ത്രിപുരയിലെ ഗോത്രവർഗ്ഗനേതാവും CPM കേന്ദ്രകമ്മറ്റി അംഗവുമായ നരേഷ് ചന്ദ്ര ജമാതിയ.

ത്രിപുരയിൽ
എന്തുകൊണ്ട് ഗോത്രസമൂഹം
സി.പി.എമ്മിൽനിന്ന് അകന്നു?
പാർട്ടി ഗോത്രവർഗ്ഗനേതാവ്
നരേഷ് ജമാതിയ സംസാരിക്കുന്നു

10 കൊല്ലം മുമ്പ് ഗോത്രവർഗ്ഗമേഖലയിൽ 67% ആയിരുന്നു ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9.67 ശതമാനമായി കുറഞ്ഞു. ത്രിപുര രാജവംശത്തിലെ അംഗമായ പ്രദ്യുത് ദേബബർമ്മൻ രൂപം കൊടുത്ത തിപ്രമോത്തയെന്ന പാർട്ടി ഇവരുടെ വോട്ടുബാങ്കിലേക്ക് കടന്നുകയറി. ഇപ്പോൾ ത്രിപുര ഭരിക്കുന്നത് ബി.ജെ.പി- തിപ്രമോത്ത സഖ്യമാണ്. ഈ മാറ്റം എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കുകയാണ്, ത്രിപുരയിലെ ഏറ്റവും പ്രധാനപ്പെട്ട ഗോത്രവർഗ്ഗനേതാവും CPM കേന്ദ്രകമ്മറ്റി അംഗവുമായ നരേഷ് ജമാതിയ. ത്രിപുരയിൽ ​വെച്ച് മാധ്യമപ്രവർത്തകൻ എം.കെ. നാരായണമൂർത്തി ജമാതിയയുമായി നടത്തിയ അഭിമുഖം.

ത്രിപുര എന്ന സംസ്ഥാനത്തെ കുറിച്ച് മിക്കവാറും എല്ലാ മലയാളികളും അറിയുന്നത് 34 വർഷം CPM അവിടെ അധികാരത്തിലിരുന്നതുകൊണ്ടാണ്. പക്ഷേ ഈ സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുകയും വിവിധങ്ങളായ ഗോത്രവിഭാഗങ്ങളുടെ ജീവിതം അറിയുകയും ചെയ്യുമ്പോഴാണ് എത്രമാത്രം സങ്കീർണ്ണമാണ് കാര്യങ്ങൾ എന്ന് ബോധ്യപ്പെടുക. 19 ഗോത്രങ്ങളും ഇപ്പോൾ ഭൂരിപക്ഷമായ ബംഗാളിജനതയും ബംഗ്ളാദേശ് അതിർത്തിയിൽ ജീവിക്കുന്ന സമ്പൂർണ്ണ ദരിദ്രരായ മനുഷ്യരുമൊക്കെ ചേരുന്ന ഈ കൊച്ചു സംസ്ഥാനം വടക്കു- കിഴക്കൻ ഇന്ത്യയുടെ ഒരു പരിച്ഛേദമാണ്. ന്യൂദൽഹിയ്ക്ക് ഇവിടത്തെ ജനങ്ങളെ കുറിച്ച് യാതൊരു ഉത്കണ്ഠയമില്ലെന്ന് നമുക്കിവിടത്തെ കാഴ്ചകൾ മനസ്സിലാക്കി തരും.

തൊഴിലില്ലാതെ കൊൽക്കത്തയിലേക്കും ദൽഹിയിലേക്കും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പലായനം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പോലെ മികച്ച ഒരു ടൂറിസ്റ്റ് കേന്ദ്രവുമല്ല ത്രിപുര. തലസ്ഥാനമായ അഗർത്തലയുടെ വിസ്തൃതി അഞ്ചു കിലോമീറ്ററിൽ തീരും.പൊതുഗതാഗത സംവിധാനം എന്നോ മരിച്ചിരിക്കുന്നു. അഗർത്തലയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഒരു ത്രിപുരി ഗോത്രഗ്രാമത്തിലേക്ക് ഈ ലേഖകൻ സഞ്ചരിക്കുകയുണ്ടായി. കാലഹരണപ്പെട്ട ജീപ്പിൽ ഏറ്റവും മോശമായ റോഡിലൂടെ ഉറഞ്ഞുതുള്ളിയുള്ള യാത്ര കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നയിടങ്ങളിലെ മനുഷ്യർക്കുപോലും ചിന്തിക്കാൻ കഴിയില്ല. ഭരണാധികാരികൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളെ അഭിസംബോധന കഴിയുന്നേയില്ല. ഞാൻ കണ്ട പത്രപ്രവർത്തകരും എഴുത്തുകാരും യൂണിവേഴ്സിറ്റി അധ്യാപകരും വിവിധ രാഷ്ട്രീയ പാർട്ടികളിലെ വിദ്യാർത്ഥികളും ചെറുപ്പക്കാരും സ്വയം പഴിച്ചു കഴിയുകയാണ്.

