പുരുഷപ്രേതം: അപരിചിതമായ ​‘പ്രേത’ അനുഭവം

കാലാകാലങ്ങളായി ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ പൊലീസ് സംവിധാനത്തിന്, കഥയിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന് ചാർത്തികൊടുത്തു പോന്ന വീരപരിവേഷ കഥകളൊക്കെ വെറും കഥകൾ മാത്രമെന്ന്, കാണികളെ ഓർമിപ്പിക്കുന്നുണ്ട് സിനിമ. അതിനായി സിനിമയെന്ന സങ്കേതത്തിന്റെ സാധ്യതകളെ രസകരമായി ഉപയോഗിക്കുന്നുണ്ട് സംവിധായകൻ.

24x7 അലേർട്ട് ആയിരിക്കേണ്ട ചില ജോലികളുണ്ട്. ഒരു നിമിഷത്തെ ചെറിയ അലസതയ്ക്കുപോലും അത്ര ചെറുതല്ലാത്ത വില കൊടുക്കേണ്ടി വരുന്ന ജോലികൾ. അശ്രദ്ധ, അത് എത്ര ചെറുതെങ്കിലും, സംഭവിച്ചത് ഒരു ഡോക്ടർക്കോ നീതിനിയമ ഉദ്യോഗസ്ഥർക്കോ ആണെങ്കിലോ? അത്തരം കാഴ്ചകളിലേയ്ക്ക് ഒരു സംവിധായകനെന്ന നിലയിൽ തന്റെ ജോലിയിൽ ഒട്ടും അശ്രദ്ധ കാണിക്കാതെ തന്നെ കൂട്ടികൊണ്ടു പോവുകയാണ് കൃഷാന്ത്, പുരുഷ പ്രേതം എന്ന സിനിമയിലൂടെ.

കരയിലും വെള്ളത്തിലും വരെ അതിർത്തിവരച്ച്, അതിനുള്ളിൽ ഒതുക്കിയ നീതിനിർവഹണ സംവിധാനത്തെ ഹാസ്യാത്മകമായി, എന്നാൽ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർന്നു പോകാതെ വിമർശിക്കുന്നുണ്ട് ഈ സിനിമ. ഊതിപ്പെരുപ്പിച്ച സ്വന്തം വീരകഥകൾ പറഞ്ഞും മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ചും സൂപ്പർ സെബാസ്റ്റ്യനായ, സെബാസ്റ്റ്യൻ എന്ന പൊലീസുകാരനിലൂടെയാണ് സിനിമ വികസിക്കുന്നത്. മർമ്മത്തടിക്കുന്ന അക്ഷേപഹാസ്യത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയെ ഒരു പൊലീസ് കഥയായോ, ഇൻവെസ്റ്റിഗേഷൻ ത്രില്ലറായോ ഒക്കെ കാഴ്ചക്കാർക്ക് ആസ്വദിക്കാം.

കാലാകാലങ്ങളായി ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ പൊലീസ് സംവിധാനത്തിന്, കഥയിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന് ചാർത്തികൊടുത്തു പോന്ന വീരപരിവേഷ കഥകളൊക്കെ വെറും കഥകൾ മാത്രമെന്ന്, കാണികളെ ഓർമിപ്പിക്കുന്നുണ്ട് സിനിമ. അതിനായി സിനിമയെന്ന സങ്കേതത്തിന്റെ സാധ്യതകളെ രസകരമായി ഉപയോഗിക്കുന്നുണ്ട് സംവിധായകൻ. ആവാസവ്യൂഹം എന്ന ചിത്രത്തിലൂടെ സംവിധാനമികവ് തെളിയിച്ച ക്രിഷാന്തിന്റെ മൂന്നാമത്തെ ചിത്രമാണ് പുരുഷ പ്രേതം.

മരണം ജീവിച്ചിരിക്കുന്നവരുടെ മാത്രം വിഷയമാണ്. മരിച്ചയാൾ ജീവിച്ചിരുന്നപ്പോൾ തനിക്ക് ആരായിരുന്നു എന്നതിന് അനുസരിച്ചു തീവ്രത ഏറുകയും കുറയുകയും ചെയ്യുന്ന വിഷയം. എങ്ങനെ ജീവിച്ചു എന്ന് അറിയാത്തൊരാൾ എങ്ങനെ മരിച്ചു എന്ന് ജീവനില്ലാത്ത ശരീരത്തിൽ നിന്ന് കണ്ടെത്താൻ ശ്രമിക്കുന്ന ഫോറൻസിക് സർജന്റെ നിർവികാരത, ആരുടേതെന്നുപോലുമറിയാത്ത ഡെഡ് ബോഡികൾക്ക് കൂട്ടിരിക്കേണ്ടിരിക്കേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിസംഗത, മരണം മനുഷ്യനിൽ സൃഷ്ടിക്കുന്ന ഭീതി, തുടങ്ങി സിനിമയുടെ ആദ്യവസാനം മരണത്തിന്റെ സാന്നിധ്യവും സിനിമയിൽ കാണാം. സമൂഹത്തിലിപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്ന ജാതി ശ്രേണി, അധികാരത്തിന്റെ ഇടപെടലുകൾ തുടങ്ങി, ഗൗരവമായ ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകേണ്ട ഇടങ്ങളിലെ ചർച്ചാവിഷയം നാരങ്ങ വെള്ളവും ബിസ്‌കറ്റുമായി ചുരുങ്ങുന്ന രംഗം വരെ സ്വഭാവികമായി തന്നെ സിനിമയോട് ചേർന്നു പോകുന്നുണ്ട്.

പ്രശാന്ത് അലക്‌സാണ്ടറിന്റെ അഭിനയമികവ് സൂപ്പർസെബാസ്റ്റ്യൻ എന്ന പ്രധാന കഥാപാത്രത്തെ ഗംഭീരമാക്കി. പുരുഷ പ്രേതം എന്ന സിനിമയെ തന്റെ സിനിമയാക്കി മാറ്റി പ്രശാന്ത് അലക്‌സാണ്ടർ. കോൺസ്റ്റബിൾ ദിലീപായി ജഗദീഷും വലുതും ചെറുതുമായ വേഷങ്ങളുമായി സ്‌ക്രീനിലെത്തിയ മറ്റു കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

മനു തൊടുപുഴയുടെ കഥയ്ക്ക് അജിത്ത് ഹരിദാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗരവപരമായ ഒരു കഥാപരിസരത്തു നിന്നുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നതിലും തിരക്കഥാകൃത്ത് വിജയിച്ചു, കഥാപരിസരങ്ങളിൽ ചുറ്റിപ്പറ്റിനിൽക്കുന്ന കാണികളിലൊരാളി പ്രേക്ഷകരെയും ഒപ്പം കൂട്ടുന്നുണ്ട് ചിത്രത്തിന്റെ ദൃശ്യങ്ങൾ. സംവിധായകൻ കൃഷാന്ത് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കെട്ടുകഥകളും യാഥാർഥ്യവും തമ്മിലുള്ള അന്തരം പ്രേക്ഷകർക്ക് വേർതിരിച്ചുതരുന്നത് എഡിറ്റിംങിലൂടെയാണ്. സുഹൈൽ ബക്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

സോണിലൈവിൽ റിലീസായിരിക്കുന്ന ഈ ചിത്രം വ്യത്യസ്തമായൊരു കാഴ്ചാനുഭവമാണ്. ഒപ്പം അവരവരുടെ ഉത്തരവാദിത്തങ്ങളിൽ കാണിച്ച അലസതകളിലേയ്ക്ക് ഒരു റിമൈൻഡറും.

Comments