വി.എസ് എന്ന വ്യാമോഹം

ഒന്നര ദശാബ്ദക്കാലം കേരളത്തിലെ ഇടതുപക്ഷ പൊതുബോധം സ്വന്തം മേലധികാരികളോട് വളരെ വൈകാരികമായി വിളിച്ചുചോദിക്കുന്ന മുദ്രാവാക്യമായിരുന്നു, ‘വി. എസ് ആരെന്നറിയാമോ’ എന്നത്. ആ ചോദ്യത്തിനുപുറകിൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയ സമസ്യകളെക്കുറിച്ച് എഴുതുന്നു, സുനിൽ ഗോപാലകൃഷ്ണൻ.

2001 മുതൽ ഏതാണ്ട് ഒന്നര ദശാബ്ദക്കാലം കേരളത്തിലെ ഇടതുപക്ഷ പൊതുബോധം സ്വന്തം മേലധികാരികളോട് വളരെ വൈകാരികമായി വിളിച്ചുചോദിക്കുന്ന മുദ്രാവാക്യമായിരുന്നു, ‘വി. എസ് ആരെന്നറിയാമോ’ എന്നത്. വി.എസ് എന്ന രാഷ്ട്രീയ വ്യക്തിത്വത്തെ പുനരവലോകനം ചെയ്യുമ്പോൾ ആ ചോദ്യം വളരെ അന്വർത്ഥമായിരുന്നുതാനും.

1990- കളുടെ തുടക്കത്തിലാണ്, ഇ. എം. എസ്, നായനാർ, കെ.ആർ. ഗൗരി തുടങ്ങിയ പേരുകൾക്കിടയിലൂടെ വി.എസ്. അച്യുതാനന്ദൻ എന്നൊരു പേര് മലയാളി പൊതുബോധത്തിലേക്ക് തള്ളിക്കയറിയത്. അന്നോളം വി.എസ് ഇല്ലായിരുന്നു എന്നല്ല, പാർട്ടി ആവാസവ്യവസ്ഥയ്ക്കുള്ളിൽ അദ്ദേഹം പ്രബലനായിരുന്നിരിക്കാം, പക്ഷേ പാർട്ടി അനുഭാവികളും പ്രവർത്തകരും പൊതുസമൂഹത്തിനു മുന്നിലേക്ക് ആവേശപൂർവ്വം വിളിച്ചുപറയുന്ന മഹാരഥന്മാരുടെ പേരുകൾക്കിടയിൽ ഈ പേര് ഒരിക്കലും കേട്ടിരുന്നില്ല.

1991ൽ കാലാവധി പൂർത്തിയാക്കാൻ ഒരു കൊല്ലം ബാക്കിയുളള സർക്കാരിനെ രാജിവെപ്പിച്ചശേഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ പാർട്ടിയിൽ നിന്ന് മത്സരരംഗത്തുളള ഏക പോളിറ്റ്ബ്യൂറോ അംഗമായി വി.എസ് എന്ന പേരു പൊന്തിവന്നപ്പോഴാണ് കേരളത്തിൻ്റെ പൊതുമനസ്സിനു മുന്നിൽ ഈ പേര് ഒരു ചോദ്യ ചിഹ്നമായി ഉയർന്നത്. അന്ന് എണ്ണത്തിൽ തീരെ കുറവായിരുന്ന ആവേശക്കമ്മിറ്റിക്കാർ വിളിച്ചു പറഞ്ഞ് കാണും, ‘വി. എസ് ആരെന്നറിയാമോ?’. പക്ഷേ അന്നതിനു അത്രകണ്ട് സ്വീകാര്യത ലഭിച്ചില്ല.

വി.എസ്സിൻ്റെ ഈ തള്ളിക്കയറ്റത്തെ അടയാളപ്പെടുത്തുന്ന മറ്റൊരു രസകരമായ സന്ദർഭം ഏഷ്യാനെറ്റ് ആർക്കൈവ്സിലുളളത് ഇപ്പോൾ വൈറലാണ്. കെ.ആർ. ഗൗരിയമ്മ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന നാളുകളിൽ അധികം തിരക്കില്ലാത്ത ഒരു പിറന്നാൾ ദിനത്തിൽ വി.എസ് അവരെ സന്ദർശിക്കുന്നു. വലിയൊരു ഇടവേളക്ക് ശേഷമുളള സമാഗമമാണ്. വി. എസ് അപ്പോഴേക്കും ഇടതുപക്ഷ കേരളത്തിൻ്റെ ഏറ്റവും തുടുത്ത മുഖമായി തീർന്നതൊക്കെ ഗൗരിയമ്മ അറിഞ്ഞു കഴിഞ്ഞു. അതിൻ്റെ ശുണ്ഠിയും പരിഭവവുമൊക്കെ കൊണ്ടാകും അന്നേരം മുഖം ചുവന്നിരുന്നത് ഗൗരിയമ്മയുടേതായിരുന്നു.

