കണക്കുകൾ വെച്ച് തന്നെ നേരിടണം ഈ നുണക്കഥയെ

സംഘ പരിവാർ, ബി.ജെ.പി, പാർലമെന്ററി പൊളിറ്റിക്സിൽ സ്ഥിരമായി തോറ്റു പോകുകയും പൂജ്യം മാർക്ക് വാങ്ങുകയും ചെയ്യുന്ന ഒരൊറ്റ സംസ്ഥാനമേ ഇന്ത്യയിലുള്ളൂ. അത് കേരളമാണ്. വർഷങ്ങളായി ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പയറ്റിയിട്ടും തോറ്റു പോയൊരു തെരഞ്ഞെടുപ്പ് വിഷയം. അതവരെ കുറച്ചൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അവരിവിടെ ഏത് വർഗ്ഗീയക്കളിയും കളിക്കും. എന്ത് പ്രകോപനവും സൃഷ്ടിക്കും.

അതുകൊണ്ടാണ് നുണകൾ കൊണ്ട് മാത്രം സ്ക്രിപ്റ്റ് ചെയ്ത ഒരു നിർമ്മാണത്തെ സിനിമയെന്ന പേരിൽ അവർ പുറത്തിറക്കാൻ പോകുന്നത്. The film is Inspired by many true stories എന്ന് ട്രെയിലറിൽ എഴുതിവെച്ച് നുണകൾ അടുക്കി വെച്ച് അതിന് The Kerala Story എന്ന പേരിട്ടിരിക്കുന്നത്.

ഈ നിർമ്മാണത്തെക്കുറിച്ച് ദ പ്രിന്റ്, എ.എൻ.ഐ ന്യൂസ് ഏജൻസിയുടെ ഒരു ഓട്ടോ ജനറേറ്റഡ് സ്റ്റോറി 2022 മാർച്ച് 22 ന് പബ്ലിഷ് ചെയ്തിട്ടുണ്ട്. സംവിധായകൻ സുദിപ്തോ സെന്നിന്റേയും നിർമാതാവ് വിപുൽ അമ്രുതൽ ഷായുടേയും ബൈറ്റുകൾ ചേർത്ത്. അതിൽ സുദീപ്തോ പറയുന്നു,

“As per a recent investigation, since 2009 – nearly 32,000 girls from Kerala and Mangalore from Hindu and Christian communities have been converted to Islam and most of them end up landing in Syria, Afghanistan, and other ISIS and Haqqani influential areas!

ഫാക്റ്റ് ചെക്കിക്ക് വെബ് സൈറ്റായ ആൾട്ട് ന്യൂസ്, ദ കേരള സ്റ്റോറി പ്രോഡക്റ്റിനെക്കുറിച്ച് വിശദമായ ഫാക്റ്റ് ചെക്കിങ്ങ് ആർട്ടിക്കിൾ പബ്ലിഷ് ചെയ്തിട്ടുണ്ട്.

32,000 പെൺകുട്ടികൾ കേരളത്തിൽ നിന്ന് അടിമകളായി isis ൽ ചേർന്നു എന്ന് സംവിധായകൻ അവകാശപ്പെടുകയും വ്യാപകവും വൈകാരികവുമായി പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അതിന് തെളിവായി, അതിനെ സാധൂകരിക്കുന്ന ഒരൊറ്റ രേഖപോലും ഇല്ല.

കേരളത്തിലേതു പോലല്ല, സ്വാധീനശേഷിയുള്ള എത്രയോ എത്രയോ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് ISIS, 3200, KERALA STORY, SOLD AS ISLAM SLAVES തുടങ്ങിയ ക്യാപ്ഷനുകളും ഹാഷ് ടാഗുകളുമിട്ട് ഈ പ്രൊപ്പഗാൻ്റ പ്രോഡക്റ്റിന്റെ ട്രെയിലർ ഉത്തരേന്ത്യയിൽ വ്യാപകമായി ഷെയർ ചെയ്യുന്നത്.

നമ്മുടെ മുഖ്യമന്ത്രിമാരായിരുന്ന വി.എസ്.അച്ചുതാനന്ദനേയും ഉമ്മൻ ചാണ്ടിയേയും ബ്ലൈൻ്റായി തെറ്റായി ഉദ്ധരിച്ചിരിക്കുകയാണ്. സമയം വേറെയാണ് കാലം വേറെയാണ്, സന്ദർഭവും രാഷ്ട്രീയവും വേറെയാണ്, പരമ നുണയാണ്.

