രാഷ്ട്രീയം പറഞ്ഞും പ്രതിരോധം തീർത്തുമാണ് സംഗീതലോകത്ത് നിലനിൽക്കുന്നത്

ജനങ്ങൾക്ക് എന്റെ പാട്ട് കേൾക്കാനും കാണാനും അവസരമുണ്ടായപ്പോൾ ഒരുപാടുപേരുടെ സ്‌നേഹവും പ്രോത്സാഹനവും കിട്ടി. സമൂഹത്തെ നവീകരിക്കേണ്ടതും ഒരു നല്ല സമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടതും ഇവിടത്തെ അടിസ്ഥാന വർഗങ്ങളുടെ വലിയൊരാവശ്യമാണ്. അത്തരം സാംസ്‌കാരിക പരിസരം സൃഷ്ടിക്കുകയാണ് മിക്കവാറും എന്റെ സംഗീതം കൊണ്ട് ഞാൻ ചെയ്യാറുള്ളത്.

നിക്ക് മൂത്തവരായി രണ്ടു ചേട്ടന്മാരും രണ്ട് ചേച്ചിമാരുമാണ്.
ഞാൻ അമ്മയുടെ വയറ്റിലായിരുന്നപ്പോൾ അച്ഛൻ പറഞ്ഞു; അടുത്തത് മോൻ ആയിരിക്കും.. അവനു ഞാൻ സന്തോഷ് എന്ന് പേരിടും എന്ന്.
പക്ഷേ ഞാൻ പുറത്തുവന്നപ്പോൾ പെണ്ണായിപ്പോയി.
അച്ഛൻ എന്നെ സന്തോഷ് എന്നുതന്നെ വിളിച്ച് സമാധാനിച്ചു.

അച്ഛൻ പെൺകുട്ടികളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, പെൺകുട്ടികളെ നോവിക്കാനും അനുവദിച്ചില്ല. എന്നെക്കാൾ എട്ടുവയസ്സ് മൂത്ത രണ്ടാമത്തെ സഹോദരൻ എനിക്ക് നല്ല സുഹൃത്തായിരുന്നു. അവൻ കാലത്ത് ഓടാൻ പോകുമ്പോൾ കൂടെ കൂട്ടും. അവൻ ചെയ്യുന്ന എക്സർസൈസ് ഞാനും ചെയ്യും. അവൻ ചെയ്യുന്ന പുഷ് അപ്പുകൾ കണ്ട് ഞാനും അനുകരിക്കും. അവൻ ഇടക്കെന്റെ ധൈര്യം പരീക്ഷിക്കാറുണ്ട്. ഇരുട്ടുപിടിച്ച രാത്രി വീട്ടുപറമ്പിന്റെ അറ്റത്തെ വേലിപടർപ്പിൽ നിന്ന് ചെമ്പരത്തിയുടെ ഇല പറിച്ചുകൊണ്ട് വരാൻ പറയും.

