അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്

യു.പി. കാർഡ്​ 2021: ചില സൂചനകൾ

ഇത്തവണ യു.പി നഷ്ടപ്പെട്ടാൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അത് വൻ തിരിച്ചടി സമ്മാനിക്കുമെന്ന് ബി.ജെ.പിയും മനസ്സിലാക്കുന്നുണ്ട്. ആ ഭീതി, എന്ത്​ സാഹസത്തിനും ബി.ജെ.പിയെയും സംഘ്​പരിവാറിനെയും സജ്ജമാക്കുമെന്ന ആശങ്കയും യു.പി ഉയർത്തുന്നു.

""Roads to Delhi pass through Lucknow''-അടൽ ബിഹാരി വായ്‌പേയ് (2006)""ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് വിജയം 2024 ലേക്കുള്ള വാതിൽ തുറക്കും'' -അമിത് ഷാ (2021 )

81-ാം വയസ്സിൽ, ലക്‌നൗവിലെ അംബേദ്കർ മൈദാനിയിൽ, തന്റെ അവസാന പൊതുപരിപാടികളിലൊന്നിൽ വാർധക്യസഹജമായ വിറയലോടെ വാജ്‌പേയ് മന്ത്രിച്ചുവിട്ടതാണ് അമിത് ഷായിലൂടെ ബി.ജെ.പി. ഇന്നും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് വിജയം 2024 ലേക്കുള്ള വാതിൽ തുറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വാരണാസിയിൽ നവംബർ ആദ്യം നടത്തിയ പ്രഖ്യാപനം, യു.പിക്ക് ബി.ജെ.പി കൽപ്പിക്കുന്ന പ്രാധാന്യത്തെ ദൃഢമാക്കുന്നു: ‘‘ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ ബി.ജെ.പി പ്രവർത്തകനും മൂന്നുവീതം കുടുംബങ്ങളുടെ വോട്ടുകൾ ഉറപ്പുവരുത്തണം. ഓരോ ആളുകളും ബി.ജെ.പിക്ക്​ വോട്ടുചെയ്യുന്നതിനായി 60 പേരെയെങ്കിലും പ്രേരിപ്പിക്കണം. കുറഞ്ഞത് 20 വോട്ടുകളെങ്കിലും ലക്ഷ്യമിടണം. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. രാജ്യത്തെ ഉയരങ്ങളിലേക്കെത്തിക്കാനുള്ള തിരഞ്ഞെടുപ്പാണ്.'' അമിത് ഷാ പ്രവർത്തകരോട് ആവശ്യപ്പെടുന്നു.

യു.പിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി ഈയിടെ നടന്ന ആർ.എസ്.എസ് യോഗം ബി.ജെ.പിക്ക് മുന്നറിയിപ്പുനൽകിയിരുന്നു

ഗുജറാത്തിന്റെ ‘വികസന' ഇമേജ് മുൻനിർത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കിയ ബി.ജെ.പി, കയ്യാളിയ അധികാരം നിലനിർത്താൻ ഉത്തർപ്രദേശിന്റെ ബഹുലമായ ലജിസ്ലേച്ചർ പദവികളെയാണ് ആശ്രയിക്കുന്നത്. ഉത്തർപ്രദേശിലെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കും, രാജ്യത്തോട്​ മാപ്പു ചോദിക്കും, ഇന്ധന നികുതി കുറക്കും, മറ്റു ബി.ജെ.പി. സംസ്ഥാനങ്ങളെ പോലും അസ്ഥിരപ്പെടുത്തും, എന്തും ചെയ്യും. 2014ലും 2019ലും കേന്ദ്രത്തിൽ ഭരണത്തിലെത്താൻ എൻ.ഡി.എയെ സഹായിച്ചത് യു.പിയിലെ കരുത്തുറ്റ പ്രകടനങ്ങളാണെന്നിരിക്കെ മാറിയ സാഹചര്യത്തിൽ ബി.ജെ.പിക്ക് യു.പി ജീവൻ മരണ പോരാട്ടം തന്നെയാണ്. 403 അംഗങ്ങളുള്ള യു.പി നിയമസഭയിലെ അംഗബലത്തിന്റെ ഏകദേശം 80 ശതമാനവും നിലവിൽ എൻ.ഡി.എയിൽ നിന്നാണെന്നിരിക്കെ അതിൽ കുറവ് വരുത്താൻ ബി.ജെ.പി ഒരുക്കമല്ലെന്ന് തന്നെയാണ് അമിത് ഷാ പ്രവർത്തകരോട് പറയുന്നത്.

അമിത് ഷാ, അടൽ ബിഹാരി വായ്‌പേയ്

യു.പി തിരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ മാസങ്ങൾക്കു ശേഷം നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ യു.പിയിലെ ഓരോ എം.എൽ.എയുടെയും വോട്ടിന്റെ മൂല്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതലാണെന്നതും ബി.ജെ.പിക്ക് യു.പി, അടിയന്തര പ്രാധാന്യമുള്ള അജണ്ടയാക്കുന്നു.

