പു.ക.സക്ക്
എന്തിനാണ്
ഒരു മുഖ്യമന്ത്രി?
പു.ക.സക്ക് എന്തിനാണ് ഒരു മുഖ്യമന്ത്രി?
സാംസ്‌കാരിക വലതുപക്ഷത്തിനെതിരെ പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും നിലനില്‍ക്കാനുള്ള ബലം സാംസ്‌കാരിക ഇടതുപക്ഷത്തിന് ഇന്ന് എത്രത്തോളമുണ്ട് എന്ന ചോദ്യം സ്വയം വിമര്‍ശനാത്മകമായി ചോദിക്കപ്പെടണം. അങ്ങനെ ചോദിക്കണമെങ്കില്‍, ഭരണകൂടത്തെയും പാര്‍ട്ടിയെയും മറികടന്നുകൊണ്ടുള്ള ഒരസ്തിത്വമായി ഇടതുപക്ഷത്തെ സമീപിക്കാനുള്ള വിവേകം പു.ക.സ വീണ്ടെടുക്കേണ്ടതുണ്ട്. സ്തുതിപാഠകരേക്കാള്‍ വിമര്‍ശകരും വിയോജിക്കുന്നവരും സന്ദേഹികളുമൊക്കെയായി വിനിമയം നടത്തേണ്ടതുണ്ട്. അതില്ലാതെ പോകുന്നതുകൊണ്ടാണ്, ഹരീഷ് പേരടിയെപ്പോലുള്ളവരോട് മാപ്പുചോദിക്കേണ്ട ഒരവസ്ഥയിലേക്ക് പു.ക.സ നിലംപതിക്കുന്നത്.
18 Jun 2022, 02:49 PM
പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട്ട് നടത്തിയ ‘ശാന്തനോര്‍മ' എന്ന നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് നടന്‍ ഹരീഷ് പേരടിയെ ക്ഷണിച്ചശേഷം ഒഴിവാക്കിയതില്‍, സംഘടന ഔദ്യോഗികമായി തന്നെ ഹരീഷ് പേരടിയോട് നിര്‍വ്യാജം മാപ്പ് ചോദിച്ചിട്ടുണ്ട്. അതോടൊപ്പം, പു.ക.സ എന്ന സാംസ്‌കാരിക സംഘടനയുടെ നയം വിശദമാക്കി, ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിന്റേതായി ‘ദേശാഭിമാനി' പ്രസിദ്ധീകരിച്ച കുറിപ്പില്‍, എന്തുകൊണ്ട് ഹരീഷ് പേരടിയെപ്പോലെ നിലപാടെടുക്കുന്നവരെ ഒഴിവാക്കുന്നതെന്നും എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പം സംഘടന നിലയുറപ്പിക്കുന്നു എന്നും വിശദീകരിക്കുന്നുണ്ട്.
കൂടാതെ, ‘ഹരീഷ് പേരടിയുടെ നിലപാട് ഹിന്ദുത്വശക്തികളെ സഹായിക്കുന്നത്' എന്ന പേരില്‍ പു.ക.സ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഒരു പ്രസ്താവനയും ജൂണ്‍ 18ലെ ദേശാഭിമാനിയില്‍ കാണാം. ‘പൊതുവേ ഒരിടതുപക്ഷ വീക്ഷണമാണ് അദ്ദേഹത്തിന്റേതെന്നും അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും എന്നാല്‍, ഇടതുപക്ഷ വിമര്‍ശനം അധിക്ഷേപവും അസഭ്യം പറച്ചിലുമായി മാറുമ്പോള്‍ യോജിച്ചുപോകാനാകില്ല' എന്നും പ്രസ്താവനയില്‍ പറയുന്നു.
മുഖ്യമന്ത്രി കഴിഞ്ഞദിവസങ്ങളില്‍ പങ്കെടുത്ത പരിപാടിയില്‍, ചില പൊലീസുകാര്‍ കറുത്ത മാസ്‌ക് അഴിപ്പിച്ചതിനെതിരെയായിരുന്നു ഹരീഷ് പേരടിയുടെ വിവാദ പോസ്റ്റ്: ‘‘രണ്ടു ദിവസത്തേക്കെങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌കും ധരിക്കുക... ഇത് പേടിത്തൂറനായ ഒരു ഫാസിസ്റ്റിനുനേരെയുള്ള പ്രതിഷേധമാണ്' എന്ന കുറിപ്പോടെ ഹരീഷ് കറുത്ത മാസ്‌ക് ധരിച്ച ഒരു പടവും പോസ്റ്റു ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ, സമീപകാലത്ത് സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച്, ‘മാധ്യമ നെറികേടിനെതിരെ സാംസ്‌കാരിക കേരളം മുഖ്യമന്ത്രിക്കൊപ്പം' എന്ന പേരില്‍ പു.ക.സ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചുവരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.

ഹരീഷ് പേരടിയുമായി ബന്ധപ്പെട്ട വിഷയം, സംഘടന നിര്‍വ്യാജം മാപ്പ് ചോദിച്ചതോടെ തീരേണ്ടതാണ്. കാരണം, അദ്ദേഹത്തെ ക്ഷണിച്ചശേഷം ഒഴിവാക്കിയത് തെറ്റാണ് എന്ന് പു.ക.സ സമ്മതിച്ചുകഴിഞ്ഞു. എന്നാല്‍, പു.ക.സയുടെ നിലപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ച, ഈ മാപ്പിന്റെ പേരില്‍ അവസാനിപ്പിക്കേണ്ടതല്ല എന്ന്, തുടര്‍ച്ചയായ ചില അപഭ്രംശങ്ങള്‍ സൂചിപ്പിക്കുന്നു.
സി.പി.എമ്മിന്റെ ഒരു ‘പോഷകസംഘടന' എന്ന നിലയില്‍, കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ 'ചമയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍' എന്ന വീഡിയോ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ബ്രാഹ്മണ്യത്തെയും ഇസ്‌ലാമിനെയും കുറിച്ചുള്ള പിന്തിരിപ്പന്‍ പൊതുബോധത്തെ പച്ചയായി അരക്കിട്ടുറപ്പിക്കുന്ന വീഡിയോകളായിരുന്നു, ഇടതുപക്ഷത്തിനുവേണ്ടിയെന്ന നിലയ്ക്ക് അവതരിപ്പിച്ചത്. അതും, അന്ന് വിവാദമായപ്പോള്‍ പിന്‍വലിച്ചിരുന്നുവെന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ. കോവിഡ് കാലത്ത്, തൃശൂര്‍ ജില്ലാ കമ്മിറ്റി ഇറക്കിയ ‘ഒരു തീണ്ടാപ്പാടകലെ' എന്ന ഹ്രസ്യചിത്രത്തിനും, പു.ക.സ അവകാശപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയമല്ല, പ്രതിലോമ രാഷ്ട്രീയമാണുണ്ടായിരുന്നത്.
ദേശീയ വിമോചന സമരത്തിന്റെ കാലത്തുപോലും, അശോകന്‍ ചരുവില്‍ പറയുന്ന തരത്തില്‍, പിന്തിരിപ്പന്‍ ശക്തികളുടെ ‘എക്‌സ്‌ക്ലൂഷന്‍' സാധ്യമായിരുന്നുവെങ്കില്‍, ഇത്രയും കാലത്തെ രാഷ്ട്രീയബോധ്യം എന്തുകൊണ്ട്, ഏറ്റവും നിര്‍ണായകമായ ഒരു രാഷ്ട്രീയ- സാംസ്‌കാരികാന്തരീക്ഷത്തില്‍, പു.ക.സക്ക് പല സന്ദര്‍ഭങ്ങളിലും നഷ്ടപ്പെട്ടുപോകുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അതില്‍, ഇടതുപക്ഷത്തെ ഉപാധിരഹിതമായി പിന്തുണക്കാനുള്ള സംഘടനയുടെ ഇപ്പോഴത്തെ നിലപാടുകൂടി വിമര്‍ശനവിധേയമാക്കണം. കാരണം, കക്ഷിരാഷ്ട്രീയത്തിന്റെ ഒരു പോഷകസംഘടന എന്ന നിലയ്ക്കാണ് ഇപ്പോള്‍ പു.ക.സ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതാണ്, സംഘടന പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷം എന്ന് സ്വയം ധരിച്ചുവശായിരിക്കുകയും ചെയ്യുന്നു.
കേരളത്തില്‍ പുരോഗമന സാഹിത്യവുമായും അതിന്റെ രാഷ്ട്രീയപക്ഷവുമായും ബന്ധപ്പെട്ടുനടന്ന തര്‍ക്കവിതര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും സംവാദങ്ങളിലുമെല്ലാം ആരോഗ്യകരമായ ഒരു ‘ഇന്‍ക്ലൂഷന്‍' ഉണ്ടായിരുന്നു എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പ്രത്യേകിച്ച്, വിമര്‍ശകപക്ഷത്തെ അത് ശ്രദ്ധാപൂര്‍വമാണ് കേട്ടുകൊണ്ടിരുന്നത്. അതുകൊണ്ടാണ്, തകഴിയും കേശവദേവും പൊന്‍കുന്നം വര്‍ക്കിയും എം.പി. പോളും കേസരി എ. ബാലകൃഷ്ണപിള്ളയും വള്ളത്തോളും ചങ്ങമ്പുഴയും ജി. ശങ്കരക്കുറുപ്പുമെല്ലാം ഈ സംവാദങ്ങളുടെ ഭാഗമായി മാറിയത്. അതിലൂടെയാണ്, കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനം യഥാര്‍ഥ ഇടതുപക്ഷം പോലുമായത്. സാംസ്‌കാരിക വിമര്‍ശനങ്ങളുടെ കാര്യത്തില്‍, ഇം.എം.എസ് പുലര്‍ത്തിയ തുറന്ന സമീപനങ്ങള്‍, ഈ ഇടതുപക്ഷബോധ്യത്തിന് ഉറച്ച കാമ്പു നല്‍കി. അപ്പോഴൊന്നും, ഈ പ്രസ്ഥാനം ഇടതുപക്ഷ രാഷ്ട്രീയത്തെ ഒരു കക്ഷിരാഷ്ട്രീയമായി, സങ്കുചിതപ്പെടുത്തിയിട്ടില്ല എന്ന് പ്രത്യേകം ഓര്‍ക്കണം. ‘ഞങ്ങളെന്നുമൊരു സൗവര്‍ണ പ്രതിപക്ഷം' എന്ന് വൈലോപ്പിള്ളി പറഞ്ഞതിന്റെ പൊരുള്‍, സാംസ്‌കാരികലോകത്തേക്ക് വിവര്‍ത്തനം ചെയ്താല്‍ കിട്ടുന്നത് എന്താണോ അതാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ എന്നും പ്രസക്തമാക്കുന്നത്.

അന്ന് പുരോഗമ സാഹിത്യപ്രസ്ഥാനം അഭിമുഖീകരിച്ചതിനേക്കാള്‍ സങ്കീര്‍ണമാണ് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ. കോര്‍പറേറ്റ് മൂലധനം, രാഷ്ട്രീയ ഹിന്ദുത്വം, ജനവിരുദ്ധ ഭരണകൂടം തുടങ്ങിയ വിശേഷണങ്ങള്‍ ഈ കാലത്തുനിന്ന് കൃത്യമായി തന്നെ അശോകന്‍ ചരുവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, അത് കൃത്യമായ ഒരു പ്രതിപക്ഷ ഇടപെടലാകണമെങ്കില്‍, കൃത്യമായ ഒരു ഇടതുപക്ഷ ഇടപെടലാകണമെങ്കില്‍, സംഘടനയുടെ ഇന്നത്തെ ‘കക്ഷിരാഷ്ട്രീയ പോഷകാ'ടിത്തറയില്‍നിന്ന് മുക്തമാകേണ്ടതുണ്ട്. കാരണം, ഭരണകൂടവും സര്‍ക്കാറും പാര്‍ട്ടിയുമല്ല ഒരു സാംസ്‌കാരിക സംഘടനയെ സംബന്ധിച്ച രാഷ്ട്രീയതീരുമാനങ്ങളുടെ അടിസ്ഥാനമാകേണ്ടത്. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ചുമക്കാന്‍ ബാധ്യതപ്പെട്ട ഒരു സംഘടനയായി പു.ക.സ മാറിയത്, പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് ഇടതുപക്ഷം എന്ന തെറ്റായ വായന മൂലമാണ്, അതുകൊണ്ടാണ്, സംഘടനയിലെ ‘പുരോഗമനം' എന്ന വാക്കിന്റെ സത്തയോടൊപ്പമുണ്ടായിരിക്കേണ്ട ഇടതുപക്ഷം ഇത്രമേല്‍ സങ്കുചിതമായി പ്രയോഗിക്കപ്പെടുന്നത്.

സാംസ്‌കാരിക വലതുപക്ഷത്തിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നത് ഈ കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയലക്ഷ്യം തന്നെയാണ്. എന്നാല്‍, ഇടതുപക്ഷ വിമര്‍ശനമോ? അതേക്കുറിച്ച് പു.ക.സ എന്താണ് നിശ്ശബ്ദമായി പോകുന്നത്? സാംസ്‌കാരിക വലതുപക്ഷത്തിനെതിരെ പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും നിലനില്‍ക്കാനുള്ള ബലം സാംസ്‌കാരിക ഇടതുപക്ഷത്തിന് ഇന്ന് എത്രത്തോളമുണ്ട് എന്ന ചോദ്യം സ്വയം വിമര്‍ശനാത്മകമായി ചോദിക്കപ്പെടണം. അങ്ങനെ ചോദിക്കണമെങ്കില്‍, ഭരണകൂടത്തെയും പാര്‍ട്ടിയെയും മറികടന്നുകൊണ്ടുള്ള ഒരസ്തിത്വമായി ഇടതുപക്ഷത്തെ സമീപിക്കാനുള്ള വിവേകം പു.ക.സ വീണ്ടെടുക്കേണ്ടതുണ്ട്.
ഇടതുപക്ഷത്തിന് ഇന്നാവശ്യം പോഷകസംഘങ്ങളല്ല, തീര്‍ച്ചയായും വിര്‍മശക സംഘങ്ങളാണ്, പ്രത്യേകിച്ച് സാംസ്‌കാരികമേഖലയില്‍നിന്ന്. ഇത്തരമൊരു വിമര്‍ശകസംഘം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് കേരളീയ ഇടതുപക്ഷത്തിന് അമ്പതുകളും അറുപതുകളുമെല്ലാം രാഷ്ട്രീയമായും സാംസ്‌കാരികമായും സ്വന്തമാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ഇടതുപക്ഷമെന്നാല്‍ പാര്‍ട്ടിയും സര്‍ക്കാറുമായി മാറിയതോടെ, പു.ക.സ വെറുമൊരു പാര്‍ട്ടി ഫ്രാക്ഷനായി മാറുന്നതാണ് കണ്ടത്. അത്, സാംസ്‌കാരിക ഇടതുപക്ഷത്തുണ്ടാക്കിയ ശൂന്യത നികത്തപ്പെടാതെ കിടക്കുകയാണ്. അതങ്ങനെ തുടരും എന്നാണ് പു.ക.സയുടെ പ്രതികരണങ്ങൾ കാണിക്കുന്നത്.
സ്തുതിപാഠകരേക്കാള്‍ വിമര്‍ശകരും വിയോജിക്കുന്നവരും സന്ദേഹികളുമൊക്കെയായി മാത്രമേ ക്രിയാത്മക വിനിമയം നടത്താനാകൂ. അതില്ലാതെ പോകുന്നതുകൊണ്ടാണ്, ഹരീഷ് പേരടിയെപ്പോലുള്ളവരോട് മാപ്പുചോദിക്കേണ്ട ഒരവസ്ഥയിലേക്ക് പു.ക.സ നിലംപതിക്കുന്നത്.
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
Think
Jun 10, 2022
2 Minutes Read
കെ.കണ്ണന്‍
Jun 09, 2022
60 Minutes Watch
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
Truecopy Webzine
May 17, 2022
8 minutes read
പ്രമോദ് പുഴങ്കര
May 16, 2022
6 Minutes Read