പാർട്ടി ആവാസവ്യവസ്ഥയ്ക്കുള്ളിൽ ഒരിക്കലും ഒരു ലീഡർ മെറ്റീരിയൽ ആയിരുന്നില്ല അച്യുതാനന്ദൻ. അത് കളത്തിപ്പറമ്പിൽ രാമൻ മകൾ ഗൗരിയും തൈപ്പറമ്പ് വീട്ടിൽ വർഗ്ഗീസ് മകൻ തോമസ്സുമൊക്കെ ആയിരുന്നു.
പാർട്ടി ആവാസവ്യവസ്ഥയ്ക്കുള്ളിൽ ഒരിക്കലും ഒരു ലീഡർ മെറ്റീരിയൽ ആയിരുന്നില്ല അച്യുതാനന്ദൻ. അത് കളത്തിപ്പറമ്പിൽ രാമൻ മകൾ ഗൗരിയും തൈപ്പറമ്പ് വീട്ടിൽ വർഗ്ഗീസ് മകൻ തോമസ്സുമൊക്കെ ആയിരുന്നു.

സംസാരം 1987- ലേക്ക് കടന്നനേരം, ‘അവരുടെ കൂടെ കൂടി ഇയാളും എന്നെ ചതിച്ചു’ എന്ന് ഗൗരിയമ്മ ആരോപിക്കുമ്പോൾ, മറ്റൊരിടത്തും കാണാത്ത കുസൃതി കലർന്ന ചിരിയോടെ, ‘ആരു പറഞ്ഞ് … ഞാൻ അവർക്ക് എതിരായിരുന്നു’ എന്ന് വി.എസ് പറയുന്നുണ്ട്. പക്ഷേ ഗൗരിയമ്മ ചൊടിച്ചു കൊണ്ട്, ‘താൻ അവരെ അനുകൂലിച്ച് വലിയ ആളാകാൻ നോക്കുവായിരുന്നു’ എന്നു പറയുന്നുണ്ട്.

ഗൗരിയമ്മയുടെ ദേഷ്യം തീർത്തും സംഗതമാണ്. കാരണം പാർട്ടി ആവാസവ്യവസ്ഥയ്ക്കുള്ളിൽ ഒരിക്കലും ഒരു ലീഡർ മെറ്റീരിയൽ ആയിരുന്നില്ല അച്യുതാനന്ദൻ. അത് കളത്തിപ്പറമ്പിൽ രാമൻ മകൾ ഗൗരിയും തൈപ്പറമ്പ് വീട്ടിൽ വർഗ്ഗീസ് മകൻ തോമസ്സുമൊക്കെ ആയിരുന്നു. പാർട്ടി വ്യവസ്ഥക്ക് പുറത്ത് യാതൊരു അസ്തിത്വവും അടയാളപ്പെടുത്തലും ഉണ്ടാക്കാതെ സ്വച്ഛം വിടവാങ്ങേണ്ട ഒരു ജീവിതത്തെ ഇങ്ങനെ പൊതു ഇടത്തിലേക്ക് സ്വയം കൊണ്ടുവന്ന് നിർത്തിയതിന്, ‘വലിയ ആളാവാൻ’ നോക്കലിനുപിന്നിലെ അച്യുതാനന്ദൻ്റെ അഹമ്മതിയേയോ അത്യാഗ്രഹത്തെയോ പലർക്കും പൊറുക്കാവുന്നതായിരുന്നില്ല, എല്ലാ കാലവും. വി.എസ് തന്നെ പറയുന്ന പുന്നപ്ര വെടിവെയ്പിനെ തുടർന്നുളള പോലീസ് മർദ്ദനത്തിനിടയിലും, ‘നിനക്ക് ദിവാനാകാണം അല്ലേടാ’ എന്നായിരുന്നു ഏമാന്മാരുടെ ആക്രോശം / പ്രശ്നം.

ഏതാണ്ട് പൂർണ്ണമായും തന്നെ ഹൈന്ദവ കേന്ദ്രിതമായ കേരളീയ ഇടത് ബോധത്തിൻ്റെ നെറുകയിൽ ഒരു തിരുവിതാംകൂർ കയർ തൊഴിലാളിക്ക് കയറിപ്പറ്റാൻ ഏറെ വിയർപ്പൊഴുക്കേണ്ടതുണ്ടായിരുന്നു.

