ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 2, അധ്യായം നാല്:
▮
സ്വതന്ത്രരും തുല്യരുമായ വ്യക്തികൾ ചേർന്ന് തങ്ങളുടെ ഭരണാധികാരികളെയും രാഷ്ട്രീയ പ്രതിനിധികളെയും തീരുമാനിക്കുന്ന രാഷ്ട്രീയക്രമമായാണ് ക്ലാസിക്കൽ ലിബറൽ ചിന്ത ആധുനിക ജനായത്തത്തെ വിഭാവനം ചെയ്തത്. വ്യക്തികളുടെ സ്വാതന്ത്ര്യം, തുല്യത, അവകാശങ്ങൾ എന്നിവയാണ് ഈ സങ്കല്പത്തിന്റെ കേന്ദ്രബിന്ദു. പക്ഷേ, വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വയംഭരണവും രൂപപ്പെടുന്നതിലും സംരക്ഷിക്കുന്നതിലും സാമൂഹിക സ്ഥാപനങ്ങൾ വഹിക്കുന്ന നിർണായക പങ്കിന് ക്ലാസിക്കൽ ലിബറലിസം താരതമ്യേന കുറഞ്ഞ പ്രാധാന്യമാണ് നൽകിയത്.
എന്നാൽ സ്ഥാപനനിരപേക്ഷമായ സാമൂഹികജീവിതം മനുഷ്യർക്ക് സാധ്യമല്ല. കുടുംബം, മതം, വിദ്യാഭ്യാസം, സാമ്പത്തിക സംഘടനകൾ, സിവിൽ സമൂഹത്തിലെ മറ്റു കൂട്ടായ്മകൾ എന്നിവയിലൂടെ വ്യക്തി സാമൂഹികമായി രൂപപ്പെടുകയും തന്റെ താല്പപര്യങ്ങളും മൂല്യങ്ങളും രാഷ്ട്രീയമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ പ്രാതിനിധ്യ ജനായത്തത്തിന്റെ വികാസത്തോടൊപ്പം ഈ സ്ഥാപനപരമായ ജീവിതത്തിന്റെ രാഷ്ട്രീയ പ്രകടനമായി പാർട്ടികളും അനിവാര്യമായി ഉയർന്നുവന്നു.
ഇവിടെ ലിബറൽ ഡെമോക്രസിയുടെ ഒരു അടിസ്ഥാന വൈരുധ്യം രൂപപ്പെടുന്നു. വ്യക്തികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യവും തുല്യതയും സാധ്യമാക്കുന്നതിനായി രൂപപ്പെട്ട രാഷ്ട്രീയപ്പാർട്ടികൾ തന്നെ ചില സാഹചര്യങ്ങളിൽ വ്യക്തിയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന സ്വതന്ത്ര അധികാരകേന്ദ്രങ്ങളായി മാറാം; അവ ലിബറൽ ഡെമോക്രസിക്കു തന്നെ ഭീഷണിയായി തീരുന്നു. സ്ഥാപനങ്ങളുടെ പിടിയിൽ നിന്ന് വ്യക്തിയെ രക്ഷിക്കാനിറങ്ങിയ രാഷ്ട്രീയഘടന, അതിന്റെ തന്നെ ഭാഗമായി അനിവാര്യമായും ഉയർന്നു വന്ന സ്ഥാപനങ്ങളാൽ തന്നെ സ്വയം പ്രതിസന്ധിയിലാകുന്ന അവസ്ഥയാണിത്.
പാർട്ടിസ്വേച്ഛാധിപത്യത്തെ കേവലം ചില പാർട്ടികളുടെയോ നേതാക്കളുടെയോ സ്വഭാവവൈകല്യമായി കാണുന്നതിനുപകരം, അതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ലിബറൽ ഡെമോക്രസിയുടെ ആന്തരികവും ഘടനാപരവുമായ സംവിധാനങ്ങൾക്കുള്ള പങ്കും പരിശോധിക്കേണ്ടതുണ്ട്.
ലിബറൽ ഡെമോക്രസി നേരിടുന്ന ഈ പ്രതിസന്ധിയെ പലപ്പോഴും, ചില രാഷ്ട്രീയപ്പാർട്ടികളുടെ സ്വഭാവപരമായ വീഴ്ചയായോ പാർട്ടിനേതൃത്വത്തിലേക്ക് ഉയർന്നുവരുന്ന ഏതാനും വ്യക്തികളുടെ അധികാര ലോഭമായോ വ്യക്തിപരമായ പരാജയമായോ ആണ് പൊതുവേ വിശദീകരിക്കുന്നത്. മറ്റൊരു സമീപനം, ജനായത്തവിരുദ്ധ സ്ഥാപനങ്ങൾ, സാമ്പത്തിക അസന്തുലിതത്വങ്ങൾ, സാമൂഹിക അസംതൃപ്തികൾ തുടങ്ങിയ ബാഹ്യശക്തികളിലാണ് ലിബറൽ ഡെമോക്രസി നേരിടുന്ന വെല്ലുവിളികളുടെ പ്രധാന കാരണങ്ങൾ അന്വേഷിക്കുന്നത്.
തീർച്ചയായും, ഇത്തരം ഘടകങ്ങൾ ജനായത്തത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഗൗരവമുള്ള തടസ്സങ്ങൾ സൃഷ്ടിക്കാം. എന്നാൽ അത്തരം ബാഹ്യസാഹചര്യങ്ങൾ മാത്രം പാർട്ടിസ്വേച്ഛാധിപത്യത്തിന്റെ ഉദയത്തെ വിശദീകരിക്കുന്നില്ല. അതിനായി ലിബറൽ ഡെമോക്രസിയുടെ തന്നെ സ്ഥാപനപരമായ ഘടനയിലേക്കും ശ്രദ്ധ തിരിക്കേണ്ടതുണ്ട്. സ്വതന്ത്രരും തുല്യരുമായ വ്യക്തികളുടെ രാഷ്ട്രീയ പ്രതിനിധാനം സാധ്യമാക്കുന്നതിനായി രൂപപ്പെട്ട രാഷ്ട്രീയപ്പാർട്ടികൾ തന്നെ എങ്ങനെയാണ് വ്യക്തികളുടെ രാഷ്ട്രീയ സ്വയംഭരണത്തെ നിയന്ത്രിക്കുന്ന ശക്തമായ സംഘടനകളായി മാറുന്നത് എന്നതാണ് ഇവിടെ പ്രധാനപ്പെട്ട ചോദ്യം.
അതിനാൽ, പാർട്ടിസ്വേച്ഛാധിപത്യത്തെ കേവലം ചില പാർട്ടികളുടെയോ നേതാക്കളുടെയോ സ്വഭാവവൈകല്യമായി കാണുന്നതിനുപകരം, അതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ലിബറൽ ഡെമോക്രസിയുടെ ആന്തരികവും ഘടനാപരവുമായ സംവിധാനങ്ങൾക്കുള്ള പങ്കും പരിശോധിക്കേണ്ടതുണ്ട്. ഈ സമീപനം ജനായത്തത്തിന്റെ പ്രതിസന്ധിയെ പുറത്തുനിന്നുള്ള ആക്രമണമായി മാത്രം കാണാതെ, ജനായത്തത്തെ ചലിപ്പിക്കുന്ന സ്ഥാപനങ്ങളുടെ തന്നെ പ്രവർത്തന രീതിയിൽ നിന്ന് ഉയർന്നു വരാവുന്ന ആന്തരിക വൈരുദ്ധ്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു.

ആഭ്യന്തരയുദ്ധം: ആധുനിക രാഷ്ട്രീയഘടനയുടെ ഗർഭഗൃഹം
ഇംഗ്ലീഷ് പാർലമെൻ്ററി വ്യവസ്ഥയുടെ വളർച്ച പരിശോധിച്ചുകൊണ്ട് ലിബറൽ ഡെമോക്രസിയിൽ ഘടനാപരമായി വന്നുചേർന്ന വൈരുദ്ധ്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാം.
