ആൾക്കൂട്ട രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ നിയമവാഴ്ചയെയും സാമൂഹിക ഐക്യത്തെയും വ്യക്തിഗത സ്വാതന്ത്ര്യങ്ങളേയും പോലുള്ള അടിസ്ഥാന ആശയങ്ങളെ ദുർബലപ്പെടുത്തുകയും സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്ന പ്രതിഭാസമായാണ് കണക്കാക്കപ്പെടുന്നത്. പ്രമുഖ അക്കാദമീഷ്യനായ പ്രതാപ് ഭാനു മേത്തയുടെ അഭിപ്രായത്തിൽ, നിലവിൽ ഇന്ത്യയിൽ ആൾക്കൂട്ട രാഷ്ട്രീയത്തിന്റെയും, അതിന്റെ ഭാഗമായ ആക്രമണങ്ങളുടെയും അഭൂതപൂർവമായ തരംഗമുണ്ടാകുന്നുണ്ട്. ഭരണഘടനാപരവും രാഷ്ട്രീയവുമായ മേഖലകളിലേക്ക് പ്രവേശിച്ചതിനാൽ മുഖ്യധാരാ രാഷ്ട്രീയക്കാർക്കും പൌരന്മാർക്കും ഇടയിൽ ഇതിനു സ്വീകാര്യത കൈവന്നിട്ടുമുണ്ട്. ജനാധിപത്യ സമൂഹത്തിൽ ആൾക്കൂട്ട അക്രമ രാഷ്ട്രീയത്തിന്റെ വിപത്തുകളെപ്പറ്റിയുള്ള ആശങ്കകളാണ് പ്രതാപ് ഭാനു പങ്കുവെക്കുന്നതെങ്കിൽ, രാഷ്ട്രീയവൽക്കരിക്കപ്പെടാത്ത ആൾക്കൂട്ടം ദുരന്തമായി തീർന്നതിന്റെ സാക്ഷ്യമാണ് തമിഴ്‌നാട്ടിലെ കരൂരിൽ തമിഴ് വെട്രി കഴകത്തിന്റെ (TVK) റാലിയോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് പൊലിഞ്ഞ 41 മനുഷ്യ ജീവനുകൾ.
ജനാധിപത്യ രാജ്യത്തെ ഒരു രാഷ്ട്രീയ സംഘടനാ സംവിധാനം ഔദ്യോഗികമായി രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു താരരൂപത്തെ മാത്രം ചുറ്റിപ്പറ്റിയുള്ള പാർട്ടി എന്ന നിലയിൽ TVK അതിന്റെ ദൗർബല്യങ്ങൾ വളരെ പെട്ടെന്ന് തന്നെ പുറത്ത് കാണിച്ചു തുടങ്ങി. തമിഴ്‌നാട്ടിലെ മിക്കവാറും എല്ലാ ജില്ലകളിലും വാർഡ് തലം തൊട്ടുള്ള കമ്മറ്റികൾ രൂപീകരിച്ച് 2026- ലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്ന ഒരു സംഘടനാ സംവിധാനം, നിലവിൽ ഈ പാർട്ടിക്കുണ്ട്. മതേതരത്വം, സാമൂഹിക നീതി തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പാർട്ടിയുടെ പ്രചാരണം. രാഷ്ട്രീയത്തിലെ മതവിഭാഗീയത, കുടുംബാധിപത്യം, അഴിമതിപോലുള്ളവയ്‌ക്കെതിരെയാണ് TVK- യുടെ വിമർശനങ്ങൾ. വ്യക്തമായ സോഷ്യൽ എഞ്ചിനീറിങ്ങിലൂടെ നഗരങ്ങളെ കേന്ദ്രീകരിച്ച് യുവാക്കൾക്കിടയിൽ തരംഗങ്ങൾ സൃഷ്ടിക്കാനും ഉത്തരേന്ത്യൻ മാതൃകയിൽ പി ആർ രാഷ്ട്രീയത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് തുടക്കം മുതലേ TVK ശ്രമിച്ചുവരുന്നത്. ഗ്രാമങ്ങൾ നഗര രൂപങ്ങളിലേക്കു കുതിക്കുമ്പോൾ നഗരങ്ങളിലൂടെ ഗ്രാമങ്ങളെ കീഴടക്കാം എന്ന ഒരു പരമ്പരാഗതേതര രാഷ്ട്രീയ യുക്തിയാണ് TVK- യുടേത് എന്ന് കരുതാം.

