യുദ്ധം അതിർത്തികൾക്ക് വേണ്ടിയാണ്, സമരം അതിർത്തികളെ തകർക്കാനും

രോഗകാലത്ത് രാജ്യം നിർബന്ധിതവും അവശ്യവുമായ നിശ്ശബ്ദതയിൽ ജീവിക്കുമ്പോൾ ഭരണതലത്തിൽ എല്ലാം സ്വസ്ഥവും സമാധാനവുമായി നടക്കുകയാണ് എന്ന് കരുതുന്നത് മൗഢ്യമാണ്. സമരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടം, രോഗപ്രതിരോധത്തെ യുദ്ധമെന്ന ദേശാഭിമാന വൈകാരികതയിലേക്ക് മാറ്റിയിടുന്നത് ദേശവും ഭരണവും ഒന്നാണ് എന്ന പ്രതീതി സൃഷ്ടിക്കാനുള്ള തന്ത്രമായാണ്. സാമ്പത്തിക പ്രതിസന്ധികളും നിർവഹിക്കാത്ത ഉത്തരവാദിത്തങ്ങളുമെല്ലാം ദേശസ്നേഹമെന്ന തന്ത്രത്തിൽ ന്യായീകരിക്കപ്പെടുമെന്ന് സ്റ്റേറ്റ് കരുതുന്നുണ്ട്. അതു കൊണ്ടു തന്നെ അതിജീവന സമരങ്ങളെ ക്വാറന്റൈൻ ചെയ്യാൻ അനുവദിക്കരുത് എന്ന് പറയുകയാണ് വിശാഖ് ശങ്കർ

ളിതമായി പറഞ്ഞാൽ സമരം അവകാശങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ യുദ്ധം അതിർത്തികൾക്ക് വേണ്ടിയുള്ളതാണ്. ഒന്നുകിൽ അതിർത്തി പ്രതിരോധിക്കാൻ, അല്ലെങ്കിൽ അത് വികസിപ്പിക്കാൻ. സമരം ചെയ്യുന്നത് സാധാരണ മനുഷ്യരാണെങ്കിൽ യുദ്ധം ചെയ്യുന്നത് ഭരണകൂട ഉപകരണങ്ങളാണ്. സമരങ്ങളുടെ ഗതിവിഗതികളിൽ അതിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ തീരുമാനങ്ങൾക്ക്, അവരുടെ ബോധ്യങ്ങൾക്ക് ഒരുപരിധിവരെയെങ്കിലും സ്വാധീനം ചെലുത്താനാവുമെങ്കിൽ യുദ്ധത്തിൽ പട്ടാളത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒരു പങ്കും വഹിക്കാനില്ല.
ജനാധിപത്യ വ്യവസ്ഥയിൽ യുദ്ധവും സമരവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം മുകളിൽ പറഞ്ഞതൊന്നുമല്ല. സമരങ്ങൾ ഭരണകൂടവിരുദ്ധമായ ജനവികാരത്തെ രൂപീകരിക്കുകയും അത് ഭരണവർഗത്തിന് തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നുവെങ്കിൽ യുദ്ധങ്ങൾ ചെയ്യുന്നത് തിരിച്ചാണ്. അത് സർക്കാരിന്റെ നയപരവും ഭരണപരവുമായ വീഴ്ചകളിൽനിന്ന് ജനശ്രദ്ധ തിരിക്കുകയും ദേശവും ഭരണകൂടവും ഒന്നാവുന്ന തീവ്രദേശീയതാബോധത്തിലേക്ക് അവരെ അണിചേർക്കുകയും ചെയ്യുന്നു.

മൂന്നുതരം യുദ്ധങ്ങൾ

രാജാക്കന്മാരും സാമ്രാട്ടുകളുമൊക്കെ അവരുടെ ആഗ്രഹങ്ങളോളം വ്യാപ്തിയുള്ള യുദ്ധങ്ങൾ നയിച്ചിരുന്ന കാലത്തുനിന്ന് ഒരുപാടൊന്നും മാറിയിട്ടില്ല ആധുനിക നേഷൻ സ്റ്റേറ്റുകളുടെ കാലത്തെ യുദ്ധങ്ങൾ. എങ്കിലും പൗരഗണത്തിന്റെ ജീവനും സ്വത്തിനും സ്വതന്ത്രാവകാശങ്ങൾക്കും ഭീഷണിയാവുന്ന ബാഹ്യശക്തികൾക്കെതിരെ അവരുടെ പ്രാതിനിധ്യ സർക്കാരുകൾ നടത്തുന്ന പോരാട്ടം എന്നതാണ് ജനാധിപത്യകാലത്തെ യുദ്ധങ്ങളുടെ നിർവചനം. വലിയൊരളവിൽ ജനം അത് വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ യുദ്ധങ്ങളെ തങ്ങൾക്ക് അനുകൂലമായ ജനവികാര രൂപീകരണത്തിന്റെ ഉപകരണമായി അവർക്ക് ഉപയോഗിക്കാൻ പറ്റുന്നത്.

