആക്ഷേപഹാസ്യ സൃഷ്ടികൾ, പ്രഭാഷണങ്ങൾ, രാഷ്ട്രീയ കത്തിടപാടുകൾ എന്നിവകളിലും പാർട്ടികൾ ഇതേവിധം വിമർശന വിധേയമാകുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ അഴിമതിക്കാരും സ്വാർത്ഥമതികളും ദേശഭക്തിയില്ലാത്തവരുമെന്നു കുറ്റപ്പെടുത്തുന്നുണ്ട് ഇത്തരം രചനകളിൽ.
പാർട്ടികളെ പറ്റിയുള്ള അന്നത്തെ പ്രധാന ആക്ഷേപം അവ സ്വാർത്ഥ താല്പര്യത്തിൻ്റെ ഗ്രൂപ്പ് കേന്ദ്രങ്ങളാണ് എന്നതാണ്. സ്ഥാനമാനങ്ങൾ, പെൻഷൻ, സ്വാധീനം, സ്വജനപക്ഷപാതം എന്നിവ നേതാക്കൾക്കും ഇഷ്ടക്കാർക്കും സാധ്യമാക്കാൻ പാർട്ടി ഉപാധിയാണെന്നു ആളുകൾ കണ്ടു. മാത്രമല്ല ഇത്തരം കാര്യങ്ങൾക്കു വേണ്ടിയുള്ള പാർട്ടി പോരാട്ടങ്ങൾ രാജ്യത്തെ തന്നെ വിഭജിക്കുമെന്നു പലരും ഭയപ്പെട്ടു. ആഭ്യന്തര യുദ്ധം, ചാൾസ് ഒന്നാമൻ്റെ ശിരച്ഛേദം, ജെയിംസ് രാജാവ് രണ്ടാമനെ പുറത്താക്കൽ എന്നിവക്കു ശേഷം പാർട്ടി മത്സരങ്ങൾ വീണ്ടും അക്രമങ്ങളും വിദേശാക്രമണങ്ങളും വിളിച്ചു വരുത്തുമെന്നു ജനങ്ങൾക്കു ആശങ്കയുണ്ടായി.
പാർട്ടികൾ വരുത്തുന്ന ധാർമ്മികച്യുതികളിൽ ആശങ്കപൂണ്ട ബോളിംഗ്ബ്രോക് തന്നെ പറഞ്ഞത് സംഘടിതമായ പ്രതിപക്ഷം ഭരണത്തെ നേർവഴിക്കു നയിക്കാൻ ആവശ്യമായി വരുന്നുവെന്നാണ്.
പാർട്ടികൾ ഭരണഘടനക്കും ഭീഷണിയാകുമെന്ന് അക്കാലങ്ങളിൽ ചിലർ വിശ്വസിച്ചു. രാജാധികാരം, പാർലമെൻ്റ്, ജനങ്ങൾ എന്നിവ തമ്മിലുള്ള സംതുലനത്തെ കരുത്തുറ്റ പാർട്ടി ഗ്രൂപ്പുകൾ മറികടക്കുമെന്ന് അവർക്കു തോന്നി. എങ്കിലും എല്ലാവരും ഒരേപോലെ പാർട്ടികളെ ധിക്കരിച്ചെന്നു പറയാനാവില്ല. പാർട്ടികൾ വരുത്തുന്ന ധാർമ്മികച്യുതികളിൽ ആശങ്കപൂണ്ട ബോളിംഗ്ബ്രോക് തന്നെ പറഞ്ഞത് സംഘടിതമായ പ്രതിപക്ഷം ഭരണത്തെ നേർവഴിക്കു നയിക്കാൻ ആവശ്യമായി വരുന്നുവെന്നാണ്.
ഇംഗ്ലീഷ് നാടകകൃത്തും കവിയുമായ ജോൺ ഗേ (John Gay) 1728- ൽ എഴുതിയ "ബെഗ്ഗേഴ്സ് ഓപ്പെറ" എന്ന സംഗീത നാടകം അക്കാലത്തെ രാഷ്ട്രീയാവസ്ഥകളെ ആക്ഷേപഹാസ്യ രൂപത്തിൽ കടുത്ത വിമർശനം നടത്തുന്നുണ്ട്. സമൂഹത്തിൻ്റെ താഴെ തട്ടുകളിലെ കുറ്റവാളികൾ, അലഞ്ഞു തിരിയുന്നവർ, വേശ്യകൾ എന്നിവരാണ് സ്റ്റേജിൽ കഥാപാത്രങ്ങൾ. എന്നാൽ അവരുടെ പ്രകൃതം അക്കാലത്തെ രാഷ്ട്രീയ- വാണിജ്യ നേതാക്കളെ അനുസ്മരിപ്പിക്കുന്നതായി ചിലർ പറയുന്നുണ്ട്. അധോലോക കുറ്റവാളികളും അംഗീകൃത അധികാരസ്ഥാനങ്ങളിൽ ഉള്ളവരും തത്ത്വത്തിൽ ഭിന്നരല്ലെന്നു നാടകം സൂചിപ്പിക്കുന്നു. നിയമപരമായ അധികാരസ്ഥാനങ്ങളിലുള്ളവരും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സമ്പത്ത് സമാഹരിക്കുന്നവരും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിക്കുന്നതിലൂടെ, അധികാരം, അഴിമതി, സ്വകാര്യതാൽപര്യം എന്നിവയെ കുറിച്ചുള്ള സമകാലിക വിമർശനത്തിന് രൂപം നൽകി.

റോബർട്ട് വാൾപോളിൻ്റെ നേതൃത്വത്തിൽ വിഗ്ഗ് പാർട്ടി ഭരിക്കുന്ന കാലത്താണ് ബെഗ്ഗേഴ്സ് ഓപ്പെറ വരുന്നത്. അഴിമതിയെ ആരുടെയെങ്കിലും വ്യക്തിപരമായ വിഷയമായിട്ടല്ല, പാർട്ടികളാൽ വന്നുചേരുന്ന അധഃപതനമായി നാടകം വിലയിരുത്തുന്നു.
എന്നാൽ പാർട്ടികളെ ഭരണാധികാരത്തിലേക്കുള്ള ഉപാധിയായി തിരിച്ചറിയണമെന്നു വാദിച്ച വേറിട്ട ശബ്ദവും അക്കാലത്ത് ഉണ്ടായിരുന്നു. .പ്രൊട്ടസ്റ്റൻ്റ് മതത്തിലെ അനൗദ്യോഗിക വിഭാഗങ്ങൾക്ക് അവരുടെ ഭരണപങ്കാളിത്തം സാധ്യമാക്കാൻ രാഷ്ട്രീയപ്പാർട്ടികൾ ആവശ്യമാണെന്നു പറഞ്ഞ രാഷ്ട്രീയ ലേഖകനാണ് ജോൺ ഷൂട്ട് ബാരിംഗ്ടൺ (John Shute Barrington, 1678–1734). അനൗദ്യോഗിക പ്രൊട്ടസ്റ്ററ്റ് വിഭാഗങ്ങൾക്കു ഭരണസ്ഥാനങ്ങളിലുള്ള തുറന്ന വിവേചനത്തിനുള്ള മറുപടി അവർ രാഷ്ട്രീയപ്പാർട്ടിയായി സംഘടിക്കലാണെന്നു ബാരിംഗ്ടൺ കണ്ടു (A. W. Gunn, “Party before Burke: Shute Barrington”). ഇപ്രകാരം പാർട്ടികളുടെ അധികാര മത്സരത്തെ അദ്ദേഹം സാമൂഹികനീതിക്കുള്ള ന്യായമായി കരുതി.