പൊതുമണ്ഡലങ്ങളിൽ ഉയർന്നുവിളങ്ങിയ / വിളങ്ങുന്ന നേതൃബിംബങ്ങളെ, അവരുടെ ജീവചരിതങ്ങളെ എടുത്തുനോക്കാം, ഒട്ടു മുക്കാൽ പേരും നന്നേ ബാല്യത്തിൽ തന്നെ നേതൃഗുണം പ്രകടമാക്കുകയും അത് തിരിച്ചറിയപ്പെടുകയും ചെയ്തവാരാകും; അത് നരേന്ദ്ര മോദിയുടെ കാര്യത്തിൽ മുതലപിടുത്തം തുടങ്ങിയ മിത്തോളം എത്തുമെങ്കിൽ, പിണറായിയുടെ കാര്യത്തിൽ അദ്ധ്യാപകൻ്റെയൊ മറ്റോ ദീർഘദർശിത്വമാണ്.

എന്നാൽ വി.എസിനെ സംബന്ധിക്കുന്ന ബാല്യകഥയിൽ നായന്മാർ പഠിക്കുന്ന സ്കൂളിൽ പഠനത്തിനുചേർന്ന വി.എസ് അവിടെയും ഒരു മിസ്ഫിറ്റ് ആയിരുന്നു. അനർഹമായതിനു ശ്രമിച്ചതിൻ്റെ പേരിൽ, ‘വലിയ ആളാവാൻ’ നോക്കിയതിൻ്റെ പേരിൽ നിരന്തരം അപഹസിക്കപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ സ്കൂൾകാല ഓർമ്മ. ഈ അതിക്രമത്തെ നേരിടാൻ അച്ഛൻ അന്ന് കൈപ്പിടിയുളള ഒരു വെള്ളിയരഞ്ഞാണം വി.എസ്സിനു പണിഞ്ഞു നൽകിയത്രേ. ഏതായാലും ആ ആയുധം ഒടുവിൽ പ്രായം തന്നെ കീഴ്പ്പെടുത്തും വരെ വി.എസ് എടുത്ത് വീശിയിരുന്നു, താൻ മിസ്ഫിറ്റാണെന്ന് വിധിയെഴുതി തൻ്റെ വരവിനു വഴിമുടക്കിയവർക്കുനേരെ ആഞ്ഞു വീശി, പാർട്ടിക്കുള്ളിലും പുറത്തും.

വി.എസ്സിൻ്റെ രാഷ്ട്രീയചരിത്രം എടുത്തുനോക്കൂ, പ്രതിയോഗികൾക്കുനേരെ അദ്ദേഹം എവിടെയും പയറ്റിയ തന്ത്രം ഇതുതന്നെയായിരുന്നു. പ്രതിയോഗി പ്രബലനാകുംതോറും വി.എസ്സിൽ പോരാട്ടലഹരി ഏറും. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ സംഭവബഹുലമായ ജീവിതം മറ്റൊന്നില്ല. ചെറുതും വലുതുമായ നിരന്തരമായ പോരിൻ്റെ ചരിത്രമായിരുന്നു അത്. ഏതാണ്ട് പൂർണ്ണമായും തന്നെ ഹൈന്ദവ കേന്ദ്രിതമായ കേരളീയ ഇടത് ബോധത്തിൻ്റെ നെറുകയിൽ ഒരു തിരുവിതാംകൂർ കയർ തൊഴിലാളിക്ക് കയറിപ്പറ്റാൻ അത്രയേറെ വിയർപ്പൊഴുക്കേണ്ടതുണ്ടായിരുന്നു. പക്ഷേ വി. എസ്സ് എന്ന നേതാവ് നമ്മെ അതിശയിപ്പിക്കുന്നത് ആ സ്ഥാനം തനിക്ക് പ്രാപ്യമാണെന്ന്, താൻ അതിന് അർഹനാണെന്ന് ചിന്തിച്ച ബോധ്യത്തിൻ്റെ / അഹമ്മതിയുടെ പേരിലാകും.

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ സംഭവബഹുലമായ ജീവിതം മറ്റൊന്നില്ല. ചെറുതും വലുതുമായ നിരന്തരമായ പോരിൻ്റെ ചരിത്രമായിരുന്നു അത്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ സംഭവബഹുലമായ ജീവിതം മറ്റൊന്നില്ല. ചെറുതും വലുതുമായ നിരന്തരമായ പോരിൻ്റെ ചരിത്രമായിരുന്നു അത്.

