ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 2, അധ്യായം മൂന്ന്
▮
ലിബറൽ രാഷ്ട്രീയതത്വചിന്തയുടെ മർമ്മസ്ഥാനമായ ‘സ്വതന്ത്ര വ്യക്തി’ എന്ന പരികല്പനയും അമേരിക്കൻ ഭൂമികൾക്കുമേൽ 17-ാം നൂറ്റാണ്ടിലുണ്ടായ ഇംഗ്ലീഷ് അധിനിവേശവും തമ്മിലുള്ള ബന്ധം കഴിഞ്ഞ അധ്യായത്തിൽ ചർച്ച ചെയ്തതാണ്. സ്വതന്ത്ര വ്യക്തികൾ പരസ്പരം ഐക്യപ്പെട്ട് രൂപീകരിക്കുന്ന ലിബറൽ രാഷ്ട്രീയഘടനയിൽ വിഭാഗീയതകൾ പ്രസക്തമല്ലാത്തതിനാൽ, ലിബറൽ ഭരണഘടനയിലേക്ക് 20-ാം നൂറ്റാണ്ടിൻ്റെ മധ്യം വരെ രാഷ്ട്രീയപ്പാർട്ടികൾ ഉൾച്ചേർന്നില്ലെന്നും നാം കണ്ടു. എങ്കിലും പാർട്ടികൾ ലിബറൽ ഡെമോക്രസിയിൽ അവിഭാജ്യഘടകങ്ങളായി മാറിയെന്നു മാത്രമല്ല, ഇന്നു മിക്കവാറും രാജ്യങ്ങളിൽ സ്വതന്ത്ര വ്യക്തിയുടെ മൗലികാവകാശങ്ങൾക്ക് പലപ്പോഴും വിലങ്ങുതടിയായി നിൽക്കുകയും ചെയ്യുന്നു അവ.
ഈ സാഹചര്യത്തിൽ ‘സ്വതന്ത്ര വ്യക്തി’ എന്ന രാഷ്ട്രീയ പരികല്പനയെ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കേണ്ടതുണ്ടെന്നു തോന്നുന്നു. അതിലൂടെ ജനായത്തപ്രക്രിയയിൽ പാർട്ടികൾ അനിവാര്യഘടകങ്ങളായി നിൽക്കുന്നതിൻ്റെ താത്വികാടിത്തറയിലേക്കു നമുക്കു പോകാൻ കഴിയും.
സ്ഥാപനങ്ങളിലൂടെ വളരുന്ന
സ്വാതന്ത്ര്യം
അമേരിക്കയിലെ ഇംഗ്ലീഷ് അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ, തദ്ദേശീയ ഭൂമികളിൽ അധികാരം സ്ഥാപിക്കാൻ ഇംഗ്ലീഷ് രാജാവ് വ്യക്തികൾക്ക് നേരിട്ട് നൽകിയ അനുമതിയല്ല പ്രധാനമായും പ്രവർത്തിച്ചത്; രാജകീയ ചാർട്ടറുകളിലൂടെ രൂപീകരിക്കപ്പെട്ട ജോയ്ൻ്റ് സ്റ്റോക് കമ്പനികൾക്കാണ് കോളനിവൽക്കരണത്തിനുള്ള നിയമപരമായ അധികാരം നൽകപ്പെട്ടത്. അക്കാലത്ത് വെർജീനിയ (1606), പ്ലിമത്ത് (106), ന്യൂഫൗണ്ട്ലാൻ്റ് (1610) എന്നിങ്ങനെ പേരുള്ള ജോയിൻ്റ് സ്റ്റോക് കമ്പനികൾ ഭൂമി കൈവശപ്പെടുത്തൽ, കുടിയേറ്റം, നിയമനിർമ്മാണം, ഭരണം, പ്ലാൻ്റേഷൻ, വാണിജ്യം എന്നിവയെ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങളായി പ്രവർത്തിച്ചു (Heather Whiteside, Proprietary Settler Colonialism and the Making of North America).
വടക്കേ അമേരിക്കയിലെ ചില തദ്ദേശീയ സമൂഹങ്ങളെ കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, അവരിൽ വ്യക്തിയുടെ സ്വയംഭരണം സാമൂഹികവും സ്ഥാപനപരവുമായ ബന്ധങ്ങൾക്കുള്ളിൽ രൂപപ്പെട്ടിരുന്നു എന്നാണ്.
ഈ കോളനികളിലേക്ക് എത്തിയ ഇംഗ്ലീഷുകാരും ഒറ്റപ്പെട്ട വ്യക്തികളായിരുന്നില്ല. കുടുംബങ്ങൾ, മതസമുദായങ്ങൾ, വാണിജ്യസംഘങ്ങൾ, പ്രാദേശിക സമൂഹങ്ങൾ, കമ്പനികൾ, പിന്നീട് കൊളോണിയൽ അസംബ്ലികൾ തുടങ്ങിയ സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും ഭാഗമായി തന്നെയാണ് അവർ സാമ്പത്തികവും രാഷ്ട്രീയവുമായ പുതിയ ജീവിതം കരുപ്പിടിപ്പിച്ചത്. രാജകീയ ചാർട്ടറുകൾ അവർക്ക് നിയമപരമായ അവകാശങ്ങളും അധികാരങ്ങളും നൽകി; ഇംഗ്ലീഷ് നിയമപരമ്പര അവകാശങ്ങളുടെയും സ്വത്തുടമസ്ഥതയുടെയും ഭാഷ നൽകി; മതസമുദായങ്ങളും കുടുംബവും സാമൂഹിക സഹകരണത്തിന്റെ ഘടനകൾ സൃഷ്ടിച്ചു; പ്രാദേശിക രാഷ്ട്രീയ സ്ഥാപനങ്ങൾ സ്വയംഭരണത്തിന്റെ അനുഭവം കൊടുത്തു.