ആ വേലിക്ക് കുറച്ചപ്പുറത്തായി ഒരു പൊട്ടക്കിണർ ഉണ്ടായിരുന്നു. അതിൽ വീണ് അടുത്ത വീട്ടിലെ വിശ്വംഭരേട്ടൻ മരിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ഭാഗത്തേക്ക് പോകാൻ ഞങ്ങൾ കുട്ടികൾക്ക് പേടിയാണ്. പക്ഷേ ചേട്ടൻ എന്നെ നിർബന്ധിച്ചു പറഞ്ഞയക്കും. ആദ്യമൊക്കെ ഞാൻ ഉണങ്ങിയ വാഴയില അനങ്ങുന്നതുകണ്ട് വിരണ്ടുപോയിട്ടുണ്ട്. അപ്പൊ, ചേട്ടൻ പറയും; എന്തെങ്കിലും അനങ്ങുന്നത് കണ്ടാൽ അത് എന്താണെന്ന് മനസ്സിൽ ഉറപ്പുവരുത്താൻ സൂക്ഷിച്ച് നോക്കണം എന്ന്. മറ്റൊരു പരീക്ഷണം ഇതായിരുന്നു: വീടിനോട് ചേർന്ന് കുഴിച്ച കിണറിൽ വേനൽക്കാലത്ത് വെള്ളം ഉണ്ടാവില്ല. വറ്റിവരണ്ട കിണറ്റിൽ ഏണിയിറക്കി ഗ്ലാസോ, സ്പൂണോ വീണിട്ടുണ്ടെങ്കിൽ അതെന്നെക്കൊണ്ട് എടുപ്പിക്കുക. ഒരിക്കൽ തെങ്ങിന്റെ മോളിലും കയറ്റിച്ചു. തെങ്ങിൻ പട്ട തൊട്ടുവരാൻ പറഞ്ഞു. അന്നെനിക്ക് പത്തോ പതിനൊന്നോ വയസ് കാണും.

ചേട്ടൻ നല്ലൊരു ഫുട്‌ബോൾ കളിക്കാരനാണ്. അവൻ കളിക്കാൻ പോകുമ്പോൾ എന്നെയും കൊണ്ടുപോകും. അവൻ ഫുട്ബാൾ പാസ് ചെയ്ത് വാശിയോടെ ഗോൾമുഖത്തെത്തുമ്പോൾ ഞാൻ ഗ്രൗണ്ടിന്റെ അരികിൽ നിന്ന് വിളിച്ചുകൂവും... അടിക്കടാ ചേട്ടാ...

എന്നേ പത്താം വയസിൽ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത് ചേട്ടനാണ്. ആദ്യമായെന്റെ സൈക്കിളിന്റെ പിന്നിൽ ഇരുന്നതും ചേട്ടൻ തന്നെ.
പാട്ട് പഠിക്കാൻ ഞാൻ പോയിരുന്നത് ലൂയീസേട്ടന്റെ സൈക്കിൾ കടയിലെ സൈക്കിൾ വാടകക്കെടുത്തായിരുന്നു. ഞാൻ സൈക്കിൾ ചവിട്ടി വരുന്നതുകണ്ടാൽ വേലൂർ അങ്ങാടിയിൽ ആൺകുട്ടികൾ കൂക്കി വിളിക്കുമായിരുന്നു... ദേ... ഒരു പെണ്ണ് സൈക്കിൾ ചവിട്ടുന്നേ... പൂയ്.
ചില ആൺകുട്ടികൾ എന്നെ മത്സരിച്ച് തോൽപ്പിക്കാൻ നോക്കും. പക്ഷേ ഞാൻ വിട്ടുകൊടുക്കൂല്ല. എന്നെ കളിയാക്കുന്നവരെ അന്നത്തെ എന്റെ പ്രതികരണഭാഷയിൽ നല്ലത് പറയാറുണ്ട്.

പാലക്കാട്​ സംഗീത കോളജിലെ സഹപാഠികൾക്കൊപ്പം

ഒരിക്കൽ സ്‌കൂൾ ആനിവേഴ്‌സറിക്ക് പ്രാക്ടീസിനുവേണ്ടി ഞങ്ങൾ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ ഒരാൺ സുഹൃത്തിന്റെ സൈക്കിൾ ഞാൻ സ്‌കൂൾ മുറ്റത്ത് ഓടിച്ചുപോയി. അധ്യാപകരടക്കം എല്ലാ കുട്ടികളും ക്ലാസിനു വെളിയിൽ കൗതുകപ്പെട്ട് നോക്കിനിന്നത് ഇപ്പോഴും നല്ലൊരു ഓർമയാണ്. 33വർഷം മുമ്പ് നമ്മുടെ നാട്ടിൽ പെൺകുട്ടികൾ സൈക്കിൾ ചവിട്ടുന്നത് മോശം കാര്യമായിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് കുഞ്ഞോപ്പ (ചെറിയ ചേട്ടൻ ) യുടെ കൂടെ ഇംഗ്ലീഷ് സിനിമ കാണാൻ പോയിത്തുടങ്ങി. എന്നെ കൊണ്ടുപോകുന്നതിനുമുൻപ് ചേട്ടൻ പോയി സിനിമ കാണും. കാരണം ഇടയിൽ വല്ല പീസും ഇടുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ.

സിൽവസ്റ്റെർ സ്‌റ്റൈലോൺ, ജാൻ ക്ലൈവ്, ബ്രൂസിലി, ജാക്കിച്ചാൻ തുടങ്ങിയവരുടെ സിനിമകളാണ് അന്നൊക്കെ ഞാൻ കണ്ടിട്ടുള്ളത്. ഞങ്ങൾ സിനിമക്ക് പോയാൽ ആ തിയേറ്ററിൽ ഞാൻ മാത്രമേ ഒരു പെണ്ണ് ആയി ഉണ്ടാകാറുള്ളു. സിനിമ തുടങ്ങിയാൽ മുന്നിലിരിക്കുന്നവർ സിനിമ കാണാതെ തിരിഞ്ഞ് ഞങ്ങളെ നോക്കുന്നത് കണ്ടിട്ടുണ്ട്.
എന്റെ കുട്ടികാലത്തെ കളികൾ കൂടുതലും ആൺകുട്ടികളോടൊത്തായിരുന്നു. സ്വാതന്ത്രമായ, സാഹസികമായ കളികളൊന്നും പെൺകുട്ടികൾ ചെയ്യാൻ അനുവദിക്കാത്ത കാലമായിരുന്നു അത്.

മ്യൂസിക്​ കമ്പോസിങ്ങിനിടെ

ഞാൻ ബോയ്‌സിന്റെ കൂടെ ഫുട്ബോൾ, ഷട്ടിൽ, ഏറുമ്പന്ത്, ഗോലി, ഹൈ ജംപ്, ലോങ്ങ് ജംപ് ഇത്യാദി കളികൾ കളിച്ച് മരം കേറി നടന്നു. ഒമ്പതാം ക്ലാസ് ആയപ്പോ അവരുമൊത്തുള്ള കളികളിൽ നിന്ന് ഞാൻ പിൻവലിഞ്ഞുതുടങ്ങി. പ്രീ ഡിഗ്രി ആയപ്പോഴേക്കും കെ.വി.എസ് എന്ന വിദ്യാർഥി സംഘടനയിൽ സജീവമായിരുന്നു. വളരെ ഊഷരമായ ആ രണ്ടു വർഷങ്ങൾ ഒരു കളറും ഇല്ലാതെ കടന്നുപോയി. അതിനു ശേഷം പാലക്കാട് സംഗീത കോളേജിൽ ചേർന്ന് പഠിക്കാൻ തുടങ്ങിയപ്പോൾ സംഗീത പഠനം എന്ന ട്രാക്കിൽ comfortable ആവുകയും വിദ്യാർഥി രാഷ്ട്രീയത്തിൽനിന്ന് പൂർണമായും അകലുകയും സംഗീതത്തിൽ മാത്രം ശ്രദ്ധ കൊടുക്കുകയും ചെയ്തു.

സംഗീതകോളേജിൽ ചേർന്ന സമയം നല്ല റാഗിങ് ഉണ്ടായിരുന്നു. കേരളവർമയിലെ വിദ്യാർത്ഥി രാഷ്ട്രീയവും, ഞാൻ വളർന്നുവന്ന രീതിയിൽ നിന്ന് കിട്ടിയ ആത്മവിശ്വാസവും കൊണ്ട് റാഗിങ്ങിന് വന്ന വലിയ മീശ വച്ച പയ്യന്മാരെയൊന്നും എനിക്ക് അത്ര പ്രശ്‌നമായി തോന്നിയില്ല. അതുകൊണ്ട്, സഹപാഠികളായ പെൺകുട്ടികൾക്ക് ഞാൻ പെട്ടെന്ന് ഒരു സേഫ് സോൺ ആയി മാറി.

മൂന്നാം ദിവസവും റാഗിങ് തുടർന്നപ്പോൾ പ്രിൻസിപ്പലിന് പരാതി കൊടുത്തു. എന്റെ കോഴ്‌സ് തീരുന്നതുവരെ ഒറ്റ ആൺകുട്ടി പോലും ഞങ്ങളുടെ ക്ലാസിൽ കയറിയില്ല എന്നുമാത്രമല്ല, ഞാൻ അവരുടെ ഏറ്റവും വലിയ ശത്രുവായി മാറുകയും ചെയ്തു. എന്നെ പാര വക്കാനും അധിക്ഷേപിക്കാനും കിട്ടിയ അവസരങ്ങൾ അവർ വിട്ടുകളഞ്ഞില്ല. അനാവശ്യ സമരങ്ങൾ നടത്തിയാൽ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങാറില്ല. കോളേജിലെ ആൺകുട്ടികൾ മൊത്തം എന്നെ വെല്ലുവിളിക്കുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ക്ലാസിൽ നിന്നിറങ്ങാത്ത എന്നോടൊപ്പം എല്ലാ പെൺകുട്ടികളും ഒരേ മനസ്സോടെ നിലയുറപ്പിക്കുന്നത് ആൺകുട്ടികളുടെ ഈഗോയെ വല്ലാതെ ബാധിച്ചു. അവരിൽ ഒരാൾ എന്റെ കയ്യിലെ തംബുരു പിടിച്ചുവാങ്ങി കമ്പികൾ പൊട്ടിച്ച് മേശ തല്ലിത്തകർക്കാൻ നോക്കി. ഞാൻ കുലുങ്ങിയില്ല. അവസാനം പ്രിൻസിപ്പൽ പൊലീസിനെ വരെ വിളിക്കുകയും ആൺകുട്ടികൾക്കെതിരെ കേസ് ചാർജ്ജ് ചെയ്യുകയും വരെ ഉണ്ടായി.

ഒരിക്കൽ പോക്കറ്റ് മണി വാങ്ങാൻ മെൻസ് ഹോസ്റ്റലിലെ ഹോസ്റ്റൽ ഓഫീസിൽ ചെല്ലുമ്പോൾ ഞാൻ സ്വിച്ച് ഇട്ടാൽ നിവരുന്ന കുടയാണ് പിടിച്ചിരുന്നത്. എന്റെ കുട നിവർത്തിയതും മുകളിൽ നിന്ന് ഒരു കുട്ട ചവറ് വന്ന് വീണു. ഞാൻ മൈൻഡ് ചെയ്യാതെ കുടയിൽ വീണ ചവർ കുടഞ്ഞുകളഞ്ഞ് ഓഫീസിനകത്ത് കയറി എന്റെ പോക്കറ്റ് മണി ക്ലർക്കിൽ നിന്ന് എഴുതിവാങ്ങി തിരിച്ചിറങ്ങി, കുട നിവർത്തിക്കൊണ്ട്. പിന്നെ, ഗേറ്റിനരികെ നിന്ന് വിളിച്ചുപറഞ്ഞു; നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്ത് കാണും.

കേരളവർമ കോളേജിൽ ഊട്ടി എന്ന മനോഹരമായ ഇടം ഉണ്ടായിരുന്നു. നിറയെ കെട്ടുപിണഞ്ഞ മരങ്ങളുള്ള, കുളങ്ങൾ ഉള്ള ഒരിടം. കുളത്തിലേക്ക് ചാഞ്ഞുവീണു കിടക്കുന്ന വലിയ പൂമരം. ഊട്ടിക്കപ്പുറം മനോഹരമായ പച്ച പുതപ്പണിഞ്ഞ പാടം. അതുകൊണ്ടുതന്നെ കേരളവർമയിലെ ഊട്ടി മനോഹരിയായിരുന്നു. അവിടെ പെൺകുട്ടികൾ പോകുന്നത് വിലക്കിയിരുന്നു. ഞങ്ങൾ SFI, KVS, AISF പെൺസുഹൃത്തുക്കൾ ആ നിയമം മറികടക്കാറുണ്ട്. ഒരിക്കൽ ഞാൻ ഒറ്റക്ക് ഊട്ടിയിൽ പുസ്തകം വായിച്ചിരിക്കുമ്പോൾ കോളേജ് വാർഡൻ വന്ന് എണീറ്റു പോകാൻ പറഞ്ഞു. ചുറ്റും നോക്കിയപ്പോൾ അങ്ങവിടെയിവിടെയായി ആൺകുട്ടികൾ ഇരിക്കുന്നുണ്ട്. ഞാൻ ചോദിച്ചു; എന്തുകൊണ്ട് അവരോടിപ്രകാരം പറയുന്നില്ല. ആണിനും പെണ്ണിനും രണ്ട് നിയമമുണ്ടോ ഈ കോളേജിൽ? വാർഡൻ തിരിച്ചു പോയി പ്രിൻസിപ്പലിനെ വിവരം ധരിപ്പിച്ചു. വീണ്ടും എന്റെയടുത്തുവന്ന് പറഞ്ഞു, കോളേജിൽ നിന്ന് പുറത്താക്കുമെന്ന്. എങ്കിൽ അത് കാണട്ടെ എന്നായി ഞാൻ. പക്ഷേ ഒന്നും ഉണ്ടായില്ല. ഞാൻ അവിടെ പുസ്തകം വായിച്ചിരുന്നു.

എന്റെ കുടുംബത്തിൽ വിശേഷ ദിവസങ്ങളിൽ; അതായത് ഓണം, വിഷു, മണിമലർകാവ് പൂരം, കർക്കിടക സംക്രാന്തി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മനോഹരമായ ഒരാചാരമുണ്ടായിരുന്നു. മറ്റൊന്നുമല്ല; ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുന്നേ പൂർവികർക്ക് കള്ളും ഇറച്ചിയും മീനും പിന്നെ മുറുക്കാനും വീതുവെക്കും. ശേഷം ആൺ /പെൺ വ്യത്യാസമില്ലാതെ ചാരായവും ഇറച്ചിയും മീനും അടങ്ങുന്ന ഭക്ഷണം തുല്യമായി പങ്കിട്ടെടുക്കും. എന്റെ ഓർമയിൽ അച്ഛന്റെ കയ്യിൽ നിന്നാണ് ഞാൻ മദ്യം ആദ്യമായി കഴിച്ചത്. ഞങ്ങൾക്കിടയിൽ അത് വർഷത്തിൽ രണ്ടോ മൂന്നോ തവണ നടക്കുന്ന ആചാരമാണ്.

അച്ഛനിൽനിന്ന് എനിക്ക് കൈമാറി കിട്ടിയ കഴിവാണ് സംഗീതം. നാഗസ്വര വാദനവും തകിൽ കൊട്ടലും കുലത്തൊഴിലിൽ പെട്ടതാണ്. കർണാടക സംഗീതത്തിൽ പ്രയോഗിക്കപ്പെടുന്നതെല്ലാം നാഗസ്വരത്തിൽ വായിക്കും. അതോടൊപ്പം കൽപ്പണിയും കുലത്തൊഴിലിൽ ഉൾപ്പെടുന്നു. അച്ഛനെ പണിസ്ഥലത്തേക്ക് പലപ്പോഴും സൈക്കിളിൽ ഞാനാണ് കൊണ്ടുവിടാറ്.
എനിക്കൊരു 13-14 വയസ്സുള്ളപ്പോഴാണ് കുറേശ്ശേ നിരീശ്വരവാദം പിടിപെട്ടത്. അന്നൊരിക്കൽ പാട്ട് പഠിക്കാൻ പോകുന്ന വഴിയിലൊരു അയ്യപ്പൻകാവുണ്ട്. കാവിനെ വളഞ്ഞുചെരിഞ്ഞ് താഴേക്ക് പോകുന്ന റോഡിലൂടെയാണ് ടീച്ചറുടെ വീട്ടിൽ പോകേണ്ടത്. ടീച്ചറുടെ പേര് ദ്രൗപതി നങ്ങ്യാർ.
അയ്യപ്പൻകാവെത്തിയാൽ എല്ലാവരും താഴെയിറങ്ങി മെല്ലെ വണ്ടിയുരുട്ടി പ്രാർത്ഥിച്ചിട്ടൊക്കെയാണ് പോകാറ്. പക്ഷേ നിരീശ്വര വാദം പിടിപെട്ട ഞാൻ ഇറങ്ങാതെ ബാലൻസ് ചെയ്ത് ഓടിച്ചുപോകാറാണ് പതിവ്. ഒരിക്കൽ ഇതുപോലെ പോയപ്പോൾ സൈക്കിളിന്റെ ബ്രേക്ക് ചതിച്ചു. ഞാൻ അയ്യപ്പൻ കാവിന്റെ തിരുനടയിൽ സാഷ്ടാംഗം വീണപ്പോൾ എന്നെ കാത്തുനിന്ന സഹപാഠികളിൽ കേമിയായ പത്മജ ഉറക്കെ കൈകൊട്ടി ചിരിച്ച് പറഞ്ഞു; ദേ... പുഷ്പാവതി വീണേ...

നാട്ടിൽ ആദ്യമായി സ്‌കൂട്ടർ ഓടിച്ചതും ഞാനാണ്. ഒരിക്കൽ ഞങ്ങളുടെ വേലൂർ ദേശത്തിന്റെ സമീപ ഗ്രാമമായ കിരാലൂർ മാടമ്പ് മനയുടെ മുന്നിലൂടെ സ്‌കൂട്ടർ ഓടിച്ചുപോകുമ്പോൾ എന്റെ തലയിൽ ഒരു കാക്ക വന്ന് കാൽനഖം കൊണ്ട് മാന്തുകയും തലയിൽ കൊത്തുകയും ചെയ്തു. ആദ്യം എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ വണ്ടി സൈഡിൽ ഒതുക്കിയപ്പോൾ കാക്ക എന്നേ ദേഷ്യത്തിൽ നോക്കി കാ കാ.. എന്ന് എന്തൊക്കെയോ പറഞ്ഞു. വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ വീണ്ടും വന്ന് തലയിൽ മാന്തി. മുന്നോട്ടു പോകാനാവാതെ ആദ്യമൊന്ന് പകച്ചു നിന്നപ്പോൾ മധ്യവയസ്‌കയായ ഒരു ചേച്ചി പറഞ്ഞു; മാടമ്പ് മനയിലെ പെൺകുട്ടി സ്‌കൂട്ടർ ഓടിക്കുമ്പോഴും തലയിൽ കൊത്താറുണ്ട് എന്ന്. കാരണം ചോദിച്ചപ്പോൾ അവർ പറഞ്ഞത്, കാക്കയുടെ കൂടെങ്ങാനും അറിയാതെ നശിപ്പിച്ചിരിക്കാം, വല്ല മാങ്ങയോ മറ്റോ പൊട്ടിക്കുമ്പോൾ എന്നാണ്. എന്തായാലും ആ കാക്കയെ പേടിച്ച് ഞാൻ പിന്നെ കുറച്ചു കാലം ആ വഴിക്ക് പോയില്ല.

പാലക്കാട് കോളേജിൽ നിന്ന് ഏഴുവർഷത്തെ ഗാനപ്രവീണ കഴിഞ്ഞ് നാട്ടിൽവന്ന് റെക്കോർഡിങ്‌സും ചേതന ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപനവുമൊക്കെയായി ഞാൻ നിരന്തരം 18 കിലോമീറ്റർ ദൂരെയുള്ള തൃശൂർ ടൗണിലേക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്യുക പതിവായിരുന്നു. ഇടക്ക് സംഗീത നാടക അക്കാദമിയിലോ സിറ്റിയിലെ മറ്റിടങ്ങളിലോ സംഗീതകച്ചേരിയുണ്ടാകുമ്പോൾ അത് കേൾക്കാൻ ഒരുപാട് വൈകിയാണെങ്കിലും ഞാൻ ഇരിക്കാറുണ്ട്. ഒമ്പതു മണിയാകുന്നതിനു മുമ്പേ എഴുന്നേറ്റുപോരുമ്പോൾ കുറേയേറെ കേൾക്കാൻ കഴിഞ്ഞ സന്തോഷത്തോടൊപ്പം അമ്മയുടെ വേവലാതി ആലോചിച്ച് മനസ്സമാധാനക്കേടും ഉണ്ടാകും.

രാത്രിയിലെ നിലാവുകണ്ട് വിജനമായ റബ്ബർ തോട്ടങ്ങളുടെ നടുവിലൂടെ ഒറ്റക്കുള്ള ആ സഞ്ചാരത്തിന് ശക്തി കിട്ടിയത് എന്റെ വളർച്ച ആൺ- പെൺ വ്യത്യാസമില്ലാത്ത രീതിയിലായതുകൊണ്ടാണെന്ന് സംശയമില്ലാതെ പറയാൻ പറ്റും. കുട്ടികളുടെ വളർച്ചയിൽ അവർക്ക് കിട്ടുന്ന തുല്യതാബോധവും കളിച്ചുവളരാനുള്ള സാഹചര്യവും ഏതൊരാൺകുട്ടിയെ പോലെ തന്നെ പെൺകുട്ടിക്കും ഉണ്ടാകേണ്ടതാണ്. അതിനുള്ള സാമൂഹിക സാഹചര്യം സമൂഹത്തിൽ ഉയർന്നുവരണം.

ഇത്തരം യാത്രകളിൽ പല റിസ്‌ക്കുകളും ഞാൻ നേരിട്ടിട്ടുണ്ട്.
2004ൽ ഒരിക്കൽ രാത്രി റെക്കോർഡിങ് കഴിഞ്ഞ് സ്‌കൂട്ടറിൽ വരികയാണ്. തൃശൂർ പുഴക്കൽ അന്ന് കുറെയൊക്കെ വിജനമാണ്. ഇരുവശവും വിജനമായ ഒരിടം. എതിരെയും മറികടന്നും പല വണ്ടികൾ പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു ദൂരെനിന്ന്

നാലു പുരുഷന്മാർ വണ്ടികളെയെല്ലാം കൈകാണിക്കുന്നത് ഞാൻ കണ്ടു. ആദ്യം എന്താണെന്ന് മനസ്സിലായില്ല. എന്റെ വണ്ടിക്കു നേരെയും കൈകാണിച്ച് അവർ നിർത്താൻ ശ്രമിച്ചു. ഞാൻ വണ്ടി പതുക്കെയാക്കി പെട്ടെന്ന് വെട്ടിത്തിരിച്ച് സ്പീഡിൽ ഓടിച്ചുപോയി. വീടെത്തുന്നതുവരെയും വല്ലാത്ത ചങ്കിടിപ്പായിരുന്നു.