ഇ.എം.എസ് എന്ന വടവൃക്ഷത്തോട് ഇണങ്ങിയും പിണങ്ങിയും പാർട്ടിയ്ക്കുള്ളിൽ പ്രബലനായി നിലകൊണ്ട എൺപതുകളിലാകാം അതിനുമപ്പുറത്തേക്ക് ഒരു ചുവടുവെപ്പിന് വി.എസ്സ് ഒരുമ്പെടുന്നത്. പാർട്ടി കേന്ദ്രനേതൃത്വത്തിൻ്റെ പിന്തുണയോടെ അന്ന് അതിനായി അദ്ദേഹം നടത്തിയ നീക്കത്തെ പലകുറി ഗർഭഛിദ്രം ചെയ്യാൻ അദ്ദേഹത്തിൻ്റെ എതിരാളികൾക്ക് സാധിച്ചു. ഗൗരിയമ്മ എന്ന സാധ്യതക്ക് 1987- ഓടെ വിരാമമായ വിടവിലേക്കാകാം അടുത്ത ഊഴത്തിൽ അല്പം തിടുക്കപ്പെട്ട് വി.എസ് തൻ്റെ പേര് തള്ളിക്കയറ്റുന്നത്.

91- ലും 96- ലും ഒടുവിൽ 2001-ലും തൻ്റെ നീക്കങ്ങൾക്ക് നേരിട്ട തിരിച്ചടി അദ്ദേഹത്തെ പലതും പഠിപ്പിച്ചു. പരാജയം മൂപ്പർക്ക് എന്നും ഒരു ലഹരി തന്നെയായിരുന്നു. സി.പി.എം ചരിത്രത്തിൽ പലകുറി ആവർത്തിച്ചിട്ടുളള, ‘വി.എസ്സിനെ നിറുത്തിപ്പൊരിക്കൽ’ അരങ്ങേറുന്ന സമ്മേളനങ്ങൾക്ക് സാക്ഷിയായിട്ടുളളവർക്കറിയാം, അദ്ദേഹത്തിൻ്റെ അത്യപാരമായ സഹനവാസനയെ. പക്ഷേ ഓരോ തിരച്ചടികളും അദ്ദേഹത്തെ നവീകരിച്ചു എന്നുപറയാം. പുതിയ കരുക്കൾ കണ്ടെത്താനും പുതിയ നീക്കങ്ങൾ പരീക്ഷിക്കാനുമുളള ഊർജ്ജം പരാജയങ്ങളിൽ നിന്ന് വി.എസ് നേടി.

വി.എസ് നെൽവയൽ നികത്തൽ സമരമെന്നും മാധ്യമങ്ങൾ വെട്ടിനിരത്തലെന്നും വിളിച്ച ആ നീക്കം വി.എസിനു സമ്പാദിച്ചുകൊടുത്ത അവമ്മതി, അദ്ദേഹത്തെ പാർട്ടിക്കുളളിൽ കൂടുതൽ സ്വീകാര്യനാക്കി.

96- ൽ മാരാരിക്കുളത്ത് വെട്ടിവീഴ്ത്തപ്പെട്ട ശേഷം അടുത്ത പാർട്ടി സമ്മേളനത്തിനു മുന്നോടിയായി വി.എസ് സ്വന്തം സംഘടനയെ മുൻനിർത്തി പൊടുന്നനെ ഒരു സാഹസത്തിനു മുതിരുന്നു. പാർട്ടിയ്ക്കു വെളിയിൽ പൊതുസമൂഹത്തിനിടെ അത് തന്നെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് അദ്ദേഹം അപ്പോൾ ബേജാറായിരുന്നില്ല. എന്തു തന്നെയായാലും പാർട്ടിയ്ക്കുളളിൽ അത് തന്നെ കരുത്തനും / പ്രസക്തനും ആക്കുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു.

വി.എസ് നെൽവയൽ നികത്തൽ സമരമെന്നും മാധ്യമങ്ങൾ വെട്ടിനിരത്തലെന്നും വിളിച്ച ആ നീക്കം വി.എസിനു സമ്പാദിച്ചുകൊടുത്ത അവമ്മതി, അദ്ദേഹത്തെ പാർട്ടിക്കുളളിൽ കൂടുതൽ സ്വീകാര്യനാക്കി. എക്കാലവും പർട്ടിക്കുള്ളിൽ സ്വീകാര്യനാകാനുളള എളുപ്പവഴി മുഖ്യധാരാ മാധ്യമങ്ങളുടെ വിമർശനം സമ്പാദിക്കലാണ്. പാർട്ടിക്കുളളിൽ അത് കനപ്പെട്ട ഒരു ഈടാണ്.

ഇ.എം.എസ്, ജ്യോതി ബസു, വി.എസ്. അച്യുതാനന്ദൻ.
ഇ.എം.എസ്, ജ്യോതി ബസു, വി.എസ്. അച്യുതാനന്ദൻ.

2001-ൽ തൻ്റെ അവസാന ലാപ്പ് തുടങ്ങുകയാണെന്ന് തിരിച്ചറിഞ്ഞ വി.എസ് ആദ്യമായി വ്യത്യസ്തമായ തന്ത്രം പയറ്റി. കഷ്ടി മൂന്നു കൊല്ലം മുൻപ് പയറ്റിയതിൻ്റെ നേരെ എതിർദിശയിലുളള നീക്കം. പാർട്ടി വേലിക്കകത്തുനിന്ന് പുറത്തിറങ്ങി അദ്ദേഹം പൊതുസമ്മതി സമാഹരിക്കലിനിറങ്ങി. കൈയ്യിൽ തടയുന്ന ഏത കരുവും പാർട്ടി കളത്തിനുളളിൽ എങ്ങനെ നീക്കണമെന്ന് വി.എസ്സിനറിയാം. അകത്തും പുറത്തുമായി പയറ്റിയ ആ കളിയുടെ ഫലം ഒടുവിൽ 2006-ൽ വിജയത്തിൻ്റെ രൂപത്തിൽ അദ്ദേഹത്തിനു കരഗതമായി. ഒട്ടും വൈകിച്ചില്ല, മന്ത്രിസഭാ രൂപീകരണ വേളയിൽ തന്നെ വി.എസ് തൻ്റെ പ്രിയപ്പെട്ട പരാജയമൂലയിലേക്ക് ചുരുണ്ടുകൂടി. ഇരുപതാം നൂറ്റാണ്ടിൻ്റെ പാഠങ്ങളുമായി അടുത്ത നൂറ്റാണ്ടിൻ്റെ ആദ്യ ഒന്നര ദശകം പുത്തൻ കൂറ്റുകാരുടെ തന്ത്രങ്ങൾക്കുമുന്നിൽ പയറ്റിനിന്ന വി.എസ്സിൻ്റേതുപോലെ ആവേശപൂരിതമായ ഏട് കേരള രാഷ്ട്രീയത്തിൽ മറ്റൊന്നില്ല. ഒരു പക്ഷേ വി.എസ്സിൽ മാത്രം കാണാൻ കഴിയുന്ന പരാജയവും പോരും ലഹരിയേറ്റുന്ന സവിശേഷ മാനസികാവസ്ഥക്കു മുന്നിലാണ് പ്രതിയോഗികൾ പതറിയത്.

അങ്ങനെ ഒടുവിൽ അദ്ദേഹം പാർട്ടിയുടെ മേൽവിലാസമുളള മഹാരഥന്മാരുടെ / വലിയ ആളുകളുടെ ലിസ്റ്റിലേക്ക് കടന്നുകയറി. പക്ഷേ ആ ലിസ്റ്റിൽ അതിനു മുൻപുണ്ടായിരുന്നവർക്ക് (ഒരു പക്ഷേ ഏ.കെ.ജി അദ്ദേഹത്തിന് ഒരു പൂർവ്വ മാതൃക ആയിരുന്നിരിക്കാം) പാർട്ടിയുടെ വാഴ്ത്തുപാട്ട് നിർമ്മിതികൾ മതിയായിരുന്നു മഹത്വ പ്രാപ്തിക്കെങ്കിൽ, വി.എസ്സിന് അതിനായി നന്നേ വിയർപ്പൊഴുക്കേണ്ടിവന്നു.

എന്തുകൊണ്ടാണ് വി.എസ്സിൻ്റെ രാഷ്ട്രീയജീവിതത്തിൽ ഒരു ഘട്ടത്തിലും പാർട്ടിയുടെ പൂർണ്ണ പിന്തുണ കിട്ടാതെ പോയത്? അനേകം കാരണങ്ങൾ അതിനു കണ്ടെത്താമെങ്കിലും, അത് തിരുവിതാംകൂറുകാരൻ കയർതൊഴിലാളിയുടെ മനസ്സിൽ അങ്കുരിച്ച ആ ‘വലിയ ആളാവാൻ’ ഉളള മോഹത്തിൻ്റെ അനുരണനങ്ങളായിരുന്നു എന്ന് മനസ്സിലാക്കാൻ ഏറെ പ്രയാസമില്ല.

Comments