ഗ്രൂപ്പ് മാനേജർമാർ പാലം വലിക്കുന്ന വൈപ്പിൻ

കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ നിയന്ത്രണത്തിലുള്ള ഒരു മണ്ഡലമാണ് വൈപ്പിൻ. ജനം തീരുമാനിക്കുന്നതിനുമുമ്പ് അവർ തീരുമാനിക്കും, ആര് ജയിക്കണമെന്ന്. പുതുമുഖ പയ്യനായ ദീപകിന്റെ ജയവും ഗ്രൂപ്പ് മാനേജർമാരാണോ തീരുമാനിക്കുക? വൈപ്പിൻ തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് ഏറ്റവും സാധ്യതയുള്ള തെരഞ്ഞെടുപ്പാണിത്. സാധ്യതയനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകുമോ?

Election Desk

2011ലും 2016ലും മികച്ച ഭൂരിപക്ഷം നേടി വൈപ്പിനെ എൽ.ഡി.എഫ് പക്ഷത്ത് ഉറപ്പിച്ചുനിർത്തിയ സി.പി.എം നേതാവ് എസ്. ശർമക്ക്, ഒരു തവണ കൂടി അവസരം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പാർട്ടി വ്യവസ്ഥ കടുപ്പിച്ചതോടെ കെ.എൻ. ഉണ്ണികൃഷ്ണന് വഴിമാറേണ്ടിവന്നു.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള വൈപ്പിനിൽ 2011ൽ 4958 വോട്ടിനാണ് ശർമ കോൺഗ്രസിലെ അജയ് തറയിലിനെ തോൽപ്പിച്ചത്. 2016ൽ ഭൂരിപക്ഷം 19,353 ആയി ഉയർത്തി. എന്നാൽ, പാർലമെൻറ്​, തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ എൽ.ഡി.എഫിന് കഴിയാത്തത് തിരിച്ചടിയായി.
യു.ഡി.എഫ് സ്ഥാനാർഥി ദീപക് ജോയിയുടെ പ്രതീക്ഷയും ഈയൊരു പിടിവള്ളിയിലാണ്.

കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ദീപക് ജോയ് വൈപ്പിനിലേക്കുള്ള അപ്രതീക്ഷിത എൻട്രിയായിരുന്നു. ശർമ മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ, നിരവധി കോൺഗ്രസ് നേതാക്കൾ വൈപ്പിനിലേക്കും നോക്കിയിരിപ്പായിരുന്നു. ഡൊമിനിക്ക് പ്രസ​േൻറഷൻ
, കെ.പി. ധനപാലൻ, അജയ് തറയിൽ തുടങ്ങിയവർ, ‘സീറ്റ് തന്നില്ലെങ്കിൽ കോൺഗ്രസ് ദുഃഖിക്കേണ്ടിവരും' എന്നൊക്കെ കടുത്ത പ്രഖ്യാപനങ്ങൾ നടത്തി, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസിനുവേണ്ടി വാദിച്ചവർ. ഹരിദാസിന്റെ പേര് പലപ്പോഴും ഇവിടെ പറഞ്ഞുകേൾക്കുന്നതാണ്.

കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുമെന്നുപോലും ഹരിദാസിന്റെ ഭീഷണിയുണ്ടായിരുന്നു. അനുയായികൾ പ്രകടനം നടത്തി പ്രതിഷേധിക്കുകയും ചെയ്തു. ഇതിലും വലിയ ഒരു നന്ദികേടിന്റെ കഥ, ലതിക സുഭാഷും പറഞ്ഞു. ഏറ്റുമാനൂർ കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അവർ പകരം ആവശ്യപ്പെട്ടത് വൈപ്പിനായിരുന്നു. ഭർത്താവ് കെ.ആർ. സുഭാഷിന്റെ നാടാണ് വൈപ്പിൻ, മാത്രമല്ല, സുഭാഷായിരുന്നു 2016ൽ യു.ഡി.എഫ് സ്ഥാനാർഥി. എസ്. ശർമ ഇല്ലാത്തതിനാൽ ഇത്തവണ വൈപ്പിനിൽ യു.ഡി.എഫിന് ജയസാധ്യതയുണ്ടെന്നു പറഞ്ഞ് ഡൊമിനിക് പ്രസ​േൻറഷൻ
തന്നെ വിളിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

2016 നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

2016ൽ സുഭാഷിനെ തോൽപ്പിച്ച ഗ്രൂപ്പ് മാനേജർമാർ, ലതികക്കെതിരെ പ്രവർത്തിക്കില്ല എന്നും എറണാകുളത്തെ ചില കോൺഗ്രസുകാർ പറഞ്ഞതായും ലതിക വെളിപ്പെടുത്തി.

അതായത്, കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ നിയന്ത്രണത്തിലുള്ള ഒരു മണ്ഡലമാണ് വൈപ്പിൻ. ജനം തീരുമാനിക്കുന്നതിനുമുമ്പ് അവർ തീരുമാനിക്കും, ആര് ജയിക്കണമെന്ന്. പുതുമുഖ പയ്യനായ ദീപകിന്റെ ജയവും ഗ്രൂപ്പ് മാനേജർമാരാണോ തീരുമാനിക്കുക? വൈപ്പിൻ തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് ഏറ്റവും സാധ്യതയുള്ള തെരഞ്ഞെടുപ്പാണിത്. സാധ്യതയനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകുമോ? വോട്ടെണ്ണൽ ദിവസം വരെ കാത്തിരിക്കേണ്ടിവരും, ഉത്തരത്തിന്.

ഡോ. ജോബ് ചക്കാലക്കൽ ആണ് ട്വന്റി ട്വന്റി സ്ഥാനാർഥി.

അടിസ്ഥാന വികസനത്തിൽ ഏറെ പിന്നാക്കമുള്ള മണ്ഡലം. കുടിവെള്ളത്തിനും പാലത്തിനും വേണ്ടി എറണാകുളം നഗരത്തെ വിറപ്പിച്ച സമരങ്ങൾ നടത്തിയിട്ടുണ്ട് ഇവിടുത്തെ വീട്ടമ്മമാർ. ജലക്ഷാമത്തിന് ഇപ്പോൾ ഒട്ടൊക്കെ പരിഹാരമായി. ഗോശ്രീ പാലം വന്നതോടെ ഗതാഗതപ്രശ്‌നത്തിനും പരിഹാരമായി.

കണയന്നൂർ താലൂക്കിലെ കടമക്കുടി മുളവുകാട് പഞ്ചായത്തുകളും, കൊച്ചി താലൂക്കിലെ എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം. 2008ലെ പുനർനിർണയത്തോടെയാണ് നിലവിൽ വന്നത്.
1957 മുതൽ നിലവിലുള്ള ഞാറയ്ക്കൽ മണ്ഡലം പേരുമാറ്റിയാണ് വൈപ്പിനായത്. മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്താണ് വൈപ്പിൻ രൂപീകരിച്ചത്.


Comments