മത-രാഷ്ട്രീയ ഹിംസാനന്ദത്തിന് ഇനി പൊലീസിന്റെ എസ്​കോർട്ട്​

നുഷ്യർ പരസ്പരം കൊന്നുതള്ളുന്നത് ഒരു രാഷ്ട്രീയപ്രവർത്തനമാണ് എന്നും അത് ധീരതയുടേയും രാഷ്ട്രീയ പ്രതിബദ്ധതയുടേയും മാറ്റുനോക്കാനുള്ള സുവർണ്ണാവസരമാണെന്നുമുള്ള വികൃതമായ രാഷ്ട്രീയാഖ്യാനങ്ങൾ കേരളത്തിൽ വളർന്നുവന്നിട്ടുണ്ട്. അതാകട്ടെ നീണ്ടകാലത്തെ ആസൂത്രിതമായ ശ്രമങ്ങളിലൂടെ ഉറപ്പിച്ചെടുത്തതായതുകൊണ്ട് അത്രയെളുപ്പത്തിലൊന്നും മായ്ക്കാനുമാകില്ല. എന്നാൽ അത്തരത്തിലൊരു മൂല്യബോധത്തിന് കേവലമായ വൈകാരികതയിൽ മാത്രമായി നിലനിൽക്കാനാകില്ല. താങ്ങിനിർത്തുന്ന വലിയൊരു രാഷ്ട്രീയ, സംഘടനാ സംവിധാനവും അധികാരതാത്പര്യങ്ങളും ഉണ്ടെങ്കിൽ മാത്രമാണ് ഇപ്പറഞ്ഞ കൊലപാതകത്തിന്റെ രാഷ്ട്രീയഗരിമ നിലനിർത്താനാവുക. അങ്ങനെ വരുമ്പോൾ രാഷ്ട്രീയകൊലപാതകങ്ങളുടെ ലാവണ്യസിദ്ധാന്തം ഉരുത്തിരിയുന്നു. കൊല്ലപ്പെട്ടവരുടെ സംഘം രക്തസാക്ഷിത്വം എത്തിച്ചേരുന്ന വിലോഭനീയമായ അമരത്വത്തെക്കുറിച്ച് വാചാലരാകുമ്പോൾ കൊന്നവർ പ്രതിരോധത്തിന്റെ ചരിത്രപരമായ അനിവാര്യതയെക്കുറിച്ച് ഗൗരവത്തോടെ ഒന്നുകൂടി ഉറപ്പിക്കുന്നു.

അധികാരവ്യവസ്ഥയുടെയോ അതിനെ സാധ്യമാക്കുന്ന രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെയോ ഏതെങ്കിലുമൊരു ഭാഗത്തെ തൊട്ടുനോവിക്കുകപോലും ചെയ്യാത്ത കൊലപാതക മത്സരങ്ങൾ രാഷ്ട്രീയമായ യാതൊരു സംഭാവനയും ഒരു ആധുനിക ജനാധിപത്യ സംവിധാനത്തിനോ സമൂഹത്തിന്നോ നൽകുന്നില്ല എന്നത് ഇത്തരത്തിൽ ചിട്ടപ്പെടുത്തിവെച്ചിട്ടുള്ള ആട്ടക്കഥകളിൽ എവിടെയും ചേർക്കാത്ത പ്രക്ഷിപ്ത സങ്കടശ്ലോകങ്ങളായി ഉപേക്ഷിക്കപ്പെടും. ഹിംസ അതിൽത്തന്നെ ആനന്ദം കണ്ടെത്തുന്ന ഒരു കളിയാകും.

പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ SDPI പ്രവർത്തകൻ സുബൈറിനെ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പള്ളിയിൽ നിന്നും മടങ്ങിവരവ് വെട്ടിക്കൊല്ലുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പാലക്കാട് ജില്ലയിലെ മേലേമുറിയിൽ RSS നേതാവായ ശ്രീനിവാസൻ കൊല്ലപ്പെടുന്നു. നേരത്തോടുനേരം തികയുമ്പോൾ ഇരുപക്ഷവും എണ്ണം തികയ്ക്കുന്ന കാഴ്ച. കൊലപാതകരാഷ്ട്രീയത്തിന്റെ കളികളിൽ പാഠ്യപദ്ധതി പോലൊരു മാതൃക!

SDPI -യും RSS-ഉം ഇങ്ങനെ കൊലപാതകങ്ങളിലൂടെ പരസ്പരം സംസാരിക്കുന്നത് ആദ്യമായല്ല എന്നുമാത്രമല്ല ഇപ്പോളെത്തിനിൽക്കുന്ന ഈ ഒന്നിനുപിറകെ ഒന്നായുള്ള കൊലപാതകങ്ങളും മുൻ കൊലപാതകങ്ങളുടെ തുടർച്ചയാണ്. 2021 നവംബർ 15-നു മമ്പറത്തുവെച്ച് RSS പ്രവർത്തകൻ സഞ്ജിത്തിനെ SDPI-ക്കാർ വെട്ടിക്കൊന്നു. സഞ്ജിത്തിന്റെ കൊലപാതകത്തിന് ശേഷം നാലുമാസത്തോളമായപ്പോൾ SDPI -ക്കാരൻ സുബൈർ കൊല്ലപ്പെടുന്നു.

എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും 2021 ഡിസംബറിൽ ആലപ്പുഴയിൽ കൊല്ലപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. അതായത് കേരളത്തിലെവിടെയും ഒരു സൂചന നൽകിയാൽ കൊലപാതകങ്ങൾ അതിഭീകരമായ ദൃശ്യരൂപത്തിൽ നടത്താൻ കഴിയുന്ന കൊലപാതകസംഘങ്ങൾ ഇരു സംഘടനകൾക്കും ഉണ്ടെന്നുകൂടിയാണ് തെളിയുന്നത്. ഈ കൊലപാതകങ്ങളിൽ മിക്കതും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ മുന്നിലിട്ടൊക്കെയാണ് നടത്തുന്നത്. അതായത് യാതൊരുവിധത്തിലുള്ള മനുഷ്യത്വവും ധാർമ്മികതയുടെ സംഘർഷങ്ങളും തങ്ങൾക്കില്ലെന്നും ഏറ്റവും ക്രൂരമായ തരത്തിൽ മാത്രം പ്രതികരിക്കാനറിയുന്ന ഹിംസയുടെ ഭാഷയിൽ മാത്രം സംസാരിക്കുന്ന സംഘങ്ങളാണ് തങ്ങളെന്നും തെളിയിക്കുകകൂടിയാണ് ഇരു സംഘങ്ങളും ചെയ്യുന്നത്.

RSS-ഉം SDPI -യും രാഷ്ട്രീയ പദ്ധതികളുടെ അടിസ്ഥാനത്തിൽ യഥാക്രമം ഹിന്ദുത്വ വർഗീയതയും ഇസ്ലാമിക വർഗീയതയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനകളാണ്. ഒരു ആധുനിക ജനാധിപത്യ സമൂഹത്തിൽ നിലനില്ക്കാൻ പോലും അർഹതയില്ലാത്ത സംഘടനകളാണ് രണ്ടും. എന്നാൽ ആധുനികതയുടെയും ജനാധിപത്യത്തിന്റെയും വിദൂരക്കാഴ്ചകൾ മാത്രം സാധ്യമായിട്ടുള്ള നമ്മുടെ സമൂഹത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ സുഗമമായി പ്രവർത്തിക്കാൻ യാതൊരുവിധ തടസങ്ങളുമില്ലാത്ത സംഘങ്ങളാണ് ഇവയടക്കമുള്ള മതവർഗീയവാദി സംഘങ്ങൾ. RSS ആകട്ടെ രാജ്യത്തിന്റെ രാഷ്ട്രീയാധികാരംതന്നെ കയ്യാളുന്ന സംഘപരിവാർ നേതൃത്വമാണ്. പ്രത്യയശാസ്ത്ര പദ്ധതികളിൽ മുസ്ലിം മതന്യൂനപക്ഷത്തിന്റെ ജീവിതാവസ്ഥകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത, ഇസ്ലാമിക മത രാഷ്ട്രീയത്തിന്റെ ഏറ്റവും ജീർണ്ണമായ ബോധത്തെ മാത്രം ഉയർത്തിപ്പിടിക്കുന്ന SDPI പോലുള്ള ഇസ്ലാമിക മതരാഷ്ട്രീയ സംഘടനകൾ ഹിന്ദുത്വ വർഗീയ ഫാഷിസത്തിന്റെ ഇസ്ലാമിക മതരൂപങ്ങളായി ഭീകരരൂപമാർജിക്കാത്തത് അതിനുള്ള ഭൗതികമായ ശേഷിക്കുറവുകൊണ്ടാണ്. അത്തരത്തിൽ സാധ്യതയുള്ള എല്ലായിടത്തും അതേ രൂപത്തിൽത്തന്നെയാണ് ഇസ്ലാമിക മതരാഷ്ട്രീയം പ്രവർത്തിക്കുക എന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് കേരളം.