‘‘സ്വാതന്ത്ര്യത്തിനുമുമ്പ് ഭൂരിപക്ഷമായിരുന്ന ഗോത്രവർഗ്ഗക്കാർ ഇപ്പോൾ ന്യൂനപക്ഷമാണ്. ബാക്കിയുള്ള കമ്പിവല കെട്ടിതിരിച്ച ബംഗ്ളാദേശ് അതിർത്തിയ്ക്ക് അപ്പുറമായി’’.

മൂന്നു വശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ട ഈ സംസ്ഥാനത്തുനിന്ന് കൊൽക്കത്തയിലോ ദൽഹിയിലോ എത്തണമെങ്കിൽ ആസ്സാമും മേഘാലയ കുന്നുകളും താണ്ടി പിന്നെയും ആസ്സാമിലെത്തിയ ശേഷം ഗൗഹട്ടി കടന്ന് സിലിഗുരിയിലെത്തി നീണ്ടുനിവർന്നുകിടക്കുന്ന ഉത്തര ബംഗാളിലൂടെ ഓടിയാൽ  മാത്രമേ സാധിക്കുകയുള്ളൂ.

ഉന്നതമായ രാഷ്ട്രീയബോധം പുലർത്തുന്ന ഗോത്രവർഗ്ഗക്കാരാണ് ഇവിടെയുള്ളത്. അവരുടെ ഭാഷയും സാഹിത്യവുമെല്ലാം ബംഗാളിനാൽ അധിനിവേശപ്പെടുന്നു എന്ന് ഏത് ഗോത്രവർഗ്ഗ ചെറുപ്പക്കാരനോട് സംസാരിച്ചാലും അവർ പറയും. കോക്ബൊറയെന്ന ത്രിപുരയുടെ രണ്ടാമത്തെ ഔദ്യോഗികഭാഷ മരിക്കുകയാണ്. 1979-ൽ അന്നത്തെ ഇടതുപക്ഷ സർക്കാരാണ് കോക്ബൊറയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ലിപിയില്ലാത്ത ഈ ഭാഷയ്ക്ക് റോമൻലിപി വേണമെന്ന ആവശ്യം ഇവിടെ ശക്തമായി ഉയരുന്നുണ്ട്. കേന്ദ്രസർക്കാരിന് താൽപര്യം ദേവനാഗിരിയാണ്. അതിന്റെ രാഷ്ട്രീയവും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.

സ്വാതന്ത്ര്യത്തിനുമുമ്പ് ഭൂരിപക്ഷമായിരുന്ന ഗോത്രവർഗ്ഗക്കാർ ഇപ്പോൾ ന്യൂനപക്ഷമാണ്. ബാക്കിയുള്ള കമ്പിവല കെട്ടിതിരിച്ച ബംഗ്ളാദേശ് അതിർത്തിയ്ക്ക് അപ്പുറമായി. ഇന്ത്യ- ബംഗ്ളാദേശ് ബന്ധം മോശമായതോടെ അതിർത്തിയ്ക്ക് അപ്പുറത്തേക്ക് വിവാഹം ചെയ്തു നൽകിയ മകളെ കാണാൻ കഴിയാത്ത മാതാപിതാക്കളേയും ഈ യാത്രയിൽ ഞാൻ കണ്ടു. അതിർത്തിയിലെ പട്ടാളക്കണ്ണുകൾ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരിക്കും.

ഈ സാഹചര്യത്തിലാണ് ത്രിപുരയിലെ ഏറ്റവും പ്രധാനപ്പെട്ട ഗോത്രവർഗ്ഗനേതാവായ നരേഷ് ജമാതിയയെ (Naresh Chandra Jamatia) കാണാനും സംസാരിക്കാനും ഞാൻ തീരുമാനിച്ചത്. നരേഷ് ജമാതിയ എന്ന പേര് ത്രിപുരയിലെ കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതമാണ്. ഗോത്രവർഗ്ഗനേതാക്കളുടെ ഇടയിൽ അവരെ ശരിക്കും ചേർത്തുപിടിക്കുന്ന ജമാതിയ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവും ത്രിപുര രാജ്യ ഉപജാതി ഗണമുക്തി പരിഷത്തിന്റെ സെക്രട്ടറിയുമാണ്. GMP എന്ന ചുരുക്കപ്പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്. സി.പി.എമ്മിന്റെ നട്ടെല്ലായിരുന്നു ഈ സംഘടന. എന്നാൽ ത്രിപുര രാജവംശത്തിലെ അംഗമായ പ്രദ്യുത് ദേബബർമ്മൻ രൂപം കൊടുത്ത തിപ്രമോത്തയെന്ന പാർട്ടി ഇവരുടെ വോട്ടുബാങ്കിലേക്ക് കടന്നുകയറി. ഇപ്പോൾ ത്രിപുര ഭരിക്കുന്നത് ബി.ജെ.പി- തിപ്രമോത്ത സഖ്യമാണ്. മുഖ്യപ്രതിപക്ഷം സി.പി.എമ്മും. അറുപതംഗ നിയമസഭയിൽ സി.പി.എമ്മിന്റെ പ്രാതിനിധ്യം പത്താണ്. എന്താണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമെന്ന് വിശദീകരിക്കുകയാണ് ഈ അഭിമുഖത്തിൽ നരേഷ് ജമാതിയ.

ഗോത്രവർഗ്ഗമൂപ്പന്മാരെ ബി.ജെ.പി നേതൃത്വം പലവിധത്തിൽ സ്വാധീനിക്കുന്നു. പണം പലപ്പോഴും നേരിട്ടല്ല അവർ നൽകുന്നത്. മൈക്രോ ഫിനാൻസ് സംവിധാനങ്ങളുണ്ടാക്കിയാണ് പണം വിതരണം ചെയ്യുന്നത്.
ഗോത്രവർഗ്ഗമൂപ്പന്മാരെ ബി.ജെ.പി നേതൃത്വം പലവിധത്തിൽ സ്വാധീനിക്കുന്നു. പണം പലപ്പോഴും നേരിട്ടല്ല അവർ നൽകുന്നത്. മൈക്രോ ഫിനാൻസ് സംവിധാനങ്ങളുണ്ടാക്കിയാണ് പണം വിതരണം ചെയ്യുന്നത്.

എം.കെ. നാരായണ മൂർത്തി: അടുത്ത മാസം ആദ്യം ഇവിടെ വില്ലേജ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. ഇടതുസഖ്യം നല്ലൊരു പ്രകടനം കാഴ്ചവയ്ക്കുമോ?

നരേഷ് ജമാതിയ: അതിനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ശാരീരികമായും ബൗദ്ധികമായും ബി.ജെ.പിയേയും ആർ.എസ്.എസിനേയും നേരിടണം. തിപ്രമോത്ത ഉയർത്തുന്ന ഭീഷണി ചെറുതല്ല. 10 കൊല്ലം മുമ്പ് ഗോത്രവർഗ്ഗമേഖലയിൽ 67% ആയിരുന്നു ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. കഴിഞ്ഞ തെരഞ്ഞെടുപ്പായപ്പോൾ അത് 9.67 ശതമാനമായി കുറഞ്ഞു.

ഗോത്രവർഗ്ഗ മേഖലയിൽ ഇന്ന് കാണുന്ന മാറ്റങ്ങളെല്ലാം കൊണ്ടുവന്നത് ഇടതു സർക്കാരുകളാണ്. മെച്ചപ്പെട്ട സ്കൂളുകൾ, നല്ല രീതിയിലുള്ള റോഡ് കണക്ടിവിറ്റി, ആരോഗ്യ സംവിധാനങ്ങൾ എല്ലാം ഞങ്ങൾ കൊണ്ടു വന്നതാണ്. ഇതിന്റെയൊക്കെ ഫലമായി ചെറുപ്പക്കാർക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചു. അവരുടെ ജീവിതം മധ്യവർഗ്ഗത്തിന്റേതായി. അവരുടെ ചിന്താഗതികളും മധ്യവർഗ്ഗത്തിന്റേതായി. അവർ ഇടതുപക്ഷ ആശയങ്ങളിൽനിന്ന് അകന്നു. ആശയപരമായി അവരെ കൂടെ നിറുത്തുന്നതിൽ ഇടതുപക്ഷത്തിന് പരാജയമുണ്ടായി.

ഇപ്പോൾ പല സ്ഥലങ്ങളിലും നോമിനേഷൻ പേപ്പർ നൽകുന്നതിൽനിന്ന് ഞങ്ങളെ തിപ്രമോത്ത പാർട്ടിക്കാർ തടയുന്നുണ്ട്. ബി.ജെ.പി ഗുണ്ടകളെ കൂട്ടുപിടിച്ചാണ് അവരിത് കാണിക്കുന്നത്. ഞങ്ങളുടെ സഖാക്കളെ ശാരീരികമായി ആക്രമിക്കുന്നു. നിങ്ങൾ കണ്ടതല്ലേ, ജോഗീന്ദർപൂരിൽ സംഭവിച്ചത്.‍ ഞങ്ങളുടെ പ്രവർത്തകർ നടത്തിവന്നിരുന്ന മൽസ്യകൃഷി ഇല്ലാതാക്കാൻ അവരുടെ കുളങ്ങളിൽ വിഷം കലർത്തി. പാവപ്പെട്ട മൽസ്യകർഷകർക്ക് രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് വന്നിട്ടുള്ളത്. സർക്കാർ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നു മാത്രമല്ല ഈ കർഷകരുടെ മേൽ കള്ളക്കേസും ചുമത്തിയിട്ടുണ്ട്. എല്ലാ വിധത്തിലും ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യണമെന്ന ഫാഷിസ്റ്റ് ആശയത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് മാണിക് സാഹാ സർക്കാർ.

‘‘ബംഗ്ളാദേശിൽ നിന്നുള്ള ഹിന്ദുക്കൾ ധാരാളമായി ട്രൈബൽ മേഖലകളിലേക്ക് കടന്നുവന്ന് അവരുടെ ഭൂമി കൈയ്യടക്കാൻ തുടങ്ങി. ഗോത്രഭൂമി കൈയ്യേറാൻ പാടില്ല എന്ന നിയമം നിലനിൽക്കേ തന്നെ അവർ ഭൂമി വൻതോതിൽ കൈയ്യേറി. രാജകുടുബത്തിന്റെ ഒത്താശയോടെയായിരുന്നു ഇത്’’.

