അതേ കാറ്റുവീശുന്ന ഉദുമ

Election Desk

1991 മുതൽ ഉദുമ എൽ.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞതവണ ഉദുമ സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. കാരണം, കോൺഗ്രസിനുവേണ്ടി ഇറങ്ങിയത് സാക്ഷാൽ കെ. സുധാകരൻ. സതീശൻ പാച്ചേനിക്ക് കണ്ണൂർ വിട്ടുകൊടുത്തശേഷമാണ് സുധാകരൻ ഉദുമയിലെത്തിയത്. ഏതു മണ്ഡലമായാലും തനിക്ക് ജയിക്കാമെന്ന അമിത ആത്മവിശ്വാസവുമായി. എന്നാൽ, സുധാകരന് ദയനീയ തോൽവിയായിരുന്നു, കണ്ണൂരും യു.ഡി.എഫിന് നഷ്ടമായി.

സി.പി.എമ്മിലെ കെ. കുഞ്ഞിരാമനാണ് സുധാകരനെ 3832 വോട്ടിന് തോൽപ്പിച്ചത്. അങ്ങനെ കുഞ്ഞിരാമനായി ഉദുമയിലെ യഥാർഥ താരം. 2011ലും കുഞ്ഞിരാമനായിരുന്നു ജയം. 11,380 വോട്ടിനാണ് കോൺഗ്രസിലെ സി.കെ. ശ്രീധരനെ തോൽപ്പിച്ചത്.

ഇത്തവണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.എച്ച്. കുഞ്ഞമ്പുവിനെയാണ് മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. 2006ൽ, തന്റെ ആദ്യ മത്സരത്തിൽ മഞ്ചേശ്വരത്ത് യു.ഡി.എഫ് സിറ്റിങ് എം.എൽ.എയായിരുന്ന ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ചയാളാണ് കുഞ്ഞമ്പു. ഉദുമയിൽ ഇത്തവണ നിഷ്പ്രയാസം ജയിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ ഭിന്നത എൽ.ഡി.എഫിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

കാസർകോട് താലൂക്ക് റബർ കർഷക ക്ഷേമ സഹകരണ സംഘം ഭരണസമിതിയിലേക്ക് ഇരുപാർട്ടികളും ചേരിതിരിഞ്ഞാണ് മത്സരിക്കുന്നത്. അടുത്തമാസം നാലിനാണ് തെരഞ്ഞെടുപ്പ്. തർക്കം പറഞ്ഞുതീർക്കാൻ ശ്രമം നടക്കുകയാണ്.

കെ.പി.സി.സി സെക്രട്ടറി കൂടിയായ യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ പ്രതീക്ഷയിലാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉദുമയിൽ നേടിയ ഒമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആ പ്രതീക്ഷ. മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ പുല്ലൂർ- പെരിയ പഞ്ചായത്തുകൾ സി.പി.എമ്മിൽനിന്ന് കോൺഗ്രസ് പിടിച്ചിരുന്നു. ഇരട്ട കൊലപാതകം നടന്ന കല്ല്യോട്ട് അടക്കമുള്ള വാർഡുകളിലും യു.ഡി.എഫിനായിരുന്നു ജയം. സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പേ ഡി.സി.സിയിലുണ്ടായ പൊട്ടിത്തെറിക്ക് തൽക്കാല ശമനമായിട്ടുണ്ട്. പെരിയയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകമാണ് യു.ഡി.എഫിന്റെ പ്രചാരണ വിഷയം, എൽ.ഡി.എഫ് വികസനത്തിലും ഊന്നുന്നു.

2016- നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

എ. വേലായുധൻ ചെമ്മനാട് ആണ് ബി.ജെ.പി സ്ഥാനാർഥി.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നടത്തിയ പ്രസ്താവന ഉദുമക്ക് വാർത്തകളിൽ ഇടം നൽകി. 1977ൽ ഉദുമയിൽ കെ.ജി. മാരാർ മത്സരിക്കുമ്പോൾ പിണറായി വിജയൻ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മുഖ്യ ഏജന്റായിരുന്നുവെന്നാണ് രമേശ് തട്ടിവിട്ടത്. എന്നാൽ, 1977ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായിരുന്ന പിണറായി വിജയൻ എങ്ങനെയാണ് മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്ന മാരാരുടെ ഏജന്റാകുക എന്ന ചോദ്യത്തോടെ രമേശിന്റെ വായടഞ്ഞു. സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി ധാരണയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുകൾക്ക് ബലം പകരാനാണ് രമേശ് ഈ കഥ ചമച്ചത്. ഇന്ദിരാഗാന്ധിക്കെതിരെ പ്രതിപക്ഷം രൂപീകരിച്ച വിശാല സഖ്യത്തിൽ ഇടതുപാർട്ടികളും ജനസംഘവുമുണ്ടായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിൽ ഉദുമയിൽ ഇടതുപക്ഷത്തിന് സ്ഥാനാർഥിയില്ലായിരുന്നു.

1977ൽ രൂപീകരിച്ച മണ്ഡലത്തിൽ കെ.ജി. മാരാർ 3545 വോട്ടിന് തോൽക്കുകയായിരുന്നു. സ്വതന്ത്രൻ എൻ.കെ. ബാലകൃഷ്ണനായിരുന്നു ജയം. 1987 വരെ രണ്ടുതവണ സി.പി.എമ്മും ഒരു തവണ കോൺഗ്രസും ജയിച്ചു. 1991 മുതൽ രണ്ടുവട്ടം സി.പി.എമ്മിലെ പി. രാഘവനും 2001, 2006 വർഷങ്ങളിൽ കെ.വി. കുഞ്ഞിരാമനും 2011, 2016 വർഷങ്ങളിൽ കെ. കുഞ്ഞിരാമനുമാണ് ജയിച്ചത്.
കാസർകോട് താലൂക്കിലെ ദേലംപാടി, ചെമ്മനാട്, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ എന്നീ പഞ്ചായത്തുകളും ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ഉദുമ മണ്ഡലം.

Comments