വൈക്കം സത്യഗ്രഹത്തി​ലെ ഗുരു, ഗാന്ധി, കോൺഗ്രസ്​

ജാതിഘടനയെ അംഗീകരിക്കുകയും തൊട്ടുകൂടായ്മയെ മാത്രം എതിർക്കുകയും ചെയ്യുക എന്ന കോൺഗ്രസ് തന്ത്രമാണ് വൈക്കത്ത് പ്രയോഗിച്ചത്. സവർണതയ്‌ക്കെതിരായ പോരാട്ടങ്ങൾ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രമുഖ ഉത്തരവാദിത്തമായി മാറി. ജാതിബോധത്തിൽ നിന്ന് ​വർഗബോധത്തിലേക്ക്​കേരളം നടന്നു. കാർഷികബന്ധ ബിൽ വരുമ്പോൾ ഈ സവർണത സട കുടഞ്ഞു വരികയും ചെയ്തു. ആചാര സംരക്ഷണം കോൺഗ്രസിന്റെ പ്രധാന പരിപാടിയായി ശബരിമലക്കാലത്തു മാറുന്നത്, ജാതിയും ആചാരവും അഭിസംബോധന ചെയ്യാതെ സവർണരുടെ മാനസിക മാറ്റം ലക്ഷ്യമിട്ടതിന്റെ ദുരിതമാണ്.

ങ്ങൾ എന്തു ചെയ്യണം?
തിരുവിതാംകൂർ വിട്ടുപോകണോ?

ഔദ്യോഗിക വസതിയായ ഭക്തിവിലാസത്തി​ലെത്തി ടി. കെ മാധവൻ ഉയർത്തിയ ഈ ചോദ്യത്തോട്​ ധാർഷ്​ട്യം നിറഞ്ഞ ഭാഷയിൽ ദിവാൻ രാഘവയ്യ പറഞ്ഞത്, നിങ്ങളുടെ ആവശ്യം നടക്കണമെങ്കിൽ തിരുവിതാംകൂർ വിട്ടോളൂ എന്നാണ്. 1919 ലും 1920 ലും ശ്രീമൂലം പ്രജാസഭയിൽ ടി. കെ. മാധവൻ ക്ഷേത്ര പ്രവേശനം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുവാൻ ശ്രമം നടത്തുന്നുണ്ട്. ഈ ഘട്ടത്തിൽ അവതരണം അനുവദിക്കുന്നുമുണ്ട്. എന്നാൽ പ്രമേയ അവതരണ സമയം സഹപ്രവർത്തകരായ ഈഴവ അംഗങ്ങൾ തന്നെ സഭ ബഹിഷ്‌ക്കരിക്കുകയാണ്. അത്രമേൽ ആലോചിക്കാനാവാത്ത ഒന്നായിരുന്നു അവർണരുടെ ക്ഷേത്ര പ്രവേശനം എന്നത്.

തിരുവിതാംകൂറിൽ ടി. കെ. മാധവനും കൊച്ചിയിൽ സഹോദരൻ അയ്യപ്പനും യോഗനേതൃത്വത്തിൽ എത്തുന്നതോടെ ക്ഷേത്രപ്രവേശനം സജീവ അജണ്ടയായി മാറുന്നു . ഇവർക്ക് രണ്ടാൾക്കും ചില സവിശേഷതകളുണ്ട്. സഹോദരൻ ശാസ്ത്രീയ യുക്തിചിന്തയുടെ വക്താവാണ്. മാധവൻ ദേശീയ പ്രസ്ഥാനത്തിന്റെയും. ഭിന്നമായ സാമൂഹ്യ വിശകലന വഴികളിലൂടെയാണെങ്കിലും ഇരുവരും ജാതീയ അടിച്ചമർത്തലും അനീതിയും ചെറുക്കണം എന്ന നിശ്ചയത്തിൽ എത്തിച്ചേരുകയാണ്. ആദ്യ കാല ഈഴവ നേതാക്കന്മാരിൽ നിന്ന്​ ഭിന്നമായി ഈ രാഷ്ട്രീയമായ ധാരണ സഹോദരനെയും മാധവനെയും വേറിട്ടു നിർത്തുന്നുണ്ട്. തൊട്ടു കൂടായ്മയെ (untouchability) എതിർക്കുമ്പോഴും ക്ഷേത്ര പ്രവേശനം അതിരുവിട്ട ആവശ്യമാണ് എന്ന നിലപാടാണ് ആദ്യകാല നേതാക്കൾ സ്വീകരിക്കുന്നത്. ഈ സ്ഥിതിയാണ് മാറുന്നത്. 1918- ൽ കൊട്ടാരക്കരയിൽ ചേർന്ന യോഗം വാർഷികം ക്ഷേത്ര പ്രവേശനം സംബന്ധിച്ച പ്രമേയം പാസാക്കി. 1921 ആകുമ്പോൾ കരുനാഗപ്പള്ളിയിൽ ക്ഷേത്ര പ്രവേശനം ഞങ്ങളുടെ ജന്മാവകാശമാണ് എന്ന പ്രമേയത്തിലേക്ക് ഇതു വികാസം പ്രാപിക്കുകയും ചെയ്യുന്നുണ്ട്.

ടി.കെ. മാധവൻ

കോൺഗ്രസും ഗാന്ധിയും സത്യാഗ്രഹവും

1921ൽ ശ്രീമൂലം പ്രജാസഭയിൽ തങ്ങളുടെ ആവശ്യം ഉന്നയിക്കാൻ അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് മാധവൻ രാഘവയ്യയെ കാണുന്നത്. ദിവാൻ, സർക്കാർ നിലപാട് ആവർത്തിച്ചു. തങ്ങൾ നാടുവിടണമോ എന്ന മാധവന്റെ ചോദ്യത്തിന്റെ പശ്ചാത്തലമിതാണ്. ഇതോടെയാണ് മാധവൻ കോൺഗ്രസിലേക്കും ഗാന്ധിയിലേക്കും എത്തുന്നത്. 1921 സെപ്റ്റംബറിൽ തിരുനെൽവേലിയിൽ വെച്ച് മാധവൻ മാഹാത്മാഗാന്ധിയെ കാണുന്നു. തിരുവിതാംകൂറിലെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഗാന്ധിജിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയ പലതിലും ഗാന്ധിജിയോടുള്ള തന്റെ വിയോജിപ്പ് പറഞ്ഞുകൊണ്ടുതന്നെ ടി. കെ. മാധവൻ അദ്ദേഹത്തിന്റെ മാഹാത്മ്യവും സ്വാധീനവും അംഗീകരിക്കുകയും ചെയ്തു. ക്ഷേത്രപ്രവേശനം എന്ന അജണ്ട നീട്ടിവെച്ച്​ വഴിക്കും വെള്ളത്തിനും എല്ലാമുള്ള അവകാശത്തിൽ കേന്ദ്രീകരിക്കണം എന്ന ഉപദേശമാണ് ഗാന്ധിജി മാധവനു നൽകിയത്.

ഗാന്ധിയൻ സമരരൂപമായ സത്യഗ്രഹം അതിനകം മാധവന്റെയും മറ്റും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1921- ൽ ഗാന്ധിജിയെ കണ്ടു എങ്കിലും 1923 വരെ കാര്യമായ പ്രത്യക്ഷപരിപാടികളിലേക്ക് പോകാനായില്ല. 1923 ഡിസംബറിൽ കാക്കിനടയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് അംഗത്വം തന്നെ ഇല്ലാത്ത മാധവൻ പങ്കെടുക്കുകയാണ്. മാത്രമല്ല, പ്രവർത്തക സമിതി യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. കാക്കിനട സമ്മേളനത്തിൽ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചു അംഗീകരിപ്പിക്കുകയും ചെയ്തു.

വൈക്കം ക്ഷേത്രം

കാക്കിനട സമ്മേളനമാണ് anti untouchability കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസിനകത്ത് നടന്ന ആഭ്യന്തര സംവാദങ്ങളിൽ 1917- ലെ കൽക്കട്ട സമ്മേളനത്തോടെ ഈ സാമൂഹ്യ ലക്ഷ്യങ്ങളും സ്വരാജിന്റെ ഭാഗമാണ് എന്ന നിലപാട് വന്നിരുന്നു എന്നതും സംഗതമാണ്. സത്യാഗ്രഹം എന്ന സമര രൂപം മതപരവും സാമൂഹ്യവുമായ പ്രശ്‌നങ്ങളിൽ എത്രമാത്രം സംഗതമാണ് എന്ന ഔൽസുക്യം ഗാന്ധിജിക്കുണ്ടായിരുന്നു എന്നും ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചമ്പാരനിൽ നിന്നും ഭിന്നമായ ഒരു സ്ഥിതിയാണല്ലോ ഇത്.

അയിത്തോച്ചാടനത്തിന്​ സത്യാഗ്രഹം എന്നതും അയിത്തോച്ചാടന സമിതികളും ദേശീയ പ്രസ്ഥാനത്തിന്​ തിരുവിതാംകൂറിന്റെ സംഭാവനയായിരുന്നു. കാക്കിനട സമ്മേളന തീരുമാന പ്രകാരം 1924 ജനുവരി 24 നു എറണാകുളത്തുവച്ച്​ കേരള സ്റ്റേറ്റ് anti untouchability കമ്മിറ്റി രൂപീകരിച്ചു. ടി. കെ. മാധവൻ, കുറൂർനീലകണ്ഠൻ നമ്പൂതിരിപ്പാട്, ടി. ആർ. കൃഷണസ്വാമി അയ്യർ, കെ. വേലയുധമേനോൻ എന്നിവരടങ്ങിയതായിരുന്നു കമ്മിറ്റി. കൺവീനർ കെ. കേളപ്പൻ. ഒരു പ്രചാരണ സമിതിയും രൂപീകരിച്ചു. കെ. പി. കേശവമേനോൻ. എ. കെ. പിള്ള, ഹസൻ കോയ മുള്ള എന്നിവരും ഈ കമ്മിറ്റിയിൽ ഉൾപ്പെട്ടു. 1924 ഫെബ്രുവരിയിൽ കേരള അയിത്തോച്ചാടന സമിതിയുടെ കൊല്ലത്ത് ചേർന്ന സമ്മേളനമാണ് വൈക്കം സത്യാഗ്രഹം തീരുമാനിക്കുന്നത്. റോഡ്- ജല മാർഗം എത്താവുന്ന പ്രമുഖമായ ക്ഷേത്രം എന്നതായിരുന്നു വൈക്കം തെരെഞ്ഞെടുക്കാനുണ്ടായ കാരണം എന്നു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

എട്ടു നാഴിക വഴി മാത്രമോ?

1924 മാർച്ച് 30 നാണ് സത്യഗ്രഹം ആരംഭിക്കുന്നത്. 1925 നവംബർ 23 നു ഗാന്ധിജിയുടെ നിർദ്ദേശം അനുസരിച്ച് സത്യഗ്രഹം പിൻവലിക്കുകയും ചെയ്തു. സത്യാഗ്രഹത്തിന്റെ പെട്ടെന്നുള്ള നേട്ടം എന്തായിരുന്നു എന്ന് ഡോ. ടി. കെ. രവീന്ദ്രൻ ‘Eight Furlongs of freedom' എന്ന പുസ്​തകത്തിൽ പറയുന്നതിങ്ങനെയാണ്: തിരുവിതാംകൂറിലെ 4000 മൈൽ റോഡുകളോടൊപ്പം 8 നാഴിക റോഡുകളിലും കൂടി അവർണർക്കു നടക്കാം. ഇതാണ് ഫലം എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിന്റെ പുരോഗമന ചലനങ്ങളിൽ വൈക്കം സത്യാഗ്രഹം വരുത്തിയ ജനിതകമാറ്റം അളക്കാത്ത ഒരു നിഗമനമാണിതെന്നു തന്നെ പറയാം. എന്നാൽ ഈ നിഗമനത്തിലേക്ക്​ ഒരു പണ്ഡിതനെ എത്തിക്കുന്ന നിരവധി ഘടകങ്ങൾ നമുക്കു കണ്ടെത്താനാകും.

സത്യഗ്രഹത്തോട് തിരുവിതാംകൂർ സർക്കാർ സ്വീകരിക്കുന്ന സമീപനം തികഞ്ഞ ശത്രുതയോടെയുള്ളതാണ്. നിരോധനാജ്​ഞ പ്രഖ്യാപിക്കുന്നു. തീണ്ടൽ പലകയ്ക്കും മുന്നിൽ ബാരിക്കേഡുകൾ ഉയർത്തി സത്യാഗ്രഹികളെ തടയുന്നു. തുടക്കത്തിൽ സത്യഗ്രഹികളെ അറസ്റ്റ് ചെയ്ത്​ റിമാൻറിൽ വെയ്ക്കുന്നു. ഇങ്ങനെ കെ. പി. കേശവമേനോനും, കേളപ്പനും, ടി. കെ. മാധവനുമെല്ലാം അറസ്റ്റിലും ജയിലിലുമാകുന്നു.