ഇത്തരത്തിലൊരു മതവർഗീയഹിംസയുടെ ഭീതിദമായ സാധ്യതകൾ കേരളീയ സമൂഹത്തിൽ ഉടലഴിയുമ്പോൾ എങ്ങനെയാണ് ഒരു ഭരണസംവിധാനം എന്ന നിലയിലും ഒരു സമൂഹം എന്ന നിലയിലും നാമതിനെ നേരിടുന്നത് എന്നത് നിർണ്ണായകമായ പരിശോധനയാണ്. ആലപ്പുഴയിലും പാലക്കാടും നടന്ന ചടുലമായ കൊലപാതകങ്ങളിൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെ ദയനീയമായ പരാജയമാണ് കാണാൻ കഴിയുക. ഒരു ഭരണസംവിധാനം എന്ന നിലയിൽ തീർത്തും ജനാധിപത്യവിരുദ്ധമായ ഒരു ഘട്ടത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന കേരള പൊലീസിന് സംഘടിതവർഗീയതയുടെ കൊലപാതകസംഘങ്ങളെ അമർച്ചചെയ്യാൻ പോയിട്ട് ഒരു കൊലപാതകം നടന്നിട്ട് 24 മണിക്കൂറിനുള്ളിൽ മറ്റൊരു പ്രതികാരകൊലപാതകം നടക്കുന്നത് തടയാൻപോലും കഴിയുന്നില്ല എന്നത് പൊലീസ് സംവിധാനത്തിന്റെ തൊഴിൽവൈദഗ്ധ്യത്തിന്റെ പ്രശ്‌നം മാത്രമല്ല അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ശേഷിക്കുറവുകൂടിയാണ്.

രഞ്‌ജിത്ത്‌ ശ്രീനിവാസൻ, കെ എസ്‌ ഷാൻ

ആലപ്പുഴയിലെ ഷാൻ-രഞ്ജിത്ത് ശ്രീനിവാസൻ കൊലകളും അതേ സ്വഭാവത്തിൽ പാലക്കാട് സുബൈർ-ശ്രീനിവാസൻ കൊലകളും നടക്കുമ്പോൾ ഇതിന്റെ ഇടവേളകളിൽ ഈ പ്രശ്‌നത്തെ നേരിടാനും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും എന്തൊക്കെ ശ്രമങ്ങളാണ് പൊലീസ് നടത്തിയത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സംഘടിത കുറ്റകൃത്യങ്ങൾക്ക് നേരെ ഒരു ആധുനിക പൊലീസ് സംവിധാനം എന്ന രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത ഒന്നാണ് നമമുടെ പൊലീസ് സേന. തിരുവനന്തപുരത്ത് ഗുണ്ടകളുടെ ഏറ്റുമുട്ടലുകളും പരസ്യമായ കൊലപാതകങ്ങളും കോട്ടയത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ കൊന്നവന്റെ മൃതദേഹവുമായി ഒരു ഗുണ്ട പ്രത്യക്ഷപ്പെട്ടതുമൊക്കെ തകർക്കാൻ പാടില്ലാത്ത "വിശുദ്ധ മനോവീര്യം', സംഘടിത കുറ്റകൃത്യങ്ങൾക്ക് നേരെ പ്രയോഗിക്കാൻ പൊലീസിന് താത്പര്യമില്ല എന്നതിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാകട്ടെ പൊലീസ് സേനയ്ക്ക് നേരെയുള്ള വിമർശനങ്ങൾക്ക് പൊതുജനങ്ങൾക്ക് മുന്നിൽ മറുപടി നൽകാൻ താൻ ബാധ്യസ്ഥനേയല്ല എന്ന മട്ടിലാണ് പെരുമാറുന്നത്. കേരളത്തിലെ പൊലീസിനെ അൽപ്പമെങ്കിലും ജനാധിപത്യവത്കരിക്കാനും ആധുനികവത്ക്കരിക്കാനും ലഭിച്ച ഒരവസരമായി തുടർ ഭരണത്തെ സർക്കാർ കാണുന്നില്ല. മറിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്ന ഒരു കൊളോണിയൽ സംവിധാനത്തിന്റെയും ധനികർക്കും അധികാരകേന്ദ്രങ്ങളിലുള്ളവർക്കും മാത്രം പേടികൂടാതെ സമീപിക്കാൻ കഴിയുന്ന ജനവിരുദ്ധ സംവിധാനമായും പോലീസിനെ നിലനിർത്താൻ വളരെ ബോധപൂർവ്വമായിത്തന്നെ ശ്രമിക്കുന്നതാണ് കാണുന്നത്. RSS-ഉം SDPI -യും പരസ്പര ധാരണയിൽ എത്തിയാൽ മാത്രം അവസാനിക്കുന്ന ഒന്നാണ് ഇത്തരം കൊലപാതകങ്ങൾ എന്നുവരുന്നത്, ഒരു സമൂഹം എന്ന നിലയിൽ നാം നമ്മുടെ സാമൂഹ്യസുരക്ഷ നോക്കാനേൽപ്പിച്ച ഭരണസംവിധാനം എത്ര വമ്പൻ പരാജയമാണ് ആ മേഖലയിൽ എന്ന് തെളിയിക്കുന്നതാണ്. എന്നാൽ അത്തരത്തിലുള്ള എല്ലാ വിമർശനങ്ങളെയും എതിരാളികളുടെ പതിവുവിമർശനം എന്ന് പറഞ്ഞു തള്ളിക്കളയാൻ മാത്രം നിരുത്തരവാദപരമായ ആലസ്യം ഒരു ഭരണസംവിധാനത്തിനുണ്ടാകാം എന്നതിന് കേരളമിപ്പോൾ ഉദാഹരണമാണ്.