സംവിധായകൻ സുദീപ് തോ സെന്നിൻ്റെ ഇതിനകം പലപ്പോഴായി പ്രസിദ്ധീകരിച്ച നിരവധി ഇൻ്റർവ്യൂകളും ആൾട്ട് ന്യൂസ് നേരിട്ട് സംസാരിച്ചതിൻ്റെ വിശദാംശങ്ങളും ലേഖനത്തിലുണ്ട്. സംവിധായകൻ 2018 ൽ 52- മിനുട്ടുള്ള ഒരു ഡോക്യുമെൻററി എടുത്തിട്ടുണ്ട്. In the name of love എന്നാണ് ആ പ്രോഡക്റ്റിന്റെ പേര്. അതിലും ഈ ഇസ്ലാമിലേക്ക് മതം മാറിയ 32,000 പെൺകുട്ടികളുടെ കഥ പറയുന്നുണ്ട്. As per a recent report എന്ന് പറഞ്ഞാണ് കേരളത്തിൽ നിന്ന് 17,000 വും മാംഗ്ളൂരിൽ നിന്ന് 15000 വും ഹിന്ദു- ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇസ്ലാമിലേക്ക് മാറി സിറിയയിലും അഫ്ഗാനിസ്ഥാനിലും മറ്റ് ISIS - താലിബാൻ സ്വാധീന മേഖലയിലും എത്തിയത് എന്നാണ് വാദം. അടുത്ത് പുറത്തിറങ്ങിയ ആ റിപ്പോർട്ട് ഏതാണ് എന്ന് ആൾട്ട് ന്യൂസ്, സംവിധായകനോട് ചോദിച്ചിട്ടുണ്ട്. കിട്ടുമോ എന്നറിയില്ല. കിട്ടിയാൽ ആൾട്ട് ന്യൂസ് അപ്ഡേറ്റ് ചെയ്യും. ആ രേഖകൾക്കായി നമുക്ക് കാത്തിരിക്കാം.

Islamic state in India's Kerala : A Primer എന്ന പേരിൽ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ 2019 ൽ ഒരു പേപ്പർ പബ്ലീഷ് ചെയ്തിട്ടുണ്ട്..

അതിൽ പറയുന്ന പ്രകാരം 2014 മുതൽ 18 വരെയുള്ള കാലത്ത് ISIS മായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായിട്ടുള്ള കേസുകൾ വെറും 180 -നും 200 നും ഇടയ്ക്കാണ്. ഇന്റർനെറ്റ് വഴി ആശയ പ്രചാരണം നടത്തിയവരും പശ്ചിമേഷ്യയിൽ പോകാൻ ശ്രമിച്ചവരും കൂടി ഉൾപ്പെട്ട കണക്കാണിത്. ഇന്ത്യൻ ആഭ്യന്തരവകുപ്പിന്റെ കണക്ക് 155 ഉം.

ഒ ആർ. ഫൗണ്ടേഷൻ പേപ്പറിന്റെ കോ- ഓതറായ മുഹമ്മദ് സിനാൻ സിയെച്ച് ആൾട്ട് ന്യൂസിനോട് പറഞ്ഞത്, 110 രാജ്യങ്ങളിൽ നിന്നായി ISIS ൽ ചേർന്നിട്ടുള്ളത് 40,000 പേരാണെന്നാണ്. യൂറോപ്യൻ യൂണിയനിൽ നിന്നും റഷ്യയിൽ നിന്നും സൗദിയിൽ നിന്നുമാണ് ഭൂരിപക്ഷവും. ഇന്ത്യൻ സർക്കാരിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ നിന്ന് ISIS ൽ പോയിട്ടുള്ളത് 100-നും 200 നും ഇടയ്ക്ക് ആളുകളാണ്. അതിൽ കേരത്തിൽ നിന്നുള്ള സഭാവന 20-25% .

