ഒഹായോ ക്ലാസ് ബാലിസ്റ്റിക് അന്തർവാഹിനി യു.എസ്.എസ് നെബ്രാസ്കയിൽ നിന്ന് തൊടുത്ത Trident II D5 മിസ്സെെൽ / Photo: Ronald Gutridge/U.S. Navy

ആണവായുധങ്ങളില്ലാത്ത ഒരു കാലം സൃഷ്​ടിക്കപ്പെടുമോ?

ആണവായുധ നിരോധന ഉടമ്പടി ഒരു അന്താരാഷ്ട്ര​ നിയമവ്യവസ്ഥയായി പ്രാബല്യത്തിൽ വന്നതോടെ ആണവായുധ വിപുലീകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം കൈവന്നിട്ടുണ്ട്.

ണവായുധ നിരോധന ഉടമ്പടി (Treaty on the Prohibition of Nuclear Weapons-TPNW) പ്രാബല്യത്തിൽ വന്നതോടെ, ആണവായുധങ്ങളില്ലാത്ത ലോകം എന്ന ശുഭാപ്ത സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമോ? കാലങ്ങൾക്ക് മുൻപ്, 1945ൽ ഹിരോഷിമയും നാഗസാക്കിയും അണുബോംബാക്രമണത്തിൽ തരിപ്പണമായതു തൊട്ട് ലോകം ചോദിച്ചു കൊണ്ടിരിക്കുന്ന, ദുഷ്‌കരമായ, എന്നാൽ നിരന്തര വെല്ലുവിളി ഉയർത്തുന്ന ഒരു ചോദ്യമാണിത്.

ശീതയുദ്ധം അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞും നൂക്ലിയർ ഹോളോകാസ്റ്റിന്റെ ഭൂതം ലോകമൊട്ടൊക്കെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളെ വേട്ടയാടുന്നുണ്ട്. ലോകത്തെ പ്രബലരായ ആണവശക്തികൾ (NWS), ആണവായുധങ്ങളുടെ പ്രയോഗം ഇരുപക്ഷത്തുള്ള രാജ്യങ്ങളുടേയും സമ്പൂർണനാശത്തിൽ കലാശിക്കുമെന്ന (mutually assured destruction) പരസ്പരധാരണയിൽ തട്ടിക്കിടക്കുമ്പോൾ, ആണവായുധം നിർമിക്കാനാവശ്യമായ വിഭവങ്ങളും സാങ്കേതികതയും ഉള്ള, എന്നാൽ ആണവശക്തിയല്ലാത്ത ഇറാൻ പോലുള്ള രാജ്യങ്ങൾ ഉൾപ്പടെയുള്ള ഏഷ്യയിലെ ആണവശക്തികൾ limited nuclear deterrence(ആണവായുധങ്ങൾ മുൻനിർത്തി ഭീഷണിയിലൂന്നിയ പ്രതിരോധം) എന്ന ആശയത്തോടാണ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ എതിരാളികളുമായി കാലാകാലങ്ങളായുള്ള അസ്വാരസ്യങ്ങൾ കണക്കിലെടുത്ത്, പ്രാദേശിക അധികാര സമവാക്യങ്ങളെ സ്വാധീനിക്കാനും പുനക്രമീകരിക്കാനും ശേഷിയുള്ള അധികാരത്തിന്റെ നാണയത്തുട്ടുകളായാണ് ആണവായുധങ്ങളെ നോക്കിക്കാണുന്നത്. ആണവശക്തികളുടെ ക്ലബിലെ പ്രബലർക്കു മേൽ ആണവശേഖരം പരിമിതപ്പെടുത്താനുള്ള സമ്മർദം വർധിച്ചു കൊണ്ടിരിക്കേയാണിത്. TPNW ഒരു അന്താരാഷ്ട്ര നിയമവ്യവസ്ഥയായി പ്രാബല്യത്തിൽ വന്നതോടെ ആണവായുധ സംഭരണത്തെ കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം കൈവന്നിട്ടുണ്ട്.

ആറ്റം ബോംബ് ആക്രമണത്തിൽ തകർന്ന നാഗസാക്കി / Photo: Wikimedia Commons

ജപ്പാനിലെ രണ്ടു നഗരങ്ങളിൽ നടത്തിയ അണുബോബം ആക്രമണത്തോടെ, കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യ-പസഫിക് പ്രദേശത്തരങ്ങേറിയ മഹാദുരന്തത്തിൽ നിന്നാണ് അണുവായുധങ്ങളുടെ കാലഘട്ടം ആരംഭിക്കുന്നത്. ജപ്പാനിൽ നടന്ന കൂട്ടക്കൊലയുടെ രണ്ടു ഘട്ടങ്ങളിലും, എത്രത്തോളം അപകടകരവും, വിനാശകരവും, നിർദ്ദയവുമാണ് ഈ ആയുധങ്ങളെന്ന് വ്യക്തമായതാണ്. ഒരു ആണവദുരന്തത്തിന്റെ ഭീഷണി എന്നത്തേയും പോലെ രൂക്ഷമായി നിലനിൽക്കുകയും, ഭൂമിയിൽ നിന്നുള്ള അവയുടെ സമ്പൂർണ നിർമാർജനമെന്ന ലക്ഷ്യം എന്നത്തേക്കാളും വിദൂരമായി കിടക്കുകയും ചെയ്യുന്നു എന്നതാണ് എഴുപത്തിയാറു വർഷങ്ങൾക്കപ്പുറത്തെ ദൗർഭാഗ്യകരമായ സ്ഥിതിവിശേഷം. NWS രാജ്യങ്ങളിടപെട്ട്, ആണവായുധ നിയന്ത്രണങ്ങൾക്കായി മുന്നോട്ടു വെച്ച ഉടമ്പടികളും ധാരണകളും കാലാകാലങ്ങളിൽ നിഷ്ഫലവും, അർത്ഥശൂന്യവുമാക്കിത്തീർത്തു. ഈ ദിശയിലുള്ള കൂടിയാലോചനകൾക്കായുള്ള ശ്രമങ്ങളൊന്നുമില്ലാതെ, സമ്പൂർണ നിരോധനത്തിനായുള്ള ആഗോള പ്രതിബദ്ധത ഒരു പ്രശ്‌നമായി തന്നെ നിലനിൽക്കും.

പെരുകുന്ന ആണവായുധ ശേഖരങ്ങൾ

വിരോധാഭാസം എന്ന് തോന്നാമെങ്കിലും, കിഴക്കനേഷ്യ, കൊറിയൻ പെനിൻസുല, ചൈനയുടെ കിഴക്കൻ, തെക്കൻ തീരപ്രദേശങ്ങൾ, ഹിമായലയാസിന് കുറുകെയുള്ള ദക്ഷിണ, പശ്ചിമേഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആണവശക്തികളുടെ സാന്നിധ്യം ഏഷ്യൻ വൻകരയെ മൊത്തമായി ഒരിക്കൽ കൂടി ആഗോള ആണവ ഭീഷണിയിൽ നിർത്തുകയാണ്. നിലവിൽ വൻകരയിലെ എല്ലാ രാജ്യങ്ങളും തങ്ങളുടെ ന്യൂക്ലിയർ പ്രൊഫൈൽ റീകാലിബ്രേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല, horizontal proliferation-ൽ (ഇനിയും ആണവശക്തികളല്ലാത്ത രാജ്യങ്ങളുടെ ആണവായുധ ശേഖരത്തിന്റെ വിപുലീകരണം സൂചിപ്പിക്കുന്നത്) ഏഷ്യൻ ഭൂഖണ്ഡത്തിന് വലിയ പങ്കുണ്ട്. സ്റ്റോക്‌ഹോം ഇന്റർനാഷനൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രകാരം(SIPRI), യു.എസ്, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഇസ്രയേൽ, ഉത്തരകൊറിയ തുടങ്ങിയ NWS രാജ്യങ്ങളുടെ ആയുധശേഖരത്തിൽ മാത്രം 2021-ന്റെ തുടക്കത്തിൽ 13,080 ആണവായുധങ്ങളാണുണ്ടായിരുന്നത്. ലോകത്തെ ആണവായുധങ്ങളുടെ 90 ശതമാനം റഷ്യയും (6255), യു.എസും (5550) കെെയ്യാളുമ്പോൾ, ചൈനയുടെ പക്കൽ 350 ആണവായുധങ്ങളാണുള്ളത്. തൊട്ടുപിന്നിൽ ഫ്രാൻസ് (290), യു.കെ (225), പാകിസ്ഥാൻ(165), ഇന്ത്യ (156), ഉത്തര കൊറിയ (40-50) എന്നീ രാജ്യങ്ങളും.

യു.എസും റഷ്യയും ഉപയോഗ ശൂന്യമായ യുദ്ധക്കോപ്പുകൾ ഉപേക്ഷിക്കുന്നതാണ് ആഗോള ആണവ ശേഖരത്തിൽ നമ്മളിന്ന് കാണുന്ന ഇടിവിനാധാരം. അതേസമയം, പ്രവർത്തനക്ഷമമായ ആയുധശേഖരത്തിന്റെ കണക്കെടുക്കുമ്പോൾ, സംഖ്യകൾ കുതിച്ചു കൊണ്ടിരിക്കുകയാണ്.

പ്രത്യക്ഷത്തിൽ ആണവായുധങ്ങളുടെ മൊത്തശേഖരത്തിൽ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ SIPRI-യുടെ കണക്കുകൾ പ്രകാരം പ്രസ്തുത ഇടിവിന്റെ തോത് വർഷാവർഷം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. യു.എസും റഷ്യയും ഉപയോഗ ശൂന്യമായ യുദ്ധക്കോപ്പുകൾ ഉപേക്ഷിക്കുന്നതാണ് ആഗോള ആണവ ശേഖരത്തിൽ നമ്മളിന്ന് കാണുന്ന ഇടിവിനാധാരം. അതേസമയം, പ്രവർത്തനക്ഷമമായ ആയുധശേഖരത്തിന്റെ കണക്കെടുക്കുമ്പോൾ, സംഖ്യകൾ കുതിച്ചു കൊണ്ടിരിക്കുകയാണ്. ഫ്രാൻസിനും ഇസ്രയേലിനും പൊതുവേ സുസ്ഥിരമായ ആണവശേഖരം ഉണ്ടെന്നിരിക്കെ, റഷ്യ, ചൈന ഇന്ത്യ, ഉത്തര കൊറിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ആണവ സംഭരണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ആണവശക്തികൾ തങ്ങളുടെ ആണവായുധങ്ങൾ ആധുനികവത്കരിക്കാനുള്ള ശ്രമത്തിലുമാണ്.

നിരോധനത്തിലേക്കുള്ള ചുവടുവെപ്പുകൾ

ആണവായുധ നിരോധനത്തിന് നിയമപരമായ മാനം നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട് കാലങ്ങളായി. എന്നാൽ ആണവായുധങ്ങളുടെ പ്രയോഗം കൊണ്ടുള്ള മാനുഷിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ തിരിച്ചറിവോടെയാണ് ഈ ശ്രമങ്ങൾക്ക് പ്രസക്തി കൈവന്നത്. ആണവായുധങ്ങളുടെ മാനുഷിക പ്രത്യാഘാതങ്ങളെ സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ നിരവധി കോൺഫറൻസുകളും ചർച്ചകളും നടന്നു. International Campaign to Abolish Nuclear Weapons (ICAN) ന്റെ നേതൃത്വത്തിൽ, നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര എൻ.ജി.ഒകളും പങ്കെടുത്ത ഈ ചർച്ചകൾ ആണവായുധ നിരോധനമെന്ന ആവശ്യവും അതിലേക്കായുള്ള അടിയന്തര നടപടികളും മുന്നോട്ടു വെച്ചു. മുൻപ് 2010-ൽ ആണവ നിർവ്യാപന കരാറിൽ ഒപ്പു വെച്ച രാജ്യങ്ങളുടെ NPT റിവ്യു കോൺഫറൻസിലും ഇതിനെ പിന്തുണക്കുന്ന വാദങ്ങൾ ഉന്നയിക്കപ്പെട്ടു. തത്ഫലം ആണവായുധങ്ങളുടെ പൂർണ നിർമാർജനത്തിലേക്ക് നയിക്കുന്ന, നിയമത്തിന്റെ പിൻബലമുള്ള ഒരുപാധിക്കായി 2017ൽ യു.എൻ ജനറൽ അസംബ്‌ളിയിൽ ഒരു റെസല്യൂഷൻ (71/258) പാസ്സാക്കുന്നതു വരെ കാര്യങ്ങളെത്തി. ന്യൂയോർക്കിൽ വെച്ചു നടന്ന പ്രസ്തുത കോൺഫറൻസാണ് അണുവായുധ നിരോധന ഉടമ്പടിയിലേക്ക് നയിച്ചത്.

1980-ൽ ഓക്‌സ്ഫഡിൽ നടന്ന ആണവായുധ വിരുദ്ധ പ്രക്ഷോഭം / Photo: Wikimedia Commons

അണുവായുധവുമായി ബന്ധപ്പെട്ട എല്ലാതരം ഇടപാടുകളിലും പദ്ധതികളിലും ഭാഗഭാക്കാവുന്നത് തടയുന്ന ബൃഹത്തായ നിയന്ത്രണങ്ങളും നിരോധനങ്ങളുമാണ് ഉടമ്പടി വിഭാവനം ചെയ്തത്. ഉടമ്പടിയിലെ നിബന്ധനകൾ ""വികസനം, പരീക്ഷണം, ഉത്പാദനം, കെയ്യടക്കൽ, ശേഖരം, ഉപയോഗം അല്ലെങ്കിൽ പ്രയോഗിക്കുമെന്ന ഭീഷണി'' എന്നിവയിൽ നിന്ന് രാജ്യങ്ങളെ തടയുന്നു. രാജ്യപരിധിക്കകത്തുള്ള അണുവായുധങ്ങളുടെ പ്രയോഗത്തിൽ നിന്നും, നിരോധിത പ്രവർത്തനങ്ങൾക്ക് മറ്റു രാജ്യങ്ങളെ സഹായിക്കുന്നതിൽ നിന്നും ഈ ഉടമ്പടി രാജ്യങ്ങളെ തടഞ്ഞു. അണുവായുധങ്ങളുടെ പ്രയോഗത്താലോ പരീക്ഷണത്താലോ ബാധിക്കപ്പെട്ട വ്യക്തികൾക്ക് മതിയായ സഹായം നൽകാനും, ഇതു മൂലം സ്വന്തം രാജ്യപരിധിക്കകത്ത് സംഭവിച്ച പരിസ്ഥിനാശത്തിനും മലിനീകരണത്തിനും പരിഹാരം കാണാനും TPNW ഒപ്പു വെച്ച രാജ്യങ്ങളെ നിഷ്‌കർഷിക്കുന്നു.

122 രാജ്യങ്ങൾ അനുകൂലമായും ഒരു രാജ്യം എതിർത്തും വോട്ടു ചെയ്താണ് 2017 ജൂലൈ ഏഴിന് യു.എന്നിൽ TPNW -വിന് അംഗീകാരം ലഭിച്ചത്. TPNW-ന്റെ അനുച്ഛേദം 15 (1) 2021 ജനുവരി 22ന് ഉടമ്പടി പ്രാബല്യത്തിൽ വന്നു.

എതിർപ്പ്

നിലവിൽ 86 രാജ്യങ്ങൾ ഭാഗമായ TPNW-യെ, ആണവശക്തികളും, നാറ്റോ രാജ്യങ്ങളും പൂർണമായി അവഗണിക്കുകയാണ്. ഉടമ്പടിക്കെതിരെയുള്ള NWS-ന്റെ അഭിപ്രായൈക്യം ഒരു ഭീതിതമായ ഓർമപ്പെടുത്തലാണ്. ഉദാഹരണത്തിന്, 2018 ഒക്ടോബറിലെ യു.എൻ. ജനറൽ അസംബ്ലിയുടെ 73-ാമത് സെഷന്റെ ആദ്യ കമ്മിറ്റിയിൽ നടത്തിയ റഷ്യ, ചൈന, യു.കെ, യു.എസ്, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങൾ TPNW-വിൽ ഒപ്പു വെക്കില്ലെന്ന് അറിയിച്ചു. പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു:""ഞങ്ങൾ ഈ ഉടമ്പടിയെ പിന്തുണക്കുകയോ, അതിൽ ഒപ്പുവെക്കുകയോ, അതിനെ അംഗീകരിക്കുകയോ ചെയ്യില്ല. ഞങ്ങളുടെ രാജ്യങ്ങൾക്ക് TPNW ബാധകമായിരിക്കില്ല, മാത്രമല്ല ഇത് അന്താരാഷ്ട്ര നിയമത്തിന്റെ പുരോഗതിയെ സഹായിക്കുമെന്ന വാദങ്ങളും ഞങ്ങൾ അംഗീകരിക്കുന്നില്ല. ഇത് പുതിയ വ്യവസ്ഥകളോ മാനദണ്ഡങ്ങളോ മുന്നോട്ടു വെക്കുന്നുമില്ല. അന്താരാഷ്ട്ര സമാധാന, സുരക്ഷാ വ്യവസ്ഥിതിയിൽ ഈ ഉടമ്പടി ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാൻ TPNW-യെ പിന്തുണക്കാൻ പദ്ധതിയിടുന്ന എല്ലാ രാജ്യങ്ങളോടും ഞങ്ങൾ ആവശ്യപ്പെടുന്നു.''

TPNW ചർച്ചകളിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഇന്ത്യ, തങ്ങൾ ഉടമ്പടയുടെ ഭാഗമാവില്ലെന്നും, പ്രസ്തുത ഉടമ്പടിയിൽ നിന്നുരുത്തിരിയുന്ന ഉത്തരവാദിത്തങ്ങൾ അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും തുടർച്ചയായി വ്യക്തമാക്കിയതാണ്

TPNW ആണവ നിരായുധീകരണത്തെ സഹായിക്കില്ലെന്നും, ആണവ നിർവ്യാപന കരാറിനെ ഇത് ദുർബലമാക്കുമെന്നും, ഇതിലെ അംഗങ്ങൾക്കിടയിൽ വർധിച്ചു കൊണ്ടിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇത് ആക്കം കൂട്ടുമെന്നുമായിരുന്നു മോസ്‌കോയുടെ വാദം. 2018 മുതൽ യു.എൻ. അംഗീകരിച്ച റെസല്യൂഷനെ ചൈനയും എതിർത്തു. 2017-ൽ ന്യൂയോർക്കിൽ നടന്ന ചർച്ചകളിൽ നിന്ന് നിരവധി രാജ്യങ്ങളെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ച യു.എസ്, ""തങ്ങൾ ഉടമ്പടിയിൽ ഒപ്പു വെക്കുകയോ, അംഗീകരിക്കുകയോ, അതിൽ ഭാഗഭാക്കാവുകയോ ചെയ്യില്ലെന്ന്'' വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് തങ്ങളുടെ ആണവ ത്രയത്തെ ആധുനികവത്കരിക്കുകയും ചെയ്യുന്നുണ്ട്. ആയുധശേഖരത്തിന്റെ മോഡിഫിക്കേഷൻ, പുതുക്കൽ, ഉപയോഗ ദൈർഘ്യം വർധിപ്പിൽ തുടങ്ങിയ പ്രക്രിയകൾക്കും യു.എസ് ഭീമമായ തുകയാണ് ചെലവഴിക്കുന്നത്.

ഹിരോഷിമ മേയർ കസുമി മറ്റ്സുയി / Photo: Wikimedia Commons

ദക്ഷിണേഷ്യൻ രാജ്യങ്ങിൽ പ്രധാനികളായ ഇന്ത്യയും പാകിസ്ഥാനും ഏതാണ്ടിതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. TPNW ചർച്ചകളിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഇന്ത്യ, തങ്ങൾ ഉടമ്പടയുടെ ഭാഗമാവില്ലെന്നും, പ്രസ്തുത ഉടമ്പടിയിൽ നിന്നുരുത്തിരിയുന്ന ഉത്തരവാദിത്തങ്ങൾ അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും തുടർച്ചയായി വ്യക്തമാക്കിയതാണ്. ഉടമ്പടി അന്താരാഷ്ട്ര നിയമത്തിന്റെ പുരോഗതിയെ സഹായിക്കില്ലെന്നും, ഇത് പുതിയ വ്യവസ്ഥകളോ മാനദണ്ഡങ്ങളോ മുന്നോട്ടു വെക്കുന്നുമില്ലെന്നും ന്യൂഡൽഹി വാദിക്കുന്നു. എല്ലാ ഇടപാടുകാരുടേയും ന്യായാനുസൃതമായ താൽപര്യങ്ങൾ കാര്യത്തിലെടുക്കുന്നതിൽ പരാജയപ്പെട്ട ചർച്ചകളിൽ, തങ്ങളടക്കം ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ ഒന്നും തന്നെ പങ്കെടുത്തില്ലെന്ന് പാകിസ്ഥാൻ പറയുന്നു. ""എല്ലാ രാജ്യങ്ങളുടേയും സുരക്ഷയ്ക്കുള്ള അവകാശത്തെ കാര്യത്തിലെടുക്കണം. മാത്രമല്ല, നിരായുധീകരണ പ്രക്രിയയുടെ ഓരോ ഘട്ടത്തിന്റേയും ലക്ഷ്യം ഏറ്റവും ചുരുങ്ങിയ യുദ്ധസാമഗ്രികളും, സൈനിക ശക്തിയും കൈവശം വെച്ചു കൊണ്ടുള്ള അക്ഷതമായ സുരക്ഷയായിരിക്കണം.'' പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

""ഭീഷണിയുടെ ചക്രവർത്തി വിവസ്ത്രനായിരിക്കാം, പക്ഷെ അപ്പോഴും അയാൾ ചക്രവർത്തിയാണ്.''

അണുവായുധ പ്രയോഗം ദുരന്തം വിതച്ച ഏക രാജ്യമായ ജപ്പാനും ഉടമ്പടിയിൽ ഒപ്പു വെക്കാൻ തയ്യാറായില്ല. ഈ വർഷം, ഹിരോഷിമയിൽ യു.എസ് നടത്തിയ അണുബോംബ് ആക്രമണത്തിന്റെ 76-ാമത് വാർഷികം കുറിക്കുന്ന പീസ് മെമോറിയൽ ചടങ്ങിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി യോഷിഹിദെ സുഗ ജപ്പാൻ ഉടമ്പടിയുടെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയത്. ജപ്പാന് ചുറ്റും ഉരുത്തിരിയുന്ന ഗുരുതരമായ സുരക്ഷാ ചുറ്റുപാടുകളെയും അദ്ദേഹം പരാമർശിച്ചു. ആണവ നിരോധന ഉടമ്പടിയെ രാജ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ആണവശക്തി മുൻനിർത്തിയുള്ള ഭീഷണിയിൽ നിന്നു മാറി, പരസ്പര വിശ്വാസം നിർമിക്കാൻ സഹായിക്കുന്ന ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്ന് ഹിരോഷിമ മേയർ കാസുമി മാറ്റ്‌സുയി ലോകനേതാക്കളെ ഓർമിപ്പിക്കുന്നുണ്ട്. ആണവായുധ നിരോധന ഉടമ്പടിയിൽ അടിയന്തരമായി ഒപ്പു വെക്കാനും അതിനെ അംഗീകരിക്കാനും ജാപ്പനീസ് സർക്കാറിനോട് മറ്റ്‌സുയി ആവശ്യപ്പടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം, ഹിരോഷിമ ദിനത്തിന്റെ 75-ാമത് വാർഷികത്തിലും ഉടമ്പടിയിൽ ഒപ്പു വെക്കാത്ത ജാപ്പനീസ് സർക്കാറിന്റെ ഇരട്ടത്താപ്പിനെ ഗവർണർ വിമർശിച്ചിരുന്നു. മാറ്റ്‌സുയി പറയുന്നു:
""നിരോധനത്തിന്റെ പാത സുഗമമായിരിക്കില്ല, എന്നാൽ ഹിബാകുഷകളുടെ (അണുബോംബ് അക്രമണ ബാധിതരായ ജനങ്ങൾ) പോരാട്ടം യുവതലമുറ ഏറ്റെടുക്കുന്നുണ്ടെന്നത് പ്രതീക്ഷയാണ്.'' ആണവ രാജ്യങ്ങൾക്കിടയിലും അല്ലാത്ത രാജ്യങ്ങൾക്കിടയിലും "ഫലപ്രദമായ ഇടപെടൽ' നടത്താൻ ജപ്പാൻ പ്രസ്തുത ഉടമ്പടിയിൽ ഒപ്പു വെക്കണമെന്നും അതിനെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഭീഷണിയിലൂന്നിയ പ്രതിരോധവും അതിജീവനവും

The Evolution of Nuclear Strategy (1989)-യിൽ ലോറൻസ് ഫ്രീഡ്മാൻ പറയുന്നു, ""ഭീഷണിയുടെ ചക്രവർത്തി വിവസ്ത്രനായിരിക്കാം, പക്ഷെ അപ്പോഴും അയാൾ ചക്രവർത്തിയാണ്.'' ഡേവിഡ് ബറഷ് കൂട്ടിച്ചേർക്കുന്നു; ""നഗ്നനായിരുന്നിട്ടും, ഈ ചക്രവർത്തി അയാൾക്ക് അവകാശപ്പെട്ടതല്ലെങ്കിൽക്കൂടി ലഭിക്കുന്ന കീഴടങ്ങലുകളെ കുറിച്ച് വാചാലനാവുന്നു. അതിനായി ലോകത്തെ തന്നെ അപകടാവസ്ഥയിൽ നിർത്തുന്നു. ആണവ ഭീഷണയിലൂന്നിയ പ്രതിരോധമെന്നത് മാരകസ്വഭാവമുള്ള ആശയസംഹിതയായി വളർന്നിരിക്കുന്നു, തുടർച്ചയായി നിരാകരിക്കപ്പെട്ടിട്ടും സ്വാധീനം ചെലുത്തുന്ന ഒന്ന്.'' 1955-ൽ, ഹൗസ് ഓഫ് കോമൺസിലെ വിൻസ്റ്റൺ ചർച്ചിൽ തന്റെ അവസാനകാലത്തെ സുപ്രധാന പ്രസംഗത്തിൽ ആണവകൂട്ടക്കൊലയുടെ ഭീഷണിയെ പറ്റി പറയുന്നുണ്ട്. എന്നാലന്ന് പ്രതീക്ഷയുടെ കുറിപ്പോടു കൂടിയാണദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്; ""ഉദാത്തമായ വിരോധാഭാസത്തിന്റെ കളിയെന്നോണം നമ്മളീ കഥയിൽ ഒരു പ്രത്യേക ഘട്ടത്തിലാണെത്തിനിൽക്കുന്നത്. അവിടെ സുരക്ഷയെന്നത് ഭീതിയുടെ പരുക്കനായ കുട്ടിയും, അതിജീവനം ഉന്മൂലനത്തിന്റെ ഇരട്ടസഹോദരനുമാണ്.''

ആഗോളതാപനവും ആണവയുദ്ധങ്ങൾക്കുള്ള സാധ്യയും മനുഷ്യരെ അപകടത്തിലാക്കുകയാണെന്നും, അതിൽ ആണവയുദ്ധങ്ങളായിരിക്കും മനുഷ്യകുലത്തിന് കൂടുതൽ ഭീഷണിയായിത്തീരുകയെന്നും ഹോക്കിങ്ങ് എഴുതി.

