കച്ചവടപ്രഥമൻ,
പുലിക്കളി...
ദമ്മാകട്ടെ ഓണം
കച്ചവടപ്രഥമൻ, പുലിക്കളി... ദമ്മാകട്ടെ ഓണം
ഓണത്തിന്റെ ആവിര്‍ഭാവവും അതില്‍ വാമനന്റെയും മഹാബലിയുടെയും റോളും മറ്റും ‘മാനനീയ’ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ വിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. തൃശൂരുകാരനെന്ന നിലയ്ക്ക് ഓണത്തിന്റെ ജനകീയമായ ചില അനുഭവങ്ങളിലേക്കാണ് ഈ നോട്ടം
9 Sep 2022, 12:30 PM
‘‘പൂവിളി, പൂവിളി പൊന്നോണമായി, നീ വരൂ, നീ വരൂ പൊന്നോണത്തുമ്പി'' എന്ന ശ്രുതിമധുരമായ ഗാനത്തിന് ഈണമിട്ട സലില്‍ ചൗധരി മണ്‍മറഞ്ഞ് നാളുകളേറെയായി. എങ്കിലും ഈ ഈരടികളുടെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. ഒ.എന്‍.വി.യുടെ വരികള്‍ ഒരു നല്ല കാലത്തിന്റെ ഓര്‍മകളിലേക്ക് വീണ്ടും നമ്മെ കൊണ്ടുചെല്ലുന്നു.
ഓണത്തിന്റെ ആവിര്‍ഭാവവും അതില്‍ വാമനന്റെയും മഹാബലിയുടെയും റോളും മറ്റും ‘മാനനീയ’ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ വിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. എന്റെ മകള്‍ കുഞ്ഞായിരിക്കുമ്പോള്‍ പറയുമ്പോലെ ‘ഹണ്‍ഡ്രഡ് ഡേയ്‌സ് കാ ചുട്ടി' (നൂറു ദിവസത്തെ അവധി) സ്കൂളുകള്‍ ഓണനാളുകളില്‍ നല്‍കാറില്ലെങ്കിലും ഓണം ആഘോഷിക്കാനുള്ളതാണെന്ന തിരിച്ചറിവ് അവള്‍ക്കുണ്ട്. പാഴ്‌സികളുടെ പുതുവര്‍ഷമായ നവറോസ് പോലെ, മറാഠികളുടെ ഗുഡി പാഡ്വാ പോലെ, തമിഴരുടെ പുത്താണ്ട് പോലെ നാം ആഘോഷിക്കുന്ന ഓണത്തിന്റെ വർണശബളിമക്ക് കാര്യമായ മങ്ങലേറ്റിട്ടില്ല എന്ന് തല്‍ക്കാലം സമാധാനിക്കാം.
ഓണദിവസം ഒരു ‘ദമ്മാകട്ടെ'
കോവിഡിനെത്തുടര്‍ന്ന് രണ്ടുമൂന്നുവര്‍ഷങ്ങള്‍ നാം ആഘോഷിക്കാതെ വിട്ടുകളഞ്ഞ ഈ ഉത്സവം ഇപ്പോള്‍ ഫുള്‍സ്വിങ്ങിലാണ് തൃശ്ശൂര്‍ പട്ടണവാസികള്‍ കൊണ്ടാടുന്നത്. സ്വരാജ് റൗണ്ടിലെ കടകൾ നിറഞ്ഞുതുളുമ്പുന്നു. ഡിസ്കൗണ്ടും ഓഫറുകളും സമ്മാനക്കൂപ്പണുകളുമായി ഉപഭോക്താക്കളെ വശത്താക്കാന്‍ മത്സരിക്കുന്ന മാളുകളില്‍ റെഡിമേയ്ഡ് തൃക്കാക്കരയപ്പന്‍ സ്ഥാപിക്കാനുള്ള മുട്ടിപ്പലക മുതല്‍ സദ്യ വിളമ്പാനുള്ള കടലാസ് ഇലകള്‍ വരെ വില്പനയ്ക്കു വെച്ചിരിക്കുന്നു. പച്ചക്കറി സദ്യയൊരുക്കി തൃശ്ശൂരുകാരെ സന്തോഷിപ്പിച്ചിരുന്ന അമ്പിസ്വാമിയുടെ കാറ്ററിങ്ങ് സര്‍വ്വീസ് അദ്ദേഹത്തിന്റെ മരണശേഷം മക്കള്‍ പിന്‍തുടരുന്നുണ്ട്. ഹോട്ടലുകളില്‍ അവരുടെ സ്പെഷ്യല്‍ പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങിയവക്ക് വൻ ഡിമാൻറാണ്. അഞ്ചുപേര്‍ക്ക് കഴിക്കാവുന്ന ഓണസദ്യയും (രൂപ 2000) ഹോട്ടലില്‍നിന്ന് വാങ്ങാം. ഇത് വിളംബരം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ക്കു സമീപം ‘അറബി ചുട്ട കോഴി’യുടെയും ഹൈദരാബാദി ദം ബിരിയാണിയുടെയും മാഹാത്മ്യം വിളമ്പുന്ന പോസ്റ്ററുകളും കണ്ടു.
ഓണദിവസം ഒരു ‘ദമ്മാകട്ടെ' എന്ന് വിചാരിക്കുന്നവരേയും സന്തോഷിപ്പിക്കണമല്ലോ. ഓണദിവസം കുടുംബത്തില്‍ നളപാചകം ചെയ്യേണ്ട കാര്യമില്ല എന്ന് ചുരുക്കം. തമിഴ്‌നാട്ടില്‍നിന്ന് ലോറിക്കണക്കിനാണ് വിവിധ തരം പൂക്കള്‍ എത്തുന്നത്. കാശിത്തുമ്പപ്പൂവും തെച്ചിപ്പൂവും ചെമ്പരത്തിയും മുക്കുറ്റിയും അന്യംനിന്നുപോയ സ്ഥിതിക്ക് പൂക്കളമിടാന്‍ മലയാളികള്‍ക്ക് തമിഴ്‌നാടിനെത്തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. തൃശ്ശൂരിലേക്ക് പൂക്കളെത്തുന്നത് കോവൈ, ബാംഗളൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണെന്ന് പ്രസിദ്ധ പൂ വ്യാപാരികളായ തൃശൂർ പാട്ടുരായ്ക്കലിലെ അത്തം ഫ്ലവേഴ്‌സ് പാര്‍ട്ട്ണര്‍മാരായ രാധാകൃഷ്ണനും മുരളിയും പറഞ്ഞു. ജമന്തിപ്പൂ കിലോക്ക് നൂറുരൂപയും ഉണ്ടമണിപ്പൂ കിലോക്ക് 160 രൂപയുമാണ് വില. ഒരു ചെറിയ ഓണപ്പൂക്കളത്തിനുള്ള ‘ഇക്കോണമി പൂ പാക്കറ്റ്' ഒന്നിന് നൂറു രൂപയാണ്. തൃക്കാക്കരയപ്പന്‍ മൂന്നെണ്ണത്തിന് 150 രൂപയാണ്. അതില്‍ കുത്തിവെക്കാനുള്ള ചെമ്പരത്തിപ്പൂ ലഭ്യമല്ലാത്തതിനാല്‍ ഗില്‍റ്റ് പേപ്പര്‍ കൊണ്ടുള്ള ‘പൂ സ്റ്റിക്ക്' ഒന്നിന് പത്തു രൂപ കൊടുത്ത് സംഗതി ഒതുക്കാം.
കുത്താമ്പുള്ളിക്ക് നല്ല വിൽപന
പച്ചക്കറിക്ക് തീപിടിച്ച വിലയാണെങ്കിലും അവയും വന്നെത്തുന്നത് നമ്മുടെ അയല്‍സംസ്ഥാനത്തുനിന്നാണ്. നമ്മുടെ നാട്ടിലെ സ്വന്തം നെടുനേന്ത്രന്‍, ചെങ്ങാലിക്കോടന്‍ നേന്ത്രക്കുലകള്‍ക്ക് തീപിടിച്ച വില നല്കണം. കിലോയ്ക്ക് 80-90 രൂപ വരെ. അപ്പോള്‍പ്പിന്നെ മാര്‍ക്കറ്റിലുള്ള ഏതെങ്കിലും വകുപ്പിലുള്ള നേന്ത്രക്കായ മൂന്നോ നാലോ കിലോ മാത്രം വാങ്ങി ഓണമാഘോഷിക്കാനേ സാധാരണക്കാരനാകൂ. എന്റെ അപ്പനും മൂത്ത ജ്യേഷ്ഠനും ഗസറ്റഡ് ഓഫീസര്‍മാരായിരുന്നു. അവരെ ഓണദിവസങ്ങളില്‍ ‘മുഖം കാണിക്കാനെത്തുന്നവര്‍' മുഴുത്ത നേന്ത്രക്കുലകളും കൊണ്ടുവരുമായിരുന്നു. അവ വീടിന്റെ ശീലാന്തികളില്‍ കൊളുത്തിയിട്ട ആ കാലം ഇന്നില്ല.
തൃശൂര്‍ തിരുവില്വാമലയിലെ നെയ്ത്തുകാരുടെ തനതായ കുത്താമ്പുള്ളി സാരിയും സെറ്റ് മുണ്ടും കോവിഡ് പശ്ചാത്തലത്തില്‍ വില്പനയ്‌ക്കെത്തിയില്ലെങ്കിലും ഇത്തവണ ഈ വസ്ത്രങ്ങള്‍ നന്നായി വിറ്റഴിയുന്നുവെന്ന് ഉഷ എന്ന പരിചയക്കാരിയായ കടയുടമ പറയുന്നു. പൊതുവേ പറഞ്ഞാല്‍, ‘ഹണ്‍ഡ്രഡ് പേര്‍സൻറ്’ ഉത്സാഹത്തോടെത്തന്നെ ഓണാഘോഷക്കാലം കടുന്നുപോകുമെന്ന ശുഭചിന്ത കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന മഴയുടെ ഒളിച്ചുകളി ഭയപ്പാടോടെ നോക്കുന്ന കടക്കാരെയും നാട്ടുകാരെയും ‘മഴഭഗവാന്‍’ ആശീര്‍വദിക്കട്ടെ!
ആവേശകരം പുലിക്കളി
തൃശ്ശൂരിന്റെ തനതായ പ്രത്യേകതയോടെയുള്ള ‘പുലിക്കളി', സാമ്പത്തിക പരാധീനതകളാല്‍ കുറേനാളുകളായി ശോഷിച്ചുപോയിരുന്നു. പ്രാദേശിക ഭരണകൂടം ചില്ലറ ധനസഹായം പുലിക്കളി സംഘാടകര്‍ക്ക് അനുവദിച്ചു എന്ന ശുഭകരമായ വാര്‍ത്ത കേള്‍ക്കുന്നു. കേരളത്തിലെ വാദ്യകലകളില്‍ ‘പുലിക്കളിക്കൊട്ട്' അംഗീകരിക്കപ്പെട്ടിട്ടില്ല എന്നുതോന്നുന്നു. അതൊരു അസുരതാളമായി ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍ തായമ്പകയേക്കാളും കാണികള്‍ക്ക് ആവേശം പകരുന്ന നാടന്‍ വാദ്യവിശേഷമാണ് ഇതെന്നാണ് എന്റെ നിഗമനം. അതിന് പ്രത്യേക താളലയമുണ്ട്. കേള്‍ക്കുന്നവര്‍ക്ക് നിന്നനില്പില്‍ ചാടിക്കളിയ്ക്കാൻ ആവേശം പകരുന്നുണ്ട്. ഇതൊരു ക്ഷേത്ര കലയല്ലെങ്കിലും തൃശ്ശൂരിന്റെ പ്രത്യേക താളത്തില്‍ കൊട്ടുന്ന ‘പുലിക്കളി ചെണ്ടവാദ്യം' എന്നെപ്പോലുള്ളവരെ ആവേശഭരിതരാക്കുന്നു. കേരളത്തിന്റെ ഇതരഭാഗങ്ങളിലുള്ള പുലിക്കളിയും അകമ്പടിയായി ചെണ്ടവാദ്യവും കണ്ടനുഭവിച്ചിട്ടുണ്ടെങ്കിലും എന്നെയത് കാര്യമായി സ്പര്‍ശിക്കാഞ്ഞത് ഒരുപക്ഷേ, ഞാനൊരു അസ്സല്‍ തൃശ്ശൂര്‍ക്കാരനായതുകൊണ്ടാകാം. ചെണ്ട, ഇലത്താളം, ഡും ഡും ഡും എന്നു മാത്രം ശബ്ദമുണ്ടാക്കാനുള്ള (വീക്ക) എന്നിവ ചേര്‍ന്നുള്ള വാദ്യം...! അതൊരു അസ്സല്‍ തൃശൂര്‍ പുലിക്കളി വാദ്യവിശേഷമാകും, തീര്‍ച്ച. ‘പുലിക്കൊട്ടും പനന്തേങ്ങേം' എന്ന് ഉരുവിട്ടാണെത്ര പുലിക്കളിചെണ്ട പഠിക്കുന്നത് എന്ന് ഒരാള്‍ പറഞ്ഞു.
എന്റെ വീടിന് സമീപമുള്ള കൊച്ചണ്ണന് (ശ്രീനിവാസന്‍) പെരുന്നാളുകള്‍, ഓണം തുടങ്ങിയ വിശേഷങ്ങള്‍ക്ക് ചെണ്ടയും ഇലത്താളവും വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. കൊച്ചണ്ണന്റെ മരണശേഷം ബന്ധുക്കള്‍ പരിമിതമായ രീതിയില്‍ നടത്തിവന്നിരുന്ന ഈ പരിപാടി ഇപ്പോള്‍ പരിപൂര്‍ണമായി അവസാനിപ്പിച്ചു. പുലിക്കളിക്കുള്ള ഡിമാൻറ് കുറഞ്ഞതാണ് അതിന്റെ കാരണം. ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശമായ കുട്ടന്‍കുളങ്ങര ആദ്യകാലങ്ങളില്‍ 30-40 പുലിവേഷങ്ങളാണ് നാലോണനാളില്‍ ‘ഇറക്കുക'. മാരാര് ചന്ദ്രന്‍, പൗലോസേട്ടന്‍, സില്‍ക്കി, നെടുപുഴയില്‍നിന്നുള്ള കൃഷ്ണന്‍ (പന കൃഷ്ണന്‍) ഉള്‍പ്പെടെ വേറെ പലരും പുലിക്കളിവേഷമിടാറുണ്ട്. ശാസ്ത്രീയമായ ചുവടുവെപ്പുകള്‍ക്ക് പുലിക്കളിയില്‍ സ്ഥാനമില്ല. ആവശ്യവുമില്ല. രണ്ടുപ്രാവശ്യം കണ്ടാല്‍ നമുക്കുമത് അനുകരിക്കാനാകും. ചെണ്ടയുടെ താളത്തിനൊത്ത് ചുവടുവെക്കാന്‍ പ്രത്യേക പഠനമൊന്നും വേണ്ടതില്ല. അതങ്ങ് തനിയെ വരുമെന്നാണ് പഴയകാല പുലിക്കളിക്കാരന്‍ മാത്യു പറഞ്ഞത്.
പുലികളെത്തുന്നു റൗണ്ടിലേക്ക്
കുട്ടന്‍കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള ഒരു വ്യക്തിയുടെ ചെറിയ കെട്ടിടത്തിലാണ് ആദ്യകാലങ്ങളില്‍ പുലിവേഷമിടുക. ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍കുട്ടിമാഷ്, ആര്‍ട്ടിസ്റ്റ് മാധവന്‍ മാഷ്, ആര്‍ട്ടിസ്റ്റുമാരായ വാസന്‍മാഷും പീറ്റര്‍ചേട്ടനും എന്നീ ചിത്രകലാധ്യാപകരാണ് ആളുകളെ പുലിയാക്കി മാറ്റുന്നതില്‍ എക്സ്പെർട്ടുകൾ. ആ കെട്ടിടത്തില്‍ ഞങ്ങള്‍ കുട്ടികള്ക്ക്പ്രവേശനമില്ല. ജനലില്‍ പിടിച്ചുനിന്നോ ചുമരില്‍ രണ്ടുകൈകളും ഉറപ്പിച്ചു പിടിച്ചുനിന്നോ ഒക്കെയാണ് പുലിവേഷക്കാര്‍ ഇനാമല്‍ പെയിൻറ് ദേഹത്തിടാന്‍ നിന്നുകൊടുക്കുക. വെളുപ്പിന് മൂന്നുനാലുമണിക്ക് ആരംഭിക്കുന്ന വേഷമിടല്‍ രാവിലെ പത്ത് പതിനൊന്നുമണിയോടെ അവസാനിക്കും. ഇതിനിടെ സിഗരറ്റ്/ബീഡി കത്തിച്ച് പുലിവേഷക്കാരെന്റ ചുണ്ടില്‍ വെച്ചുകൊടുക്കുക, ചായ കുടിക്കാന്‍ ഗ്ലാസ് വായില്‍ വെച്ചുകൊടുക്കുക തുടങ്ങിയ പരിപാടികളിൽ ഞാനും പങ്കുചേര്‍ന്നിരുന്നു. രണ്ടുമണിയോടെ പുലികള്‍ ആദ്യം അമ്പലം വലംവെച്ചുള്ള കളിക്ക് തുടക്കം കുറിച്ച് ഭഗവാന്റെ മുമ്പില്‍ തേങ്ങയുടച്ചാണ് തെരുവിലേക്കിറങ്ങുക.
കുട്ടന്‍കുളങ്ങരയിലെ ഒരുമാതിരിപ്പെട്ടവരെല്ലാം പുലികളെ ‘മൂച്ച്' കേറ്റാനും പിന്നാലെയുണ്ടാകും. ചെണ്ടക്കാരുടെ ആ പ്രത്യേക താളത്തോടെയും കൂടെയുള്ളവരുടെ കൂവിവിളിയ്ക്കലോടെയും ആ പുലിഘോഷയാത്ര തൃശൂരിലെ ധനവാനും സഹൃദയനും പി.എസ്.എന്‍. മോട്ടോര്‍സ് ഉടമയുമായിരുന്ന പി.എസ്.എന്‍. സ്വാമിയുടെ വീട്ടിലെത്തി തകര്‍പ്പൻ കളി കളിക്കും. അന്ന് സ്വാമി ചുരുങ്ങിയത് 200 രൂപ കൊടുക്കും, ഒപ്പം എല്ലാവര്‍ക്കും കോടിമുണ്ടും സര്‍ബത്തും. നൂറിലധികം ബസുണ്ടായിരുന്ന പി.എസ്.എന്‍. സ്വാമിയുടെ മരണശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പുലിക്കളിയെ പ്രോത്സാഹിപ്പിച്ചില്ല. ശില്പകലാചാതുരിയോടെ തലയുയര്‍ത്തിനിന്നിരുന്ന അദ്ദേഹത്തിന്റെ ബംഗ്ലാവ് ഇപ്പോള്‍ കല്യാണ്‍ ടവേഴ്‌സ് ആയി മാറിയിട്ടുണ്ട്.
കാനാട്ടുകര, പൂങ്കുന്നം സെന്റര്‍, അയ്യന്തോള്‍, പൂത്തോള്‍, വിയ്യൂര്‍ തുടങ്ങിയ പത്തിരുപത് സ്ഥലങ്ങളില്‍നിന്ന് പുറപ്പെടുന്ന പുലിക്കളിസംഘങ്ങള്‍ മത്സരത്തിന് റൗണ്ടില്‍ പ്രവേശിക്കുമ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലും, കെട്ടിടങ്ങളുടെ വരാന്തകളിലും മുകളിലും ഈ കാഴ്ച കാണാനുള്ളവര്‍ തിങ്ങിനിറഞ്ഞിരിക്കും. പുലിക്കളിസംഘങ്ങള്‍ക്ക് റൗണ്ടിലെത്താനും മടങ്ങിപ്പോകാനും പോലീസ് സമയപരിധി നിശ്ചയിച്ചിരിക്കുന്നു. പുലിക്കളിസംഘങ്ങളുടെ വിശദവിവരങ്ങൾ സംഘങ്ങള്‍ നല്‌കേണ്ടതുണ്ട്. വളന്റിയര്‍മാര്‍ക്കും അവര്‍ പ്രത്യേകം ബാഡ്ജ് നല്കും. വലിയ ആലാസ് കയര്‍ വൃത്താകൃതിയില്‍ പിടിച്ച് അതിനുള്ളിലാണ് ഇപ്പോള്‍ പുലികള്‍ ചുവടുകള്‍ വെക്കുന്നത്. ആവേശഭരിതരായ ജനം വലയം ഭേദിച്ചുകടന്ന് തുള്ളിച്ചാടുന്നതും കാണാം. സംഘാടകരും പോലീസും ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെടുന്നത് നാലോണനാളില്‍ പതിവ് ദൃശ്യമാണ്.
എന്താ, പെണ്‍പുലികള്‍ക്ക് കളിക്കേണ്ടേ?
എന്റെ കുട്ടിക്കാത്ത് ‘ഉലയ്ക്കമേല്‍ കളിക്കുക' എന്ന ‘ഡെയ്ഞ്ചറസ് അഭ്യാസം' പതിവായിരുന്നു. അതായത്, രണ്ട് പൂവനുലയ്ക്കകള്‍ ഓരോ അറ്റത്തായി ശക്തരായ നാലുപേര്‍ പിടിച്ച് ആ ഉലയ്ക്കകളില്‍ കയറി നിന്നായിരുന്നു ആദ്യം പുലികള്‍ കളിച്ചിരുന്നത്. ഉലയ്ക്കക്കുപകരം ഇപ്പോള്‍ ലോറികള്‍ ആ സ്ഥാനമേറ്റെടുത്തിരിക്കുന്നു. അതില്‍ മുകള്‍ഭാഗത്ത് കൂട്ടിക്കെട്ടിയിരിക്കുന്ന മുളകള്‍ പിടിച്ചുകുലുക്കി കൂട്ടിലകപ്പെട്ട പുലിയുടെ വെപ്രാളത്തോടെയാണ് ഈ പുലികള്‍ ലോറിയില്‍ത്തന്നെ ചുവടുകള്‍ വെക്കുക. തടിമാടന്മാരായ പുലികള്‍ താഴെ വീണ് രംഗം അലങ്കോലമാക്കാതിരിക്കാന്‍ ഈ ലോറിപ്പരിപാടിയാണ് നല്ലതെന്ന് സുഹൃത്ത് ആന്റണി പറയുന്നു. കുട്ടികളെ വേഷം കെട്ടിച്ച് പുള്ളിപ്പുലികളാക്കാറാണ് പതിവ്. ഇവരെ വലിയ പുലികള്‍ കഴുത്തില്‍ വെച്ച് കളിക്കുന്ന കാഴ്ച ആവേശം പകരും. വരയന്‍ പുലി, വയറന്‍ പുലി (ഈ വേഷക്കാരന്റെ വയറില്‍ പുലിമുഖം വരച്ചുചേര്‍ത്തിരിക്കും) തുടങ്ങിയവ ചെണ്ടമേളത്തിന്റെ അകമ്പടിയോടൊപ്പം മതിമറന്നു കളിക്കുന്ന ആ മനോഹര കാഴ്ച തൃശ്ശൂരിന്റെ മാത്രം സ്വന്തമാണ്. അയ്യന്തോള്‍, വിയ്യൂര്‍ ഭാഗങ്ങളില്‍നിന്നുള്ള പുലിക്കളിസംഘങ്ങളില്‍ പെണ്‍പുലികളും പങ്കുചേര്‍ന്നിരുന്ന വാര്‍ത്ത പത്രങ്ങളില്‍ ബോക്‌സില്‍ കൊടുത്തിരുന്നു. (എന്താ, പെണ്‍പുലികള്‍ക്ക് കളിക്കേണ്ടേ എന്ന നിങ്ങളുടെ ചോദ്യം പ്രസകതമാണ്!)
ചില പുലിക്കളി സംഘങ്ങള്‍ ആര്‍ട്ടിസ്റ്റിന്റെ ഭാവനയ്‌ക്കൊത്ത് പുരാണത്തിലെ ചില ദൃശ്യങ്ങള്‍ തയ്യാറാക്കുന്നു. ഗീതോപദേശം, ശ്രീകൃഷ്ണൻ, കുചേലൻ, മാവേലി ടാബ്ലോകൾ എന്നിവക്കൊപ്പം തൃശൂരുകാരെ കണ്ണീരണിയിച്ച ഒരു ജീവിതത്തിന്റെ പച്ചയോടെയുള്ള പകര്‍പ്പ് ഓര്‍മയിലെത്തുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള വൃദ്ധയായ ഒരു സ്ത്രീയും കണ്ണടവെച്ച അവരുടെ മകനും തൃശ്ശൂരില്‍ എങ്ങനെയോ എത്തിപ്പെട്ട് നാളുകള്‍ കുറെയായി. അവര്‍ തമ്മില്‍ സംസാരിച്ചുകൊണ്ടാണ് നടന്നുനീങ്ങുക. ആ സംഭാഷണമെന്തെന്നോ അവര്‍ക്ക് എന്താണ് ആവശ്യമെന്നോ ചോദിച്ചാല്‍ ഇരുവരും ദേഷ്യപ്പെടും. മഴയിലും വെയിലിലും അവര്‍ എങ്ങനെയോ തൃശ്ശൂരിന്റെ മണ്ണില്‍ ജീവിച്ചു. അപ്പോഴാണ് ഒരു നാലോണനാളില്‍ ഈ കഥാപാത്രങ്ങളെ അനുകരിച്ച് ഇവര്‍ നടന്നുനീങ്ങുന്ന ദൃശ്യം ഏതോ ഒരു പുലിക്കളിസംഘടന അവതരിപ്പിച്ചത്. കാടുകയറിയ അവരുടെ ഭാവന വഴിയെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. പിന്നീട് ഈ അമ്മയേയും മകനേയും പട്ടണവാസികള്‍ കണ്ടതേയില്ല.
കുമ്മാട്ടി കെട്ടിയ ബാല്യം
പൂത്തിരി കത്തി ചിറകുവിടര്‍ത്തി പാറിനടന്ന ആ ബാല്യകാലം. ഞാനന്ന് പൂങ്കുന്നം എല്‍.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചെറിയ കുട്ടികള്‍ കുമ്മാട്ടി കെട്ടുന്നു. അല്പം വലിയ കുട്ടികള്‍ പുലിവേഷം കെട്ടുന്നു. കുമ്മാട്ടിസംഘത്തിലെ ഒരാളാണ് ഞാന്‍. ‘ദാ വരുന്നു കുമ്മാട്ടി, പടിയ്ക്കലെത്തി' എന്ന കുമ്മാട്ടിപ്പാട്ടാണ് ആദ്യം ഒരറിയിപ്പായി വീടുകള്‍ക്കു മുമ്പില്‍നിന്ന് ഞങ്ങള്‍ പാടുക. ‘തള്ളേ തള്ളേ എങ്ങട് പോണു, ഭരണിക്കാവില്‍ നെല്ലിനുപോണു, അവിടുത്തെ തമ്പുരാന്‍ എന്തു പറഞ്ഞു? തല്ലാന്‍ വന്നു കുത്താന്‍ വന്നു' എന്ന് സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഏറ്റുപറഞ്ഞ് നാടന്‍പാട്ടു പാടുന്നു. കുടുംബാംഗങ്ങളെ പാട്ടുപാടി സന്തോഷിപ്പിച്ചശേഷം ‘കുമ്മാട്ടിക്കൊരു മുണ്ടുകൊടുത്താല്‍ എല്ലാവര്‍ക്കും സന്തോഷം ആറാപ്പേ, ആറാപ്പേ' എന്ന ആര്‍പ്പ് വിളികളോടെ കുമ്മാട്ടി സമ്മാനത്തിനായി കൈനീട്ടുകയായി. പത്ത് പൈസ അവരുടെ കൈയ്യില്‍ വെച്ചുകൊടുക്കുന്നതോടെ ആ വീട്ടിലെ പരിപാടി ഞങ്ങള്‍ അവസാനിപ്പിക്കും. കുമ്മാട്ടിമുഖങ്ങള്‍ (മാസ്ക്) വാടകയ്ക്കു നല്‍കുന്ന ചിലര്‍ ഞങ്ങളുടെ പ്രദേശത്തുതന്നെയുണ്ട്. ഒരു ദിവസത്തേക്ക് ഒരു രൂപയായിരുന്നു വാടക. കൊച്ചുപിള്ളേര്‍ പുലിവേഷം കെട്ടുന്നതിനെ ‘പഴപ്പുലി' എന്ന പരിഹാസപ്പേരാണ് ഇവിടെയുള്ളവര്‍ നല്കിയിട്ടുള്ളത്. അവര്‍ക്ക് ഒരു നേന്ത്രപ്പഴം സമ്മാനം നല്കിയാല്‍ മതി എന്ന് വിവക്ഷ. ഒരുവര്‍ഷം കുമ്മാട്ടിവേഷം കെട്ടിച്ചത് മണി എന്ന കൂട്ടുകാരനെയാണ്. കുട്ടന്‍കുളങ്ങരയിലെ വീടുകളില്‍ കയറിയിറങ്ങി കളിച്ചുകൊണ്ടിരിക്കെ മണി എന്ന മെയിൻ കഥാപാത്രമായ കുമ്മാട്ടിയെ കാണാനില്ല. അവനെങ്ങോ മുങ്ങിയിരിക്കുന്നു. തിരഞ്ഞ് ചെന്നപ്പോള്‍ കുറെ മാറി ഒരു പുലിക്കളിസംഘം ചെണ്ടമേളത്തോടെ വരുന്നതു കണ്ടു. അപ്പോള്‍ നമ്മുടെ മണിക്കുമ്മാട്ടി അതേ വേഷത്തില്‍ അവരോടൊത്തു ചേര്‍ന്ന് പുലിക്കളി നടത്തുന്നു.
പിരിഞ്ഞുകിട്ടിയ നാണയത്തുട്ടുകള്‍ ചേര്‍ത്ത് ഞങ്ങള്‍ അന്ന് ജോസ് തിയ്യറ്ററിലെ ‘ഉണ്ണിയാര്‍ച്ച'യോ രാമവര്‍മ്മയിലെ ‘ഗുലേബക്കാവലി'യോ സിനിമ കാണാന്‍ പോകുകയായി.
‘മിസ് അഗ്ലി കേരളവര്‍മ'
എസ്റ്റാബ്ലിഷ്‌മെന്റിനെ ചോദ്യം ചെയ്യുന്ന സ്വഭാവമുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഞാനാണ്. കേരളവര്‍മയിലെ വാര്‍ഷികാഘോഷപരിപാടിയിലുള്ള ‘മിസ് കേരളവര്‍മ' സുന്ദരികളായ വിദ്യാര്‍ത്ഥിനികള്‍ക്കുള്ളതാണ്. ഞാനും അലി എന്ന സുഹൃത്തും മറ്റു ചിലരും ‘മിസ് അഗ്ലി കേരളവര്‍മ'യെ അവതരിപ്പിക്കാന്‍ പരിപാടിയിട്ടു. കുമ്മാട്ടിവേഷത്തിലെ ‘തള്ള' എന്ന കഥാപാത്രത്തിന്റെ മുഖം (മാസ്ക്) വാടകയ്‌ക്കെടുത്ത് പരിപാടി നടത്തി. അലിയുടേതായിരുന്നു മാസ്കിലെ യഥാര്‍ത്ഥ മുഖം! ഈ പരിപാടി പ്രിന്‍സിപ്പാളും മറ്റു ചിലരും അംഗീകരിക്കാന്‍ തയ്യാറാകാത്തതുകൊണ്ട് കോളേജ് ഹോസ്റ്റല്‍ ഗ്രൗണ്ടിലാണ് ഞങ്ങള്‍ അന്നു നടത്തിയത്. അടുത്തവര്‍ഷം അലി ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സ്വന്തം സമുദായത്തില്‍ ഒറ്റപ്പെട്ടു. കുറെ നാള്‍ മുമ്പ് അയാളുടെ മരണവൃത്താന്തവും കേള്‍ക്കേണ്ടിവന്നു.
സെൻറ് തോമസ് കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ഡോ. ചുമ്മാര്‍ ചൂണ്ടല്‍ കുമ്മാട്ടി, പുലിക്കളി തുടങ്ങിയ ഫോക്ലോറുകൾ ആധാരമാക്കിയാണ് ഡോക്ടറേറ്റ് നേടിയത്. ഈ കലാരൂപങ്ങളുടെ കാലികപ്രസക്തിയും സാമൂഹികസ്വാധീനവും മറ്റും സമര്‍ത്ഥിച്ചുകൊണ്ടുള്ള പഠനങ്ങള്‍ മലയാളത്തില്‍ വേറെയില്ലെന്ന് തോന്നുന്നു.
പുലി കെട്ടലും ‘പ്രെസ്റ്റീജും’
ഇന്ന് പുലിക്കളി വേഷംകെട്ടാന്‍ പതിവുപോലെ സ്വമേധയാ ആളുകള്‍ വരുന്നില്ല. പഴയ പുലിക്കളിക്കലാകാരന്മാരില്‍ പലരും മണ്‍മറഞ്ഞു. മാത്രമല്ല, അത്തരക്കാരുടെ മക്കള്‍ വിദേശങ്ങളില്‍ ജോലി ചെയ്ത് സമ്പാദിച്ച് പുതിയ വീട് വെക്കുകയും, കാറ് വാങ്ങുകയുമൊക്കെ ചെയ്ത് സമ്പന്നരായിരിക്കുന്നു. അപ്പോള്‍പ്പിന്നെ സ്വന്തം അച്ഛനെ പുലിക്കളിവേഷം കെട്ടിക്കുന്നത് അവരുടെ പ്രെസ്റ്റീജിന് കുറവായി തോന്നിയിരിക്കാം. കൂലിപ്പണിക്കെത്തുന്ന തമിഴ് ആണ്‍ തൊഴിലാളികളും ബംഗാളികളും പുലിവേഷം കെട്ടാന്‍ വരുമ്പോള്‍ 2500-3000 രൂപ വരെ കൂലിയിനത്തില്‍ നല്കണമെന്ന് പുലിക്കളി സംഘാടകരില്‍ ഒരാളായ അച്ചു (അച്യുതന്‍) പറയുന്നു. ടൂറിസം വകുപ്പ് ധനസഹായം നല്കുന്നുണ്ടെങ്കിലും അത് വളരെ കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇതിനിടെ അത്യന്തം രസകരമായ ഒരു സംഭവം ഓര്‍മ വരുന്നു. കുട്ടന്‍കുളങ്ങര പ്രദേശത്തുനിന്നുള്ള പുലിക്കളി സംഘത്തിന് മത്സരത്തിന് ഒന്നാം സമ്മാനം ലഭിച്ചു (വര്‍ഷം ഓര്‍മ്മയില്ല). സംഘാടകര്‍ പടക്കം പൊട്ടിച്ചും ചാരായം മോന്തിയും അത് ആഘോഷിച്ചു. സമയം രാത്രി എട്ടൊമ്പതായി. പുലികളുടെ ‘ചായം ഇറക്കുന്ന'തിന്റെ സമയം അതിക്രമിച്ചിട്ടുണ്ട്. പുലികള്‍ക്കൊപ്പം കുറച്ചുപേര്‍ മാത്രം ഒന്നാം പാലത്തിലെ തോടരുകിലെത്തി. ലേശം ‘മോന്തിയ' ചെണ്ടക്കാരും സംഘാടകരും അവിടെയുള്ള പുല്‍ത്തകിടിയില്‍കിടന്നു കൂര്‍ക്കം വലിക്കുകയാണ്. സില്‍വര്‍ നിറമുള്ള ഇനാമല്‍ പെയിന്റിട്ട പുലിവേഷക്കാരനൊരാള്‍ക്ക് അസഹ്യമായ വലിച്ചിലും ചൊറിച്ചിലും നീറ്റലും ദേഹത്തനുഭവപ്പെട്ടു. അയാളണിഞ്ഞ വര്‍ണം ഇളക്കിക്കളയണമെങ്കില്‍ പരസഹായം വേണം. അത് അത്ര പെട്ടെന്ന് ദേഹത്തുനിന്ന് കളയാനാവില്ല. ‘ഡാ മറ്റവനേ, മറിച്ചവനേ, ഒന്നു വാഡാ' എന്നൊക്കെ അയാള്‍ അലറിവിളിക്കുന്നുണ്ട്. ആരും അയാളുടെ ദീനരോദനം ശ്രദ്ധിച്ച മട്ടില്ല. ‘ഇവിടെ ഒരു @* ഇല്ലെഡാ തെണ്ടികളേ' എന്ന് അയാള്‍ ഒടുവില്‍ അട്ടഹസിച്ചെങ്കിലും ഒരാളും അയാളെ സഹായിക്കാന്‍ വന്നില്ല. അരിശംമൂത്ത ആ സില്‍വര്‍ പുലി മണ്ണെണ്ണ നിറച്ച കുപ്പി ദേഹത്തൊഴിച്ച് കുപ്പി പൊട്ടിച്ച് തോടരുകില്‍ നിരത്തിവെച്ചിരുന്ന അഞ്ചാറ് ചെണ്ടകള്‍ ചില്ലുകൊണ്ട് കുത്തിപ്പൊട്ടിച്ചു. അയാള്‍ ശാപവചനങ്ങള്‍ക്കൊപ്പം മുട്ടന്‍തെറികളും കാച്ചിക്കൊണ്ടിരുന്നു. സംഭവം കലാശ്!