ഈ സമയത്ത് സത്യഗ്രഹ നേതൃത്വം ചെങ്ങന്നൂർകാരനായ ജോർജ്ജ് ജോസഫിന് കൈമാറുന്നുണ്ട്. സത്യഗ്രഹ നടത്തിപ്പിലെ ബുദ്ധികേന്ദ്രം എന്നറിയപ്പെട്ടിരുന്നയാളാണ് ജോർജ്ജ് ജോസഫ്. അദ്ദേഹവും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ക്രിസ്ത്യാനിയായ ജോർജ്ജ് ജോസഫിന് ഹിന്ദുമത നവീകരണത്തിൽ കാര്യമില്ല എന്ന നിലപാട് മഹാത്മാഗാന്ധി കൈക്കൊള്ളുന്നു. അദ്ദേഹം അത് യാതൊരു അർത്ഥശങ്കയ്ക്കും ഇടയില്ലാതെ പറയുകയും ചെയ്യുന്നുണ്ട്. തൊട്ടുകൂടായ്മ എന്നത് ഹിന്ദുമതത്തിലെ സവർണർ അവർണരോടു ചെയ്യുന്ന അപരാധമാണ്. അത് പരിഹരിക്കേണ്ടത് ഹിന്ദുക്കളാണ് എന്ന നിലപാടാണ് ഗാന്ധി സ്വീകരിച്ചത്. മുസ്​ലിം മതസ്ഥർക്കും ഇതിൽ കാര്യമില്ല എന്നു തന്നെ പറയുകയും ചെയ്തു. ഇതര മതസ്ഥർക്ക് ചെയ്യാവുന്നത് സത്യഗ്രഹത്തോട് അനുകമ്പ പുലർത്തുക എന്നതാണ് എന്നും പറയുന്നുണ്ട്.

ഇതേ സമീപനമാണ് അകാലി അടുക്കളയോടും ഗാന്ധിജി സ്വീകരിക്കുന്നത്. സത്യാഗ്രഹികൾക്ക് ഭക്ഷണം നൽകാൻ നടത്തിയ സിഖ് അടുക്കള ഗാന്ധിജി നിരോധിക്കുകയാണ്. തിരുവിതാംകൂറിലെ ഹിന്ദുമതത്തിനുള്ളിലെ ആഭ്യന്തര പ്രശനം എന്ന ഫോർമുലേഷനാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. പുറമെ നിന്ന്​പണം സ്വരൂപിക്കുന്നതിനും വിലക്കേർപ്പെടുത്തി . ഇതോടെ സത്യഗ്രഹം ഒരു അന്തരാള ഘട്ടത്തിൽ എത്തുകയാണ്. കുറൂർ നീലകൺഠൻ നമ്പൂതിരിയും മാധവനും കെ. എം. പണിക്കരും അടങ്ങുന്ന സംഘം ഗാന്ധിജിയെ ബോംബേയിൽ പോയി കണ്ടു ചർച്ച നടത്തി. അദ്ദേഹവുമായുള്ള സംവാദത്തിന്റെ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ജോർജ്ജ് ജോസഫ്

സംഘം ഉയർത്തിയ ചോദ്യങ്ങളോടുള്ള ഗാന്ധിജിയുടെ പ്രതികരണത്തിന്റെ ചുരുക്കം ഇതായിരുന്നു:
- നിരാഹാരം അനുഷ്​ഠിക്കാമോ?
- നിരാഹാരം മൂലം സവർണ മനോഗതിക്ക് മാറ്റം വരില്ല. അവർ തെറ്റ് മനസ്സിലാക്കില്ല. നിരാഹാരത്തിനുമുന്നിൽ സവർണർ വഴങ്ങിയേക്കാം , പക്ഷേ അത് നവീകരണമല്ല എന്നതാണ് അദ്ദേഹം എടുത്ത നിലപാട്.
സമ്മർദം, ശക്തി ഉപയോഗിക്കമോ?

ഈ ചോദ്യത്തോടുള്ള പ്രതികരണത്തിൽ അദ്ദേഹം സത്യാഗ്രഹവും passive resistance- ഉം തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടുകയാണ്. സത്യാഗ്രഹമെന്നത് സ്‌നേഹത്തിൽ അധിഷ്ട്ടിതമാണ്. passive resistance അങ്ങനെയല്ല. നിങ്ങളുടെ എതിരാളിയോട് നിങ്ങൾക്ക് സ്‌നേഹം എന്നതില്ല. ഹിന്ദുമതത്തിലെ സവർണർ അവർണർക്ക് നീതി നിഷേധിക്കുന്നതാണ് വൈക്കത്തെ പ്രശ്‌നം. ഇവിടെ എതിരാളികളോട് സ്‌നേഹത്തിലധിഷ്​ഠിതമായ, സഹനത്തിൽ ഊന്നുന്ന സത്യാഗ്രഹമാണ് വേണ്ടത് എന്നും പറയുന്നു. അതിനു പുറത്തു നിന്നുള്ള (മതത്തിനും നാടിനും പുറത്തു നിന്നും ) സഹായം പാടില്ല എന്നു പറയുന്നതും ശ്രദ്ധേയമാണ്.

വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി കൊച്ചിയിലെത്തിയപ്പോൾ / Photo: Wikimedia Commons

വഴി അവകാശം ഒരു സിവിക് റൈറ്റ് അല്ലേ? അതിനുള്ള പോരാട്ടം എല്ലാ മത വിഭാഗങ്ങളുടേതുമല്ലേ?
- ഈ ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കുന്നത് വൈക്കം purely ഒരു ഹിന്ദു പ്രശ്‌നമാണ് എന്നു പറഞ്ഞുകൊണ്ടാണ്.

ഈ സംവാദത്തിനൊടുവിൽ സംഘം ഗാന്ധിജിയോട് ഇനിയുള്ള വഴിയെന്ത് എന്നു ആരായുകയാണ്. അപ്പോഴാണ് വൈക്കം മുതൽ തിരുവനന്തപുരം വരെയുള്ള സവർണ ജാഥ എന്ന നിർദ്ദേശം അദ്ദേഹം പറയുന്നത്. സവർണ ജാഥയുടെ സമയത്ത്​ സത്യഗ്രഹം നിർത്തിവയ്ക്കാനും നിർദ്ദേശം നൽകി.

സവർണ ജാഥയും സർക്കാർ സമീപനവും

1924 നവംബറിൽ രണ്ടു സവർണ ജാഥകൾ തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കപ്പെട്ടു. ഒന്നു വൈക്കത്തു നിന്ന്​ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിലും മറ്റൊന്ന് ഡോ. എംബയ്യ നായിഡുവിന്റെ നേതൃത്വത്തിൽ ശുചീന്ദ്രത്തു നിന്നുമാണ് പ്രയാണം നടത്തിയത്. ശംഖുമുഖത്തു സംഗമിച്ച ജാഥകൾ പതിനായിരക്കണക്കിനാളുകളുടെ ശ്രദ്ധയും പിന്തുണയും നേടി. ഗാന്ധിജിയുടെ ഇടപെടൽ സത്യാഗ്രഹത്തിന്​ വിദ്യാസമ്പന്നരായ സവർ ണരുടെയും പിന്തുണ നേടാൻ വലിയ തോതിൽ കാരണമായി. 22,000 പേർ ഒപ്പിട്ട നിവേദനം മഹാറാണിക്ക് കൊടുക്കുകയും ചെയ്തു.

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ കൊടുത്ത നിവേദനത്തോട് ഒരു അനുഭാവവും തിരുവിതാംകൂർ സർക്കാർ സ്വീകരിച്ചില്ല. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രമേയം വരുമ്പോൾ വ്യക്തമാക്കാം എന്നതായിരുന്നു മഹാറാണിയുടെ നിലപാട്. ഈ നിലപാടിൽ പ്രതിഷേധിച്ച് സത്യഗ്രഹം പുനരാരംഭിച്ചു. ഈ ഘട്ടത്തിൽ സവർണ സംഘം സത്യാഗ്രഹത്തിന് മേൽ വിവരിക്കാനാകാത്ത അക്രമം അഴിച്ചുവിടുകയും ചെയ്തു. സർക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടെയുള്ളതാണ് അതിക്രമം എന്നതും വ്യക്തമായിരുന്നു. അപ്പോഴും സഹനത്തിലൂന്നിയ സത്യഗ്രഹം എന്നതിനു മാറ്റം വന്നില്ല.

