കഠിന ജീവിതപരീക്ഷണങ്ങളുടെ ബാല്യവും ഒരു ദേശത്തിന്റെ ഭാവി നിർണയിച്ച പോരാട്ടങ്ങൾക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ്. അതുകൊണ്ടാണ് കേരളം ആ പേര് ഇത്രമേൽ നെഞ്ചിലേറ്റുന്നത്. സമൂഹത്തിലെ ജനവിരുദ്ധർക്കും ചൂഷകശക്തികൾക്കുമെതിരെ ഒത്തുതീർപ്പില്ലാതെ അദ്ദേഹം പോരടിച്ചു, ഒപ്പം പാർട്ടിക്കകത്തെ ജനവഞ്ചകർക്കെതിരെയും നയവ്യതിയാനങ്ങൾക്കെതിരെയുമുള്ള ആന്തരിക സമരമെന്ന കമ്യൂണിസ്റ്റ് ബാധ്യത കൂടി നിർഭയം ഏറ്റെടുത്തു.
കോർപ്പറേറ്റ് വികസന നയങ്ങൾ മൂലം പിറന്ന മണ്ണിൽ അഭയാർത്ഥികളാക്കപ്പെടുന്ന മനുഷ്യർ തുടങ്ങിവച്ച നവസാമൂഹ്യസമരങ്ങളും പാരിസ്ഥിതിക മുന്നേറ്റങ്ങളും കൂടിച്ചേർന്നതാണ് പുതിയ കാലത്തിന്റെ ഇടതുപക്ഷം എന്ന ബോധ്യത്തോടെ കേരളത്തിലെ നിരവധിയായ സമരഭൂമികളിൽ അദ്ദേഹം എത്തി. ദുർഘടപാതകൾ താണ്ടി മലയോരങ്ങളിലും തീരദേശത്തും അദ്ദേഹമെത്തി. അധികാര രാഷ്ട്രീയം കണ്ടില്ലെന്നു നടിച്ച പോർമുഖങ്ങൾക്ക് ഇന്ധനമായി. അതുതന്നെയാണ് വി.എസിനെ ജനതയുടെ ഉള്ളിലൊരു സമരേതിഹാസമായി മാറ്റിയത്.
ടി.പി. രക്തസാക്ഷിയായ നാൾ ആ ഭൗതികശരീരം സന്ദർശിക്കാനും ധീരനായ കമ്യൂണിസ്റ്റാണ് ടി. പിയെന്ന് ഈ ലോകത്തോട് വിളിച്ചുപറയാനും ഒരു നേതൃ തീട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ല. ഒരു നാടാകെ വെറുങ്ങലിച്ചുനിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്നേഹത്തോടെയും ഒരു വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേർത്തുപിടിച്ചത് ജീവിതത്തിലെ ദീപ്തസ്മൃതികളിലൊന്നാണ്. അന്ന് പകർന്ന സമശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തത്.
വിപ്ലവോജ്വലവും ആവേശകരവുമായ ആ സമരധന്യജീവിതം ഒരു നൂറ്റാണ്ടിന്റെ പൂർണതയെ തൊടുമ്പോൾ സ്നേഹത്തോടെ, ആദരവോടെ, വിപ്ലവാഭിവാദ്യങ്ങളോടെ, പിറന്നാൾ ആശംസകൾ.