ഒരു സമൂഹം എന്ന നിലയിൽ ആലപ്പുഴ-പാലക്കാട് കൊലപാതകങ്ങൾ കേരളത്തിന് മുന്നിലുയർത്തുന്ന പ്രശ്‌നം രാഷ്ട്രീയവ്യവഹാരത്തെക്കുറിച്ചുള്ള നമ്മുടെ നടപ്പുധാരണകളുടെ പൊള്ളത്തരങ്ങളിൽ ചിലതുകൂടിയാണ്. മതവർഗീയതയുടെ അതിശക്തമായ സാന്നിധ്യത്തെ മതബദ്ധതയുടെ സാമാന്യസമ്പ്രദായത്തിൽ പൊതിഞ്ഞുകെട്ടി സംരക്ഷിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയനേതൃത്വവും പൊതുസമൂഹവും വലിയൊരളവോളം ചെയ്യുന്നത്. ആർ എസ് എസ് എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു കൊലപാതകയന്ത്രമാണ്. എന്നാൽ അത്തരത്തിലുള്ള ഒരു സ്വഭാവം ആർ എസ് എസിന്റെ സൂക്ഷ്മവും വിശാലവുമായ നിരവധി രാഷ്ട്രീയദൗത്യങ്ങളിലൊന്ന് മാത്രമാണ്. രാഷ്ട്രീയാധികാരം കയ്യടക്കുകയും അതിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സമൂഹത്തിന്റെ നാനാവിധ മേഖലകളിലേക്കും കടത്തുകയും ചെയ്യുമ്പോൾ ആ രാഷ്ട്രീയദൗത്യത്തിന്റെ ഒരു ഭാഗമാണ് ആർ എസ് എസിനെ സംബന്ധിച്ച് കൊലപാതകം. അതായത് സമ്പൂർണ്ണമായും ഹിംസയിൽ അധിഷ്ഠിതമായൊരു പ്രത്യയശാസ്ത്രത്തിനെ, അതിന്റെ ഫാഷിസ്റ്റ് സംഘടനയെ നിങ്ങൾക്ക് കൊന്നുതീർക്കാം എന്നതൊരു വ്യാമോഹമാണ്. കൊലപാതകം ഒരു ഫാഷിസ്റ്റ് സംഘടനയ്ക് അതിന്റെ ജനിതകഘടനയിലുള്ള കൊടുക്കൽവാങ്ങലുകളാണ്. അതുകൊണ്ടാണ് കണ്ണൂരിൽ രാഷ്ട്രീയ പ്രതിരോധമെന്ന പേരിൽ സി പി ഐ (എം) ആർ എസ് എസുമായി ഇത്രയേറെ കൊന്നും കൊല്ലപ്പെട്ടും എണ്ണം തികച്ചിട്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആർ എസ് എസ് ശാഖകളുള്ള ജില്ലകളിലൊന്നായി ഇപ്പോഴും കണ്ണൂർ നിലനിൽക്കുന്നത്.

മുസ്ലീങ്ങളുടെ പേരിൽ ഇസ്ലാമിക മത രാഷ്ട്രീയ വാദമുയർത്തുന്ന SDPI പോലുള്ള സംഘടനകൾക്കും ജനാധിപത്യപരമായ ഒരു രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. അവ രൂപപ്പെടുന്നതും നിലനിൽക്കുന്നതും തന്നെ തങ്ങൾമാത്രം ശരിയായ, തങ്ങളുടെ ദൈവം മാത്രമുള്ള, തങ്ങളാഗ്രഹിക്കുന്ന മതലോകക്രമം ദൈവനിശ്ചയമാണെന്ന് കരുതുന്ന, മറ്റ് മതവിശ്വാസികളും അവിശ്വാസികളും നരകത്തിൽ പോകേണ്ടവരാണ് എന്ന് വിശ്വസിക്കുന്ന, തങ്ങളിൽപ്പെടാത്തവരുടെ മേലുള്ള ഹിംസ വാസ്തവത്തിൽ തങ്ങൾക്ക് സ്വർഗം സമ്മാനിക്കുമെന്ന് വിശ്വസിപ്പിക്കുന്ന ഒരു ചിന്താക്രമത്തിന്റെ ഭാഗമായാണ്. അതുകൊണ്ടുതന്നെ അത്തരത്തിലൊരു സംഘത്തിനെ നിങ്ങൾക്ക് കൊന്നുതോൽപ്പിക്കാൻ കഴിയില്ല. കാരണം മരണം അവരെ തങ്ങളുടെ വിശ്വാസത്തിലേക്ക് ഒന്നുകൂടി അടുപ്പിക്കുന്നു, രക്തസാക്ഷിത്വം സ്വർഗ്ഗത്തിലെക്കുള്ള മഹാവീഥികൾ തുറക്കുന്നു.

ഒരു സമൂഹമെന്ന നിലയിൽ മതവുമായി ബന്ധപ്പെട്ടും മതരാഷ്ട്രീയവുമായി ബന്ധപ്പെട്ടുമുള്ള ഇത്തരം രാഷ്ട്രീയവും സംഘടനാരൂപങ്ങളും ശക്തിയാർജ്ജിക്കുന്നതിനെ ജനാധിപത്യപരമായി നേരിടാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഹിംസാത്മകമായി മാത്രം ജീവിക്കാൻ കഴിയുന്ന ഇത്തരം രാഷ്ട്രീയസംഘങ്ങളെ അത് അവയുടെ അപഭ്രംശം എന്ന നിലയിൽ കാണാനും ജനാധിപത്യക്രമത്തിലെ സ്വാഭാവികപങ്കാളികളാണ് അവരും എന്ന നിലയിൽ ഉൾപ്പെടുത്താനുമാണ് നാം ശ്രമിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ച് കേരളത്തിൽ ഇത്തരമൊരു സ്വീകാര്യത വളരെ എളുപ്പത്തിൽ ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞു. ഇടതുപക്ഷ വിരോധത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഹിംസാത്മകമായ ഉപകരണം എന്ന നിലയിൽ ഇടതുപക്ഷ വിരുദ്ധരായ രാഷ്ട്രീയസമൂഹം അതിനെ ഉപയോഗിക്കുകയും ചെയ്തു. ആർ എസ് എസ് ഒരു സാംസ്‌കാരികസംഘടനയാണ് എന്ന തമാശ ആരും ചിരിക്കാതെ സ്വീകരിക്കപ്പെട്ടു. ആർ എസ് എസിനോടുള്ള രാഷ്ട്രീയ എതിർപ്പുകളിൽപ്പോലും അതിനോട് ഹിംസ ഉപേക്ഷിക്കണം എന്നാണു പറയാൻ ശ്രമിച്ചത്. ഹിംസയില്ലാതെ, രാഷ്ട്രീയ എതിരാളികളോട് മാത്രമല്ല, സാമൂഹ്യമണ്ഡലത്തിലെ അധികാരക്രമങ്ങളിൽപ്പോലും ഹിംസയുടെ കൊടിയ രൂപങ്ങളില്ലാതെ ഹിന്ദുത്വ രാഷ്ട്രീയത്തിന് നിലനിൽക്കാനാവില്ല എന്നത് അറിഞ്ഞുകൊണ്ടുതന്നെ നാം വിസ്മരിച്ചു. അതിന്റെ ബാക്കിയാണ് ഇന്നിപ്പോൾ കാണുന്നത്. തെരഞ്ഞെടുപ്പ് തോൽവികൾകൊണ്ട് ഇല്ലാതാകുന്ന ഒന്നല്ല ആർ എസ് എസും ഹിന്ദുത്വ രാഷ്ട്രീയവും. അതിനെ നേരിടാനുള്ള നിരന്തരരാഷ്ട്രീയത്തിന് കേവലമായ വെല്ലുവിളികളുടെ സ്വഭാവം പോര.

