ആം ആദ്മി പാർട്ടിയ്ക്ക് വൻ തിരിച്ചടി നൽകിയ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ, പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ പ്രശാന്ത് ഭൂഷൺ എക്‌സിൽ കുറിച്ചത്, ഈ തോൽവി 'ആം ആദ്മി പാർട്ടിയുടെ അവസാനത്തിന്റെ ആരംഭം' എന്നാണ്: ‘‘അരവിന്ദ് കെജ്‌രിവാളാണ് ആപ്പിന്റെ തോൽവിയ്ക്ക് പ്രധാന ഉത്തരവാദി. സുതാര്യതയിലും വിശ്വസ്തതയിലും ജനാധിപത്യ മൂല്യങ്ങളിലും ഊന്നിയ ബദൽ രാഷ്ട്രീയം എന്ന നിലയ്ക്കാണ് ആം ആദ്മി പാർട്ടി രൂപീകരിക്കപ്പെട്ടത്. എന്നാൽ, അതിവേഗം പാർട്ടിയുടെ പരമോന്നത നേതാവായി മാറിയ അരവിന്ദ് കെജ്‌രിവാൾ സുതാര്യമല്ലാത്തതും അഴിമതി നിറഞ്ഞതുമായ ഒന്നാക്കി പാർട്ടിയെ മാറ്റി. 45 കോടി രൂപയുടെ 'ശീഷ് മഹൽ' എന്ന ഔദ്യോഗിക വസതിയാണ് അദ്ദേഹം പണിതത്. യാത്ര ആഡംബര കാറുകളിലായി. പാർട്ടി രൂപീകരിച്ച വിദഗ്ധ സമിതികൾ തയാറാക്കിയ വിശദമായ 33 പോളിസി റിപ്പോർട്ടുകൾ അദ്ദേഹം ചവറ്റുകുട്ടയിലെറിഞ്ഞു. സമയമാകുമ്പോൾ പാർട്ടി തന്നെ ഉചിതമായ നയരൂപവത്കരണം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒച്ചപ്പാടുണ്ടാക്കിയും പ്രചാരണത്തിലൂടെയും രാഷ്ട്രീയം സാധ്യമാകും എന്നാണ് അദ്ദേഹം കരുതിയത്. ഇത് ആപ്പിന്റെ അവസാനത്തിന്റെ ആരംഭമാണ്’’.
2015-ലാണ് പ്രശാന്ത് ഭൂഷണെയും മറ്റൊരു സ്ഥാപകനേതാവ് യോഗേന്ദ്ര യാദവിനെയും ആം ആദ്മി പാർട്ടിയിൽനിന്ന് പുറത്താക്കിയത്. സംഘടനയുടെ നയവ്യതിയാനങ്ങൾക്കും നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കും എതിരെ വിമർശനമുന്നയിച്ചതായിരുന്നു കാരണം. പാർട്ടി ഒരു ഏകാധിപതിയുടെ ഭരണത്തിലുള്ള ഖാപ് പഞ്ചായത്തായി മാറിയെന്നാണ് അന്ന് പ്രശാന്ത് ഭൂഷൺ കെജ്‌രിവാളിന്റെ നേതൃത്വത്തെ വിശേഷിപ്പിച്ചത്. പത്തു വർഷം മുമ്പ്, പാർട്ടിയുടെ ശൈശവദശയിൽ തന്നെ, കെജ്‌രിവാളിന്റെ നേതൃത്വത്തിനും സംഘടനാശൈലിക്കും നയരാഹിത്യത്തിനും എതിരെ ഇരുവരും ഉന്നയിച്ച വിമർശനം കഴിഞ്ഞ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പോടെ അക്ഷരാർഥത്തിൽ സാധൂകരിച്ചിരിക്കുന്നുവെന്ന് പറയാം. ബി.ജെ.പിക്കെതിരെ ഒരു ദേശീയ പ്രതിപക്ഷത്തിന്റെ നേരിയ ലാഞ്ചന പോലുമില്ലാതിരുന്ന ശോകമൂകമായ രാഷ്ട്രീയാന്തരീക്ഷത്തിൽ, ഒരു ജനകീയ ബദലിന്റെ സാധ്യതയാണ് ആം ആദ്മി പാർട്ടിയിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. എന്നാൽ, ഒരു ദശകം കൊണ്ട് പാർട്ടിയ്ക്ക് എന്താണ് സംഭവിച്ചത്?