യോഗിയും അഖിലേഷും തമ്മിൽ

എല്ലാ ഹിന്ദു ജനവിഭാഗങ്ങളിലും- മുന്നാക്ക, പിന്നാക്ക, ദലിത്- ഒരുപോലെ ശക്തി സംഭരിച്ചാണ് 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഇരച്ചുകയറിയത്. ഇത്തവണ ബി.ജെ.പിക്ക് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് യു.പിയിൽ നിന്ന്​ വരുന്ന വാർത്തകളും സർവേ ഫലങ്ങളും സൂചിപ്പിക്കുന്നത്.

ഗുജറാത്തിന്റെ ‘വികസന' ഇമേജ് മുൻനിർത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കിയ ബി.ജെ.പി, കയ്യാളിയ അധികാരം നിലനിർത്താൻ ഉത്തർപ്രദേശിന്റെ ബഹുലമായ ലജിസ്ലേച്ചർ പദവികളെയാണ് ആശ്രയിക്കുന്നത്

എൻ.ഡി.എയുടെ പ്രകടനം ഗണ്യമായ തോതിൽ കുറയുന്നു എന്നുതന്നെയാണ് പുറത്തുവന്ന സർവേകൾ പറയുന്നത്. ഒക്ടോബറിലെ എ.ബി.പി ന്യൂസ് - സി വോട്ടർ സർവേ എൻ.ഡി.എക്ക് 245 സീറ്റും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്​വാദി പാർട്ടിയും (എസ്​.പി) രാഷ്ട്രീയ ലോക്ദളും (ആർ.എൽ.ഡി) സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയും ചേർന്ന സഖ്യത്തിന്​ 134 സീറ്റുമാണ്​പ്രവചിച്ചത്. എന്നാൽ, നവംബറിലെ സർവേ അനുസരിച്ച് എൻ.ഡി.എയുടെ സീറ്റ് സാധ്യത 217 ആയി കുറഞ്ഞു. എസ്​.പി സഖ്യത്തിന്റെ സീറ്റ് 156 ആയി വർധിച്ചു. ഒക്ടോബറിൽ എൻ.ഡി.എയും എസ്​.പി സഖ്യവും തമ്മിലുള്ള വ്യത്യാസം 111 സീറ്റായിരുന്നെങ്കിൽ നവംബർ ആയപ്പോഴേക്കും അത് 61 ആയി ചുരുങ്ങി. അഖിലേഷിന്റെ എസ്​.പി, ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണു സർവേ ഫലം നൽകുന്ന സൂചനകൾ.

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ അഖിലേഷ് യാദവ്

കാര്യമായ അടിയൊഴുക്കുകൾ സംഭവിച്ചില്ലെങ്കിൽ സീറ്റെണ്ണം കുറയുമെങ്കിലും ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നാണ് നവംബറിലെ എ.ബി.പി ന്യൂസ്- സി-വോട്ടർ സർവേ ഫലം പറയുന്നത്. 213- 221 സീറ്റ് വരെ നേടി യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ തുടരുമെന്നും അഖിലേഷിന്റെ സമാജ്​വാദി പാർട്ടി സഖ്യം 152-160 സീറ്റുകൾ വരെ നേടി മുന്നേറ്റം നടത്തിയേക്കാമെന്നും പ്രവചിക്കുന്ന സർവേ, പക്ഷെ മായാവതിയുടെ ബി.എസ്​.പി 16-20 സീറ്റുകളിൽ ഒതുങ്ങുമെന്നും പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വമ്പൻ റാലികളുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും സർവേ പറയുന്നു. അങ്ങനെ വരുമ്പോൾ യോദി ആദിത്യനാഥും അഖിലേഷ് യാദവും നേർക്കുനേർ പോരാട്ടമാണ് നടക്കാനിരിക്കുന്നതെന്ന്​ വ്യക്തം.

അലസിപ്പോയ ഒരു സഖ്യകഥ

2017 ലെ ബി.എസ്.പിയുമായുള്ള സഖ്യം അടിസ്ഥാനപരമായി യു.പിയുടെ സാമൂഹിക- രാഷ്ട്രീയാന്തരീക്ഷത്തെ മാറ്റിമറിക്കാൻ തക്ക രണ്ടു വലിയ പ്രബല വിഭാഗങ്ങൾ തമ്മിലുള്ള സഖ്യം കൂടിയായിരുന്നുവെങ്കിലും താഴെതട്ടിൽ വൻ പരാജയമായിരുന്നു. മായാവതിയും അഖിലേഷും ഒരുമിച്ച് വേദി പങ്കിടുന്നതും കെട്ടിപ്പിടിക്കുന്നതും വലിയ വാർത്തകളായെങ്കിലും താഴെതട്ടിൽ അത് പ്രതിഫലിച്ചില്ല. അതുകൊണ്ടുതന്നെ പിന്നാക്ക ജാതി വിഭാഗമായ യാദവർ, മുസ്​ലിംകൾ, ബി.എസ്.പിയുടെ സ്വാധീനശക്തിയായ ദലിത് വിഭാഗങ്ങൾ, അവരിൽ തന്നെ ചാമർ വിഭാഗം എന്നിവർ ചേർന്ന്​ ഒരു വലിയ പൊളിറ്റിക്കൽ- സോഷ്യൽ അലയൻസ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടുപോലും മോദിയുടെ പ്രഭാവത്തിനെയും ബി.ജെ.പി മുന്നോട്ടുവച്ച ഗ്രാൻറ്​ ഹിന്ദു ഐഡന്റിറ്റിയുടെ ബ്രോഡായ ഫ്രെയിംവർക്കിനെയും മറികടക്കാൻ ഈ സഖ്യത്തിനായില്ല.

യോഗി ആദിത്യനാഥ്, നരേന്ദ്രമോദി

ബി.എസ്.പി സഖ്യം തങ്ങൾക്ക് കാര്യമായ നേട്ടമുണ്ടാക്കിയില്ല എന്ന തിരിച്ചറിവിൽ, ചെറിയ പാർട്ടികളെയും ബി.ജെ.പിയോട് ഇടഞ്ഞു നിൽക്കുന്ന പാർട്ടികളെയും സംഘടനകളെയും ഒപ്പം കൂട്ടുക എന്ന തന്ത്രമാണ് ഇത്തവണ അഖിലേഷ് യു.പിയിൽ പയറ്റുന്നത്. അതിലൊന്നാണ് ബി.എസ്.എസ്.പി (സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി ) യെ കൂടെ കൂട്ടിയത്. ബി.എസ്.എസ്.പി പ്രസിഡൻറ്​ ഓം പ്രകാശ് രാജ്ഭർ യോഗി മന്ത്രി സഭയിൽ നിന്ന്​ രാജിവെച്ച് എസ്​.പിക്ക്​ പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ഓളം മണ്ഡലങ്ങളിൽ ബി.ജെ.പിയെ നല്ലപോലെ സഹായിച്ച ബി.എസ്.എസ്.പി എസ്.പി സഖ്യത്തിനൊപ്പം ചേരുമ്പോൾ ചില മേഖലകളിൽ നേട്ടം കൊയ്യാം എന്ന് അഖിലേഷ് കണക്ക് കൂട്ടുന്നുണ്ട്.

യോഗി ആദിത്യനാഥിന്റെ ഭരണപരാജയം തങ്ങൾക്കനുകൂലമാക്കാനുള്ള പ്രചാരണങ്ങളും അഖിലേഷ് ആവിഷ്‌ക്കരിക്കുന്നുണ്ട്. പ്രത്യേകിച്ച്, കോവിഡിന്റെ കാലത്ത് സർക്കാർ അമ്പേ പരാജയമാണ് എന്ന പ്രബല വിശ്വാസം യു.പിയിൽ അങ്ങോളമിങ്ങോളമുണ്ട്. ഒപ്പം കാർഷിക സമരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ബി.ജെ.പി വിരുദ്ധ വികാരവും തങ്ങൾക്കനുകൂലമായ വോട്ടാകുമെന്ന വിശ്വാസവും എസ്​.പി സഖ്യത്തിനുണ്ട്.

യോഗി കാർഡും പ്രിയങ്കയുടെ ആൾക്കൂട്ടങ്ങളും

യോഗി ആദിത്യനാഥിന്റെ സർക്കാർ കൊണ്ടുവരുന്ന വികസനമാണ് ബി.ജെ.പി കാർഡ്. കാശിയിലെയും അയോധ്യയിലെയും വികസന പ്രവർത്തനങ്ങൾതൊട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്​സ്​പ്രസ്​ വേ വരെ, ബി.ജെ.പിയുടെ വികസന മാതൃകകളാണ്. ആദിത്യനാഥിനെ വികസന ബ്രാൻറ്​ ആക്കിയെടുക്കുന്നതിൽ ഒരു പരിധി വരെ ബി.ജെ.പി വിജയിച്ചിട്ടുമുണ്ട്. ഏറ്റുമുട്ടൽ കൊലയിൽ കുപ്രസിദ്ധിയുള്ള ഉത്തർപ്രദേശിൽ ഗുണ്ടാ രാജ് നിയന്ത്രിക്കുന്ന യോഗിക്ക് മധ്യവർഗങ്ങൾക്കിടയിൽ ഒരു ഹീറോ പരിവേഷമുണ്ട്. ‘ഞങ്ങൾ കൊല്ലുന്നത് മുസ്​ലിംകളെയല്ല, ക്രിമിനൽസിനെയാണ് എന്ന യോഗിയുടെ പ്രസ്താവന മുസ്​ലിം വിരുദ്ധ പൊതുബോധത്തെ തൃപ്തിപ്പെടുത്തി പ്രൊപഗാന്റ വിജയിപ്പിച്ചെടുക്കാൻ ബി.ജെ.പിക്ക് കഴിയുന്നു. അയോധ്യയിലെ രാമക്ഷേത്രമടക്കമുള്ള വിഷയങ്ങളും തീവ്ര ഹിന്ദുത്വ നിലപാടും വോട്ടായി മാറുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്.