അതുകൊണ്ട് അമേരിക്കയിലെ ഇംഗ്ലീഷ് ‘സ്വതന്ത്ര വ്യക്തി’ എന്ന ഏകകത്തെ ഈ സ്ഥാപനങ്ങൾക്കു മുമ്പേ നിലനിന്നിരുന്ന സമ്പൂർണ്ണവും സ്വതന്ത്രവുമായ ഒരു യാഥാർത്ഥ്യമായി സങ്കൽപ്പിക്കുക ചരിത്രപരമായി പ്രയാസമാണ്. മറിച്ച്, ആ വ്യക്തി പരസ്പരം കൂടിക്കലരുന്ന പലവിധ സാമൂഹിക സ്ഥാപനങ്ങളുടെ ലോകത്തിനുള്ളിൽ നിർമ്മിതമായ രാഷ്ട്രീയ വ്യക്തിയായിരുന്നു. ആ വ്യക്തിയുടെ സ്വത്തവകാശം, നിയമപരമായ സ്ഥാനം, കൂട്ടായ പ്രവർത്തനശേഷി, പ്രതിനിധാനം, സ്വയംഭരണം എന്നിവയെല്ലാം വിവിധ സ്ഥാപനങ്ങളാൽ നിർമ്മിക്കപ്പെട്ടതും പരിപോഷിപ്പിക്കപ്പെട്ടതുമായിരുന്നു. ഈ സ്ഥാപനങ്ങളാണ് തദ്ദേശീയ ഭൂമികൾ പിടിച്ചെടുക്കുന്നതിനും അവിടെ സ്വയംഭരണം സ്ഥാപിക്കുന്നതിനും അടിമത്ത സമ്പ്രദായം കൊണ്ടുവരുന്നതിനും കൂട്ടായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനും രാജകീയ സ്വേച്ഛാധികാരത്തെ ചോദ്യം ചെയ്യുന്നതിനും കമ്പനി ഓഹരി ഉടമകളെയും പ്ലാൻ്റേഷൻ ഉടമകളെയും മറ്റും പ്രാപ്തരാക്കിയത്.

അതിനാൽ അമേരിക്കൻ സാഹചര്യത്തിലെ ‘സ്വതന്ത്ര വ്യക്തി’ എന്നത് സ്ഥാപനങ്ങൾക്ക് മുമ്പേ നിലനിന്നിരുന്ന ഒരു സ്വാഭാവിക ഏകകം എന്നതിനേക്കാൾ, സ്ഥാപനപരമായ ബന്ധങ്ങളിലൂടെ രൂപപ്പെട്ട ചരിത്രപരമായ ഒരു രാഷ്ട്രീയവ്യക്തിയായി കാണുന്നത് കൂടുതൽ യുക്തിസഹമാണ്.
അതുപോലെ, 17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് രാഷ്ട്രീയചിന്തയിൽ പ്രത്യക്ഷപ്പെടുന്ന ‘ജന്മനാ സ്വതന്ത്രനായ ഇംഗ്ലീഷുകാരൻ’ (free-born Englishman) എന്ന പരികല്പന പലതരം സാമൂഹിക സ്ഥാപനങ്ങളിലൂടെ രൂപംകൊണ്ടതായിരുന്നു. "ഇംഗ്ലീഷുകാര"ൻ്റെ സ്വാതന്ത്ര്യത്തിന്റെ അർത്ഥവും അതിന്റെ നിയമപരമായ സംരക്ഷണവും ഈ സ്വാതന്ത്ര്യം രാഷ്ട്രീയമായി പ്രയോഗിക്കാനുള്ള ശേഷിയും വിവിധ സാമൂഹിക, നിയമ, രാഷ്ട്രീയ സ്ഥാപനങ്ങളിലൂടെയാണ് വളർന്നത്.
ഇംഗ്ലീഷ് കോമൺ ലോയും കോടതികളും അയാളുടെ നിയമപരമായ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും ഭാഷ രൂപപ്പെടുത്തി; പാർലമെൻ്റ് പ്രതിനിധാനത്തിന്റെയും ഭരണാധികാരത്തെ നിയന്ത്രിക്കുന്നതിന്റെയും സ്ഥാപനപരമായ വേദി നൽകി; പ്രാദേശിക സമൂഹങ്ങളും കോർപ്പറേഷനുകളും കൂട്ടായ സ്വയംഭരണത്തിന്റെ അനുഭവം നൽകി; മതസമുദായങ്ങളും സംഘടനകളും സംഘടിത രാഷ്ട്രീയ-സാമൂഹിക പ്രവർത്തനത്തിന്റെ ശീലങ്ങൾ വളർത്തി. ആഭ്യന്തര സമരകാലത്തെ രാഷ്ട്രീയ സംഘടനകളും "ന്യൂ മോഡൽ ആർമി"യും ഈ സ്ഥാപനപരമായ ലോകത്തെ കൂടുതൽ രാഷ്ട്രീയവൽക്കരിച്ചു. ലവലർമാരുടെ പ്രസ്ഥാനങ്ങൾ "ജന്മനാ സ്വതന്ത്രനായ ഇംഗ്ലീഷുകാര"ൻ്റെ അവകാശഭാഷയിലൂടെ രാഷ്ട്രീയ സമ്മതം, പ്രതിനിധാനം, നിയമത്തിനു മുന്നിലെ തുല്യത, സ്വേച്ഛാധികാരത്തിൻ്റെ നിയന്ത്രണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചു.
അതിനാൽ ‘ജന്മനാ സ്വതന്ത്രനായ ഇംഗ്ലീഷുകാരൻ’ എന്നത് സ്ഥാപനങ്ങൾക്ക് മുമ്പേ നിലനിന്നിരുന്ന ഒരു പൂർണ്ണ സ്വതന്ത്ര വ്യക്തിയെ സൂചിപ്പിക്കുന്നതിലുപരി, ഈ സ്ഥാപനപരമായ സാമൂഹിക ലോകത്തിനുള്ളിൽ നിയമപരമായും രാഷ്ട്രീയമായും രൂപപ്പെട്ട ഒരു കർത്തൃത്വത്തെ സൂചിപ്പിക്കുന്നതായി കാണാം. അയാളുടെ സ്വാതന്ത്ര്യം സ്ഥാപനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം മാത്രമായിരുന്നില്ല; പലപ്പോഴും സ്ഥാപനങ്ങളിലൂടെ തന്നെ നിർവ്വചിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്ത സ്വാതന്ത്ര്യമായിരുന്നു.