ഒരു സമയത്ത് തീവ്രവാദ ആശയങ്ങൾ ത്രിപുരയെ വല്ലാതെ നശിപ്പിച്ചിരുന്നു. അതിന്റെ ഒരു പശ്ചാത്തലം എന്തായിരുന്നു?

സ്വാതന്ത്ര്യത്തിനുമുമ്പ് ഒന്നായി ജീവിച്ചിരുന്നപ്പോൾ ഗോത്രവർഗ്ഗക്കാരായിരുന്നു ഇവിടെ ഭൂരിപക്ഷം. സ്വാതന്ത്ര്യലബ്ധിയയോടെ ഈ അവസ്ഥ മാറാൻ തുടങ്ങി. അന്നത്തെ രാജാവിന്റെ സെമീന്ദാരീ മനോഭാവം കൂടിയായപ്പോൾ ഭൂരിപക്ഷമായിരുന്നവർ ന്യൂനപക്ഷമായി. ന്യൂനപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും കവർന്നെടുക്കപ്പെട്ടു. ഇന്ത്യയിൽ തുടർന്നാൽ തങ്ങളുടെ അവകാശങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് ചില മേഖലകളിലെങ്കിലും സ്വാധീനം ലഭിച്ചു. അങ്ങനെയാണ് ടി.എൻ.പിയും ഐ.പി.ടി.എഫും ടി.എൽ.എഫുമെല്ലാം ഉണ്ടായത്. ഏകദേശം 35 വർഷം ഇവരുടെ പ്രവർത്തനം തുടർന്നു.

ഇക്കാലയളവളിൽ ഇവിടെ ഭരിച്ചിരുന്നത് ഇടതുസഖ്യമാണ്. അതുകൊണ്ടുതന്നെ ഈ ഭീകരവാദികൾക്ക് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സിന്റെ സഹായം ലഭിച്ചിരുന്നു. ധാരാളം പേർ വധിക്കപ്പെട്ടു. ധാരാളം പേരെ തട്ടിക്കൊണ്ടു പോയി. ഒടുവിൽ ഗോത്രവർഗ്ഗക്കാർക്കായുള്ള ഓട്ടോണമസ് കൗൺസിൽ (AATTDC) ഉണ്ടാക്കിക്കൊണ്ട് പ്രശ്നം പരിഹരിച്ചത് സി.പി.എമ്മാണ്. അന്നു ഞങ്ങളുടെ സഖാക്കൾ മരിച്ചുവീണത് ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാനാണ്.

പക്ഷേ കോൺഗ്രസ്സ് ചെയ്തതോ? ബംഗ്ളാദേശിൽ നിന്നുള്ള ഹിന്ദുക്കൾ ധാരാളമായി ട്രൈബൽ മേഖലകളിലേക്ക് കടന്നുവന്ന് അവരുടെ ഭൂമി കൈയ്യടക്കാൻ തുടങ്ങി. ഗോത്രഭൂമി കൈയ്യേറാൻ പാടില്ല എന്ന നിയമം നിലനിൽക്കേ തന്നെ അവർ ഭൂമി വൻതോതിൽ കൈയ്യേറി. രാജകുടുബത്തിന്റെ ഒത്താശയോടെയായിരുന്നു ഇത്. എന്റെ വില്ലേജിലും ഇത് സംഭവിച്ചു. വെറും 200 കുടുംബങ്ങൾ മാത്രമുള്ള എന്റെ വില്ലേജിൽ പോലും ബംഗാളികളും ഗോത്രവർഗ്ഗക്കാരുമായുള്ള സംഘർഷം രൂക്ഷമായി. എന്റെ കുടുംബത്തിലെ ആറു പേർ വധിക്കപ്പെട്ടു. ടി.എൻ.പിക്കാർ ബംഗാളികളേയും കൊല്ലാൻ ആരംഭിച്ചതോടെ എത്ത്നിക് കോൺഫ്ലിക്റ്റുകൾ പാരമ്യതയിലായി. പിന്നീട് ഗോത്രവിഭാഗത്തിന് നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്തുകൊടുത്ത് മാറിമാറി വന്ന ഇടതുപക്ഷ സർക്കാരുകളാണ്. നഷ്ടപപരിഹാരം നൽകിക്കൊണ്ടുപോലും ഞങ്ങളത് തിരികെയെടുത്ത് ഉടമസ്ഥരെ ഏൽപ്പിച്ചു.

