1957 മുതലുള്ള ചരിത്രത്തിൽ തിരൂരിന് മുസ്‌ലിം ലീഗല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. 2006ൽ ഒരു തവണ മാത്രം സി.പി.എമ്മിലേക്ക് കൈവിട്ടുപോയി; പി.പി. അബ്ദുള്ളക്കുട്ടിയിലൂടെ. അതുകൊണ്ട്, നിസ്സംശയം ലീഗ് കോട്ട എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തിരൂരിൽ ഇത്തവണ ഒരു മത്സരമുണ്ട്, അതും വാശിയേറിയതുതന്നെ.
ലീഗ് പ്രാദേശിക നേതാവും സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റുമായ കുറുക്കോളി മൊയ്തീനെതിരെ കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി.പി.എം തിരൂർ ലോക്കൽ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസാണ് മത്സരിക്കുന്നത്. സി.പി.എം പ്രവർത്തകനും പ്രവാസി സംഘടന നേതാവുമായ ഗഫൂറിന് വലിയ പ്രതീക്ഷയാണുള്ളത്. കാരണം, 2016ൽ ലീഗിലെ സിറ്റിങ് എം.എൽ.എ സി. മമ്മൂട്ടിയുടെ ഭൂരിപക്ഷം, 2011ലെ 23,566ൽനിന്ന് 7061ലേക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. ഇത്തവണ അത് വിജയമാകുമെന്നാണ് ഗഫൂറിന്റെ പ്രതീക്ഷ.
പ്രചാരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വരവോടെ എൽ.ഡി.എഫ് പ്രവർത്തകർ ആവേശത്തിലുമാണ്.
കുറുക്കോളി മൊയ്തീന്റെ നിയമസഭയിലേക്കുള്ള ആദ്യ മത്സരമാണിത്. തിരൂരിൽനിന്നുതന്നെയുള്ള ആളെ സ്ഥാനാർഥിയാക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ചാണ്, നാട്ടിൽ സ്വാധീനമുള്ള മൊയ്തീൻ വരുന്നത്. കഴിഞ്ഞ തവണയും മൊയ്തീന്റെ സ്ഥാനാർഥിത്വത്തിനുവേണ്ടി തിരൂരിൽനിന്ന് ആവശ്യമുയർന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം.
കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ. എം. അബ്ദുൽ സലാമാണ് എൻ.ഡി.എയുടെ വേഷത്തിൽ മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന മൂത്താണ് ബി.ജെ.പിയുടെ ഭാഗമായതെന്ന് തുറന്നുപറഞ്ഞാണ് അദ്ദേഹം മത്സരിക്കുന്നത്.
തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കൽപകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂർ, വെട്ടം എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം.
1957 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ 2001 വരെ ലീഗ് മാത്രമാണ് ജയിച്ചത്. 2006 ൽ ചരിത്രത്തിലാദ്യമായി സി.പി.എമ്മിന്റെ പി.പി. അബ്ദുള്ളക്കുട്ടി ജയിച്ചു. എന്നാൽ 2011 ൽ സി. മമ്മൂട്ടിയിലൂടെ തിരൂർ ലീഗ് പിടിച്ചെടുത്തു.