രാജ്യം മുഴുവൻ അടഞ്ഞ് നിശ്ചലമായി കിടക്കുന്നു എന്നതിനാൽ ഒന്നും നടക്കുന്നില്ല എന്ന് ആരും ധരിക്കരുത്. താഴിട്ട രാജ്യത്തിന്റെ നിശ്ശബ്ദമായ തെരുവുകൾ അറിയാതെ ചിലതൊക്കെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

യുദ്ധങ്ങളെ പൊതുവിൽ മൂന്നായി തിരിക്കാം. ഒന്ന്; വീണുകിട്ടുന്ന യുദ്ധങ്ങൾ, രണ്ട്; നിർമ്മിത യുദ്ധങ്ങൾ, മൂന്ന്; പ്രതീകാത്മക യുദ്ധങ്ങൾ.

വീണുകിട്ടുന്ന യുദ്ധങ്ങൾ എന്നുവച്ചാൽ ഒരു ഭരണകൂടം തങ്ങളുടെ ഭരണപരമായ വീഴ്ചകളും അപര്യാപ്തതകളും കൊണ്ട് ജനങ്ങളുടെ അവമതിപ്പിന് പാത്രമായി നിൽക്കവേ മറ്റേതെങ്കിലും രാജ്യം അവരെ ആക്രമിക്കുന്നു. അത് അവരുടെ വീഴ്ചകളിൽ നിന്ന് ശ്രദ്ധതിരിക്കുവാൻ ഒരവസരമായി അവർ ഉപയോഗിക്കുന്നു. നിർമിത യുദ്ധമെന്നത് ഒരു രാജ്യം തങ്ങൾ നേരിടുന്ന ഭരണപരമായ പ്രതിസന്ധികളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ഒരു യുദ്ധത്തെ സ്വയം രൂപകൽപന ചെയ്ത് നടപ്പിലാക്കുന്ന അവസ്ഥയാണ്. മൂന്നാമത്തേത്, രാജ്യം നേരിടുന്ന ഒരു പ്രതിസന്ധിയെ യുദ്ധമായി വ്യാഖ്യാനിച്ച് അതുവഴി മറ്റുപ്രശ്‌നങ്ങളെയെല്ലാം തമസ്‌കരിക്കുക എന്നതും.

ലോക്ക്ഡൗണിന് ശേഷം കോഴിക്കോട് എസ്.എം സ്ട്രീറ്റ്.
ലോക്ക്ഡൗണിന് ശേഷം കോഴിക്കോട് എസ്.എം സ്ട്രീറ്റ്.

കഴിഞ്ഞ സർക്കാരിന്റെ വിചിത്രമായ ഭരണപരിഷ്‌കാരങ്ങൾ വഴി രാജ്യത്ത് ജനജീവിതം വഴിമുട്ടി നിൽക്കവേയാണ് പുൽവാമയിൽ ആക്രമണം നടന്നത്. അതിനെത്തുടർന്ന് സർജിക്കൽ സ്‌ട്രൈക്ക് വഴി രാജ്യം തിരിച്ചടിക്കുന്നു. രാജ്യത്തെമ്പാടും യുദ്ധാന്തരീക്ഷം പടരുന്നു. ആ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണപരാജയങ്ങളെയൊക്കെ അപ്രസക്തമാക്കി ആ സർക്കാർ വർദ്ധിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുന്നു. ഇതൊരു വീണുകിട്ടിയ യുദ്ധമായിരുന്നോ, അതോ രൂപകൽപന ചെയ്‌തെടുത്ത യുദ്ധമായിരുന്നോ എന്ന് നിജപ്പെടുത്തുക പ്രയാസമാവും. കാരണം രണ്ട് നിലയിൽ ചിന്തിക്കാനും കാരണങ്ങളുണ്ട്.

ഇപ്പോൾ കോവിഡിനെതിരെ നടക്കുന്ന യുദ്ധത്തിൽ പക്ഷേ അങ്ങനെ ഒരു സന്ദേഹത്തിനും വകുപ്പില്ല. അത് മുകളിൽ പറഞ്ഞതുപോലൊരു പ്രതീകാത്മക യുദ്ധം തന്നെയാണ്.

പ്രതീകാത്മക യുദ്ധം

കൊറോണയ്‌ക്കെതിരെ നടക്കുന്നത് ഒരു സമരമാണോ യുദ്ധമാണോ എന്നുചോദിച്ചാൽ, അതിനെതിരെ സമരം ചെയ്യുക സാധ്യമല്ല. അപ്പോൾ അതൊരു യുദ്ധമാണോ എന്ന് ചോദിച്ചാൽ അതുമല്ല. ഒരു ശത്രുവുണ്ട്. അതുപക്ഷേ മറ്റൊരു രാജ്യമോ, അന്യസഹായമുള്ള ആഭ്യന്തര അട്ടിമറിക്കാരോ ഒന്നുമല്ല, ഒരു വൈറസ്. പട്ടാളമോ, ആയുധങ്ങളോ, യുദ്ധക്കളമോ ഇല്ലിവിടെ, ഉള്ളത് ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ആശുപത്രികളും മരുന്നും സാനിറ്റൈസറും മറ്റുമാണ്. എന്നാൽ ഇതിൽ രാജ്യത്തിനു പൊതുവായുള്ള ഒരു അതിജീവന ഭീഷണിയുടെ പ്രശ്‌നവുമുണ്ട്.

കോവിഡിൽനിന്ന് നമ്മെ രക്ഷപ്പെടാൻ സഹായിക്കാൻ ഭരണകൂട ഇടപെടൽ കൊണ്ട് മാത്രമേ കഴിയൂ. ലോകത്തെ തന്നെ വൻ ശക്തിയായിട്ടും അമേരിക്കൻ ജനത ഈ രോഗത്തിനുമുന്നിൽ പകച്ച് നിൽക്കുന്നത് അവരുടെ ഭരണകൂടം പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാൻ വിചിത്രമാംവണ്ണം കാലതാമസം വരുത്തിയതുകൊണ്ടാണ് എന്നത് ഇതിനടിവരയിടുന്നു. അപ്പോൾ ഇതൊരു സമരമോ, യുദ്ധമോ അല്ല, മറിച്ച് അടിയന്തരാവസ്ഥയാണ്. പ്രളയത്തെയോ, ക്ഷാമത്തെയോ ഒക്കെപ്പോലെയുള്ള അടിയന്തര ഭരണകൂട ഇടപെടൽ ആവശ്യപ്പെടുന്ന ഒരവസ്ഥ.

ഭരണകൂടങ്ങൾക്ക് പക്ഷേ ഇതിനെ ഒരു യുദ്ധമായി പ്രൊജക്റ്റ് ചെയ്യാനാണ് താൽപര്യം. അതിജീവനത്തിലുപരി വിജയമെന്ന പദം കൂടുതൽ പ്രചാരത്തിലാവുന്നത് അതുകൊണ്ടാണ്. പ്രളയത്തെ, ഭൂകമ്പത്തെ, ഉരുൾപൊട്ടലിനെയൊന്നും നാം വിജയിക്കുകയല്ല, അതിജീവിക്കുകയാണു ചെയ്യുന്നതെങ്കിൽ ഈ വൈറസും അതുപോലൊരു പ്രകൃതി നിർമിത പ്രതിഭാസമാണ്. ഇതിനെയും അതിജീവിക്കാനേ പറ്റൂ. അതും ഒരന്താരാഷ്ട്ര രോഗം എന്ന നിലയിൽ പരസ്പരം ആക്രമിച്ചല്ല, സഹകരിച്ച് മാത്രം നിയന്ത്രിക്കാനാവുന്ന ഒന്ന്.

ഷഹീൻബാഗ് ഒഴിപ്പിച്ചു. നിസ്സാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനം കണ്ടുനിന്നു. ഭരണകൂടത്തിനു യുദ്ധമല്ല, സമരമാണ് തലവേദന എന്ന് ആദ്യം പറഞ്ഞതിനെ ഈ നടപടികൾ സാധൂകരിക്കുന്നു.

ഇതിങ്ങനെയൊക്കെയായിരുന്നിട്ടും പ്രതീകാത്മകമായി നാം ഇതിനെ ഒരു യുദ്ധമായി കാണുന്നു. അങ്ങനെ കാണാൻ ഭരണകൂടം നമ്മെ പ്രേരിപ്പിക്കുന്നു. എന്തുകൊണ്ട്?

വിസ്മരിക്കപ്പെട്ട സമരങ്ങൾ

നിർമിതമായാലും, വീണുകിട്ടിയതായാലും, പ്രതീകാത്മകമായാലും യുദ്ധം ജനശ്രദ്ധയെ ഭരണകൂടത്തിന്റെ പരാജയങ്ങളിൽനിന്ന് അകറ്റി താൽകാലികമായെങ്കിലും അവർക്ക് അനുകൂലമായ ജനകീയ ഐക്യദാർഢ്യത്തിലേക്ക് നയിക്കുന്നു. ഇത് നൽകുന്ന സമയം നിർണായകമായ പല ജനകീയ പ്രശ്‌നങ്ങളെയും, സമരങ്ങളെയും തമസ്‌കരിക്കുവാനുള്ള ഇടവേളയായി അവർ ഉപയോഗിക്കുകയും ചെയ്യുന്നു.

പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് രാജ്യത്തെമ്പാടുനിന്നും ഉയർന്നുവന്ന സമരങ്ങൾ ഇന്ത്യൻ ഭരണകൂടത്തിനുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. അവർ വിഭാവനം ചെയ്തതുപോലെ ഒരു ഹിന്ദു- മുസ്ലിം വിഭജനം ഉണ്ടായില്ല എന്ന് മാത്രമല്ല, പതിറ്റാണ്ടുകൾ പണിയെടുത്ത് ഉണ്ടാക്കിയ ആ വിഭജനത്തെ തകർക്കുംവിധം ഒരു സഹജാവബോധം സിവിൽ സമൂഹത്തിൽ നിന്ന് ഉണ്ടായിവരുന്നുവോ എന്ന ശങ്ക ഉൽപാദിപ്പിക്കപ്പെടുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് ഷഹീൻ ബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിനുകിട്ടിയത് മുസ്ലിം സമുദായത്തിന്റെ മാത്രം പിന്തുണയല്ല. രാജ്യമെമ്പാടുമുള്ള സർവകലാശാലകളിൽ പടർന്നുപിടിച്ച പൗരത്വ നിയമ വിരുദ്ധ സമരങ്ങളിലും ഒരു മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ മാത്രമല്ല അണിചേർന്നത്. മാദ്ധ്യമങ്ങളിൽ ദീർഘനാൾ വാർത്തയായി കത്തിനിന്ന ആ പ്രക്ഷോഭം നമ്മളിന്ന് മറന്നിരിക്കുന്നു. അതെന്നല്ല, കോവിഡ് വ്യാപനത്തിന്റെയും, മരണത്തിന്റെയും ക്വാറന്റയിന്റെയും ലോക്ഡൗണിന്റെയുമല്ലാതെ ആഭ്യന്തര, അന്താരാഷ്ട്ര വാർത്തകളേ ഇല്ലാതായി.

വികസിക്കുന്ന വിഭജനങ്ങൾ

പ്രധാനമന്ത്രി രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യം നടന്ന പരിപാടിതന്നെ വേണ്ടത്ര മുൻ കരുതൽ സ്വീകരിച്ച് സമരം തുടരും എന്ന് പ്രഖ്യാപിച്ച ഷഹീൻ ബാഗിലെ പൗരത്വ നിയമ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കുകയായിരുന്നു. സമരപന്തൽ പൊളിച്ചുമാറ്റി ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തു. കോവിഡ് ഭീതിയെ തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോസ്റ്റലുകൾ ഉൾപ്പെടെ അടച്ചിട്ടതോടെ അവിടങ്ങളിൽ നടന്നുവന്ന പ്രക്ഷോഭങ്ങളും സ്വിച്ചിട്ടപോലെ നിന്നു.

ലോക്ക് ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ ഷഹീൻ ബാഗ്‌
ലോക്ക് ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ ഷഹീൻ ബാഗ്‌

മുമ്പേ ദുർബലമായിരുന്ന പ്രതിപക്ഷം ഇപ്പോൾ ചിത്രത്തിലേയില്ല. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന സർക്കാരിന് സാംസ്‌കാരിക പ്രതിപക്ഷമായി വർത്തിച്ചിരുന്ന രാജ്യത്തെ ബുദ്ധിജീവികൾ, കല- സാഹിത്യ പ്രവർത്തകർ എന്നിവരുടെയൊക്കെ ശ്രദ്ധ കോവിഡിലേക്ക് തിരിഞ്ഞതോടെ ആ വെല്ലുവിളിയും ഏതാണ്ട് ഒഴിഞ്ഞു. എന്നാൽ ഈ ഇടവേളയിൽ മറ്റൊന്ന് കൃത്യമായി നടന്നു. പൗരത്വനിയമത്തിനെതിരായ സമരങ്ങൾ ഉണ്ടാക്കിയെടുത്തു എന്ന് തോന്നിച്ച മതേതര ദേശീയതയെ തകർത്ത് ഹിന്ദുത്വ ദേശീയതയിലേക്ക് ഇന്ത്യയെ പുനഃസ്ഥാപിക്കുകയായിരുന്നു അത്.

മുസ്ലീമിൽനിന്നും, സോഷ്യലിസ്റ്റുകളിൽനിന്നും, ലിബറലുകളിൽനിന്നും ഭൂരിപക്ഷ ഹിന്ദുവിന്റെ സ്വത്വബോധത്തെ വിഭജിച്ച് തീവ്ര ഹിന്ദുത്വത്തിന്റെ കൊടിക്കീഴിൽ കൊണ്ട് കെട്ടുക എന്നത് സംഘപരിവാർ ദീർഘകാലമായി ചെയ്തുകൊണ്ടിരിക്കുന്ന ദൗത്യമാണ്. അത് ഈ കോവിഡ് കാലത്തും അഭംഗുരം തുടരുന്നു. എന്നാൽ അതൊക്കെയും കോവിഡിനെതിരായ ദേശീയയുദ്ധത്തിന്റെ കാഹളത്തിൽ പെട്ട് മുങ്ങിപ്പോകുകയാണ്. അവയൊന്നും വാർത്തയാവുന്നില്ല എന്ന് മാത്രമല്ല, ആവേണ്ടതാണെന്ന് ആർക്കും തോന്നുന്നതുപോലുമില്ല.

അടച്ചിട്ട രാജ്യത്ത് ഒരുങ്ങുന്നത്

രാജ്യം മുഴുവൻ അടഞ്ഞ് നിശ്ചലമായി കിടക്കുന്നു എന്നതിനാൽ ഒന്നും നടക്കുന്നില്ല എന്ന് ആരും ധരിക്കരുത്. താഴിട്ട രാജ്യത്തിന്റെ നിശ്ശബ്ദമായ തെരുവുകൾ അറിയാതെ ചിലതൊക്കെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന്റെ സൂചന മാത്രമേ ഇന്ന് ലഭ്യമാകുന്നുള്ളു എന്നുമാത്രം. അവയിൽ ഒന്നാണ് തബ്ലീഗ് കോവിഡ് എന്ന പ്രയോഗം.

തബ്ലീഗ് ജമാഅത്ത് എന്നത് ഇസ്ലാം മതവിശ്വാസികൾക്കിടയിലെ അതിന്യൂനപക്ഷമാണ്. എല്ലാം ദൈവം നോക്കിക്കൊള്ളും, നമ്മൾ കൂട്ടം കൂടിയിരുന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി എന്ന് വിശ്വസിക്കുന്ന ഒരു സെക്റ്റ്. അവരുടെ വാർഷിക സമ്മേളനം ഡൽഹിയിലെ നിസ്സാമുദ്ദീനിൽ നടന്നു. അതിൽ വിവിധ നാടുകളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തു. അവരിൽ ചിലർ വഴി കൊറോണ വൈറസ് മറ്റ് പലരിലേക്കും പടർന്നു. ഇതാണു 'തബ്ലീഗ് കോവിഡ്' എന്ന് വിശേഷിപ്പിക്കപ്പെട്ടത്.

ജിഹാദ് എന്ന പദത്തിന് വിശുദ്ധ യുദ്ധം എന്നും അർത്ഥമുണ്ട്. ലോകത്തെമ്പാടും മതം പരത്താൻ വിശ്വാസികൾ ചെയ്യേണ്ട സന്നദ്ധ സേവനമായും അത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അത് എന്തുതന്നെയായാലും ലൗ ജിഹാദ് എന്ന പ്രയോഗം ഓർമ കാണും. ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് വലയിൽ വീഴ്ത്തി മതം മാറ്റാനുള്ള സംഘടിത ശ്രമം എന്ന നിലയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട അതിന് വസ്തുതകളുടേതായ യാതൊരു പിന്തുണയും ഇല്ലെന്ന് പിന്നീട് തെളിഞ്ഞു. ഇന്നിപ്പോൾ ഇതാ 'കൊറോണ ജിഹാദ്'. നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ രാജ്യത്തെ ഹിന്ദുക്കൾക്കെതിരെ മുസ്ലിംകൾ നടത്തുന്ന വിശുദ്ധ യുദ്ധമായി വ്യാഖ്യാനിച്ച് നിലവിൽ വരുന്ന ഒരു പ്രയോഗമാണത്.

കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുമ്പോഴും, ഈ പ്രതീകാത്മക യുദ്ധത്തെ ആ നിലയ്ക്ക് അംഗീകരിക്കുമ്പാേഴും ചിലത് ഓർക്കുകയും കൂടിവേണം.അതിജീവന സമരങ്ങൾ ക്വാറന്റൈൻ ചെയ്യപ്പെടരുത്, ഒരു യുദ്ധത്തെയും അതിനനുവദിക്കരുത്.