SDPI അടക്കമുള്ള സംഘങ്ങൾ പറയുന്ന ഇസ്ലാമിക മതരാഷ്ട്രീയത്തിന് ഹിംസ മാറ്റിവെച്ചാൽ നീതിയുടെ ചില അംശങ്ങളുണ്ട് എന്ന തെറ്റിദ്ധാരണ വിജയകരമായി പടർത്തിവിട്ട ഒന്നാണ്. പൊതുജനാധിപത്യ സമൂഹത്തിനും മുസ്ലീം ജനസാമാന്യത്തിനുതന്നെയും പുരോഗമനപരമായ യാതൊരു സാധ്യതയും നൽകാത്ത ജനാധിപത്യവിരുദ്ധ മതരാഷ്ട്രീയവാദികൾ ഒരുതരത്തിലും ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കുന്നില്ല. പൊതുസമൂഹത്തിനു മുകളിൽ ജനാധിപത്യപരമായി ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത ഒന്നാണ് രാഷ്ട്രീയാധികാരം എന്നതുകൊണ്ട് മറ്റൊരുതരത്തിൽ ഇത്തരം സുശിക്ഷിതമായ ആക്രമണങ്ങളിലൂടെയും ഹിംസാത്മകമായ പ്രകടനങ്ങളിലൂടെയും ഒരു ബദൽ അധികാരമണ്ഡലം സ്ഥാപിച്ചെടുക്കുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്. ഇതിനെ സ്വത്വവാദത്തിന്റെ മൂശയിലിട്ട് മുസ്ലീങ്ങളുടെ തലയിൽവെച്ചുകെട്ടുന്ന ആഖ്യാനതന്ത്രങ്ങൾക്കൂടിയാണ് ഈ നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്.

കൊലപാതകങ്ങളിലൂടെ തീർക്കാവുന്നതോ തീർക്കേണ്ടതോ ആയ ഒരു രാഷ്ട്രീയ അടിയന്തരാവസ്ഥയും കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തിലില്ല. സാമൂഹ്യശക്തികൾ തമ്മിലുള്ള ഒഴിവാക്കാനാകാത്ത സംഘർഷങ്ങൾ അതിന്റെ പ്രകടമായ രൂപമാർജ്ജിക്കുമ്പോൾ നടക്കുന്ന ഏറ്റുമുട്ടലുകൾ കേരളം പോലെ വളരെ പതിഞ്ഞുകിടക്കുന്ന വൈരുധ്യങ്ങളുടെ രാഷ്ട്രീയരൂപങ്ങൾ ദുർബലമായിമാത്രം പ്രകടമാകുന്ന ഒരു പ്രദേശത്തും സമൂഹത്തിലും നടക്കുകയില്ലതന്നെ. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള രാഷ്ട്രീയ കൊലപാതകവും നമ്മുടെ ജനാധിപത്യ, രാഷ്ട്രീയ സമൂഹത്തിന്റെ പരാജയമാണ്. എന്നാൽ ആർ എസ് എസ്- SDPI ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അതിനെ അതിഭീതിദമായ മതവർഗീയസംഘർഷത്തിന്റെ തലത്തിലേക്ക് വലിച്ചഴയ്ക്കാൻ ശേഷിയുള്ള ഒന്നായും മാറുന്നു. ഒരു ജനാധിപത്യ രാഷ്ട്രീയ സമൂഹം എന്ന നിലയിൽ ഇതിനെ നാം നേരിടേണ്ടതുണ്ട്. അതിനാദ്യം വേണ്ടത് ഇത്തരം മതവർഗീയരാഷ്ട്രീയത്തിന്റെ സാമൂഹ്യസ്വീകാര്യത അടിമുടി ഇല്ലാതാക്കുക എന്നതാണ്.


Comments