ബോംബെ തെരുവിലെ ജോണിവാക്കർ
ബോംബെയില്‍ ജീവിതമാര്‍ഗ്ഗം തേടിയെത്തിയത് 1975-ലാണ്. സഹോദരി ബേബിയുടെ വീട്ടില്‍ ഓണം സമുചിതമായി ആഘോഷിക്കാറുണ്ട്. കുറെ മാസങ്ങളായുള്ള കാത്തിരിപ്പിനുശേഷം ഡോംബിവിലിയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ‘റപ്പി’ന്റെ പണി ലഭിച്ചു. പിന്നീട് മുളുണ്ട് ചെക്‌നാക്ക (ഒക്‌റോയ് പിരിക്കുന്ന സ്ഥലം) യിലെ സമാന്യം വൃത്തികെട്ട ചോളില്‍ സുഹൃത്തുക്കളുമൊത്ത് താമസം തുടങ്ങി. ആ കൊല്ലത്തെ തിരുവോണം ഞായറാഴ്ചയായിരുന്നു. തലേദിവസം ഞങ്ങള്‍ മുളുണ്ട് പച്ചക്കറി മാര്‍ക്കറ്റില്‍നിന്ന് പച്ചക്കറികള്‍ വിലപേശി, വിലപേശി വാങ്ങി തിരിച്ചെത്തി. തിരുവോണനാള്‍ എന്റെ ആത്മാർഥ സുഹൃത്ത് പി.വിജയന്റെ ‘പുറന്തനാള്‍' കൂടിയാണ്. ഇതൊന്ന് ആഘോഷിച്ചേ പറ്റൂ. മദ്യപാനമില്ലാതെ എന്ത് ആഘോഷം? ആ ചോളിന്റെ തൊട്ടടുത്തുതന്നെ ചൂടുള്ള വാറ്റുചാരായം വില്ക്കുന്ന ചമ്പബായിയുണ്ട്. കുറച്ചുമാറിയുള്ള ‘ദേശി ദാരുചിദുഖാ'ല്‍നിന്നുള്ള വിവിധ ഫ്‌ളേവറുകളുള്ള ഗവ. ചാരായവും ലഭിക്കും. അന്ന് ഇവ രണ്ടും ഞങ്ങള്‍ ഒഴിവാക്കി. ഫോര്‍ട്ടിലെ ഡി.എന്‍. റോഡില്‍ വിദേശവസ്തുക്കള്‍ ചുളുവിലയ്ക്കുവില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. അവരിലൊരാളില്‍നിന്ന് 350 രൂപ നല്കി ജോണിവാക്കര്‍ റെഡ്‌ലേബല്‍ വാങ്ങി ഒരു സുഹൃത്ത് കൊണ്ടുവന്നിരുന്നു. ഉച്ചയൂണിന്റെ സമയമായി. ഞങ്ങള്‍ വാഴയിലയും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. പപ്പടം കാച്ചി, അവിയല്‍ തയ്യാറാക്കി, സാമ്പാറിന് അമ്മ പറയുമ്പോലെ രണ്ട് ‘തിള' ആവശ്യമുണ്ട്. പൊന്തന്‍കായ മെഴുക്കുപുരട്ടി, പുളിഞ്ചി, വടുകപ്പുളി നാരങ്ങാച്ചാറും മറ്റ് ലൊട്ടുലൊടുക്ക് വിഭവങ്ങള്‍ തയ്യാറാക്കി. നേന്ത്രപ്പഴത്തിന് പിടിച്ചാല്‍ കിട്ടാത്ത വില പറഞ്ഞ പച്ചക്കറിവില്പനക്കാരനോട് കെഞ്ചിയെങ്കിലും അയാള്‍ വില താഴ്ത്തിയില്ല. ‘കഹാം സെ ആത്തേ ഹെ യെ ഫാള്‍ തു ചൂത്തിയാ ലോഗ്?' എന്ന ഒരു ഡയലോഗും ഞങ്ങളെ അയാള്‍ കേള്‍പ്പിച്ചു. ഒടുവില്‍ റോബസ്റ്റ പഴംവാങ്ങി നേന്ത്രപ്പഴത്തിന്റെ അഭാവം അവസാനിപ്പിച്ചു.
ഇപ്പോള്‍ ഓണസദ്യയൊരുങ്ങിയിട്ടുണ്ട്. ഞങ്ങള്‍ ആറ് സഹമുറിയന്മാര്‍ വട്ടമിട്ടിരുന്നു. വിജയന്‍ ജോണിവാക്കറെ തലകീഴായിപ്പിടിച്ച് അതിന്റെ ക്യാപ്പില്‍ മൂന്നുപ്രാവശ്യം ഇടിച്ച് സീല്‍ പൊട്ടിച്ചു. ഗ്ലാസുകളില്‍ ചുവന്ന ദ്രാവകം പകര്‍ന്നു. ആന്തരാര്‍ത്ഥം ആര്‍ക്കുമറിയില്ലെങ്കിലും എല്ലാവരും ഗ്ലാസുകള്‍ കൂട്ടിമുട്ടിച്ച് ‘ചിയേഴ്‌സ്' എന്ന ആ വാക്കു പറഞ്ഞു, കൂട്ടത്തില്‍ ഹാപ്പി ഓണം എന്നും എല്ലാവരും കാച്ചിവിട്ടു. ഗ്ലാസിലെ ദ്രാവകം ചുണ്ടോടടുപ്പിച്ച് ഒരു വലി വലിച്ച വിജയന്‍ അപ്പോള്‍ ‘ബീ, ങ്കീ' എന്ന അനനുകരണീയമായ ശബ്ദത്തോടെ നമ്മുടെ ജോണിവാക്കറെ തുപ്പിക്കളഞ്ഞു. ഡി.എന്‍. റോഡിലെ തെരുവുക്കച്ചവടക്കാരന്‍ ഞങ്ങളെ എല്ലാവരേയും പറ്റിച്ചുകളഞ്ഞിരിക്കുന്നു. ദ്രാവകം മധുരമിടാത്ത കട്ടന്‍ (സുലൈമാനി) ആയിരുന്നു. ഒരാള്‍ക്കും കണ്ടുപിടിക്കാനാകാത്ത അത്രയ്ക്ക് ഭദ്രമായി കുപ്പി സീല്‍ ചെയ്ത ഈ വ്യാജന്‍മാരെ ഔറംഗാബാദില്‍നിന്ന് പൊക്കിയ വാര്‍ത്ത വൈകാതെ പത്രങ്ങളില്‍ വന്നു.
‘ബോംബെ സ്വാമി'യുടെ തിരുവോണ സദ്യ
‘ഗുജറാത്ത് സമാചാര്‍' ഇന്ത്യയിലെ നമ്പര്‍വണ്‍ ഗുജറാത്തി ന്യൂസ് പേപ്പറാണ്. അതിന്റെ ബോംബെ എഡിഷനില്‍ സീനിയര്‍ ആഡ് എക്‌സിക്യൂട്ടീവായി ഞാന്‍ ജോലി ചെയ്തിരുന്ന കാലം. ബ്രാഞ്ച് മാനേജര്‍ ജോസഫ് പഠാണിയും ഞാനും മാത്രമാണ് അവിടെ ജോലിചെയ്യുന്ന മലയാളികള്‍. തിരുവോണദിവസം ഞങ്ങള്‍ സഹപ്രവര്‍ത്തകരായ പ്രേമൾ പാരിഖും, റീത്ത തക്കറും, ജിഗ്‌നേഷ് ഷായും, അമിത് പട്ടേലും, കിരണ്‍ കാഞ്ചനും, വിനോദ് കപൂറും, സന്തോഷ് ശൃംഗാരേയുമൊത്ത് ഫോര്‍ട്ടിലെ ‘ബോംബെ സൗത്ത് ഇന്ത്യന്‍ ഹിന്ദു ഹോട്ടലി'ലെത്തി. 1950-ല്‍ ആരംഭിച്ച ഈ ഹോട്ടല്‍ എന്റെ അയല്‍ക്കാരനായിരുന്ന വിശ്വനാഥന്‍ അയ്യരുടേതാണ്. ‘ബോംബെ സ്വാമി' എന്നാണ് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചുപോന്നത്. ഫിറോഷ് ഷാ മേത്ത റോഡില്‍നിന്ന് വീര്‍ നരിമാന്‍ റോഡിലേക്കുള്ള ഒരു ഷോര്‍ട്ട് കട്ട് വഴിയിലാണ് ഹിന്ദു ഹോട്ടലിന്റെ ആസ്ഥാനം. തമിഴ് മാസികകള്‍ വില്ക്കുന്ന ഒരാള്‍ ഹോട്ടലിന്റെ ചവിട്ടിപടിയിലിരുന്ന് ആനന്ദവികടനും റാണിയും പേശുംപടവും ദിനതന്തിയും മറ്റും വില്ക്കുന്നതു കാണാം.
വിശ്വനാഥസ്വാമി എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് ബോംബെയിലെത്തിയ മലയാളികളില്‍ ഒരാളാണ്. അല്പം ചാടിക്കടിക്കുന്ന സ്വഭാവമുള്ള സ്വാമിയുടെ ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ അധികവും ആ ഭാഗത്തുള്ള ഗുജറാത്തി കച്ചവടക്കാരും ഓഫീസില്‍ ജോലി ചെയ്യുന്ന ഇതരഭാഷക്കാരുമാണെന്നത് കൗതുകകരമായി തോന്നാം. ഞാന്‍ സ്വാമിയെ എന്റെ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ സ്വഭാവത്തിന് വിപരീതമായി ഞങ്ങള്‍ക്ക് പ്രത്യേകം ഇരിപ്പിടമൊരുക്കാന്‍ ജോലിക്കാരോട് പറഞ്ഞു. ഇലവെച്ച് പതിനെട്ട് വിഭവങ്ങളും പച്ചരിച്ചോറും അയാള്‍ വിളമ്പി. ‘ഇത്‌നാ ഖാനാ, കോന്‍ ഖായേഗാ...?' ഇത്രയും എങ്ങനെ കഴിക്കാനാകും എന്ന് സ്ലിം ബ്യൂട്ടിയായ പ്രേമളിന്റെ ചോദ്യം.
‘ഖൂബ് ചാംഗ്ലാ ആഹേ...' സന്തോഷ് പറഞ്ഞു. ‘വെരി ടേസ്റ്റി' വിനോദ് കപൂറിന്റെ കമൻറ് അങ്ങനെ. സ്വാദിഷ്ഠമായ ഭക്ഷണമാസ്വദിച്ച് ആ കൊല്ലത്തെ ഓണം ഞങ്ങള്‍ ആഘോഷിച്ചു. വൈകാതെ ‘ഹോട്ടലിയര്‍ പാസ്ഡ് എവേ' എന്ന തലക്കെട്ടില്‍ പത്രങ്ങളില്‍ വാര്‍ത്ത കണ്ടു. വിശ്വനാഥ അയ്യര്‍ ഒരു കാര്‍ഡിയാക് അറസ്റ്റോടെ മരിച്ചു. പൂങ്കുന്നം പാറേക്കാട്ട് ലൈനിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മഠം പൊളിച്ച് അവിടെ ഇപ്പോള്‍ ‘ജോസഫ് വാഹനച്ചന്ത' ഉയര്‍ന്നുവന്നിട്ടുണ്ട്.
കാലം ഓടിമാറുന്നു. ആളുകള്‍ മാറുന്നു. മാറ്റമില്ലാതെ ഓര്‍മകള്‍ സഞ്ചരിക്കുന്നു. കാരണം, ഞാന്‍ ഓര്‍മകളുടെ തടവുകാരനാണ് കുട്ടികളെ...
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
എ. ഹരിശങ്കര്‍ കര്‍ത്ത
Dec 20, 2022
2 Minutes Read
കെ.സി.ജോസ്
Dec 02, 2022
8 Minutes Read
താഹ മാടായി
Nov 20, 2022
3 Minutes Read
സയ്യിദ് അഷ്‌റഫ്
Sep 08, 2022
6 Minutes Read
ലക്ഷ്മി രാജീവ്
Sep 05, 2022
15.5 minutes Read