‘ജയ് മാതാ ദി' എന്ന് കോൺഗ്രസുകാരെ കൊണ്ട് ഏറ്റുപറയിപ്പിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസിനും കാര്യമായ വേരുറപ്പിക്കാൻ കഴിയില്ല എന്നുതന്നെയാണ് സൂചന. ദുർബലമായ സംഘടനാ സംവിധാനവും കൃത്യമായ പൊളിറ്റിക്കൽ സ്ട്രാറ്റജിയുടെ അഭാവവും പ്രിയങ്കയുടെ റാലികളിലെ ആൾക്കൂട്ടം മാത്രമായി യു.പി കോൺഗ്രസിനെ ചുരുക്കുന്നു. പതിറ്റാണ്ടുകൾ യു.പി കുത്തകയാക്കിവെച്ചിരുന്ന കോൺഗ്രസിന് ഇവിടെ ആകെയുള്ളത് ഏഴ് എം.എൽ.എമാരും ഒരു എം.പിയുമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്കഗാന്ധി

100 സീറ്റിൽ മത്സരിക്കുമെന്ന്​ കോൺഗ്രസ് പറയുമ്പോൾ നിർണായക മണ്ഡലങ്ങളിൽ കോൺഗ്രസ് നേടുന്ന വോട്ട്​ ബി.ജെ.പിയെ സഹായിച്ചേക്കാം. അഖിലേഷ് യാദവിന്റെ വോട്ടുബാങ്ക് പ്രധാനമായും യാദവ വോട്ടുകളും ന്യൂനപക്ഷങ്ങളുമാണ്. അതിലെ ന്യൂനപക്ഷം കോൺഗ്രസിന് പിന്തുണ നൽകിയാൽ അത് എസ്.പി സഖ്യത്തിന് തിരിച്ചടിയാകും. ദേശീയ പാർട്ടി എന്ന നിലയിൽ പാർട്ടിക്ക് യു.പിയിൽ നഷ്ടപ്പെട്ട അസ്​തിത്വം തിരിച്ചു പിടിക്കാനും സംഘടനാ ശേഷി വർധിപ്പിക്കാനും കോൺഗ്രസിന്റെ മത്സരം സഹായിച്ചേക്കുമെങ്കിലും തത്വത്തിൽ അത് ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഭജിക്കാൻ സഹായിക്കും.

പടിഞ്ഞാറൻ യു.പി; ഒരു വലിയ ചോദ്യം

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ഏറ്റവും വലിയ ലീഡ് നേടിക്കൊടുത്ത പ്രദേശമാണ് പടിഞ്ഞാറൻ യുപി. 2013 ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ മുസഫർ നഗറിൽ 62 പേരുടെ മരണത്തിനും അരലക്ഷം പേരുടെ പലായനത്തിനും ഇടയാക്കിയ കലാപത്തിലൂടെയാണ് യു.പി.യിൽ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാൻ ബി.ജെ.പി.ക്ക് സാധിച്ചത്.

കലാപം ജാട്ടുകൾക്കും മുസ്​ലിംകൾക്കും ഇടയിലുണ്ടാക്കിയ അകൽച്ച 2013-നുശേഷം നടന്ന ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നു. ഒപ്പം മുസ്​ലിം വോട്ടുകളെ വിഭജിപ്പിച്ചും ദലിത്- ഒ.ബി.സി വോട്ടുകൾ കേന്ദ്രീകരിക്കുന്നതിനെ തടഞ്ഞും കൃത്യമായ സാമുദായിക- വർഗീയ സ്ട്രാറ്റജിയിലൂടെ പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി മേധാവിത്വം സ്ഥാപിച്ചെടുക്കുകയായിരുന്നു. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്കായിരുന്നു നേട്ടം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി വിരുദ്ധ ചേരിക്ക് മൊത്തത്തിൽ കിട്ടിയത് പന്ത്രണ്ട് സീറ്റുകളായിരുന്നു.

