കോട്ടയം ജില്ലയിലെ സംവരണ മണ്ഡലമായ വൈക്കം ഇത്തവണ ഒരു സവിശേഷതയാണ്. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ സ്ത്രീകൾ. സി.പി.ഐയുടെ സിറ്റിങ് എം.എൽ.എ സി.കെ. ആശ, കോൺഗ്രസിലെ ഡോ. പി.ആർ. സോന, ബി.ഡി.ജെ.എസിലെ അജിത സാബു എന്നിവരാണ് ജനവിധി തേടുന്നത്.
2016ൽ ആശ 24,584 വോട്ടിനാണ് കോൺഗ്രസിലെ എ. സനീഷ്‌കുമാറിനെ തോൽപ്പിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന ആശ സി.പി.ഐ കോട്ടയം ജില്ല കൗൺസിൽ അംഗമാണ്.
കെ.പി.സി.സി ജനറൽ സെക്രട്ടറിയായ സോനയുടെ ആദ്യ മത്സരമാണിത്. കോട്ടയം നഗരസഭ അധ്യക്ഷയായിരുന്ന സോന എം.ജി. സർവകലാശാലയിൽനിന്നാണ് മലയാള ഭാഷയിൽ ഡോക്ടറേറ്റ് നേടിയത്.
എൽ.ഡി.എഫിന് ഉറച്ചവോട്ടുകളുള്ള മണ്ഡലത്തിൽ സോനയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന് മത്സരവീര്യം പകർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, പതിവുപോലെ ഒരു "ഈസി വാക്കോവർ' എൽ.ഡി.എഫ് ഇത്തവണ പ്രതീക്ഷിക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം. ഏഴ് പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനായിരുന്നു ജയം. മണ്ഡലത്തിൽ ഉൾപ്പെട്ടെ മൂന്നു ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫ് മികച്ച ജയം നേടി. എന്നാൽ, സംസ്ഥാന സർക്കാറിന്റെ മുന്നാക്ക സംവരണത്തിനെതിരെ കെ.പി.എം.എസിനെപ്പോലുള്ള സംഘടനകളുടെ നിലപാട് ഇടതുപക്ഷത്തിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
1957 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ സി.പി.ഐയാണ് കൂടുതൽ തവണയും ജയിച്ചിട്ടുള്ളത്. മൂന്നുതവണ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. രണ്ടര പതിറ്റാണ്ടായി ഇടതുപക്ഷ കോട്ടയായി തുടരുകയാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് പി. കൃഷ്ണപിള്ളയുടെ ജന്മസ്ഥലം കൂടിയായ വൈക്കം.
1957ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച കെ.ആർ. നാരായണനാണ് ജയിച്ചത്. 1960ൽ സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനായിരുന്നു ജയം.
1965ൽ പി. പരമേശ്വരനിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. 1967, 1970 വർഷങ്ങളിൽ വീണ്ടും പി.എസ്. ശ്രീനിവാസൻ. 1977 മുതൽ 1982 വരെ സി.പി.ഐയുടെ എം.കെ. കേശവൻ. 1987ൽ സി.പി.ഐയുടെ പി.കെ. രാഘവൻ. 1991ൽ കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസിനുവേണ്ടി വൈക്കം തിരിച്ചുപിടിച്ചു. 1996ൽ എം.കെ. കേശവനിലൂടെ സി.പി.ഐയുടെ ജൈത്രയാത്ര തുടങ്ങി. പി. നാരായണനും കെ. അജിത്തും രണ്ടു തവണ വീതം ജയിച്ചു. ഇപ്പോൾ ആശയിലെത്തിനിൽക്കുന്നു.
വൈക്കം മുനിസിപ്പാലിറ്റിയും ചെമ്പ്, കല്ലറ, മറവൻതുരുത്ത്, ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം.