വിശ്വാസികൾ ജാതി തിരിഞ്ഞ്​ ​പൊതുനിരത്ത്​ കൈയടക്കുന്ന വൈക്കം; നൂറുവർഷത്തിനുശേഷമുള്ള ഒരു കാഴ്​ച

ജാതി തിരിച്ചുവരുന്നതും വിശ്വാസികൾ ജാതി തിരിഞ്ഞ് പൊതുനിരത്തുകൾ കൈയടക്കുന്നതുമാണ് വൈക്കത്തിന്റെ സമകാലിക കാഴ്ച. താലപ്പൊലിയുടെ രൂപത്തിലാണ് ജാതിയുടെ തിരിച്ചുവരവ്. ഉത്സവകാലത്ത് വൈക്കം പട്ടണത്തിന്റെ പൊതുനിരത്തുകൾ ജാതിതിരിഞ്ഞ് താലമേന്തും. ഓരോ ജാതിയിൽപെട്ട സ്ത്രീകളും സമുദായം നിർദേശിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങളണിയണം എന്നാണ് വ്യവസ്ഥ. വസ്ത്രത്തിന്റെ നിറം നോക്കി ഏതു ജാതിയുടെ താലപ്പൊലിയാണ് നടക്കുന്നതെന്ന് തിരിച്ചറിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.

1925- ലാണ് ഗാന്ധിജി സത്യാഗ്രഹം നടക്കുന്ന വൈക്കം സന്ദർശിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി മഹാദേവദേശായിയും സി. രാജഗോപാലാചാരിയും ഒപ്പമുണ്ടായിരുന്നു. സത്യാഗ്രഹത്തിന് സമവായമുണ്ടാക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. ക്ഷേത്രത്തിന്റെ അധികാരം കൈയ്യാളിയിരുന്ന ഇണ്ടംതുരുത്തി മനയിലെ ദേവൻ നീലകണ്ഠൻ നമ്പൂതിരിയെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച്​മഹാദേവദേശായി ഒരു കുറിപ്പയച്ചു.

ജാതിയിൽ വൈശ്യനായ ഗാന്ധിജിയെ കാണാൻ നമ്പൂതിരിക്ക് താല്പര്യമില്ലായിരുന്നു. തന്നെ കാണണമെങ്കിൽ വീട്ടിൽ വന്ന് കാണണമെന്നായിരുന്നു നമ്പൂതിരിയുടെ മറുപടി. നമ്പൂതിരിയുടെ ‘ഈഗോ’ ഗാന്ധിജിക്ക് ഇല്ലാത്തതുകൊണ്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഗാന്ധിജിയും സി. രാജഗോപാലാചാരിയും മഹാദേവദേശായിയും ഗാന്ധിജിയുടെ മകൻ രാമദാസ് ഗാന്ധിയും ഇണ്ടംതുരുത്തി മനയിലെത്തി. പക്ഷെ, വൈശ്യനായ ഗാന്ധിജിയെ നമ്പൂതിരി അകത്തു കടത്തിയില്ല, വരാന്തയിലിരുത്തി. നമ്പൂതിരിയും കൂട്ടരും അകത്തെ മുറിയിലിരുന്നു. തുറന്നിട്ട ജനാലയിലൂടെയായിരുന്നു സംഭാഷണം.

മൂന്നുമണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ ഗാന്ധിജി പറഞ്ഞു: ‘അവർക്ക് ആ റോഡുകളിൽ ഇരിക്കണമെന്നില്ല. റോഡുകളിൽ അവർ മാർഗതടസ്സമുണ്ടാക്കില്ല. അതിലൂടെ അവർക്കു കടന്നുപോകണമെന്നു മാത്രം.’

ഇണ്ടതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുടെ മറുപടി ഇതായിരുന്നു: ‘കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം'

ഈ സംഭാഷണം നടന്നിട്ട് 98 വർഷം കഴിഞ്ഞു. വൈക്കം സത്യാഗ്രഹത്തിന് നൂറ് വർഷവും. ജാതിയെ തോൽപ്പിക്കാൻ നമുക്കായോ? ‘കടന്നുപോവുക’ എന്ന ഏറ്റവും ബുദ്ധിമുട്ടേറിയ വിശ്വാസത്തിന്റെ നടപ്പുവഴികളെ കാലം എങ്ങനെയാണ് വേലികെട്ടിത്തിരിച്ചത്? വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവത്തോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലി അതിനുദാഹരണമാണ്.

വൈക്കത്തഷ്ടമിക്ക് താലപ്പൊലി ഘോഷയാത്രയുണ്ട്. ഈഴവ താലപ്പൊലി, ധീവര താലപ്പൊലി, പുലയ താലപ്പൊലി എന്നിങ്ങനെ ജാതിതിരിഞ്ഞാണ് വിശ്വാസികൾ താലമേന്തുന്നത്. ക്ഷേത്രത്തിനുചുറ്റുമുള്ള പൊതുവഴികൾ അവർണർക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് നൂറ് വർഷം മുമ്പാണ് വൈക്കം സത്യഗ്രഹം നടന്നത്. ജാതീയതക്കും അയിത്താചാരത്തിനുമെതിരായ ഐതിഹാസിക സമരം.

1924 മാർച്ച് 30ന് ആരംഭിച്ച് 1925 നവംബർ 23 വരെ 603 ദിവസം നീണ്ട സമരം വിജയം കണ്ടു. പിന്നീട് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശവും അവർണർ നേടിയെടുത്തു. വഴിനടക്കാനുള്ള സ്വാതന്ത്ര്യവും പന്തിഭോജനവും ക്ഷേത്രപ്രവേശവും നവോത്ഥാനത്തിന്റെ അടയാളങ്ങളായി. വൈക്കം സത്യഗ്രഹം ജാതിവ്യവസ്ഥക്കും ഉച്ചനീചത്വത്തിനും എതിരായ സമരവിജയമായി ചരിത്രത്തിൽ ഇടം നേടി. സത്യഗ്രഹത്തിന്റെ ശതാബ്ദിയിലാണ് ഇന്ന് വൈക്കം. രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും ഒറ്റക്കും കൂട്ടായും സത്യഗ്രഹത്തിന്റെ ഓർമ പുതുക്കി നൂറ്റാണ്ട് ആഘോഷിക്കുന്നു. എന്നാൽ, ജാതി തിരിച്ചുവരുന്നതും വിശ്വാസികൾ ജാതിതിരിഞ്ഞ് പൊതുനിരത്തുകൾ കൈയടക്കുന്നതുമാണ് വൈക്കത്തിന്റെ സമകാലിക കാഴ്ച.
താലപ്പൊലിയുടെ രൂപത്തിലാണ് ജാതിയുടെ തിരിച്ചുവരവ്. വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തിൽ വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ജാതിതിരിഞ്ഞ് നടത്തുന്ന താലപ്പൊലിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ രാഷ്ട്രീയ പാർട്ടികളും സാംസ്‌കാരിക സംഘടനകളും ഇടയ്ക്കിടെ പരിപാടികൾ സംഘടിപ്പിക്കും. ഏറെക്കുറെ ഒരനുഷ്ടാനംപോലെ അതും നടന്നുവരുന്നു.

അപ്പോഴും ഉത്സവകാലത്ത് വൈക്കം പട്ടണത്തിന്റെ പൊതുനിരത്തുകൾ ജാതിതിരിഞ്ഞ് താലമേന്തും. ഓരോ ജാതിയിൽപെട്ട സ്ത്രീകളും സമുദായം നിർദേശിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങളണിയണം എന്നാണ് വ്യവസ്ഥ. വസ്ത്രത്തിന്റെ നിറം നോക്കി ഏതു ജാതിയുടെ താലപ്പൊലിയാണ് നടക്കുന്നതെന്ന് തിരിച്ചറിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.

വൈക്കം മഹാദേവക്ഷേത്രത്തിലെ ഉത്സവമായ അഷ്ടമിയോടനുബന്ധിച്ചാണ് ജാതിതിരിഞ്ഞ് താലപ്പൊലി ഘോഷയാത്ര നടക്കുന്നത്. കൊല്ലംതോറും വൃശ്ചികമാസത്തിൽ 12 ദിവസമാണ് അഷ്ടമി ഉത്സവം. ഈ ദിവസങ്ങളിൽ വിശ്വാസികൾ താലമെടുക്കുന്ന പതിവുണ്ട്. ക്ഷേത്രാനുഷ്ഠാനങ്ങളിൽ ഈ താലപ്പൊലി കയറിപ്പറ്റിയത് എപ്പോഴാണെന്നതിന് കൃത്യമായ സൂചനയില്ല. ലഭ്യമായ രേഖകൾപ്രകാരം എൺപതിലധികം വർഷങ്ങളുടെ പഴക്കം ഈ അനുഷ്ഠാനത്തിനില്ല. ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം പൊതുനിരത്തുകളും ക്ഷേത്ര കവാടവും തുറന്നുകിട്ടിയതിനുശേഷമാവണം താലപ്പൊലി അഷ്ടമി ഉത്സവത്തിലേയ്ക്ക് കടന്നുവരുന്നത്.