അവിടെയാണ് 32,000 ത്തിന്റെ കൊടുംനുണ പ്രൊപ്പഗേറ്റ് ചെയ്യുന്ന നിർമിതിയുമായി ഒരാൾ രംഗപ്രവേശം ചെയ്യുകയും അതിന് വ്യാപകമായ പ്രചാരം കിട്ടുകയും ചെയ്യുന്നത്. സെൻസർഷിപ്പ് കിട്ടിയ സിനിമ എന്ന് അതിന്റെ സംഘപരിവാർ പ്രചാരകർ ആഘോഷിക്കുമ്പോൾ നുണകളും വ്യാജ പ്രചാരണങ്ങളും ഔദ്യോഗികമാക്കി മാറ്റാനുള്ള സംവിധാനങ്ങൾ എല്ലാ സ്ഥാപനങ്ങളിലും അവരെന്നേ ഒരുക്കിവെച്ചു കഴിഞ്ഞുവെന്ന് നമ്മളോർക്കണം. ഇത് കലയുടേയോ സിനിമയുടേയോ ആവിഷ്കാര പരിധിയിലല്ല വരുന്നത് എന്ന് പറയുമ്പോൾ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് കാണിച്ചവർ ചിരിക്കും.

വസ്തുതാ വിരുദ്ധമായ ഒരു പ്രചാരണായുധം, സിനിമാ ഫോർമാറ്റിന്റെ എല്ലാ രൂപഭാവങ്ങളോടും കൂടി അവതരിപ്പിക്കപ്പെടുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അളവുകോൽ വെച്ചത് നിരോധിക്കാൻ ആവശ്യപ്പെടാനാവില്ല എന്ന് അവർക്കറിയാം. എവിടെപ്പോയി നിങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യ വാദങ്ങൾ എന്ന് തിരിച്ച് ചോദിക്കുകയാണവർ ചെയ്യുക.

അതുകൊണ്ട് നമ്മൾ നിരന്തരം ഫാക്റ്റ് ചെക്ക് നടത്തുകയും അത് പ്രചരിപ്പിക്കയും ചെയ്യേണ്ടതുണ്ട്. കേരളത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളെ സർക്കാർ ആ രീതിയിൽ നേരിടണം.

കർണാകടയിലും കേരളത്തിലും വിറ്റുപോകാൻ ശേഷിയുള്ള വർഗ്ഗീയ പ്രോഡക്റ്റാണത്. തെരഞ്ഞെടുപ്പ് പ്രചരണായുധം.

വടക്കേ ഇന്ത്യയെ മുഴുവൻ വർഗ്ഗീയമായും വൈകാരികമായും കേരളത്തിനെതിരെ തിരിക്കാൻ ശേഷിയുള്ള ഒന്ന്. തിയറ്ററുകൾ വഴി മാത്രമല്ല, സോഷ്യൻ മീഡിയ വഴി ഇതിന്റെ കട്ട് വിഷ്വൽസ് യാഥാർത്ഥ്യമെന്ന വ്യാജേന പ്രചരിപ്പിക്കും. സിനിമയുടെ ടീസറിൽ നിന്നുള്ള ഭാഗങ്ങൾ പ്രചരിപ്പിച്ചത് അങ്ങനെയായിരുന്നു.

ഇരുതലമൂർച്ചയുള്ളത്. രാഷ്ട്രീയം പറയാൻ ശേഷിയില്ലാത്തവരുടെ നെറിയില്ലാത്ത കളി. കേരളത്തിലെ സംഘപരിവാർ സംഘടനകൾ മാത്രമല്ല, ഇവിടെ ലൗജിഹാദുണ്ടെന്ന് വ്യാജമായി പ്രചരിപ്പിക്കുന്ന, സംഘ പരിവാറിന്റെ പുത്തൻ ചങ്ങാതിമാരായ ക്രിസ്ത്യൻ പുരോഹിതരും സമുദായനേതാക്കളും ഇതിനെ പ്രചരിപ്പിക്കുമെന്നുറപ്പ്.

സാധ്യമായ എല്ലാ വഴികളിലൂടെയും പ്രതിരോധിക്കേണ്ടതുണ്ട്. കേരളത്തെ അങ്ങനെയങ്ങ് തോൽപിക്കാനാവില്ല എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്.

വസ്തുതകളും കണക്കുകളും വെച്ച് തന്നെ പ്രതിരോധിക്കാം.

Comments