രാജാധികാരം ഇംഗ്ലണ്ടിൽ സ്വതവേ കേന്ദ്രീകൃതമോ സൈനികസുശക്തമോ സാമ്പത്തിക ഭദ്രതയുള്ളതോ ആയിരുന്നില്ലെന്നും, അതിനാൽ 17 -ാം നൂറ്റാണ്ടിൽ ആരംഭിക്കുന്ന ബ്രിട്ടീഷ് കോളനി സാമ്രാജ്യ വികസനത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചത്- ഇംഗ്ലീഷ് ഭരണകൂടമെന്നതിനേക്കാൾ- സമ്പന്നരായ നാട്ടുപ്രഭുക്കന്മാരും നഗരവർത്തക പ്രമുഖരും അടങ്ങുന്ന സംഘമാണെന്നും എൽ. എച്ച്. റോപ്പർ പറയുന്നുണ്ട്. (L. H. Roper, Advancing Empire: English Interests and Overseas Expansion, 1613–1688) പര്യവേഷണങ്ങൾ, യുദ്ധങ്ങൾ, പ്ലാൻ്റേഷനുകളുടെ സ്ഥാപനം, ജോയ്ൻ്റ് സ്റ്റോക് കമ്പനികൾ, രാജ്യാന്തര വാണിജ്യം എന്നിങ്ങനെ സാമ്രാജ്യത്വ അധിനിവേശവുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കെല്ലാം സംഘടിതമായി മുന്നിട്ടിറങ്ങുന്നത് പ്രധാനമായും ലണ്ടൻ കേന്ദ്രീകരിച്ച ഈ ധനികവർഗ്ഗമാണ്.
ഇംഗ്ലീഷ് സാമ്രാജ്യത്വത്തിന്റെ ആദ്യഘട്ടത്തെ പൂർണ്ണമായും ഭരണകൂടത്താൽ നയിക്കപ്പെട്ട അധിനിവേശമായി കാണുന്നതിനുപകരം, മേൽപ്പറഞ്ഞ സമ്പന്നവർഗ്ഗം രൂപീകരിച്ച സ്വകാര്യ കമ്പനികൾ മുന്നിട്ടിറങ്ങിയതും, അതിനുള്ള ഭരണകൂടപിന്തുണ കരസ്ഥമാക്കിയതുമായ പ്രൈവറ്റ്- പബ്ലിക് സഹകരണമായി മനസ്സിലാക്കാം. നയതന്ത്രം, യുദ്ധം തുടങ്ങിയ ഭരണകൂടാധികാരങ്ങൾ പോലും ചാർട്ടറുകൾ വഴി കമ്പനികൾ നേടിയെടുത്തിരുന്നു. റോപ്പർ ഇതിനെ മധ്യകാല കോർപ്പറേറ്റ് ശൈലിയുടെ വികസിച്ച ഒരു രൂപമായി വ്യാഖ്യാനിക്കുന്നുണ്ട്.
സമുദ്രാന്തര വാണിജ്യ വികസന പ്രക്രിയയുമായി ബന്ധപ്പെട്ടു വളർന്നതും ആധുനികതയുടെ പ്രതീകവുമായ പുത്തൻ ഭരണകൂടത്തെ രൂപീകരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത് രാജ്യാന്തര ഇംഗ്ലീഷ് വണിക് സംഘങ്ങളാണ്.
ഇംഗ്ലീഷ് പ്ലാന്റേഷൻ- വാണിജ്യശക്തികൾ നേതൃത്വപരമായ പങ്കുവഹിച്ച കോളനി സാമ്രാജ്യത്വത്തിന്റെ ഉയർച്ച, രാജാധികാരങ്ങൾക്കു കടിഞ്ഞാണിട്ടു പാർലമെൻ്റ് അധികാരകേന്ദ്രമായി മാറുന്നതിന്റെ തുടക്കം, പാർലമെന്റിന്റെയും പ്ലാന്റേഷൻ- വാണിജ്യശക്തികളുടെയും പരസ്പര സഹകരണം, കൂടാതെ പാർലമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനകത്ത് സ്ഥിരമായ സൈനിക സംവിധാനം നിലനിർത്തി ആധുനിക സ്റ്റേറ്റ് രൂപത്തിലേക്ക് ഇംഗ്ലീഷ് ഭരണകൂടം മാറുന്നതിന്റെ ആരംഭം- ഇവയെല്ലാം തമ്മിൽ കൂടിച്ചേർന്ന ചരിത്രസാഹചര്യമായിരുന്നു ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലം (1642-1651).
പാർട്ടിസ്വേച്ഛാധിപത്യത്തെയും ജനായത്തത്തെയും പറ്റിയുള്ള നമ്മുടെ ചർച്ചയിൽ എന്തുകൊണ്ട് 300 വർഷത്തിനപ്പുറം ഇംഗ്ലണ്ടിൽ നടന്ന ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലം, അല്ലെങ്കിൽ 17 -ാം നൂറ്റാണ്ട് പ്രസക്തമാകുന്നു എന്നു ചോദ്യമുണ്ടാകാം. പാർലമെൻ്റിന്റെ അധികാരം, വ്യക്തിയുടെ അവകാശങ്ങൾ, കേന്ദ്രീകൃതവും സുശക്തമുമായ ഭരണകൂടം എന്നീ സവിശേഷതകളടങ്ങിയ ആധുനിക രാഷ്ട്രീയ ലോകത്തിന്റെ ഗർഭഗൃഹമായിരുന്നു ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലമെന്ന് റോപ്പർ ഓർമ്മിപ്പിക്കുന്നു. ഇംഗ്ലീഷ് സാമ്രാജ്യത്വത്തിന്റെ ആഗോളവ്യാപനം ആധുനിക രാഷ്ട്രീയ വ്യവസ്ഥയെ എല്ലായിടത്തേക്കും പരത്തി. അതിനാൽ, ലിബറൽ ഡെമോക്രസി എന്തുകൊണ്ട് ഭരണപ്പാർട്ടിയുടെ അധിനിവേശത്തിനു കീഴ്പ്പെടുന്നു എന്ന അന്വേഷണത്തിന്റെ വിശകലന ബിന്ദുവായി 17 -ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് രാഷ്ട്രീയം കടന്നുവരുന്നു.

