‘ദിവസം കിട്ടുന്ന 2000 രൂപ അലവൻസ് വാങ്ങാനല്ല ഞങ്ങൾ പാർലമെന്റിൽ പോകുന്നത്'

‘വീ വാണ്ട് ഡിസ്‌കഷൻ, ചർച്ച കരോ', ഈ രണ്ട് വാചകങ്ങൾ മാത്രമാണ് ലോക്‌സഭയിൽ ഞങ്ങൾ പറഞ്ഞത്. അതിന് ഭരണകൂടം തയ്യാറല്ല. അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്തപ്പോൾ അതനുവദിച്ചില്ല. ചർച്ച അനുവദിക്കില്ല എന്നുപറയുന്ന ഒരു നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.'- വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങളിൽ പ്രതിഷേധിച്ചതിന് സസ്‌പെന്റ് ചെയ്യപ്പെട്ട എം.പി ടി.എൻ. പ്രതാപൻ, പാർലമെന്റിൽ അരങ്ങേറുന്ന ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ച് ട്രൂ കോപ്പി വെബ്‌സീനുമായി സംസാരിക്കുന്നു.

Truecopy Webzine

‘‘ഞങ്ങളൊക്കെ എന്തിനാണ്​ പാർലമെന്റിൽ പോകുന്നത്? വെറുതെ അവിടെ പോയി, അവിടെ പറയുന്നതും കേട്ട്, ദിവസവും 2000 രൂപ അലവൻസും വാങ്ങി, സൗജന്യമായി കിട്ടുന്ന വിമാന- ട്രെയിൻ ടിക്കറ്റും വാങ്ങി, ജനങ്ങളുടെ നികുതിപ്പണം പാഴാക്കാനല്ല ഞങ്ങൾ പാർലമെന്റിൽ പോകുന്നത്. ആ പ്രിവിലേജ് എൻജോയ് ചെയ്യാനാണോ? അല്ല, ഞങ്ങളെപ്പോലെയുള്ള ആളുകൾക്ക് അത് പറ്റില്ല. ജനങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം തരണം. വളരെ ഗുരുതരമായ ഈ ദുരന്തത്തിൽ നിന്ന് ഇന്ത്യ കരകയറിയില്ലെങ്കിൽ നമ്മുടെ രാജ്യം മറ്റൊരു ശ്രീലങ്കയായി മാറുമോയെന്ന് നാം പേടിക്കേണ്ടതുണ്ട്.

രൂപയുടെ മൂല്യം ദിവസവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമാകുന്നു. തൊഴിലില്ലായ്മ വർധിക്കുന്നു. എല്ലാ മേഖലകളിലും നമ്മൾ താഴോട്ട് പോകുകയാണ്. ഇതുതന്നെയാണ് ശ്രീലങ്കയിലുണ്ടായത്. വന്നുവന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ശ്രീലങ്കയിലെ സ്ഥിതി കണ്ടില്ലേ. അങ്ങനെ ഇന്ത്യ ഒരു ശ്രീലങ്കയാവാൻ അനുവദിച്ചുകൂടാ. രാഷ്ട്രീയ തർക്കങ്ങൾ വേറെ. രാജ്യവും ജനങ്ങളും എന്നുപറയുന്നത് ജീവന്റെ ജീവനാണ്. ആ കാര്യമാണ് ഇന്ന് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത്’- ജനകീയ പ്രശ്​നങ്ങളുന്നയിച്ചതിന്​ ലോക്​സഭയിൽനിന്ന്​ സസ്​പെൻറ്​ ചെയ്യപ്പെട്ട ടി.എൻ. പ്രതാപൻ എം.പി ട്രൂ കോപ്പി വെബ്​സീനുമായി സംസാരിക്കുന്നു.

‘‘ഞങ്ങളോട് ഡൽഹിയിലെ ഓട്ടോറിക്ഷക്കാർ സംസാരിക്കുന്നുണ്ട്, ഞങ്ങൾ കയറുന്ന തട്ടുകടയിലെ ആളുകൾ സംസാരിക്കുന്നുണ്ട്. എം.പിമാരാണെന്ന് പറയുമ്പോൾ അവരെല്ലാം ഞങ്ങളോട് രൂക്ഷമായി പ്രതികരിക്കുകയാണ്, ബി.ജെ.പിക്ക് വോട്ട് ചെയ്ത ആളുകൾ വരെ. അവർക്ക് മനസ്സിലായി, രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന്. ബി.ജെ.പി.യെയും കേന്ദ്ര സർക്കാരിനെയും അനുകൂലിക്കുന്ന ചില സ്പോൺസേഡ് മാധ്യമങ്ങളുണ്ട്. ആ സ്പോൺസേഡ് മാധ്യമങ്ങളൊഴികെയുള്ള ഓൺലൈൻ മാധ്യമങ്ങളായാലും അല്ലെങ്കിൽ നേര് ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങളുൾപ്പെടെ, ജനങ്ങളടക്കം ഈ തിന്മ ചോദ്യംചെയ്യുന്നുണ്ട്.’’

‘‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എ.കെ.ജി.യെ കേട്ടിരുന്നത് എത്ര മനോഹരമായിട്ടായിരുന്നു. പാർലമെന്റിൽ അന്ന് പ്രതിപക്ഷത്തിന്റെ എണ്ണം പരിമിതമാണ്, കമ്യൂണിസ്റ്റുകാരുടെ എണ്ണവും. പക്ഷെ എ.കെ.ജി. പ്രതിപക്ഷനേതാവായി. എ.കെ.ജി. വന്നവിടെ ഇരിക്കും. പ്രധാനമന്ത്രിയും വന്നിരിക്കും. പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കും. അന്നത്തെ പാർലമെന്റിന്റെ പ്രവർത്തനചരിത്രം വായിക്കുമ്പോൾ നാം രോമാഞ്ചം കൊള്ളും, ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് അഭിമാനം കൊള്ളും. എ.കെ.ജി.യുടെ ഇംഗ്ലീഷ് പരിമിതമാണ്. പക്ഷെ അതിനോട് നെഹ്റു കാതുകൂർപ്പിച്ചിരിക്കും. അതിനോട് പ്രതികരിക്കും. എണ്ണം നോക്കിയിട്ടായിരുന്നില്ല പ്രതിപക്ഷത്തെ അന്ന് പാർലമെന്റിൽ മാനിച്ചിരുന്നത്. ഇതായിരുന്നു കീഴ്​വഴക്കം’’- ടി.എൻ. പ്രതാപൻ പറഞ്ഞു.

ടി.എൻ. പ്രതാപൻ / ഷഫീഖ് താമരശ്ശേരി
‘വീ വാണ്ട് ഡിസ്‌കഷൻ, ചർച്ച കരോ',
പാർലമെന്റിൽ ഈ വാചകങ്ങളും വിലക്കപ്പെട്ടിരിക്കുന്നു
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 88ൽ വായിക്കാം

Comments