പ്രത്യക്ഷമായിതന്നെ അസംബന്ധമെന്ന് മനസിലാക്കാവുന്ന ഈ നുണപ്രചാരണത്തിനുപോലും ഭയചകിതരായ ഉത്തരേന്ത്യൻ സമൂഹങ്ങളിൽ വലിയ വേരോട്ടമാണ്. കസ്റ്റഡിയിൽ എടുത്തിട്ടും അവർ ചികിത്സയോട് സഹകരിക്കുന്നില്ല എന്നൊക്കെയുള്ള വാർത്തകൾ പൊലിപ്പിച്ച് കാട്ടി അവിടത്തെ മാധ്യമങ്ങളും അതിനുസഹായിക്കുന്നു. നമ്മുടെ കേരളത്തിലുമുണ്ട് ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാൻ വിസമ്മതിക്കുന്ന, ക്വാറന്റയിനിൽനിന്ന് ചാടിപ്പോകുന്ന മനുഷ്യർ. അവരെയൊക്കെ ജിഹാദികളായി വ്യാഖ്യാനിച്ചാലോ? അതോടെ 'കൊറോണ ജിഹാദികൾ' എന്ന പ്രയോഗം മതേതരമായ ഒന്നായി മാറും!

സർക്കാർ എന്തുചെയ്തു?

തബ്ലീഗ് സംഘാടകരുടെ പക്ഷത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാൽ ഇസ്ലാം മതവിശ്വാസികൾ തന്നെയായ മനുഷ്യരായിരുന്നു അത് സമൂഹമാധ്യമങ്ങളിലും മറ്റുമായി കണ്ടെത്തി വിമർശിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത് എന്ന കാര്യവും ഓർക്കണം. മാത്രമല്ല, തബ്ലീഗുകാർ നടത്തിയത് ഒരു രഹസ്യ സമ്മേളനമൊന്നുമായിരുന്നില്ല. എന്നിട്ട്, ഭരണകൂടം അത് തടയാൻ എന്തുചെയ്തു? മാർച്ച് 12, 13 തീയതികളിൽ നോട്ടീസ് നൽകി എന്ന് പറയുന്നു, എന്നിട്ട് അവർ പിരിഞ്ഞ് പോയില്ലെന്നും. അങ്ങനെയെങ്കിൽ നടപടിയെടുക്കുകയല്ലേ വേണ്ടത്?

മാർച്ച് 24ന് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിക്കുന്നു. അഞ്ചിലധികം പേർ ഒരുമിച്ച് നിൽക്കാൻ പാടില്ലെന്ന് പറയുന്നു. നിസാമുദ്ദീൻ പൊലീസ് സ്റ്റേഷന്റെ അടുത്താണ് തബ്ലീഗ് ആസ്ഥാനമായ മർകസ്. എന്നിട്ടും പിന്നെയും ഒരാഴ്ച കഴിഞ്ഞ് 31 നാണ് പൊലീസ് അവിടം ഒഴിപ്പിച്ചത്. അപ്പോൾ അവിടെ വിദേശികളുൾപ്പെടെ രണ്ടായിരത്തൊളം പേർ ഉണ്ടായിരുന്നുവെന്നും. എന്തേ നടപടി ഇത്രയും വൈകി? അതും ഷഹീൻ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കാൻ ഒരു ദിവസത്തെ അമാന്തം പോലും ഉണ്ടായില്ല എന്നിരിക്കേ?

ഭരണകൂടവും പൊലീസും അവരുടെ ഇന്റലിജൻസ് വിഭാഗവുമൊന്നും നിസാമുദ്ദീനിൽ തമ്പടിച്ച രണ്ടായിരം പേരെ കണ്ട ഭാവം നടിച്ചില്ല, നടപടിയും എടുത്തില്ല. എന്തേ? വേണ്ടസമയത്ത് വേണ്ടത് ചെയ്താൽ പ്രശ്‌നം പരിഹരിക്കപ്പെടും എന്നല്ലാതെ അത് കിടന്ന് വെന്ത് 'കൊറോണ ജിഹാദ്' പരുവമാകില്ല. പൗരത്വനിയമത്തിലൂടെ നടക്കാതെ പോയ ഹിന്ദു- മുസ്ലിം വിഭജന പദ്ധതിക്കുശേഷം അവർക്ക് വീണുകിട്ടിയ വടിയായിരുന്നു തബ്ലീഗ്. അതിനെ അവർ കൃത്യമായി ഉപയോഗിച്ചു.
ഷഹീൻബാഗ് ഒഴിപ്പിച്ചു. നിസ്സാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനം കണ്ടുനിന്നു. ഭരണകൂടത്തിനു യുദ്ധമല്ല, സമരമാണ് തലവേദന എന്ന് ആദ്യം പറഞ്ഞതിനെ ഈ നടപടികൾ സാധൂകരിക്കുന്നു.