വ്യക്തിയുടെ സ്വാതന്ത്ര്യത്തെ സർവ്വസാധാരണമായ ഒരു രാഷ്ട്രീയ തത്ത്വമായി പ്രഖ്യാപിക്കുമ്പോഴും, അതേ രാഷ്ട്രീയ-സാമ്പത്തിക ലോകത്തിനുള്ളിൽ കോളനി ജനതയുടെയും അടിമകളുടെയും തൊഴിലാളികളുടെയും സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ടിരുന്നു.
1947-ൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയത്, ഓരോ ഇന്ത്യക്കാരനും ഒറ്റപ്പെട്ട വ്യക്തി എന്ന നിലയിൽ നടത്തിയ വ്യക്തിഗത പ്രതിരോധങ്ങളിലൂടെയല്ലല്ലോ. മറിച്ച്, വിവിധ സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ, അവയിലൂടെ രൂപപ്പെട്ട രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിരോധം ദശകങ്ങളായി ശക്തിപ്പെട്ടത്. ആദിവാസി സമൂഹങ്ങളുടെ, തുടക്കം മുതലുള്ള പ്രാദേശികവും ഗോത്രപരവുമായ ചെറുത്തുനില്പുകളിൽ തുടങ്ങി കർഷക- തൊഴിലാളി സംഘടനകൾ, സാമൂഹിക സംഘങ്ങൾ, രാഷ്ട്രീയ കൂട്ടായ്മകൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോലുള്ള ദേശീയ രാഷ്ട്രീയവേദികൾ, വിവിധ വിപ്ലവപ്രസ്ഥാനങ്ങൾ എന്നിങ്ങനെ പഴയതും പുതിയതുമായ സാമൂഹിക സ്ഥാപനങ്ങൾ സ്വാതന്ത്ര്യത്തിനായുള്ള രാഷ്ട്രീയ പ്രതിരോധത്തിന്റെ വ്യത്യസ്ത രൂപങ്ങളായിരുന്നു. ഈ പ്രസ്ഥാനങ്ങളിൽ അണിനിരന്നതിലൂടെയാണ് അവകാശങ്ങൾ ഉന്നയിക്കാനും അധികാരത്തെ ചോദ്യം ചെയ്യാനും കൂട്ടായ രാഷ്ട്രീയ ആവശ്യങ്ങൾ മുന്നോട്ടു വെയ്ക്കാനും കഴിയുന്ന ഇന്ത്യൻ വ്യക്തികളുടെ രാഷ്ട്രീയ കർത്തൃത്വം വികസിക്കുന്നത്.
വടക്കേ അമേരിക്കയിലെ ചില തദ്ദേശീയ സമൂഹങ്ങളെ കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, അവരിൽ വ്യക്തിയുടെ സ്വയംഭരണം (autonomy) സാമൂഹികവും സ്ഥാപനപരവുമായ ബന്ധങ്ങൾക്കുള്ളിൽ രൂപപ്പെട്ടിരുന്നു എന്നാണ്. ബന്ധുത്വ വ്യവസ്ഥകൾ, കുലസംഘടനകൾ, കുടുംബങ്ങൾ, കൗൺസിലുകൾ, മതപരമായ കൂട്ടായ്മകൾ, ആചാരാധിഷ്ഠിത നിയമവ്യവസ്ഥകൾ തുടങ്ങിയ സ്ഥാപനങ്ങൾ വ്യക്തികൾക്കും പ്രാദേശിക സമൂഹങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷിയും സാമൂഹിക ഇടവും നൽകുന്ന ഘടനകളായി പ്രവർത്തിച്ചിരുന്നു. (David E. Wilkins, Indigenous Governance: Clans, Constitutions, and Consent)
ജന്മനാ സ്വതന്ത്രനായ ഇംഗ്ലീഷുകാരൻ, അമേരിക്കൻ കുടിയേറ്റ വ്യക്തിയുടെ സ്വാതന്ത്ര്യം, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രാഷ്ട്രീയ കർത്തൃത്വം, വടക്കേ അമേരിക്കയിലെ ചില തദ്ദേശീയ സമൂഹങ്ങളിലെ സ്വയംഭരണം എന്നിവയെ പറ്റിയുള്ള ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്, വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വയംഭരണശേഷിയും സാമൂഹിക സ്ഥാപനങ്ങളിൽനിന്ന് സ്വതന്ത്രമായി നിലനിൽക്കുന്നവയാണെന്ന് നിർബന്ധമായും കരുതേണ്ടതില്ല എന്നതാണ്. മറിച്ച്, രാഷ്ട്രീയമായി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷി പലപ്പോഴും വ്യക്തി നേടുന്നത് സ്ഥാപനപരമായ ബന്ധങ്ങളിലൂടെയാണ്.
എന്നാൽ, 17-ാം നൂറ്റാണ്ടിൽ രൂപംകൊണ്ട ക്ലാസിക്കൽ ലിബറൽ രാഷ്ട്രീയചിന്ത, പ്രത്യേകിച്ച് ജോൺ ലോക്കിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഈ ചരിത്രപരമായ ബന്ധത്തെ ഒരു പ്രത്യേക രീതിയിൽ പുനർനിർവ്വചിച്ചു. ലോക്ക് തുടക്കത്തിൽ തന്നെ വ്യക്തികളെ സ്വതന്ത്രരും തുല്യ അവകാശങ്ങളുള്ളവരുമായി സങ്കൽപ്പിക്കുന്നു; രാഷ്ട്രീയ അധികാരത്തിന്റെ നിയമസാധുത അവരുടെ സമ്മതത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുവഴി വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും രാഷ്ട്രീയ സമൂഹത്തിന്റെ രൂപീകരണത്തിന് മുമ്പേ നിലനിൽക്കുന്ന ഒരു അടിസ്ഥാന മാനദണ്ഡമായി അവതരിപ്പിക്കപ്പെടുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ടത് ലോക്ക് സാമൂഹികബന്ധങ്ങളെയോ കുടുംബത്തെയോ സ്ഥാപനങ്ങളെയോ പൂർണ്ണമായി നിഷേധിച്ചു എന്നല്ല. മറിച്ച്, രാഷ്ട്രീയ അധികാരത്തിന്റെ അന്തിമ ന്യായീകരണത്തെ വ്യക്തിയുടെ സ്വാഭാവിക സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും സമ്മതത്തിലുമാണ് അദ്ദേഹം സ്ഥാപിക്കുന്നത്. അതിനാൽ വ്യക്തിയുടെ രാഷ്ട്രീയശേഷിയെ രൂപപ്പെടുത്തുന്ന സാമൂഹിക- സ്ഥാപനപരമായ ബന്ധങ്ങളേക്കാൾ, രാഷ്ട്രീയ സമൂഹത്തിന്റെ നൈതിക അടിത്തറയായി സ്വതന്ത്രരും തുല്യരുമായ വ്യക്തികളെ അവതരിപ്പിക്കുന്ന ഒരു സൈദ്ധാന്തിക പരികല്പനയ്ക്കാണ് ലോക്കിന്റെ രാഷ്ട്രീയചിന്തയിൽ കൂടുതൽ പ്രാധാന്യം.
ജോൺ ലോക്കിന്റെ ലിബറൽ രാഷ്ട്രീയചിന്ത ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥാപനാധികാരങ്ങളെ ചോദ്യം ചെയ്യുന്ന സൈദ്ധാന്തിക ഘടന വികസിപ്പിക്കുന്നുണ്ട്.
ഒരു വശത്ത്, അമേരിക്കൻ ഭൂമികളിൽ തദ്ദേശീയ സമൂഹങ്ങളുടെ ഭൂമിയുമായും സാമൂഹികജീവിതവുമായും ബന്ധപ്പെട്ട അവകാശങ്ങളെ അദ്ദേഹം വ്യക്തിയുടെ അധ്വാനം, കാർഷിക മെച്ചപ്പെടുത്തൽ, സ്വത്തുടമസ്ഥത എന്നീ മാനദണ്ഡങ്ങളുടെ വെളിച്ചത്തിൽ നിഷേധിക്കുന്നു. മറുവശത്ത്, ഇംഗ്ലണ്ടിലെ രാജാവിന്റെ സ്വേച്ഛാധികാരത്തെ വ്യക്തിയുടെ ആജന്മ സ്വാതന്ത്ര്യം, തുല്യത, രാഷ്ട്രീയ സമ്മതം എന്നിവയുടെ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തുന്നു.
അതേസമയം, ഇംഗ്ലണ്ടിലും അമേരിക്കയിലും വ്യക്തിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളുടെ പങ്കിന് ലോക്കിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിൽ അതേ പ്രാധാന്യം ലഭിക്കുന്നില്ല. പൊതു നിയമം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, മതസമുദായങ്ങൾ, കുടുംബം, ജോയ്ൻ്റ് സ്റ്റോക് കമ്പനി, കോളനി ജനസഭ തുടങ്ങിയ സ്ഥാപനങ്ങൾ വ്യക്തിയുടെ നിയമപരവും സാമൂഹികവും രാഷ്ട്രീയവുമായ ശേഷികളെ ചരിത്രപരമായി രൂപപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും, രാഷ്ട്രീയ അധികാരത്തിന്റെ നൈതിക അടിത്തറ വിശദീകരിക്കുമ്പോൾ ലോക്ക് സ്വതന്ത്രനും തുല്യനുമായ വ്യക്തിയെ മുൻസ്ഥാനത്ത് സ്ഥാപിക്കുന്നു.
'സ്വതന്ത്രരും തുല്യരുമായ വ്യക്തികൾ’ എന്ന ലിബറൽ പരികല്പന ക്രമേണ ചരിത്രപരവും സാമൂഹികവുമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടു. സ്വാതന്ത്ര്യം വ്യക്തിക്ക് മുൻകൂട്ടി ലഭിച്ച ഒരു സ്വാഭാവിക അവകാശം മാത്രമാണോ? അതോ, സ്വാതന്ത്ര്യത്തിൻ്റെ പ്രയോഗത്തിന് അനുയോജ്യമായ സാമൂഹികവും സ്ഥാപനപരവുമായ സാഹചര്യങ്ങൾ അനിവാര്യമാണോ?
ഇവിടെ ക്ലാസ്സിക്കൽ ലിബറലിസം പ്രധാനമായും വ്യക്തിസ്വാതന്ത്ര്യത്തെ കാണുന്നത് സ്വേച്ഛാധികാര സ്ഥാപനങ്ങളിൽ നിന്നുള്ള മോചനവും സംരക്ഷണവും എന്ന നിലയിലാണ്. എന്നാൽ വ്യക്തിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ ശേഷി നൽകുന്ന സാമൂഹിക സ്ഥാപനങ്ങളുടെ പങ്ക് അത്രത്തോളം സൈദ്ധാന്തിക പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല. അതിനാൽ, ചരിത്രപരമായി സ്ഥാപനങ്ങളിലൂടെ രൂപപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയുടെ സ്വാതന്ത്ര്യം, വ്യക്തിയിൽ സ്വാഭാവികമായി മുൻകൂട്ടി നിലനിൽക്കുന്ന ഒരു അവകാശമോ ശേഷിയോ ആയി മാത്രം പ്രത്യക്ഷപ്പെടുന്നു.
സോഷ്യൽ ലിബറലിസത്തിലേക്ക്
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ലോക്കിന്റെ രാഷ്ട്രീയചിന്തയിൽ സ്വാതന്ത്ര്യത്തിന്റെ പ്രധാന അർത്ഥം വ്യക്തിയുടെ മേൽ മറ്റൊരാളുടെ സ്വേച്ഛാധികാരം പ്രയോഗിക്കാതിരിക്കലാണ്. എന്നാൽ വ്യക്തിക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും രാഷ്ട്രീയമായി ഇടപെടാനും ആവശ്യമായ കഴിവുകൾ കുടുംബം, വിദ്യാഭ്യാസം, മത-സമുദായങ്ങൾ, പ്രാദേശിക സംവിധാനങ്ങൾ, രാഷ്ട്രീയ സംഘടനകൾ, നിയമസംഹിതകൾ തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളിലൂടെ ചരിത്രപരമായി വികസിക്കുന്നു എന്ന വസ്തുത ലോക്കിൻ്റെ രാഷ്ട്രീയ ചിന്തയുടെ കേന്ദ്രത്തിൽ വരുന്നില്ല. ക്ലാസിക്കൽ ലിബറലിസം മിക്കവാറും നെഗറ്റീവ് ലിബർട്ടിയിൽ (സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ നിന്നുള്ള വ്യക്തിയുടെ മോചനം) ഊന്നുന്നുവെന്നും എന്നാൽ, സ്വാതന്ത്ര്യമെന്നതിന് പോസിറ്റീവ് ലിബർട്ടി (വ്യക്തിയിൽ സ്ഥാപനങ്ങളാൽ സാധ്യമാക്കപ്പെടുന്നതും പരിപോഷിപ്പിക്കപ്പെടുന്നതുമായ സ്വാതന്ത്ര്യം) എന്ന മറ്റൊരു തലം കൂടി പ്രധാനമാണെന്നു സഫിറോവ്‌സ്കി പറയുന്നു (Milan Zafirovski, “Liberal Society and Modernity: Ideals and Institutions of Liberalism”).
17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നിന്ന് 19-ാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ ക്ലാസിക്കൽ ലിബറൽ രാഷ്ട്രീയചിന്തയ്ക്ക് അതിന്റെ സ്വാതന്ത്ര്യ സങ്കല്പത്തിനുള്ള പരിമിതികളെ വെളിപ്പെടുത്തുന്ന ചില യാഥാർത്ഥ്യങ്ങളെ തടയാനാവാതെ വന്നു. യൂറോപ്യൻ കോളനി ആധിപത്യത്തിനെതിരായ തദ്ദേശീയരുടെ ചെറുത്തുനില്പുകൾ, ലിബറൽ രാഷ്ട്രീയാവകാശങ്ങളും അടിമത്ത വ്യവസ്ഥയും തമ്മിലുള്ള അടിസ്ഥാനപരമായ വൈരുധ്യം, വ്യവസായവൽക്കരണത്തോടൊപ്പം ഉയർന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്.
വ്യക്തിയുടെ സ്വാതന്ത്ര്യത്തെ സർവ്വസാധാരണമായ ഒരു രാഷ്ട്രീയ തത്ത്വമായി പ്രഖ്യാപിക്കുമ്പോഴും, അതേ രാഷ്ട്രീയ-സാമ്പത്തിക ലോകത്തിനുള്ളിൽ കോളനി ജനതയുടെയും അടിമകളുടെയും തൊഴിലാളികളുടെയും സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ടിരുന്നു. അതിനാൽ ‘സ്വതന്ത്ര വ്യക്തി’ എന്ന സങ്കല്പം ആരെയാണ് സ്വതന്ത്രനായി കണക്കാക്കുന്നത്, ആരെയാണ് അതിന്റെ പരിധിക്ക് പുറത്താക്കുന്നത്, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നു എന്നീ ചോദ്യങ്ങൾ ഉയർന്നു.
ഇവിടെ പ്രശ്നം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റൊരു വ്യക്തിയുടെ അടിമത്തമായി മാറുന്നു എന്നതല്ല. മറിച്ച്, വ്യക്തിസ്വാതന്ത്ര്യം പ്രയോഗിക്കപ്പെടുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധങ്ങൾ അസമമായിരിക്കുമ്പോൾ, ഒരാളുടെ സ്വാതന്ത്ര്യവും മറ്റൊരാളുടെ അസ്വാതന്ത്ര്യവും ഒരേ സ്ഥാപനപരമായ ക്രമത്തിനുള്ളിൽ തന്നെ നിലകൊള്ളുന്നു എന്ന വൈപരീത്യമാണ് പുറത്തുവന്നത്. കോളനിവൽക്കരണം, അടിമത്ത വ്യവസ്ഥ, വ്യവസായ തൊഴിലാളികളുടെ ആശ്രിതത്വം എന്നിവ ഈ വൈരുദ്ധ്യത്തെ വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിൽ പ്രകടമാക്കി.

അതിനാൽ 'സ്വതന്ത്രരും തുല്യരുമായ വ്യക്തികൾ’ എന്ന ലിബറൽ പരികല്പന ക്രമേണ ചരിത്രപരവും സാമൂഹികവുമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടു. സ്വാതന്ത്ര്യം വ്യക്തിക്ക് മുൻകൂട്ടി ലഭിച്ച ഒരു സ്വാഭാവിക അവകാശം മാത്രമാണോ? അതോ, സ്വാതന്ത്ര്യത്തിൻ്റെ പ്രയോഗത്തിന് അനുയോജ്യമായ സാമൂഹികവും സ്ഥാപനപരവുമായ സാഹചര്യങ്ങൾ അനിവാര്യമാണോ? ഈ വിമർശനങ്ങളിൽ നിന്നാണ് വ്യക്തിസ്വാതന്ത്ര്യത്തെ സാമൂഹിക ബന്ധങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വേർതിരിച്ച് കാണാത്ത പുതിയ ലിബറൽ വ്യാഖ്യാനങ്ങൾ (സോഷ്യൽ ലിബറലിസം / ന്യൂ ലിബറലിസം) വികസിച്ചു വന്നത്. വ്യക്തിയുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം, ആ അവകാശങ്ങൾ പ്രയോഗിക്കാൻ ആവശ്യമായ സാമൂഹിക സാഹചര്യങ്ങൾ, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, സാമൂഹിക സുരക്ഷ, കൂട്ടായ സംഘടനകൾ, ജനായത്ത പങ്കാളിത്തം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ രാഷ്ട്രീയചിന്തയുടെ കേന്ദ്രത്തിലേക്ക് കടന്നുവന്നു.
സമൂഹത്തിൽ നിന്നും വ്യക്തിയെ വേർതിരിക്കുന്നതു വിശകലനത്തിനുള്ള സൗകര്യം മുൻനിർത്തി മാത്രമാണെന്നും, യഥാർത്ഥത്തിൽ സമൂഹത്തിൽ നിന്നും ഭിന്നമായ വ്യക്തി നിലനിൽക്കുന്നില്ലെന്നും, വ്യക്തിയെ നിർമ്മിക്കുന്നതു തന്നെ സാമൂഹിക സ്ഥാപനങ്ങളാണെന്നും പുതിയ ലിബറൽ തത്ത്വ ചിന്തയുടെ വക്താക്കളിൽ പ്രമുഖനായ ജോൺ ഡ്യൂയി (John Dewey) പറയുന്നുണ്ട്.
ക്ലാസിക്കൽ ലിബറലിസത്തിൽനിന്ന് വ്യത്യസ്തമായി, വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള ശേഷി കൈവരിക്കുന്നതിനു സാമൂഹിക സ്ഥാപനങ്ങളുടെയും കൂട്ടായ സംവിധാനങ്ങളുടെയും പിന്തുണ അനിവാര്യമാണെന്ന ആശയം മുന്നോട്ടുവയ്ക്കുന്ന നവീന ലിബറൽ രാഷ്ട്രീയചിന്തയുടെ ഉദയം; യൂറോ-അമേരിക്കൻ സമൂഹങ്ങളിൽ തൊഴിലാളിവർഗ്ഗ വോട്ടവകാശത്തിന്റെ ക്രമാനുഗതമായ വ്യാപനം; തൊഴിലാളി യൂണിയനുകളുടെ വളർച്ചയും അവയുടെ പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവും; കോളനി വാഴ്ചക്കെതിരായ ദേശീയ-സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ആഗമനം എന്നിവ 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പരസ്പരം ശക്തി പകരുന്ന ചരിത്രപ്രക്രിയകളായി കാണാം.
ഒരു വശത്ത് ലിബറലിസം സാമൂഹിക സാഹചര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രാധാന്യം അംഗീകരിക്കുന്ന ദിശയിലേക്ക് നീങ്ങിയപ്പോൾ, മറുവശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ്, പാർലമെൻ്റ് മുതലായ ലിബറൽ സ്ഥാപനങ്ങളിലേക്കും പ്രവേശിച്ചു.
പരസ്പരം ശക്തിപകരുന്ന ഈ പുതിയ രാഷ്ട്രീയ ചിന്തകൾ സാമ്രാജ്യത്വ വിപുലീകരണവുമായി ഒത്തുപോകുന്ന ക്ലാസിക്കൽ ലിബറലിസത്തിൻ്റെ വ്യക്തിസ്വാതന്ത്ര്യ പരികല്പനകളെ പുന:പരിശോധിച്ചു. ഭരണകൂടം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ബാഹ്യ ഇടപെടലിൽ നിന്ന് സംരക്ഷിക്കുക എന്നതിൽ മാത്രം വ്യക്തി സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താതെ , സ്വാതന്ത്ര്യം ആർജ്ജിക്കാൻ ആവശ്യമായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ- സ്ഥാപനപരമായ സംവിധാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ അപ്പോൾ രാഷ്ട്രീയചിന്തയുടെ കേന്ദ്രത്തിലേക്ക് കടന്നുവന്നു. തൊഴിലാളി സംഘടനകൾ, സഹകരണസംഘങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, ദേശീയപ്രസ്ഥാനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെ വ്യക്തികൾക്ക് അവരുടെ അവകാശങ്ങൾ കൂട്ടായി പ്രയോഗിക്കാനുള്ള മാർഗ്ഗങ്ങളായി പുതിയ രീതിയിൽ മനസ്സിലാക്കപ്പെടാൻ തുടങ്ങി.
ഇതോടൊപ്പം വോട്ടവകാശത്തിന്റെ വ്യാപനവും രാഷ്ട്രീയ പ്രതിനിധാനത്തിന്റെ സാമൂഹിക അടിത്തറ വികസിപ്പിച്ചു. ഇതിന്റെ ഫലമായി ലിബറൽ വ്യവസ്ഥ എന്നത് വ്യക്തിയുടെ സ്വത്തുടമസ്ഥതയെ പ്രധാനമായും സംരക്ഷിക്കുന്ന സമ്പ്രദായം എന്ന പരിമിതമായ രാഷ്ട്രീയക്രമത്തിൽ നിന്ന് വിശാലമായ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ലിബറൽ ഡെമോക്രസിയിലേക്ക് മാറി. ഒപ്പം തൊഴിലാളിവർഗ്ഗ രാഷ്ട്രീയ സംഘടനകൾ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ, പാർട്ടികൾ വെറും വിഭാഗീയ ചേരികളോ (faction) വ്യക്തിഗത താൽപര്യങ്ങളുടെ കൂട്ടായ്മകളോ എന്ന നിലയിൽ മാത്രം കാണാനാകാത്ത പുതിയ സ്ഥാപനരൂപം കൈവരിച്ചു.
ക്ലാസിക്കൽ ലിബറലിസത്തിൽ നിന്നും സോഷ്യൽ ലിബറലിസത്തിലേക്കുള്ള ചുവടുമാറ്റത്തെ, വ്യക്തിസ്വാതന്ത്ര്യം നിലനിർത്തുന്നതിനും പ്രയോഗിക്കുന്നതിനും ആവശ്യമായ സാമൂഹിക സാഹചര്യങ്ങളെയും സ്ഥാപനങ്ങളെയും ലിബറൽ രാഷ്ട്രീയചിന്തയുടെ പരിധിക്കുള്ളിൽ ഉൾപ്പെടുത്താനുള്ള ശ്രമമായി കാണാം. വ്യവസായ സമൂഹത്തിൽ ദാരിദ്ര്യം, തൊഴിലാളികളുടെ അരക്ഷിതാവസ്ഥ, അസന്തുലിത സാമൂഹികബന്ധങ്ങൾ തുടങ്ങിയവ നിലനിൽക്കുമ്പോൾ വ്യക്തിസ്വാതന്ത്ര്യം പ്രായോഗികമായി സാക്ഷാത്കരിക്കുക സാധ്യമല്ല. ചില സോഷ്യൽ ലിബറൽ ചിന്തകർ സോഷ്യലിസ്റ്റ് വിമർശനങ്ങളിൽ നിന്നുള്ള ഏതാനും ആശയങ്ങൾ-പ്രത്യേകിച്ച് തൊഴിലാളികളുടെ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയവ-ലിബറൽ രാഷ്ട്രീയചിന്തയുമായി സംയോജിപ്പിക്കാൻ ശ്രമിച്ചു.

മറുവശത്ത്, യൂറോപ്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഒരു പ്രധാന ധാരയാകട്ടെ, വിപ്ലവകരമായ രാഷ്ട്രീയ മാറ്റത്തിന്റെ ആശയത്തോടൊപ്പം, പാർലമെന്ററി പ്രതിനിധാനം, വോട്ടവകാശം, തിരഞ്ഞെടുപ്പ് എന്നീ ലിബറൽ-ജനായത്ത സ്ഥാപനങ്ങളെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഉപാധികളായി സ്വീകരിച്ചു. 1870-80 കളിൽ ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് മൂവ്മെൻ്റിൻ്റെ വളർച്ച ഈ പരിവർത്തനത്തിന്റെ പ്രധാന ഉദാഹരണമാണ്. ലിബറലിസത്തിനും സോഷ്യലിസത്തിനും ഇടയിൽ വെറും ആശയപരമായ സംഘർഷം മാത്രമല്ല, പരസ്പര സ്വാധീനവും സ്ഥാപനപരമായ പൊരുത്തപ്പെടുത്തലും (institutional accommodation) ഇപ്രകാരം രൂപപ്പെട്ടു.
അങ്ങനെ, ഒരു വശത്ത് ലിബറലിസം സാമൂഹിക സാഹചര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രാധാന്യം അംഗീകരിക്കുന്ന ദിശയിലേക്ക് നീങ്ങിയപ്പോൾ, മറുവശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ്, പാർലമെൻ്റ് മുതലായ ലിബറൽ സ്ഥാപനങ്ങളിലേക്കും പ്രവേശിച്ചു. ഇരു ദിശകളിൽ നിന്നുമുള്ള ഈ രാഷ്ട്രീയ സംയോഗം സാർവ്വത്രിക വോട്ടവകാശത്തിൻ്റെ ലിബറൽ ഡെമോക്രസിയിലേക്കുള്ള ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കി.
ഒന്നാം ലോകയുദ്ധാനന്തരം, രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്ത്വങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടയിൽ, ജർമ്മനിയിലും മറ്റും തെരത്തെടുപ്പിലൂടെ നാസി പാർട്ടികൾ ഏകാധിപത്യ ശക്തികളായി ഉയർന്നു ജനായത്താവകാശങ്ങളെ റദ്ദാക്കിയ സാഹചര്യത്തിൽ, ഭരണഘടനാപരമായി തന്നെ പാർട്ടികളെ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകത ഉയർന്നു വന്നതിനെ പറ്റി മുൻ അധ്യായത്തിൽ ചർച്ച ചെയ്തത് ഓർക്കുന്നുണ്ടാകുമല്ലോ. ഇതോടൊപ്പം ലിബറൽ രാഷ്ട്രീയ ചിന്തയിൽ സാമൂഹിക സ്ഥാപനങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള വീണ്ടുവിചാരവും, സോഷ്യലിസ്റ്റുകളുടെ പാർലമെൻ്ററി പ്രവേശനവും പാർട്ടികളുടെ ഭരണഘടനാവൽക്കരണത്തെ പിന്തുണക്കുന്ന രാഷ്ട്രീയ കാലാവസ്ഥയായി മനസ്സിലാക്കാവുന്നതാണ്.
ചുരുക്കത്തിൽ, വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സാക്ഷാത്ക്കരിക്കാൻ സ്ഥാപനപരമായ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ലിബറൽ ഭരണകൂടങ്ങൾ വെൽഫെയർ സ്റ്റേറ്റ് എന്ന കാഴ്ചപ്പാടിലേക്ക് രണ്ടാം ലോകയുദ്ധാനന്തരം മാറുന്നത്.
മനുഷ്യസ്വാതന്ത്ര്യവും സാമൂഹിക- രാഷ്ട്രീയ സ്ഥാപനങ്ങളും തമ്മിലുള്ള വേർപ്പെടുത്താനാവാത്ത ബന്ധത്തിന്റെ ദൃഷ്ടാന്തമാണ് പാർലമെന്ററി രാഷ്ട്രീയത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഉദയം.
നമ്മൾ, സ്ഥാപനജീവികൾ
മനുഷ്യൻ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന ജീവിയാണ്. മാത്രമല്ല, താൻ സൃഷ്ടിച്ച സ്ഥാപനങ്ങളിലൂടെ സാമൂഹികമായും രാഷ്ട്രീയമായും രൂപപ്പെടുന്ന ജീവിയുമാണ് മനുഷ്യൻ. ബർഗറും ലക്ക്മാനും മുന്നോട്ടുവയ്ക്കുന്ന സാമൂഹിക യാഥാർത്ഥ്യത്തിന്റെ നിർമ്മാണ സിദ്ധാന്തം (Theory of the Social Construction of Reality) മനുഷ്യരും സ്ഥാപനങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു: മനുഷ്യരാണ് സ്ഥാപനങ്ങളെ സൃഷ്ടിക്കുന്നത്; എന്നാൽ ഒരിക്കൽ സ്ഥാപനവൽക്കരിക്കപ്പെട്ടാൽ, ആ സ്ഥാപന മാതൃകകൾ ക്രമേണ വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തിന്റെ സ്വഭാവം കൈവരിക്കുകയും വ്യക്തികളെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യാത്മകബന്ധം രാഷ്ട്രീയമേഖലയിലും ഒരുപോലെ പ്രധാനമാണ്. വ്യക്തികളാണ് രാഷ്ട്രീയ സ്ഥാപനങ്ങളെ സൃഷ്ടിക്കുന്നത്; എന്നാൽ പിന്നീട് ആ സ്ഥാപനങ്ങളിൽ അന്തർലീനമായിരിക്കുന്ന നിയമങ്ങൾ, സ്ഥാനങ്ങൾ, സ്വത്വങ്ങൾ, അധികാരരൂപങ്ങൾ എന്നിവയിലൂടെ അതേ വ്യക്തികൾ തന്നെ രൂപപ്പെടുത്തപ്പെടുകയും ചെയ്യുന്നു (Peter L. Berger and Thomas Luckmann, The Social Construction of Reality: A Treatise in the Sociology of Knowledge).
അതിനാൽ വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വയംഭരണശേഷിയും സ്ഥാപനങ്ങളിൽ നിന്നുള്ള മോചനത്തിൽ മാത്രം സ്ഥിതിചെയ്യുന്നതല്ല; സ്ഥാപനങ്ങളെ സൃഷ്ടിക്കുകയും പുനർസൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹിക പ്രക്രിയകളിലൂടെയാണ് അവ വികസിക്കുന്നത്. "സ്വത്വം (self), സ്വയംഭരണം (autonomy), നിയമം (law) എന്നിവയെ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും സ്ഥാപനങ്ങളുടെയും പരസ്പരബന്ധിതമായ സമുച്ചയമായി" വേണം മനസ്സിലാക്കാനെന്നു ജെന്നിഫർ നെഡെൽസ്കി പറയുന്നു. എന്നാൽ, "പ്രബലമായ ആംഗ്ലോ-അമേരിക്കൻ സമീപനത്തിൽ മനുഷ്യരെ അടിസ്ഥാനപരമായി പരസ്പരം വേറിട്ടുനിൽക്കുന്ന വ്യക്തികളായാണ് കാണുന്നത്. തീർച്ചയായും മനുഷ്യർക്കിടയിൽ ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്; എന്നാൽ ആ ബന്ധങ്ങളെ വ്യക്തിയുടെ സ്വത്വത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളായി കണക്കാക്കാറില്ല’’. യഥാർത്ഥത്തിൽ, "വ്യക്തിയുടെ സ്വത്വം സ്ഥിരവും സ്വതന്ത്രവുമായതല്ല; ഓരോ വ്യക്തിയും മറ്റുള്ളവരുമായി ഇടപെടുന്ന ബന്ധങ്ങളിലൂടെ തുടർച്ചയായും ചലനാത്മകമായും രൂപപ്പെടുകയാണ്’’.
‘‘… ഉദാഹരണത്തിന്, സ്വയംഭരണം എന്ന കഴിവ് മാതാപിതാക്കൾ, അധ്യാപകർ, തൊഴിലുടമകൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളിലൂടെയാണ് രൂപപ്പെടുന്നത്; അതേ ബന്ധങ്ങളിലൂടെ അത് ദുർബലമാകുകയും ചെയ്യാം." (Jennifer Nedelsky, Law’s Relations: A Relational Theory of Self, Autonomy, and Law).

അതിനാൽ, മനുഷ്യസ്വാതന്ത്ര്യവും സാമൂഹിക- രാഷ്ട്രീയ സ്ഥാപനങ്ങളും തമ്മിലുള്ള വേർപ്പെടുത്താനാവാത്ത ബന്ധത്തിന്റെ ദൃഷ്ടാന്തമാണ് പാർലമെന്ററി രാഷ്ട്രീയത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഉദയം. വ്യക്തിയെ രാഷ്ട്രീയചിന്തയുടെ അടിസ്ഥാന ഘടകമായി കണക്കാക്കിയാലും, വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വയംഭരണശേഷിയും പ്രാപ്യമാക്കുന്നത് സ്ഥാപനപരമായ ബന്ധങ്ങളിലൂടെയായതിനാൽ, പാർട്ടികൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഇടനില സ്ഥാപനങ്ങളായി പ്രത്യക്ഷപ്പെടുന്നു.
എന്നാൽ, ചില സാഹചര്യങ്ങളിൽ പാർട്ടികൾ തന്നെ അധികാരകേന്ദ്രീകരണത്തിന്റെയും സ്വേച്ഛാധിപത്യ പ്രവണതകളുടെയും താവളമായി മാറുമ്പോൾ ഒരു അടിസ്ഥാന വൈരുദ്ധ്യം ഉയർന്നുവരുന്നു. വ്യക്തിക്ക് രാഷ്ട്രീയ സ്വാതന്ത്ര്യവും സ്വയംഭരണവും ആർജ്ജിക്കാനും പ്രയോഗിക്കാനും കെല്പുനൽകുന്ന സ്ഥാപനങ്ങളായി രൂപപ്പെട്ട പാർട്ടികൾ തന്നെ ആ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും തടസ്സമായി മാറുന്നു എന്നതാണ് ഈ വൈരുദ്ധ്യം. അതായത്, വ്യക്തിയുടെ രാഷ്ട്രീയ കർത്തൃത്വത്തെ വികസിപ്പിക്കേണ്ട സ്ഥാപനം തന്നെ വ്യക്തിയുടെ രാഷ്ട്രീയ കർത്തൃത്വത്തെ പരിമിതപ്പെടുത്തുന്ന അവസ്ഥയാണിത്.
ഈ അർത്ഥത്തിൽ, രാഷ്ട്രീയപ്പാർട്ടികളുടെ വരവോടെ മനുഷ്യസ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിരുന്ന പഴയ അധികാരരൂപങ്ങൾക്കൊപ്പം, കൂട്ടായ രാഷ്ട്രീയ പ്രതിനിധാനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന പുതിയ സ്ഥാപനാധീശത്വത്തെയും നേരിടേണ്ടിവന്നിരിക്കുന്നു. സ്ഥാപനപരമായ ഈ അധീശത്വവും അതു തീർക്കുന്ന അടിമത്തവും തികച്ചും പുതുമയുള്ള ഒന്നാണ്. ഈ ‘പുതിയ അടിമത്തം’ എങ്ങനെ രൂപപ്പെടുന്നു എന്ന ചോദ്യത്തിലേക്കാണ് ഇനി നാം കടക്കേണ്ടത്.
(തുടരും).
