‘അവരെ വെടിവെച്ചിട്ട സ്ഥലത്തേക്കാണ്
എനിക്ക് പോകേണ്ടത്’,
മുത്തങ്ങയിൽ വി.എസ് എന്തു ചെയ്തു?

‘‘മുത്തങ്ങയിൽ ആദിവാസികളിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളെന്നുപറഞ്ഞ് അവരുടെ പണിയായുധങ്ങൾ കാണിച്ചുകൊടുത്ത പൊലീസിനോട് വി.എസ് പറഞ്ഞു, ‘ഞാൻ വന്നത് ഇത് കാണാനല്ല, ആദിവാസികൾ വെടിയേറ്റ്, രക്തം വാർന്ന സ്ഥലത്തേക്കാണ് എനിക്ക് പോവേണ്ടത്’’- മുത്തങ്ങ വെടി​വെപ്പിനുശേഷം വി.എസ് നടത്തിയ നിർണായക ഇടപെടലിനെക്കുറിച്ച് എഴുതുന്നു, എം.കെ. രാംദാസ്.

യനാടെന്നല്ല, കേരളം നടുങ്ങിയ സന്ദർഭമായിരുന്നു, 2003. തണുത്തുറഞ്ഞ ഭൂതകാലം ഓർമ്മയായി പോലും കുളിരുതരാത്ത ജനുവരിയും ഫെബ്രുവരിയും. വയനാടൻ കാടുകളിൽ അഗ്നി പടർന്ന കാലം. തദ്ദേശീയരായ മനുഷ്യരുടെ അതിജീവനപോരാട്ടങ്ങളിൽ ചരിത്രം രേഖപ്പെടുത്തിയ മുത്തങ്ങ സമരത്തിൻ്റെ തീ പടർന്നത് ഈ കാലത്താണ്, കൃത്യമായി പറഞ്ഞാൽ, 2003 ജനുവരി 5 മുതൽ ഫെബ്രുവരി 19 വരെയുള്ള 44 ദിവസം. ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ച ഈ പ്രക്ഷോഭം അതിൻ്റെ പ്രത്യാഘാതങ്ങൾ കൊണ്ട് ഇക്കാലമത്രയും സവിശേഷമായ പ്രധാന്യത്തോടെ തലയുയർത്തി നിൽക്കുന്നു. ജനകീയ സമരങ്ങളുടെ നിരയിൽ മുമ്പും ശേഷവും എന്ന് വിലയിരുത്താവുന്ന വഴിത്തിരിവാണ് യഥാർത്ഥത്തിൽ മുത്തങ്ങ ഭൂസമരം.

വി.എസ് വിടവാങ്ങിയ സാഹചര്യത്തിൽ, അദ്ദേഹം, ഗോത്ര മനുഷ്യരോട് പ്രകടിപ്പിച്ച, കമ്മ്യൂണിസ്റ്റ് മാനവിക രേഖപ്പെടുത്താൻ ശ്രമിക്കുകയാണ്.

പതിറ്റാണ്ടുകൾക്കിടയിൽ സംഭവിക്കാറുള്ള കൊടും വരൾച്ചയിൽ വയനാട് അമർന്ന വേളയിലായിരുന്നു മുത്തങ്ങയിൽ മണ്ണിൻ്റെ മക്കളുടെ സമരാരംഭം. ജനുവരിയിൽ പോലും നേർത്ത കുളിരിനുവേണ്ടി കൊതിച്ച വയനാട്ടുകാർ വരണ്ടുണങ്ങിയ കാട് നോക്കി ദീർഘമായി നിശ്വസിച്ചു. മുത്തങ്ങയിൽ ഉൾപ്പെടെ വന്യജീവികൾ ഒരു തുള്ളി വെള്ളത്തിനും അൽപം ആഹാരത്തിനുമായി കാടിറങ്ങിയ സമയം കൂടിയായിരുന്നു അത്.

വനത്തിലെ മുഴുവൻ കാട്ടുചോലകളും വറ്റിവരണ്ടു. ഒരു തീപ്പൊരി വീണാൽ ആളിക്കത്താൻ പാകത്തിൽ അടിക്കാടുകൾ ഉണങ്ങിക്കരിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ജീവിക്കാനുള്ള മണ്ണാവശ്യപ്പെട്ട് സി.കെ. ജാനുവിൻ്റെ നേതൃത്വത്തിൽ ആദിവാസികൾ മുത്തങ്ങയിലെ വനഭൂമിയിൽ പ്രവേശിക്കുന്നത്. നാൾക്കുനാൾ സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുവന്നു. 300- ൽ നിന്ന് 3000- ത്തിലേക്കും 4500- ലേക്കും പ്രക്ഷോഭകരുടെ എണ്ണം വർധിച്ചു.

പതിറ്റാണ്ടുകൾക്കിടയിൽ സംഭവിക്കാറുള്ള കൊടും വരൾച്ചയിൽ വയനാട് അമർന്ന വേളയിലായിരുന്നു മുത്തങ്ങയിൽ മണ്ണിൻ്റെ മക്കളുടെ സമരാരംഭം.
പതിറ്റാണ്ടുകൾക്കിടയിൽ സംഭവിക്കാറുള്ള കൊടും വരൾച്ചയിൽ വയനാട് അമർന്ന വേളയിലായിരുന്നു മുത്തങ്ങയിൽ മണ്ണിൻ്റെ മക്കളുടെ സമരാരംഭം.

വൈരുധ്യമെന്ന പോൽ ഈ സമരം പൊതു സമൂഹത്തെ ഒറ്റമനസ്സാക്കി തീർക്കുകയാണുണ്ടായത്. തദ്ദേശീയ ജനതയുടെ ഉയർത്തെഴുന്നേൽപ്പിൽ കുടിയേറ്റക്കാരുൾപ്പെടുന്ന പൊതുസമൂഹം ഒറ്റക്കെട്ടായി അസ്വസ്ഥരാവുകയും ഒടുവിൽ അവർക്കെതിരെ തിരിയുകയും ചെയ്തു. 2001- ൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സി.കെ. ജാനുവും സംഘവും നടത്തിയ കുടിൽകെട്ടൽ സമരത്തിൻ്റെ തുടർച്ചയായിരുന്നു 2003- ലെ ഈ പോരാട്ടം. തിരുവനന്തപുരത്തെ സമരത്തെത്തുടർന്നുണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കണമെന്നാവശ്യപ്പെട്ടാണ് മുത്തങ്ങയിൽ ആദിവാസികൾ വനത്തിൽ പ്രവേശിക്കുന്നത്. ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യം, പതിവിന് വിപരീതമായി ആദിമനിവാസികളുടെ തലസ്ഥാനനഗരിയിലെ സമരത്തിന് പൊതുസമൂഹത്തിൻ്റെ നല്ല പിന്തുണ ലഭിച്ചു എന്നതാണ്. മാധ്യമങ്ങളുടെ മുന്തിയ പരിഗണനക്ക് ആദിവാസികളും അതിൻ്റെ നേതൃത്വവും പാത്രമായി. സി.കെ. ജാനുവും എം. ഗീതാനന്ദനും ടെലിവിഷൻ വാർത്താചാനലുകളുടെ ഇഷ്ട കഥാപാത്രങ്ങളാവുന്നുതും ഈ സാഹചര്യത്തിലാണ്. മാധ്യമങ്ങളുടെ നിതാന്ത ശ്രദ്ധ, സമരത്തിൻ്റെ ഭാഗമായി കെട്ടിയ കുടിലുകൾ പൊളിച്ചുമാറ്റുന്നതിന്ന് പൊലിസിന് തടസ്സമായി.

സന്നദ്ധ സംഘടനകളും സാംസ്കാരിക പ്രവർത്തകരും സമരത്തെ നല്ല നിലയിൽ പിന്തുണക്കുന്നതും മാധ്യമശ്രദ്ധയുടെ ഫലമായിട്ടായിരുന്നു. പൗരസമൂഹത്തിന്റെ നിർലോഭമായ പിന്തുണയുടെ സഹായത്തോടെയാണ് കേരളത്തിൻ്റെ സമരചരിത്രത്തിൽ കുടിൽ കെട്ടൽ വേറിട്ടൊരധ്യായം തീർത്തത്. ഈ പോരാട്ടത്തിൻ്റെ ഫലത്തിലും ഇതിൻ്റെ പ്രതിഫലനമുണ്ടായി.

മുത്തങ്ങയിലെ ആദിവാസികളെ ക്രൂരമായി ആക്രമിക്കുന്ന പൊലീസ്
മുത്തങ്ങയിലെ ആദിവാസികളെ ക്രൂരമായി ആക്രമിക്കുന്ന പൊലീസ്

മുഖ്യമന്ത്രിയുൾപ്പെടെ ഏഴ് ക്യാബിനറ്റംഗങ്ങളും 18 വകുപ്പ് സെക്രട്ടറിമാരും ഒപ്പിട്ട് ഉറപ്പുനൽകിയ കരാർ സമരത്തിൻ്റെ ഫലമായി സൃഷ്ടിക്കപ്പെട്ടു. ഒരു ജനകീയ ഇടപെടലിന് ആദ്യമായാണ് ഇത്തരമൊരന്ത്യം കേരളത്തിലുണ്ടാവുന്നത്. അഞ്ചു വർഷത്തിനകം ആദിവാസികൾക്ക് ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി നൽകുമെന്ന വ്യവസ്ഥയായിരുന്നു മുഖ്യമായും കരാറിലൂടെ അംഗീകരിക്കപ്പെട്ടത്. ഓരോ വർഷവും പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ വരെ തീരുമാനിച്ച കരാർ പ്രകീർത്തിക്കപ്പെട്ടതിനൊപ്പം പരിഹാസത്തിനും വിധേയമായി. കരാറും ഇതിലെ വ്യവസ്ഥകളും ആവിഷ്കരിക്കപ്പെട്ടതിൻ്റെ സന്തോഷസൂചകമായി അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻ്റണിയുമൊത്ത് ഇടുക്കി മതികെട്ടാൻമലയിൽ ഗോത്രനൃത്തം ചെയ്ത ജാനുവിനും സംഘത്തിനും നേരെ വംശവെറിയോളമെത്തുന്ന അപഹാസത്തിലൂടെ പൊതുസമൂഹത്തിൻ്റെ മനസ്സാണ് പ്രകടിപ്പിക്കപ്പെട്ടതെന്ന് വ്യക്തമായത് മുത്തങ്ങ സമരാനന്തരമാണ്.

പ്രതിപക്ഷത്ത് നിലയുറപ്പിച്ചിരുന്ന സി.പി.എം, ജാനു നേതൃത്വം നൽകിയ ഗോത്രസഭയുടെ സമരത്തെ പിന്തുണക്കാൻ തയ്യാറായില്ലെന്നുമാത്രമല്ല പരാജയപ്പെടുത്താൻ യത്നിക്കുകയും ചെയ്തു. പാർട്ടിയുടെ ഈ വിചിത്രനയത്തിൻ്റെ പ്രതിഫലനം മുത്തങ്ങ സമരാനന്തരം വയനാട്ടിൽ അരങ്ങേറിയ ആദിവാസി വേട്ടയിൽ വ്യക്തമായി.

കരാറനുസരിച്ചുള്ള ഭൂവിതരണത്തിന് നിശ്ചയിച്ച സമയപരിധി പൂർണമായും ലംഘിക്കപ്പെട്ടതാണ് യഥാർത്ഥത്തിൽ മുത്തങ്ങയിലെ വനഭൂമി കയ്യേറ്റത്തിലേക്ക് എത്തിച്ചത്. തിരുവനന്തപുരത്തെ സമരത്തിന് ആദിവാസികളെ പിൻതുണക്കാനെത്തിയ പൗരസമൂഹം മുത്തങ്ങയിൽ അവർക്കൊപ്പം നിന്നില്ല.