എം.പി ഫണ്ട്: അത്ര നിഷ്‌കളങ്കമല്ലാത്ത അജണ്ട

കിട്ടിയ അവസരം വിനിയോഗിച്ച് അവർ നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് കോവിഡിനെ ചാരി പാർലമെന്റ് പ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് പിടിച്ചുപറിക്കുക എന്നത്. സാധാരണഗതിയിൽ വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തേണ്ട ഇത്തരമൊരു നീക്കം കോവിഡ് പശ്ചാത്തലത്തിൽ ചില പരാതികളും കത്തും പ്രസ്താവനയുമായി ഒടുങ്ങി. എന്നാൽ ഇതിനുപിന്നിലെ അജണ്ട അത്ര ലളിതവും നിഷ്‌കളങ്കവുമാവാൻ വഴിയില്ല എന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ബി.ജെ.പി- സംഘപരിവാർ ശക്തികളുടെ ഇഷ്ടക്കാരല്ലാത്തവർക്കും കൃത്യമായി ലഭിക്കുമായിരുന്ന ഒരു ഫണ്ട് കൂടിയാണ് ഒരൊച്ചപ്പാടുമില്ലാതെ നിശ്ശബ്ദം തട്ടിപ്പറിക്കപ്പെട്ടത്.

കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടുകളുടെ വിതരണത്തിൽ കണ്ടുവരുന്ന പ്രകടമായ രാഷ്ട്രീയ വിവേചനങ്ങൾ കൊറോണയെ നേരിടാൻ അനുവദിച്ച പാക്കേജിലും പ്രതിഫലിച്ചത് നിസ്സഹായരായി കണ്ടുനിൽക്കാനേ നമുക്കായുള്ളു. മാത്രവുമല്ല, ബി.ജെ.പിക്ക് വേരോട്ടം കുറവുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കൈക്കൊണ്ടുപോരുന്ന പകപോക്കൽ നയത്തിന്റെ ചരിത്രം കൂടി വെച്ച് വായിച്ചാൽ ഇത് രണ്ടുവർഷം കൊണ്ട് പുനഃസ്ഥാപിക്കപ്പെടണമെന്നുമില്ല.

ഊതിപ്പെരുപ്പിച്ച കണക്കുകൊണ്ട് മൂടിവെച്ചിരുന്ന രാജ്യത്തിന്റ സാമ്പത്തിക തകർച്ചയും വളർച്ചാനിരക്കിലെ ഇടിവുമൊന്നും ഇനിയും അവർക്ക് മറയ്‌ക്കേണ്ട കാര്യമില്ല. എല്ലാം കോവിഡിൽ ആരോപിക്കാം. അതിന്റെ പശ്ചാത്തലത്തിൽ എം.പി ഫണ്ടിന്റെ രണ്ട് വർഷം കാലാവധി ഉൾപ്പെടെ എന്തും നീട്ടിവെക്കാം. വേണ്ടിവന്നാൽ കൈ മലർത്താം. ഇത് സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയെ സുവർണാവസരമായി കണ്ട് ഉപയോഗിക്കാം.

രാഷ്ട്രീയ ഒറ്റമൂലി

ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസങ്ങളിൽതന്നെ ഡൽഹിയിൽ നിന്ന് ആയിരക്കണക്കിനു തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങാൻ തെരുവിലിറങ്ങിയത് നാം കണ്ടു. അടച്ചിടലിന്റെ പ്രസക്തിയൊട്ടാകെ കാറ്റിൽ പറന്ന ദിവസങ്ങൾ. കിട്ടിയ ബസ്സിൽ തിക്കിത്തിരക്കി അവർ നാട്ടിലേക്ക് പോകുന്നതും കണ്ടു. എന്തുകൊണ്ട് അത് സംഭവിച്ചു?

ലോക്ഡൗൺ കൊണ്ട് ഗുണമുണ്ടാകണമെങ്കിൽ പൂട്ടിട്ടാൽ മാത്രം പോര. അടച്ചിരിക്കുന്ന മനുഷ്യരെ നോക്കി ലൈറ്റടിക്കുകയും പാട്ട കൊട്ടുകയും നമിക്കുകയും ഒന്നും ചെയ്തിട്ടും കാര്യമില്ല. കൃത്യമായ മുന്നൊരുക്കത്തോടെ നടപ്പിലാക്കി വിജയിപ്പിക്കേണ്ട ഒന്നാണത്. അതിനുവേണ്ടത് ആസൂത്രണമാണ്. അതാവട്ടെ കലാപങ്ങൾ സംഘടിപ്പിക്കുന്നതുപോലെ പ്രാകൃതമായ ഒന്നല്ലതാനും.