‘‘ഗോത്രവർഗ്ഗ മേഖലയിൽ ഇന്ന് കാണുന്ന മാറ്റങ്ങളെല്ലാം കൊണ്ടുവന്നത് ഇടതു സർക്കാരുകളാണ്. ഇതിന്റെ ഫലമായി ചെറുപ്പക്കാർക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചു. അവരുടെ ജീവിതം മധ്യവർഗ്ഗത്തിന്റേതായി. അവരുടെ ചിന്താഗതികളും മധ്യവർഗ്ഗത്തിന്റേതായി. അവർ ഇടതുപക്ഷ ആശയങ്ങളിൽനിന്ന് അകന്നു. ആശയപരമായി അവരെ കൂടെ നിറുത്തുന്നതിൽ ഇടതുപക്ഷത്തിന് പരാജയമുണ്ടായി’’.
‘‘ഗോത്രവർഗ്ഗ മേഖലയിൽ ഇന്ന് കാണുന്ന മാറ്റങ്ങളെല്ലാം കൊണ്ടുവന്നത് ഇടതു സർക്കാരുകളാണ്. ഇതിന്റെ ഫലമായി ചെറുപ്പക്കാർക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചു. അവരുടെ ജീവിതം മധ്യവർഗ്ഗത്തിന്റേതായി. അവരുടെ ചിന്താഗതികളും മധ്യവർഗ്ഗത്തിന്റേതായി. അവർ ഇടതുപക്ഷ ആശയങ്ങളിൽനിന്ന് അകന്നു. ആശയപരമായി അവരെ കൂടെ നിറുത്തുന്നതിൽ ഇടതുപക്ഷത്തിന് പരാജയമുണ്ടായി’’.

ഗോത്രവർഗ്ഗമേഖലയിൽ ഏറ്റവുമധികം കാര്യങ്ങൾ ചെയ്തത് ഇടതുസർക്കാരുകളാണെന്ന് സമ്മതിക്കുന്നു. പക്ഷേ എന്തുകൊണ്ട് അവർ നിങ്ങളിൽനിന്ന് അകന്ന് വർഷങ്ങൾ മാത്രം പഴക്കമുള്ള തിപ്രമോത്ത പോലുള്ള പാർട്ടികളിൽ ചേരുന്നു?

2018- ലെ തോൽവിയ്ക്കുശേഷം പാർട്ടി ഈ വിഷയം ആഴത്തിൽ തന്നെ പഠിച്ചു. വികസനം കൊണ്ടുമാത്രം വോട്ടു ലഭിക്കില്ലെന്ന കാര്യം ഞങ്ങൾ മനസ്സിലാക്കി. പുതിയ പാർട്ടി ഇവിടത്തെ രാജകുടുംബത്തിൽ നിന്നുമാണ്. സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഇന്നും രാജഭക്തിയുണ്ട്. ജനങ്ങളെ വൈകാരികമായി കൈയ്യിലെടുക്കാൻ അവർക്ക് സാധിച്ചു.

നോക്കൂ, ത്രിപുരയിലെ ഏതുൾനാടൻ ഗ്രാമത്തിലേക്കും നിങ്ങൾക്ക് റോഡ് മാർഗ്ഗം സഞ്ചരിക്കാം. അത്ര മികച്ച റോഡു കണക്ടിവിറ്റിയാണ് ഇടതുപക്ഷ സർക്കാരുകൾ നിർമ്മിച്ചെടുത്തത്. അരുണചാലിൽ നിങ്ങൾക്ക് പലപ്രാവശ്യം ആസ്സാം കടക്കാതെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്ത് എത്താനാകില്ല. ഞങ്ങളുടെ ഗ്രാമങ്ങളിൽ പോലും ധാരാളം സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ട്. പക്ഷേ നമ്മുടെ ഭരണം തന്നെ സൃഷ്ടിച്ച ബൂർഷ്വാമനോഭാവത്തെ സമയത്ത് തിരിച്ചറിഞ്ഞ് തടയാൻ ഞങ്ങൾക്ക് സാധിക്കാതെ പോയി. ആ ഐഡിയോളജിക്കൽ സ്പെയിസിലേക്ക് ബി.ജെ.പിയും തിപ്രാമോത്തയും കടന്നുകയറി. അവരുടെ കൈയ്യിൽ അതിനുള്ള പണവും ഉണ്ടായിരുന്നു.

‘‘ഗോത്രമേഖലയിൽ നിന്നുള്ള ഉന്നതോദ്യോഗസ്ഥരെ മുഖ്യമന്ത്രി തന്നെ നേരിട്ടു വിളിക്കുന്നു. അവരുമായി സൗഹൃദം പങ്കിടുന്നു. അനൗദ്യോഗിക സൗഹൃദ സംഭാഷണങ്ങൾ നടത്തുന്നു. തങ്ങളെ കൂടുതൽ അംഗീകരിക്കുന്നത് ബി.ജെ.പിയാണെന്ന് ഈ ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചിട്ടുണ്ട്’’.