ഇംഗ്ലീഷ് സമൂഹം വിവിധ മത-രാഷ്ട്രീയ താല്പര്യങ്ങളിൽ അധിഷ്ഠിതമായതിനാൽ അവയ്ക്കെല്ലാം അധികാര പങ്കാളിത്തം കിട്ടണമെങ്കിൽ പാർട്ടികൾ വഴി രാഷ്ട്രീയപ്രവേശനം ആവശ്യമാണെന്ന പക്ഷക്കാരനായിരുന്നു ബാരിംഗ്ടൺ. അതുകൊണ്ട് പാർട്ടിമത്സരങ്ങളെ ഭരണഘടനാപരമായ പ്രതിസന്ധിയായി അദ്ദേഹം കണക്കാക്കിയില്ല. ഏതായാലും അധികാരപ്രാപ്തി ലക്ഷ്യമാക്കി ഇംഗ്ലീഷ് പാർലമെൻ്റിലെ കുലീനർ പാർട്ടികളായി ചേരിതിരിഞ്ഞതിൻ്റെ സൂചനയും, അതേ മാർഗ്ഗം തന്നെ അധികാരത്തിൽ നിന്നും പുറത്തു നിൽക്കുന്നവർക്കും ആശ്രയം എന്ന കാഴ്ചപ്പാടും സമൂഹത്തിൽ വന്നു തുടങ്ങിയെന്നതിന് തെളിവാണ് ഷൂട്ട് ബാരിംഗ്ടണിൻ്റെ രാഷ്ട്രീയ നിലപാടുകൾ.
പാർട്ടികൾക്കു സമൂഹത്തിലുണ്ടായിരുന്ന അപഖ്യാതിക്കെതിരെ സൈദ്ധാന്തികമായ നിലപാടുമായി രംഗത്തുവന്നത് 18-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിലെ പ്രശസ്ത ഇംഗ്ലീഷ് പാർലമെൻ്റേറിയനും വിഗ്ഗ് പാർട്ടിയുടെ നേതാവുമായ എഡ്മണ്ട് ബർക്ക് ആണ്. 1770 ൽ ബർക്ക് എഴുതിയ പാംലറ്റ്- "Thoughts on the Cause of the Present Discontents- "ൽ പാർട്ടി എന്നാൽ എന്താണെന്നു നിർവ്വചിക്കുന്നു. "ഒരു പ്രത്യേക തത്ത്വത്തിൽ എല്ലാവരും യോജിച്ചുകൊണ്ട്, സംയുക്തമായ പ്രവർത്തനങ്ങളിലൂടെ ദേശീയ താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഒന്നിച്ചുചേർന്ന ഒരു കൂട്ടം ആളുകളാണ് രാഷ്ട്രീയപ്പാർട്ടി- " ഇതാണ് ബർക്കിൻ്റെ പ്രസിദ്ധമായ നിർവ്വചനം.

തൻ്റെ എഴുത്തിലൂടെ പാർട്ടികളുടെ രാഷ്ട്രീയ പ്രസക്തി ആദർശാത്മകമാണെന്നു ബർക്കിനു യുക്തിസഹമായി സ്ഥാപിക്കാൻ കഴിഞ്ഞു; അതിനു വലിയ പിന്തുണയും പ്രചാരവും പിന്നീടിങ്ങോട്ട് പാർട്ടികളുടെ ചരിത്രത്തിൽ കൈവരുകയും ചെയ്തു. എന്നാൽ, ബർക്കിൻ്റെ പാർട്ടി നിർവ്വചനത്തിനു മുമ്പും പിമ്പുമുള്ള ബ്രിട്ടീഷ് പാർലമെൻ്ററി പാർട്ടികളുടെ പ്രവർത്തനങ്ങൾ, വിശേഷിച്ചും ബർക്ക് ഉൾപ്പെടെ നേതൃത്വം നൽകിയ വിഗ്ഗ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ പ്രായോഗിക തലത്തിൽ കാര്യമായ മാറ്റങ്ങളൊന്നും പഴയ അപഖ്യാതി ഇല്ലാതാക്കുന്നതിൽ പാർട്ടികളിൽ സംഭവിച്ചിട്ടില്ലെന്നു കാണാം.
ബ്രിട്ടീഷ് പാർലമെൻ്ററി പാർട്ടികൾ പ്രധാനമായും സ്ഥാനമാനങ്ങൾ ലാക്കാക്കിയുള്ള കൂട്ടുകൂടലും നേതൃസ്ഥാന മത്സരങ്ങളും പിളർപ്പും സ്വജനപക്ഷപാതവും കുലീനവർഗ്ഗ കുടുംബ ബന്ധങ്ങളും പഴയപടി തന്നെ തുടർന്നു പോന്നു. പാർട്ടി എന്ന സംഘടിതമായ ചട്ടക്കൂട് അന്ന് രൂപപ്പെടാത്തതിനാൽ വ്യക്തിതാല്പര്യങ്ങൾ പ്രധാനമായും പാർട്ടി ബന്ധങ്ങളെ നിശ്ചയിച്ചു. അതിൽ ഭരണപക്ഷം പ്രതിപക്ഷം എന്ന അതിർ വരമ്പുകൾ പ്രകടമായിരുന്നില്ല.
1770- ൽ വിഗ്ഗ് പാർട്ടിയിൽ താൻ പങ്കാളിയായ വിഗ്ഗ് ഗ്രൂപ്പിനെയാണ് (Rockingham Whigs) ദേശീയ താൽപര്യത്തിൻ്റെ സംരക്ഷകരായി ബർക്ക് അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഈ വിഗ്ഗ് ഗ്രൂപ്പ് അധികാരത്തിലേക്കു വന്നു; താമസിയാതെ തന്നെ പ്രധാനമന്ത്രി പദത്തിനായി അസ്വാരസ്യങ്ങൾ മൂർച്ഛിക്കുകയും അത് വീണ്ടും രണ്ടു ഗ്രൂപ്പായി വേർപിരിയുകയും ചെയ്തു. മാത്രമല്ല, തൻ്റെ പുതിയ ഗ്രൂപ്പിന് ഭരണാധികാരം കിട്ടുന്നതിനായി 1783- ൽ ബർക്കും കൂട്ടരും പഴയ എതിർപക്ഷവുമായി സഖ്യത്തിലാകുകയും ചെയ്തു.
18 -ാം നൂറ്റാണ്ടിൻ്റെ ഉത്തരാർത്ഥത്തിൽ സ്വയംഭരണത്തിനു വേണ്ടിയുള്ള അമേരിക്കൻ സ്വാതന്ത്ര്യസമരം പാർലമെൻ്റിനു പുറത്തുള്ള രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പുതിയൊരു ഘട്ടത്തെ ചരിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ട്; ഇതിൽ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധത്തിൻ്റെ തുടർച്ച കാണാമെങ്കിലും.
അതായത്, കുലീനവർഗ്ഗ പാർലമെൻ്ററി പാർട്ടികളിൽ ആദർശപരമായ യാതൊരു മാറ്റവും സംഭവിച്ചില്ലെങ്കിലും, ഭരണഘടനയോടും ദേശീയ താല്പര്യത്തോടുമാണ് പാർട്ടികൾക്കു കൂറെന്നു ഓരോ പാർട്ടിയും അതിനകത്തെ ഗ്രൂപ്പുകളും അവകാശപ്പെടുന്നതിനുള്ള സൈദ്ധാന്തിക പിൻബലം എഡ്മണ്ട് ബർക്കിലൂടെ നേടിയെടുക്കാൻ സാധിച്ചു. ദേശീയ താല്പര്യമാണ് പാർട്ടികളുടെ ലക്ഷ്യമെങ്കിൽ രാജാധികാരത്തിനെതിരെ ഒരൊറ്റ പ്രതിപക്ഷ പാർട്ടി മതിയാകുമെന്നു ബോലിംഗ്ബ്രോക് ദശകങ്ങൾക്കു മുമ്പേ പറഞ്ഞതും ഈ സന്ദർഭത്തിൽ പ്രസക്തമായി വരുന്നുണ്ട്. ബർക്കിൻ്റെ പാർട്ടി നീതീകരണത്തെ നേരത്തേ തന്നെ ബോലിംഗ് ബ്രോക് ഖണ്ഡിച്ചിരിക്കുന്നു.
