വണ്ടൂർ: വിജയത്തുടർച്ചക്കെതിരെ ഒരു ആന്റി ക്ലൈമാക്‌സിന് ശ്രമം

Election Desk

1977 മുതലുള്ള ചരിത്രമെടുത്താൽ യു.ഡി.എഫിന് കണ്ണും പൂട്ടി മത്സരിക്കാവുന്ന മണ്ഡലമാണ് മലപ്പുറം ജില്ലയിലെ വണ്ടൂർ. 1996ൽ മാത്രമാണ് ഇടതുപക്ഷത്തിന് ജയമുണ്ടായിട്ടുള്ളൂ. സിറ്റിങ് എം.എൽ.എ പന്തളം സുധാകരനെ സി.പി.എമ്മിന്റെ എൻ. കണ്ണൻ അട്ടിമറിച്ചു. 2001 മുതൽ 2016 വരെയുള്ള നാലു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ എ.പി. അനിൽകുമാറാണ് എം.എൽ.എ. 2016ൽ സി.പി.എമ്മിലെ കെ. നിശാന്തിനെ 23,864 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനിൽകുമാർ തോൽപ്പിച്ചത്. 2011ൽ സി.പി.എമ്മിന്റെ വി. രമേശനെതിരെ അനിൽകുമാറിന്റെ ഭൂരിപക്ഷം 28,919 വോട്ടായിരുന്നു. ഇത്തവണയും അനിൽകുമാറിന്റെ വിജയത്തുടർച്ചക്ക് സാധ്യതയാണേറെയും.

എന്നാൽ, സി.പി.എം ഇത്തവണ ഒരു ആന്റി ക്ലൈമാക്‌സിന് ശ്രമിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് ടിക്കറ്റിൽ ജയിച്ച് 2015ൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റായ പി. മിഥുനയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു 22 കാരിയായ വിദ്യാർഥിനി മിഥുന. പഞ്ചായത്തിലെ 22 ൽ 12 സീറ്റ് യു.ഡി.എഫിനും പത്ത് സീറ്റ് എൽ.ഡി.എഫിനുമായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം. മുസ്‌ലിം ലീഗ് ടിക്കറ്റിൽ കോഴിപ്പുറം വാർഡിൽനിന്നാണ് മിഥുന ജയിച്ചത്. അവർ പിന്നീട് ഇടതുപക്ഷവുമായി അടുക്കാൻ തുടങ്ങി. ഇടതു സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്തും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ ഹാളിന് ഇ.എം.എസിന്റെ പേര് നൽകിയും വനിത മതിലിൽ പങ്കെടുത്തുമൊക്കെ അവർ ലീഗിന്റെ കണ്ണിലെ കരടായി. സി.പി.എമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെ പഞ്ചായത്ത് ഭരണസമിതിയിൽ ഇരുമുന്നണികൾക്കും 11 വീതം അംഗങ്ങളായി. കാസ്റ്റിങ് വോട്ടിലൂടെയാണ് മിഥുന പലപ്പോഴും ഇടതുപക്ഷത്തിന് പിന്തുണ നൽകിപ്പോന്നത്.

2016- നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016- നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

നിയമസഭ തെരഞ്ഞെടുപ്പിൽ പുതുമുഖമെന്ന പ്രതിച്ഛായയും മിഥുനയുടെ പ്രാദേശിക സ്വാധീനവും കൊണ്ട് ഒരു അട്ടിമറി സാധ്യമാണോ എന്ന പരീക്ഷണമാണ് സി.പി.എം നടത്തുന്നത്.

ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. കരുവാരക്കുണ്ടും മമ്പാടും ഒഴികെ ആറ് പഞ്ചായത്തുകളും യുഡിഎഫ് ആണ് ഭരിക്കുന്നത്.

1977ൽ കോൺഗ്രസിലെ വെള്ള ഈച്ചരനാണ് ജയിച്ചത്. 1980ൽ എം.എ. കുട്ടപ്പൻ. 1982 മുതൽ 1991 വരെ മൂന്നുവർഷം കോൺഗ്രസിലെ പന്തളം സുധാകരൻ. 1996ൽ സി.പി.എമ്മിലെ എൻ. കണ്ണൻ. 2001 മുതൽ 2016 വരെ എ.പി. അനിൽകുമാർ.


Comments