പ്രകൃതിയും മനുഷ്യനും, എംഗൽസിന്റെ രാഷ്ട്രീയ ഇടപെടലുകളും

ലോകം വലിയ പാരിസ്ഥിതിക ഭീഷണികൾ നേരിടുന്ന ഒരു കാലത്ത് ഫ്രെഡറിക്ക് എംഗൽസിനെ ഓർക്കേണ്ടത് അനിവാര്യതയാണ്. ഏംഗൽസിൻെറ ചരമദിനത്തിൽ കെ.ടി.കുഞ്ഞിക്കണ്ണൻ എഴുതുന്നു…

എംഗൽസിന്റെ ചരമദിനം കടന്നു പോകുന്നത് മനുഷ്യരാശി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയജനകമായ പാരിസ്ഥിതിക ഭീഷണിയിലൂടെയും അപരമത വംശവിരോധത്തിന്റെതായ നവഫാസിസ്റ്റ് ഭീഷണിയിലൂടെയും കടന്നു പോകുന്ന ഘട്ടത്തിലാണ്. കാലാവാസ്ഥാ വ്യതിയാനവും വംശീയ വർഗ്ഗീയ കലാപങ്ങളും ഭൂഖണ്ഡങ്ങളിലാകെ മനുഷ്യർക്ക് കൂട്ടമരണങ്ങളും ദുരന്തങ്ങളും വിധിക്കുകയാണ്. പ്രകൃതിയും മനുഷ്യനും എത്തപ്പെട്ട അപകടകരമായ ഈ ചരിത്രസന്ധിക്ക് ഉത്തരവാദി മൂലധനത്തിന്റെ എല്ലാറ്റിനും മേൽ ആധിപത്യമുറപ്പിക്കാനുള്ള അധിനിവേശ താൽപര്യമാണ്. പ്രകൃതിയുടെയും സമൂഹത്തിന്റെയും വികാസ നിയമങ്ങൾ കണ്ടെത്തി മാർക്സിസത്തിൻ്റ ജ്ഞാനസിദ്ധാന്തപരമായ മണ്ഡലത്തെ വിപുലപ്പെടുത്തിയ ധിഷണാശാലിയാണ് എംഗൽസ്. അതായത് പ്രകൃതി ശാസ്ത്രപരവും സാമൂഹ്യ ശാസ്ത്രപരവുമായ ജ്ഞാന സിദ്ധാന്തമെന്ന നിലയിൽ മാർക്സിസത്തെ വികസിപ്പിച്ച ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്.

‘പ്രകൃതിയുടെ വൈരുധ്യാത്മകത’, ‘ആൻറി ഡ്യൂറിങ്ങ്, കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം’, ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി’ തുടങ്ങിയ കൃതികൾ വളരെ പ്രധാനമാണ്. പ്രകൃതിയുടെയും സമൂഹത്തിന്റെയും ചലനനിയമങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും അതിന്റെ സാമാന്യ നിയമങ്ങളെ താത്വികമായി ക്രോഡീകരിക്കുകയും ചെയ്യുന്നതിൽ മാർക്സിന് തന്നെ വഴികാട്ടിയായിരുന്നു എംഗൽസ്. മാർക്സിന്റെ പഠനാന്വേഷണങ്ങളും പുനർവിചിന്തനങ്ങളും എംഗൽസുമായുള്ള ആശയവിനിമയവുമായി ചേർന്നു വികസിച്ചിട്ടുള്ളതാണെന്ന് കാണാം. ബൂർഷ്വാ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള എംഗൽസിന്റെ പഠനലേഖനങ്ങൾ വായിച്ചാണ് മാർക്സ് അർത്ഥശാസ്ത്ര പഠനങ്ങളിലേക്ക് എത്തിച്ചേരുന്നത്.

ഫ്രഡറിക് ഏംഗല്‍സ്
ഫ്രഡറിക് ഏംഗല്‍സ്

1844-ലാണ് മാർക്സ് സാമ്പത്തികശാസ്ത്ര ദാർശനിക കുറിപ്പുകൾ തയ്യാറാക്കുന്നത്. പിൽക്കാലത്ത് മൂലധനമെന്ന ബൃഹത്തായ കൃതിയുടെ രചനയിലേക്ക് മാർക്സിനെ എത്തിച്ചതും എംഗൽസുമായുള്ള നിരന്തരമായ കൂടിയാലോചനയാണെന്ന് കാണാം. കാലാവസ്ഥാ ദുരന്തങ്ങളുടേതായ വർത്തമാനത്തിൽ നിന്നും എംഗൽസിനെ ഓർക്കുമ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ അനിവാര്യമായും ഉണ്ടാവേണ്ട കരുതലിന്റെയും സൂക്ഷ്മതയുടെയും സമീപനങ്ങളിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളെക്കുറിച്ചുള്ള പര്യാലോചനകളിലേക്കാണ് നാമെത്തുക. ദുരമൂത്ത ലാഭ താല്പര്യങ്ങളാൽ ചോദിതമാകുന്ന മുതലാളിത്ത വികസനത്തിന്റെ ഫലമാണ് പ്രകൃതി ദുരന്തങ്ങൾ.

മനുഷ്യർ കൂടി ഉൾപ്പെട്ടതാണ് പ്രകൃതിയെന്ന ഉത്തരവാദിത്വപൂർവ്വമായ സമീപനങ്ങൾ മറന്ന ചൂഷണത്തിന്റെയും ലാഭ പ്രചോദിതവുമായ ഉല്പാദന വ്യവസ്ഥയാണ് മുതലാളിത്തം. പ്രകൃതിയുടെ വൈരുധ്യാത്മകത എന്ന കൃതിയിലൂടെ എംഗൽസ് മുതലാളിത്തം എങ്ങിനെയാണ് മനുഷ്യന്റെയെന്ന പോലെ പ്രകൃതിയുടെയും ശത്രുവാകുന്നതെന്ന് അപഗ്രഥനാത്മകമായ പഠന നിരീക്ഷണങ്ങളിലൂടെ നിർധാരണം ചെയ്യുന്നുണ്ട്. കടുത്ത കാലാവസ്ഥാ ദുരന്തങ്ങളെല്ലാം മുതലാളിത്ത ഉല്പാദന വ്യവസ്ഥ മുൻപിൻ ആലോചനയില്ലാതെ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെയും അതുണ്ടാക്കുന്ന ആഗോള താപനത്തിന്റെയും സൃഷ്ടിയാണ്.

ഭൂമി ദുർബ്ബലമാവുന്നതും ആഗോളതാപനം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കുന്നതും സമുദ്ര വെള്ളം തിളപ്പിച്ച് നീരാവിയാക്കുന്നതുമൊക്കെയായ മഴമേഘങ്ങളുടെ രൂപീകരണവും അത് മൂലമുണ്ടാകുന്ന പേമാരിയും പ്രളയവുമെല്ലാമാണ് മുണ്ടക്കൈയും ചൂരൽമലയും സൃഷ്ടിക്കുന്നത്. അതോടൊപ്പം ഇത്തരം പ്രദേശങ്ങളുടെ ഭൂമി ശാസ്ത്രപരമായ ദുർബ്ബലതയ്ക്ക് കാരണമായ പരിസ്ഥിതിയിൽ ആഘാതം സൃഷ്ടിച്ച വികസന ഇടപെടലുകളും.

കാള്‍ മാക്സ്
കാള്‍ മാക്സ്

എംഗൽസിന്റെ സ്മരണയിലൂടെ ലോകം കടന്നു പോകുമ്പോൾ മിത്തും വിശ്വാസവും ദൈവവുമെല്ലാം ഉപയോഗിച്ച് വളരുന്ന നവഫാസിസത്തിന്റെ ഭീഷണിയെക്കുറിച്ചുള്ള ആലോചനകളും കടന്നു വരുന്നു. മാർക്സിസത്തെ മാത്രമല്ല, മനുഷ്യരാശിയുടെ വളർച്ചയുടെ ചരിത്രം സംഭാവന ചെയ്ത എല്ലാ ദർശനങ്ങളെയും ഭയപ്പെടുന്നവരും വിജ്ഞാന വിരോധികളുമാണ് ഫാസിസ്റ്റുകൾ. മനുഷ്യരാശിയുടെ ശത്രുക്കളായ അവർ വിശ്വപ്രഞ്ചമാകെ മിഥ്യയാണെന്നും അമാനുഷമായ കഴിവുകളുള്ള ശക്തന്മാരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും അവരാണ് ലോകത്തെ നയിക്കേണ്ടതെന്നും കരുതുന്നവരാണ്. ദൈവം അതിനായി ശ്രേഷ്ഠ വംശങ്ങളെയും വ്യക്തികളെയും സൃഷ്ടിച്ചിട്ടുണ്ടെന്നുമാണ് അവരുടെയൊക്കെ സിദ്ധാന്തം.

അവരുടെ ദർശനം ആശയവാദത്തിലധിഷ്ഠിതമായ ശുദ്ധ പ്രയോജനവാദമോ അജ്ഞേയവാദമോ ആയിരിക്കാം. എല്ലാ തത്വചിന്തയുടെയും മൗലികമായ പ്രശ്നം ചിന്തയും അസ്തിത്വവും തമ്മിള്ള ബന്ധം എന്തെന്നുള്ളതാണ്. അസ്തിത്വത്തെ അപേക്ഷിച്ച് ചിന്തയ്ക്കും ആശയത്തിനുമുള്ള സ്ഥാനം എന്തെന്നുള്ളതാണ്. അതായത് ഏതാണ് പ്രഥമമെന്നതാണ്. ആത്മാവോ ഭൗതിക പ്രപഞ്ചമോയെന്നതാണ്. ഇത്തരം തത്വചിന്താപരമായ സംവാദങ്ങളിലൂടെയാണ് ജ്ഞാന സിദ്ധാന്തം വളർന്നതും വികസിച്ചതും. ഈയൊരു സംവാദങ്ങളിൽ ഇടപ്പെട്ട് അറിവിന്റെ സാമൂഹ്യശാസ്ത്രം വികസിപ്പിച്ചുവെന്നതാണ് മാർക്സിന്റെയും എംഗൽസിന്റെയും സവിശേഷമായ സംഭാവന തന്നെ.

ഏംഗല്‍സ് എഴുതിയ പുസ്തകം
ഏംഗല്‍സ് എഴുതിയ പുസ്തകം

മാർക്സിസത്തിന്റെ ജ്ഞാനസിദ്ധാന്തപരമായ മണ്ഡലത്തെ വിപുലപ്പെടുത്തുന്നതിൽ ബൃഹത്തായ ഇടപെടലുകളാണ് എംഗൽസ് നടത്തിയിട്ടുള്ളത്. പ്രകൃതിശാസ്ത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും ഒരു ജ്ഞാനസിദ്ധാന്തമെന്ന നിലയിൽ മാർക്സിസത്തെ വികസിപ്പിക്കുന്നതും നിർധാരണം ചെയ്യുന്നതുമായ രചനകൾ എംഗൽസ് നടത്തി. ‘പ്രകൃതിയുടെ വൈരുധ്യാത്മകത’, ‘ആൻറി ഡ്യൂറിങ്ങ്’, ‘കുടുംബം സ്വകാര്യസ്വത്ത്’ ഭരണകൂടം തുടങ്ങിയ രചനകളും ‘ജർമ്മൻ തത്വശാസ്ത്രത്തിന്റെ അന്ത്യം’ എന്ന കൃതിയും ഇതിൽ പ്രധാനമാണ്. പ്രകൃതിയുടെയും സമൂഹത്തിന്റെയും ചലനനിയമങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും അതിന്റെ സാമാന്യ നിയമങ്ങളെ താത്വികമായി ക്രോഡീകരിക്കുകയും ചെയ്യുന്നതിൽ എംഗൽസ് മാർക്സിന് വഴികാട്ടിയായിരുന്നു.

മാർക്സിന്റെ പഠനാന്വേഷണങ്ങളും പുനർവിചിന്തനങ്ങളും എംഗൽസുമായുള്ള ആശയ വിനിമയവുമാണ് മൂലധനമെന്ന കൃതിയുടെ രചനയിലേക്ക് തന്നെ എത്തിച്ചത്. മാർക്സിസത്തിന്റെ പ്രത്യയശാസ്ത്ര സമഗ്രതയാർന്ന രചനയാണല്ലോ മൂലധനം. എംഗൽസിൻ്റെ ‘അർത്ഥശാസ്ത്ര വിമർശനത്തിനൊരു രൂപരേഖ’ എന്ന ലേഖനം വായിച്ചതോടെയാണ് മാർക്സ് സാമ്പത്തിശാസ്ത്ര പഠനത്തിലേക്ക് തിരിയുന്നത് തന്നെ. എല്ലാ തരത്തിലുമുള്ള പ്രമാണമാത്ര വാദങ്ങളും നിരാകരിക്കുന്ന ദർശനമെന്ന നിലയിൽ മാർക്സിസത്തെ സ്ഥാപിച്ചെടുക്കുന്നതിൽ നിർണായകമായ ഇടപെടലുകളാണ് എംഗൽസ് നടത്തിയിട്ടുള്ളത്. മാർക്സിസത്തിൻ്റെ ശാസ്ത്രീയ അടിത്തറയെ വികസിപ്പിക്കുന്ന ജ്ഞാനസിദ്ധാന്തപരമായ ഇടപെടലുകളാണത്.

Comments