ഏതായാലും പാർട്ടികൾ സ്വാർത്ഥ രാഷ്ട്രീയബുദ്ധിയുടെ ഫാക്ഷനുകളല്ല പകരം, നിസ്വാർത്ഥ രാജ്യസ്നേഹത്തിൻ്റെ സംഘടിതരൂപമാണ് എന്നു വാദിക്കാൻ ബർക്കിനെ പ്രേരിപ്പിച്ച സാഹചര്യങ്ങൾ കൂടി പരിശോധിക്കാം. പാർട്ടികളെ പറ്റിയുള്ള നിലവിലെ സാമൂഹിക അസംതൃപ്തി മാറ്റിയെടുക്കുകയാണ് ബർക്കിൻ്റെ ഒന്നാമത്തെ ലക്ഷ്യമെന്ന് പാംലറ്റിൻ്റെ തലക്കെട്ടു തന്നെ വ്യക്തമാക്കുന്നു. രണ്ടാമതായി, ഭരണഘടനയും രാജ്യതാല്പര്യവുമാണ് തങ്ങൾ പ്രതിനിധാനം ചെയ്യുന്നതെന്നു പ്രഖ്യാപിക്കാൻ ബർക്കിനെ പ്രേരിപ്പിച്ചതിൽ അക്കാലത്തെ ചില രാഷ്ട്രീയ സംഭവവികാസങ്ങൾക്കും പങ്കുണ്ടായിരിക്കാം.

സ്വയംഭരണ സായുധ പ്രക്ഷോഭങ്ങൾ
18 -ാം നൂറ്റാണ്ടിൻ്റെ ഉത്തരാർത്ഥത്തിൽ സ്വയംഭരണത്തിനു വേണ്ടിയുള്ള അമേരിക്കൻ സ്വാതന്ത്ര്യസമരം പാർലമെൻ്റിനു പുറത്തുള്ള രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പുതിയൊരു ഘട്ടത്തെ ചരിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ട്; ഇതിൽ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധത്തിൻ്റെ തുടർച്ച കാണാമെങ്കിലും. അധികാര സ്ഥാനങ്ങൾക്കു വേണ്ടി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പാർലമെൻ്ററി പാർട്ടികൾ തമ്മിലും, അവകൾക്കു ഉള്ളിലും നടക്കുന്ന ഗ്രൂപ്പു മത്സരങ്ങളും നീക്കുപോക്കുകളും കൂട്ടുകൂടലുകളും കൂട്ടുവിടലുകളും ഉപജാപങ്ങളും പക്ഷപാതങ്ങളുമായി സാമ്യപ്പെടുത്താൻ പ്രയാസമുള്ള രാഷ്ട്രീയ പ്രവർത്തനമാണ് അമേരിക്കൻ സ്വാതന്ത്ര്യസമരം കാഴ്ചവെച്ചത്. ബ്രിട്ടനിൽ രാഷ്ട്രീയ പ്രവർത്തകർ രാജഭരണം, പാർട്ടികൾ ഇവയെ പിൻപറ്റി അധികാരസ്ഥാനങ്ങൾ കരസ്ഥമാക്കുന്ന സ്വാർത്ഥമതികളായി പൊതുവേ വിലയിരുത്തപ്പെട്ടെങ്കിൽ, സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഇംഗ്ലീഷ് പാർലമെൻ്റ് ആധിപത്യത്തോട് പോരാടുന്ന പുതിയ ആദർശാത്മാക്കളെ 1764 മുതൽ അമേരിക്കയിലെ രാഷ്ട്രീയ പ്രവർത്തനം കാണിച്ചു തന്നു.
അറ്റ്ലാൻ്റിക് വിപ്ലവങ്ങളുടെ പ്രത്യേകത, അവ രാഷ്ട്രീയ പ്രവർത്തനത്തെയും സൈനികാക്രമണത്തെയും സമന്വയിപ്പിച്ചു എന്നതാണ്. ഇത് ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൻ്റെ ഒരു തുടർച്ചയായി കൂടി മനസ്സിലാക്കാം.
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തെ പൂർണ്ണമായി പിന്തുണച്ചില്ലെങ്കിലും, അതിൻ്റെ രാഷ്ട്രീയപരമായ പല ആവശ്യങ്ങളോടും ഐക്യദാർഢ്യം പുലർത്തിയിരുന്നു എഡ്മണ്ട് ബർക്ക്. ഇംഗ്ലീഷ് പാർലമെൻ്റിനുള്ള നികുതി അധികാരം അമേരിക്കൻ കോളനികളിൽ നിലനിർത്തണം എന്ന പക്ഷക്കാരനായിരുന്നു ബർക്ക്; പക്ഷേ അതിന് അമേരിക്കൻ കോളനികളുടെ സമ്മതം വേണമെന്നും പറഞ്ഞു. പാർട്ടികളെ കുറിച്ചു ബർക്ക് നൽകുന്ന നിർവ്വചനം രാജ്യനന്മയ്ക്കുവേണ്ടിയുള്ള രാഷ്ട്രീയ സംഘാടനത്തെയാണ് വ്യക്തമാക്കുന്നത്. അമേരിക്കൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലം പാർലമെൻ്ററി പാർട്ടികൾക്കും ദേശസ്നേഹത്തിൻ്റെ ആദർശാത്മക പരിവേഷം കൊടുക്കാൻ ബർക്കിന് പരോക്ഷ പ്രേരണയായോ എന്നു അന്വേഷിക്കാവുന്നതാണ്.
1760-1825 കൾ, അറ്റ്ലാൻ്റിക് സമുദ്രത്തിലെ അതിർത്തികളായി നിൽക്കുന്ന അമേരിക്കൻ-യൂറോപ്യൻ ഭൂമികൾ പാർലമെൻ്റേതരമായ പുതിയൊരു വിപ്ലവാത്മക രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഈ കാലഘട്ടത്തിലാണ് വടക്ക്-തെക്ക് അമേരിക്കകളിലെ വിപ്ലവം, ഫ്രെഞ്ചുവിപ്ലവം എന്നിവ നടക്കുന്നത്. അമേരിക്കൻ കോളനികളിൽ റിപ്പബ്ലിക് സ്ഥാപിക്കാൻ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സമരം (1765–1783), ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സ്പാനിഷ് മേൽക്കോയ്മക്കെതിരെ സമരം (1808–1826), ബ്രസീലിൽ പോർച്ചുഗൽ ഭരണത്തിനെതിരെ പോരാട്ടം (1820–1822), ഹെയ്തിയിൽ ഫ്രെഞ്ച് വാഴ്ചയിലെ അടിമത്തത്തിനും വംശീയതയ്ക്കും എതിരെ വിപ്ലവം (1791–1804), ഫ്രാൻസിൽ രാജവാഴ്ചയ്ക്കും സ്വേച്ഛാധിപത്യത്തിനും എതിരെ ജനകീയ പരാമാധികാരത്തിനായി വിപ്ലവം (1789–1799) എന്നിങ്ങനെ മൂന്നു ഭൂഖണ്ഡങ്ങളുമായി ബന്ധപ്പെട്ട അറ്റ്ലാൻ്റിക് വിപ്ലവങ്ങളായിരുന്നു ഇത്.

ഈ വിപ്ലവങ്ങൾ ഓരോന്നിനും അതിൻ്റേതായ സവിശേഷതകൾ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും, അവ ചില പൊതുവായ സമാനതകൾ കൂടി നൽകുന്നുണ്ട്.
ഒന്നാമതായി, ഈ സമരങ്ങൾ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൻ്റെ തുടർച്ചയെ അനുസ്മരിപ്പിക്കും വിധം വ്യവസ്ഥാപിത അധികാര കേന്ദ്രത്തോടുള്ള രാഷ്ട്രീയകലഹമായിരുന്നു.