എൻ. കുമാരന്റെ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രമേയം

വൈക്കത്തെയും തിരൂവിതാംകൂറിലെയും എല്ലാ റോഡുകളും ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും തുറന്നു കൊടുക്കണം എന്ന പ്രമേയം തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ എസ്​.എൻ.ഡി.പി യോഗം സെക്രട്ടറിയായിരുന്ന എൻ. കുമാരൻ 1924 ഒക്ടോബർ 2 ന് അവതരിപ്പിച്ചു. 1925 ഫെബ്രുവരി 7 നാണ് സഭ ഇതു പരിഗണിക്കുന്നത്. ഈ നിഷേധം എന്തു കൊണ്ടു നിലനിൽക്കില്ല എന്നത് കുമാരൻ സയുക്തികം വാദിക്കുന്നുണ്ട്. ആചാരം എന്നതിനെ കുമാരൻ എതിരിടുന്നത് ആധുനിക മനുഷ്യാവകാശങ്ങളും നിയമവ്യവസ്ഥയുടെ മേൽക്കൈയും എല്ലാം പറഞ്ഞുകൊണ്ടാണ്. നിയമപരമായോ ധാർമ്മികമായോ നിലനിൽപ്പില്ലാത്ത ഈ നിരോധനം പിൻവലിക്കണം എന്നദ്ദേഹം പ്രൗഢഗംഭീരമായ പ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഒടുക്കം പ്രമേയം വോട്ടിനിട്ടു. 21 നെതിരെ 22 വോട്ടുകൾക്കു പ്രമേയം പരാജയപ്പെട്ടു. സർക്കാർ പ്രതിനിധികൾക്കൊപ്പം പ്രമേയത്തിനെതിരെ വോട്ട് ചെയ്ത ഒരാൾ ഡോ. പൽപ്പുവിന്റെ മൂത്ത സഹോദരൻ പരമേശ്വരൻ എന്ന അംഗമായിരുന്നു എന്നതു മറ്റൊരു വൈപരീത്യം. എന്നും പ്രജാക്ഷേമ തൽപ്പരരും ബനവലന്റും ഒക്കെയായിരുന്നു എന്നാഘോഷിക്കപ്പെടുന്ന തിരുവിതാംകൂർ രാജഭരണത്തിന്റെ മുൻകൈയിലും ഒത്താശയിലുമാണ് വൈക്കം സത്യഗ്രഹത്തെ കൈകാര്യം ചെയ്തത് എന്നു കാണണം.

Leaders of Vaikom Satyagraha including T. K. Madhavan (sitting : middle row, last as one views the photograph) K. Kumar (standing last in the row behind TK Madhavan : bearded) K. P. Kesava Menon (sitting, third) and Amachadi Thevan .

ഇവിടെ സംഗതമായ ഒരു വസ്തുത കൂടിയുണ്ട്. ഇന്ത്യൻ നാട്ടു രാജ്യങ്ങൾക്കെതിരെ സത്യഗ്രഹ സമരരൂപം ഉപയോഗിച്ചു കൂടാ എന്നത് കോൺഗ്രസിന്റെ അഖിലേന്ത്യ നിലപാടായിരുന്നു. ഒരു പ്രാദേശിക പ്രശ്‌നത്തിനെതിരായ തൽപ്പരകഷികളുടെ സമരം എന്ന നിലയിലാണ് വൈക്കത്ത്​ സത്യഗ്രഹത്തിന് അംഗീകാരം കൊടുക്കുന്നത്. അത്​ രാഷ്ട്രീയമായ മാനം കൈവരിക്കേണ്ടതില്ല എന്നത്​ തീരുമാനം പോലെ നടപ്പിലാക്കിയതായിരുന്നു എന്നു സാരം. തിരുവിതാംകൂർ ഹിന്ദുവിന്റെ ആഭ്യന്തര പ്രശ്‌നം എന്നതിൽ ഒതുക്കിനിർത്തുന്നതിന്റെ കാരണം ഇതാണ്. അതേസമയം, തിരുവിതാംകൂർ സർക്കാർ ഇതിനെ സർക്കാരിനെതിരായ സമരം എന്നും ബ്രിട്ടീഷുകാർ കൊളോണിയൽ ഭരണത്തിനെതിരാകുന്ന നീക്കം എന്നും കണ്ടു തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഹിന്ദുവിന്റെ ആഭ്യന്തര പ്രശ്‌നം എന്നതിൽ ഒതുങ്ങി നിന്നതല്ല വൈക്കം സത്യാഗ്രഹത്തിന്റെ ദീർഘകാല ഫലം. അത് രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനും എതിരെയും ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുമുള്ള വലിയ രാഷ്ട്രീയമായി വികാസം പ്രാപിക്കുകയാണ് ചെയ്യുന്നത്.

ശ്രീനാരായണ ഗുരുവും വൈക്കം സത്യാഗ്രഹവും

1924 മെയ് 31 ന്​ ദേശാഭിമാനിക്കുവേണ്ടി കെ. എം. കേശവൻ ശ്രീനാരായണ ഗുരുവിനെ ഇന്റർവ്യു ചെയ്യുന്നുണ്ട്. വൈക്കം സത്യഗ്രഹം സംബന്ധിച്ച ഗുരുവിന്റെ അഭിപ്രായം അറിയുന്നതിനായായിരുന്നു അഭിമുഖം.

