പ്രേതം

പൊലീസുകാരൻ പൂത്തുരുത്തിൽ 


"സംഭവം ഇത്തിരി പെശകാണ് ട്ടാ
പെണ്ണിനെ പിടിച്ചപ്പോ
അവളെന്തിറ്റാ പറയണേന്നാ
ചിഞ്ചൂനെ കൊന്നത് സാജനാണ്ന്ന്
കേട്ടപ്പോന്നേ കിള്യാ പോയി
എനിക്കത്ര വിശ്വാസൊന്നായില്ലാട്ടാ
യേത് മോന് മനസ് ലായാ?
മനസിലേ അ അ അ ആയാ?

പെണ്ണ് പറയണതില് വല്ല സത്യോം
ഉണ്ടോന്ന് നോക്കാനായിട്ട്
ഞങ്ങള് നേരെ പൂന്തുരുത്തീക്ക് വിട്ടുട്ടാ
ഈ പൂത്തുരുത്തിനെപ്പറ്റി
നിങ്ങൾക്ക് എന്തൂട്ടാ അറിയാ?
ആർക്കേലും അറിയോ
ഇവടെ നിക്കണ ആർക്കേലും
ഇല്ലാലേ?
ന്നാ കേട്ടോ'

അഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു തുരുത്തായിരുന്നു പൂത്തുരുത്ത്‌. എക്കാലവും പൂക്കൾ വിടർന്നു നിൽക്കുന്ന തുരുത്തായതിനാലായിരുന്നു‌ ആ പേരു വന്നത്‌. സ്ഥിര മനുഷ്യവാസമില്ലായിരുന്നു. വല്ലപ്പോഴും മീൻ പിടിക്കാൻ വരുന്ന മനുഷ്യരായിരുന്നു ആകെ കാലുകുത്തിയിരുന്നത്‌‌. മൃഗങ്ങളും വിരളം. പുല്ലിനു പകരം പൂക്കൾ ചർമ്മമായി മണ്ണിനെ മൂടിയിരുന്നു. കാടുകളിൽ. മരങ്ങൾക്കിടയിലെ ചെറിയ സുഷിരങ്ങൾക്കുള്ളിലൂടെ എട്ടുകാലികൾ, സൂര്യരശ്മികൾ നെയ്തു വയ്ക്കും. പൂക്കളിൽ നിന്നും തേൻ കുടിച്ച ചെറു പ്രാണികൾ മത്തുപിടിച്ച് പരസ്പരം ഉമ്മ വക്കും. മരങ്ങളും ചെടികളും നിറഞ്ഞ തുരുത്തിലേക്ക്‌ പക്ഷികൾ ധാരാളമായി വന്നു പോകാറുണ്ടായിരുന്നു. പക്ഷികളുടെ ശബ്ദത്തെ പൂത്തുരുത്ത് പുലർച്ചകളിൽ ചുറ്റുന്ന മഞ്ഞിൻ്റെ കമ്പിളി പോലെ ധരിച്ചു. പൂത്തുരുത്ത് പക്ഷിനിരീക്ഷകരുടെ ശ്രദ്ധയിൽ വന്നതിൽ പിന്നെ തുരുത്തിന്‌ ദേശീയ ശ്രദ്ധ ലഭിച്ചു. അതോടെ വിനോദസഞ്ചാരികളേയും പക്ഷിനിരീക്ഷകരേയും ആകർഷിക്കാൻ അവിടെ റിസോർട്ടുകൾ ഉയർന്നു. അപൂർവ്വങ്ങളായ ദേശാടനപക്ഷികളുടെ സന്ദർശ്ശനം ലക്ഷ്യമാക്കി പല നിരീക്ഷകരും പൂത്തുരുത്തിൽ കറങ്ങി നടന്നു. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ മീൻറാഞ്ചി പക്ഷികളെ തുരുത്തിൽ കണ്ടെത്തിയെന്ന പക്ഷിനിരീക്ഷകന്റെ അവകാശവാദം അന്തർദ്ദേശീയ ശ്രദ്ധയെ കഷണിച്ചു വരുത്തി. എന്നാൽ ആളുകളുടെ അമിത ഇടപെടൽ പക്ഷികളുടെ സന്ദർശനത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയതോടെ ദ്വീപിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തി.


"ഈ അടുപ്പിലാണ് നമ്മള്
തെളിവ് തപ്പാൻ പോയ്ട്ടൊള്ളത്
അതും ഈ മൂട്ടിലെ വേനിം വച്ചട്ട്ണ്
മര്യാദക്ക് അങ്ങ്ട് ഇരിക്കാനും പറ്റൺല്യാ
തൂറാനും പറ്റൺല്യാ
ഒരു മാതിരി വെകിളിത്തരം

നേരെപ്പോയി
റിസോര്‍ട്ടിന്‍റെ സിസിറ്റിവ്യാ നോക്കി
നോക്ക്യപ്പോ എന്തൂറ്റാ
സാജൻ ഒരു ചാക്കും കെട്ട്
ഏറ്റി പോവണ്തണ് കണ്ടത്
ഏതാ മൊതല്‌ന്നാ വിജാരം
ചീങ്കണ്ണ്യാണവൻ വെറും ചീങ്കണ്ണി

പെണ്ണ് പറഞ്ഞത് ശര്യാർന്നു
അവള് വന്ന സമയൊക്കെ
സിസിറ്റിവിലേ കാണാണ്ട്
അതോടെ ഞങ്ങളു മൊത്തം എറങ്ങി
പൂത്തുരുത്ത് തപ്പാനായിട്ട്

നേരത്തെപ്പറഞ്ഞതൊക്കെ
മ്മ്ക്ക് അറിയാമ്പറ്റണ കാര്യങ്ങള്
എന്നാ അതൊന്നൊല്ല പൂത്തുരുത്ത്
ഞാമ്പറയണത് നിങ്ങക്ക്
വേണേ എടുക്കാം ഇല്ലേ തള്ളാം
പക്ഷെ ഇണ്ടായത് ഞാമ്പറയും
അന്നും എന്നെ
ഒരു മലരനും വിശ്വസിച്ചില്ലാട്ടാ

അതൊന്നും പ്രശ്നല്ല
ജീവിതത്തില് ചെല കാര്യങ്ങള് അങ്ങന്യാണ്
മ്മ്ക്ക് അനുഭവം വരുമ്പോ മ്മളാ പഠിക്കും

ഈ തുരുത്ത് ഒരു വെടക്കെട്ട സ്ഥലാട്ടാ
കണ്ടാലേ പേട്യാവും
അമ്മാരി സെറ്റപ്പ്ണ്
കാടന്നെ, നെറച്ച് ചതുപ്പുംണ്ട്
പെട്ടാ നമ്മളൂം ഉള്ളിലാവും
കാറ്റില് മരം ഉലയണതും
കൂടെ ഈ കിള്യോൾടെ സൗണ്ടും
ആ സൗണ്ട് മാത്രല്ലട്ടാ ഞാമ്പറയാം

പണ്ടുണ്ടല്ലോ അയൽനാട്ടീ‌‌ ലഹളണ്ടായപ്പോ
ഒള്ളതൊക്കേം വാരിക്കൂട്ടി കൊറച്ചാളോള്‌
ബോട്ടീ കേറി നമ്മടെ നാട്ടീക്കാ പോന്നു
ബോട്ട്‌ തകർന്ന് അതില്‌ കൊറച്ചെണ്ണം
വന്നുകേറീതേ‌ എവടിക്ക്യാ?
പൂത്തിരുത്തിക്ക്യാ
എന്നട്ട്‌ ഒറ്റരൊണ്ണം രക്ഷപ്പെട്ടാ?
ഇല്ല്യാട്ടാ ഒക്കേന്റേം എല്ലുങ്കൂടം
ചതുപ്പില്‌ പൊതഞ്ഞ് കെടപ്പ്ണ്ട്
എന്തൂട്ടാ കാര്യം?
ഈ തുരുത്ത്ണ്ടല്ലോ അതിന്‌‌ പ്രേതബാധ്യണ്ട്
തുരുത്തിലല്ലട്ടാ പ്രേതം
ഈ തുരുത്തെന്നെ ഒരു പ്രേതാണ്‌

അനുഭവത്തീന്നണ്‌ ഈ പറയണത് ന്ന് കൂട്ടിക്കോട്ടാ
അന്നു ഞങ്ങള്‌ തെളിവ്‌ തപ്പാനായിട്ട്‌
പൂത്തുരുത്തിലൊന്ന് കറങ്ങ്യല്ലോ
എന്റെ ജീവിതത്തീ മറക്കില്ല്യാട്ടാ ആ പോക്ക്‌

ഞങ്ങള്‌ അഞ്ച്‌‌ പേരണ്‌ ഇണ്ടായതേ
ഒരറ്റത്ത്ന്നണ്‌ തെരച്ചില്‌ തൊടങ്ങീത്‌
കൊറച്ചു കഴിഞ്ഞപ്പോ രണ്ട്‌ ഗ്രൂപ്പായി ‌
പകുതി ആയിണ്ടാവും
കാറ്റടി തൊടങ്ങി
ഈ മൊളങ്കൂട്ടത്തിന്റെ അവടെ‌
കാറ്റിന്റെ ഒരു ചൂളം വിളിണ്ട്രപ്പാ
ആരാണ്ട്‌ വിളിക്കണപോലെ തോന്നും
എന്റെ കൂടെ എസ്തപ്പാനാണ്‌ ണ്ടാർന്നേട്ടാ
ചൂളം വിളി കേട്ടട്ട്‌ അവന്‌ പേട്യായി
എനിക്കാണേ ചിരിവരാർന്നു
ഇവന്റെ ഈ കാട്ടിക്കൂട്ടല്‌കണ്ടട്ട്‌
എന്നാ പോയിട്ട്‌ ഒരു ചായകുടിച്ചട്ട്‌ വാന്ന്
ഞാനെന്ന്യാ പറഞ്ഞ്‌ വിട്ടേ

അത്ര വല്യ കാടൊന്നില്ല്യാട്ടാ
ആകെ ഇത്തിരി സ്ഥലല്ലേള്ളൂ
ഞാൻ തെളിവും നോക്കിനടന്നു
എടക്ക്‌‌ ചൂളം വിളിടൊപ്പം
എന്നെയാരാണ്ട്‌ പേരാ വിളിച്ചു
ചായകുടികഴിഞ്ഞ് വന്ന‌
എസ്തപ്പാനാന്നാണ്‌ കരുത്യേ
അല്ല എസ്തപ്പാനല്ല

ഞാൻ ശെരിക്കും കേട്ടേ
നോക്ക്യപ്പോ
തേക്കുമരത്തിന്റെ തണലത്ത്‌
അമ്മ ഇരിക്കണ്‌
അമ്മ ഇരുന്ന് കരയണ്‌
പണ്ട്‌ അച്ഛന്റേന്ന് തല്ല് കിട്ടീട്ട്‌
ഇതേ പോലെന്നെ അമ്മയിരുന്ന് കരയും
ഞാൻ അമ്മേടെ അടുത്തിക്ക് ഓടിച്ചെല്ലും
അപ്പോ അമ്മ എന്നെ കെട്ടിപ്പിടിച്ച്‌ കരയും
കണ്ണുനീരൊക്കെ എന്റെ മോത്താവും
മോത്ത് എണ്ണ തേക്ക്യുമ്പോപ്പോലെ
ഇഷ്ടല്ല്യാണ്ടും ഞാനതൊക്കെ സഹിക്കും

അമ്മേനെ കണ്ടപ്പോ
ഞാനിതെവട്യാന്നൊള്ളതൊക്കെ മറന്ന്
കുട്ട്യായിട്ട് ഓടിപ്പോയിട്ടാ
അമ്മേടെ അടുത്തെത്ത്യപ്പോ
പെറകീന്നൊരു കരച്ചില്
നോക്ക്യപ്പോ അവടെ
ഒരു മരത്തിന്റെ ചോട്ടിൽ അമ്മ
ഇവടത്തെ അമ്മേടെ കരച്ചില് നിന്നു
അപ്പോ ഞാനങ്ങ്ട് ഓടി
അവടെ ചെന്നപ്പോണ്ട്
വേറെ ഒരിടത്ത് മരത്തിലമ്മ
നാലു ദിശയിലും ഹോ
ഒരേ മരം ഒരേ അമ്മ
ഓടിയോടിത്തളർന്നു
മുട്ടുകുത്തിയപ്പോൾ
അമ്മമാരൊക്കെക്കൂടെക്കരച്ചിലായി

കെടന്ന ഭാഗത്തെ
ചതുപ്പെന്നെയെടുത്തു
ഉറക്കത്തിന്റുള്ളീക്ക് വീഴുമ്പോലെ
ചതുപ്പീക്ക് ഇറങ്ങ്യാപോയ്
എസ്തപ്പാൻ തിരിച്ചു വന്നോണ്ടണ്
ഇന്ന് നിങ്ങക്കീകഥപറയാനായിട്ട്
ഞാനിവിടിരിക്കണേ ട്ടാ

പിന്നങ്ങ്ട്
വല്ലാണ്ട് കളിക്കാൻ പോയില്ലാട്ടാ
ചതുപ്പില്ലാത്ത ഭാഗത്ത് മാത്രം
രണ്ട് ദിവസം മുഴോനും തപ്പി
തട്യാ ഊരി

ബോഡിടെ ഒരു തുമ്പുപോയ്ട്ട്
ഒരു അണ്ടീം കിട്ടീലടപ്പാ
അതോടെ അന്വേഷണാങ്ങ്ട് വഴ്യാമുട്ടി

പക്ഷെണ്ടല്ലോടാ
അന്നാണ്‌ട്ടാ ഞാനാദ്യായിട്ട്
ജിൽ ജിൽ പക്ഷീടെ കഥകേൾക്കണത്
ബിബിസീല് വരെ വന്ന കഥ്യാട്ടത്
കേട്ടട്ടില്യേ?
പ്രത്യേകിച്ചൊന്നില്ല്യാ
ഒരു പ്രതിമ പക്ഷീനെ എണ ആക്കീട്ട്
മഞ്ഞു കാലത്ത് ചത്തോയ പക്ഷ്യാണ്
ജിൽ ജിൽ

അല്ലാ നിങ്ങള് എന്തൂട്ടിനാണ്
ഇതൊക്കെ ചോക്കണേ?
എന്തൂട്ടാ ശെരിക്കൊള്ള സീന്?
യെന്തൂട്ട്
ഈ സെയിം പാറ്റേൺല് ഒരാളൂടെ മരിച്ചൂന്നാ?
നിങ്ങള് എന്തൂട്ട്ണ് ഈ പറയണത്
ഈ പക്ഷികൾടെ തൂവലും
തോക്കും ഉണ്ടാർന്നോ
ആരടപ്പാത്
അപ്പോ ആരാണ്‌ത്

അപ്പോ ഈ കൊന്ന ആള്
അയാളപ്പോ തിരിച്ച് വന്ന്ണ്ടാ
ആ ഞാൻ ഹെൽപ്പെയ്യാം
അല്ലാണ്ടിപ്പോ എനിക്കെന്തിറ്റാ പണി
എന്താപ്പോ ചെയ്യണ്ടേ?
ജിൽജിൽകഥ വേണോ?
പറയാംട്ടാ'

ജില്‍ ജില്‍ കഥ

പുതിയ അന്വേഷണ ഉദ്യോഗസ്ഥരിലേക്ക് തിരികെ പോകാന്‍

പൊലീസുകാരന്‍റെ ആദ്യ സംഭാഷണം

Comments