ഇനി ബംഗാളിൽ
മമതയുടെ പ്രതിപക്ഷം

മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ​കേന്ദ്ര സർക്കാറിനോടും ബി.ജെ.പിയോടും നടത്തിയ പോരാട്ടങ്ങൾ മമത എന്ന പ്രതിപക്ഷത്തിന് അതേ ഊർജ്ജത്തോടെ തുടരാനാകുമോ എന്ന ചോദ്യമുണ്ട്.

News Desk

ബി.ജെ.പി ഭരണത്തിലേറുന്ന ബംഗാളിൽ മമത ബാനർജി എന്ന പ്രതിപക്ഷത്തിന്റെ റോൾ എന്തായിരിക്കും? അവർക്ക് രാഷ്ട്രീയമായ തിരിച്ചുവരവ് എത്രത്തോളം സാധ്യമാണ്? നിയമസഭാ തെരഞ്ഞെടുപ്പുഫലം ഉയർത്തുന്ന പ്രധാന ചോദ്യം ഇതാണ്.

ഇടതുപക്ഷഭരണത്തിനെതിരെ തെരുവിലിറങ്ങുകയും സമരം നയിക്കുകയും ഒടുവിൽ ഇടതുഭരണത്തെ തന്നെ കടപുഴക്കുകയും ചെയ്ത പ്രതിപക്ഷമായി മാറിയ മമതയ്ക്ക് എൻ.ഡി.എയുടെ പ്രതിപക്ഷമെന്ന നിലയിലുള്ള നിലനിൽപ്പ് അത്ര സുഗമമായിരിക്കില്ല.

294-ൽ വെറും 81 സീറ്റു മാത്രം നേടിയ തൃണമൂൽ കോൺഗ്രസ്, ശക്തമായ പ്രതിപക്ഷമായി മാറാൻ നന്നായി ക്ലേശിക്കേണ്ടിവരും. ഭവാനിപ്പൂരിൽ സുവേന്ദു അധികാരിയോട് തോറ്റ മമതയ്ക്ക് പ്രതിപക്ഷനേതാവ് എന്ന പദവിയും നഷ്ടമാകുകയാണ്. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ​കേന്ദ്ര സർക്കാറിനോടും ബി.ജെ.പിയോടും നടത്തിയ പോരാട്ടങ്ങൾ മമത എന്ന പ്രതിപക്ഷത്തിന് അതേ ഊർജ്ജത്തോടെ തുടരാനാകുമോ എന്ന ചോദ്യമുണ്ട്. മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഒറ്റയാൾ പ്രതിപക്ഷമെന്ന നിലയ്ക്കാണ് അവർ ബി.ജെ.പിയെ നേരിട്ടിരുന്നത്. മാത്രമല്ല, മമത ബാനർജി ഏറ്റവും അടിത്തട്ടിലെ അണികളെ വരെ ചേർത്തുനിർത്തി വലിയ പ്രക്ഷോഭങ്ങൾ രൂപപ്പെടുത്താൻ ശേഷിയുള്ള നേതൃത്വമാണ്. രണ്ടര ദശകത്തോളം ഇടതുമുന്നണിയോട് അവർ അങ്ങനെയാണ് പൊരുതിനിന്നത്.

എന്നാൽ ഇനി ബി.ജെ.പി ഭരണകൂടത്തിനെതിരെ അത്തരം സമരങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ മമതയ്ക്ക് കഴിയുമോ എന്നത് വലിയ ചോദ്യമാണ്. കാരണം, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. 15 വർഷത്തെ തുടർഭരണത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സംഘടനാസംവിധാനം ഏറെ ദുർബലമാകുകയും പലയിടത്തും ജനവിരുദ്ധമാകുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണമേഖലയിൽ മമത ഒറ്റയ്ക്ക് നേടിയെടുത്ത ജനകീയ പ്രതിച്ഛായ നഗരമേഖലകളിൽ ചോർത്തിക്കളഞ്ഞത്, സ്വന്തം പാർട്ടിയിലെ കാഡർമാർ തന്നെയാണ്.

മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ​കേന്ദ്ര സർക്കാറിനോടും ബി.ജെ.പിയോടും നടത്തിയ പോരാട്ടങ്ങൾ മമത എന്ന പ്രതിപക്ഷത്തിന് അതേ ഊർജ്ജത്തോടെ തുടരാനാകുമോ എന്ന ചോദ്യമുണ്ട്.
മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ​കേന്ദ്ര സർക്കാറിനോടും ബി.ജെ.പിയോടും നടത്തിയ പോരാട്ടങ്ങൾ മമത എന്ന പ്രതിപക്ഷത്തിന് അതേ ഊർജ്ജത്തോടെ തുടരാനാകുമോ എന്ന ചോദ്യമുണ്ട്.

മാത്രമല്ല, ഭരണത്തിന്റെ തുടക്കത്തിൽ സി.പി.എമ്മിനെതിരെ കടുത്ത ആക്രമണമഴിച്ചുവിട്ട്, പ്രതിപക്ഷത്തെ പൂർണമായും ഇല്ലാതാക്കാനായിരുന്നു മമതയുടെ ശ്രമം. പ്രതിപക്ഷത്തോടുള്ള ഈ അസഹിഷ്ണുതക്കിടയിലൂടെയാണ് പടിപടിയായി സംസ്ഥാനത്ത് ബി.ജെ.പി വളർന്നുവന്നത്. അതുകൊണ്ടുതന്നെ അധികാരമില്ലാത്ത പ്രതിപക്ഷത്തിന്റെ റോളിലേക്ക് മമതയ്ക്ക് എത്രമാത്രം ഉയരാനാകുമെന്നത് കൗതുകം നിറഞ്ഞ രാഷ്ട്രീയ ചോദ്യം കൂടിയാണ്.

വിവിധ ജനവിഭാഗങ്ങളിലേക്ക് സമർഥമായി നുഴഞ്ഞുകയറിയും ബംഗാളിന്റെ 'സ്വന്തം പാർട്ടി’യായി മാറിയുമാണ് ഇത്തവണ ബി.ജെ.പി വിജയത്തിലെത്തിയത്. ഇലക്ഷൻ റിസൾട്ടിലെ സൂചനകൾ തൃണമൂൽ ​കോൺഗ്രസിനുണ്ടായ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്.

തീവ്ര വോട്ടർപട്ടിക പുനഃപരിശോധന സൃഷ്ടിച്ച ആശങ്കകൾക്കിടയിലും മുസ്‌ലിം വോട്ടുകളിലുണ്ടായ ഭിന്നിപ്പ് തൃണമൂലിന്റെ തോൽവിക്കിടയാക്കിയ പ്രധാന ഘടകമാണ്. അതോടൊപ്പം, ഹിന്ദു വോട്ടുകളിലുണ്ടായ ഏകീകരണം ബി.ജെ.പിയ്ക്ക് തുണയാകുകയും ചെയ്തു.

ന്യൂനപക്ഷത്തിന് സ്വാധീനമുള്ള 142 സീറ്റുകളിൽ ബി.ജെ.പി 72 സീറ്റ് നേടി മമതയെ ഞെട്ടിച്ചു. തൃണമൂൽ- 64, കോൺഗ്രസ്- 2, സി.പി.എം- 1 വീതം സീറ്റുകളാണ് കിട്ടിയത്. ബംഗാളിന്റെ ചരിത്രത്തിലാദ്യമായി ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടിതമായി ഒരു പാർട്ടിക്കുമാത്രമായി വോട്ട് ചെയ്യാത്ത ഇലക്ഷനായിരുന്നു ഇതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിന് കിട്ടിയിരുന്ന മുസ്‌ലിം വോട്ടുകൾ ഇത്തവണ കോൺഗ്രസ്, സി.പി.എം, ഐ.എസ്.എഫ്, എ.ജെ.യു.പി എന്നീ പാർട്ടികൾക്കൊപ്പം ബി.ജെ.പിയിലേക്കുകൂടി വിഭജിച്ചുപോയി. മുസ്‌ലിം വോട്ടുകൾ സി.പി.എം, കോൺഗ്രസ് എന്നീ പാർട്ടികളും ഹുമയൂൺ കബീറിന്റെ ആദം ജനത ഉന്നായൻ പാർട്ടിയും (AJUP) പങ്കിട്ടെടുത്തു.

മുർഷിദാബാദ്, മാൽഡ, നോർത്ത് ദിനാജ്പുർ, സൗത്ത് 24 പർഗാനാസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളാണ് മുസ്‌ലിം സ്വാധീനമേഖല. 2021-ൽ ഇവിടുത്തെ 43 സീറ്റിൽ എട്ടിടത്തുമാത്രമാണ് ബി.ജെ.പി ജയിച്ചത്. ഇത്തവണ 19 സീറ്റായി ഉയർന്നു. തൃണമൂൽ 2021-ൽ 35 സീറ്റിൽ ജയിച്ചിടത്ത് ഇത്തവണ 22 ആയി കുറഞ്ഞു. കോൺഗ്രസും എ.ജെ.യു.പിയും രണ്ടുവീതം സീറ്റം സി.പി.എം ഒരു സീറ്റും നേടി.

70 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള മുർഷിദാബാദ് ജില്ലയിലെ 22 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ രണ്ടു സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ എട്ടായി ഉയർത്തി. 2021-ൽ 20 സീറ്റിൽ ജയിച്ച തൃണമൂലിന് ഇത്തവണ ഒമ്പത് സീറ്റു മാത്രം.

39 ലക്ഷം മുസ്‌ലിംകളുള്ള (ജനസംഖ്യയുടെ 51.3%) മാൽഡയിലെ 12 സീറ്റിൽ ആറും ബി.ജെ.പിക്കാണ്. ഇവിടെ 2.39 ലക്ഷം വോട്ടർമാരാണ് എസ്.ഐ.ആറിലൂടെ പുറത്താക്കപ്പെട്ടത്.

ഭരണത്തിന്റെ തുടക്കത്തിൽ സി.പി.എമ്മിനെതിരെ കടുത്ത ആക്രമണമഴിച്ചുവിട്ട്, പ്രതിപക്ഷത്തെ പൂർണമായും ഇല്ലാതാക്കാനായിരുന്നു മമതയുടെ ശ്രമം. പ്രതിപക്ഷത്തോടുള്ള ഈ അസഹിഷ്ണുതക്കിടയിലൂടെയാണ് പടിപടിയായി സംസ്ഥാനത്ത് ബി.ജെ.പി വളർന്നുവന്നത്.
ഭരണത്തിന്റെ തുടക്കത്തിൽ സി.പി.എമ്മിനെതിരെ കടുത്ത ആക്രമണമഴിച്ചുവിട്ട്, പ്രതിപക്ഷത്തെ പൂർണമായും ഇല്ലാതാക്കാനായിരുന്നു മമതയുടെ ശ്രമം. പ്രതിപക്ഷത്തോടുള്ള ഈ അസഹിഷ്ണുതക്കിടയിലൂടെയാണ് പടിപടിയായി സംസ്ഥാനത്ത് ബി.ജെ.പി വളർന്നുവന്നത്.

49.9% മുസ്‌ലിംകളുള്ള ഉത്തർ ദിനജ്ജ്പൂരിൽ ഒമ്പതിൽ നാല് സീറ്റും ബി.ജെ.പി സ്വന്തമാക്കി. അഞ്ചെണ്ണം തൃണമൂലിനാണ്. കഴിഞ്ഞ തവണ തൃണമൂലിന് ഏഴു സീറ്റുണ്ടായിരുന്നു. ഇവിടെ 1.76 ലക്ഷം പേരെയാണ് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയത്.

കൂടാതെ, മുസ്‌ലിംകൾക്ക് നിർണായകസ്വാധീനമുള്ള സൗത്ത് 24 പർഗാനാസ്, ബിർഭും മേഖലകളിലും ബി.ജെ.പി കാര്യമായ മുന്നേറ്റം നടത്തി. ഈ ജില്ലകളിൽനിന്ന് 4.55 ലക്ഷം വോട്ടർമാരെയാണ് എസ്.ഐ.ആറിലൂടെ ഒഴിവാക്കിയത്. ഒരു മണ്ഡലത്തിൽനിന്ന് ശരാശരി 20,668 വോട്ടർമാർ ഇങ്ങനെ ഇല്ലാതായി.

ഒ.ബി.സി വിഭാഗമായ രാജ്ബംശികള്‍ക്ക് സ്വാധീനമുള്ള കുച്ച്ബിഹാറില്‍ ആകെയുള്ള ഒമ്പത് സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്. നേപ്പാളി ഗൂര്‍ഖ മേഖലയിലെ മൂന്നു സീറ്റും ബി.ജെ.പി നേടി. തോട്ടം- ആദിവാസി മേഖലകളിലെ സീറ്റുകളിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം.

ബി.ജെ.പിയുടെ ചരിത്രവിജയത്തിന് സംഭാവന ചെയ്ത ഒരു വിഭാഗമാണ് ദലിത് ഹിന്ദു സമുദായമായ മതുവ. മതുവ ജനസംഖ്യയുടെ 40 ശതമാനവും അടങ്ങുന്ന നോർത്ത് 24 പർഗാനാസ് മേഖലയിലെ 33 സീറ്റുകളിലും നാദിയ മേഖലയിലെ 17 സീറ്റിലും പാർട്ടി നേടിയ വൻ മുന്നേറ്റം ഇതിന്റെ സൂചനയാണ്. ഇവിടെയെല്ലാം വൻ ഭൂരിപക്ഷവും ബി.ജെ.പിയ്ക്കുണ്ട്.

മമതയുടേത്, കോൺഗ്രസിനെ സംബന്ധിച്ച് ഒരു 'സമാശ്വാസ തോൽവി' കൂടിയാണെന്നുപറയാം. ബംഗാളിൽ ഭരണം നിലനിർത്താനാകുമായിരുന്നുവെങ്കിൽ മമത ദേശീയ രാഷ്ട്രീയത്തിലേക്ക് സ്വാധീനം വിപുലപ്പെടുത്തുമെന്ന 'ആശങ്ക' കോൺഗ്രസിനുണ്ടായിരുന്നു. അത് ഒരു പുതിയ ദേശീയ പ്രതിപക്ഷനേതൃത്വത്തെ രൂപപ്പെടുത്തുമെന്ന ഭീഷണി കോൺഗ്രസിനുമുന്നിലുണ്ടായിരുന്നു. ഇലക്ഷൻ കാമ്പയിനിൽ രാഹുൽ ഗാന്ധി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും കടന്നാക്രമിച്ചത് ഈയൊരു സന്ദർഭത്തിലാണ്. ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, ജെ.എം.എമ്മിന്റെ ഹേമന്ത് സോറൻ, ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നീ 'ഇന്ത്യ' മുന്നണി നേതാക്കൾ മമത ബാനർജിയുടെ കാമ്പയിനിൽ സജീവമായിരുന്നു. 'ഇന്ത്യ' മുന്നണിയിലെ കോൺഗ്രസ് ഇതര പാർട്ടികളുടെ ഒരു കുറുമുന്നണിയ്ക്ക് മമത നേതൃത്വം നൽകുമോ എന്ന ആശങ്കയാണ് രാഹുലിനെക്കൊണ്ട് തീവ്ര നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്.

Comments