മോദിയുടെ മാപ്പും യു.പിയുടെ വോട്ടും; ചില സൂചനകൾ

Truecopy Webzine

ർഷക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം, യു.പി തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സൂചനകളെ നിർണായകമാക്കിയിട്ടുണ്ട്. തന്ത്രപൂർവമുള്ള ഈ പിൻവാങ്ങൽ ആരുടെ വോട്ടുബാങ്കാണ് നിറയ്ക്കുക എന്ന ചോദ്യമാണ് ഉത്തർപ്രദേശിൽ നിന്നുയരുന്നത്. 2014ലും 2019ലും കേന്ദ്രത്തിൽ ഭരണത്തിലെത്താൻ എൻ.ഡി.എയെ സഹായിച്ച യു.പിയിലെ കരുത്തുറ്റ പ്രകടനങ്ങൾ 2022 ലെ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന് പരിശോധിക്കുകയാണ് വെബ്‌സീൻ പാക്കറ്റ് 52 ൽ.

ബി.ജെ.പിയിൽ വിശ്വാസം നഷ്ടപ്പെട്ട കർഷകരെ തിരിച്ചുകൊണ്ടുവരാനുള്ള സ്ട്രാറ്റജിയാണ് ബി.ജെ.പി ഇനി പ്രധാനമായും നടപ്പിലാക്കുക. പ്രധാനമന്ത്രി കർഷകരോട് മാപ്പ് പറയുന്ന വീഡിയോ ഗ്രാമങ്ങളിൽ പ്രദർശിപ്പിച്ചും കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങളെ പെരുപ്പിച്ച് കാണിച്ചും, കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലടക്കം നഷ്ടപ്പെട്ട മേൽക്കെ തിരിച്ചുപിടിക്കാനായിരിക്കും ശ്രമം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം സംഘപരിവാർ അനുകൂലികൾ അഴിച്ചുവിട്ട പ്രചാരണം അതിന്റെ തുടക്കമാണ്.

യു.പിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി ഈയിടെ നടന്ന ആർ.എസ്.എസ് യോഗം ബി.ജെ.പിക്ക് മുന്നറിയിപ്പുനൽകിയിരുന്നു. ഇത്തവണ യു.പി നഷ്ടപ്പെട്ടാൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അത് വൻ തിരിച്ചടി സമ്മാനിക്കുമെന്ന് ബി.ജെ.പിയും മനസ്സിലാക്കുന്നുണ്ട്. ആ ഭീതി, എന്ത്​ സാഹസത്തിനും ബി.ജെ.പിയെയും സംഘ്​പരിവാറിനെയും സജ്ജമാക്കുമെന്ന ആശങ്കയും യു.പി ഉയർത്തുന്നു.

കർഷക പ്രക്ഷോഭത്തിന്റെ അലയൊലികളും ലഖിംപൂർ ഖേരിയിലെ കൂട്ടക്കൊലയും കോവിഡ് നേരിടുന്നതിലെ ഭരണപരാജയവും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ഏറ്റവും വലിയ ലീഡ് നേടിക്കൊടുത്ത പടിഞ്ഞാറൻ യുപിയിലെ ജാട്ട് മുസ്‌ലിം ഐക്യവുമെല്ലാം ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് വിലയിരുത്തുന്നു.

യു.പി. കാർഡ്​ 2021: ചില സൂചനകൾ | അലി ഹൈദർ
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 52 ൽ വായിക്കാം കേൾക്കാം

Comments