ഗുരു: ഇപ്പോൾ സത്യഗ്രഹം എങ്ങനെ പോകുന്നു.
കേശവൻ: തീവ്രമായി നടക്കുന്നു. സത്യഗ്രഹികൾ മഴയിൽ കുതിർന്നാണു നിൽപ്പ്.
ഗുരു: എന്തിന് കുതിരണം? കുട ഉപയോഗിച്ചുകൂടേ?
കേശവൻ: എതിരാളികളുടെയും സർക്കാരിന്റെയും അനുകമ്പയും ദയയും പിടിച്ച് പറ്റി ലക്ഷ്യം നേടാനാണ് സത്യഗ്രഹികളുടെ ഈ സഹനം
ഗുരു: ശരിയാണ്, സഹനം വേണം. അതിനു നനഞ്ഞു കുതിരുകയും വിശന്നു പൊരിയുകയും ചെയ്യേണ്ടതില്ല. നിരോധിച്ച ഇടങ്ങളിൽ കയറണം. എന്നിട്ടു പ്രത്യാഘാതം നേരിടണം. തടഞ്ഞാൽ ചാടിക്കടക്കണം. ക്ഷേത്രത്തിലും തിടപ്പള്ളിയിലും കയറണം. ഇപ്പോഴേ വൈകിയിരിക്കുന്നു.

ഇതായിരുന്നു ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയത്. ഹിന്ദു ‘Sree Naraya Guru's Views' എന്ന തലക്കെട്ടിൽ ഒരു വാർത്ത കൊടുത്തു. 1924 സെപ്റ്റംബർ 27 ന്​ഗുരു വൈക്കം സന്ദർശിച്ചു . സത്യഗ്രഹത്തിന്​ സംഭാവന കൊടുത്തു. ഗുരുവിന്​ വൈക്കം ഒരു മത നവീകരണ ശ്രമമായിരുന്നില്ല എന്നത്​ അവിതർക്കിതമാണ്. ജാതിയും മതവും സംബന്ധിച്ച തങ്ങളുടെ നിലപാടുകൾ ശിവഗിരിയിൽ വെച്ച് ഗാന്ധിജിയും ഗുരുവും സംവദിക്കുന്നുണ്ട്. ഗുരുവിന്റെ മതാതീത ആത്മീയതയും മനുഷ്യവിമോചനവും ഗാന്ധിജിയെ വല്ലാതെ ആകർഷിക്കുന്നുണ്ട്.

ഗാന്ധിജിയുടെ വൈക്കം സന്ദർശനം

1925 മാർച്ച് 8 ന്​ മഹാത്മാഗാന്ധി കേരളത്തിലെത്തി. റീജൻറ്​ റാണിയെയും ഉന്നത ഉദ്യോഗസ്ഥരേയും വൈക്കം ക്ഷേത്ര ട്രസ്റ്റിയെയും കണ്ട്​ മഹാത്മജി ചർച്ച നടത്തി. മാർച്ച് 27 നു വർക്കലയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടു. വൈക്കത്ത്​ സി.രാജഗോപാലാചാരിയുടെയും ദേശായിയുടെയും പരിശ്രമത്തിൽ ഇണ്ടന്തുരുത്തി ദേവൻ നീലകണ്ഠൻ നംപ്യാതിരിയുടേ നേതൃത്വത്തിലുളള സവർണസംഘവുമായി ചർച്ച നടത്തി. നംപ്യാതിരി ഗാന്ധിജിയെ ആശ്രമത്തിൽ പോയി കാണാൻ കൂട്ടാക്കിയില്ല. മനയിലെത്തി തീണ്ടാപ്പാടകലെ ഇരുന്നു നടത്തിയ ആ ചർച്ചയിൽ നംപ്യാതിരി ഗാന്ധിജിയോട് ചോദിക്കുന്നു:
ഹിന്ദു ശാസ്ത്ര സംഹിതയുടെ ദൈവികതയിൽ വിശ്വസിക്കുന്നുണ്ടോ? - ഉണ്ടെന്നാണ് ഉത്തരം.
കർമ സിദ്ധാന്തത്തിലോ?
- അതും ഉണ്ട് എന്ന്​ ഗാന്ധിയുടെ ഉത്തരം.
പുനർജനയിലോ എന്നു ചോദ്യം.
- ഉണ്ടെന്ന ഉത്തരം കേൾക്കുമ്പോൾ ഇണ്ടന്തുരുത്തിനമ്പ്യാതിരി പറയുന്നത്, ഈ അവർണ്ണർ അനുഭവിക്കുന്നത് കർമഫലമാണ് എന്നാണ്.

ചർച്ചകൾക്കൊടുവിൽ വൈക്കത്തെ സവർണരുടെ റഫറണ്ടം, ആർബിട്രേഷൻ, തീണ്ടലും തൊടീലും ഹിന്ദു ശാസ്ത്ര പ്രകാരം സംഗതമാണോ എന്ന പരിശോധന എന്നീ മൂന്ന് ഓപ്ഷനുകൾ സവർണസംഘത്തിനു മുന്നിൽ ഗാന്ധിജിവയ്ക്കുന്നു. ആലോചിച്ചിട്ട് എല്ലാം അവർ തള്ളുകയും ചെയ്തു.

വൈക്കത്തെ ഗാന്ധി പ്രതിമ

ജാതിഘടനയെ അംഗീകരിക്കുകയും തൊട്ടുകൂടായ്മയെ മാത്രം എതിർക്കുകയും ( Approval of the caste System and disapproval of untouchability) ചെയ്യുക എന്ന കോൺഗ്രസ് തന്ത്രമാണ് വൈക്കത്ത് പ്രയോഗിച്ചത്. ഒടുക്കം കോട്ടയം ഡിവിഷൻ പോലീസ് സുപ്രണ്ടായിരുന്ന പിറ്റുമായി ഉണ്ടാക്കിയ കരാറാണ് വൈക്കം സത്യാഗ്രഹം അവസാനിപ്പിക്കുന്നതിലേക്ക് എത്തിയത്.

വൈക്കം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ പ്രസ്ഥാനമാണ്. സവർണതയ്‌ക്കെതിരായ പോരാട്ടങ്ങൾ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രമുഖ ഉത്തരവാദിത്തമായി മാറി. ജാതിബോധത്തിൽ നിന്ന്​വർഗബോധത്തിലേക്ക്​ കേരളം നടന്നു. കാർഷികബന്ധ ബിൽ വരുമ്പോൾ ഈ സവർണത സടകുടഞ്ഞു വരികയും ചെയ്തു. ആചാര സംരക്ഷണം കോൺഗ്രസിന്റെ പ്രധാന പരിപാടിയായി ശബരിമലക്കാലത്തു മാറുന്നത്, ജാതിയും ആചാരവും അഭിസംബോധന ചെയ്യാതെ സവർണരുടെ മാനസിക മാറ്റം ലക്ഷ്യമിട്ടതിന്റെ ദുരിതമാണ്. എൻ. കുമാരൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രമേയ പ്രസംഗത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. നിയമം വന്നാൽ അതിനു വിരുദ്ധമായ ആചാരത്തിന്​ നിലനിൽപ്പില്ല എന്ന്.

ശബരിമല കേസിൽ കേരളം കണ്ടത് എന്താണ്? ഭരണഘടനയുടെയും പരമോന്നത നീതിപീഠത്തിന്റെ വിധിയുടെയും മുകളിൽ ആചാരം ഉയരുന്നതാണ്. നിങ്ങളുടെ ക്ഷേത്രങ്ങളിൽ ഞങ്ങളെ കയറ്റിയില്ല എങ്കിൽ ഞങ്ങൾ ഞങ്ങളുടെ ക്ഷേത്രം പണിയും എന്നു പറഞ്ഞ ഗുരു, വഴി ചാടിക്കയറണം എന്നാണ് പറയുന്നത്. ഒരു നൂറ്റാണ്ടിനിപ്പുറവും പൂജ ചെയ്യാൻ സ്വന്തം ക്ഷേത്രം പണിയേണ്ട സ്ഥിതി അപമാനകരവും അസംബന്ധവുമാണ്.

മാറേണ്ട ഒരു പാട് തീണ്ടൽ പലകകളും ആചാരങ്ങളും ഇനിയും അവഷേശിക്കുന്നുണ്ട്.

വൈക്കം കേരള രാഷ്ട്രീയത്തിലെ നിർണായക ചരിത്രസംഭവമായിരുന്നു എന്നതിൽ തർക്കമില്ല.

പാഠമായിരുന്നു, ഉത്തരമായിരുന്നില്ല.

Comments