രണ്ടാമതായി, വിപ്ലവം സംഘടിപ്പിക്കുന്നതിലേക്കായി പല രാഷ്ട്രീയ സംഘടനകളും ക്ലബ്ബുകളും വ്യവസ്ഥാപിത ഭരണകൂട കേന്ദ്രങ്ങൾക്കു പുറത്ത് പൊതുസമൂഹത്തിൽ അറ്റ്ലാൻ്റിക് വിപ്ലവകാലത്ത് രൂപീകരിക്കപ്പെട്ടു.
മൂന്നാമതായി, പരമ്പരാഗത കുലീന അധികാരവർഗ്ഗത്തിൻ്റെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും വ്യത്യസ്തമായി, ഉയർന്ന മധ്യവർഗ്ഗത്തിലും മധ്യവർഗ്ഗത്തിലും ഉൾപ്പെട്ട ധനികരും വിദ്യാസമ്പന്നരുമായ ആളുകൾ അറ്റ്ലാൻ്റിക് വിപ്ലവങ്ങളിൽ പലയിടത്തും പ്രധാനമായും നേതൃത്വപരമായ പങ്കുവഹിച്ചു. പരമ്പരാഗത അധികാരവർഗ്ഗത്തിൽ പെടാത്ത ധനികർ, ബുദ്ധിജീവികൾ, വക്കീലന്മാർ, കച്ചവടക്കാർ, സൈനിക നേതാക്കൾ എന്നിവർ വിപ്ലവത്തിൻ്റെ മുൻപന്തിയിൽ പ്രത്യക്ഷപ്പെട്ടു.
നാലാമതായി, വിപ്ലവനേതൃത്വങ്ങളായി വന്ന ഈ പുതിയ വിഭാഗം അവർ ഉന്നയിച്ച സ്വാതന്ത്ര്യം, സ്വയംഭരണം എന്നീ മൂല്യങ്ങളുമായി ബന്ധപ്പെട്ടും, അതിനുവേണ്ടിയുള്ള അവരുടെ സ്വയം സമർപ്പണവുമായി ബന്ധപ്പെട്ടും സാമൂഹികമായ ബഹുമതിയും അംഗീകാരവും നേടി. ഒരുപക്ഷേ, രാഷ്ട്രീയവും, അതുമായി ബന്ധപ്പെട്ട സംഘടനകളും വിപുലമായ സാമൂഹികാംഗീകാരം കരസ്ഥമാക്കുന്നത് അറ്റ്ലാൻ്റിക് വിപ്ലവങ്ങളുടെ കാലത്താകാം.
അഞ്ചാമതായി, അറ്റ്ലാൻ്റിക് വിപ്ലവങ്ങളുടെ പ്രത്യേകത, അവ രാഷ്ട്രീയ പ്രവർത്തനത്തെയും സൈനികാക്രമണത്തെയും സമന്വയിപ്പിച്ചു എന്നതാണ്. ഇത് ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൻ്റെ ഒരു തുടർച്ചയായി കൂടി മനസ്സിലാക്കാം. സ്വേച്ഛാധിപത്യത്തോടുള്ള ഏറ്റുമുട്ടലിൽ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അവിഭാജ്യഘടകമായിരുന്നു സൈനിക മുന്നേറ്റം അറ്റ്ലാൻ്റിക് വിപ്ലവങ്ങളിലും.
ആറാമതായി, ഈ വിപ്ലവങ്ങൾ സ്വേച്ഛാധിപത്യ ഭരണകൂടത്തെ ഇല്ലായ്മ ചെയ്തു സ്വന്തം ഭരണകൂടങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചവ ആയിരുന്നു.
വിപ്ലവാനന്തര കാലത്ത് പല വിപ്ലവകക്ഷികളും പാർലമെൻ്ററി രാഷ്ട്രീയം, ഇലക്ഷൻ, ഭരണപരമായ നേതൃസ്ഥാനങ്ങൾ എന്നിവയിലേക്ക് പ്രവേശിച്ചു. അല്ലെങ്കിൽ വിപ്ലവ- സൈനിക നേതൃത്വം പുതിയ ഭരണകൂടത്തിലെ രാഷ്ട്രീയ നേതൃത്വമായി മാറി.
ഇംഗ്ലീഷ് പാർലമെൻ്ററി പാർട്ടികൾ രൂപപ്പെടുന്നത് കുലീനവിഭാഗങ്ങൾക്കുള്ളിലെ അധികാര പ്രാപ്തിക്കുള്ള അംഗീകൃത മാധ്യമം എന്ന വിധത്തിലാണെങ്കിൽ, സ്വേച്ഛാധിപത്യ അധികാര കേന്ദ്രത്തെ മറിച്ചിടുന്നതിനായിട്ടാണ് വിപ്ലവസംഘടനകൾ പൊതുസമൂഹത്തിൽ രൂപം കൊണ്ടത്. വിപ്ലവക്കമ്മറ്റികൾ, ക്ലബ്ബുകൾ, പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ എന്നിവയിലൂടെ രാഷ്ട്രീയത്തിൻ്റെ ജനകീയഭാഷ അറ്റ്ലാൻ്റിക് വിപ്ലവം ആവിഷ്ക്കരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തെ അത് കുലീന അധികാര വടംവലി എന്ന ആരോപണത്തിൽ നിന്നും ദേശസ്നേഹം, വിമോചനം, ആത്മത്യാഗം എന്നീ മൂല്യങ്ങളുമായി സംയോജിപ്പിച്ചു.
വിപ്ലവരാഷ്ട്രീയത്തിൻ്റെ സ്ഥാപനവൽക്കരണത്തിലേക്ക് അറ്റ്ലാൻ്റിക് വിപ്ലവം എത്തിചേർന്നുവെന്നു കൂടി പറയണം. വിപ്ലവാനന്തര കാലത്ത് പല വിപ്ലവകക്ഷികളും പാർലമെൻ്ററി രാഷ്ട്രീയം, ഇലക്ഷൻ, ഭരണപരമായ നേതൃസ്ഥാനങ്ങൾ എന്നിവയിലേക്ക് പ്രവേശിച്ചു. അല്ലെങ്കിൽ വിപ്ലവ- സൈനിക നേതൃത്വം പുതിയ ഭരണകൂടത്തിലെ രാഷ്ട്രീയ നേതൃത്വമായി മാറി. അതായത് പാർലമെൻ്ററി രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള പുതിയ പാത അറ്റ്ലാൻ്റിക് വിപ്ലവങ്ങളാൽ തുറക്കപ്പെട്ടു.

എങ്കിലും അറ്റ്ലാൻ്റിക് വിപ്ലവങ്ങൾ ഉടൻ രാഷ്ട്രീയപ്പാർട്ടികൾക്കു ജനസമ്മതി നേടിക്കൊടുത്തില്ല. പക്ഷേ പാർട്ടികളെ സാധൂകരിക്കുന്നതിന് പുതിയ സാഹചര്യങ്ങൾ ഈ വിപ്ലവങ്ങൾ മൂലം വന്നുചേർന്നു. ജനങ്ങളുടെ പരമാധികാരം, പ്രതിനിധാനം, പൊതുനന്മ എന്നിവ പാർട്ടികളെ ന്യായീകരിക്കാനുള്ള പുതിയ ഭാഷ സൃഷ്ടിച്ചു. ആദ്യമാദ്യം പാർട്ടികളെ രാജ്യത്തിൻ്റെ ഐക്യത്തിനു തടസ്സമായി കണ്ടെങ്കിലും, റിപ്പബ്ലിക്കൻ ഭരണത്തിൽ അവയുടെ അനിവാര്യത ക്രമേണ അംഗീകരിക്കപ്പെട്ടു.