വനഭൂമി കയ്യേറിയുള്ള ഈ സമരം ദിവസങ്ങൾ പിന്നിടുന്തോറും രാഷ്ട്രീയ പാർട്ടികളുമായുള്ള സ്പർധ വർധിക്കുന്നതാണ് പിന്നീട് കാണുന്നത്. ആദിവാസികളായ അണികൾ തങ്ങളുടെ വലയത്തിൽനിന്ന് മോചിതരാകുമോ എന്ന വ്യാകുലതയാണ് സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളെ ഈ വിധം നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്ത് നിലയുറപ്പിച്ചിരുന്ന സി.പി.എം, ജാനു നേതൃത്വം നൽകിയ ഗോത്രസഭയുടെ ഈ സമരത്തെ പിന്തുണക്കാൻ തയ്യാറായില്ലെന്നുമാത്രമല്ല പരാജയപ്പെടുത്താൻ യത്നിക്കുകയും ചെയ്തു. പാർട്ടിയുടെ ഈ വിചിത്രനയത്തിൻ്റെ പ്രതിഫലനം മുത്തങ്ങ സമരാനന്തരം വയനാട്ടിൽ അരങ്ങേറിയ ആദിവാസി വേട്ടയിൽ വ്യക്തമായി.

സി കെ ജാനുവും ഗീതാനന്ദനും
സി കെ ജാനുവും ഗീതാനന്ദനും

മുത്തങ്ങ വെടിവെപ്പിൽ സംസ്ഥാന സർക്കാരിനെ പരസ്യമായി പിന്തുണക്കാൻ ആദ്യഘട്ടത്തിൽ പാർട്ടി തയ്യാറായതിൻ്റെ പ്രധാന ഹേതുവും ഇതു തന്നെയായിരുന്നു. സമരം ചെയ്യുന്നവരെ ബലം പ്രയോഗിച്ച് കാടിന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരഭൂമിയിലേക്ക് നടത്തിയ മാർച്ചിൽ സി.പി.എം പ്രവർത്തകർ മാത്രമല്ല ജില്ലാ നേതാക്കളുമുണ്ടായിരുന്നു. ‘പൊലീസ് തയ്യാറായില്ലെങ്കിൽ ഞങ്ങൾക്ക് വിട്ടു തരൂ’ എന്നാക്രോശിച്ച് കുതിക്കുന്ന ജനക്കൂട്ടത്തിൽ സി.പി.എം നേതാക്കൾ മുൻനിരയിലുണ്ടായിരുന്നു.

സമരം ചെയ്യുന്നവരെ ബലം പ്രയോഗിച്ച് കാടിന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സി.പി.എം പ്രവർത്തകരുമുണ്ടായിരുന്നു. ‘പൊലീസ് തയ്യാറായില്ലെങ്കിൽ ഞങ്ങൾക്ക് വിട്ടു തരൂ’ എന്നാക്രോശിച്ച് കുതിക്കുന്ന ജനക്കൂട്ടത്തിൽ സി.പി.എം നേതാക്കൾ മുൻനിരയിലുണ്ടായിരുന്നു.

പരിസ്ഥിതിനാശം ഉയർത്തിക്കാണിച്ച് പ്രകൃതി സ്നേഹികളും പൊലീസിനെ ന്യായികരിച്ച് കോൺഗ്രസും കൂടി ചേർന്നതോടെ ആദിവാസി വിരുദ്ധ വേട്ടയ്ക്ക് വയനാട്ടിൽ പൂർണമായും കളമൊരുങ്ങി. വെടിവെപ്പിൽ ഒരാദിവാസിക്ക് മാത്രമേ ജീവത്യാഗം വേണ്ടിവന്നുള്ളൂ എന്നതും സംഘർഷത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടെന്നതും ആദിവാസിവേട്ടയുടെ ആഴം വർധിപ്പിച്ചു.

പൊതുബോധത്തിൻ്റെ ധാർമ്മികമായ പൊള്ളത്തരം വ്യക്തമാക്കിക്കൊണ്ട് അക്രമാസക്തരായ ജനക്കൂട്ടം ആദിവാസി കേന്ദ്രങ്ങളിൽ അഴിഞ്ഞാടി. സായുധ പൊലീസിനൊപ്പം ഗോത്ര ഊരുകൾ കയറിയിറങ്ങിയ ക്രിമിനൽ സംഘങ്ങൾക്ക് യാതൊരു തടസ്സവും എവിടെയും നേരിടേണ്ടിവന്നില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആദിവാസികൾ തെരുവുകളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. നൂൽപ്പുഴ പഞ്ചായത്തിലെ ഒരു കോളനിയിലെത്തിയ പോലീസ് സംഘം ആകാശത്തേക്ക് വെടി ഉതിർക്കുന്ന സംഭവം വരെ ഉണ്ടായി.

പരിസ്ഥിതിനാശം ഉയർത്തിക്കാണിച്ച് പ്രകൃതി സ്നേഹികളും പൊലീസിനെ ന്യായികരിച്ച് കോൺഗ്രസും കൂടി ചേർന്നതോടെ ആദിവാസി വിരുദ്ധ വേട്ടയ്ക്ക് വയനാട്ടിൽ പൂർണമായും കളമൊരുങ്ങി.
പരിസ്ഥിതിനാശം ഉയർത്തിക്കാണിച്ച് പ്രകൃതി സ്നേഹികളും പൊലീസിനെ ന്യായികരിച്ച് കോൺഗ്രസും കൂടി ചേർന്നതോടെ ആദിവാസി വിരുദ്ധ വേട്ടയ്ക്ക് വയനാട്ടിൽ പൂർണമായും കളമൊരുങ്ങി.

മുത്തങ്ങ സമരവുമായി ബന്ധപ്പെടുത്തി വിവിധ വകുപ്പുകൾ ചുമത്തി നിരവധി പേരെ കോളനികളിലെ കുടിലുകളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമർദ്ദനത്തിന് വിധേയരാക്കി ജയിലിലടച്ചു. വസ്തുതകൾ മനസ്സിലാക്കുന്നതിൽ കോടതി പോലും പരാജയപ്പെട്ടതിനും അക്കാലം സാക്ഷിയാവേണ്ടിവന്നു. കൊച്ചുകുഞ്ഞിനെയും അമ്മയോടൊപ്പം ജയിലിലേക്കയച്ചതിന് ജുഡീഷ്യൽ ഓഫീസർ ശിക്ഷയേറ്റുവാങ്ങേണ്ടിവന്ന സന്ദർഭവും ഉണ്ടായി.

മുത്തങ്ങയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം മാധ്യമങ്ങളിൽ അക്കാലത്ത് ആഴ്ചകളോളം നിലനിന്നു. സമരക്കാരായ 16 പേർ മരിച്ചെന്നും ഇവരുടെ ശരീരം പഞ്ചസാര ചേർത്ത് കത്തിച്ച് തെളിവ് നശിപ്പിച്ചെന്നും പൊലീസിനുനേരെ പരാതി ഉയർന്നിരുന്നു. മരണസംഖ്യ സംബന്ധിച്ച സന്ദേഹം 22 കൊല്ലത്തിനിപ്പുറവും നിലനിൽക്കുന്നുണ്ട്. ഈയിടെ പുറത്തിറങ്ങിയ നരിവേട്ട എന്ന സിനിമ പ്രമേയമാക്കിയത് ഈ സംശയമാണ്.

"ഞങ്ങളുടെ പാർട്ടി ആദിവാസികൾക്കൊപ്പമാണ്. അവർക്കെതിരെയുള്ള പൊലീസ് നായാട്ട് അടിയന്തരമായി അവസാനിപ്പിക്കണം വെടിവെപ്പിനെ കുറിച്ച്, കാണാതായ ആദിവാസികളെക്കുറിച്ച് ഉടൻ അന്വേഷിക്കണം". ദിവസങ്ങളായി തുടരുകയായിരുന്ന ആദിവാസി വേട്ടക്ക് തിരശ്ശീലയിടാൻ വി.എസിന്റെ വാക്കുകൾക്കായി.

വെടിവെപ്പുമായി ബന്ധപ്പെട്ട ഈ വസ്തുത അറിയാനാണ് വി.എസ്. അച്ചുതാനന്ദൻ വയനാട്ടിലെത്തിയത്. തിരുവനന്തപുരത്തെ ഒരു മാധ്യമസ്ഥാപനത്തിൽ നിന്ന് ലഭിച്ച ഈയൊരു സന്ദേശം മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻ്റണിയുടെ ശ്രദ്ധയിൽ പെടുത്തിയതിനു ശേഷമാണ് വി.എസ് മുത്തങ്ങയിലേക്ക് പുറപ്പെടുന്നത്. വെടിവെപ്പും അതേത്തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും അസ്വസ്ഥമാക്കിയ വയനാട്ടിലെത്തിയ വി.എസ്, മുത്തങ്ങ കാട്ടിൽ ആദിവാസികൾക്ക് വെടിയേറ്റ സ്ഥലം കാണുന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. ഇതിനായി പുറപ്പെട്ട അദ്ദേഹത്തിനൊപ്പം എം.പി. വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു.

മുത്തങ്ങയിൽ അരങ്ങേറിയ ആദിവാസി പീഡനത്തെകുറിച്ച് മനസ്സിലാക്കാൻ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും സംഘവും ജില്ലയിലെത്തിയിരുന്നു. ഒരേ ലക്ഷ്യത്തോടെ മുത്തങ്ങയിലേക്ക് പുറപ്പെട്ട ഇരു സംഘവും രണ്ടിടങ്ങളിലാണ് അവരുടെ അന്വേഷണം അവസാനിപ്പിച്ചത്.

പ്രതിപക്ഷ നേതാവിൻ്റെ വാഹനവ്യൂഹം മുത്തങ്ങ വന്യജീവി കാര്യാലയത്തിനു മുന്നിലെത്തിയപ്പോൾ ഡി.ഐ.ജി ശങ്കർ റെഡ്ഡി റോഡിനുകുറുകെനിന്ന് അദ്ദേഹത്തെ അവിടം കാണാൻ ക്ഷണിച്ചു.

ദേശീയപാത 766-ൽ,  പൊൻകുഴിക്കടുത്ത് വനത്തിൽ ആദിവാസികൾക്കുനേരെ വെടിയുതിർത്ത സ്ഥലം വി.എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ഒരു തെളിവും അവശേഷിക്കാത്തവിധം പൊലീസ്, സംഭവ സ്ഥലമാകെ അഗ്നിക്കിരയാക്കായിരുന്നു.
ദേശീയപാത 766-ൽ, പൊൻകുഴിക്കടുത്ത് വനത്തിൽ ആദിവാസികൾക്കുനേരെ വെടിയുതിർത്ത സ്ഥലം വി.എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ഒരു തെളിവും അവശേഷിക്കാത്തവിധം പൊലീസ്, സംഭവ സ്ഥലമാകെ അഗ്നിക്കിരയാക്കായിരുന്നു.

ഓഫീസിനുമുന്നിൽ പ്രക്ഷോഭകരായ ആദിവാസികളിൽനിന്ന് പിടിച്ചെടുത്ത ‘ആയുധ’ങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇതിനകം പാർട്ടി സെക്രട്ടറിയും കൂട്ടരും അവിടെ എത്തിയിരുന്നു. അവർ അവിടെ നിരത്തിയ ആയുധങ്ങൾ പരിശോധിക്കുകയും പരസ്പരം അഭിപ്രായം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ആയുധങ്ങളിൽ കത്തി, കൈക്കോട്ട് എന്നിവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇവയെല്ലാം ആദിവാസികളുടെ പണിയായുധങ്ങളാണ്. ബലമില്ലാത്ത വരവടികളും മുള കൊണ്ടുള്ള അമ്പും വില്ലുമാണ് ആയുധ പട്ടികയിലെ മറ്റിനങ്ങൾ. രാജ്യദ്രോഹവും സാമൂഹ്യ വിരുദ്ധതയും കൊടിയ അക്രമവും ആരോപിക്കപ്പെട്ട ആദിവാസികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ട് ഈ സംഘം ആശ്ചര്യപ്പെടുന്നുണ്ട്. വിദേശസഹായത്തോടെയുള്ള രാജ്യദ്രോഹ പ്രവർത്തനമെന്ന പൊലീസിൻ്റെ നറേഷനിൽ ലളിതമായ സംശയം പോലും ഉന്നയിക്കാൻ ഈ സംഘത്തിലൊരാളും തയ്യാറായില്ല. ഇതവരുടെ പണിയായുധമല്ലേ എന്ന ചോദ്യം പോലും സന്ദർശകരിൽനിന്ന് ഉയരാത്തതിൽ ഒരുപക്ഷെ പൊലീസ് പോലും ആശ്ചര്യപ്പെട്ടിട്ടുണ്ടാവും.

വാഹനം നിർത്തിയ വി.എസ് ഓഫീസിനുനേരെ ഒന്ന് നോക്കി, അൽപം പോലും വൈകാതെ ഇങ്ങനെ പറഞ്ഞു, ‘ഞാൻ വന്നത് ഇത് കാണാനല്ല, ആദിവാസികൾ വെടിയേറ്റ്, രക്തം വാർന്ന സ്ഥലത്തേക്കാണ് എനിക്ക് പോവേണ്ടത്’.
ഇത്രയും പറഞ്ഞ അദ്ദേഹം വാഹനം പുറപ്പെടാൻ നിർദ്ദേശം നൽകി.

ദേശീയപാത 766-ൽ, പൊൻകുഴിക്കടുത്ത് വനത്തിൽ ആദിവാസികൾക്കുനേരെ വെടിയുതിർത്ത സ്ഥലം അദ്ദേഹം സന്ദർശിച്ചു. ഒരു തെളിവും അവശേഷിക്കാത്തവിധം പൊലീസ്, സംഭവ സ്ഥലമാകെ അഗ്നിക്കിരയാക്കായിരുന്നു. പൊലീസ് പറഞ്ഞതൊന്നും കേൾക്കാതെ, വി.എസ് സുൽത്താൻ ബത്തേരിയിലേക്കുപോയി, അവിടെവെച്ച് മാധ്യമപ്രവർത്തകരെ കണ്ടു.

മുത്തങ്ങ സംഭവത്തിൽ പ്രതിചേർത്ത് ക്രൂരമായ മർദ്ദനത്തിനിരയായ കെ. കെ. സുരേന്ദ്രന്‍
മുത്തങ്ങ സംഭവത്തിൽ പ്രതിചേർത്ത് ക്രൂരമായ മർദ്ദനത്തിനിരയായ കെ. കെ. സുരേന്ദ്രന്‍

"ഞങ്ങളുടെ പാർട്ടി ആദിവാസികൾക്കൊപ്പമാണ്. അവർക്കെതിരെയുള്ള പൊലീസ് നായാട്ട് അടിയന്തരമായി അവസാനിപ്പിക്കണം വെടിവെപ്പിനെ കുറിച്ച്, കാണാതായ ആദിവാസികളെക്കുറിച്ച് ഉടൻ അന്വേഷിക്കണം". ദിവസങ്ങളായി തുടരുകയായിരുന്ന ആദിവാസി വേട്ടക്ക് തിരശ്ശീലയിടാൻ വി.എസിന്റെ വാക്കുകൾക്കായി.

അദ്ദേഹം പിന്നീട്, മുത്തങ്ങ സംഭവത്തിൽ പ്രതിചേർത്ത് ക്രൂരമായി മർദ്ദിച്ച് ജയിലിലാക്കിയ ഡയറ്റ് അധ്യാപകൻ കെ. കെ. സുരേന്ദ്രനെ കണ്ണൂർ ജയിലിലെത്തി കണ്ട് പിന്തുണ അറിയിച്ചു. ജയിലിലുണ്ടായിരുന്ന സി.കെ. ജാനുവിനെയും എം. ഗീതാനന്ദനെയും സന്ദർശിച്ച്, അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

പാർട്ടിയൊന്നാകെ അടുത്ത ദിവസം മുതൽ ആദിവാസി രക്ഷകരായി മാറുന്നതാണ് പിന്നീട് കാണുന്നത്. സംസ്ഥാനം യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തുകയും ഒടുവിൽ മുഖ്യമന്ത്രിയുടെ മാറ്റത്തിൽ കലാശിക്കുകയും ചെയ്തു.


Summary: Communist leader VS Achuthanandan's stand with Muthanga Adivasi struggle, Journalist MK Ramdas shares his memories.


എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments