കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തുടർഭരണം പ്രവചിച്ച് ട്രൂ കോപ്പി തിങ്ക് സർവേ. എൽ.ഡി.എഫിന് 85- 95 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 45- 55 സീറ്റും എൻ.ഡി.എക്ക് 0-2 സീറ്റുകളും മറ്റുള്ളവർക്ക് 0-1 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
വോട്ടുശതമാനത്തിൽ ഇരുമുന്നണികൾക്കും കഴിഞ്ഞതവണത്തേതിൽനിന്ന് വലിയ വ്യത്യാസമില്ല. എൽ.ഡി.എഫ്- 44.2, യു.ഡി.എഫ്- 38.2, എൻ.ഡി.എ- 15.4 ശതമാനം വീതം വോട്ടാണ് നേടുക. മറ്റുള്ളവർ 2.2 ശതമാനവും.
വടക്കൻ കേരളത്തിലാണ് എൽ.ഡി.എഫിന് കൂടുതൽ സീറ്റുകൾ; 39-43. യു.ഡി.എഫിന് 17- 21, എൻ.ഡി.എക്ക് 0-1 സീറ്റുവീതമാണ് വടക്കൻ കേരളത്തിൽ ലഭിക്കുക.
മധ്യകേരളത്തിൽ യു.ഡി.എഫിനാണ് മുൻതൂക്കം. എൻ.ഡി.എക്ക് സീറ്റില്ലെന്നും പ്രവചനം. എൽ.ഡി.എഫിന് 18-22, യു.ഡി.എഫിന് 19-23 സീറ്റുവീതം ലഭിക്കും.
തെക്കൻ കേരളത്തിൽ എൽ.ഡി.എഫിന് 26- 31, യു.ഡി.എഫിന് 9-13, എൻ.ഡി.എക്ക് 0-1 സീറ്റുവീതം ലഭിക്കും.
മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മികച്ചത് എന്ന് 52.4 ശതമാനം പേരും മികച്ചത് എന്ന് 26.9 ശതമാനം പേരും പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രകടനം വളരെ മികച്ചത് എന്ന് 24.4 ശതമാനവും മികച്ചത് എന്ന് 33 ശതമാനവും പേർ അഭിപ്രായപ്പെട്ടു.
സർക്കാറിന്റെ പ്രകടനം വളരെ മികച്ചതെന്ന് 40.8 ശതാനവും മികച്ചത് എന്ന് 34.8 ശതമാനവും പേർ പറയുന്നു. പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മികച്ചതെന്ന് 21 ശതമാനവും മികച്ചത് എന്നത് 37.9 ശതമാനവും പറയുന്നു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ 62.9 ശതമാനവും പറഞ്ഞത് റേഷൻകിറ്റ് അടക്കമുള്ള ക്ഷേമപ്രവർത്തനങ്ങളാണ്.
രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലാണ് വോട്ട് െചയ്യുക എന്ന് 63.2 ശതമാനം പേരും പറയുന്നു. സ്ഥാനാർഥിയുടെ വ്യക്തിത്വത്തിന് 21.6 ശതമാനവും മത- സാമുദായിക പരിഗണനകൾക്ക് 7.5 ശതമാനവും പ്രാദേശിക വിഷയങ്ങൾക്ക് 7 ശതമാനവും വോട്ടുചെയ്യുന്നതായി സർവേ പറയുന്നു.
മാർച്ച് 22 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് തിങ്കിന്റെ പ്രതിനിധികൾ സർവേ നടത്തിയത്. സ്ട്രാറ്റിഫൈഡ് സിസ്റ്റമാറ്റിക്ക് റാൻഡം സാംപ്‌ളിങ്ങ് എന്ന ശാസ്ത്രീയ രീതിയാണ് സർവേയ്ക്ക് സ്വീകരിച്ചത്.
ഇതിനായി കേരളത്തിലെ പതിനാല് ജില്ലകളെ നാല് റീജിയനുകളായി തിരിച്ചു. ഒപ്പം മണ്ഡലങ്ങളെ സുനിശ്ചിത മണ്ഡലങ്ങൾ, അനിശ്ചിത മണ്ഡലങ്ങൾ എന്നിങ്ങനെയും തരംതിരിച്ചു. തുടർച്ചയായ നാല് നിയമസഭാ തെരഞ്ഞെടുപ്പുകിൽ ഒരേ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളാണ് സുനിശ്ചിത മണ്ഡലങ്ങളായി കണക്കാക്കിയത്. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത മുന്നണികളെ വിജയിപ്പിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള മണ്ഡലങ്ങളാണ് അനിശ്ചിത മണ്ഡലങ്ങൾ. ഓരോ മണ്ഡലത്തിലും നാല് വീതം പഞ്ചായത്തുകളെയും നഗരസഭകളെയും തെരഞ്ഞെടുത്തു. ഓരോ പഞ്ചായത്ത്/ നഗരസഭ കളിൽ നാലുവീതം വാർഡുകൾ സർവ്വേയിൽ ഉൾപ്പെടുത്തി. ഒരോ വാർഡിലും വോട്ടർമാരെ വീടുകളിൽ കണ്ട് സംസാരിച്ചാണ് പ്രതികരണം തേടിയത്.