ദൽഹി നിയമസഭാ തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്ത് യോഗേന്ദ്ര യാദവ് ദ ഇന്ത്യൻ എക്സ്പ്രസിലൂടെയും മാധ്യമപ്രവർത്തക ബർഖാ ദത്തുമായി നടത്തിയ അഭിമുഖത്തിലൂടെയുമെല്ലാം നടത്തിയ നിരീക്ഷണങ്ങളിൽ ആം ആദ്മി പാർട്ടിയ്ക്കു സംഭവിച്ച രാഷ്ട്രീയ പരിണാമങ്ങളും അവ ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിനേൽപ്പിക്കുന്ന ആഘാതങ്ങളും വിശദമാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ആപ്പിൽനിന്നൊരു വോട്ട് ഷിഫ്റ്റ് സംഭവിച്ചത്? വോട്ട് ഷിഫ്റ്റിന്റെ കേന്ദ്രമാണ് ദൽഹി. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടു തവണയും ആം ആദ്മി പാർട്ടിയെ വിജയിപ്പിച്ച ദൽഹിയിലെ വോട്ടർമാർ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെയാണ് തെരഞ്ഞെടുത്തത്. 48- 22 എന്ന സീറ്റുനില ഒരു പാർട്ടിയുടെ സമ്പൂർണ തകർച്ചയുടെ സൂചനയല്ല. മാത്രമല്ല, ബി.ജെ.പിയും ആപ്പും തമ്മിലുള്ള വോട്ടുവിഹിതത്തിൽ 1.99 ശതമാനത്തിന്റെ വ്യത്യാസമേയുള്ളൂ (ബി.ജെ.പി: 45.56 ശതമാനം, ആപ്പ്: 43.57 ശതമാനം).
‘‘ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കിട്ടുന്ന വോട്ടുകൾ ആന്റി ബി.ജെ.പി ആയിരിക്കും. എന്നാൽ, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വോട്ടിൽ നല്ലൊരു പങ്ക് ആപ്പിനെതിരായ വോട്ടാണ്’’.
ഇത്തവണ സംഭവിച്ച വോട്ട് ഷിഫ്റ്റിന് ചില സവിശേഷതകളുണ്ടെന്ന് യോഗേന്ദ്ര യാദവ് പറയുന്നു: ‘‘മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയ്ക്ക് പിന്തുണ നൽകിയിരുന്നവരിൽ ഒരു വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിന് വോട്ട് ചെയ്തിരുന്നു. എന്നാൽ, ഇത്തവണ നിയമസഭയിലും ബി.ജെ.പിയ്ക്കുതന്നെ വോട്ടു ചെയ്തു. അതായത്, സാധാരണ നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിന് വോട്ടു ചെയ്തുവന്നിരുന്ന മോദിയെ പിന്തുണയ്ക്കുന്നവർ ഇത്തവണ കെജ്‌രിവാളിനല്ല വോട്ട് ചെയ്തത്. സാധാരണ നിലയ്ക്ക് ബി.ജെ.പിയിൽനിന്ന് ആം ആദ്മി പാർട്ടിയിലേക്ക് മാറുന്നവരിൽ പകുതിയോളം പേർ ഇത്തവണ ബി.ജെ.പിക്കൊപ്പം തന്നെ നിന്നു''.

ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചുനിന്നിരുന്നുവെങ്കിൽ ഏതാനും സീറ്റുകളിലെങ്കിലും ബി.ജെ.പിയെ തോൽപ്പിക്കാമായിരുന്നു എന്ന വാദം, 'ഇന്ത്യ' മുന്നണിയിലെ ചില ഘടകകക്ഷികൾക്കുണ്ട്. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ശിവസേന വിഭാഗം നേതാവ് ഉദ്ധവ് താക്കറേയുമെല്ലാം ആപ്പ്- കോൺഗ്രസ് ഭിന്നതയെയാണ് പരാജയ കാരണമായി വിലയിരുത്തുന്നത്.
കോൺഗ്രസ്- ആപ്പ് സഖ്യത്തിന് ദീർഘകാല ആയുസ്സുണ്ടാകില്ലെന്നതിന്റെ സൂചനകൾ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതലേ പ്രകടമായിരുന്നു. ഒരു ബി.ജെ.പി വിരുദ്ധ സഖ്യത്തിൽ ആപ്പ് അസുഖകരമായ ഒരവസ്ഥയിലായിരുന്നു. സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവ ആപ്പിന് പിന്തുണ നൽകി. അവർ ഇന്ത്യ മുന്നണിയിലെ നിർണായക കക്ഷികളാണ്. അവരുടെ ആപ്പിനുള്ള പിന്തുണ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ ബ്ലോക്ക് അനിശ്ചിതത്വത്തിലാണ് എന്ന സൂചനയാണ് നൽകിയത്.
‘‘വെൽഫെയർ പോളിസി ആവശ്യമാണ്. എന്നാൽ, അതുമാത്രം പോരാ. ഘടനാപരമായ മാറ്റങ്ങൾ അവഗണിക്കപ്പെട്ടു. അഴിമതിവിരുദ്ധ പോരാളികൾക്ക് തങ്ങളുടെ സ്വന്തം പ്രതിച്ഛായയെക്കുറിച്ച് കുറെക്കൂടി ജാഗ്രത വേണമായിരുന്നു. അഴിമതികളെക്കുറിച്ചുള്ള ഗൗരവകരമായ ആരോപണങ്ങളെ ജനം കണക്കിലെടുക്കില്ല എന്ന് പാർട്ടി സ്വയം കരുതി’’.
ആപ്പ് തോറ്റ 14 മണ്ഡലങ്ങളിൽ, ബി.ജെ.പി നേടിയ ഭൂരിപക്ഷത്തേക്കാൾകൂടുതൽ വോട്ട് കോൺഗ്രസ് നേടിയിരുന്നു. ന്യൂദൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനും ജങ്പുരയിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും എതിരെ ബി.ജെ.പി സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് ഇവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ നേടിയിട്ടുണ്ട്. ഇത്തരം കണക്കുകൂട്ടലുകളെ യോഗേന്ദ്ര യാദവ് തള്ളിക്കളയുന്നു: ‘‘കോൺഗ്രസും ആപ്പും ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ ജയം നേടാനാകുമായിരുന്നുവെന്ന വാദം ശരിയല്ല. ഇക്കാര്യത്തിൽ അക്കങ്ങൾ തമ്മിൽ കൂട്ടിക്കിട്ടുന്നതല്ല ശരിയായിരിക്കുക. കോൺഗ്രസിനു കിട്ടിയ എല്ലാ വോട്ടും ആന്റി ബി.ജെ.പി വോട്ടാണ് എന്ന നിഗമനം ശരിയല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കിട്ടുന്ന വോട്ടുകൾ ആന്റി ബി.ജെ.പി ആയിരിക്കും. എന്നാൽ, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വോട്ടിൽ നല്ലൊരു പങ്ക് ആപ്പിനെതിരായ വോട്ടാണ്. ഇരു പാർട്ടികളും ഒന്നിച്ചുനിന്നാലും അത് ആ സഖ്യത്തിനുമാത്രമായി കിട്ടുമായിരുന്നില്ല. പ്രതിപക്ഷം ഭിന്നിച്ചുനിന്നതുകൊണ്ടുമാത്രം സംഭവിച്ച പരാജയമല്ല ഇത്''.

കണക്കുകളല്ല, ഇലക്ഷൻ റിസൾട്ടിലെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുക എന്നത് ശരിയാണ്. അപ്പോൾ എന്തായിരിക്കും, ആപ്പിനെ തോൽപ്പിച്ച ദൽഹിയിലെ ജനങ്ങളുടെ തീരുമാനത്തിനുപുറകിൽ? ഒരു ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകളുയർത്തിയ ആം ആദ്മി പാർട്ടിയ്ക്ക് രാഷ്ട്രീയമായി എവിടെയാണ് പാളിച്ച സംഭവിച്ചത്?
പ്രത്യക്ഷത്തിലുള്ള ചില കാരണങ്ങൾ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു:
- മദ്യനയ അഴിമതിക്കേസും മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്കുവേണ്ടി ചെലവഴിച്ച കോടികളുമായി ബന്ധപ്പെട്ട വിവാദവും പാർട്ടിയുടെ സത്യസന്ധ പ്രതിച്ഛായയെ പ്രതിസന്ധിയിലാക്കി.
- ലഫ്റ്റനന്റ് ഗവർണറും ആപ്പ് സർക്കാറും തമ്മിലുള്ള പോര്.
- ഉറപ്പ് നൽകപ്പെട്ട ചില അടിസ്ഥാന പദ്ധതികൾ വിസ്മരിക്കപ്പെട്ടു.
‘‘തന്റെ സത്യസന്ധതയുടെ റഫറണ്ടമാണ് ഈ തെരഞ്ഞെടുപ്പ് എന്നുകൂടി കെജ്‌രിവാൾ പറഞ്ഞിരുന്നു. കെജ്‌രിവാളിന് ജനങ്ങളിൽനിന്ന് ഒരു സത്യസന്ധതാ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. അതാണ് ജനം നിഷേധിച്ചത്’’.
കഴിഞ്ഞ ഒരു ദശകത്തിലെ ആം ആദ്മി ഭരണത്തിന്റെ റഫറണ്ടമായിരുന്നു ഈ തെരഞ്ഞെടുപ്പ്. അതിന് ജനം 'നോ' എന്ന് ഉത്തരവും നൽകി. ശക്തമായ ഭരണവിരുദ്ധവികാരം ഇത്തവണയുണ്ടായിരുന്നു. CSDS- Lokniti സർവേയിൽ പറയുന്നത്, വികസന പ്രശ്‌നം, റോഡുകളുടെ തകർച്ച, മലിനീകരണം, മാലിന്യപ്രശ്‌നം, കുടിവെള്ള പ്രശ്‌നം തുടങ്ങിയവ ആം ആദ്മി പാർട്ടിയോടുള്ള അതൃപ്തിയായി വളർന്നിരുന്നുവെന്നാണ്. ദൽഹിയിലെ വോട്ടർമാരിൽ മൂന്നിൽ രണ്ടും ആപ്പ് സർക്കാർ പൂർണമായോ ഏതെങ്കിലും തരത്തിലോ അഴിമതി നിറഞ്ഞതാണ് എന്നാണ് എന്ന് CSDS- Lokniti സർവേയിൽ പറയുന്നു. ഇത്തരം ഘടകങ്ങൾ വോട്ട് വിഹിതത്തിൽ പൂർണമായി പ്രതിഫലിച്ചിട്ടില്ല എന്ന് യോഗേന്ദ്ര യാദവ് പറയുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം മാത്രമല്ല ആം ആദ്മി പാർട്ടിയെ ഇപ്പോഴത്തെ തോൽവിയിലേക്കു നയിച്ചത്. അതിന് ആപ്പിന്റെ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ രാഷ്ട്രീയ പരിണാമചരിത്രം യോഗേന്ദ്ര യാദവ് വിശകലനം ചെയ്യുന്നുണ്ട്.

‘‘ആം ആദ്മി പാർട്ടിയുടെ തോൽവി, ബദൽ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചു കൂടിയുള്ള തിരിച്ചടിയാണ്. എന്തുതന്നെയായാലും ആം ആദ്മി പാർട്ടി Ethical Politics, Good Governance, Smart policies എന്നിവയിലൂന്നിയ വലിയ പരീക്ഷണമാണ് തുടങ്ങിവച്ചത്. എന്നാൽ ഇത് ഒന്നോ രണ്ടോ ജനപ്രിയ പരിപാടികളിലേക്ക് ചുരുങ്ങി. ഇവ തീർച്ചയായും സാധാരണ മനുഷ്യരെ സംബന്ധിച്ച് മികച്ച ക്ഷേമനടപടികൾ തന്നെയായിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ, സർവതും അതിൽ കെട്ടിക്കിടന്നു. വെൽഫെയർ പോളിസി ആവശ്യമാണ്. എന്നാൽ, അതുമാത്രം പോരാ. ഘടനാപരമായ മാറ്റങ്ങൾ അവഗണിക്കപ്പെട്ടു. അഴിമതിവിരുദ്ധ പോരാളികൾക്ക് തങ്ങളുടെ സ്വന്തം പ്രതിച്ഛായയെക്കുറിച്ച് കുറെക്കൂടി ജാഗ്രത വേണമായിരുന്നു. അഴിമതികളെക്കുറിച്ചുള്ള ഗൗരവകരമായ ആരോപണങ്ങളെ ജനം കണക്കിലെടുക്കില്ല എന്ന് പാർട്ടി സ്വയം കരുതി''.
‘‘ബി.ജെ.പിയുടെ അതേ ഐഡിയോളജി കൊണ്ട് ബി.ജെ.പിയെ തോൽപ്പിക്കാനാകില്ല. എന്നാൽ, അതാണ് ആം ആദ്മി പാർട്ടി ചെയ്തത്. ബി.ജെ.പിയേക്കാൾ കൂടുതൽ ഹിന്ദുത്വ ആകുക. ജയ് ശ്രീരാം എന്നതിനുപകരം ജയ് ഹനുമാൻ വിളിക്കുക. ദൽഹി കലാപകാലത്ത് ഞെട്ടിപ്പിക്കുന്ന നിശ്ശബ്ദതയാണ് പാർട്ടി സ്വീകരിച്ചത്’’.
മനീഷ് സിസോദിയയെപ്പോലെ സ്വന്തം സീറ്റ് ഉപേക്ഷിക്കാതിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടിനെ യോഗേന്ദ്ര യാദവ് അഭിനന്ദിക്കുന്നുണ്ട്. എന്നാൽ, ന്യൂദൽഹിയിൽ തന്നെ മത്സരിക്കാനെടുത്ത തീരുമാനം അപകടകരമായ നീക്കമായിരുന്നു എന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്. കാരണം, ന്യൂദൽഹി ആംആദ്മി പാർട്ടിയുടെ സീറ്റല്ല എന്നോർക്കണം. പാർട്ടി തന്നെ കെജ്‌രിവാളിന്റെ വ്യക്തിത്വത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മാത്രമല്ല, തന്റെ സത്യസന്ധതയുടെ റഫറണ്ടമാണ് ഈ തെരഞ്ഞെടുപ്പ് എന്നുകൂടി കെജ്‌രിവാൾ പറഞ്ഞിരുന്നു. കെജ്‌രിവാളിന് ജനങ്ങളിൽനിന്ന് ഒരു സത്യസന്ധതാ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. അതായത്, ദൽഹി മദ്യനയത്തിൽ അഴിമതിയല്ല എന്ന സാക്ഷ്യപത്രം. കെജ്‌രിവാൾ തന്നെ ഈ മത്സരത്തെ ഇത്തരത്തിലേക്ക് മാറ്റിയെടുത്ത സ്ഥിതിക്ക് ഈ റിസൾട്ടിന്റെ പ്രത്യാഘാതത്തെയും അത്തരത്തിൽ നേരിടേണ്ടതല്ലേ?- യോഗേന്ദ്ര യാദവ് ചോദിക്കുന്നു.
ആം ആദ്മി പാർട്ടിയുടെ 'ഹിന്ദുത്വ പരീക്ഷണ'ങ്ങളെ, പാർട്ടിയുടെ നിലപാടില്ലായ്മയായി യോഗേന്ദ്ര യാദവ് വിലയിരുത്തുന്നു: ‘‘ദൽഹി ജനവിധി ഒരു കാര്യം വ്യക്തമായി പറയുന്നു. ബി.ജെ.പിയുടെ അതേ ഐഡിയോളജി കൊണ്ട് ബി.ജെ.പിയെ തോൽപ്പിക്കാനാകില്ല. എന്നാൽ, അതാണ് ആം ആദ്മി പാർട്ടി ചെയ്തത്. ബി.ജെ.പിയേക്കാൾ കൂടുതൽ ഹിന്ദുത്വ ആകുക. ജയ് ശ്രീരാം എന്നതിനുപകരം ജയ് ഹനുമാൻ വിളിക്കുക. ദൽഹി കലാപകാലത്ത് ഞെട്ടിപ്പിക്കുന്ന നിശ്ശബ്ദതയാണ് പാർട്ടി സ്വീകരിച്ചത്. ബുൾഡോസർ ഓപ്പറേഷനുകൾ, റോഹിംഗ്യകൾക്കെതിരായ നടപടികൾ എന്നിവയെല്ലാം ആപ്പിന്റെ ഭരണപരമായ പിഴവായിരുന്നില്ല എന്നോർക്കണം, പകരം ബി.ജെ.പിയേക്കാൾ തീവ്രമായ ഹിന്ദുത്വ പാർട്ടിയാണെന്ന് തെളിയിക്കാനുള്ള തന്ത്രമായിരുന്നു. ഇതോടെ, പാർട്ടി പറയുന്ന Secular idiom-ന് ജനങ്ങളുമായി ബന്ധമില്ലാതായി''.

ആം ആദ്മി പാർട്ടിയുടെ ഭാവി?
ഒരു നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി എന്നതിനേക്കാൾ വലിയ തിരിച്ചടിയാണ് പാർട്ടി ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടെയും തോൽവി ആപ്പിന്റെ ഭാവിയെക്കുറിച്ചുതന്നെ വലിയ ചോദ്യങ്ങളുയർത്തുന്നുണ്ട്. തോൽവിയുടെ പ്രത്യാഘാതം ഗുരുതരമാക്കുന്ന ചില ഘടകങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
- ആപ്പ് പൂർണമായും ഇലക്ടറൽ പാർട്ടിയാണ്.
- പൂർണമായും ദൽഹിയെ കേന്ദ്രീകരിച്ചുള്ള പാർട്ടിയാണ്.
- പൂർണമായും അരവിന്ദ് കെജ്‌രിവാളിനെ ചുറ്റിപ്പറ്റിയുള്ള പാർട്ടിയാണ്.
അതായത്, തെരഞ്ഞെടുപ്പുഫലത്തിലെ ഡാറ്റ സൂചിപ്പിക്കുന്നതിനേക്കാൾതിരിച്ചടിയാണ് രാഷ്ട്രീയമായി ആപ്പിനെ കാത്തിരിക്കുന്നത്: ‘‘പാർട്ടിയുടെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. പാർട്ടിയുടെ ആദർശങ്ങളിൽ വിശ്വസിച്ച് അതിനൊപ്പം നിൽക്കുന്ന സാധാരണ പ്രവർത്തകരെയും നേതാക്കളെയും സംബന്ധിച്ച് ദുർഘട സന്ധിയാണിത്. ഒരു ഇ.ഡി റെയ്‌ഡോ സി.ബി.ഐ റെയ്‌ഡോ ഉണ്ടായാൽ ഇവരിൽ എത്രപേർ പാർട്ടിക്കൊപ്പമുണ്ടാകും? പാർട്ടി ഗുജറാത്തിൽ മുമ്പുണ്ടാക്കിയ പരിമിതമായ ജയം പോലും ആവർത്തിക്കാനാകില്ല. അതിനാൽ, 2027 വരെ പാർട്ടി പഞ്ചാബിൽ മാത്രമായി ചുരുങ്ങും. എന്നാൽ, ഇപ്പോൾ അവിടെനിന്നു വരുന്ന വാർത്തകൾ പാർട്ടിക്ക് അത്ര ശുഭകരവുമല്ല. ഈ ഇലക്ഷൻ തോൽവി കൊണ്ട് ബി.ജെ.പി അവസാനിപ്പിക്കില്ല. അവർ സമ്പൂർണ ആധിപത്യമാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമം തെരഞ്ഞെടുപ്പിനുശേഷവും തുടരും. അവർ ആം ആദ്മി പാർട്ടിയെ പിളർത്താൻ ശ്രമിക്കും. അത് ആപ്പിന്റെ നിലനിൽപ്പിനുതന്നെ വെല്ലുവിളിയുയർത്തും. എന്ന്, എങ്ങനെ എന്ന് കൃത്യമായി ഇപ്പോൾ പറയാനാകില്ല, അതുകൊണ്ട് ഭാവി, ആപ്പിന്റെ ഐക്യത്തെക്കുറിച്ചുള്ള വലിയ ചോദ്യം കൂടി ഉയർത്തുന്നുണ്ട്''- യോഗേന്ദ്ര യാദവ് പറയുന്നു.
ഇത്തവണ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്ത മുസ്‌ലിംകൾ, കടുത്ത നീരസത്തോടെ തന്നെയായിരിക്കും വോട്ട് ചെയ്തിരിക്കുക. കോൺഗ്രസിന് അവർ വോട്ടു ചെയ്‌തേനേ. എന്നാൽ, ദൽഹിയിൽ കോൺഗ്രസ് എവിടെയാണുണ്ടായിരുന്നത്?
കോൺഗ്രസ് ശരിക്കും ഉണ്ടോ?
കോൺഗ്രസിനെ സംബന്ധിച്ചും ഇത് വൈകാരിക ആഹ്ലാദത്തിനുള്ള സന്ദർഭമല്ല എന്ന് യോഗേന്ദ്ര യാദവ് പറയുന്നു: ''ആപ്പിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയാകരുത് കോൺഗ്രസ്. കാരണം, ഐഡിയോളജിക്കലായി ആം ആദ്മി പാർട്ടിയാണ് ബി.ജെ.പിയുമായി ഒന്നുകൂടി അടുത്തുനിൽക്കുന്ന പാർട്ടി, കോൺഗ്രസിനേക്കാളും''.
ദൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എന്താണ് സംഭവിച്ചത്?: ‘‘ധാരാളം മുസ്‌ലികളും നിരവധി ദലിതുകളും കോൺഗ്രസിന് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, സാഹചര്യം നോക്കിയാണ് അവർ കോൺഗ്രസിനെ പരിഗണിക്കുക. ഇത്തവണ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്ത മുസ്‌ലിംകൾ, കടുത്ത നീരസത്തോടെ തന്നെയായിരിക്കും വോട്ട് ചെയ്തിരിക്കുക. കോൺഗ്രസിന് അവർ വോട്ടു ചെയ്‌തേനേ. എന്നാൽ, ദൽഹിയിൽ കോൺഗ്രസ് എവിടെയാണുണ്ടായിരുന്നത്? കഴിഞ്ഞ ആറു മാസം യാത്രകളൊക്കെ നടത്തി നന്നായി പ്രവർത്തിച്ചതുകൊണ്ട് കാര്യമില്ല. കഴിഞ്ഞ അഞ്ചു വർഷം കോൺഗ്രസ് എവിടെയായിരുന്നു എന്നതാണ് അവർ ചോദിക്കുന്നത്. ഗൗരവകരമായ ബദൽ പാർട്ടിയ്ക്ക് കെട്ടിപ്പടുക്കാനായോ? കോൺഗ്രസിന് ദൽഹിയിൽ ഒരു potential base ഉണ്ടായിരുന്നു. ആം ആദ്മി പാർട്ടി ദുർബലമാകുന്ന അവസ്ഥയിൽ ആ ബേസ് വികസിപ്പിക്കാനാകുമായിരുന്നു''.
പ്രതിസ്ഥാനത്തെ പ്രതിപക്ഷം
ദൽഹിയിൽ ആം ആദ്മി പാർട്ടി ധാർമികമായി കൂടി തകരുന്നത് വികാരപരമായ ആഹ്ലാദത്തിനുള്ള സന്ദർഭമല്ല എന്ന്, പാർട്ടി നയങ്ങളുടെ കടുത്ത വിമർശകൻ കൂടിയായ യോഗേന്ദ്ര യാദവ് പറയുന്നു: ‘‘ഇത് തീർച്ചയായും വലിയ തിരിച്ചടിയാണ്. ആ പാർട്ടിക്കും എന്നെപ്പോലെ പാർട്ടിയിലില്ലാത്തവർക്കും അതിനെ എതിർക്കുന്നവർക്കും ബദൽ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്കും ഐക്യപ്പെട്ടതും അല്ലാത്തതുമായ മുഴുവൻ ദേശീയ പ്രതിപക്ഷത്തിനും ഭരണഘടന സംരക്ഷിക്കുമെന്ന് കാമ്പയിൻ ചെയ്ത മനുഷ്യർക്കും. കാരണം, ബി.ജെ.പിയുടെ രാഷ്ട്രീയം സമ്പൂർണ രാഷ്ട്രീയാധിപത്യത്തിന്റേതാണ്. അത് വെറും ഇലക്ടറൽ ജയത്തിൽ ഒതുങ്ങുന്നില്ല. അതുകൊണ്ടുതന്നെ മൂന്ന് ദശാബ്ദങ്ങൾക്കുശേഷമുള്ള ഈ വിജയം ആ പാർട്ടിയുടെ സമ്പൂർണ രാഷ്ട്രീയാധിപത്യത്തിനായുള്ള ത്വരയ്ക്ക് ഉത്തേജനമാകും''.

ബി.ജെ.പിയെ കൃത്യമായി മനസ്സിലാക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾക്ക് സംഭവിക്കുന്ന രാഷ്ട്രീയ പാളിച്ചകളെ യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നു: ‘‘ബി.ജെ.പി തോൽവിയിൽനിന്ന് പാഠം പഠിക്കുന്നുണ്ട്, എന്നാൽ, പ്രതിപക്ഷം തോൽവിയിൽ നിന്നു മാത്രമല്ല ജയങ്ങളിൽ നിന്നുപോലും ഒരു പാഠവും പഠിക്കുന്നില്ല. എന്തുകൊണ്ട് തങ്ങൾക്ക് ഭാഗിക ജയമുണ്ടായി എന്നുപോലും പ്രതിപക്ഷം തിരിച്ചറിയുന്നില്ല. പകരം അവർ ഇലക്ഷൻ കമീഷനെ വിമർശിക്കുന്നു. എന്നാൽ അത് മാത്രമാണോ തോൽവിയ്ക്ക് കാരണം? ഞാൻ ബി.ജെ.പി ആരാധകനല്ല. എങ്കിലും ഒരു കാര്യം പറയാം. ഒരു സംഘടന എന്ന നിലയിൽ, സ്വന്തം തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിൽ ബി.ജെ.പിയുടെ ശേഷി കാണാതിരുന്നുകൂടാ. അവർ സ്വന്തം തന്ത്രങ്ങൾ നന്നായി തുടങ്ങിവെക്കും, അത് നന്നായി നടപ്പാക്കാനുള്ള ശേഷിയുമുണ്ട്. വ്യക്തിപരമായ അഭിലാഷങ്ങളെ സംഘടനാപരമായ അഭിലാഷങ്ങളുമായി ചേർത്തുകൊണ്ടുപോകാനുള്ള ആ പാർട്ടിയുടെ ശേഷിയാണ് മറ്റൊന്ന്. എല്ലാ സംഘടനകളും, പ്രത്യേകിച്ച് രാഷ്ട്രീയപാർട്ടികൾ, വ്യക്തിപരമായ അഭിലാഷങ്ങളാൽ ചലിക്കുന്നവയോ അവയെ ചേർത്തുപിടിക്കുന്നവയോ അല്ല. ആ പാർട്ടികളുടെ അടിത്തട്ടിലുള്ളവർ പൊളിറ്റിക്കൽ കരിയർ ആഗ്രഹിക്കുന്ന രാഷ്ട്രീയ സംരംഭകർ മാത്രമായിരിക്കും. എന്നാൽ, ബി.ജെ.പി, പാർട്ടിയിലുള്ള മനുഷ്യരുടെ വ്യക്തിപരമായ അഭിലാഷങ്ങളെയും ഡ്രൈവുകളെയും സംഘടനാപരമായ നേട്ടങ്ങളുടെ ഭാഗമാക്കി മാറ്റുന്നു''.
‘‘ബി.ജെ.പി തോൽവിയിൽനിന്ന് പാഠം പഠിക്കുന്നുണ്ട്, എന്നാൽ, പ്രതിപക്ഷം തോൽവിയിൽ നിന്നു മാത്രമല്ല ജയങ്ങളിൽ നിന്നുപോലും ഒരു പാഠവും പഠിക്കുന്നില്ല’’.
ബി.ജെ.പി, തങ്ങളുടെ നിലപാടുകളിൽ തന്ത്രപരമായി നടത്തുന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്ന വിമർശനവും യോഗേന്ദ്ര യാദവ് മുന്നോട്ടുവക്കുന്നുണ്ട്: ‘‘ഭരണഘടനാവിരുദ്ധത തിരിച്ചടിയാകുമെന്ന് ബി.ജെ.പി മനസ്സിലാക്കിയതുകൊണ്ടാണ് പ്രധാനമന്ത്രി ഭരണഘടനയ്ക്കുമുന്നിൽ കുമ്പിടുന്നത്. പ്രകൃതി മൈതാനത്തെ ബുക്ക് ഫെയറിലുള്ള സെൽഫി പോയന്റ് ഇപ്പോൾ മോദിയുടേതുമാത്രമല്ല, ഭരണഘടനയുടേതുമാണ്. ഈ മാറ്റം മനസ്സിലാക്കാതെ പ്രതിപക്ഷം ഇപ്പോഴും അതേ ഭാഷയും ടെർമിനോളജിയും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാപരമായ റിപ്പബ്ലിക്ക് എന്ന രാജ്യത്തിന്റെ നിലനിൽപ്പിന് ബി.ജെ.പി ഭീഷണിയാണ് എന്ന് പ്രതിപക്ഷം കരുതുന്നുണ്ടെങ്കിൽ, ഇത് ജനങ്ങളുമായി വിനിമയം ചെയ്യണമെങ്കിൽ, ഭരണഘടനയും അത് നേരിടുന്ന ഭീഷണികളും ജനങ്ങളുടെ ദൈനംദിന ജീവിതാശങ്കകളുടെ ഭാഗമാക്കുകയാണ് വേണ്ടത്. അല്ലാതെ, ഒരു സംഗ്രഹം എന്ന നിലയ്ക്ക് ഭരണഘടനയെ പ്രദർശിപ്പിക്കുകയല്ല. ഭരണഘടനയെ വനാവകാശങ്ങളായും സംവരണമായും ന്യൂനപക്ഷങ്ങളുടെ സുരക്ഷയായും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനുള്ള ചെറുപ്പക്കാരുടെ അവകാശങ്ങളുമായുമെല്ലാം വിവർത്തനം ചെയ്യണം. ഇതൊന്നും പ്രതിപക്ഷം ചെയ്യുന്നില്ല''.

പാർലമെന്റിൽനിന്ന്
തെരുവിലേക്കു പടരണം, പ്രതിപക്ഷം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ 'ഇന്ത്യ' സഖ്യം ഒരുമിച്ചുനിന്ന്, രാജ്യത്തിന് ബദൽ രാഷ്ട്രീയ പ്രതീക്ഷ നൽകാനായിരുന്നുവെങ്കിൽ സാഹചര്യം മാറുമായിരുന്നുവെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്. എന്നാൽ, വെറും സീറ്റ് അഡ്ജസ്റ്റുമെന്റുകൾ മാത്രമാണ് നടന്നത്. അതേസമയം, ദൽഹി റിസൾട്ട് മറ്റൊരു സാധ്യതയും പ്രതിപക്ഷത്തിനുമുന്നിൽ തുറക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം: ‘‘ഒരു one upmanship ഇനി സാധ്യമല്ല. ചെറിയ ചെറിയ താൻപോരിമകൾ അവസാനിപ്പിക്കണം. നിസ്സാര തർക്കങ്ങൾ ഒഴിവാക്കി എല്ലാവരും ചേർന്ന് മുന്നോട്ടു നയിക്കണം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 'ഇന്ത്യ' മുന്നണി ഒരു സഖ്യമായി പ്രവർത്തിച്ചിട്ടില്ല. ആവേശം ചോർന്നുപോയിട്ടുണ്ട്. ഇതാണ് ബി.ജെ.പി ഉപയോഗപ്പെടുത്തിയത്. ഒന്നിച്ചുനിന്ന്, 'ഇന്ത്യ' സഖ്യം ഇപ്പോഴും അലൈവ് ആണെന്നും അതിന് കിക്ക് ചെയ്യാനാകുമെന്നും രാജ്യത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുക. അതിനായി, വിപുലമായ ഒരു അജണ്ട അവതരിപ്പിക്കുക. ഉദാഹരണത്തിന്, രാജ്യത്തിനുവേണ്ടി ഞങ്ങൾ അഞ്ച് കാര്യങ്ങൾ ചെയ്യാനുദ്ദേശിക്കുന്നു എന്നൊരു പ്രഖ്യാപനമാകാം''.
‘‘ആപ്പ് ഈ തോൽവി അർഹിച്ചിരുന്നു. എങ്കിലും ആപ്പ് എന്ന പരീക്ഷണത്തിന്റെ തോൽവി ഭാവിയിലേക്കുള്ള ബദൽ രാഷ്ട്രീയത്തിന്റെ വാതിലുകൾ അടച്ചുകളയുന്നതാണ്’’
പാർലമെന്റിലെ സഹകരണം കൊണ്ടുമാത്രം ഒരു ദേശീയ ബദൽ സാധ്യമാകില്ലെന്നുകൂടി യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു: ‘‘പാർലമെന്റിലെ സഹകരണം ഈ രാജ്യത്തെ തെരുവുകളിലേക്കുകൂടി പടരണം. കർഷകർ മിനിമം താങ്ങുവിലയ്ക്കായി വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ആ പ്രക്ഷോഭത്തെ പിടിച്ചെടുക്കുന്നതിനുപകരം അവർക്കുപിന്നിൽ അണിനിരന്ന് അതിന് ഊർജം പകരണം. ചില നേതാക്കൾ അദാനിയെക്കുറിച്ച് പറയുന്നുണ്ട്. അത് തീർച്ചയായും വലിയ പ്രശ്‌നമാണ്. എന്നാൽ, പ്രതിപക്ഷം മുഴുവൻ അത് പറയുന്നുണ്ടോ? ആക്ഷൻ അജണ്ടകളിൽ യോജിപ്പുവേണം. ഇലക്ഷൻ സമയത്തുണ്ടാക്കുന്ന സീറ്റ് ധാരണയല്ല യഥാർഥ പ്രതിപക്ഷ ഐക്യം, അത് ഇന്നത്തെ സാഹചര്യത്തിൽ ഭരണഘടനാവിരുദ്ധമായ നീക്കങ്ങൾക്കും ജനാധിപത്യ വിരുദ്ധതക്കും ബജറ്റിലെ ജനവിരുദ്ധനീക്കങ്ങൾക്കും എതിരായ യോജിപ്പാണ്''.

‘‘ആപ്പ് ഈ തോൽവി അർഹിച്ചിരുന്നു. വളരെ മുമ്പ് പാർട്ടിക്കുണ്ടായിരുന്ന ധാർമികമായ അടിത്തറ നഷ്ടമായിരിക്കുന്നു. 'ദൽഹി മോഡൽ' ഒരു മോഡലല്ല. എങ്കിലും ആപ്പ് എന്ന പരീക്ഷണത്തിന്റെ തോൽവി ഭാവിയിലേക്കുള്ള ബദൽ രാഷ്ട്രീയത്തിന്റെ വാതിലുകൾ അടച്ചുകളയുന്നതാണ്’’- ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനാമൂല്യങ്ങളുടെയും ബഹുസ്വരതയിലധിഷ്ഠിതമായ ഫെഡറലിസത്തിന്റെയുമെല്ലാം കടയ്ക്കൽ കത്തിയാഴ്ത്തുന്ന ബി.ജെ.പി എന്ന രാഷ്ട്രീയ സംവിധാനത്തിനെതിരായ ഏതൊരു ചെറുത്തുനിൽപ്പും പ്രസക്തമായതുകൊണ്ടാണ് യോഗേന്ദ്ര യാദവിനെപ്പോലുള്ളവർ, ആംആദ്മി പാർട്ടിയുടെ അനിവാര്യമായ തോൽവിയെ ഭാവിയെക്കുറിച്ചുള്ള ഒരാശങ്കയായി വിലയിരുത്തുന്നത്.