മാത്രമല്ല വിപ്ലവാനന്തര പാർലമെൻ്ററി പാർട്ടികൾക്കു "ഫാക്ഷൻ" എന്നു ദുരർത്ഥത്തിൽ നിന്നും ഒരളവോളം കരകയറാനും കഴിഞ്ഞു. വിപ്ലവകാല ത്യാഗവും സന്നദ്ധതയും ധൈര്യവും നേതൃപാടവവും നിസ്വാർത്ഥ സാമൂഹിക പ്രവർത്തനത്തിൻ്റെ മുതൽക്കൂട്ടായി വിപ്ലവ- പാർലമെൻ്ററി പാർട്ടികളെ അനുഗ്രഹിച്ചു.
അറ്റ്ലാന്റിക് വിപ്ലവങ്ങൾ രാഷ്ട്രീയക്കാരനെന്ന ആദർശത്തിന് പൊതുസമ്മതിയുടെ വിപ്ലവാത്മകമായ ശക്തി നൽകി. വിപ്ലവ രാഷ്ട്രീയം രാഷ്ട്രീയ പ്രവർത്തനത്തെ പരമാധികാരമുള്ള ജനതയോടും പൊതുനന്മയോടും ഉത്തരവാദിത്വമുള്ള സേവനമായി പുനർനിർവചിച്ചു. ഈ ആദർശം അമേരിക്കയിലും ഫ്രാൻസിലും രാഷ്ട്രീയക്കാരെ വിലയിരുത്തുന്നതിനുള്ള ഒരു ശക്തമായ മാനദണ്ഡമായി മാറി; എന്നിരുന്നാലും, വിഭാഗീയത, അധികാരമോഹം, അഴിമതി എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങൾ തുടർന്നും നിലനിന്നു.
അമേരിക്കയിൽ രാഷ്ട്രീയം ഒരു പ്രൊഫ്രഷൻ എന്ന നിലയിൽ അംഗീകൃതവും ആരാധ്യവുമായി പിൽക്കാലത്ത് വളരുന്നതിലേക്ക് അറ്റ്ലാൻ്റിക് വിപ്ലവങ്ങൾ സാരമായി സംഭാവന നൽകിയിട്ടുണ്ട്.
അമേരിക്കയിൽ രാഷ്ട്രീയം ഒരു പ്രൊഫ്രഷൻ എന്ന നിലയിൽ അംഗീകൃതവും ആരാധ്യവുമായി പിൽക്കാലത്ത് വളരുന്നതിലേക്ക് അറ്റ്ലാൻ്റിക് വിപ്ലവങ്ങൾ സാരമായി സംഭാവന നൽകിയിട്ടുണ്ട്. വിപ്ലവകാലത്തെ രാഷ്ട്രീയ സംഘാടനത്തിൻ്റെയും ത്യാഗോജ്ജ്വല പ്രവർത്തനത്തിൻ്റെയും ഊർജ്ജസ്വല നേതൃപാടവത്തിൻ്റെയും ധീരവും ചടുലവും തന്ത്രപരവുമായ മുന്നേറ്റത്തിൻ്റെയും തുടർക്കഥയെന്ന നിലയിലാണ് അറ്റ്ലാൻ്റിക് വിപ്ലവാനന്തര പാർലമെൻ്റ് രാഷ്ട്രീയം അംഗീകാരവും ആദരവും നേടുന്നത്. പാർലമെൻ്റ് രാഷ്ട്രീയത്തിലെ പഴയ കുലീനവർഗ്ഗനിരയിലേക്ക് ധനികരും വിദ്യാസമ്പന്നരുമായ പല വിഭാഗങ്ങളുടെ സാന്നിധ്യമാണ് അറ്റ്ലാൻ്റിക് വിപ്ലവങ്ങളോടെ സംഭവിക്കുന്നത്.
രാഷ്ട്രീയം ഒരു സ്ഥിരം പ്രൊഫഷൻ എന്ന നിലയിൽ ഉയർന്നു വരുന്നത് പാർലമെൻ്റ് അധികാരത്തിൻ്റെ സ്ഥാപനപരമായ വികാസം, രാഷ്ട്രീയപ്പാർട്ടികൾ, തെരഞ്ഞെടുപ്പ് എന്നിവയെ പറ്റിയുള്ള ആലോചനകളിലൂടെ മാത്രം വിശദീകരിക്കാൻ കഴിയുന്നതല്ല. മേൽപ്പറഞ്ഞ അറ്റ്ലാൻ്റിക് വിപ്ലവങ്ങളിലൂടെ രാഷ്ട്രീയ സംസ്കാരം തന്നെ വഴി മാറുന്നതും നമ്മുടെ പരിശോധനയിൽ കൊണ്ടുവരേണ്ടതുണ്ട്. കാരണം രാഷ്ട്രീയം, പാർട്ടികൾ എന്നിവയ്ക്കു 18 -ാം നൂറ്റാണ്ടിലേതിൽ നിന്നു വ്യത്യസ്തമായി സാമൂഹികമായ സാധുതയും മാന്യതയും ഒരളവെങ്കിലും കിട്ടുന്നതിൽ പ്രധാന പങ്ക് അറ്റ്ലാൻ്റിക് വിപ്ലവങ്ങൾക്കുണ്ട്. ആദർശാത്മകമായ മൂല്യങ്ങളെ ഈ വിപ്ലവങ്ങൾ രാഷ്ട്രീയത്തിൻ്റെ നടുക്ക് കൂടിയിരുത്തി. അധികാരം നേടുന്നതിലെ സൈനികമായ ഹിംസകൾ ഇത്തരം ആദർശാത്മക മൂല്യങ്ങളിൽ നീതീകരിക്കപ്പെടുകയും ചെയ്തു.

രാഷ്ട്രീയവും സൈന്യവും തമ്മിലുള്ള വിപ്ലവസമ്പർക്കം സംഘടനകളെയും വ്യക്തികളെയും സൈനികരീതിയിൽ പുനരാവിഷ്കരിക്കുന്നതിനു മാർഗ്ഗദർശകമായി എന്നതാണ് അറ്റ്ലാൻ്റിക് വിപ്ലവങ്ങളുടെ മറ്റൊരു പ്രത്യേകത. വിപ്ലവാനന്തരം നേതൃത്വത്തിൻ്റെ അധികാരത്തിലേക്കുള്ള ആരോഹണം ചിലപ്പോൾ സൈനിക ലൈനിലൂടെ തന്നെയാകാം. അഥവാ പാർലമെൻ്ററി രാഷ്ട്രീയത്തിലേക്കു വിപ്ലവകക്ഷികൾ വന്നാലും, അവരെ അധികാര പീഠത്തിനു അർഹരാക്കുന്നത് സൈനിക നേതൃത്വപാടവത്തോടെ അവർ നടത്തിയ വിപ്ലവ പ്രവർത്തനത്തിൻ്റെ രാഷ്ട്രീയ-സാംസ്കാരിക മൂലധനം ആയിരിക്കും. പ്രതീകാത്മകമായ മൂലധന (symbolic capital) മെന്ന് ഇതിനെ പിയർ ബോദ്യു (Pierre Bourdieu) പറയുന്നു.
പിയർ ബോദ്യുവിന്റെ ഭാഷയിൽ വിപ്ലവകാലത്തെ ധീരതയും ത്യാഗവും സ്വയം symbolic capital ആകണമെന്നില്ല. സമൂഹം അവയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും രാഷ്ട്രീയ നിയമസാധുതയുള്ള ഗുണങ്ങളായി പരിഗണിക്കുകയും ചെയ്യുമ്പോഴാണ് അവ പ്രതീകാത്മക മൂലധനമായി പ്രവർത്തിക്കുന്നത്.
ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സർവ്വാധിപത്യത്തെ അട്ടിമറിക്കാൻ അമേരിക്കൻ ജനകീയ മുന്നേറ്റത്തിനു സാധ്യമാകുമെന്നായിരുന്നു അമേരിക്കൻ വിപ്ലവം ഇംഗ്ലീഷ് പാർലമെൻ്ററി പാർട്ടികൾക്കു നൽകിയ തിരിച്ചറിവ്.
അതായത്, ഇംഗ്ലീഷ് പാർലമെൻ്റിൽ അംഗത്വത്തിൻ്റെ മാനദണ്ഡം ഭൂവുടമസ്ഥത, കുലീനത, കുടുംബ ബന്ധങ്ങൾ, സ്വജനപക്ഷപാതം, ഉപജാപങ്ങൾ, തന്ത്രപരമായ അധികാര നീക്കുപോക്കുകൾ എന്നിവയായിരുന്നെങ്കിൽ, ഒരേസമയം ആദർശാത്മകവും അക്രമാസക്തവുമായ രാഷ്ട്രീയ-സാംസ്കാരിക മൂലധനം ആർജ്ജിക്കുന്നതിലൂടെ സമൂഹത്തിലെ ഉയർന്ന മധ്യവർഗ്ഗങ്ങളിൽ നിന്നും പ്രൊഫഷണൽ പാർലമെൻ്ററി രാഷ്ട്രീയ നേതൃത്വം അറ്റ്ലാൻ്റിക് വിപ്ലവങ്ങളിലൂടെ ഭാവിയിൽ ഉയർന്നു വന്നു.
വിപ്ലവാനന്തര പാർട്ടി പ്രൊഫഷൻ
അറ്റ്ലാൻ്റിക് വിപ്ലവാനന്തര കാലത്ത് രാഷ്ട്രീയപ്പാർട്ടികൾ അടിസ്ഥാനപരമായി അവയുടെ ഘടനയിലും ധർമ്മത്തിലും ഇംഗ്ലീഷ് പാർലമെൻ്ററി പാർട്ടികളേക്കാൾ എത്രമാത്രം വ്യത്യസ്തത പുലർത്തിയെന്നാണ് ചോദ്യം. അതായത്, പാർട്ടികൾക്ക് 19 -ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കൈവന്ന സാമൂഹിക പങ്കാളിത്തവും സ്വീകാര്യതയും പാർലമെൻ്റിൽ പ്രതിനിധാനത്തിലെ ജനാധിപത്യവൽക്കരണത്തിനും, അതോടൊപ്പം പാർട്ടികളിലെ തന്നെ ജനാധിപത്യവൽക്കരണത്തിനും ഉതകിയിട്ടുണ്ടോ?

അമേരിക്കൻ വിപ്ലവത്തിനു ശേഷം ബ്രിട്ടനിൽ വിഗ്ഗ് പാർട്ടിയിൽ വന്നു ചേർന്ന മാറ്റങ്ങൾ 1790 ലെ തെരഞ്ഞെടുപ്പിനെ ആസ്പദമാക്കി ഡൊണാൾഡ് ഇ. ജിൻ്റർ വിശകലനം ചെയ്യുന്നുണ്ട് (Donald E. Ginter, "Whig Organization in the General Election of 1790"). പാർലമെൻ്റിലെ അധികാരവുമായി ബന്ധപ്പെട്ട വ്യക്തിപരമായ കൂട്ടുച്ചേരലുകൾക്കും ഉപജാപങ്ങൾക്കും അതീതമായി, നിയോജകമണ്ഡലങ്ങളിലേക്കു ഇറങ്ങിച്ചെന്ന് വിഗ്ഗ് പാർട്ടി കുറേക്കൂടി സംഘടിതമായ രൂപം ഈ സമയത്ത് ആർജ്ജിക്കുന്നുണ്ട്. പ്രാദേശികമായി രാഷ്ട്രീയ നേതൃത്വത്തെ വിന്യസിക്കുക, സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നിങ്ങനെ, ഇലക്ഷൻ വ്യക്തിപരമായ മുൻകൈയിൽ നിന്നും സംഘടനാപരമായ ഏകീകരണത്തിലേക്കു വന്നു. ഇലക്ഷൻ വിജയം വ്യക്തികളുടേതെന്നതിനേക്കാൾ പാർട്ടിയുടെ ആവശ്യമായി മാറി.
അമേരിക്കൻ വിപ്ലവം ഈ മാറ്റത്തിന്റെ ഏക കാരണമായിരുന്നുവെന്ന് പറയാനാവില്ലെങ്കിലും, സാമ്രാജ്യത്വത്തിന്റെയും പാർലമെന്ററി അധികാരത്തിന്റെയും പ്രതിസന്ധി പുതിയ രാഷ്ട്രീയ സംഘടനയുടെ ആവശ്യകതയെ കൂടുതൽ പ്രകടമാക്കി.
കേന്ദ്രീകൃത നേതൃത്വഘടനയും പാർട്ടിസ്ഥാനങ്ങളും അക്കാലത്ത് പ്രധാനപ്പെട്ടതായി തീർന്നു; പാർട്ടികൾ അന്ന് ബഹുജന സംഘടനകളായി വളർന്നിട്ടില്ലെങ്കിലും. വ്യക്തിതല കുലീന ബന്ധങ്ങളും സ്വജനതാല്പര്യവും അവസാനിച്ചുവെന്നല്ല ഇതിനർത്ഥം; പകരം, പാർട്ടിയെന്നത് അധികാരപ്രാപ്തിയിലേക്കുള്ള പ്രധാന ശക്തികേന്ദ്രമായി വളർന്നു. ആരാണ് സ്ഥാനാർത്ഥിയെന്നത് പാർട്ടി തീരുമാനത്തിലേക്കു നീങ്ങി. അതായത് ബന്ധങ്ങളുടെയും താല്പര്യങ്ങളുടെയും കേന്ദ്രം കുലീന വ്യക്തിതലത്തിൽ നിന്നും പാർട്ടിസ്ഥാപന തലത്തിലേക്കും അതിലെ നേതൃത്വത്തിലേക്കും ചുവടുമാറിയെന്നർത്ഥം.
അറ്റ്ലാൻ്റിക് വിപ്ലവാനന്തരം 19-ാം നൂറ്റാണ്ടിൻ്റെ ഒന്നാംപാദത്തിൽ ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിൽ സംഭവിച്ച പ്രധാന മാറ്റങ്ങളിലൊന്ന് പാർട്ടികളുടെ സാമൂഹികവൽക്കരണവും അതിൻ്റെ ഭാഗമായി വോട്ടവകാശത്തിൽ സംഭവിച്ച വിപുലീകരണവുമാണ്.
ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സർവ്വാധിപത്യത്തെ അട്ടിമറിക്കാൻ അമേരിക്കൻ ജനകീയ മുന്നേറ്റത്തിനു സാധ്യമാകുമെന്നായിരുന്നു അമേരിക്കൻ വിപ്ലവം ഇംഗ്ലീഷ് പാർലമെൻ്ററി പാർട്ടികൾക്കു നൽകിയ തിരിച്ചറിവ്. അതിനാൽ പാർലമെൻ്റിനുപുറത്ത് സമൂഹത്തിൽ പ്രാദേശികമായ അടിത്തറയിൽ കെട്ടിപ്പടുത്ത ശക്തമായ പാർട്ടിഘടനയും അതിലൂടെയുള്ള അധികാര കേന്ദ്രീകരണവും അത്യാവശ്യമായി വന്നിരിക്കുന്നുവെന്ന് വിഗ്ഗ് പോലുള്ള പാർട്ടികൾ തിരിച്ചറിഞ്ഞു. വ്യക്തികൾക്ക് അധികാരത്തിൻ്റെ രക്ഷകനും ശിക്ഷകനുമായി കുലീന കുടുംബങ്ങൾ നിലകൊണ്ടിരുന്ന സ്ഥാനത്തേക്ക് രാജ്യമാകമാനം പാർട്ടിഘടന ആ പദവി ഏറ്റെടുത്തു. മാത്രമല്ല തെരഞ്ഞെടുപ്പു മത്സരവും മറ്റും സംഘടിതമായ പാർട്ടി ആവശ്യമായി മാറി. പാർലമെൻ്റ് പ്രാതിനിധ്യം, ഇലക്ഷൻ സംഘാടനം, ആശയവിനിമയം, സാമ്പത്തിക സമാഹരണം, വോട്ടുകളുടെ ഏകീകരണം എന്നിവ സവിശേഷ വൈദഗ്ദ്ധ്യവും അനുഭവപരിചയവും ആവശ്യപ്പെട്ടു.