'വിജയ് മക്കൾ ഇയക്കം' എന്ന ആരാധക കൂട്ടായ്മയെ വർഷങ്ങളിലൂടെ വളർത്തിയെടുക്കാൻ തൻെറ നായകശരീരത്തിന് സാധിച്ചു എന്നതും കീഴ്ത്തട്ടു യുവാക്കളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രാപ്‌തരല്ല എന്ന വിമർശനത്തിന്റെ സാംഗത്യവുമാണ് അനുകൂല സാഹചര്യമായി വിജയ്ക്ക് മുന്നിൽ ഉരുത്തിരിഞ്ഞു വന്നത്. അങ്ങനെയാണ് തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രൂപം കൊള്ളുന്നത്.
രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തന്നെ അഴിമതിക്കും കുടുംബ വാഴ്ചക്കും സാമൂഹിക അനീതിക്കെതിരെയുമുള്ള പോരാട്ടം നടത്തുന്ന ഒരു നായക സ്വരൂപത്തെ സൃഷ്ടിച്ചെടുക്കാൻ തന്റെ സിനിമകളിലൂടെ വിജയ് വ്യക്തമായ ഇടപെടൽ നടത്തി. തമിഴൻ, തലൈവാ, കത്തി, മെർസൽ, സർക്കാർ എന്നീ ചിത്രങ്ങൾ ഉദാഹരണങ്ങളായി പറയാം.
സാമൂഹിക ഉത്തരവാദിത്തമില്ലാത്ത ഒരു ജൂനിയർ അഭിഭാഷകൻ, സാഹചര്യങ്ങളുടെ നിർബന്ധം കൊണ്ട് സത്യസന്ധനായി മാറുന്നതും നിയമം കൈയിലെടുക്കാതെ വില്ലന്മാരോട് പ്രതികാരം ചെയ്യുന്നതുമാണ് തമിഴൻ എന്ന സിനിമയുടെ പ്രമേയം. 'നയിക്കാൻ നേരമായി' (Time to lead) എന്ന ടാഗ് ലൈനോടുകൂടി തിയേറ്ററുകളെ ത്രസിപ്പിച്ച ചിത്രമാണ് തലൈവാ. മുംബൈയിലെ ധാരാവിയിൽ തമിഴ് സമൂഹത്തിന്റെ സംരക്ഷകനായ അണ്ണയുടെ ജീവിതത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ ഓസ്ട്രേലിയയിൽ വളർന്ന വിശ്വ എന്ന മകന്റെ കഥ. എതിരാളിയായ ഗുണ്ടാനേതാവിൽ നിന്നു പിതാവിനുണ്ടാവുന്ന വധഭീഷണിയെ കുറിച്ച് മനസ്സിലാക്കുന്ന യുവാവ് തമിഴ് സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്വജനത്തെ സംരക്ഷിക്കാൻ പ്രണയ ജീവിതം ത്യജിക്കുന്നു.
ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള NDA എം.പി മാരുടെ സംഘം കരൂർ സന്ദർശിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സമ്മർദ്ദതന്ത്രങ്ങൾ വഴി TVK- യെയും വിജയ് യെയും നിയന്ത്രണത്തിൽ കൊണ്ടു വന്ന് മുന്നണിയിലേക്കെത്തിക്കാമെന്നാണ് ബി ജെ പി കണക്കുകൂട്ടൽ.
'കത്തി'യിൽ, ജയിലിൽ നിന്ന് രക്ഷപ്പെടുന്ന കതിരേശൻ എന്ന ചെറുപ്പക്കാരൻ, ആകസ്മികമായി തന്നോട് രൂപസാദൃശ്യമുള്ള ജീവ എന്ന അപരനെ കണ്ടുമുട്ടുന്നു, ജീവ കുറ്റവാളികളുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് അതിജീവനത്തിന്റെ ഭാഗമായി കതിരേശൻ, അപരനായി വേഷം മാറുന്നു. ജീവയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കിയ കതിരേശൻ അനീതിക്കെതിരെ കുരിശുയുദ്ധമാരംഭിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെ കൊലപ്പെടുത്തിയ അഴിമതിക്കാരനായ വ്യവസായി ഡാനിയേൽ എന്ന പൊതുശത്രുവിനെ തുറന്നുകാട്ടാൻ വെട്രി എന്ന ജാലവിദ്യക്കാരനായ മാന്ത്രികനും മാരൻ എന്ന ആത്മാർത്ഥതയുള്ള ഡോക്ടറും ഒന്നിക്കുന്നതാണ് മെർസലിൻ്റെ പ്രമേയം.
സർക്കാരിൽ, ഒരു പ്രവാസി വ്യവസായി, സുന്ദർ രാമസ്വാമി വോട്ട് ചെയ്യാനായി നാട്ടിലെത്തുകയും വോട്ടിംഗ് ക്രമക്കേടിനെക്കുറിച്ച് മനസ്സിലാക്കി ഇതിനെതിരെയുള്ള പോരാട്ടത്തിന് തിരികൊളുത്തുകയും ചെയ്യുന്നു. അഴിമതിക്കാരായ കുടുംബാധിപത്യ രാഷ്ട്രീയക്കാർ രാമസ്വാമിയുടെ വഴി തടയാൻ ശ്രമിക്കുന്നതും അതിനെതിരെ വിജയം കൈവരിക്കുന്നതുമാണ് ഇതിവൃത്തം.
ഈ സിനിമകളുടെയൊക്കെ പ്രമേയം പരിശോധിച്ചാൽ ആകസ്മികമായി സാമൂഹിക /രാഷ്ട്രീയ നേതാവാകുന്ന ഒരാളാണ് നായകൻ എന്ന് കാണാം. പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോൾ, പ്രത്യക്ഷപ്പെടാതെ വയ്യ എന്ന സാഹചര്യത്തിൽ, രക്ഷകനായി അവതരിക്കുന്ന നായകനായി തന്നെ പ്രൊജക്ട് ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമം ചിത്രങ്ങളിൽ കാണാം. അഴിമതിക്കും കുടുംബവാഴ്ചയ്ക്കും സാമൂഹിക അനീതികൾക്കും നേരെ ഗത്യന്തരമില്ലാതെ രാഷ്ട്രീയത്തിൽ എടുത്തെറിയപ്പെട്ടവനായി സ്വയം ചിത്രീകരിക്കുന്ന വിജയ്‌യെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ് TVK- യുടെ പിറവിക്ക് കാരണം.

വിജയ് യുടെ രാഷ്ട്രീയതാല്പര്യം എന്നാൽ ആകസ്മികമായിരുന്നില്ല. വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ സംഘടനയാക്കാനുള്ള നീക്കം നേരത്തെ തന്നെ അദ്ദേഹത്തിന്റെ ആലോചനയിലുണ്ടായിരുന്നു. സിനിമാപ്രമേയങ്ങളുടെ തിരഞ്ഞെടുപ്പുകളിലും റീമേക്ക് സാധ്യതയുള്ള തെന്നിന്ത്യൻ ചിത്രങ്ങൾ കണ്ടെത്തി മകനെ അതിൽ അഭിനയിപ്പിക്കുന്നതിലും വിജയ്- യുടെ പിതാവും ചലച്ചിത്ര സംവിധായകനുമായി എസ്.എ. ചന്ദ്രശേഖരന് നിർണ്ണായക പങ്കുണ്ട്. മകന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു അദ്ദേഹം കാണിച്ച അമിതാവേശം ഇരുവർക്കിടയിൽ ഉണ്ടാക്കിയ ഭിന്നത അക്കാലത്ത് മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതാണ്. ഒരു മാധ്യമസമ്മേളനത്തിൽ താനും വിജയ് യും അണ്ണാദുരൈയെയും എം.ജി. ആറിനെയും പോലെയാണെന്നും ഉടനെ താനൊരു ഒരു രാഷ്ട്രീയ സംഘടന രൂപീകരിക്കുമെന്നും ചന്ദ്രശേഖർ പറഞ്ഞത് വലിയതോതിൽ ട്രോളുകൾക്കിടയായി. ഈ സംഘടനയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് വിജയ് തുറന്നടിച്ചത് ഇരുവരും തമ്മിലുള്ള വർഷങ്ങൾ നീണ്ടുനിന്ന പിണക്കത്തിനിടയാക്കി. എന്നാൽ വിജയ് -ൽ രാഷ്ട്രീയ മോഹം വളർത്തുന്നതിൽ പിതാവ് ചന്ദ്രശേഖർക്കുള്ള പങ്ക് ചെറുതല്ല. പൊതു സമ്മേളനങ്ങളിൽ വിജയ് യുടെ പ്രസംഗം കേട്ട് കണ്ണ് നിറയുന്ന ചന്ദ്രശേഖറിന്റെ ചിത്രം ഇന്ന് കൗതുകമുള്ള കാഴ്ചയാണ്.
ആരാധകക്കൂട്ടം എന്ന നിലയിൽ നിന്ന് രാഷ്ട്രീയ സംഘടനയായി TVK -യെ എതർത്ഥത്തിലും പരിണമിപ്പിക്കാൻ സാധിച്ചാൽ മാത്രമേ തമിഴ്‌നാട് രാഷ്ട്രീയത്തിൽ, കരൂർ ദുരന്തത്തിന് മുൻപുണ്ടായിരുന്ന ഒരു മുൻതൂക്കം പാർട്ടിക്ക് വീണ്ടെടുക്കാനാവൂ.
എം.ജി.ആറിനെ പോലെ വിജയിച്ച രാഷ്ട്രീയക്കാരനാകാൻ മറ്റ് താരങ്ങൾക്ക് സാധിക്കാത്ത വിധം (ഡി. എം.കെയിൽ നിന്ന് പുറത്തുവന്നാണ് എം. ജി. ആർ AIADMK രൂപീകരിച്ചത്) രാഷ്ട്രീയ ധ്രുവീകരണം ശക്തമായ തമിഴ്നാട്ടിൽ (DMK- AIADMK) ഇവയിൽ ഏതെങ്കിലും ഒരു ശക്തിയെ ഇല്ലാതാക്കിയാലേ മുഖ്യ ഇടം പിടിക്കാനാവൂ. ബി.ജെ.പി ക്കെതിരെയുള്ള നിലപാടും തമിഴ്നാട്ടിൽ പ്രധാനമാണ്. ഈ രണ്ടു കാര്യങ്ങളും മുൻ നിർത്തിയാണ് വിജയ് കരുനീക്കം നടത്തുന്നത് എന്നത് ശ്രദ്ധാർഹമാണ്. പാർട്ടിയെ രാഷ്ട്രീയവൽക്കരിക്കുന്നതിനെക്കാൾ ആരാധകവൃന്ദമായി അണികളെ നിലനിർത്തും വിധം ഒരുതരം അരക്ഷിതത്വബോധം വിജയ്ക്ക് ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ചലച്ചിത്രാഭിനയം നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തോടെ വർഷങ്ങൾക്ക് ശേഷവും തന്റെ താര ഇമേജ് നിലനിർത്താൻ സാധിക്കുമോ എന്ന സന്ദേഹം ഇതിനൊരു കാരണമായേക്കാം.
DMK, AIADMK പോലുള്ള സുഘടിതവും സാമ്പ്രദായികവുമായ പാർട്ടിസംവിധാനവും ചരിത്രപരതയുമുള്ള കക്ഷികൾക്കെതിരെ ഒരു പാർട്ടി രൂപീകരിച്ച് മുന്നോട്ടു പോകണമെങ്കിൽ, ആ ഘടകങ്ങളെയൊക്കെ മറികടക്കാനുള്ള സോഷ്യൽ എഞ്ചിനീയറിങ്ങും നവസാമൂഹിക മാധ്യമങ്ങളുടെയും യുവാക്കളുടെയും പിന്തുണയും പ്രധാനമാണ്. ഇക്കാര്യം TVK മനസിലാക്കിയതിന്റെ ഭാഗമാണ് വൻ ജനാവലിയെ അണിനിരത്തികൊണ്ടുള്ള സമ്മേളനങ്ങളും റാലികളും.
വിജയ്‌യുടെ താരപ്പൊലിമയിൽ ആകൃഷ്ടരായ, രാഷ്ട്രീയാനുഭവങ്ങൾ കുറഞ്ഞ കൗമാരക്കാരും 30 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരുമാണ് TVK-യുടെ ഭൂരിഭാഗം പ്രവർത്തകർ. ഇതൊരു പരിമിതികൂടിയാണ്. ഗ്രാസ് റൂട്ട് തലത്തിലുള്ള കാര്യക്ഷമതയില്ലായ്മയും അച്ചടക്കക്കുറവും സംഘടനാശരീരത്തെ ബാധിക്കാനിതൊരു കാരണമാണ്. സംഘടനത്തിലും പ്രതിസന്ധികളെ നേരിടുന്നതിലും പാർട്ടി പാകമായിട്ടില്ല എന്ന് തെളിയിച്ച കരൂർ ദുരന്തം പ്രധാന ഉദാഹരണമാണ്. വായാടിത്തവും നയരൂപീകരണത്തിലുള്ള അവ്യക്തതയും ഭാവി പരിപാടികളെ കുറിച്ചുള്ള ആശയ വ്യക്തമില്ലായ്മയും TVK- യുടെ പ്രധാന ദൗർബല്യമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

രാഷ്ട്രീയം ഉപജീവനം എന്ന നിലയിൽ എന്ന പ്രബന്ധത്തിൽ മാർക്സ് വെബ്ബർ ചൂണ്ടിക്കാണിച്ചതു പോലെ ശക്തവും മന്ദവുമായ വിരസപ്രതിബന്ധങ്ങളാണ് രാഷ്ട്രീയം. സ്ഥിരോത്സാഹത്തിന്റെയും ക്ഷമയുടെയും സമർപ്പണത്തിന്റെയും ഒരു മിശ്രണത്തെയാണ് വെബ്ബർ ഇവിടെ പ്രധാനമായും പരിഗണിക്കുന്നത്. യാഥാർഥ്യ ബോധവും സങ്കീർണ്ണങ്ങളായ സാഹചര്യങ്ങളുടെ കുരുക്കഴിക്കാനുള്ള കാര്യപ്രാപ്തിയും വീക്ഷണവുമാണ് വെബ്ബറിന്റെ വിവക്ഷ. ഈ ഘടകങ്ങൾ വേണ്ടത്ര പരീക്ഷിക്കപ്പെടുകയോ വിജയിക്കുകയോ ചെയ്ത പാർട്ടി അല്ല TVK. കരൂർ ദുരന്തത്തിൽ പതറിപ്പോയ സംഭവം ഇതിന്റെ വെളിപ്പെടലാണ്.
ഐഡിയോളജി ശത്രുക്കളും, രാഷ്ട്രീയ ശത്രുക്കളും എന്ന നിലയിൽ യഥാക്രമം ബി ജെ പിയെയും ഡി എം കെയ്ക്കും നേരെ വിമർശനമുന നീട്ടുന്ന വാചോടാപത്തിനപ്പുറം ഇക്കാര്യത്തിൽ പ്രത്യായശസ്ത്രപരമായ വിശദീകരണം നൽകാൻ TVK- യ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല, സംഘപരിവാർ രാഷ്ട്രീയത്തിനും ഡി എം കെയുടെ അഴിമതി / കുടുംബ രാഷ്ട്രീയത്തിനും എതിരെയാണ് TVK- യുടെ രാഷ്ട്രീയം എന്ന് സാമാന്യമായി പറയുന്നതല്ലാതെ, ആ പോരാട്ടത്തിനായി സവിശേഷമായ എന്തുതരം രാഷ്ട്രീയ രൂപരേഖയാണ് കൈവശമുള്ളതെന്നും വ്യക്തമല്ല. അംബേദ്‌കർ, പെരിയാർ, അണ്ണാ തുടങ്ങിയവരുടെ ഛായാചിത്രങ്ങൾ വെച്ച് പ്രചാരണം നടത്തുന്നുണ്ടെകിലും സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തിനു പാർട്ടിയുടെ രാഷ്ട്രീയ വ്യാഖ്യാനം എന്താണെന്നു വിശദീകരിക്കപ്പെട്ടിട്ടില്ല.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയായി പരിണമിപ്പിക്കുമ്പോൾ, പ്രവർത്തകരെ രാഷ്ട്രീയവൽക്കരിക്കാൻ വിജയ് ശ്രദ്ധ ചെലുത്തിയില്ല. ചലച്ചിത്രത്തിലും രാഷ്ട്രീയത്തിലും ഒരേ സമയം തന്റെ താര സാന്നിധ്യം നിലനിർത്തിക്കൊണ്ടു വിജയകരമായി ഇക്കാര്യം നിർവഹിക്കാൻ എം ജി ആറിന് സാധിച്ചു. വിജയകാന്തും, കമൽഹാസനും പോലുള്ള താരങ്ങൾ പയറ്റി പരാജയമടഞ്ഞവരാണ്. ഇവരിൽ നിന്ന് വിജയ്‌യ്ക്കുള്ള പ്രധാന വ്യത്യാസം പ്രായം കുറഞ്ഞവരെയും കൗമാരക്കാരെക്കൂടി 'തീവ്ര രസികർക'ളായി കിട്ടിയിരിക്കുന്നു എന്നതാണ്. 50 വയസ്സ് താണ്ടിയെങ്കിലും വിജയ് - യുടെ തീക്ഷ്ണ യൗവനഘടകം മറ്റു താരങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധാർഹമാണ്.
വിജയ്‌യുടെ താരപ്പൊലിമയിൽ ആകൃഷ്ടരായ, രാഷ്ട്രീയാനുഭവങ്ങൾ കുറഞ്ഞ കൗമാരക്കാരും 30 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരുമാണ് TVK-യുടെ ഭൂരിഭാഗം പ്രവർത്തകർ. ഇതൊരു പരിമിതികൂടിയാണ്.
ഫാൻ അസോസിയേഷനുകളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള വ്യത്യാസം അവയുടെ ഉദ്ദേശ്യങ്ങളിലും ഘടനയിലും പ്രതിബദ്ധതയുടെ നിലവാരത്തിലുമാണ് ദൃശ്യമാവുക. ഒരു നായകത്വത്തെ കേന്ദ്രീകരിച്ചുള്ള ഒരു പൊതു താൽപ്പര്യമോ ഉത്സാഹമോ പങ്കിടുന്ന അനൌപചാരിക ഗ്രൂപ്പുകളാണ് ഫാൻ അസോസിയേഷനുകളെന്നും ഇതിനു ഭിന്നമായി, സർക്കാർ നയങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കാൻ ലക്ഷ്യമിടുന്ന ഔപചാരിക സംഘടനകളാണ് രാഷ്ട്രീയ പാർട്ടികൾ എന്നും സാമാന്യമായി പറയാം.
ഫാൻ അസോസിയേഷനുകൾ താരാരാരാധന എന്ന ഒരു കുറ്റിയിൽ കിടന്നു കറങ്ങുന്നതിലും അതുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന നേട്ടങ്ങളെയും സന്തോഷങ്ങളെയും ആഘോഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു വ്യക്തമായ ഘടനയും പൊതുനയവും ഭരണസംവിധാനവും രൂപപ്പെടുത്താതെ പ്രവർത്തിക്കാനാവില്ല. അനൌപചാരികവും വികേന്ദ്രീകൃതവുമായ അയഞ്ഞ ഘടനയായിരിക്കും ഫാൻസ് കൂട്ടായ്‌മയുടെത്. അതേസമയം രാഷ്ട്രീയ പാർട്ടികൾക്ക് മൂർത്തമായ നേതൃത്വവും തീരുമാനമെടുക്കൽ പോലുള്ള പ്രക്രിയകൾക്കായി കൂടുതൽ ഔപചാരികമായ ഘടനയുണ്ട്. ആരാധക കൂട്ടായ്മകൾ അംഗങ്ങളിൽ നിന്ന് ഉയർന്ന തോതിൽ പ്രതിബദ്ധത ആവശ്യപ്പെടുന്നില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾ മറിച്ചാണ്. ഗണ്യമായ സമയവും ഊർജ്ജവും വിഭവങ്ങളും അംഗങ്ങളിൽ നിന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. TVK വാരാന്ത്യങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ അണ്ണാമലൈയെ പോലുള്ള നേതാക്കൾ പരിഹസിക്കുന്നത് ഈ അർത്ഥത്തിലാണ്. ആരാധകരും പൗരരും തമ്മിലുള്ള ഈ വ്യത്യാസം വിജയ് കാര്യമായി എടുത്തതിനു തെളിവുകളൊന്നും പ്രകടമല്ല. (കേരളത്തിൽ സുരേഷ് ഗോപിക്ക് പൗരന്മാരെ പ്രജകളായേ കാണാനാവുന്നുള്ളു എന്നതിന് ഇതുമായി സാമ്യം തോന്നാമെങ്കിലും രണ്ടിലുമുള്ള രാഷ്ട്രീയ ഉള്ളടക്കം വ്യത്യസ്തമാണ് )

രാഷ്ട്രീയ നേതാക്കൾക്കുള്ള താരപ്രഭയിലും ഇതേ പ്രശ്നങ്ങൾ ഉണ്ടെങ്കിലും രാഷ്ട്രീയ ആരാധകവൃന്ദം, പൊതുജന താല്പര്യത്തിൽ ഇടപെടുന്ന പൌരത്വത്തിന്റെ ഒരു രൂപമായാണ് കാണേണ്ടത്, രാഷ്ട്രീയ വ്യവഹാരത്തെയും പങ്കാളിത്തത്തെയും സ്വാധീനിക്കാനുള്ള ഫാൻ അസോസിയേഷനുകളുടെ സാധ്യതയാണ് ഈ കാഴ്ചപ്പാട് മുന്നിൽ വെക്കുന്നത്. എന്നാൽ താരാരാധന പൗരരൂപത്തെ പ്രകടമാക്കുന്നില്ല എന്നതാണ് വ്യത്യാസം.
ചുരുക്കത്തിൽ, ഫാൻസ് അസോസിയേഷനുകളും രാഷ്ട്രീയ പാർട്ടികളും ചില സമാനതകൾ പങ്കിടുമ്പോൾ തന്നെ, അവരുടെ ഉദ്ദേശ്യങ്ങൾ, ഘടന, പ്രതിബദ്ധതയുടെ തലം എന്നിവയിൽ അവ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. കരൂർ ദുരന്തത്തിന് ശേഷവും ഇത് മനസ്സിലാക്കാൻ വിജയ്ക്ക് സാധിച്ചില്ല എന്നതാണ് ഇതുമായി ബന്ധപ്പെട്ടു അദ്ദേഹം നൽകിയ വിശദീകരണ വീഡിയോ വ്യക്തമാക്കുന്നത്.
ദുരന്തമുഖത്ത് ക്രിയാശേഷിയുള്ള ഒരു നേതൃ ഇടപെടൽ നടത്തിയില്ല എന്നത് മാത്രമല്ല സംഭവത്തിന് നാല് ദിവസങ്ങൾക്കു ശേഷമാണ് ഒരു വിശദീകരണം നൽകാൻ പോലും സാധിച്ചത് എന്നത് രാഷ്ട്രീയക്കാരൻ എന്ന നിലയിൽ വിജയ് നേരിട്ട ആദ്യ പ്രായോഗിക പ്രതിസന്ധിയാണ്. അന്തരീക്ഷം എത്ര പ്രതികൂലമായാലും പ്രതിബന്ധങ്ങളിലെ സത്വര ഇടപെടൽ അതിപ്രധാനമായ നേതൃഗുണമാണ്. രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി എന്നാണതിനെ നാം പരിഹസിക്കാറ്.
വിജയ് നടത്തിയ രണ്ടു വൻ സമ്മേളനങ്ങളിലും തിക്കിലും തിരക്കിലുംപെട്ട് ആളുകൾ കുഴഞ്ഞു വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത്തരം സുരക്ഷാ പ്രശ്നങ്ങളെ അവഗണിക്കാനും അത് തങ്ങളുടെ ജനപിന്തുണയുടെ അളവുകോലായി അഭിമാനം കൊള്ളാനുമാണ് ടി വി കെ നേതൃത്വം ശ്രമിച്ചത്.
വൈകാരിക പ്രകടനത്തിൽ ഒളിപ്പിച്ച് വെച്ച രാഷ്ട്രീയ ആരോപണങ്ങളും ഗൂഢമായ വെല്ലുവിളികളും ആ വീഡിയോയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട് എന്നാണ് പൊതു അഭിപ്രായം. മറ്റു ജില്ലകളിലൂടെ റാലികൾ നടത്തിയപ്പോഴൊന്നും ഇല്ലാത്ത അനിഷ്ട സംഭവം കരൂരിൽ മാത്രം നടന്നതെന്തുകൊണ്ടെന്ന ചോദ്യം വസ്തുതാപരമാണെന്നു പറയാനാവില്ല. വിജയ് നടത്തിയ രണ്ടു വൻ സമ്മേളനങ്ങളിലും തിക്കിലും തിരക്കിലുംപെട്ട് ആളുകൾ കുഴഞ്ഞു വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത്തരം സുരക്ഷാ പ്രശ്നങ്ങളെ അവഗണിക്കാനും അത് തങ്ങളുടെ ജനപിന്തുണയുടെ അളവുകോലായി അഭിമാനം കൊള്ളാനുമാണ് ടി വി കെ നേതൃത്വം ശ്രമിച്ചത്. പാർട്ടി പ്രവർത്തകരെ ഉപദ്രവിക്കുന്നതിനു പകരം എന്നെ കൈകാര്യം ചെയ്തോളൂ എന്നും എം കെ സ്റ്റാലിന്റെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് എന്നൊക്കെയുള്ള പരിദേവനങ്ങളും അത്ര സൂക്ഷ്മമല്ല. "അനുയായികൾ മരണപ്പെടുന്നത് ഒരു നേതാവും ആഗ്രഹിക്കില്ലെന്ന്" ദുരന്തത്തിൽ പ്രതികരിച്ച ആളാണ് എം.കെ. സ്റ്റാലിൻ. ഡി എം കെക്കെതിരെ ഉണ്ടാവാകുന്ന ജനരോഷത്തെ തിരിച്ചു വിടുന്ന തന്ത്ര പരമായ ഒരു നീക്കമായി ഇതിനെ വ്യാഖ്യാനിക്കാനാവുമെങ്കിലും ആദ്യ ഘട്ടത്തിൽ വിജയ്‌ക്കെതിരെ വലിയ തോതിൽ രാഷ്ട്രീയ വിമർശങ്ങൾ നടത്താൻ DMK തയ്യാറായിരുന്നില്ല. ദുരന്തത്തെ പക്വതയോടെ കൈകാര്യം ചെയ്യാൻ DMK എന്ന അനുഭവ സമ്പത്തുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് സാധിച്ചു എന്ന അഭിപ്രായത്തിനാണ് പൊതുവെ മുൻഗണന. പിന്നീട് ഗൂഢാലോചന പോലുള്ള ആരോപങ്ങൾ TVK ശക്തമാക്കിയതോടെയാണ് പ്രത്യാരോപണങ്ങൾക്ക് DMK തയ്യാറായത്.
നഷ്ടപരിഹാരം പ്രഖ്യാപിച്ചും ദുരന്തബാധിതരെ സന്ദർശിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചും ഏറെ വൈകാരികമായ വീഡിയോ പുറത്തിറക്കിയും മങ്ങിപ്പോയ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമം വിജയ് ആരംഭിച്ചിട്ടുണ്ടെങ്കിലും, ആരാധകക്കൂട്ടം എന്ന നിലയിൽ നിന്ന് രാഷ്ട്രീയ സംഘടനയായി TVK -യെ എതർത്ഥത്തിലും പരിണമിപ്പിക്കാൻ സാധിച്ചാൽ മാത്രമേ തമിഴ്‌നാട് രാഷ്ട്രീയത്തിൽ, കരൂർ ദുരന്തത്തിന് മുൻപുണ്ടായിരുന്ന ഒരു മുൻതൂക്കം പാർട്ടിക്ക് വീണ്ടെടുക്കാനാവൂ.

ഇതിനിടെ, ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള എട്ടംഗ NDA എം.പി മാരുടെ സംഘം കരൂർ സന്ദർശിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പി തമിഴ്‌നാട് ഘടകം സി ബി ഐ അന്വേഷണം വേണമെന്ന് അഭിപ്രായക്കാരാണ്. ഇത്തരം സമ്മർദ്ദതന്ത്രങ്ങൾ വഴി TVK- യെയും വിജയ് യെയും നിയന്ത്രണത്തിൽ കൊണ്ടു വന്ന് മുന്നണിയിലേക്കെത്തിക്കാമെന്നാണ് ബി ജെ പി കണക്കുകൂട്ടൽ. ഉത്തരേന്ത്യയിലെ കുംഭമേളകളിലടക്കം ആൾക്കൂട്ടദുരന്തങ്ങൾ ആവർത്തിക്കുമ്പോഴില്ലാത്ത അമിത താല്പര്യം കരൂർ സംഭവത്തിൽ ബി ജെ പി കാണിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നു തമിഴ്‌നാട്ടിലെ ഇതര രാഷ്ട്രീയ കക്ഷികൾ വിമർശിക്കുന്നു. TVK ജില്ലാ സെക്രട്ടറി മതിയഴകൻ ഉൾപ്പെടെ രണ്ടു പ്രധാന ജില്ലാ ഭാരവാഹികളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനറൽ സെക്രട്ടറി ബുസ്സി ആനന്ദും, ഡപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ നിർമൽ കുമാറും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാൻ 3 സ്പെഷ്യൽ ടീമുകളാണ് തമിഴ്‌നാട് പോലീസ് രുപീകരിച്ചിരിക്കുന്നത്,
ചുരുക്കത്തിൽ, രാഷ്ട്രീയവൽക്കരിക്കപ്പെട്ട പ്രവർത്തകരും പാർട്ടിയും എന്ന നിലയിൽ പരിവർത്തിക്കപ്പെടാതെ ആൾക്കൂട്ടമായി ഇനി TVK-യ്ക്ക് മുന്നോട്ടു പോകാനാവില്ല. അതിനു തന്റെ താരപ്രഭ മാത്രം മുതൽമുടക്കക്കാക്കി മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന വിജയ് തയ്യാറാകുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. എന്തായാലും കരൂർ ദുരന്തവുമായി ബന്ധപ്പെട്ടു സമർപ്പിക്കപ്പെടുന്ന അന്വേഷണ റിപ്പോർട്ടുകളെയും കൂടി ആശ്രയിച്ചിരിക്കും TVK- യുടെ രാഷ്ട്രീയഭാവി.
