ആട്ടിയോടിക്കപ്പെട്ട വോട്ടർമാരുടെ ഒരു സമ്മേളനം നടത്തണമെന്ന് ആരെങ്കിലും വിചാരിച്ചാൽ അതിന് പറ്റിയ ഒരു മൈതാനം ബംഗാളിൽ തൽക്കാലം ഇല്ല. എത്രയാണ് വെട്ടിമാറ്റിയത് എന്നൊരു കൃത്യം കണക്കെടുക്കാൻ ഇലക്ഷൻ കമ്മീഷന്റെ website-ൽ നിന്ന് ഇതെഴുതും വരെ കഴിയുന്നില്ല. പല ശ്രമങ്ങളും Captcha-യിൽ തട്ടിവീഴുകയാണ്. എന്നാൽ പ്രതിപക്ഷ നേതാവ് ബിജെപിയുടെ സുവേന്ദു അധികാരി ഇന്നലെ പറഞ്ഞത് 79 ലക്ഷം ആളുകളെ വെട്ടിക്കളഞ്ഞു എന്നാണ്.
ഏതാണ്ട് 27 കൊല്ലമായി കൊൽക്കത്തയാണ് പ്രധാന കർമ്മസ്ഥലി. ഹൗറയിൽ വണ്ടിയിറങ്ങുമ്പോൾ ഇടതുപക്ഷത്തിന്റെ തുടർഭരണ കാലം. ഇടത് കോട്ടകളിൽ വോട്ട് ചെയ്യാൻ മറ്റ് പാർട്ടികൾ ഞെരുങ്ങി അമരുന്നത് അന്ന് കണ്ടിട്ടുണ്ട്. ഒരിക്കൽ മഹാശ്വേതാദേവിയോടൊപ്പം നന്ദിഗ്രാമിൽ പോയി താമസിക്കുന്ന കാലം. പൊലീസ് വെടിവെയ്പിൽ പതിനാല് കർഷകർ കൊല്ലപ്പെട്ടു കഴിഞ്ഞ് നന്ദിഗ്രാം CPM-നെതിരെ സമരം ചെയ്ത് പൊരുതുന്നു. ഇന്നത്തെ ബിജെപി നേതാവ് സുവേന്ദു അധികാരി അന്ന് തൃണമൂലിന്റെ ശക്തനായ നേതാവാണ്. നന്ദിഗ്രാം വെടിവയ്പ് നടന്ന ഒരു ചെറിയ കനാലിന് അപ്പുറവും ഇപ്പുറവുമായി ജനങ്ങൾ നെടുകേ പിളർന്നിരുന്നു.
വിഷ്വലുകൾ തേടി നടന്ന് നടന്ന് ഞാൻ ഒറ്റയ്ക്ക് ആ പാലത്തിനരികിലെത്തി. വെടിവെയ്പിന്റെ ഭയപ്പാടുകൾ മാറിയ കുട്ടികൾ ആ കനാൽക്കരയിൽ കളിക്കുന്നത് ഷൂട്ട് ചെയ്തുകൊണ്ടിരുന്നു. ആരോ ഒച്ചയുണ്ടാക്കി എന്നെ വിളിച്ചു. ഞാൻ ക്യാമറ ഓഫ് ചെയ്തില്ല. പ്രസാദാത്മകരായി കളിച്ചുകൊണ്ടിരുന്ന ആ കുട്ടികളുടെ മുഖത്തേക്ക് തന്നെ ക്യാമറ ഫോക്കസ് ചെയ്തു. ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്ന ലോക്കൽ നേതാവ് എന്നോട് ഷൂട്ടിംഗ് നിർത്തുവാൻ ആജ്ഞാപിച്ചു. അപ്പോഴേക്കും ആ കുട്ടികളുടെ മുഖങ്ങളിൽ ഭയത്തിന്റെ നിഴലടിച്ച് കേറിയിരുന്നു. അവർ ഭാവമാറ്റത്തോടെ ചിതറിപ്പിരിഞ്ഞ് പോയി. ഞാൻ കേരളത്തിൽ നിന്നുള്ള ആളാണെന്നും അച്യുതാനന്ദന്റെ അനുയായി ആണെന്നും പറഞ്ഞ് അന്ന് രക്ഷപ്പെട്ടെങ്കിലും, പിറ്റേന്ന് മഹാശ്വേതാദേവിയോടൊപ്പം അവർ എന്നെ കണ്ടു. ആദ്യം പുരികം ചുരികയാക്കി. പിന്നെ അയഞ്ഞു.

2011 മുതൽ മമതാ ബാനർജിയുടെ ഒറ്റയാൾ ചാവേർപ്പട ബംഗാൾ പിടിച്ചടക്കുന്നു. പതിനഞ്ച് വർഷമായി ഭരണം തൃണമൂൽ കോൺഗ്രസ്സിന്റെ കയ്യിൽ. സിപിഎം-ന് ഇപ്പോൾ മരുന്നിനെടുക്കാൻ പോലും ഒരു എം.എൽ.എ ഇല്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് ബംഗാൾ കയ്യടക്കാനായി ബി.ജെ.പി സകലമാന അടവുകളും പയറ്റി. അപ്പോൾ ഒരു കഷണം വറുത്ത മീൻ കാണിച്ച് ദീദി ബംഗാളിയോട് ചോദിച്ചു - ‘വറുത്തത് വേണോ അതോ വരത്തൻ വേണോ?’. ഹൗറയിലെ ബിജെപി സ്ഥാനാർത്ഥി 2026-ലെ ഈ തെരഞ്ഞെടുപ്പിലും വലിയ ഒരു മീൻ കൊണ്ട് നടന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതാണ് മമതാ ബാനർജിയുടെ അമ്ലശേഷി.
എന്നാൽ അടിസ്ഥാനങ്ങളെത്തന്നെ കുളംതോണ്ടിക്കൊണ്ടാണ് ബിജെപിയുടെ 2026-ലെ കളി. ഏതാണ്ട് 65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂൽ കഴിഞ്ഞവട്ടം അധികാരത്തിൽ വന്നതെങ്കിൽ, അതിന്റെ ഇരട്ടിയോളം വരുന്ന സമ്മതിദായകരെ ഇപ്രാവശ്യം വെട്ടിക്കളഞ്ഞിരിക്കുന്നു. Special Intensive Revision (SIR) എന്ന ഈ പ്രക്രിയയുടെ ദൂരവ്യാപക സൂചനകളെ, ഒരു സൂചിമുനപോലെ ബംഗാളിന്റെ ഹൃദയത്തിലേക്കും ചിന്തകളിലേക്കും തുളച്ച് കയറ്റി എന്നതാണ് മമതാ ബാനർജിയുടെ ആദ്യവിജയം. ഭരണ വിരുദ്ധ വികാരം മദ്ധ്യവർഗത്തിനുള്ളിൽ തീർച്ചയായും മുഴങ്ങുമ്പോഴും, നിലനില്പിന്റെ പ്രാഥമിക ബോധത്തിലേക്ക് മൂർച്ചപ്പെടുത്താൻ കഴിയുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. തന്റെ സർക്കാർ, സ്ത്രീകൾക്കായി നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ പ്രചാരണ വേളയിലെ മുഖ്യ ഇനമാണ്. 52 സ്ത്രീകൾ, 95 പട്ടികജാതി പട്ടിക വർഗക്കാർ, 47 ന്യൂനപക്ഷ സമുദായക്കാർ എന്നിങ്ങനെയാണ് മൊത്തം 291 തൃണമൂൽ സ്ഥാനാർത്ഥി പട്ടികയുടെ ഉൾപ്പിരിവുകൾ - പട്ടിക കൊണ്ട് പ്രകടന പത്രിക തീർക്കുന്ന വിസ്മയം.
ബിജെപിയുടെ സുവേന്ദു അധികാരി വളരെ കൃത്യമായ അക്കങ്ങൾ നിരത്തിയാണ് വിജയചിഹ്നത്തോടെ മീഡിയയിൽ അർമാദിക്കുന്നത്. SIR എന്ന ഇലക്ഷൻ കമ്മീഷന്റെ സ്വഛ്ഭാരത് മിഷൻ, അഥവാ വോട്ടർ പട്ടിക ശുദ്ധികലശത്തിന്റെ സുപ്രിം കോടതിയിൽ കേട്ട വാദ-പ്രതിവാദങ്ങളിൽ നിന്ന് രണ്ടെണ്ണം ഇവിടെ പറയാം. അസംബന്ധത്തിന്റെ അന്തരാളങ്ങൾ അറിയാൻ മാത്രം. 2002-ൽ നടന്ന SIR പ്രക്രിയയിൽ ബംഗാളി ഭാഷയിൽ എഴുതപ്പെട്ടിരുന്ന വോട്ടർമാരുടെ പേരുകൾ, 2026-ൽ Artificial Intelligence വഴി പ്രോസസ്സ് ചെയ്യുന്നു. വെറും Spelling തർക്കത്തിൽ ചുവന്ന ലൈറ്റ്. ന്യൂനപക്ഷങ്ങൾ പടലയോടെ പറിച്ചെറിയപ്പെട്ടു. പോരാതെ Roy, Ray, Chatterjee, Banerjee, Mitra, Dutta, Dasbhaumik.... എല്ലാം ഒറ്റയടിക്ക് ഔട്ട്. ഏതാണ്ട് 65 ലക്ഷം പേരുടെ സമ്മതിദാനാവകാശത്തിന് മേൽ ഉച്ചാരണത്തിന്റെ ഉടവാൾ വീഴുന്ന കാര്യം എത്രയോ ലാഘവത്തോടെയാണ് കോടതി കേട്ടിരുന്നത്! വോട്ടർ പട്ടികയിലുള്ള ഈ കശാപ്പിൽ ചില പരാതികൾ ഉയർന്നിരുന്നുവെന്ന് അമാന്തത്തോടെ സമ്മതിക്കുമ്പോഴും, ‘ഈ പരാതികളൊന്നും തന്നെ സാധാരണ വോട്ടർമാരിൽ നിന്നുള്ളതല്ല, ഇവ വരുന്നത് രാഷ്ട്രീയ വോട്ടർമാരിൽ നിന്നുമാണ്’ എന്നാണ് ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷന്റെ മുതിർന്ന വക്കീൽ വാദിച്ചത്!

ഇമ്മാതിരി വെട്ടിയൊടുക്കലുകളിൽ കൂടിയെങ്കിലും തൃണമൂലിനെ വേരോടെ പറിച്ചെറിയാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹചിന്തയാണ് സിപിഎമ്മിനുള്ളത് എന്ന് പാർട്ടി അനുഭാവികൾ പോലും വായിച്ചെടുക്കുന്നുണ്ട്. പതിനഞ്ച് കൊല്ലം മുൻപ് ബിജെപിയുടെ ചുമരെഴുത്തിന്റെ ഉപകരാർ പിടിച്ച് ഫണ്ട് സമാഹരിച്ച പാർട്ടിക്ക് ഇക്കൊല്ലം ചുമരെഴുതാൻ പോലും ആളില്ലാത്ത ഒരു ദയനീയ അവസ്ഥയുണ്ട്.
ഒരു ഫോക്ലോർ വൃത്തത്തിൽ നന്ദിഗ്രാമിലേക്ക് തന്നെ പോകാം. മുപ്പത്തിനാല് വർഷത്തെ ഭരണത്തുടർച്ചയുടെ കണ്ണികൾ പൊട്ടിയതിന് പിന്നിൽ നന്ദിഗ്രാമിന്റെ കഥയുണ്ട്. മമത കഴിഞ്ഞവട്ടം രണ്ട് സീറ്റിൽ മത്സരിച്ചപ്പോൾ, നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് തോൽക്കുകയാണുണ്ടായത്. ഇക്കൊല്ലം മമതയുടെ തട്ടകമായ ഭവാനിപ്പൂരിലാണ് സുവേന്ദുവിന്റെ രണ്ടാം സീറ്റ്. നാല്പത്തി ഏഴായിരത്തിലധികം സമ്മതിദായകരെയാണ് മമതയുടെ നിയോജകമണ്ഡലത്തിൽ നിന്ന് മാത്രം SIR-ലൂടെ വെട്ടിമാറ്റിയിരിക്കുന്നത്.
നന്ദിഗ്രാം കനാൽക്കരയിൽ ഭാവപ്പകർച്ച നടന്നത്, നിഷ്‌ക്കളങ്കതയിൽ നിന്നും ഭയപ്പാടിലേക്കായിരുന്നു. എന്നാൽ ബംഗാളിയുടെ മനസ്സിനകത്ത് ഒരു സന്ദിഗ്ദ്ധത നിഴലാടുന്നു എന്നാണ് ഞാൻ കരുതുന്നത്. 2011-ൽ മമതാ ബാനർജിയെ ഇടത് മനസ്സുകൾ ഏറ്റെടുത്തത് വഴിതെറ്റിപ്പോയ സിപിഎമ്മിനെ ഒരു പാഠം പഠിപ്പിക്കാൻ ആയിരുന്നുവെങ്കിലും, പാർട്ടി ഒഴിഞ്ഞ് പോയ ആ ഗ്യാപിലേക്ക് കുതിച്ചെത്തിയത് ബിജെപി ആണെന്നുള്ള യാഥാർഥ്യത്തെ ഏറ്റെടുക്കാൻ മടിക്കുന്ന ഒരു തരം സന്ദേഹിയുടെ ആത്മസംവാദം.

പോളിംഗ് ബൂത്തിലെത്തുമ്പോൾ, തമ്മിൽ ഭേദം തൊമ്മൻ എന്ന ന്യായേന, അവർ മമതക്കു വേണ്ടി വോട്ട് ചെയ്തു. 2026-ലെ പോളിംഗ് ബൂത്തിന്റെ രാവണൻ കോട്ടകൾ Virtual Reality യുടേതാണ്. SIR പ്രക്രിയയിൽപ്പോലും Paper Trail ഒഴിവാക്കിയ, Machine readable വോട്ടർലിസ്റ്റ് തരാത്ത ആ നിഴലാട്ടവും, ബംഗാളിയുടെ ആന്തരിക സംഘർഷങ്ങളും പോളിംഗ് ബൂത്തിൽ മുഖാമുഖം നില്പാണ്. ഇത് പിടിച്ചെടുക്കാൻ സിനിമയുടെ മറുഭാഷയ്ക്കു മാത്രമേ കഴിയൂ. ബംഗാൾ, ഇന്നൊരു ബാബേൽ ഗോപുരം ആണ്.