വിഗ്ഗ് പാർട്ടിയുടെ നേതൃതലത്തിൽ പഴയ അതേ കുലീനവർഗ്ഗങ്ങൾ തന്നെ മിക്കവാറും സ്ഥാനം പിടിക്കുകയും കുലീന പ്രീണനങ്ങളുടെ വേദി സംഘടിതമായ പാർട്ടിയായി മാറുകയും ചെയ്തുവെന്നു കാണാം. അതായത് സംഘടനാപരമായ വിപുലീകരണവും കെട്ടുറപ്പും മറ്റും ആന്തരികമായ ജനാധിപത്യത്തെ പാർട്ടികളിൽ കൊണ്ടുവന്നില്ല എന്നതിന് ഉദാഹരണമാണിത്. പാർട്ടിക്ക് കുലീനവർഗ്ഗത്തിനു പുറത്ത് സാമൂഹിക പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവാണ് യഥാർത്ഥത്തിൽ 19-ാം നൂറ്റാണ്ടിൽ സംഭവിച്ച മാറ്റം.

അറ്റ്ലാൻ്റിക് വിപ്ലവാനന്തരം 19-ാം നൂറ്റാണ്ടിൻ്റെ ഒന്നാംപാദത്തിൽ ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിൽ സംഭവിച്ച പ്രധാന മാറ്റങ്ങളിലൊന്ന് പാർട്ടികളുടെ സാമൂഹികവൽക്കരണവും അതിൻ്റെ ഭാഗമായി വോട്ടവകാശത്തിൽ സംഭവിച്ച വിപുലീകരണവുമാണ്. ഇത് മധ്യവർഗ്ഗത്തെ വലിയ ശക്തിയെന്ന നിലയിൽ പാർട്ടികളിലേക്കു കടന്നുവരാൻ ഇടവരുത്തി. അതോടൊപ്പം അവർ തങ്ങളിൽ താഴെയുള്ളവർക്ക് രാഷ്ട്രീയ പങ്കാളിത്തം നിഷേധിക്കുകയും ചെയ്തു. ബ്രിട്ടനിൽ തൊഴിലാളികൾ അമേരിക്കയിൽ കറുത്ത വംശക്കാർ, ഫ്രാൻസിൽ സ്ത്രീകൾ- ഇവരെ വോട്ടവകാശത്തിനു പുറത്തു നിർത്തി പാർട്ടികൾ. എന്നാൽ പാർട്ടികളുടെ സാമൂഹികവൽക്കരണം രാഷ്ട്രീയ ചർച്ചകളിലേക്ക് സമൂഹത്തെ മൊത്തം ഭാഗഭാക്കാക്കുകയും ചെയ്തു.
പാർട്ടികൾ വഴി രാഷ്ട്രീയത്തിൻ്റെ സാമൂഹികവൽക്കരണം സംഭവിച്ചപ്പോൾ പ്രതിനിധാനത്തിൽ ഈ സർവ്വ സമൂഹ പങ്കാളിത്തം പ്രകടമായി വന്നില്ല. ഭരണാധികാരത്തിലും ജനപ്രതിനിധി സ്ഥാനങ്ങളിലും കുലീനർക്കൊപ്പം പുതിയ മധ്യവർഗ്ഗ പങ്കാളിത്തം വർദ്ധിച്ചു എന്നതാണ് ഇക്കാലത്തെ കാതലായ മാറ്റം. എന്നാൽ ഈ വിഭാഗങ്ങളെ പരമ്പരാഗത കുലീനവർഗ്ഗത്തിൽനിന്ന് പൂർണമായും വ്യത്യസ്തമായ മധ്യവർഗ്ഗമായി വിശേഷിപ്പിക്കാൻ കഴിയില്ല. അവർ പുതിയ റിപ്പബ്ലിക്കിലെ സ്വത്തുടമകളായ അധികാരവർഗ്ഗമായിരുന്നു.
സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പ്രഖ്യാപിച്ച ഫ്രഞ്ചുവിപ്ലവകാരികളും അവിടെ നിലവിൽ വന്ന ഗവൺമെൻ്റും ഫ്രെഞ്ചു കോളനിയായ ഹെയ്തിയിലെ കറുത്തവരുടെ സ്വയംഭരണ സ്വാതന്ത്ര്യ പോരാട്ടത്തെ അംഗീകരിച്ചില്ല.
പ്രാതിനിധ്യത്തിൽ സംഭവിച്ച പുതിയ മധ്യവർഗ്ഗ സാന്നിധ്യത്തെ പാർലമെൻ്റിൻ്റെ ജനാധിപത്യ വിശാലതയായി മനസ്സിലാക്കാനും തടസ്സങ്ങളുണ്ട്. ഉദാഹരണമായി ഫ്രാൻസും അമേരിക്കയും ബ്രിട്ടനും ഹെയ്തിയൻ വിപ്ലവത്തോടും, തുടർന്ന് അവിടെ സ്ഥാപിതമായ അടിമകളുടെ ഭരണകൂടത്തോടും സ്വീകരിച്ച നിലപാടുകൾ പരിശോധിച്ചാൽ മതി.
സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പ്രഖ്യാപിച്ച ഫ്രഞ്ചുവിപ്ലവകാരികളും അവിടെ നിലവിൽ വന്ന ഗവൺമെൻ്റും ഫ്രെഞ്ചു കോളനിയായ ഹെയ്തിയിലെ കറുത്തവരുടെ സ്വയംഭരണ സ്വാതന്ത്ര്യ പോരാട്ടത്തെ അംഗീകരിച്ചില്ല. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൻ്റെ വിജയത്തിൽ ഫ്രാൻസിൻ്റെ സൈനികവും സാമ്പത്തികവുമായ നിർലോഭ സഹകരണം പ്രധാന ഘടകമായിരുന്നു. എന്നാൽ ഇതേ ആവശ്യമുയർത്തിയ കറുത്തവരെ ഫ്രാൻസ് ആയുധങ്ങൾ കൊണ്ടു നേരിട്ടു. പിന്നീട്, 1825-ൽ ഹെയ്തിയെ ഫ്രാൻസ് അംഗീകരിച്ചത് തന്നെ, വലിയ നഷ്ടപരിഹാരത്തുക അടയ്ക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു.
സ്വാതന്ത്ര്യാനന്തര അമേരിക്കയുടെ ഹെയ്തിയോടുള്ള നിലപാടും വ്യത്യസ്തമായിരുന്നില്ല. അമേരിക്ക 1862 വരെ ഹെയ്തിയുടെ സ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിച്ചില്ല. മൂന്നു രാജ്യങ്ങളിലെയും പാർലമെൻ്ററി പാർട്ടി രാഷ്ട്രീയം ഹെയ്തിയൻ സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളാൻ മാത്രം ജനാധിപത്യപരമായിരുന്നില്ല എന്നർത്ഥം. (ബ്രിട്ടൻ ഹെയ്തിയെ ഔദ്യോഗികമായി തിരിച്ചറിഞ്ഞില്ല; അംഗീകാരം 1833-ലാണ് വന്നത്).