സമുദ്രാന്തര വാണിജ്യ വികസന പ്രക്രിയയുമായി ബന്ധപ്പെട്ടു വളർന്നതും ആധുനികതയുടെ പ്രതീകവുമായ പുത്തൻ ഭരണകൂടത്തെ രൂപീകരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത് മേൽപ്പറഞ്ഞ രാജ്യാന്തര ഇംഗ്ലീഷ് വണിക് സംഘങ്ങളാണ്. അതിനാൽ ഇംഗ്ലീഷ് ആഭ്യന്തരസമരത്തെ രാജാവും പാർലമെന്റും തമ്മിലുള്ള ഭരണഘടനാപരമായ അധികാരമത്സരമായി മാത്രം കണ്ടാൽ അതിന്റെ ആഴത്തിലുള്ള ചരിത്രപ്രാധാന്യം അദൃശ്യമാക്കപ്പെടും. ഇംഗ്ലീഷ് ആഭ്യന്തര സമരകാലമെന്നത് ഒരേസമയം രാഷ്ട്രീയാധികാരത്തിലെ പുനർവിന്യാസത്തിന്റെയും, കൊളോണിയൽ വാണിജ്യ താല്പര്യങ്ങളുടെ രാഷ്ട്രീയവൽക്കരണത്തിന്റെയും, പാർലമെന്ററി അധികാരത്തിന്റെ വളർച്ചയുടെയും, സൈനിക-ഭരണകൂട ശേഷിയുടെ പുനഃസംഘടനയുടെയും കാലഘട്ടമായിരുന്നു. ഈ പരസ്പരബന്ധിതമായ മാറ്റങ്ങളാണ് പിന്നീട് ആധുനിക ഇംഗ്ലീഷ് ഭരണകൂടത്തിന്റെയും പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെയും സ്ഥാപനപരമായ അടിത്തറകളെ കൂടുതൽ ശക്തിപ്പെടുത്തിയത്.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഇംഗ്ലണ്ടിലെ പ്രാദേശിക സ്വയംഭരണ അധികാരകേന്ദ്രങ്ങളായിരുന്ന നാട്ടുപ്രഭുവർഗ്ഗങ്ങളും നഗരങ്ങളിലെ വാണിജ്യപ്രമുഖരും 17-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അമേരിക്കൻ കോളനികളിലെ പ്ലാൻ്റേഷൻ, ആഫ്രോ- ഏഷ്യൻ വാണിജ്യ ഇറക്കുമതി എന്നിവയിലൂടെ തങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ ശക്തി കൂടുതൽ വിപുലമാക്കി എന്നതാണ്. അപ്പോൾ ഗ്രാമ- പട്ടണങ്ങളിൽ നിന്നുള്ള ഒരു വിഭാഗത്തിന് തങ്ങളുടെ പരമ്പരാഗത പ്രാദേശികാധികാര ഭൂമികളിൽ നിന്നും സംഘടിതമായി ഭരണസിരാകേന്ദ്രത്തിലേക്കു സർവ്വാധികാരത്തെ നിയന്ത്രിക്കാൻ കെല്പുനേടിയ രാഷ്ട്രീയാധികാര ശക്തിയായി നീങ്ങാൻ സാധിച്ചു. ആഡ്രിയാൻ ഫ്രെഷിന്റെ (Adriane Fresh) പഠനം കാണിക്കുന്നത് അക്കാലത്തെ വിദേശ പ്ലാൻ്റേഷൻ- വാണിജ്യ സംരംഭങ്ങളുടെ വളർച്ചയിൽ കുലീന പാർലമെൻ്റ് അംഗങ്ങളിൽ പലരും, നേരിട്ടു ബിസിനസ്സിൽ ഏർപ്പെടാതെ ഷെയർ ഉടമകളായി സമ്പത്തുണ്ടാക്കിയെന്നാണ് (Adriane Fresh, "Elite Persistence in the Era of England's Expanding Overseas Trade"). വാണിജ്യ ശക്തികളുമായിട്ടുള്ള ഈ കൂട്ടുകെട്ട് പരമ്പരാഗത കുലീനവർഗ്ഗത്തിന് പാർലമെൻ്റ് അംഗങ്ങൾ എന്ന നിലയിൽ രാജാധികാരത്തെ നേരിടാൻ കരുത്തു പകർന്നു.
സ്റ്റേറ്റിൽ പിടിമുറുക്കാൻ തുടങ്ങുന്ന പാർലമെൻ്റും അതിന്റെ സാമ്രാജ്യത്വ വാണിജ്യതാല്പര്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിന് ഇംഗ്ലീഷ് ആഭ്യന്തരസമരം അവസാനിച്ചതോടെയുള്ള (1649) അയർലൻ്റ് ആക്രമണം പരിശോധിക്കാവുന്നതാണ്.
മാത്രമല്ല, സമുദ്രാന്തര വാണിജ്യശക്തികളായി ഉയർന്നുവരുന്ന ഒരു വിഭാഗം നാട്ടുപ്രഭു- നഗരവർത്തക കൂട്ടായ്മയുടെ സാമ്പത്തിക-രാഷ്ട്രീയ പിന്തുണ ഇംഗ്ലീഷ് ആഭ്യന്തരസമരത്തിലെ നിർണ്ണായക ഘടകമായിരുന്നു. ഇവരുടെ സംരംഭക- വാണിജ്യ താൽപര്യങ്ങളും പാർലമെൻ്റ് അധികാര ശക്തിയായി വളരുന്ന സ്റ്റേറ്റിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും പരസ്പരം ഐക്യപ്പെടുകയും ശക്തിപകരുകയും ചെയ്തു. രാജാവിനെ ആഭ്യന്തര യുദ്ധത്തിൽ എതിരിടാൻ സൈനിക രൂപീകരണത്തിന് പാർലമെൻ്റ് മുതിർന്നപ്പോൾ, അതിനുവേണ്ട വായ്പ നൽകുന്നത് രാജ്യാന്തര ഇംഗ്ലീഷ് വാണിജ്യസംഘമാണ്. ഈ കടം വീട്ടുന്നതിലേക്കായി സ്ഥിരം ധനസ്രോതസ്സ് എന്ന നിലയിൽ എക്‌സൈസ് നികുതി പുതുതായി കൊണ്ടുവരുന്നതിലും പാർലമെൻ്റ് വിജയിച്ചു.
ആഭ്യന്തര യുദ്ധകാലത്ത് സൈനിക വിഭവങ്ങൾ വിറ്റും കച്ചവടക്കാർ നേട്ടമുണ്ടാക്കിയെങ്കിൽ, നികുതി പിരിവിനുള്ള കേന്ദ്രീകൃത ഉദ്യോഗസ്ഥ വൃന്ദം, സ്വന്തം സൈനിക സംവിധാനം എന്നിവയിലൂടെ ആധുനിക ഭരണകൂട സ്വഭാവത്തിലേക്കു വളർന്നു പാർലമെൻ്റും രാഷ്ട്രീയ കരുത്തു നേടി.
അയർലൻ്റ്:
കൊളോണിയൽ പരീക്ഷണശാല
സ്റ്റേറ്റിൽ പിടിമുറുക്കാൻ തുടങ്ങുന്ന പാർലമെൻ്റും അതിന്റെ സാമ്രാജ്യത്വ വാണിജ്യതാല്പര്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിന് ഇംഗ്ലീഷ് ആഭ്യന്തരസമരം അവസാനിച്ചതോടെയുള്ള (1649) അയർലൻ്റ് ആക്രമണം പരിശോധിക്കാവുന്നതാണ്. അയർലൻ്റ് ആക്രമിക്കാൻ ഇംഗ്ലീഷ് വാണിജ്യ പ്രമുഖർ-Adventurers for Irish Land- 1642 ൽ തന്നെ പാർലമെൻ്റിന് വായ്പ നൽകിയിരുന്നതും ഇവിടെ ഓർക്കണം (David Brown, Empire and Enterprise: Money, Power and the Adventurers for Irish Land during the British Civil Wars). അതിന്റെ ഭാഗമായി ആഭ്യന്തര യുദ്ധത്തിനു ശേഷം ഒലിവർ ക്രോം വെല്ലിന്റെ പാർലമെൻ്റ് സൈന്യം അയർലൻ്റിലെ ഭൂമികൾ കൈയടക്കുകയും അവ പ്ലാൻ്റേഷൻ കോളനികൾ സ്ഥാപിക്കാൻ ഇംഗ്ലീഷ് സംഘത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.

ആഭ്യന്തര യുദ്ധത്തിനുശേഷം പാർലമെൻ്റിലെ പ്രധാധികളും ലെവലർമാരും തമ്മിൽ അയർലൻ്റ് വിഷയത്തിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായി. ഐറിഷ് ആക്രമണത്തിനെതിരെ നിരവധി ലഘുലേഖകൾ ലെവലർ നേതാക്കൾ പ്രസിദ്ധീകരിച്ചു. ലണ്ടൻ ടവറിൽ തടവിൽ പാർപ്പിക്കപ്പെട്ട ലെവലർ ലീഡറായ വില്യം വാൽവിൻ (William Walwyn) എഴുതിയതെന്നു ചിലർ വാദിക്കുന്ന "The English Soldier’s Standard" ഇതിൽ ശ്രദ്ധേയമത്രേ.
ആഭ്യന്തരയുദ്ധത്തിൽ ചാൾസ് ഒന്നാമൻ രാജാവിനെ എതിരിടാൻ പാർലമെൻ്റ് രൂപീകരിച്ച സൈന്യത്തെ (New Model Army) അഭിസംബോധന ചെയ്യുന്ന വിധത്തിലാണ് ഈ ലഘുലേഖ എഴുതിയിട്ടുള്ളത്. കാരണം ന്യൂ മോഡൽ ആർമിയിലെ സാധാരണ പട്ടാളക്കാരിൽ ഒരു വിഭാഗം ലെവലർമാരുടെ ജനായത്ത രാഷ്ട്രീയാവശ്യങ്ങളെ പിന്തുണയ്ക്കുന്നവർ ആയിരുന്നു. മാത്രമല്ല, 1649 ൽ തന്നെ പാർലമെൻ്റിനും സൈനിക നേതൃത്വത്തിനുമെതിരെ ന്യൂ മോഡൽ ആർമിയിലെ പട്ടാളക്കാർ ശമ്പള കുടിശ്ശിഖ, രാഷ്ട്രീയ കാര്യങ്ങൾ എന്നിവയെ ചൊല്ലി മൂന്നു കലാപങ്ങൾ നടത്തുകയുമുണ്ടായി.
ഇംഗ്ലണ്ടിലെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കാൻ വർഷങ്ങളോളം പാർലമെൻ്റിന്റെ ഭാഗത്തുനിന്നും യുദ്ധം ചെയ്തിട്ടും, അവ ഇംഗ്ലണ്ടിൽ നടപ്പിൽ വരുത്താത്ത സാഹചര്യത്തിൽ, അയർലൻ്റിനെ കീഴടക്കാൻ എന്തിനു തയ്യാറാകണമെന്നു പടയാളികളോടു ലഘുലേഖയിൽ ചോദിക്കുന്നുണ്ട്. ഇംഗ്ലണ്ട് അയർലൻ്റിനെ കീഴടക്കിയാൽ ഇംഗ്ലണ്ടിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ (നികുതി ഭാരങ്ങൾ, വ്യാപാര കുത്തകകൾ, തടവറകൾ, ദാരിദ്ര്യം, നിയമവ്യവസ്ഥയുടെ ദുരുപയോഗം) അയർലൻ്റും കൂടി അനുഭവിക്കേണ്ടി വരും. രാജാവിന്റെ ഏകാധിപത്യത്തെ (Monarchical Tyranny) നീക്കം ചെയ്തശേഷം അതേ സ്ഥാനത്ത് സമ്പന്നരും അധികാരികളുമായ ഒരു ചെറിയ വിഭാഗത്തിന്റെ ഏകാധിപത്യ (Aristocratical Tyranny) ഭരണക്രമം സ്ഥാപിക്കരുത്. രാജാധികാരം പോലെ തന്നെ പാർലമെന്റും സ്വതവേ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ഉപാധിയാകണമെന്നില്ല; പാർലമെന്റ് അംഗങ്ങൾ സ്വന്തം സമ്പത്ത് വർധിപ്പിച്ചു കൊണ്ട് സാധാരണ ജനങ്ങളെ ദരിദ്രരാക്കാൻ സാധ്യതയുണ്ട്. ഇതാണ് ലഘുലേഖയുടെ ചുരുക്കം. (The Levellers and Irish Freedom, Published by Republican Socialist Publications, 1997).
ഐറിഷ് അധിനിവേശം ഒരു വശത്ത്, പാർലമെൻ്റിൽ സ്വാധീനമുറപ്പിച്ച ഭൂപ്രഭു-വാണിജ്യ നേതാക്കളുടെ ദേശാന്തര താല്പര്യങ്ങളും, മറുവശത്ത് ഇംഗ്ലണ്ടിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണവും തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാക്കുന്നു.
ഐറിഷ് ജനതക്കും ഇംഗ്ലീഷുകാർക്കും ഒരേ പോലെയുള്ള മൗലികാവകാശങ്ങളിലാണ് ലെവലർമാർ നിലയുറപ്പിച്ചത്. രാജാവും പാർലമെൻ്റും ആർമി ജനറൽമാരും, തങ്ങളുടെ പ്രശസ്തിക്കും അധികാരത്തിനും സമ്പത്തിനും വേണ്ടി സാധാരണ പട്ടാളക്കാരെ ആയുധമാക്കുന്നതിനെതിരെ അവർ നിലകൊണ്ടു. ആഭ്യന്തര യുദ്ധത്തിനു നേതൃത്വം വഹിച്ച ഒലിവർ ക്രോംവെല്ലും ആർമി ജനറൽമാരും ഐറിഷ് അധിനിവേശത്തെ, ജനായത്തത്തിൽ ഉറച്ച ഇംഗ്ലീഷ് കോമൺവെൽത്തിനു വേണ്ടിയുള്ള പട്ടാളക്കാരുടെ പരിശ്രമങ്ങളെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്നതായി അവർ ആരോപിച്ചു. അതിനാൽ ആഭ്യന്തര സ്വാതന്ത്ര്യത്തിനായി പാർലമെൻ്റിനോടു സമരം ചെയ്യാൻ പടയാളികളെ ലെവലർമാർ ആഹ്വാനം ചെയ്തു.
അയർലൻ്റ് ആക്രമണത്തെ ചൊല്ലി ന്യൂ മോഡൽ ആർമിയിലെ പട്ടാളക്കാരുടെ ആഭ്യന്തര കലാപം ഇംഗ്ലീഷ് പാർലമെൻ്റിന്റെ പരിമിതികളെയും, അതിന്റെ പിന്നിലെ രാഷ്ട്രീയ-സാമ്പത്തിക താല്പര്യങ്ങളെയും പുറത്തു കൊണ്ടുവരുന്നുണ്ട്. ഐറിഷ് അധിനിവേശം ഒരു വശത്ത്, പാർലമെൻ്റിൽ സ്വാധീനമുറപ്പിച്ച ഭൂപ്രഭു-വാണിജ്യ നേതാക്കളുടെ ദേശാന്തര താല്പര്യങ്ങളും, മറുവശത്ത് ഇംഗ്ലണ്ടിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണവും തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാക്കുന്നു.
അതുകൊണ്ട്, അയർലൻ്റ് ആക്രമണത്തർക്കം ഒരു വിദേശനയപ്രശ്നം മാത്രമായിരുന്നില്ല. അത് പാർലമെൻ്റിന്റെ സ്വഭാവത്തെക്കുറിച്ചു അടിസ്ഥാനപരമായ ഒരു ചോദ്യം ഉയർത്തി: പാർലമെൻ്റ് പ്രധാനമായും ആരെയാണ് പ്രതിനിധീകരിക്കുന്നത്? ഇംഗ്ലണ്ടിലെ സ്വതന്ത്ര വ്യക്തികളെയോ, അതോ ഇതിനകം സംഘടിതമായ ഭൂസ്വാമി-വാണിജ്യ-സാമ്രാജ്യത്വ താല്പര്യങ്ങളെയോ? ഈ ചോദ്യമാണ് പ്രാതിനിധ്യ ജനായത്തത്തിന്റെ സ്ഥാപനപരമായ ഘടനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ കേന്ദ്രത്തിലേക്ക് നമ്മെ നയിക്കുന്നത്.
സെലക്ഷനെ മാറ്റിയ ഇലക്ഷൻ
കേന്ദ്ര ഭരണതലത്തിൽ ദുർബ്ബലമായിരുന്ന ഇംഗ്ലീഷ് അധികാരഘടന ആഭ്യന്തര യുദ്ധത്തിനു ശേഷം ഭരണകൂടത്തിൽ അധികാരം കേന്ദ്രീകരിച്ച രാഷ്ട്രീയ ഘടനയായി മാറിയെന്നു റോപ്പർ പറയുന്നുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പഴയ പ്രാദേശിക ഭൂപ്രഭു- വാണിജ്യ രൂപങ്ങളിൽ ഒരു വിഭാഗം കേന്ദ്രാധികാര വ്യവസ്ഥയിലേക്ക് വികസിച്ചു എന്നതാണ്. പാർലമെൻ്റിന്റെ അധികാര വ്യാപനവും അതുമായി ഭൂപ്രഭു-വാണിജ്യസംഘത്തിന്റെ ഏകീകരണവും സ്റ്റേറ്റിന്റെ രാഷ്ട്രീയാധികാര കേന്ദ്രീകരണത്തിന് ഉദാഹരണമാണ്. ഇപ്രകാരം കരുത്താർജ്ജിച്ച ഭരണകൂടാധികാരമാണ് തുടർന്നുള്ള ഇംഗ്ലീഷ് സാമ്രാജ്യത്വ വിപുലീകരണത്തെ സുസാധ്യമാക്കുന്നത്.

പാർലമെൻ്റ് അംഗങ്ങളെ നിശ്ചയിക്കുന്ന നടപടിക്രമങ്ങളിലെ പരമ്പരാഗത രീതികൾ പലതും ആഭ്യന്തര യുദ്ധത്തിനു ശേഷം, കാലക്രമേണ മാറ്റത്തിനു വിധേയമാകുകയുണ്ടായി. ആഭ്യന്തര യുദ്ധത്തിനു മുമ്പ് എം.പി. മാരെ പ്രാദേശിക തലങ്ങളിലെ പ്രഭുവിഭാഗങ്ങൾ നീക്കുപോക്കുകളിലൂടെ ഐക്യകണ്ഠേനയുള്ള തീരുമാനപ്രകാരം നിശ്ചയിച്ചിരുന്നെങ്കിൽ, 1660 കളോടെ, പാർലമെൻ്റ് നിർണ്ണായക അധികാര കേന്ദ്രമാകുന്നതിനൊത്ത് എം.പി. സ്ഥാനമെന്നത് മത്സരിച്ചു നേടേണ്ട പദവിയായി ഉയർന്നുതുടങ്ങി. മുമ്പാകട്ടെ, പ്രധാനമായും അന്തസ്സിന്റെയും പ്രാദേശികമായ അധികാര പ്രയോഗത്തിന്റെയും സാമൂഹിക പ്രതീകമായിരുന്നു എം.പി സ്ഥാനമെന്നത്. മാർക്ക് കിഷ്ലാൻസ്കി ചൂണ്ടിക്കാണിക്കുന്നതു പോലെ, കൗണ്ടികളിലെയും ബറോകളിലെയും ഭൂവുടമകളും സമ്പന്നരും ഇതര പ്രമുഖരും ചേർന്നു നീക്കുപോക്കു ചർച്ച ചെയ്തു തങ്ങളുടെ പാർലമെൻ്റ് പ്രതിനിധിയെ നിശ്ചയിച്ചിരുന്നു (Mark A. Kishlansky, Parliamentary Selection: Social and Political Choice in Early Modern England). കുടുബ മഹിമ മുതലായ പരമ്പരാഗത സാമൂഹിക സ്ഥാനങ്ങളായിരുന്നു ഇതിലെ മുഖ്യ മാനദണ്ഡം. തങ്ങളെ പ്രതിനിധീകരിക്കാൻ സാമൂഹികമായി അംഗീകരിക്കപ്പെട്ട വ്യക്തി ആരാണ് എന്നതായിരുന്നു അന്നത്തെ ചോദ്യം.
രാജ്യത്തെ ഭരണത്തിന്റെ ദിശ നിർണ്ണയിക്കുന്നതിലേക്ക് പാർലമെൻ്റ് അധികാരം ശക്തിപ്രാപിച്ചപ്പോൾ, അതോടൊന്നിച്ചു എം.പി. സീറ്റിന്റെ രാഷ്ട്രീയ-സാമ്പത്തിക മൂല്യവും ഉയരാൻ തുടങ്ങി.
1640-ന് മുമ്പ് മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പുകൾ വിരളമായി നടന്നിരുന്നെങ്കിലും, ഈ മത്സരങ്ങൾ പലപ്പോഴും സമൂഹത്തിനുള്ളിൽ നിലനിന്നിരുന്ന വിഭജനങ്ങളിൽ നിന്നാണ് ഉയർന്നുവന്നത്. ഉദാഹരണത്തിന്, പരസ്പരം മത്സരിച്ച കുടുംബങ്ങൾ, പ്രാദേശിക ഉന്നത വർഗ്ഗങ്ങൾ, മതവിശ്വാസ ചേരിതിരവുകൾ, മുനിസിപ്പൽ കോർപ്പറേഷൻ ഭരണത്തിലെ സംഘർഷങ്ങൾ, രക്ഷാധികാര ബന്ധങ്ങൾ ഇവ ചിലപ്പോൾ എം.പി. സ്ഥാനലബ്ധിക്കുള്ള മത്സരം സൃഷ്ടിക്കുമായിരുന്നു.
രാജ്യത്തെ ഭരണത്തിന്റെ ദിശ നിർണ്ണയിക്കുന്നതിലേക്ക് പാർലമെൻ്റ് അധികാരം ശക്തിപ്രാപിച്ചപ്പോൾ, അതോടൊന്നിച്ചു എം.പി. സീറ്റിന്റെ രാഷ്ട്രീയ-സാമ്പത്തിക മൂല്യവും ഉയരാൻ തുടങ്ങി. അപ്പോൾ പ്രാദേശികതലങ്ങളിൽ സമരസപ്പെടുകയോ ഉറങ്ങിക്കിടക്കുകയോ ഒതുക്കപ്പെടുകയോ ചെയ്തിരുന്ന കുടുംബ മത്സരങ്ങൾ, വിശ്വാസ തർക്കങ്ങൾ, കേന്ദ്ര-പ്രാദേശിക അധികാര ഏറ്റുമുട്ടലുകൾ, സാമ്പത്തിക തട്ടുകൾ, പദവിയിലെ വ്യത്യാസങ്ങൾ, മുനിസിപ്പൽ കോർപ്പറേഷൻ ഭിന്നതകൾ എന്നിവ തുറന്ന രാഷ്ട്രീയ മുഖം സ്വീകരിച്ചു. അങ്ങനെ പാർലമെന്റ് സീറ്റ് പരമ്പരാഗത സമവായ ശൈലി (സെലക്ഷൻ) യിൽ നിന്നും, നിലവിൽ സംഘർഷത്തിലുള്ള സാമൂഹിക സ്ഥാപനങ്ങളോടു ഒട്ടി നിന്ന്, വോട്ടുകിട്ടി മത്സരിച്ച് നേടിയെടുക്കേണ്ട (ഇലക്ഷൻ) സ്ഥാനം എന്ന നിലയിലേക്കു മാറി വന്നു. 1660- ലെ രാജഭരണ പുനഃസ്ഥാപനത്തിനു (Restoration) ശേഷം, പ്രത്യേകിച്ച്, അതേ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ, പാർലമെൻ്റ് പ്രധാനപ്പെട്ട ഭരണകൂട അധികാരങ്ങൾ കൈവശമാക്കുന്നതിനൊപ്പിച്ചു "സെലക്ഷനി "ൽ നിന്നും "ഇലക്ഷനി"ലേക്കുള്ള മാറ്റം ദ്രുതഗതിയിലായി.

സെലക്ഷനിൽനിന്ന് ഇലക്ഷനിലേക്കുള്ള ഈ മാറ്റത്തിൽ പാർലമെൻ്റ് അംഗത്വത്തെ സംബന്ധിച്ച രാഷ്ട്രീയാർത്ഥത്തിനും വ്യതിചലനം സംഭവിച്ചിട്ടുണ്ട്. മുമ്പ് പ്രാദേശികതയുടെ സാമൂഹിക പ്രതിനിധി ആയിരുന്ന അയാൾ പാർലമെൻ്റിലെ രാഷ്ട്രീയ താല്പര്യങ്ങളുടെ പ്രതിനിധിയായി മാറി. പ്രാദേശിക സമൂഹത്തിലെ അഭിജാത രാഷ്ട്രീയം ദേശീയ തലത്തിൽ മത്സരാത്മകമായെന്നു പറയാം.
ഇംഗ്ലീഷ് ഭരണകൂടത്തിന്റെ മതമായ ആഗ്ലിക്കൻ സഭയും, അതിനെ അംഗീകരിക്കാത്ത പ്രൊട്ടസ്റ്റൻ്റ് വിഭാഗങ്ങളും (Dissenters) തമ്മിൽ നിലവിലിരുന്ന സംഘർഷം തെരഞ്ഞെടുപ്പിലേയ്ക്കു കൂടി കടന്നുവരാൻ പാർലമെൻ്റ് വോട്ടെടുപ്പു മത്സരം ഇടവരുത്തിയപ്പോൾ വിശ്വാസത്തിന്റെ രാഷ്ട്രീയവൽക്കരണത്തിനും തിരശ്ശീല ഉയർന്നു. വിശ്വാസപരമായ വിഭജനങ്ങൾക്കൊപ്പം കേന്ദ്ര-പ്രാദേശിക അധികാര വടംവലികൾ, ഭരണഘടനാപരമായ തർക്കങ്ങൾ എന്നിങ്ങനെ നേരത്തേയുള്ള പലവിധ വിയോജിപ്പുകൾ തെരഞ്ഞെടുപ്പു മത്സരത്തിന്റെ ഭാഗമായതോടെ, അതിനെ ചുറ്റിപ്പറ്റി ക്രമേണ വിഗ്-ടോറി എന്ന വിധത്തിൽ പലയിടത്തും രാഷ്ട്രീയ ചേരികൾ തന്നെ രൂപം കൊണ്ടു (Tim Harris, Politics under the Later Stuarts Party Conflict in a Divided Society 1660–1715).
വിഗ്- ടോറി രാഷ്ട്രീയചേരികളെ, നിലവിൽ പ്രാദേശികമായി ബലം വെച്ച കുടുംബപരമോ സാമ്പത്തികമോ പ്രാദേശിക സ്വയംഭരണത്തെ ചൊല്ലിയോ ഉള്ള മത്സരഗ്രൂപ്പുകൾ സ്വാംശീകരിക്കുകയും, അങ്ങനെ ദേശീയമായി ഒരു രാഷ്ട്രീയചേരി വിഭജനം സാധ്യമാക്കുകയും ചെയ്തു. അപ്പോൾ പഴയ പ്രാദേശിക അസ്വാരസ്യങ്ങൾക്കു ദേശീയമായ പുതിയ രാഷ്ട്രീയഭാഷ കിട്ടി.
സ്റ്റേറ്റിനു വായ്പ കൊടുത്തത് തിരികെ കിട്ടണമെങ്കിൽ സ്റ്റേറ്റ് കരുത്തോടെ നിലനിൽക്കേണ്ടത് വാണിജ്യ പ്രമുഖരുടെ കൂടി ആവശ്യമാണ്. അതുപോലെ സ്റ്റേറ്റിനു കൂടുതൽ സുസ്ഥിരമാകണമെങ്കിൽ അതിന്റെ വായ്പാ സ്രോതസ്സുകളെ കൂടി ശക്തിപ്പെടുത്തണം.
ഇതിലൊക്കെ ഉപരിയായി, ഇംഗ്ലീഷ് പ്ലാൻ്റേഷൻ- വാണിജ്യസംഘങ്ങളുടെ രാജ്യാന്തര സാമ്പത്തിക ലക്ഷ്യങ്ങളും പാർലമെൻ്റ് അംഗങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും കൂടുതൽ ചങ്ങാത്തത്തിലായി പരസ്പരം പരിപോഷിപ്പിച്ചതും, 17-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പാർലമെൻ്റ് അംഗത്വത്തെ തുറന്ന മത്സര വേദിയാക്കുന്നതിൽ എടുത്തു പറയേണ്ട ഘടകമായി വന്നു. സാമ്പത്തിക ശക്തികൾ രാഷ്ട്രീയ ഘടനയെ സ്വാധീനിക്കുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ രാഷ്ട്രീയ ശക്തികൾ സാമ്പത്തിക ഘടനയെ തിരികെ സ്വാധീനിക്കുന്ന പ്രക്രിയയെ ബ്രൂസ് ജി. കാര ത്തേഴ്‌സ് പഠിക്കുന്നുണ്ട് (Bruce G. Carruthers, City of Capital: Politics and Markets in the English Financial Revolution). ഭരണകൂടത്തിന്റെ അധികാരം വർദ്ധിക്കുന്നത് അതിന്റെ സാമ്പത്തിക വിഭവ സ്രോതസ്സുകൾ വികസിക്കുമ്പോഴാണെന്നും, നികുതിയും വായ്പയുമാണ് ഇതിനുള്ള രണ്ടു വഴികളെന്നും, ഈ ധനസമാഹരണം വഴി സ്റ്റേറ്റ് ബ്യൂറോക്രസിയും സൈന്യവും ശക്തിപ്പെടുന്നുവെന്നും കാരത്തേഴ്‌സ് പറയുന്നു.
ഇവിടെ ആഗോള വാണിജ്യ ശക്തികളുമായി ചേർന്നു, അവരിൽ നിന്നും വായ്പകൾ വാങ്ങി, ഇംഗ്ലീഷ് പാർലമെൻ്റ് അധികാരശക്തിയായി ഉയർന്നുവരുന്നത് കാണാം. സ്റ്റേറ്റിനു വായ്പ കൊടുത്തത് തിരികെ കിട്ടണമെങ്കിൽ സ്റ്റേറ്റ് കരുത്തോടെ നിലനിൽക്കേണ്ടത് വാണിജ്യ പ്രമുഖരുടെ കൂടി ആവശ്യമാണ്. അതുപോലെ സ്റ്റേറ്റിനു കൂടുതൽ സുസ്ഥിരമാകണമെങ്കിൽ അതിന്റെ വായ്പാ സ്രോതസ്സുകളെ കൂടി ശക്തിപ്പെടുത്തണം. പരസ്പരമുള്ള ഈ ആശ്രയത്വം വാണിജ്യ താല്പര്യങ്ങൾ രാഷ്ട്രീയത്തിലും രാഷ്ട്രീയലക്ഷ്യങ്ങൾ വാണിജ്യത്തിലും പ്രവേശിക്കാൻ ഇടവരുത്തുന്നു.

വാണിജ്യ- രാഷ്ട്രീയ പരസ്പര സഹകരണത്തിൽ ആഭ്യന്തരമായി രണ്ടുതരം മത്സരങ്ങളും കൂടി ഉടലെടുക്കുന്നുണ്ട്. ഒന്ന്, സാമ്പത്തിക ശക്തികളെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാർ തമ്മിലുള്ള മത്സരം; മറ്റേത് രാഷ്ട്രീയക്കാരെ വശത്താക്കാൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള മത്സരവും. വിഗ്ഗുകളും ടോറികളും തമ്മിലുള്ള അധികാര മത്സരം ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഈസ്റ്റ് ഇന്ത്യാ കമ്പനി, സൗത്ത് സീ കമ്പനി എന്നീ ജോയൻ്റ് സ്റ്റോക് കമ്പനികളിലേക്കും കടന്നുചെന്നു; അവയുടെ നിയന്ത്രണം പിടിച്ചു പറ്റുന്നതിൽ കലാശിച്ചു. അതുപോലെ, പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവർ ഏറെയും ടോറി അനുകൂലികളായിരുന്നു. എഷ്യാ വ്യാപാരത്തിൽ തങ്ങളുടെ വാണിജ്യക്കുത്തകയെ എതിർത്തിരുന്ന സ്വതന്ത്ര കച്ചവടക്കാരെയും മറ്റും അവർ ടോറി രാഷ്ട്രീയസഖ്യം ഉപയോഗപ്പെടുത്തി നേരിട്ടു. ഇതിനു തിരിച്ചടിയെന്നവണ്ണം എതിരാളികൾ വിഗ്ഗുകളുമായി സംഖ്യത്തിലാവുകയും, സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സർക്കാരിന് വൻതുക തന്നെ കടം കൊടുത്തു കൊണ്ടു "ന്യൂ ഈസ്റ്റ് ഇന്ത്യാ കമ്പനി" രൂപീകരിക്കാനുള്ള ചാർട്ടർ കരസ്ഥമാക്കുകയും ചെയ്തു.
