ഡിപ്ലോമക്കാർക്ക് ജോലിയുണ്ട്,
പോളി ടെക്നിക്കുകളെ
എന്‍ജിനീയറിങ് കോളേജുകളാക്കേണ്ടതില്ല
ഡിപ്ലോമക്കാർക്ക് ജോലിയുണ്ട്, പോളി ടെക്നിക്കുകളെ എന്‍ജിനീയറിങ് കോളേജുകളാക്കേണ്ടതില്ല
അനുദിനം മാറിവരുന്ന തൊഴില്‍ മേഖലകളും, വ്യവസായ സങ്കല്‍പ്പങ്ങളും പോളിടെക്‌നിക്കുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു എന്നത് ഒരു പരിധിവരെ യാഥാര്‍ഥ്യമാണ്. ഇത്തരം ഭീഷണി നേരിടാനുള്ള മാര്‍ഗം കരിക്കുലത്തിലും പഠനരീതിയിലും മാറ്റം കൊണ്ടുവരികയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്രതലത്തിനനുസരിച്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. മറിച്ച്, പോളിടെക്‌നിക് വിദ്യാഭ്യാസം നിര്‍ത്തി എന്‍ജിനീയറിങ് കോളേജുകള്‍ ആക്കുക എന്നതല്ല.
11 Dec 2022, 05:24 PM
കുറച്ചുദിവസം മുമ്പ് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവെച്ച "കേരളത്തില്‍ പോളിടെക്‌നിക്കുകള്‍ക്ക് ഭാവി ഉണ്ടോ? എന്ന വിശദമായ പോസ്റ്റ് വായിച്ചു. ദീര്‍ഘകാലം ഈ രംഗത്ത് പ്രവര്‍ത്തിച്ച അധ്യാപകന്‍ എന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍ പറയേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നുകയും ചെയ്തു. അദ്ദേഹം സൂചിപ്പിച്ച, "ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് മാത്രമായി ഒരു തൊഴില്‍ മേഖല ഇപ്പോള്‍ കേരളത്തിലോ ഇന്ത്യയിലോ ഇല്ല എന്നതാണ് ഒരു പ്രശ്‌നം' എന്ന പ്രസ്താവന, ഏതെങ്കിലും പഠനത്തിന്റെയോ കണക്കുകളുടെയോ അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് എന്നുമാത്രമല്ല കണക്കുകള്‍ തിരിച്ചുമാണ്.
എന്‍ജിനീയറിങ് മേഖലയിലെ തൊഴില്‍തട്ടുകളെ നാലോ അഞ്ചോ ആയി വിഭജിക്കാം. എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയൊക്കെ എടുത്തവര്‍ക്കായി ഗവേഷണം, ഉയര്‍ന്ന തലത്തിലുള്ള അധ്യാപനം, പോളിസി മേക്കിങ്, നൂതന സാങ്കേതിക വിദ്യകളുടെ കണ്ടെത്തല്‍ എന്നീ മേഖലകള്‍ അനുയോജ്യമാണ്. എം.ടെക് അല്ലെങ്കില്‍ എം.ഇ. യോഗ്യതയുള്ളവര്‍ക്ക് അധ്യാപനം, ഡിസൈന്‍ തുടങ്ങി ടെക്‌നോക്രാറ്റുതലത്തിലുള്ള അവസരങ്ങള്‍ നിരവധി. നാലുവര്‍ഷ എന്‍ജിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് അധ്യാപനത്തിന്റെ തുടക്ക ലെവല്‍, വ്യവസായ സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടീവ്, മാനേജ്‌മെൻറ്, നിര്‍വഹണം, തുടങ്ങിയ തൊഴിലുകള്‍ ലഭ്യമാണ്. തൊട്ടു താഴെയുള്ള അവശ്യ സാങ്കേതിക വിജ്ഞാനവും നൈപുണികളും വേണ്ടതായ ടെക്‌നീഷ്യന്മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ഓപ്പറേറ്റര്‍മാര്‍, ജൂനിയര്‍ എന്‍ജിനീയര്‍മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റൻറ്, പ്രോഗ്രാമര്‍ എന്നീ മേഖലകളിലേക്കാണ് മൂന്നുവര്‍ഷ ഡിപ്ലോമ പഠിച്ചിറങ്ങുന്ന പോളിടെക്‌നിക്കുകാര്‍ പ്രവേശിക്കുന്നത്. ഐ.ടി.ഐകളിലൂടെ പഠിച്ചിറങ്ങുന്ന പ്രായോഗിക നൈപുണികള്‍ കൂടുതലുള്ളവർ വ്യവസായ സ്ഥാപനങ്ങളില്‍ ട്രേഡ്സ്മാൻ, അസിസ്റ്റൻറ് ടെക്‌നീഷ്യന്മാര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്മാര്‍, ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയ തട്ടുകളില്‍ ജോലി ചെയ്യുന്നു.

ശാസ്ത്രസാങ്കേതികവിദ്യയുടെ പുരോഗതി തൊഴില്‍തട്ടുകളില്‍ മാറ്റം സൃഷ്ടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്; പ്രത്യേകിച്ച് ഐ.ടി / ഐ.ടി അധിഷ്ഠിത വ്യവസായങ്ങളില്‍. എന്നാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, പെട്രോകെമിക്കല്‍ /കെമിക്കല്‍, സിമൻറ്, സ്റ്റീല്‍ തുടങ്ങി ഒട്ടനവധി വ്യവസായ മേഖലകളില്‍ ഇന്നും നൈപുണ്യമുള്ള ടെക്‌നീഷ്യന്മാര്‍ക്കാണ് കൂടുതല്‍ തൊഴിലവസരം. പോളിടെക്‌നിക്കുകളില്‍ നടക്കുന്ന കാമ്പസ് പ്ലേസ്‌മെൻറ് നിരക്കുകള്‍ ഇത് സാധൂകരിക്കുകയും ചെയ്യുന്നു.
എസ്.എസ്.എല്‍.സിക്കുശേഷമുള്ള കരിയര്‍ പ്ലാനിങ്ങില്‍ സാങ്കേതികവിദ്യയില്‍ അഭിരുചിയുള്ള, എന്നാല്‍ മൂന്നോ നാലോ വര്‍ഷത്തെ വിദ്യാഭ്യാസത്തിനുശേഷം ഒരു തൊഴിലാഗ്രഹിക്കുന്ന വിദ്യാര്‍ഥിയെ സംബന്ധിച്ച് പോളിടെക്‌നിക്കുകള്‍ യോജിച്ച ഒരു തെരഞ്ഞെടുപ്പ് ആകുന്നു. (കുടുംബത്തിന്റെ സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് കുറഞ്ഞ പഠനദൈര്‍ഘ്യത്തിനുശേഷം ഒരു തൊഴില്‍ എന്നത് ഇന്നും, ഒരു വലിയ വിഭാഗത്തിന്റെ ആവശ്യവുമാണ്). എന്നാല്‍ പ്ലസ് ടുവും അതിനുശേഷം നാലില്‍ കൂടുതല്‍ വര്‍ഷത്തെ പഠനവും ഒക്കെ സാധ്യമാകുന്ന സാഹചര്യങ്ങളുള്ളവരെ സംബന്ധിച്ച് എന്‍ജിനീയറിങ്ങും, പോസ്റ്റ് ഗ്രാജുവേഷനും ഒക്കെ മികച്ച അവസരങ്ങള്‍ നല്‍കും എന്നതില്‍ തര്‍ക്കമില്ല.
രണ്ടാമത്തെ കാര്യം, ലാറ്ററല്‍ എന്‍ട്രിയിലൂടെ ഡിപ്ലോമക്കാര്‍ക്ക് എന്‍ജിനീയറിങ് തുടര്‍പഠന (മൂന്നുവര്‍ഷംകൊണ്ട് ബി.ടെക് ) സാധ്യതയുമുണ്ട്.
ഇനി, മുരളി തുമ്മാരുകുടി സൂചിപ്പിച്ച പോളിടെക്‌നിക്കുകള്‍ എന്‍ജിനീയറിങ് കോളേജുകളാക്കുന്ന നിര്‍ദ്ദേശത്തെ സംബന്ധിച്ച്: ഇതുവരെയുള്ള പോളിടെക്‌നിക് കോളേജുകളുടെ വര്‍ദ്ധന പരിശോധിക്കുന്നത് നന്നായിരിക്കും. 1950 കളില്‍ മൂന്ന് പോളിടെക്‌നിക്കുകള്‍ മാത്രമായിരുന്നു. ഇന്ന് സര്‍ക്കാര്‍- എയ്ഡഡ് മേഖലയില്‍ 51 , സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മേഖലയില്‍ 13, സ്വകാര്യ സ്വാശ്രയ മേഖലയില്‍ 40, എന്നിങ്ങനെ, പോളിടെക്‌നിക് കോളേജുകള്‍ നിലനില്‍ക്കുന്നു. 1994 മുതലാണ് സ്വാശ്രയമേഖലയില്‍ പോളിടെക്‌നിക് കോളേജുകള്‍ സ്ഥാപിതമാകുന്നത് എങ്കിലും 2010- നു ശേഷമാണ് വലിയ വര്‍ദ്ധനവുണ്ടായത്. 2017- നുശേഷം എന്‍ജിനീയറിങ് കോളേജുകളില്‍ പഠനത്തിന് കുട്ടികളില്ലാത്തതിനാല്‍ 12 കോളേജുകള്‍ ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങിയതും വാസ്തവമാണ്.
എന്‍ജിനീയറിങ് കോളേജുകളുടെ വര്‍ദ്ധനവ് എടുത്താല്‍, 1991 വരെ കേരളത്തില്‍ 9 സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളാണുണ്ടായിരുന്നത്. 1995 -ല്‍ എണ്ണം പതിനാറായി, 2003 -ല്‍ 33 ആയി, 2011 ൽ 142. 2021 -ല്‍ 12 സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍, 132 പ്രൈവറ്റ് സ്വാശ്രയ കോളേജുകള്‍, 25 സര്‍ക്കാര്‍ നിയന്ത്രിത കോളേജുകള്‍ അടക്കം 169 എന്‍ജിനീയറിങ് കോളേജുകളുണ്ട് . അതായത് പോളിടെക്‌നിക്കുകളെക്കാള്‍ വര്‍ദ്ധനവ് എന്‍ജിനീയറിങ് കോളേജുകളില്‍ 1995 നു ശേഷമുണ്ടായിട്ടുണ്ട്. 2017 - 18 നുശേഷം 40- 50 ശതമാനം വരെ എന്‍ജിനീയറിങ് സീറ്റ് കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്നു എന്നതും ഇതോടു ചേര്‍ത്ത് വായിക്കാം.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം 25,470 സീറ്റാണ് 2017 -18 ല്‍ ഒഴിഞ്ഞുകിടന്നത്. അതിനാല്‍, പുതിയ എന്‍ജിനീയറിങ് കോളേജുകള്‍ അനുവദിക്കേണ്ടതില്ല എന്നും എന്‍ജിനീയറിങ് കോഴ്സുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കണമെന്നും പ്രസ്തുത റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കേരളത്തിലെ എഞ്ചിനിയറിങ്ങ് കോളേജുകളിലെ സീറ്റൊഴിവ് എന്ന പ്രതിഭാസത്തിന് നിരവധി കാരണങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത്:
1. സംസ്ഥാന- അഖിലേന്ത്യാ തലത്തിലുള്ള മെഡിക്കല്‍ /അനുബന്ധ കോഴ്‌സുകള്‍ തുടങ്ങി പല പ്രവേശനങ്ങളും എഞ്ചിനിയറിങ് പ്രവേശന പ്രക്രിയക്കുശേഷം നടക്കുന്നു എന്നതാണ് ഒരു പ്രശ്‌നം. ഇതിനാല്‍ ആദ്യം എഞ്ചിനിയറിങ്ങിന് പ്രവേശനം നേടുന്ന ഉയര്‍ന്ന റാങ്കുകാര്‍ പോലും മറ്റ് കോഴ്‌സുകളില്‍ ചേക്കേറുമ്പോള്‍, ഒഴിവ് നികത്താനാവാത്ത സാഹചര്യം.
2. എഞ്ചിനിയറിങ്ങിനോട് അഭിനിവേശമോ, അഭിരുചിയോ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക്, കോഴ്‌സ് ദുഷ്‌കരമായി അനുഭവപ്പെടുകയും, പാതിവഴി നിറുത്തുകയും ചെയ്യുന്ന അവസ്ഥ. അശാസ്ത്രീയമായ ബ്രാഞ്ച് തെരഞ്ഞെടുപ്പുകളും ഇതിന് ആക്കം കൂട്ടുന്നു.
3. കേരളത്തിന് പുറത്തുള്ള പഠനം കുറച്ചു കൂടി കാഠിന്യം കുറഞ്ഞതാണെന്നും, ഉയര്‍ന്ന മാര്‍ക്ക് വാങ്ങല്‍ എളുപ്പമാണ് എന്നുമുള്ള ധാരണ.
4. കോളേജുകളില്‍, വ്യവസായ / ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിന്റെ അഭാവം. ഇത് പ്ലേസ്‌മെന്റുകളേ നേരിട്ട് ബാധിക്കുന്നു.
ഈ സാഹചര്യത്തിന് പരിഹാരം എളുപ്പമാണ്. വിവിധ പ്രവേശന പ്രക്രിയകളെ വിദ്യാര്‍ഥികളുടെ മുന്‍ഗണന മനസ്സിലാക്കി, ബന്ധിപ്പിക്കുകയും, ശാസ്ത്രീയമായി സമയക്രമം ചിട്ടപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. അവസാനത്തെ കുട്ടിക്ക് പോലും, ആഗ്രഹിക്കുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് ഇത് സാധ്യതയൊരുക്കും. മറ്റൊരു പ്രധാന കാര്യം, വിദ്യാര്‍ഥികളുടെ യഥാര്‍ഥ അഭിരുചി കണ്ടെത്തി അതിനനുസൃതമായ മേഖലകളിലേക്ക് തിരിച്ചുവിടുക എന്നതാണ്. സമഗ്രമായ ഒരു കരിയര്‍ പദ്ധതി ഇതിനാവശ്യവുമാണ്. ഇതു പാതിവഴിയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കും.
വിവിധ സംസ്ഥാനങ്ങളിലെയും, സ്വയംഭരണ / സ്വകാര്യ സര്‍വ്വകലാശാലകളിലെയും, കരിക്കുലവും, സിലബസുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ശാസ്ത്രീയ സമീപനങ്ങളിലൂടെ കുറയ്ക്കുക എന്നത്, കുട്ടികളുടെ പാലായനം ഒരു പരിധി വരെ തടയുവാന്‍ സഹായിക്കും. കേരളത്തിലെ എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ സിലബസ് കുട്ടികളില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്നു. ഇത് കൃത്യമായി അവലോകനം ചെയ്യുകയും, പഠനം നടത്തി, ആവശ്യമായ മാറ്റം വരുത്തുകയും ചെയ്താല്‍ വിദ്യാര്‍ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് കുറയ്ക്കാനും, അതുവഴി അവരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുവാനും കഴിയും. വ്യവസായ / ഗവേഷണ സ്ഥാപനങ്ങളുമായുള്ള, കോളേജുകളുടെ സഹകരണം വര്‍ധിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുക വഴി, വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാവര്‍ക്കും, നല്ല പ്ലേസ്‌മെന്റിനുള്ള സാധ്യത വര്‍ദ്ധിക്കും.
അനുദിനം മാറിവരുന്ന തൊഴില്‍ മേഖലകളും, വ്യവസായ സങ്കല്‍പ്പങ്ങളും ഏതൊരു വിദ്യാഭ്യാസരീതിയും പോലെ പോളിടെക്‌നിക്കുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു എന്നത് ഒരു പരിധിവരെ യാഥാര്‍ഥ്യമാണ്. ഇത്തരം ഭീഷണികള്‍ നേരിടാനുള്ള മാര്‍ഗം വ്യാവസായിക മാറ്റങ്ങള്‍ക്കനുസരിച്ച് കരിക്കുലത്തിലും പഠനരീതിയിലും ഓരോ വര്‍ഷവും മാറ്റം കൊണ്ടുവരികയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്രതലത്തിനനുസരിച്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്, മറിച്ച് പോളിടെക്‌നിക് വിദ്യാഭ്യാസം നിര്‍ത്തി എന്‍ജിനീയറിങ് കോളേജുകള്‍ ആക്കുക എന്നതല്ല.
ഇന്‍ഡസ്ട്രി 4.0 സങ്കല്പത്തിലെ എല്ലാ ഡൊമൈനുകളിലും ഒരു പോളിടെക്‌നിക്കാരന് റോളുണ്ട്. ലോകമെമ്പാടും, പ്രത്യേകിച്ച് നമ്മുടെ രാജ്യത്തുമുള്ള സ്‌കില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പോളിടെക്‌നിക്കുകള്‍ക്ക് വലിയ പ്രത്യാശയാണ് നല്‍കുന്നത്. ദേശീയ വിദ്യാഭ്യാസ നയവും ഇപ്പോള്‍ പ്രഖ്യാപിതമായ നാഷണല്‍ ക്രെഡിറ്റ് ഫ്രെയിം വര്‍ക്കും നൈപുണ്യ വികസനത്തിനായി നല്‍കുന്ന ഡിപ്ലോമ വിദ്യാഭ്യാസത്തിന് മുകള്‍തട്ടുകളിലേക്കുള്ള വികാസം ആയാസരഹിതമായി വിഭാവനം ചെയ്യുന്നുമുണ്ട്.
ആഗോളതലത്തില്‍ നിലവിലുള്ള വാഷിങ്ടണ്‍- ഡബ്‌ളിന്‍ കരാറുകള്‍, പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന ലെവലുകളും, ക്രെഡിറ്റുകളും, മറ്റു രാജ്യങ്ങളില്‍ സ്വീകരിക്കപ്പെടാനും, ഉന്നത വിദ്യാഭ്യാസം സാധ്യമാകാനും ഭാവിയില്‍ വിദ്യാര്‍ഥികളെ സഹായിക്കും എന്നതും ടെക്‌നീഷ്യന്‍ വിദ്യാഭ്യാസത്തിനു പ്രതീക്ഷയേകുന്നു.
കേരളത്തിലെ പോളിടെക്‌നിക് കോളേജുകളില്‍ കുറച്ചു വര്‍ഷങ്ങളായി നടക്കുന്ന ഭൗതിക സാഹചര്യങ്ങളിലെ വലിയ മുന്നേറ്റം - ആധുനിക ലാബ് സൗകര്യങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറികള്‍, സിഎന്‍സി മെഷീനറികള്‍, റോബോട്ടിക്‌സ് സൗകര്യങ്ങള്‍, ത്രീഡി പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള ഫാബ് ലാബുകള്‍ എന്നിവയെ കാണാതിരിക്കുവാന്‍ കഴിയില്ല. ‘അസാപു’മായി സഹകരിച്ചുള്ള ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചുള്ള ഐ.ഇ.ഡി.സി എന്നിവ കുട്ടികളുടെ സംരംഭകത്വ വികസനത്തെ നല്ല രീതിയില്‍ സഹായിക്കുന്നുമുണ്ട്. രണ്ടു കോളേജുകള്‍ക്ക് എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചു എന്നതും കൂടുതല്‍ സ്ഥാപനങ്ങള്‍ അക്രഡിറ്റേഷനായുള്ള പരിശ്രമത്തിലാണ് എന്നതും ശുഭോദര്‍ക്കമായ കാര്യമാണ്. പോരായ്മകള്‍ ഇല്ല എന്നല്ല, പക്ഷേ പോളിടെക്‌നിക് കോളേജുകള്‍ ഇന്നും നാളെയും പ്രസക്തമായ ഒരു പാഠ്യപദ്ധതിയായി നിലനില്‍ക്കുമെന്നുതന്നെയാണ് വാസ്തവം.
വാല്: അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 511, കര്‍ണാടകത്തില്‍ 298, ആന്ധ്രപ്രദേശില്‍ 332 വീതമാണ് പോളിടെക്‌നിക്കുകളുടെ എണ്ണം.
ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം. ISROയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളില്‍ അധ്യാപകനായും, പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചു. VHSE അസി. ഡയറക്ടര്‍ ആയും LBS സെന്ററില്‍ ഡപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചു.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഷാജു വി. ജോസഫ്
Feb 25, 2023
5 Minutes Read
സല്‍വ ഷെറിന്‍
Feb 24, 2023
3 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
Think
Feb 20, 2023
19 Minutes Read