‘കുലവാഴപുറപ്പാട്' എന്ന ചടങ്ങിൽ നിന്ന്

ഓരോ ദേശത്തുമുള്ള വിശ്വാസികളായ സ്ത്രീകളാണ് താലപ്പൊലിയിൽ പങ്കെടുത്തിരുന്നത്. ഇത് ജാതിതിരിഞ്ഞുള്ള ശക്തിപ്രകടനമായി മാറിയത് 23 വർഷം മുമ്പാണ്. 12 ദിവസം നീണ്ടുനിൽക്കുന്ന അഷ്ടമിക്കു വേണ്ടി ‘കുലവാഴപുറപ്പാട്' എന്നൊരു ചടങ്ങുണ്ട്. നായർ സമുദായമാണ് ഇതിന്റെ അവകാശം കൈയാളിയിരുന്നത്. നായർ സമുദായത്തിലേക്ക് എങ്ങനെയാണ് ഈ അവകാശം വന്നുചേർന്നതെന്ന് കൃത്യമായി അറിയില്ല. ബ്രാഹ്മണരും നായന്മാരും ചേർന്ന് ക്ഷേത്രഭരണം നടത്തിയിരുന്ന കാലത്താവാമിതെന്ന് കണക്കാക്കുന്നു.

എന്നാൽ, ഇക്കാലത്തും അത് മാറ്റമില്ലാതെ തുടരുന്നതിനെ മറ്റു സമുദായങ്ങൾ ചോദ്യം ചെയ്തു. കുലവാഴപുറപ്പാടിന് അവകാശം വേണമെന്ന് ഈഴവ, ധീവര സമുദായങ്ങൾ ആവശ്യപ്പെട്ടു. അന്നത്തെ ഉത്സവം നടത്തിപ്പുകാരും സമുദായ നേതാക്കളും ചേർന്ന് തർക്കം പരിഹരിച്ചു. പകരം സംവിധാനം എന്ന നിലയിൽ താലപ്പൊലി ഓരോ ദിവസവും ഓരോ ജാതിക്കായി വീതിച്ചുനൽകാൻ തീരുമാനിച്ചു. എന്നാൽ, കുലവാഴപുറപ്പാട് നായർ സമുദായത്തിന്റെ അവകാശമായി നിലനിൽക്കുന്നു. ദേശ താലപ്പൊലികളായിരുന്നു അന്നുവരെ ഉണ്ടായിരുന്നത്. നാനാജാതിയിൽപെട്ട ദേശക്കാർ അണിനിരന്ന താലപ്പൊലിയുടെ ദേശവരവുകളെ അതോടെ ജാതീയമായി വിഭജിച്ചു. അന്നുമുതലാണ് ജാതിതിരിഞ്ഞുള്ള താലപ്പൊലി ആരംഭിച്ചത്. ഓരോ ജാതിസമുദായവും അവരുടെ സ്ത്രീകളെയും പെൺകുട്ടികളെയും അണിനിരത്തിയുള്ള ശക്തിപ്രകടനങ്ങളായി താലപ്പൊലികൾ മാറി. ഓരോ ജാതിയിൽപെട്ട സ്ത്രീകളും സമുദായം നിർദേശിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങളണിയണം. നിറം നോക്കി ഏതു ജാതിയുടെ താലപ്പൊലിയാണ് നടക്കുന്നതെന്ന് തിരിച്ചറിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.

സമുദായാംഗങ്ങളായ മുഴുവൻ കുടുംബങ്ങളിൽനിന്നും സ്ത്രീകളും പെൺകുട്ടികളും താലമെടുത്തിരിക്കണമെന്ന കൽപനയാണ് സമുദായ നേതൃത്വം അണികൾക്ക് നൽകുന്നത്. ഇതിന് വിസമ്മതിക്കുന്ന കുടുംബങ്ങൾ പിഴ ഒടുക്കേണ്ടിവരും. ഒറ്റപ്പെടുത്തൽ, വീട്ടിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കൽ തുടങ്ങിയ അപ്രഖ്യാപിത ഊരുവിലക്കുകളും നിലനിൽക്കുന്നുണ്ട്.

വൈക്കത്തഷ്ടമി / Photo : Unni Vaikom

ജാതിക്കും സാമുദായിക വിലക്കുകൾക്കും അയിത്തത്തിനുമെതിരായി വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി ജനം അണിനിരന്ന വൈക്കത്തെ പൊതുവഴികൾ ജാതിതിരിഞ്ഞ് വിശ്വാസികൾ അണിനിരക്കുന്ന ജാതിവഴികളായി. ജാതീയ താലമേന്തി മടങ്ങിയത്തെുന്നു.

വൈക്കം സത്യഗ്രഹത്തിന് പിന്തുണ നൽകി ശ്രീനാരായണ ഗുരു പറഞ്ഞു: ‘വഴി നടക്കുന്നതിൽ നിർത്തരുത്; ക്ഷേത്രത്തിൽ കയറുക. എല്ലാ ക്ഷേത്രത്തിലും എല്ലാ ദിവസവും എല്ലാവരും കയറട്ടെ. പായസ നിവേദ്യം ഉണ്ടെങ്കിൽ, എടുത്ത് കഴിക്കുക. ക്ഷേത്രത്തിൽ പന്തിഭോജനം നടക്കുന്ന സ്ഥലത്തു ചെന്ന് മറ്റുള്ളവർക്കൊപ്പം ഇരിക്കുക.'

വൈക്കം മഹാദേവ ക്ഷേത്രത്തിൽ അന്നദാനമുണ്ട്. ക്ഷേത്രം നട അടക്കുന്നതിനുമുമ്പ് അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് വിളിച്ചുചോദിച്ച്, ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് ഗോപുരവാതിൽ അടച്ചിരുന്നത്. ക്ഷേത്രത്തിന് ചുറ്റും അധിവസിച്ചിരുന്ന ബ്രാഹ്മണരും പട്ടന്മാരും മറ്റു സവർണ ജാതിക്കാരുമായിരുന്നു ഇതിന്റെ ഗുണഭോക്താക്കൾ. വൈക്കം സത്യഗ്രഹവും പന്തിഭോജനവും ക്ഷേത്രപ്രവേശവും അമ്പലത്തിലെ ഭക്ഷണപ്പുര നാനാജാതിക്കാർക്കുമായി തുറന്നുകൊടുക്കുന്നതിന് കാരണമായി. ഈ അന്നദാനത്തിന്റെ സ്മരണക്ക് അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വിവിധ സമുദായ സംഘടനകൾ അന്നദാനം നടത്തുന്ന പതിവുണ്ട്. ക്ഷേത്രത്തിന് പുറത്ത് സമുദായങ്ങളുടെവക കല്യാണ മണ്ഡപങ്ങൾ അന്നദാന സ്ഥലങ്ങളായി മാറുന്നു.

ആദ്യമാദ്യം ഇത് പന്തിഭോജനസ്ഥലങ്ങളായിരുന്നു. കാലം മാറിയപ്പോൾ അതത് സമുദായങ്ങൾക്ക് മാത്രമായി അത് ചുരുങ്ങി. വിവിധ ബ്രാഹ്മണ സമൂഹങ്ങളും നായർ സമുദായവുമാണ് സദ്യനടത്തുന്നത്. ഇതിൽ അതത് ജാതിക്കാർ മാത്രമാണ് പങ്കെടുക്കുന്നത്. നായർ സദ്യയാകട്ടെ, സമുദായാംഗങ്ങളായ കുടുംബങ്ങളിലേക്ക് മുൻകൂട്ടി കൂപ്പൺ കൊടുത്തയച്ച് ക്ഷണിച്ചുവരുത്തിയാണ് അന്നദാനം നടത്തിവരുന്നത്. മറ്റു സമുദായക്കാർ അതുകൊണ്ടുതന്നെ ഇത്തരം സദ്യകളിൽ പങ്കെടുക്കാറില്ല. ആർക്കും വിലക്കില്ലെന്ന് പറയുന്നതെങ്കിലും എല്ലായിടത്തും അപ്രഖ്യാപിത ജാതിവേലികൾ നിലനിൽക്കുന്നു.

Comments