2018-ൽ തന്റെ മരണത്തിന് തൊട്ടു മുമ്പ് സ്റ്റീഫൻ ഹോക്കിങ്ങ് നൽകിയ മുന്നറിയിപ്പ് നോക്കുക: ""മനുഷ്യർ ഭൂമിവിട്ടു പോവുക, അതല്ലെങ്കിൽ ആണവയുദ്ധത്താലോ കാലാവസ്ഥാ വ്യതിയാനത്താലോ ഉന്മൂലനം ചെയ്യപ്പെടാൻ തയ്യാറായിരിക്കുക.'' ആഗോളതാപനവും ആണവയുദ്ധങ്ങൾക്കുള്ള സാധ്യയും മനുഷ്യരെ അപകടത്തിലാക്കുകയാണെന്നും, അതിൽ ആണവയുദ്ധങ്ങളായിരിക്കും മനുഷ്യകുലത്തിന് കൂടുതൽ ഭീഷണിയായിത്തീരുകയെന്നും ഹോക്കിങ്ങ് എഴുതി.

ആണവയുദ്ധങ്ങൾ ഭൂമിയെ നശിപ്പിക്കാനുള്ള സാധ്യതകളെ കുറിച്ച് നടത്തിയ അനേകം പഠനങ്ങളാണ് സംഭവ്യമായ ഭാവിയെക്കുറിച്ചുള്ള ഇത്തരം ഭീതിതമായ ആശങ്കകൾക്കാധാരം. ആണവയുദ്ധത്തെ തുടർന്നുണ്ടായേക്കാവുന്ന "ന്യൂക്ലിയാർ വിന്ററുകളെ' പറ്റി ശാസ്ത്രജ്ഞർ നമുക്ക് മുന്നറിയിപ്പു നൽകുന്നു. എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം, ഉത്തര കൊറിയയിൽ നിന്ന് ഇറാൻ വരേക്കും, ഇസ്രയേലിൽ നിന്ന് ഇന്ത്യ, പാകിസ്ഥാൻ വരേക്കും ആണവായുധ ഭീഷണി വർധിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ്.

1955ൽ തന്നെ, പ്രശസ്തമായ റസ്സൽ- ഐൻസ്റ്റൈൻ മാനിഫെസ്റ്റോ അണുവായുധങ്ങളുടെ വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെർട്രാൻഡ് റസ്സലും ആൽബർട്ട് ഐൻസ്റ്റൈനും "കഠിനവും ഭയാനകവും അപരിഹാര്യവുമായ ആണവ യുഗത്തിന്റെ പ്രശ്‌നം' എന്ന് വിശേഷിപ്പിച്ച കാര്യങ്ങളാണ് ഈ പ്രസ്താവനയിൽ ചർച്ചക്കു വെക്കുന്നത്. ""നമ്മൾ മനുഷ്യകുലത്തിന് അന്ത്യം കുറിക്കണോ; അതോ മനുഷ്യവർഗം യുദ്ധങ്ങളെ തള്ളിപ്പറയണോ?'' ആണവശേഖ വിപുലീകരണത്തിന്റെ തോത് പരിശോധിക്കുമ്പോൾ, ഭൂമുഖത്തു നിന്ന് ആണവായുധങ്ങൾ തുടച്ചു നീക്കുകയെന്ന സ്വപ്‌നം സമാധാനകാംശികളായ മനുഷ്യർക്ക് അടുത്തെങ്ങും ഉപേക്ഷിക്കുക തരമില്ല. അണുവായുധങ്ങളുടെ പ്രയോഗം, അറിഞ്ഞോ, അറിയാതെയോ നടന്നേക്കുമെന്ന ഭീഷണി എന്നത്തേക്കാളും ഗുരുതരവും സത്വരവുമാണിന്ന്. ഭൂമിയിലെ ജീവന് അണ്വായുധങ്ങൾ മുന്നോട്ടു വെക്കുന്ന അസ്തിത്വപരമായ ഭീഷണി ആഗോള താപനം, മഹാമാരി, എന്നിവയോളം വലുതോ ഇതിനെക്കാളൊക്കെ അടിയന്തരവുമാണ്. ▮


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments