2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം 403 സീറ്റുകളിലെ ജയപരാജയങ്ങളിൽ ഒതുങ്ങുന്നതല്ല.
ദേശീയ പ്രതിപക്ഷവും വിദ്യാർത്ഥിസംഘടനകളും പൗരസമൂഹവും ഒന്നാകെ നരേന്ദ്രമോദി സർക്കാറിനെതിരെ ഉറച്ച രാഷ്ട്രീയനിലപാടോടെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് യു.പി ഇലക്ഷൻ വരുന്നത്.
ഈ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയമായ ഇംപാക്റ്റ് യു.പി ഇലക്ഷനിൽ അതേപടി ഉണ്ടാകാനിടയില്ല. കാരണം, ഇലക്ടറൽ പൊളിറ്റിക്സ് ഒരു മാനിപ്പുലേറ്റീവ് സംവിധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു; വോട്ടിങ് മുതൽ അതിന്റെ രാഷ്ട്രീയ ഉള്ളടക്കം വരെ. ആ മാനിപ്പുലേഷനിലൂടെ യോഗി എന്ന ബ്രാൻഡിനെ ഇത്തവണയും ജയിപ്പിച്ചെടുക്കാനാകുമോ എന്നതാണ് യു.പിയുടെ ചോദ്യം.
യു.പിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ആർ.എസ്.എസിനെ സംബന്ധിച്ച് അത്ര പ്രതീക്ഷാനിർഭരമല്ല കാര്യങ്ങൾ.
2017-ൽ RSS പ്രതിഷ്ഠിച്ച യോഗി ബ്രാൻഡ് കെട്ടു പോയിരിക്കുന്നു. ഭരണവിരുദ്ധവികാരം വേണ്ടത്ര, ജനങ്ങളിലും പാർട്ടിയിലും. അടിയന്തര തിരുത്തലില്ലെ-കിൽ 50- നും 65-നും ഇടയ്ക്ക് സീറ്റുകൾ നഷ്ടപ്പെടുമെന്ന് ബി.ജെ.പിയുടെ ആഭ്യന്തര അവലോകന റിപ്പോർട്ട്. 35 ശതമാനം എം. എൽ.എമാരും പ്രാദേശികമായി കടുത്ത എതിർപ്പ് നേരിടുന്നതായി പ്രാദേശിക നേതൃത്വങ്ങൾ പറയുന്നു.
ഈ സാഹചര്യം നേരിടാൻ RSS ഗ്രാമങ്ങളിൽ നേരിട്ട് ജനസമ്പർക്കം നടത്തുകയാണ്. യോഗിയാകട്ടെ, മോഹൻ ഭാഗവത് അടക്കമുള്ള ആർ.എസ്.എസ് നേതാക്കളുടെ സമക്ഷം സ്വയം സമർപ്പിച്ചാണ് ജീവിതം, ഏതാനും മാസങ്ങളായി.
യോഗിയും അമിത് ഷായും തമ്മിലുള്ള ഇരിപ്പുവശവും അത്ര സുഖകരമല്ല. ഇലക്ഷനുമുമ്പ് നേരിട്ടൊരു നേതൃമാറ്റം ആവശ്യപ്പെടുന്നതിനുപകരം, യു.പിയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സ്വാഭാവികമായി യോഗിക്കെതിരെ തിരിയുന്നത് ക്ഷമാപൂർവം കാത്തിരിക്കുകയാണ് അമിത് ഷാ.
യോഗിയുടെ ഉറക്കം കെടുത്തുന്ന പ്രധാന സംഭവം അയോധ്യയിലെ ക്ഷേത്രക്കൊള്ളയാണ്. അയോധ്യയിലെ രാമനെ ഇത്തവണ പോളിങ്ബൂത്തിലേക്ക് ആനയിക്കാനാകില്ല. കാരണം, ഇതേ രാമന് വിശ്വാസികൾ നൽകിയ കോടികളുടെ സംഭാവനയാണ് കൊള്ളയടിച്ചത്. ക്ഷേത്രക്കൊള്ളയുടെ നൂറുകണക്കിന് റീലുകൾ ഗ്രാമങ്ങളിൽ പ്രചരിക്കുന്നു. ഇവ സവർണ ജെൻസി വോട്ടുബാങ്കിനെ സ്വാധീനിക്കുമെന്ന പേടി പാർട്ടിക്കുണ്ട്.
'യു.പിയുടെ ബ്രാൻഡാണ് ബുൾസോസർ' എന്ന് പ്രഖ്യാപിച്ച യോഗിക്ക്, അതേ ബുൾഡോസർ, ഈ കൊള്ള നടത്തിയ ഒരു പ്രതി പണിയുന്ന 80 ലക്ഷം രൂപ വിലയുള്ള ഒരു കെട്ടിടത്തിനുനേർക്ക് തിരിച്ചുവെക്കേണ്ടിവന്നു. അയോധ്യ ക്ഷേത്രത്തിൽ 20,000 രൂപ ശമ്പളക്കാരനായ ലവ്കുശ മിശ്ര ഭാര്യയുടെ പേരിൽ, കൊള്ളമുതൽ കൊണ്ട് പണിയുന്ന വീട് പൊളിക്കാൻ, ആയിരക്കണക്കിന് മുസ്ലിംകളുടെ വീടുകളും കടകളും തകർത്ത അതേ ബുൾഡോസർ വേണ്ടിവന്നു.
യോഗി പെട്ടെന്ന് തട്ടിക്കൂട്ടിയ അന്വേഷണസംഘം പ്രതികളെ രക്ഷിക്കാനായിരുന്നുവെന്ന് തെളിഞ്ഞു. സുപ്രീംകോടതി മേൽനോട്ടത്തിൽ പുതിയ എസ്.ഐ.ടി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നു.
അയോധ്യയെ മുൻനിർത്തിയുള്ള വർഗീയ മുതലെടുപ്പുകളുടെ സാധ്യത ഏതാണ്ട് അടഞ്ഞുപോയിരിക്കുന്നു.
SIR എന്ന പാർട്ടി ആയുധമാണ് ഇപ്പോൾ യോഗിയുടെ തുരുപ്പുശീട്ട്. വോട്ടർപട്ടികയിൽനിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരെ നീക്കി എന്നാണ് ആരോപണം. മാത്രമല്ല, മുസ്ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനത്തിന്റെ വർധനവുമുണ്ടായി എന്നും യോഗി പറയുന്നു. ഇലക്ഷൻ കമീഷന്റെ SIR കണക്കുമായി ഒത്തുപോകാത്ത വ്യാജകണക്കാണ് യോഗിയുടേത്.
വോട്ടർപട്ടികയെ മുൻനിർത്തിയുള്ള ഈ ഹിന്ദു കാർഡിനു പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ട്. ആരോപണത്തിനു തൊട്ടുപുറകേ, ഒരന്വേഷണവും ആവശ്യപ്പെടാതെ, പകരം ഒരു കാമ്പയിൻ പ്രഖ്യാപിക്കുകയാണ് യോഗി ചെയ്തത്. ഒരു കോടി ഹിന്ദു വോട്ടർമാരെ തിരികെ പട്ടികയിലെത്തിക്കാനുള്ള കാമ്പയിൻ. തിരികെക്കയറ്റുന്നവർ ആരാണ്, എവിടെനിന്നാണ് എന്ന് പാർട്ടി തീരുമാനിക്കും.
SIR-ലൂടെ ഒഴിവാക്കപ്പെട്ടവരിൽ, മതം തിരിച്ചുള്ള കണക്ക് യോഗിക്ക് എവിടെനിന്നാണ് കിട്ടിയത് എന്ന് അഖിലേഷ് യാദവ് ചോദിക്കുന്നുണ്ട്.
യു.പിയിലെ മുഖ്യ ഇലക്ഷൻ കമീഷണർക്ക് സമാജ്വാദി പാർട്ടി 100 നിയമസഭാ മണ്ഡലങ്ങളിലെ ഒരു ലിസ്റ്റ് സമർപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഡ്യൂപ്ലിക്കേറ്റ് പേരുകളാണ് ഈ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലുള്ളത്. വിവിധ പോളിങ് ബൂത്തുകളിൽ, വ്യത്യസ്ത വോട്ടർ ഐ.ഡി കാർഡുകളുപയോഗിച്ച് രണ്ടു മൂന്നും അഞ്ചും തവണ ഒരേ പേരുകൾ തന്നെ ചേർത്തിരിക്കുന്നു. ഈ 100 സീറ്റിൽ 43 എണ്ണം 2022-ലെ ഇലക്ഷനിൽ സമാജ്വാദി പാർട്ടി നേരിയ ഭൂരിപക്ഷത്തിന് ജയിച്ചതോ, നേരിയ വോട്ടിന് തോറ്റതോ ആയ മണ്ഡലങ്ങളാണ്.
2022-ൽ 403 അംഗ നിയമസഭയിൽ എൻ.ഡി.എ 273 സീറ്റിലും എസ്.പി സഖ്യം 125 സീറ്റിലുമാണ് ജയിച്ചത്. 2017-ൽ എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള വോട്ടുവ്യത്യാസം 1.55 കോടിയായിരുന്നു. 2022-ൽ അത് 85 ലക്ഷമായി കുറഞ്ഞത് ബി.ജെ.പിയെ പരിഭ്രാന്തരാക്കുന്നുണ്ട്.
ഇങ്ങനെ ബി.ജെ.പിയും ആർ.എസ്.എസും അടിത്തട്ടു പ്രവർത്തനം തകൃതിയായി നടത്തുമ്പോഴാണ്, ബി.ജെ.പിക്കുമുന്നിൽ ഒരു അപ്രതീക്ഷിത സാധ്യത പൊട്ടിവീണത്.
ഒരു പുതിയ രാഷ്ട്രീയ സഖ്യം: സമാജിക് പരിവർത്തൻ മോർച്ച. സഖ്യകക്ഷികൾ നിസ്സാരക്കാരല്ല. ചന്ദ്രശേഖർ ആസാദും അസദ്ദുദ്ദീൻ ഒവൈസിയും. ആസാദാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. 403 സീറ്റിലും സഖ്യം മത്സരിക്കും.
19 ശതമാനം വരുന്ന മുസ്ലിംകളെയും 21 ശതമാനം വരുന്ന ദലിതുകളളെയും 41 ശതമാനം വരുന്ന ഒ.ബി.സിയെയും ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്തുകയാണ് പുതിയ സഖ്യത്തിന്റെ പരിപാടി.
സമാജ്വാദി പാർട്ടിയുടെ അതേ പരിപാടി തന്നെ. സംസ്ഥാനത്തെ 80 ശതമാനം പേരെയും ഉൾക്കൊള്ളുന്ന PDA ഫോർമുലയാണ് എസ്.പിയുടേത്. യാദവേതര ഒ.ബി.സി, ദലിത്, ന്യൂനപക്ഷ സഖ്യം: 2024-ലെ ലോക്സഭാ ഇലക്ഷനിൽ സമാജ്വാദി പാർട്ടിയെ വിജയിപ്പിച്ച തന്ത്രം.
ഇതേ വോട്ട്ബാങ്കിലാണ് ബി.ജെ.പിയുടെയും കണ്ണ്. അതിലേക്ക് ഒരു പുതിയ സഖ്യം കൂടി വരുമ്പോൾ അത് ആരെയാകും സഹായിക്കുക? പിന്നാക്ക- അതി പിന്നാക്ക ഹിന്ദു വോട്ടുകൾ വിഭജിക്കുന്നത്, ബി.ജെ.പി വിരുദ്ധ സഖ്യത്തെ ദുർബലമാക്കുമെന്ന് കണക്കുകൾ കാണിക്കുന്നു.
അപ്പോൾ സമാജിക് പരിവർത്തൻ മോർച്ച എന്ന പുതിയ സഖ്യം ആരെയാണ് സഹായിക്കുക? ഒവൈസി എന്ന ദുരൂഹ രാഷ്ട്രീയ സമസ്യയുടെ സാന്നിധ്യമാണ് ഈ ചോദ്യമുയർത്തുന്നത്.
ഒവൈസിയുടെ മത്സരങ്ങൾ ബീഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, യു.പി, ജാർക്കണ്ഠ് സംസ്ഥാനങ്ങളിലെ നിർണായക തെരഞ്ഞെടുപ്പുകളിൽ മുമ്പും ബി.ജെ.പി വിരുദ്ധ സഖ്യങ്ങളെ പിളർത്തുകയും ബി.ജെ.പിക്ക് അനുകൂലമായ റിസൾട്ടുകൾ ഉണ്ടാക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ബീഹാറിൽ 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം സ്വാധീനമേഖലയായ സീമാഞ്ചലിൽ ഒവൈസിയുടെ പാർട്ടി 25 സീറ്റിൽ മത്സരിച്ചു, അഞ്ചെണ്ണം നിലനിർത്തി. എന്നാൽ, ആർ.ജെ.ഡി- കോൺഗ്രസ് സഖ്യത്തെ പിന്തള്ളി എൻ.ഡി.എ 25-ൽ 14 സീറ്റും നേടിയത് ഒവൈസിയുടെ വോട്ട് വിഭജനം മൂലമായിരുന്നു.
മഹാരാഷ്ട്രയിൽ 2014, 2019 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിരവധി മണ്ഡലങ്ങളിൽ പ്രതിപക്ഷത്തിന് ലഭിക്കേണ്ട സെക്യുലർ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഒവൈസിക്കു കഴിഞ്ഞു.
ഇത്തവണയും യു.പിയിലെ ഒവൈസി- ആസാദ് സഖ്യം ബി.ജെ.പിക്കെതിരായ പിന്നാക്ക- ദലിത്- മുസ്ലിം വോട്ട് കേന്ദ്രീകരണത്തെയാണ് ദുർബലമാക്കാൻ പോകുന്നത്. മുസ്ലിം വോട്ടിന് സ്വാധീനമുള്ള പടിഞ്ഞാറൻ യു.പിയിലും ദലിത് സ്വാധീനമേഖലയായ പൂർവാഞ്ചലിലുമാണ് പുതിയ സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ മേഖലകളിൽ മൂന്നു മുതൽ ഏഴു ശതമാനം വരെ വോട്ട് പുതിയ സഖ്യം പിടിച്ചാൽ, നേരിയ ഭൂരിപക്ഷത്തിന് ജയപരാജയങ്ങൾ നിർണയിക്കുന്ന മണ്ഡലങ്ങളിൽ അത് ബി.ജെ.പിയെ തുണയ്ക്കും.
സംസ്ഥാനത്ത് 59 സീറ്റിലാണ് മുസ്ലിം വോട്ടുകൾ ഏറ്റവും നിർണായകം. 2022-ൽ ഈ മേഖലയിൽ 22 സീറ്റ് ബി.ജെ.പിയും 34 സീറ്റ് എസ്.പിയുമാണ് നേടിയത്. ഈ സമവാക്യമാണ് ഇത്തവണ ഒവൈസിയുടെ സഖ്യം പൊളിക്കാൻ പോകുന്നത്. കഴിഞ്ഞ തവണ 39.3 ശതമാനം വോട്ടോടെ ബി.ജെ.പിയ്ക്കും 39.1 ശതമാനം വോട്ടോടെ എസ്.പിയ്ക്കും ഇടയിൽ ഷെയർ ചെയ്യപ്പെട്ട മുസ്ലിം വോട്ടിന് ഒരു അവകാശി കൂടിയാകുമ്പോൾ, ഫലം ബി.ജെ.പിക്ക് അനുകൂലമായേക്കാം.
എസ്.സി- എസ്.ടി ഭൂരിപക്ഷ സീറ്റുകളുടെ കാര്യത്തിലും ഇതേ പിളർപ്പ് സംഭവിച്ചേക്കാം. എസ്.സി- എസ്.ടി വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള 86 സീറ്റുകളിൽ, 2022-ൽ 52 സീറ്റിൽ ബി.ജെ.പിയാണ് ജയിച്ചത്. 23 സീറ്റിൽ എസ്.പിയും. നേരിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ ജയപരാജങ്ങൾ തീരുമാനിക്കപ്പെടുമ്പോൾ ഒവൈസി- ആസാദ് സഖ്യം നേടുന്ന വോട്ടുകൾ സെക്യുലർ വോട്ടുകളെ ഭിന്നിപ്പിക്കാനിടയുണ്ട്.
യുവ ദലിതുകൾക്കിടയിൽ ഏറെ സ്വാധീനമുള്ള ചന്ദ്രശേഖർ ആസാദിന്റെ ഒവൈസിയുമായുള്ള സഖ്യനീക്കം അപ്രതീക്ഷിതമായിരുന്നു. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യു.പിയിൽ ആസാദിന്റെ ആസാദ് സമാജ് പാർട്ടിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 110 സീറ്റിൽ മത്സരിച്ചു, എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി. നേടിയത് പോൾ ചെയ്ത വോട്ടിന്റെ 0.13 ശതമാനം മാത്രം.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആസാദിന്റെ ജയം ഒഴിച്ചാൽ മത്സരിച്ച മറ്റു മൂന്നിടത്തും പാർട്ടി ഒലിച്ചുപോയി. ഈ തോൽവികൾക്കിടയിലും, നാഗിനയിൽ ആസാദിന്റെ ജയം, ബഹുജൻ രാഷ്ട്രീയത്തിന് നൽകിയ ഊർജ്ജം ചെറുതല്ല. മുഖ്യധാരാ സഖ്യങ്ങളിൽനിന്ന് അകന്നുനിന്ന്, സാമൂഹിക നീതിയുടെ രാഷ്ട്രീയം കൃത്യമായി ഉയർത്തിപ്പിടിച്ചാണ് ആസാദ് ഈ ജയം നേടിയത്.
ഇപ്പോൾ, എസ്.പി- കോൺഗ്രസ് സഖ്യവും ബി.എസ്.പിയും പ്രതിനിധീകരിക്കുന്ന ബി.ജെ.പി വിരുദ്ധ വോട്ട് ബാങ്കിലേക്കാണ് ഒവൈസി- ആസാദ് സഖ്യം കൂടിയെത്തുന്നത്. അതിന്റെ ഫലം, ബി.ജെ.പി വിരുദ്ധ സെക്യുലർ വോട്ട് ബാങ്കിനെ പിളർത്തുകയായിരിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല.
ദേശീയതലത്തിൽ ഇന്ത്യ ബ്ലോക്ക് ഒറ്റക്കെട്ടാണ് എന്ന പ്രതീതിയുണ്ടാക്കുന്നുണ്ടെങ്കിലും യു.പിയിൽ അത്ര പന്തിയല്ല പ്രതിപക്ഷ ഐക്യം. 181 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. 2022-ൽ 399 സീറ്റിൽ ഒറ്റയ്ക്കു മത്സരിച്ച് രണ്ടിടത്തു മാത്രം ജയിച്ച, 2.33 ശതമാനം വോട്ട് നേടിയ കോൺഗ്രസാണിത് എന്നുകൂടി ഓർക്കണം. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എസ്.പിയുമായുള്ള വിജയസഖ്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ അവകാശവാദം. 80 സീറ്റിൽ 43 സീറ്റിലാണ് സഖ്യം ജയിച്ചത്. 65 സീറ്റിനപ്പുറത്തേക്ക് നൽകില്ല എന്ന തീരുമാനത്തിലാണ് സമാജ്വാദി പാർട്ടി.
ഇന്ത്യ ബ്ലോക്കിനുമുന്നിൽ ഒരു അടിയന്തര സാഹചര്യമുണ്ട്: യു.പി ഇലക്ഷനിൽ വൻ വിജയം നേടിയാൽ രാജ്യസഭയിൽ ബി.ജെ.പിക്ക് തനിച്ച് കേവല ഭൂരിപക്ഷം കിട്ടുന്ന സ്ഥിതിയുണ്ടാകും. അത് എങ്ങനെയും തടയണം. അതിന് വിട്ടുവീഴ്ച ചെയ്യേണ്ടത് കോൺഗ്രസല്ലാതെ മറ്റാരുമല്ല.
യു.പിയുടെ ഇലക്ഷൻ രാഷ്ട്രീയം തുടക്കത്തിൽ അയോധ്യയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവും ഡിസംബർ 12ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. ക്ഷേത്രനിർമാണത്തിനുശേഷമുള്ള അഖിലേഷിന്റെ ആദ്യ അയോധ്യാ സന്ദർശനമാണിത്.
1990-ൽ രാമജന്മഭൂമി മൂവ്മെന്റിനിടെ, മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ രാമഭക്തർക്കുനേരെ നടത്തിയ വെടിവെപ്പിൽ മകൻ കൂടിയായ അഖിലേഷ് മാപ്പ് പറഞ്ഞശേഷമേ അദ്ദേഹത്തെ ക്ഷേത്രദർശനത്തിന് അനുവദിക്കൂ എന്ന് 400 സന്യാസിമാർ യോഗം ചേർന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്.
ഒവൈസിയുടെ അഖിലേഷിന്റെ സന്ദർശനത്തെ വിമർശിക്കുന്നു: ‘400 വർഷം ഞങ്ങൾ പ്രാർഥന നടത്തിയ സ്ഥലത്തേക്കാണ് അഖിലേഷ് പോകുന്നത്’ എന്നാണ് ഒവൈസി പറയുന്നത്.
അഖിലേഷ് യാദവിനും ഇന്ത്യ ബ്ലോക്കിനും അയോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തി യോഗിയോട് ചോദിക്കാവുന്ന നിരവധി ചോദ്യങ്ങളുണ്ട്.
സംഘ്പരിവാർ പ്രതിയായ ക്ഷേത്രക്കൊള്ളക്ക് ഈ ഇലക്ഷനിൽ ഒരു രാഷ്ട്രീയ മൂല്യമുണ്ട്. അതേസമയം, രാമക്ഷേത്രത്തിന് ഒരു വർഗീയ മൂല്യവുമുണ്ട്. അഖിലേഷും കോൺഗ്രസും ഇതിൽ ഏത് തെരഞ്ഞെടുക്കും?; കാത്തിരിക്കാം, സെക്യുലർ വോട്ടിങ്ങിന്റെ ബൂത്തായി മാറുമോ ഇത്തവണ യു.പി. എന്നറിയാൻ…