രാകേഷ് ടിക്കായത്ത്

കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ വലിയ പ്രതിഷേധം രൂപപ്പെടുകയും കർഷക സമരം വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്ത മേഖലയാണ്​ പടിഞ്ഞാറൻ യു.പി. കഴിഞ്ഞ ഏതാനും മാസങ്ങളിൽ, കർഷക സമരം ബി.ജെ.പിയെ കേന്ദ്രീകരിച്ച്, രാഷ്ട്രീയമായി വികസിക്കുന്ന കാഴ്ചയാണുണ്ടായത്. ഇതിന്റെ ഭാഗമായി യു.പിയിൽ ഏറെ പ്രധാനപ്പെട്ടതും വോട്ടുബാങ്കുരാഷ്ട്രീയത്തെ പ്രകടമായി സ്വാധീനിക്കാൻ കഴിയുന്നതുമായ രാഷ്ട്രീയ- സാമൂഹിക പ്രത്യാഘാതങ്ങളുണ്ടായി. അതിലേറ്റവും പ്രധാനം, ബി.ജെ.പി- സംഘ്പരിവാർ രാഷ്ട്രീയം, സാമുദായികമായി വിഘടിപ്പിച്ചുനിർത്തിയിരുന്ന ജാട്ട്, മുസ്‌ലിം വിഭാഗങ്ങൾ തമ്മിലുണ്ടായ യോജിപ്പാണ്. 2013ലെ മുസാഫർ നഗർ കലാപത്തിനുശേഷം ഇരു വിഭാഗങ്ങൾക്കിടയിലും കടുത്ത ശത്രുതയാണ് നിലനിന്നിരുന്നത്. എന്നാൽ, ഈ വിഭാഗങ്ങൾ തമ്മിലുള്ള യോജിപ്പിന്റെ പ്ലാറ്റ്​ഫോമായി മാറി കർഷക പ്രക്ഷോഭം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ പിന്തുണച്ചിരുന്ന രാഗേഷ് ടിക്കായത്തിലൂടെയാണ് പടിഞ്ഞാറൻ യു.പിയിലെ കർഷകർ സമരത്തിന്റെ സജീവതയിലേക്ക് ഉയർന്നുവന്നത്​ എന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നു.

കഴിഞ്ഞ സെപ്തംബർ അഞ്ചിന് മുസഫർ നഗറിൽ കർഷകർ നടത്തിയ മഹാപഞ്ചായത്ത് ഈ ദിശയിലെ നിർണായക ചുവടുവെപ്പായിരുന്നു. കർഷക പ്രക്ഷോഭത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്നുയർന്ന്, മഹാ പഞ്ചായത്ത്​ബി.ജെ.പി ഭരണത്തിനെതിരായ തുറന്ന പോരാട്ടത്തിന്റെ പ്രഖ്യാപനവേദിയായത്​ ഏറ്റവും ഞെട്ടിച്ചത്​ ബി.​ജെ.പിയെയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷകർ ബി.ജെ.പിക്കെതിരെ ‘മിഷൻ യു.പി.' പ്രഖ്യാപനവും നടത്തി.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അഞ്ച് ലക്ഷത്തോളം കർഷകരാണ് മുസഫർനഗറിലേക്കെത്തിയത്. ആ വേദിയിൽ വെച്ച് ‘ഹർ ഹർ മഹാദേവ്' വിളികൾക്കൊപ്പം "അല്ലാഹു അക്ബർ' വിളികളും ഉച്ചത്തിലുയർന്നപ്പോൾ അത്​, സാമൂഹിക ഐക്യത്തിന്റെ മാ​ത്രമല്ല, വിഭജന രാഷ്​ട്രീയത്തിനെതിരായ ശബ്​ദം കൂടിയായി മാറി. ‘‘ഈ മണ്ണിൽ മുമ്പും ഈ വിളികൾ ഉയർന്നിട്ടുണ്ട്. ഇനിയങ്ങോട്ടും ഇതിവിടെ ഉയരും. ഇനി ഇവിടെ ഒരു കലാപവും ഉണ്ടാവില്ല’’ എന്ന കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ വാക്കുകൾ ബി.ജെ.പി വിരുദ്ധ ചേരിക്ക് നൽകിയ ആശ്വാസം ചെറുതല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ പിന്തുണച്ചിരുന്ന രാഗേഷ് ടിക്കായത്തിലൂടെയാണ് പടിഞ്ഞാറൻ യു.പിയിലെ കർഷകർ സമരത്തിന്റെ സജീവതയിലേക്ക് ഉയർന്നുവന്നത്​ എന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നു. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും കർഷക നേതാക്കൾ, പ്രക്ഷോഭത്തെ രാഷ്ട്രീയ കാമ്പയിനാക്കി മാറ്റി. ഇത്, ബി.ജെ.പി സ്ഥാനാർഥികളുടെ തോൽവിക്കിടയാക്കിയിട്ടുണ്ട്. ഇത്​ യു.പിയെ സംബന്ധിച്ചും ഒരു പാഠമാണ്​.

മുസ്സഫർനഗറിൽ നടന്ന കർഷകമഹാപഞ്ചായത്തിൽ നിന്ന് / Photo: Bhupinder, Twitter

കർഷക മഹാപഞ്ചായത്തിലെ ജാട്ട്​- മുസ്​ലിം ഐക്യവും അടുത്തകാലത്തായി ബി.ജെ.പിയോട് ഇടഞ്ഞു നിൽക്കുന്ന ജാട്ട് സമുദായത്തിന്റെ നിലപാടും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കർഷകരുടെ തീരുമാനവുമെല്ലാം ഇലക്​ടറൽ പൊളിറ്റിക്‌സിൽ ആർക്ക് ഗുണം ചെയ്യും? ഇപ്പോഴത്തെ സൂചനയനുസരിച്ച്, എസ്.പിക്കായിരിക്കും നേട്ടം. മുൻ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഉണ്ടാക്കിയത് പോലുള്ള നേട്ടം ഇത്തവണ സമാജ്​വാദി പാർട്ടി ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ മുന്നേറ്റത്തിന്റെ അനുരണനം, സമാജ്​വാദി പാർട്ടിക്ക് നേരത്തെ സ്വാധീനമുള്ള മധ്യ- കിഴക്കൻ യു.പിയിലുണ്ടാവാനും സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ പടിഞ്ഞാറൻ യു.പിയിലെ മേധാവിത്വം നിലനിർത്തുക എന്നതും മറ്റ് മേഖലകളിലെ തിരിച്ചടി തടയുക എന്നതും ബി.ജെ.പിക്ക് പ്രധാനമാണ്. ഇത് തിരിച്ചറിഞ്ഞ സംഘപരിവാർ പടിഞ്ഞാറൻ യു.പി.യിലെ ജാതിവിഭാഗങ്ങളെ സ്വാധീനിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ്​. ജാട്ട് വിഭാഗത്തിന്റെ രാജാവായിരുന്ന രാജാ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിൽ സർവകലാശാല സ്ഥാപിക്കാൻ പ്രധാനമന്ത്രി കല്ലിട്ടതും, യോഗി ആദിത്യനാഥ് ഒമ്പതാം നൂറ്റാണ്ടിലെ ഗുജ്ജർ രാജാവായ മിഹിറ ഭോജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതുമെല്ലാം ഇതിനോട് ചേർത്ത് വായിക്കാം.

കർഷക സമരത്തിൽ പങ്കെടുക്കാത്ത ഹിന്ദുവിഭാഗത്തിലെ ത്യാഗി, സൈനി, ലോഹാർ, കഹാർ, കാഞ്ചി വിഭാഗങ്ങളെ ഒപ്പം നിർത്താനും സമാജ്​വാദി പാർട്ടി-ആർ.എൽ.ഡി. സഖ്യത്തിനെതിരേ ഹിന്ദുവോട്ടുകളുടെ ഏകീകരണം എന്ന പരീക്ഷണം വീണ്ടും നടത്താനും ബി.ജെ.പി. തന്ത്രം ആവിഷ്‌കരിക്കുന്നുണ്ട്. ബി.ജെ.പിയുടെ പതിവുതന്ത്രങ്ങൾ പടിഞ്ഞാറൻ യു.പിയിൽ പാളുകയും എസ്​.പി - ആർ.എൽ.ഡി സഖ്യം തങ്ങൾക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം സമർത്ഥമായി ഉപയോഗിക്കുകയും ചെയ്താൽ പടിഞ്ഞാറൻ യു.പിയിൽ എസ്.പി.സഖ്യത്തിന് വ്യക്തമായ മേധാവിത്വം ലഭിച്ചേക്കും.

22 ശതമാനം മുസ്​ലിംകൾ, 16 ശതമാനം ദലിതുകൾ, 14 ശതമാനം ജാട്ടുകൾ, എട്ടുശതമാനം ബ്രാഹ്‌മണർ, അഞ്ചു ശതമാനം താക്കൂർ, നാലുശതമാനം ഗുജ്ജറുകൾ എന്നിങ്ങനെയാണ് 20 ജില്ലകളിലായി 100 നിയമസഭാ മണ്ഡലങ്ങളുള്ള പടിഞ്ഞാറൻ യു.പിയിലെ ജാതിസമവാക്യം. ഡൽഹി പിടിക്കാൻ ഉത്തർ പ്രദേശ് നിർണായകം എന്നതുപോലെ ഉത്തർപ്രദേശിൽ ഭരണം പിടിക്കണമെങ്കിൽ പടിഞ്ഞാറൻ യു.പി.യിൽ മേധാവിത്വം വേണം എന്നതാണ് രാഷ്ട്രീയ ചരിത്രം. ഇത്തവണ അതിന് മാറ്റമുണ്ടാകുമോ എന്ന് കണ്ടറിയണം.

ബി.ജെ.പിക്കൊപ്പമുള്ള മധ്യ യു.പിയിലെ ജാതിസമവാക്യം പഴയ പോലെ വോട്ടിംഗിൽ പ്രതിഫലിക്കുമോ എന്ന കാര്യത്തിൽ അവർക്കുതന്നെ സംശയമുണ്ട്​.

പടിഞ്ഞാറൻ യു.പിയിലും സമീപപ്രദേശങ്ങളിലുമുള്ള 100 സീറ്റുകളിൽ നില പരുങ്ങലിലാണെന്നു കരുതുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു തന്ത്രം അവശേഷിക്കുന്ന 300 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. എന്നാൽ ഒക്ടോബർ 3ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ തികുനിയയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മന്ത്രിപുത്രന്റെ കാർ ഓടിച്ചുകയറ്റിയതും 10 പേർ കൊല്ലപ്പെട്ടതുവരെയുള്ള സംഭവങ്ങളും ഇതുമായി ബന്ധപ്പെട്ട്​ ഇപ്പോഴും നിലനിൽക്കുന്ന അമർഷവും യോഗി ആദിത്യനാഥിന്​ തിരിച്ചടിയായേക്കാം. ബി.ജെ.പിയെ കാലങ്ങളായി അനുകൂലിക്കുന്ന അപ്പർ കാസ്റ്റ് കർഷകർ ധാരാളമുള്ള മേഖലയിൽ കർഷകരെ പിണക്കുക എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. ഒപ്പം സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കൂട്ടക്കൊലയ്‌ക്കെതിരെ വിപുലമായ ക്യാംപയിൻ മൂന്ന് മാസത്തിനുള്ളിൽ നടത്താനുള്ള ഒരുക്കങ്ങളും നടന്നു വരുന്നു. അതുകൊണ്ടുകൂടിയാണ് പതിവിൽ നിന്ന്​ വിപരീതമായി, കൂട്ടക്കൊലയ്ക്ക് നഷ്ടപരിഹാരം നൽകുക, അന്വേഷണ മേൽനോട്ടത്തിന്​ഹൈകോടതി മുൻ ജഡ്ജിയെ നിയമിക്കുക എന്നതിലേക്ക്​ കാര്യങ്ങൾ എത്തിയത്. അതുവഴി തൽക്കാലത്തേക്ക് രോഷം കുറക്കാം എന്ന്​ യോഗി സർക്കാർ കണക്കുകൂട്ടുന്നു. എന്നാൽ, ബി.ജെ.പിക്കൊപ്പമുള്ള മധ്യ യു.പിയിലെ ജാതിസമവാക്യം പഴയ പോലെ വോട്ടിംഗിൽ പ്രതിഫലിക്കുമോ എന്ന കാര്യത്തിൽ അവർക്കുതന്നെ സംശയമുണ്ട്​.

മായവതി

മധ്യപ്രദേശ്​ അതിർത്തി പ്രദേശമായ ബുന്ദേൽഖണ്ഡ് ബി.എസ്.പിക്കും കോൺഗ്രസിനും സ്വാധീനമുണ്ടായിരുന്ന മേഖലയായിരുന്നു. ഉത്തർപ്രദേശിലെ ദരിദ്ര പ്രദേശങ്ങളിലെന്നായ, ദലിത് - ട്രൈബൽ വിഭാഗങ്ങൾ ഏറെയുള്ള ബുന്ദേൽഖണ്ഡിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് നല്ല സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ അത് നിലനിർത്തുക എന്നത് ബി.ജെ.പിക്ക് പ്രധാനമാണ്.

ഈയിടെ, വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ, ബി.ജെ.പിക്കെതിരെ വരാനിരിക്കുന്ന ജനവിധിയുടെ സൂചനയായിരുന്നു. പലയിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തുപോലുമുണ്ടായിരുന്നില്ല.

കർഷക പ്ര​ക്ഷോഭ വിജയം ആരുടെ വോട്ടാകും?

കർഷക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം, യു.പി തെരഞ്ഞെടുപ്പിലെ രാഷ്​ട്രീയ സൂചനകളെ നിർണായകമാക്കിയിട്ടുണ്ട്​. തന്ത്രപൂർവമുള്ള ഈ പിൻവാങ്ങൽ ആരുടെ വോട്ടുബാങ്കാണ്​ നിറയ്​ക്കുക എന്ന ചോദ്യമാണുയരുന്നത്​.

കർഷക സമരത്തിൽ സജീവമായിരുന്ന യു.പിയിലെ കർഷക സംഘടകളെയോ കർഷകരെയോ ഏതെങ്കിലും തരത്തിൽ ക്യാൻവാസ് ചെയ്യാൻ ഈ പ്രഖ്യാപനം​കൊണ്ടാകില്ല എന്നുതന്നെയാണ് കർഷക നേതാക്കൾ നൽകുന്ന സൂചന. കർഷകർ സമരത്തിന്റെ തുടക്കം മുതൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് വിളകൾക്ക് ന്യായവില ലഭിക്കുന്നില്ല എന്നതാണ്. അതുകൊണ്ട്, നിയമങ്ങൾ പിൻവലിച്ചാലും താങ്ങുവിലയുടെയും ന്യായവിലയുടെയും കാര്യത്തിൽ ഉറപ്പുലഭിക്കാതെ സമരം പിൻവലിക്കില്ല എന്നുതന്നെയാണ് കർഷക നേതൃത്വത്തി​ന്റെ നിലപാട്​. ​പാർലമെൻറ്​ നടപടി ക്രമങ്ങളിലൂടെ നിയമങ്ങൾ ഔദ്യോഗികമായി റദ്ദാക്കുന്നതുവരെ രാജ്യതലസ്ഥാന അതിർത്തികളിലെ ഉപരോധം തുടരുമെന്ന കർഷക നേതൃത്വത്തിന്റെ നിലപാട്​, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുള്ള കർഷകരുടെ അവിശ്വാസം രേഖപ്പെടുത്തുന്ന ഒന്നാണ്​. ഒപ്പം, ലഖിംപുർ ഖേരി കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന്​ പുറത്താക്കുക, അറസ്റ്റ് ചെയ്യുക, പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്​ നഷ്ടപരിഹാരവും തൊഴിലും നൽകുക, പ്രക്ഷോഭത്തിലെ രക്തസാക്ഷികൾക്ക്​ സ്മാരകം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെക്കുമ്പോൾ നിയമം റദ്ദാക്കുക എന്ന പ്രഖ്യാപനത്തിൽ മാത്രം കാര്യങ്ങൾ നിൽക്കില്ലെന്ന് ഉറപ്പാണ്.