ഗോത്രവർഗ്ഗമൂപ്പന്മാരെ ബി.ജെ.പി നേതൃത്വം പലവിധത്തിൽ സ്വാധീനിക്കുന്നു. പണം പലപ്പോഴും നേരിട്ടല്ല അവർ നൽകുന്നത്. മൈക്രോ ഫിനാൻസ് സംവിധാനങ്ങളുണ്ടാക്കിയാണ് പണം വിതരണം ചെയ്യുന്നത്. ഈ സംവിധാനം വഴി പണം നൽകിയ ശേഷം ബി.ജെ.പിക്കാർ നേരിട്ട് ഈ പണം തിരിച്ചടച്ചു കൊടുക്കുന്നു. അഴിമതിയുടെ പുതിയ രൂപമാണ്. നിയമപരമായി നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. ഗോത്രമേഖലയിൽ നിന്നുള്ള ഉന്നതോദ്യോഗസ്ഥരെ മുഖ്യമന്ത്രി തന്നെ നേരിട്ടു വിളിക്കുന്നു. അവരുമായി സൗഹൃദം പങ്കിടുന്നു. അനൗദ്യോഗിക സൗഹൃദ സംഭാഷണങ്ങൾ നടത്തുന്നു. തങ്ങളെ കൂടുതൽ അംഗീകരിക്കുന്നത് ബി.ജെ.പിയാണെന്ന് ഈ ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ അംഗീകാരം അംഗീകാരം തന്നെയാണ്. വളരെ സെൻസിറ്റീവാണ് ഗോത്രമേഖലയിലുള്ളവർ.തങ്ങളുമായി സംസാരിക്കാൻ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ തയ്യാറായപ്പോൾ അവരും അവരുടെ കുടുംബാംഗളും മാറി വോട്ടു ചെയ്തു. ഇടതുഭരണ കാലത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടായില്ല. അതൊരു കുറവായി ഇന്ന് തോന്നുന്നു.

ഭരണമുണ്ടായിരുന്ന സമയത്ത് പല ഉന്നത പാർട്ടിനേതൃത്വങ്ങളും തലമറന്ന് എണ്ണതേച്ച കഥകളും കേൾക്കുന്നുണ്ട്.

(ചിരിക്കുന്നു). ഉണ്ടായിട്ടുണ്ട്. പല ബംഗാളി നേതാക്കളുമറിയാതെ ട്രൈബൽ മന്ത്രിമാർക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഒരു തരം എക്സ്ട്രാ പാർലമെന്ററി അധികാരങ്ങൾ അവർ ഉപയോഗിച്ചു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ അത് തിരിച്ചറിഞ്ഞു. പക്ഷേ തിരുത്താൻ സമയമെടുത്തു. ചില മന്ത്രിമാർ നോക്കുക്കുത്തികളായി മാറുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. അതിലൊക്കെ തിരുത്തൽ വരുത്താൻ പറ്റി. പക്ഷേ ചെയ്യേണ്ട ഡാമേജ് ചെയ്തു കഴിഞ്ഞിരുന്നു. 2018- ലെ തോൽവിയിൽ വലിയ ആത്മപരിശോധനയാണ് ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

‘‘ത്രിപുരയിലെ ഏതുൾനാടൻ ഗ്രാമത്തിലേക്കും നിങ്ങൾക്ക് റോഡ് മാർഗ്ഗം സഞ്ചരിക്കാം. അത്ര മികച്ച റോഡു കണക്ടിവിറ്റിയാണ് ഇടതുപക്ഷ സർക്കാരുകൾ നിർമ്മിച്ചെടുത്തത്’’.
‘‘ത്രിപുരയിലെ ഏതുൾനാടൻ ഗ്രാമത്തിലേക്കും നിങ്ങൾക്ക് റോഡ് മാർഗ്ഗം സഞ്ചരിക്കാം. അത്ര മികച്ച റോഡു കണക്ടിവിറ്റിയാണ് ഇടതുപക്ഷ സർക്കാരുകൾ നിർമ്മിച്ചെടുത്തത്’’.

യുവാക്കൾ പുതുതായി കടന്നുവരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പ്രത്യേകിച്ച് ഗോത്രവർഗ്ഗ മേഖലയിൽനിന്ന്. എന്തു നടപടികളാണ് അതിനായി കൈക്കൊണ്ടിട്ടുള്ളത്?

പുതിയതായി ആളുകളെ കൊണ്ടുവരുന്നതുപോലെ വെല്ലുവിളി നേരിടുന്നതാണ്, ഉള്ളവരെ പ്രത്യയശാസ്ത്രപരമായ ഭദ്രതയോടെ കാത്തുസൂക്ഷിക്കേണ്ടതും. ഇപ്പോഴത്തെ പ്രവർത്തന ശൈലിയിൽ തന്നെ മാറ്റം വരുത്തിക്കൊണ്ടാണ് ഞങ്ങൾ അതിന് ശ്രമിക്കുന്നത്. പ്രധാനപ്പെട്ടയിടത്തെല്ലാം യുവതലമുറയിൽ പെട്ടവരെയെത്തിക്കാനും അവരെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. പൂർണ്ണമായും വിജയിച്ചു എന്ന അഭിപ്രായം എനിക്കില്ല. ഞാൻ CJP സമരമുഖത്ത് നേരിട്ടെത്തിയ ആളാണ്. അവിടെ എനിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. അതിന്റെ അർത്ഥം യുവാക്കൾക്കും ജെൻസീക്കും ഞങ്ങളുടെ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടെന്നാണ്.

പക്ഷേ പരമ്പരാഗതശൈലിയിൽ അവരെ കൂടെ നിറുത്താൻ കഴിയില്ല. അതിന് പുതിയ മാർഗ്ഗങ്ങൾ തേടണം. തെരഞ്ഞെടുപ്പുകളിൽ വിദ്യാഭ്യാസം നേടിയ യുവാക്കളെ കൂടുതലായി മൽസരിപ്പിക്കണം. ഷോർട്ട് ടേം പ്ളാനിനൊപ്പം ഒരു ലോംഗ് ടേം പ്ളാനും വേണം. രണ്ടും മൂന്നും തലമുറ നേതാക്കളെ ഇപ്പോഴെ വളർത്തിയെടുക്കുകയും അവർ ജനങ്ങളുമായി ചേർന്നു നിൽക്കുകയും വേണം. ദശരഥ്ദേബ്ബർമ്മ പോലും ഇവിടെ തോറ്റിട്ടുണ്ട്. അതു കഴിഞ്ഞും പാർട്ടി തിരികെ വന്നില്ലേ? ഗോത്രമേഖലയിലെ യുവജനത ബി.ജെ.പിയ്ക്ക് എതിരാണ്. അവർ ഹിന്ദുത്വരാഷ്ട്രീയത്തെ എതിർക്കുന്നവരാണ്. തിപ്ര മോത്ത എന്ന വളഞ്ഞ വഴിയിലൂടെയാണ് ബി.ജെ.പി അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. അതിനി അധികകാലം കൊണ്ടുപോകാൻ കഴിയില്ല.

‘‘കഴിഞ്ഞ എട്ടു വർഷത്തെ ബി.ജെ.പി ഭരണത്തിൽ തിപ്രമോത്തക്കാർ വലഞ്ഞിരിക്കുകയാണ്. സ്വത്വരാഷ്ട്രീയത്തിന്റെ ഇരകളായി തങ്ങൾ മാറുകയാണെന്ന തിരിച്ചറിവ് ഗോത്രവർഗ്ഗക്കാർക്ക് കൂടുതലായി മനസ്സിലായി വരുന്നു. അതിന്റെ ഗുണം ലഭിക്കുക സി.പി.എമ്മിന് തന്നെയായിരിക്കും’’.

ത്രിപുരയിലെ ബി.ജെ.പി നേതൃത്വം കഴിവുകെട്ടവരാണെന്ന് അവർ തന്നെ തെളിയിച്ചു കഴിഞ്ഞു. രാഷ്ട്രീയനേതൃത്വത്തിന് അഡ്മിനിസ്ട്രേഷൻ അറിയാത്തതുകൊണ്ട് ഉദ്യോഗസ്ഥർ അഴിമതിയ്ക്ക് നേരിട്ട് നേതൃത്വം നൽകുന്നു. പഞ്ചായത്ത് ഫണ്ടിന്റെ കേവലം 13 ശതമാനമാണ് ഉപയോഗിക്കാൻ ഈ സർക്കാരിന് സാധിച്ചിട്ടുള്ളത്. എന്നു പറഞ്ഞാൽ ജനങ്ങൾക്ക് അവകാശപ്പെട്ടത് നിഷേധിച്ചു എന്നല്ലേ?

ഇതൊക്കെ തിരിച്ചറിയാൻ ഗോത്രമേഖലയിലെ മാത്രമല്ല, സമതലങ്ങളിലെ ചെറുപ്പക്കാർക്കും കഴിയുന്നുണ്ട്. തൊഴിലില്ലായ്മ അവർ നേരിട്ടനുഭവിക്കുന്ന ദുരിതമാണ്. പുതിയ കോഴ്സുകൾ ത്രിപുരയിലെ യൂണിവേഴ്സിറ്റികളിലേക്ക് കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല. തിപ്ര മോത്തയിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാർ ഇതെല്ലാം ഞങ്ങളുമായും പങ്കുവയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പറയുന്ന കാര്യങ്ങളെല്ലാം ബി.ജെ.പി നേതൃത്വം മറന്നുപോകാറുണ്ട്. ജനങ്ങളെ പറ്റിക്കുകയെന്നത് അവരുടെ ഒരു രീതിയാണ്. അതൊരു ഫാഷിസ്റ്റ് തന്ത്രം കൂടിയാണ്. കഴിഞ്ഞ എട്ടു വർഷത്തെ അവരുടെ ഭരണത്തിൽ തിപ്രമോത്തക്കാർ വലഞ്ഞിരിക്കുകയാണ്. സ്വത്വരാഷ്ട്രീയത്തിന്റെ ഇരകളായി തങ്ങൾ മാറുകയാണെന്ന തിരിച്ചറിവ് ഗോത്രവർഗ്ഗക്കാർക്ക് കൂടുതലായി മനസ്സിലായി വരുന്നു. അതിന്റെ ഗുണം ലഭിക്കുക സി.പി.എമ്മിന് തന്നെയായിരിക്കും.

‘‘2018- ലെ തോൽവിയ്ക്കുശേഷം പാർട്ടി ഈ വിഷയം ആഴത്തിൽ തന്നെ പഠിച്ചു. വികസനം കൊണ്ടുമാത്രം വോട്ടു ലഭിക്കില്ലെന്ന കാര്യം ഞങ്ങൾ മനസ്സിലാക്കി’’.
‘‘2018- ലെ തോൽവിയ്ക്കുശേഷം പാർട്ടി ഈ വിഷയം ആഴത്തിൽ തന്നെ പഠിച്ചു. വികസനം കൊണ്ടുമാത്രം വോട്ടു ലഭിക്കില്ലെന്ന കാര്യം ഞങ്ങൾ മനസ്സിലാക്കി’’.

‘തിപ്രലാൻഡ്’ എന്ന ആശയം ഇടയ്ക്ക് പൊന്തി വന്നിരുന്നു. എന്താണിപ്പോഴത്തെ സ്ഥിതി?

താൽക്കാലിക നേട്ടത്തിനായി ബി.ജെ.പിയുടെ മുൻമുഖ്യമന്ത്രി ബിപ്ലബ് കുമാർ ആളിക്കത്തിച്ചതായിരുന്നു അത്. അയാൾ തന്റെ അതിന്റെ ഇരയായി. തിപ്രലാൻഡിനുവേണ്ടി സമരം ചെയ്തവർക്കെതിരെ ബിപ്ലബ് ദേവിന്റെ പോലീസിന് നിറയൊഴിക്കേണ്ടിവന്നു. അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന IPTF മന്ത്രിമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ പോകാൻ സാധിക്കാതെ വന്നു.

‘ആദ്യം രാജ്യം പിന്നെ പാർട്ടി’ എന്ന വാദം ഉയർത്തിയാണ് ബിപ്ളബ്ദേവ് ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ഈ അവസരമാണ് തിപ്ര മോത്ത മുതലെടുത്തത്. തിപ്ര മോത്ത ആദ്യം വലിയ ബി.ജെ.പി വിരുദ്ധരായാണ് കടന്നു വന്നത്. ഇപ്പോഴാണ് ന്യൂദൽഹിയുടെ ദാസന്മാരായി അവർ മാറിയത്. ഇതും ഇവിടെത്തെ ചെറുപ്പക്കാർ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവ് 2028-ലെ തെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നാണ് ഞാൻ കരുതുന്നത്.

സോഷ്യൽ മീഡിയയുടെ കാലത്ത് അതിനെ വേണ്ട വിധം പ്രയോജനപ്പെടുത്താൻ സി.പി.എമ്മിനോ ഗണമുക്തപരിഷത്തിനോ സാധിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞാൽ യോജിക്കുമോ?

തീർച്ചയായും ഞങ്ങൾ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ഉടനെ തന്നെ അതിൽ കാര്യമായി മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിലുള്ള നടപടികളുണ്ടാകും. പണം വലിയ പ്രശ്നമാണ്. ഞങ്ങളുടേത് ഇപ്പോഴും സാധാരണക്കാരുടെ പാർട്ടിയാണ്. പാർട്ടി സെൻട്രൽ കമ്മിറ്റിയെ ഞങ്ങളുടെ പരിമിതികൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ നിർണ്ണായകമായ സഹായത്തോടെ ഞങ്ങൾ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. പണം കൊണ്ട് ഞങ്ങൾക്ക് ബി.ജെ.പിയെ തോൽപ്പിക്കാൻ സാധിക്കില്ലെങ്കിലും പ്രതിബദ്ധതയുള്ള അണികളെ കൊണ്ട് ഞങ്ങൾക്കത് സാധിക്കാൻ കഴിയും. അതു കൊണ്ടാണ് ഇത്രയേറെ ശാരീരികമായ ആക്രമണങ്ങളുണ്ടായിട്ടും ഞങ്ങളുടെ പ്രവർത്തകർ ഗ്രൗണ്ട് ലെവലിൽ പിടിച്ചുനിൽക്കുന്നത്. പോലീസും മറ്റ് ഭരണസംവിധാനങ്ങളുമെല്ലാം ഞങ്ങളെ വേട്ടയാടുമ്പോഴും ഞങ്ങൾ മുൻവയ്ക്കുന്ന രാഷ്ട്രീയത്തെ ഏറ്റെടുക്കാൻ ത്രിപുരക്കാർ തയ്യാറാകുന്നത് ഞങ്ങൾക്ക് പ്രത്യാശ നൽകുന്നു. ആ കരുത്തിലാണ് സി.പി.ഐയും ഫോർവേഡ് ബ്ളോക്കും ഉൾപ്പടെയുള്ള ഇടതുസഖ്യം മുന്നോട്ട് പോകുന്നത്. ഈ വില്ലേജ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ ബഹുദൂരം മുന്നോട്ട് പോകുമെന്നുതന്നെ ഞാൻ കരുതുന്നു.


Summary: Why Did Tripura’s Tribal Community Drift Away from the CPM? Tripura’s prominent tribal leader and CPM Central Committee member Naresh Jamatia talks with journalist M.K. Narayanamoorthy


നരേഷ് ചന്ദ്ര ജമാതിയ

ത്രിപുരയിലെ ഗോത്രവർഗ്ഗനേതാവ്. CPM കേന്ദ്രകമ്മറ്റി അംഗം. ത്രിപുര രാജ്യ ഉപജാതി ഗണമുക്തി പരിഷത്ത് സെക്രട്ടറി.

എം.കെ നാരായണമൂർത്തി

സ്വതന്ത്ര മാധ്യമപ്രവർത്തകൻ, കോളമിസ്റ്റ്. ജനയുഗം വാരികയുടെ അസിസ്റ്റന്റ് എഡിറ്റർ, പീപ്പിൾസ് വീക്കിലി വേൾഡിന്റെ സൗത്ത് ഏഷ്യാ ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Comments