പരിഭ്രാന്തരായ മനുഷ്യർ ജോലിയും കൂലിയുമില്ലാതെ ഇവിടെ നിന്നിട്ടെന്ത് കാര്യം, നാട്ടിൽ പോയാൽ കൃഷിയെങ്കിലും ചെയ്യാം എന്നുപറഞ്ഞ് തെരുവിലിറങ്ങിയത് അവർക്കായി ആരും ഒന്നും ചെയ്യുന്നില്ല എന്ന അനാഥത്വബോധത്താൽ പ്രചോദിതരായാണ്. അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ എല്ലായ്‌പ്പോഴും റെട്ടറിക്ക് മാത്രം മതിയാവില്ല. അതിനു ക്രിയാത്മക ഇടപെടലുകൾ വേണം. പരമാവധി പരിശോധന നടത്തുകയും രോഗബാധിതരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുകയും ഒപ്പം അടച്ചിരിക്കുന്ന മനുഷ്യർ പുറത്തിറങ്ങാതിരിക്കാൻ വേണ്ട യുക്തിസഹവും ക്രിയാത്മകവുമായ നടപടികൾ കൈക്കൊള്ളുകയും ചെയ്താലേ ലോക്ഡൗൺ കൊണ്ട് ഉപകാരമുള്ളൂ. അല്ലാതെ അനന്തമായ അടച്ചിടൽ കൊണ്ട് ഒരുകാര്യവുമില്ല.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ.

ഭരണകൂടത്തിന്റെ ഒറ്റമൂലി

വിമർശനങ്ങൾക്കൊക്കെയും പക്ഷേ ഭരണകൂടത്തിനിപ്പോൾ ഒരൊറ്റമൂലിയുണ്ട്; ദേശസ്‌നേഹം. ഇത്തരം ഒരു യുദ്ധ സാഹചര്യത്തിൽ സർക്കാരിനെ വിമർശിക്കുന്നത് അവരുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും. അങ്ങനെ ചെയ്യുന്നത് രാജ്യദ്രോഹമാണ്. അവിടെ എല്ലാവരും നിശബ്ദരാകുന്നു. ഗ്രാമത്തിൽ പോയാൽ കുടുബത്തെ കൃഷിയിൽ സഹായിക്കുകയെങ്കിലും ചെയ്യാം എന്നുപറഞ്ഞ് കൂട്ടമായി ബസിൽ കയറി പോയ നിസ്സഹായരായ മനുഷ്യരുടെ അതിജീവന സമരത്തിന്റെ തുടർ വാർത്തകൾ ഉൾപ്പെടെ.
തീവ്ര മുതലാളിത്തപക്ഷ വലത് സർക്കാരുകൾക്ക് അവർ പണ്ടേ ചെന്നുപെട്ട പ്രതിസന്ധിയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള പുതിയ വഴിയാവുകയാണ് കോവിഡിനെതിരായ യുദ്ധം. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടും അങ്ങനെ ഉപയോഗിക്കപ്പെടാൻ പോകുകയാണ്. അതുകൊണ്ട് തന്നെ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുമ്പോഴും, ഈ പ്രതീകാത്മക യുദ്ധത്തെ ആ നിലയ്ക്ക് അംഗീകരിക്കുമ്പാേഴും നാം ഒപ്പം ചിലത് ഓർക്കുകയും കൂടിവേണം.
അതിജീവന സമരങ്ങൾ ക്വാറന്റൈൻ ചെയ്യപ്പെടരുത്, ഒരു യുദ്ധത്തെയും അതിനനുവദിക്കരുത്.


Summary: രോഗകാലത്ത് രാജ്യം നിർബന്ധിതവും അവശ്യവുമായ നിശ്ശബ്ദതയിൽ ജീവിക്കുമ്പോൾ ഭരണതലത്തിൽ എല്ലാം സ്വസ്ഥവും സമാധാനവുമായി നടക്കുകയാണ് എന്ന് കരുതുന്നത് മൗഢ്യമാണ്. സമരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടം, രോഗപ്രതിരോധത്തെ യുദ്ധമെന്ന ദേശാഭിമാന വൈകാരികതയിലേക്ക് മാറ്റിയിടുന്നത് ദേശവും ഭരണവും ഒന്നാണ് എന്ന പ്രതീതി സൃഷ്ടിക്കാനുള്ള തന്ത്രമായാണ്. സാമ്പത്തിക പ്രതിസന്ധികളും നിർവഹിക്കാത്ത ഉത്തരവാദിത്തങ്ങളുമെല്ലാം ദേശസ്നേഹമെന്ന തന്ത്രത്തിൽ ന്യായീകരിക്കപ്പെടുമെന്ന് സ്റ്റേറ്റ് കരുതുന്നുണ്ട്. അതു കൊണ്ടു തന്നെ അതിജീവന സമരങ്ങളെ ക്വാറന്റൈൻ ചെയ്യാൻ അനുവദിക്കരുത് എന്ന് പറയുകയാണ് വിശാഖ് ശങ്കർ


വിശാഖ്​ ശങ്കർ

എഴുത്തുകാരൻ, കവി, കർഷകൻ.

Comments