തന്നെയുമല്ല, അനുരഞ്ജനത്തിലോ നിശ്ശബ്ദതയിലോ വർത്തിച്ചിരുന്ന സാമൂഹിക ഭിന്നതകളെ തെരഞ്ഞെടുപ്പു മത്സരം വഴി രാഷ്ട്രീയവൽക്കരിച്ചു രൂക്ഷമാക്കുന്നതിലൂടെയാണ് സാമ്പത്തിക-രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള ബാന്ധവമത്സരങ്ങൾ പ്രബലമാകുന്നതും. അതായത് സാമ്പത്തിക ശക്തികളെ വശത്താക്കുക എന്നതിനൊപ്പം, വോട്ടധിഷ്ഠിത തെരഞ്ഞെടുപ്പ് രീതി സാമൂഹിക വിഭാഗീയതകളെ സ്വാധീനിക്കുന്നതിലേക്കും രാഷ്ട്രീയ ശക്തികളെ നയിക്കന്നു. ഇതു തിരികെ മതവിഭാഗീയ ശക്തികളുടെ രാഷ്ട്രീയവൽക്കരണത്തിനും അവ തമ്മിലുള്ള മത്സര സംഘർഷങ്ങൾ ആക്കം കൂട്ടുന്നതിനും കൂടി ഇട വരുത്തുന്നുണ്ട്.
1678-81-ലെ പിന്തുടർച്ചാപ്രതിസന്ധിക്കു (Succession Crisis) ശേഷം പാർലമെൻ്റ് രണ്ടു വിഭാഗങ്ങളായി വിഘടിച്ചപ്പോൾ, തെരഞ്ഞെടുപ്പു പ്രചരണങ്ങളും മതപരമായ സംഘർഷവും ഹർജികളും പുരുഷന്മാരെ സംഘടിത വിശ്വാസ കൂട്ടായ്മകളിൽ ചേരാൻ പ്രേരിപ്പിച്ചത് മാർക്ക് നൈറ്റ്സ് വ്യക്തമാക്കുന്നു (Mark Knights’s Politics and Opinion in Crisis, 1678–81).
ചുരുക്കത്തിൽ സാമ്പത്തികാധികാരികളായ ഇംഗ്ലീഷ് കൊളോണിയൽ വാണിജ്യ ലോകവും രാഷ്ട്രീയാധികാരികളായ പാർലമെൻ്റും സാമൂഹികാധികാരം പേറുന്ന ക്രിസ്തുമത വിഭാഗങ്ങളും പരസ്പരം ഐക്യപ്പെട്ടു; എന്നാൽ അവയോരോന്നും ആന്തരികമായി മത്സരിച്ചും പരസ്പരം വളരുന്ന ചിത്രം, വർദ്ധിച്ച പാർലമെൻ്റ് അധികാരവും അതിന്റെ ഫലമായ വോട്ടെടുപ്പു രാഷ്ട്രീയവും നമുക്ക് കാണിച്ചു തരുന്നുണ്ട്.
എം.പി. സീറ്റ് മാർക്കറ്റ്
17-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ ഇതര വൻകരകളിൽ ഇംഗ്ലീഷ് പ്ലാൻ്റേഷൻ- വർത്തക ശക്തികൾ കോളനി സാമ്രാജ്യത്വം വിപുലമാക്കുന്നതിനു സമാന്തരമായി ഇംഗ്ലീഷ് പാർലമെൻ്റിന്റെ ഭരണാധികാരങ്ങളും വർദ്ധിക്കുന്നു. പാർലമെൻ്റിന്റെ അധികാരങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ചു പാർലമെൻ്റ് തെരഞ്ഞെടുപ്പ് കടുത്ത മത്സരവേദിയായി മാറുന്നു. തെരഞ്ഞെുപ്പു മത്സരം ഇംഗ്ലീഷ് സമൂഹത്തിൽ സമവായത്തിലിരുന്ന വിഭാഗീയതകളെ സംഘർഷ കലുഷിതമാക്കുകയും, അവയ്ക്കു രാഷ്ട്രീയ മുഖം നൽകുകയും, മതവിഭാഗീയതയുടെ രാഷ്ട്രീയച്ചേരികൾ പിറക്കുകയും ചെയ്യുന്നു. രാഷ്ട്രീയ വിഭാഗീയതയാർജ്ജിച്ച സാമൂഹിക വിഭാഗീയതകളിലേക്കു വാണിജ്യ ശക്തികളും ഭാഗഭാക്കായപ്പോൾ ഈ പാർലമെൻ്ററി പാർട്ടികൾ സ്ഥിരരൂപം ആർജ്ജിക്കുകയും, പാർലമെൻ്റ് തെരഞ്ഞെടുപ്പു മത്സരം വീണ്ടും തീവ്രതരമാകുകയും ചെയ്തു. അങ്ങനെ തിരഞ്ഞെടുപ്പു വഴി സാമ്പത്തിക കേന്ദ്രീകരണത്തിന്റെയും അധികാര പ്രബലനത്തിന്റെയും സാമൂഹിക വിഭജനത്തിന്റെയും ഗിയർ വേഗതയുടെ ചാക്രികത രൂപപ്പെട്ടുവെന്നു സാരം.
വോട്ടധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ തെരഞ്ഞെടുപ്പു തന്നെ, ലക്ഷണമൊത്ത ഒരു സാമൂഹിക സ്ഥാപനമായി നിലകൊള്ളുകയാണ്. രാഷ്ട്രീയപരമായ ഈ പുതിയ സാമൂഹിക സ്ഥാപനത്തിന്റെ ഘടനയും ധർമ്മവും സവിശേഷതകളും വിശദമായി മനസ്സിലാക്കുക അത്യാവശ്യമാണ്.
18-ാം നൂറ്റാണ്ട് ആരംഭിക്കുമ്പോൾ ബ്രിട്ടനിൽ പാർലമെൻ്റ് സീറ്റ് എന്നത് കുലീനർക്കിടയിലെ പരമ്പരാഗത പ്രാദേശിക അവകാശങ്ങൾ എന്നതു വിട്ട്, രൊക്കം പണമുണ്ടെങ്കിൽ തെരഞ്ഞെടുപ്പു മാർക്കറ്റിൽ വിലയ്ക്കു വാങ്ങാവുന്ന ഒരു ചരക്കായി സ്ഥാനം പിടിച്ചു. ബറോ-മംഗേഴ്സ്" (borough-mongers) എന്ന് വിളിക്കപ്പെട്ടിരുന്ന ഇടനിലക്കാർ സീറ്റുകൾ ഏറ്റവും കൂടുതൽ ലേലം വിളിക്കുന്നവർക്ക് വിൽക്കാൻ തുടങ്ങി. ഈ സീറ്റുകൾ പത്രങ്ങളിൽ പരസ്യം ചെയ്യുക പോലും ചെയ്തിരുന്നു. 1767-ൽ ലണ്ടൻ ക്രോണിക്കിൾ പത്രത്തിൽ ഇത്തരം പരസ്യങ്ങൾ വരുകയുണ്ടായി. "ഓപ്പറയിലെ ടിക്കറ്റുകൾ പോലെ സീറ്റുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തു" എന്ന് 1817-ൽ പാർലമെൻ്റിൽ ഒരു ഹർജി പോലും സമർപ്പിക്കപ്പെട്ടു (Edward Porritt, The Unreformed House of Commons: Parliamentary Representation Before 1832).
പല കാരണങ്ങളാൽ ആൾപ്പാർപ്പില്ലാതായ ബറോകളിലും (Rotten Boroush) നാട്ടുപ്രഭുവിന്റെ ഇംഗിതം അന്തിമമായ ബറോകളിലും (Pocket borough) പ്ലാൻ്റേഷൻ- വാണിജ്യശക്തികൾ തങ്ങളുടെ രൊക്കം പണം കൊണ്ട് എളുപ്പം സീറ്റുകൾ കരസ്ഥമാക്കി. ചിലർ ഭൂസ്വത്ത് വാരിക്കൂട്ടി വോട്ടവകാശം സ്ഥാപിച്ചു. കോർപ്പറേഷൻ പ്രദേശങ്ങളിൽ വോട്ടുകൾ നിയന്ത്രിച്ചിരുന്ന കൗൺസിലർമാരെ അവർ വശത്താക്കി സീറ്റു നേടി. ചില പട്ടണങ്ങളിൽ വോട്ടർമാർക്ക് സൗജന്യ ഭക്ഷണം, പണം, മദ്യം എന്നിവ ആവശ്യാനുസരണം നൽകി. ഇതിന്റെയർത്ഥം വാണിജ്യ ശക്തികൾ എല്ലാം എം.പി.മാരായി മാറി എന്നല്ല. മത്സരാധിഷ്ഠിത തെരഞ്ഞെടുപ്പിൽ അവരുടെ സ്വാധീനം നിർണ്ണായമായി എന്നതാണ്.
മാർക് നൈറ്റിന്റെ ഒരു ലേഖനത്തിൽ പാർലമെന്ററി സീറ്റ് നേടാനുള്ള മത്സരം ശക്തമായതോടെ ഫ്യൂഡൽ രക്ഷാകർത്തൃത്വം, ആതിഥ്യ മര്യാദ, സാമൂഹിക ബാധ്യത, പ്രാദേശിക സ്വാധീനം എന്നിവ തെരഞ്ഞെടുപ്പിൽ പുതിയ രൂപത്തിൽ അവതരിച്ചതായി എഴുതുന്നു (Mark Knights’s “Electoral Corruption in the Long Eighteenth Century”). വോട്ടർമാരെ സ്വാധീനിക്കാൻ വിരുന്നു സൽക്കാരം, സമ്മാനം, പണം, തൊഴിൽ, പ്രാദേശിക സഹായങ്ങൾ എന്നിവ ഫ്യൂഡൽ ആശ്രിത വാത്സല്യത്തിന്റെ പുതിയ പ്രകടനങ്ങളായി പ്രത്യക്ഷപ്പെട്ടുവെന്നു പറയാം. ഇന്ത്യയിൽ നിന്നും അഴിമതിയിലുടെ പണം സമ്പാദിച്ചു ചില ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനം നേടുന്നതായി, 1785 ൽ എഡ്മണ്ട് ബർക്ക് (Edmund Burke ) ബ്രിട്ടീഷ് പാർലമെൻ്റിൽ വിമർശിക്കുന്നുണ്ട്.
മത്സരാധിഷ്ഠിത പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പണാധിപത്യത്താൽ മുന്നിലേക്കുവന്ന ഇംഗ്ലീഷ് കോളനി സാമ്രാജ്യത്വ വാണിജ്യശക്തികളെ (ആഗോള വാണിജ്യം വഴി രൊക്കം പണത്തിന്റെ മുഖ്യസ്രോതസ്സുകൾ ഇവരായിരുന്നു) അന്ന് ഉയർന്നുവന്ന പുത്തൻ വർഗ്ഗമായി കാണുന്നതും ചരിത്രപരമായി യോജിക്കുന്നതല്ലെന്നു ഇപ്പോൾ പഠനങ്ങൾ കാണിച്ചു തരുന്നുണ്ട്. പകരം മുമ്പ് നാം പറഞ്ഞ പ്രാദേശിക സ്വയംഭരണാധികാരികൾ ആയിരുന്ന നാട്ടുപ്രഭു- പട്ടണ വർത്തക പ്രമാണിമാരിൽ നിന്നു തന്നെയാണ് ഇവരിൽ ഏറെപ്പേരും ഉയർന്നുവന്നത് (L. H. Roper, Advancing Empire: English Interests and Overseas Expansion, 1613–1688). "സ്വന്തം അധ്വാനവും കഴിവും കൊണ്ട് സ്വയം നിർമ്മിക്കപ്പെട്ട ഇംഗ്ലീഷ് വ്യക്തി" എന്ന സാമ്പ്രദായിക ലിബറൽ ചരിത്രവ്യാഖ്യാനവുമായി ഈ ചരിത്രം പൊരുത്തപ്പെടുന്നില്ല. തങ്ങളുടെ സമ്പത്ത്, രാജ്യാന്തരമായി വളരുന്ന പ്ലാൻ്റേഷൻ- വാണിജ്യ കാര്യങ്ങളിലേക്കു അവർ തിരിച്ചുവിടുകയാണുണ്ടായത്.

അതായത്, സാമ്പത്തിക ശക്തികൾ പഴയതാണെങ്കിലും, അവരുടെ സാമ്പത്തിക സ്രോതസ്സുകൾക്കും, അതുവഴി അവരുടെ പരമ്പരാഗത താല്പര്യങ്ങൾക്കും മാറ്റം സംഭവിച്ചു. എന്നാൽ, ഈ സാമ്പത്തിക ശക്തികളുടെ സാംസ്കാരിക വേരുകൾ പരമ്പരാഗത സാമൂഹിക സ്ഥാപനങ്ങളുമായി കെട്ടു പിണഞ്ഞു കിടക്കുകയും അവയെല്ലാം തെരഞ്ഞെടുപ്പിലൂടെ കരുത്താർജ്ജിക്കുകയും ചെയ്തു.
17 -ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഇംഗ്ലീഷ് സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക ഘടനയിൽ ഉണ്ടായ മാറ്റം - പാർലമെൻ്റ് സ്ഥാനലബ്ധി മത്സരാധിഷ്ഠിത തെരഞ്ഞെടുപ്പായി മാറിയതും, അതിന്റെ സാഹചര്യങ്ങളും- ഇന്നു നിലവിലുള്ള ലിബറൽ ഡെമോക്രസിയെ പറ്റി ചില പാഠങ്ങൾ നമുക്കു നൽകുന്നുണ്ട്. അതിൽ ശ്രദ്ധിക്കേണ്ട ഒന്ന്, തെരഞ്ഞെടുപ്പ് വോട്ടധിഷ്ഠിത മത്സരമായി മാറുമ്പോൾ സാമൂഹിക സ്ഥാപനങ്ങൾ മുൻപന്തിയിലേയ്ക്കു വരുന്നു എന്നതാണ്. സാമൂഹിക സ്ഥാപനങ്ങൾ ഒന്നുകിൽ രാഷ്ട്രീയ രൂപം സ്വീകരിക്കുകയോ അല്ലെങ്കിൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയോ ചെയ്യുന്നു. രണ്ടു വിധത്തിലായാലും സ്ഥാപനപരമായ വിഭജനങ്ങൾ സമൂഹത്തിൽ കൂടുതൽ കർക്കശമായി തീരുന്നു; കൂടാതെ സ്ഥാപനങ്ങളും വ്യക്തികളും തമ്മിലുള്ള ബന്ധം കൂടുതൽ ഉറപ്പുള്ളതായി മാറുന്നു. സാമൂഹിക സ്ഥാപനബന്ധം വ്യക്തികളിൽ ദൃഢമാകുന്നതിനൊത്ത് സ്ഥാപന നിർമ്മിതമായ പഴയ ശീലങ്ങളും രാഷ്ട്രീയരൂപം കൈവരിക്കുന്നുണ്ട്.
ഒന്നുകൂടി ഉള്ളിലേയ്ക്കു നോക്കിയാൽ വോട്ടധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ തെരഞ്ഞെടുപ്പു തന്നെ, ലക്ഷണമൊത്ത ഒരു സാമൂഹിക സ്ഥാപനമായി നിലകൊള്ളുകയാണ്. രാഷ്ട്രീയപരമായ ഈ പുതിയ സാമൂഹിക സ്ഥാപനത്തിന്റെ ഘടനയും ധർമ്മവും സവിശേഷതകളും വിശദമായി മനസ്സിലാക്കുക അത്യാവശ്യമാണെന്നു തോന്നുന്നു. അതോടൊപ്പം വോട്ടധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ തെരഞ്ഞെടുപ്പ് എന്ന സാമൂഹിക സ്ഥാപനം സ്വതന്ത്ര വ്യക്തിയുടെ അവകാശങ്ങളിൽ അടിയുറച്ച ലിബറൽ രാഷ്ട്രീയ തത്ത്വങ്ങളുമായി എത്രമാത്രം പൊരുത്തപ്പെടുന്നു എന്നും പരിശോധിക്കണം.
(തുടരും).

