ടി.എൻ. പ്രതാപൻ

‘വീ വാണ്ട് ഡിസ്‌കഷൻ, ചർച്ച കരോ’,
പാർലമെൻറിൽ ഈ വാചകങ്ങളും വിലക്കപ്പെട്ടിരിക്കുന്നു

വർത്തമാനം പറയും, തർക്കിക്കും, ആശയപരമായി വാദപ്രദിവാദം നടത്തും, തീരുമാനമെടുക്കും. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്. ആ 4 D ഫോർമുല തിരിച്ചുവരിക എന്നതാണ് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം.

ഷഫീഖ് താമരശ്ശേരി: വിവിധങ്ങളായ ജനകീയ വിഷയങ്ങൾ ഉന്നയിച്ച് പാർലമെൻറിൽ പ്രതിഷേധം ഉയർത്തുന്ന പ്രതിപക്ഷ എം.പിമാർക്ക് നേരെ അച്ചടക്ക നടപടികൾ ഉണ്ടാകുന്നതും, സസ്പെൻഡ് ചെയ്യപ്പെടുന്നതും തുടർച്ചയായി ആവർത്തിക്കുകയാണല്ലോ. താങ്കളടക്കമുള്ള എം.പിമാർ ഇത്തവണ വർഷകാല സമ്മേളനം തീരുവരെ സസ്പെൻഡ് ചെയ്യപ്പെടുകയുണ്ടായി. യഥാർത്ഥത്തിൽ എന്താണ് പാർലമെൻറിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ടി.എൻ. പ്രതാപൻ: നിയമനിർമാണ സഭകളെല്ലാം ജനങ്ങളുടെ വിഷയം ചർച്ച ചെയ്യാൻ വേണ്ടിയുള്ളതാണ്. ഒരു ഭാഗത്ത് നിയമനിർമാണം, മറുഭാഗത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് അവക്ക്​പരിഹാരമുണ്ടാക്കുന്നതിനുള്ള നടപടികൾ. ഇതാണ് നമ്മുടെ പാർലമെന്ററി വ്യവസ്ഥയുടെ പ്രത്യേകത. ജനാധിപത്യത്തിൽ അതിനാണ് ഏറ്റവും പ്രാധാന്യം. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, പാർലമെന്റിൽ ഇപ്പോൾ കണ്ടുവരുന്നത് സഹിഷ്ണുതയുമുള്ള സമീപനമല്ല. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. നിത്യോപയോഗ സാധനങ്ങൾക്ക് വില കയറി. പണ്ട് ഇടത്തരക്കാരും പാവപ്പെട്ടവരും മാത്രമാണ് അതിന്റെ ദുരിതം അനുഭവിച്ചിരുന്നതെന്നുപറയാം. ഇന്ന് പാചകവാതകം, പെട്രോൾ, അരി, പലവ്യഞ്ജനങ്ങൾ, പാൽ അടക്കം എല്ലാത്തിനും രൂക്ഷമായ വിലക്കയറ്റമാണ്. അശാസ്ത്രീയമായി ജി.എസ്.ടി. കൊണ്ടുവരികയാണ്​. ജനങ്ങളുടെ ജീവിതസൂചിക താഴോട്ട് പോകുന്നു. ഇന്ത്യയാണെങ്കിൽ ലോകത്തെ പട്ടിണിരാജ്യങ്ങളുടെ സൂചികയിൽ ഉയർന്നുയർന്നുപോകുന്നു. ഇത് പാർലമെൻറ്​ ചർച്ച ചെയ്യണമെന്നാണ് ഞാനടക്കമുള്ള എം.പി.മാർ പാർലമെന്റിൽ ആവശ്യപ്പെട്ടത്. ‘വീ വാണ്ട് ഡിസ്‌കഷൻ, ചർച്ച കരോ’, ഈ രണ്ട് വാചകങ്ങൾ മാത്രമാണ് ഞങ്ങൾ പറഞ്ഞത്. അതിന് ഭരണകൂടം തയ്യാറല്ല. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുത്തപ്പോൾ അതനുവദിച്ചില്ല. ചർച്ച അനുവദിക്കില്ല എന്നുപറയുന്ന ഒരു നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.

എന്നാൽ, ഇന്ത്യയിലെ ദശകോടീശ്വരൻമാരായ ഒരുപാട് കോർപറേറ്റ് മുതാളിമാരുടെ ആസ്തി ദിവസം ചെല്ലുന്തോറും വർധിക്കുകയാണ്. അവർക്ക് വിമാനത്താവളങ്ങൾ കൊടുക്കുന്നു, തുറമുഖങ്ങൾ കൊടുക്കുന്നു, 5G പങ്കുവെച്ച് കൊടുക്കുന്നു. ഈ നാട്ടിലെ എല്ലാ സെക്ടറും ഏതാനും വ്യക്തികളുടെ കൈകളിലേക്ക് പോകുന്നു. പാവങ്ങൾ കൂടുതൽ ദരിദ്രരായി മാറുകയാണ്. ഇത് ചർച്ച ചെയ്യാൻ പാർലമെന്റിൽ അനുവദിക്കാത്ത സാഹചര്യം സഹിക്കാൻ പറ്റുന്ന കാര്യമല്ല.

സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാർ ഗാന്ധിപ്രതിമക്ക് മുന്നിൽ സമരം ചെയ്യുന്നു / Photo: F.B, T.N. Prathapan

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ‘ആസാദി കാ അമൃത് മഹോത്സവ്’ കൊണ്ടാടുമ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്.

ഞങ്ങളൊക്കെ എന്തിനാ പാർലമെന്റിൽ പോകുന്നത്? വെറുതെ അവിടെ പോയി, അവിടെ പറയുന്നതും കേട്ട്, ദിവസവും 2000 രൂപ അലവൻസും വാങ്ങി, സൗജന്യമായി കിട്ടുന്ന വിമാന- ട്രെയിൻ ടിക്കറ്റും വാങ്ങി, ജനങ്ങളുടെ നികുതിപ്പണം പാഴാക്കാനല്ല ഞങ്ങൾ പാർലമെന്റിൽ പോകുന്നത്. ആ പ്രിവിലേജ് എൻജോയ് ചെയ്യാനാണോ? അല്ല, ഞങ്ങളെപ്പോലെയുള്ള ആളുകൾക്ക് അത് പറ്റില്ല. ജനങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം തരണം. വളരെ ഗുരുതരമായ ഈ ദുരന്തത്തിൽ നിന്ന്​ ഇന്ത്യ കരകയറിയില്ലെങ്കിൽ നമ്മുടെ രാജ്യം മറ്റൊരു ശ്രീലങ്കയായി മാറുമോയെന്ന് നാം പേടിക്കേണ്ടതുണ്ട്. രൂപയുടെ മൂല്യം ദിവസവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമാകുന്നു. തൊഴിലില്ലായ്മ വർധിക്കുന്നു. എല്ലാ മേഖലകളിലും നമ്മൾ താഴോട്ട് പോകുകയാണ്. ഇതുതന്നെയാണ് ശ്രീലങ്കയിലുണ്ടായത്. വന്നുവന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ശ്രീലങ്കയിലെ സ്ഥിതി കണ്ടില്ലേ. അങ്ങനെ ഇന്ത്യ ഒരു ശ്രീലങ്കയാവാൻ അനുവദിച്ചുകൂടാ. രാഷ്ട്രീയ തർക്കങ്ങൾ വേറെ. രാജ്യവും ജനങ്ങളും എന്നുപറയുന്നത് ജീവന്റെ ജീവനാണ്. ആ കാര്യമാണ് ഇന്ന് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത്.

ഞങ്ങളോട് ഡൽഹിയിലെ ഓട്ടോറിക്ഷക്കാർ സംസാരിക്കുന്നുണ്ട്, ഞങ്ങൾ കയറുന്ന തട്ടുകടയിലെ ആളുകൾ സംസാരിക്കുന്നുണ്ട്​. എം.പിമാരാണെന്ന് പറയുമ്പോൾ അവരെല്ലാം ഞങ്ങളോട് രൂക്ഷമായി പ്രതികരിക്കുകയാണ്, ബി.ജെ.പിക്ക് വോട്ട് ചെയ്ത ആളുകൾ വരെ. അവർക്ക് മനസ്സിലായി, രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന്.

പാർലമെന്റിൽ നിന്നും സസ്പെൻറ്​ ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഞങ്ങൾ നടത്തിയ പ്രതിഷേധത്തെയും അനാവശ്യ വിവാദങ്ങൾ കൊണ്ട് പ്രതിരോധിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി.യുടെ ആരോപണങ്ങൾ ശ്രദ്ധതിരിക്കാൻ വേണ്ടിയുള്ളതാണ്. അതിനിടെ കോൺഗ്രസ്​ ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നാവിൽ നിന്ന് ഒരു പിഴ വന്നു. ആ പിഴ, ഞങ്ങളുൾപ്പെടെ എല്ലാവരും അധീൻ രഞ്ജൻ ചൗധരിയോട് പറഞ്ഞു. അദ്ദേഹം അപ്പോൾ തന്നെ അത് തിരുത്തി. മാധ്യമങ്ങളോട് അത് കൊടുക്കരുതെന്ന് കൂടി പറഞ്ഞു. പക്ഷെ മാധ്യമങ്ങളിൽ അത് വന്നു. അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞു, തെറ്റുപറ്റി, നാവു പിഴച്ചു. അതിനുശേഷം സോണിയാഗാന്ധി മാപ്പുപറയണം, കോൺഗ്രസ് മാപ്പുപറയണം എന്നു പറഞ്ഞ് പാർലമെന്റിൽ ബി.ജെ.പി. ബഹളം വെച്ചു. ഞാൻ കേരള നിയമസഭയിൽ അംഗമായിരുന്നയാളാണ്. ലോക്കൽ ബോഡിയിലും അംഗമായിരുന്നതാണ്. ഭരണപക്ഷം സഭ സ്തംഭിപ്പിക്കുന്നത് ഞാൻ എവിടെയും കണ്ടിട്ടില്ല. പാർലമെന്റിനുപുറത്ത് ബി.ജെ.പി എം.പി.മാർ പ്ലക്കാർഡ് പിടിച്ച് പ്രകടനം നടത്തുക. പാർലമെന്റിനുള്ളിലും സഭ നടത്താതിരിക്കാൻ മുദ്രാവാക്യം വിളിക്കുക. ജനാധിപത്യത്തോട് എത്രമാത്രം അവഗണനയാണെന്ന് നോക്കൂ. പാർലമെൻറ്​ ഭരണകക്ഷി തന്നെ സ്തംഭിപ്പിക്കുകയാണ്.

അധീർ രഞ്ജൻ ചൗധരി / Photo: Wikimedia

വിലക്കയറ്റം പാർലമെൻറ്​ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട എം.പി.മാരെ സസ്‌പെൻഡ് ചെയ്ത് നാണംകെട്ട് നിൽക്കുന്ന സന്ദർഭത്തിൽ, ഇത്​ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിരുന്നു. ഇന്ത്യയിലെ ജനങ്ങളിൽ 35-36 ശതമാനത്തിന്റെ പിന്തുണയേ ഭരണകക്ഷിക്കുള്ളൂ. ഇന്ത്യയിലെ മഹാഭൂരിപക്ഷവും ഭരണകക്ഷിക്ക് പുറത്തുനിൽക്കുന്നവരാണ്.

ഞങ്ങളോട് ഡൽഹിയിലെ ഓട്ടോറിക്ഷക്കാർ സംസാരിക്കുന്നുണ്ട്, ഞങ്ങൾ കയറുന്ന തട്ടുകടയിലെ ആളുകൾ സംസാരിക്കുന്നുണ്ട്​. എം.പിമാരാണെന്ന് പറയുമ്പോൾ അവരെല്ലാം ഞങ്ങളോട് രൂക്ഷമായി പ്രതികരിക്കുകയാണ്, ബി.ജെ.പിക്ക് വോട്ട് ചെയ്ത ആളുകൾ വരെ. അവർക്ക് മനസ്സിലായി, രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന്.

ബി.ജെ.പി.യെയും കേന്ദ്ര സർക്കാരിനെയും അനുകൂലിക്കുന്ന ചില സ്‌പോൺസേഡ് മാധ്യമങ്ങളുണ്ട്. ആ സ്‌പോൺസേഡ് മാധ്യമങ്ങളൊഴികെയുള്ള ഓൺലൈൻ മാധ്യമങ്ങളായാലും അല്ലെങ്കിൽ നേര് ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങളുൾപ്പെടെ, ജനങ്ങളടക്കം ഈ തിന്മ ചോദ്യംചെയ്യുന്നുണ്ട്. അതിൽ നിന്ന് ശ്രദ്ധ മാറ്റണം. അതിനുവേണ്ടിയാണ് ഇപ്പോൾ ഗാന്ധിപ്രതിമയുടെ മുന്നിലിരുന്നു രാജ്യസഭാംഗങ്ങൾ മാംസാഹാരം കഴിച്ചു എന്നുപറയുന്നത്. അധീർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞാൽ പോരാ, സോണിയാഗാന്ധി മാപ്പ് പറയണമെന്ന് പറയുന്നതൊക്കെ ശ്രദ്ധ തിരിക്കാനാണ്. സ്മൃതി ഇറാനിയെപ്പോലെയുള്ള ഒരാളെ പാർലമെന്റിന്റെ നടുത്തളത്തിലേക്കിറക്കി സോണിയാഗാന്ധിയെ ആക്ഷേപിക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതൊക്കെ ശ്രദ്ധ മാറ്റുന്നതിനുവേണ്ടിയാണ്.

അന്നത്തെ പാർലമെന്റിന്റെ പ്രവർത്തനചരിത്രം വായിക്കുമ്പോൾ നാം രോമാഞ്ചം കൊള്ളും, ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് അഭിമാനം കൊള്ളും. എ.കെ.ജി.യുടെ ഇംഗ്ലീഷ് പരിമിതമാണ്. പക്ഷെ അതിനോട് നെഹ്‌റു കാതുകൂർപ്പിച്ചിരിക്കും. അതിനോട് പ്രതികരിക്കും.

ഇന്ത്യൻ പാർലമെൻറിന് ദീർഘകാലത്തെ ചരിത്രമുണ്ടല്ലോ. മുൻകാലങ്ങളിൽ, പ്രത്യേകിച്ച് യു.പി.എ. സർക്കാരിന്റെയൊക്കെ കാലത്ത് പാർലമെന്റിലുണ്ടായിരുന്ന സംവാദാത്മകായ ഇടങ്ങളെക്കുറിച്ച്, അവിടെ നടന്നിരുന്ന രാഷ്ട്രീയ ചർച്ചകളെക്കുറിച്ച്, അന്നുണ്ടായിരുന്ന ജനാധിപത്യത്തെക്കുറിച്ചൊക്കെ പഴയകാലത്തെ പാർലമെന്റംഗങ്ങളൊക്കെ അവരുടെ പുസ്തകങ്ങളിലും ലേഖനങ്ങളിലുമൊക്കെ പരാമർശിച്ചിട്ടുണ്ട്. ആ സാഹചര്യങ്ങളിൽ നിന്ന് നേര വ്യത്യസ്തമായ തരത്തിലേക്കാണല്ലോ ഇന്നത്തെ പാർലമെന്റിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ, ‘അൺപാർലമെൻററി വാക്കുകളുടെ’ പട്ടിക അടക്കമുള്ള പല വിഷയങ്ങളും. പാർലമെന്റിന്റെ ആഭ്യന്തര സ്വഭാവവും അതിനകത്തെ ജനാധിപത്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനെ എങ്ങനെയാണ് കാണുന്നത്?

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എ.കെ.ജി.യെ കേട്ടിരുന്നത് എത്ര മനോഹരമായിട്ടായിരുന്നു. പാർലമെന്റിൽ അന്ന് പ്രതിപക്ഷത്തിന്റെ എണ്ണം പരിമിതമാണ്, കമ്യൂണിസ്റ്റുകാരുടെ എണ്ണവും. പക്ഷെ എ.കെ.ജി. പ്രതിപക്ഷനേതാവായി. എ.കെ.ജി. വന്നവിടെ ഇരിക്കും. പ്രധാനമന്ത്രിയും വന്നിരിക്കും. പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കും. അന്നത്തെ പാർലമെന്റിന്റെ പ്രവർത്തനചരിത്രം വായിക്കുമ്പോൾ നാം രോമാഞ്ചം കൊള്ളും, ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് അഭിമാനം കൊള്ളും. എ.കെ.ജി.യുടെ ഇംഗ്ലീഷ് പരിമിതമാണ്. പക്ഷെ അതിനോട് നെഹ്‌റു കാതുകൂർപ്പിച്ചിരിക്കും. അതിനോട് പ്രതികരിക്കും. എണ്ണം നോക്കിയിട്ടായിരുന്നില്ല പ്രതിപക്ഷത്തെ അന്ന് പാർലമെന്റിൽ മാനിച്ചിരുന്നത്. ഇതായിരുന്നു കീഴ്‌വഴക്കം.

എ.കെ.ജി / Photo: cpim.org

യു.പി.എ. സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി. എത്രയോ തവണ 2 ജി സ്‌പെക്​ട്രമൊക്കെ പറഞ്ഞ് പാർലമെൻറ്​ സ്തംഭിപ്പിച്ചിട്ടുണ്ട്. എന്തൊക്കെ ബഹളങ്ങളുണ്ടാക്കി. നമ്മുടെ പാർലമെൻറ്​ വ്യവസ്ഥയുടെ ശക്തി എന്നത് പ്രതിപക്ഷം പറയുന്നതുകൂടി കേൾക്കുക എന്നതാണ്. ഡയലോഗ്, ഡിബേറ്റ്, ഡിസ്‌കഷൻ, ഡിസിഷൻ എന്ന 4 D ഫോർമുലയുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യ. വർത്തമാനം പറയും, തർക്കിക്കും, ആശയപരമായി വാദപ്രതിവാദം നടത്തും, തീരുമാനമെടുക്കും. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്. ആ 4 D ഫോർമുല തിരിച്ചുവരിക എന്നതാണ് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ▮

Comments