കർഷക സമരത്തിന് ഒരു വർഷം പൂർത്തിയാവുന്ന നവംബർ 26 ന് ഡൽഹി അതിർത്തികളിൽ കർഷകരെ സംഘടിപ്പിക്കും തുടങ്ങി സമരത്തിൽ നിന്ന് തങ്ങൾ ഒട്ടും പിറകോട്ടില്ലെന്ന് തന്നെയാണ് കിസാൻ മോർച്ച ഏകോപന സമിതിയുടെ തീരുമാനം.

കർഷക സമരം വിപുലമാകുക മാത്രമല്ല, അത്​ രാഷ്​ട്രീയമായ കാമ്പയിനുകളിലേക്ക്​ പ്രവേശിക്കുകയുമാണ്​. എന്നാൽ, ആസന്നമായ യു.പി ഇലക്ഷനും അടുത്തവർഷം അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടുള്ള നീക്കമാണ് മോദിയുടേതെന്ന്​ കർഷക നേതാക്കൾക്ക് ബോധ്യമുണ്ട്. നവംബറിൽ 29 മുതൽ ദിവസവും 500 പ്രതിഷേധക്കാർ ട്രാക്ടർ ട്രോളികളിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തും. കർഷക സമരത്തിന് ഒരു വർഷം പൂർത്തിയാവുന്ന നവംബർ 26 ന് ഡൽഹി അതിർത്തികളിൽ കർഷകരെ സംഘടിപ്പിക്കും തുടങ്ങി സമരത്തിൽ നിന്ന് തങ്ങൾ ഒട്ടും പിറകോട്ടില്ലെന്ന് തന്നെയാണ് കിസാൻ മോർച്ച ഏകോപന സമിതിയുടെ തീരുമാനം. അങ്ങനെ വരുമ്പോൾ നിയമങ്ങൾ പിൻവലിക്കുന്നതിലൂടെ കർഷകരുടെ പ്രശ്‌നത്തിന് പരിഹാരമായി എന്ന ബി.ജെ.പി തന്ത്രം പാളും.

Photo : Anustup Roy. ruralindiaonline

ബി.ജെ.പിയിൽ വിശ്വാസം നഷ്ടപ്പെട്ട കർഷകരെ തിരിച്ചുകൊണ്ടുവരാനുള്ള സ്ട്രാറ്റജിയാണ് ബി.ജെ.പി ഇനി പ്രധാനമായും നടപ്പിലാക്കുക. പ്രധാനമന്ത്രി കർഷകരോട് മാപ്പ് പറയുന്ന വീഡിയോ ഗ്രാമങ്ങളിൽ പ്രദർശിപ്പിച്ചും കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങളെ പെരുപ്പിച്ച് കാണിച്ചും, കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലടക്കം നഷ്ടപ്പെട്ട മേൽക്കെ തിരിച്ചുപിടിക്കാനായിരിക്കും ശ്രമം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം സംഘപരിവാർ അനുകൂലികൾ അഴിച്ചുവിട്ട പ്രചാരണം അതിന്റെ തുടക്കമാണ്​.

യു.പിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി ഈയിടെ നടന്ന ആർ.എസ്.എസ് യോഗം ബി.ജെ.പിക്ക് മുന്നറിയിപ്പുനൽകിയിരുന്നു. ഇത്തവണ യു.പി നഷ്ടപ്പെട്ടാൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അത് വൻ തിരിച്ചടി സമ്മാനിക്കുമെന്ന് ബി.ജെ.പിയും മനസ്സിലാക്കുന്നുണ്ട്. ആ ഭീതി, എന്ത്​ സാഹസത്തിനും ബി.ജെ.പിയെയും സംഘ്​പരിവാറിനെയും സജ്ജമാക്കുമെന്ന ആശങ്കയും യു.പി ഉയർത്തുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അലി ഹെെദർ

ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റർ

Comments