മറ്റൊരു വിധത്തിൽ പറഞ്ഞാൽ രാഷ്ട്രീയത്തിൻ്റെ സാമൂഹികവൽക്കരണവും വോട്ടവകാശത്തിലെ ജനാധിപത്യവൽക്കരണവും പാർട്ടികളെ കുലീന-മധ്യവർഗ്ഗ മേധാവിത്വത്തിൽ നിന്നും മോചിപ്പിച്ചു അവയെ ആന്തരികമായി ജനാധിപത്യവൽക്കരിച്ചില്ല. കുലമഹിമക്കും ധനസ്ഥിതിക്കും ഒപ്പം പാർട്ടിയെ വിജയത്തിലേക്കു നയിക്കുന്ന തന്ത്രങ്ങൾ സമർത്ഥമായി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നവരിൽ പാർട്ടി തീരുമാനങ്ങൾ കേന്ദ്രീകരിച്ചു. സമൂഹത്തിൽ മുമ്പ് നിലനിന്നിരുന്ന അധികാരശ്രേണികൾ പുതിയ രൂപത്തിൽ പാർട്ടികളിൽ പ്രവർത്തിച്ചു. ആയിരങ്ങൾ പാർട്ടി റാലികളിൽ പങ്കെടുക്കുന്നത് പാർട്ടികൾക്കുള്ളിലെ ജനാധിപത്യവൽക്കരണത്തിനു തെളിവായി കരുതാനാവുമോ?
കുലീനതയുടെ അർത്ഥത്തെ പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗം പാർട്ടി കൊണ്ടു പരിഷ്ക്കരിച്ചുവെന്നു പറയാം. ജന്മം കൊണ്ടും പരമ്പരാഗത ധനസ്ഥിതി കൊണ്ടും എന്നതിനൊപ്പം, പാർട്ടി നേതൃത്വത്തിലേക്കു എത്താനുള്ള പാടവം ഒരാളെ കുലീനതയിലേക്കു ഉയർത്തി. അങ്ങനെ പാർട്ടി നേതൃത്വം എന്നത് പുതിയ കുലീനവർഗ്ഗമായി നിലകൊണ്ടു; പഴയ അതേ കുലീനവർഗ്ഗ മൂല്യങ്ങളും ശീലങ്ങളും പാർട്ടികളിൽ പുനരുല്പാദിപ്പിച്ചു. 19-ാം നൂറ്റാണ്ടിൽ അമേരിക്കയിൽ പാർട്ടിസ്ഥാനങ്ങളും സർക്കാർ നിയമനങ്ങളും രാഷ്ട്രീയ നേതൃത്വത്തിൻ്റെ സ്വജനപക്ഷപാതം കീഴടക്കിയത് ജെയിംസ് സി. സ്കോട്ട് കാണിച്ചു തരുന്നുണ്ട്. (Scott C. James, "Patronage Regimes and American Party Development from the Age of Jackson to the Progressive Era") പാർട്ടിനേതൃത്വവിധേയത്വം ജോലിക്കും ഭൗതികനേട്ടങ്ങൾക്കും സ്ഥാനമാന ഉയർച്ചക്കും ചവിട്ടുപടിയായി നിന്നു.
പാർട്ടികളുടെ സാമൂഹികവൽക്കരണം ജനങ്ങളെ രാഷ്ട്രീയത്തിൽ പങ്കാളികളാക്കി. എന്നാൽ ആ പങ്കാളിത്തം പാർട്ടികളുടെ തീരുമാനമെടുക്കൽ സംവിധാനങ്ങളിൽ തുല്യമായ അധികാരമായി പരിണമിച്ചില്ല.
പാർട്ടികളുടെ സാമൂഹ്യവൽക്കരണത്തിനു അനുബന്ധമായി നടക്കുന്ന രാഷ്ട്രീയത്തിലെ പ്രൊഫഷണൽവൽക്കരണം അതിൽ തന്നെ ഒരു കുലീനവിഭാഗത്തെ സൃഷ്ടിച്ചു. അവരുടെ ഉയർച്ചയും സ്വാധീനവും വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങളും നടപടികളും പുതുക്കപ്പെട്ടുവെന്നു മാത്രം. പാർട്ടികൾ വളരുകയും ശക്തമാകുകയും ചെയ്യുന്നതിനൊത്ത് തന്നെ പ്രൊഫഷണൽ പാർട്ടി കുലീനവർഗ്ഗത്തിൻ്റെ മേധാവിത്വവും ശക്തമാകുന്നുണ്ട്. അവരുടെ ശക്തിയുടെ അടയാളമെന്നത് എത്രമാത്രം ബഹുജനങ്ങളെ തനിക്കു ചുറ്റും നിർത്താൻ കഴിയും എന്നതിനെ ആശ്രയിച്ചാണ്. ജനപിന്തുണയാണ് പാർട്ടി നേതൃമേധാവിത്വത്തിൻ്റെ ശക്തികേന്ദ്രം. അറ്റ്ലാൻ്റിക് വിപ്ലവങ്ങൾക്കു ശേഷമുള്ള കാലത്തെ പാർട്ടി പ്രവർത്തനത്തിൽ വന്ന പ്രകടമായ മാറ്റമിതാണ്.
പാർട്ടികളുടെ സാമൂഹികവൽക്കരണം ജനങ്ങളെ രാഷ്ട്രീയത്തിൽ പങ്കാളികളാക്കി. എന്നാൽ ആ പങ്കാളിത്തം പാർട്ടികളുടെ തീരുമാനമെടുക്കൽ സംവിധാനങ്ങളിൽ തുല്യമായ അധികാരമായി പരിണമിച്ചില്ല. ജനകീയ പിന്തുണയുടെ വ്യാപനം പാർട്ടി നേതൃത്വത്തിന്റെ അധികാരത്തിനുള്ള പുതിയ അടിത്തറയായി മാറി.

19-ാം നൂറ്റാണ്ടിൽ ഒരു വശത്ത് വോട്ടവകാശ വിപുലീകരണവും പാർട്ടി- സമൂഹ ബന്ധത്തിൻ്റെ വ്യാപനവും വഴി ബാഹ്യമായി രാഷ്ട്രീയത്തിൻ്റെ ജനാധിപത്യവൽക്കരണം പുരോഗമിക്കുന്നു. എന്നാൽ ഇതിനു സമാന്തരമായി നേർവിപരീത ദിശയിൽ പാർട്ടിയിലെ നേതൃമേധാവിത്വവും പ്രൊഫഷണൽ രാഷ്ട്രീയ കുലീനവർഗ്ഗ നിർമ്മിതിയും കൂടി മുന്നേറുന്നുണ്ട്. ഇത് പ്രകടമാകുന്നത് പാർലമെൻ്റ് പ്രാതിനിധ്യം പ്രൊഫഷണൽ രാഷ്ട്രീയ വർഗ്ഗത്തിൻ്റെ സ്ഥിരം താവളമായി ഉറപ്പിക്കുന്നതിലൂടെയാണ്.
രാഷ്ട്രീയ പ്രൊഫഷണൽവൽക്കരണം എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്, ചില വ്യക്തികൾ സ്ഥിരമായി അധികാരസ്ഥാനങ്ങളിൽ നിലകൊള്ളുകയും, അവർ രാഷ്ട്രീയ സംഘടന, തെരഞ്ഞെടുപ്പ് സംഘാടനം, സാമ്പത്തിക സമാഹരണം, തീരുമാനമെടുക്കൽ എന്നിവ നിയന്ത്രിക്കുകയും, അതിലൂടെ മറ്റുള്ളവരുടെ രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവസരങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ്. ഇത് “പ്രൊഫഷണൽ” എന്നതിന്റെ സാധാരണ അർത്ഥത്തിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ പ്രധാനം വേതനമല്ല; സ്ഥിരമായ അധികാര നില, സംഘടനാ നിയന്ത്രണം, പങ്കാളിത്തത്തിനുള്ള അവസരത്തിന്റെ പരിമിതി എന്നിവയാണ്.
19-ാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ ഉയർന്നു വരുന്ന തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങൾ സമൂഹത്തിലും പാർട്ടിയിലും പാർലമെൻ്റിലും സമൂഹത്തിലും എന്തെന്തു സ്വാധീനം ചെലുത്തി എന്നതാണ് ഈ അന്വേഷണത്തിൻ്റെ അടുത്ത ഘട്ടം.
(തുടരും).