മറ്റൊരിക്കൽ സുഹൃത്തായ അഡ്വ. കുക്കുവും ഞാനും തൃശൂർ ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ടു ചെറുപ്പക്കാർ അധിക്ഷേപവും കൂക്കിവിളിയുമായി ഞങ്ങളുടെ മുന്നിലും പിന്നിലും മാറിമാറി വണ്ടിയോടിച്ചു ശല്യം ചെയ്യാൻ തുടങ്ങി. അതിനും കുറച്ച് മുന്നേ ട്രാഫിക് പൊലീസ് പട്രോളിംഗ് നടത്തുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഞാൻ ആ പയ്യന്മാരെ വകവെക്കാതെ നല്ല സ്പീഡിൽ വണ്ടിയോടിച്ച് നേരെ ട്രാഫിക് പൊലീസിന് കൈകാണിച്ചു നിർത്തി വിവരം പറഞ്ഞു. പൊലീസ് പിന്നാലെയെത്തി ആ പയ്യന്മാരെ തടഞ്ഞ് കേസെടുത്തു. അവർ ഞങ്ങളോട് തെറ്റും മാപ്പും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. കുക്കൂ വക്കീൽ പക്ഷേ വിടാനുള്ള മട്ടില്ലായിരുന്നു. അവൾ കേസുമായി മുന്നോട്ടുപോയി.

1989- 90 കാലത്ത് കേരളവർമ കോളേജിൽ പഠിക്കുന്ന കാലത്താണ് കൺസഷൻ ടിക്കറ്റിൽ കയറുന്ന പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാരെ നേരിടേണ്ടിവന്നത്. എത്രയോ പെൺകുട്ടികൾ ഇന്നും മാറ്റമില്ലാതെ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണത്. പലപ്പോഴും കായികമായി തന്നെ ഇവരെ നേരിടേണ്ടി വന്നിട്ടുണ്ട്. പെൺകുട്ടികളുടെ സ്വാഭിമാനം സംരക്ഷിക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. പെൺകുട്ടികൾ സംഘടനാപരമായി സംഘടിച്ച് പരാതി നൽകാൻ ആർജ്ജവം കാണിക്കണം.

പാലക്കാട്‌ സംഗീത കോളേജിൽ ഗാനഭൂഷണം high first ക്ലാസിൽ പാസ്സായ എനിക്ക് പോസ്റ്റ് ഡിപ്ലോമ കോഴ്സ് ആയ ഗാനപ്രവീണക്ക് ചേരാൻ അമ്മ സമ്മതിച്ചില്ല. പണമില്ല പഠിക്കാൻ എന്നാണ്​ കാരണം പറഞ്ഞത്​. എന്റെ പ്രയാസങ്ങൾ പ്രാർത്ഥനയായി ഞാൻ ഈശ്വരനോട്​ ഓരോ നിമിഷവും പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. ആ ഇടക്ക് ഗുരുവായൂർ സംഗീതോത്സവം നടക്കുന്നു. എന്റെ പാട്ട് ഏകാദശിയുടെ തലേന്നാൾ ആയിരുന്നു. സൂചി കുത്താൻ പഴുതില്ലാത്തത്തവിധം ജനക്കൂട്ടം കേൾക്കെ ഞാൻ ‘വെങ്കിടാചല നിലയം...'പാടി. സ്റ്റേജിൽനിന്ന് പുറത്തുവന്നപ്പോൾ AIR ൽ നിന്ന് റിട്ടയർ ചെയ്ത തൃശൂർ വി. രാമചന്ദ്രൻ സാർ വന്നെന്നോട് ചോദിച്ചു; മോൾക്ക് എന്റെ 36 ശിഷ്യന്മാരെ പഠിപ്പിക്കാമോ? ആഴ്ചയിൽ ഒരു ക്ലാസ്സ്‌ മതി. ഞാൻ ആ അവസരം സന്തോഷപൂർവം സ്വീകരിച്ചു. എനിക്ക് സ്വന്തം വരുമാനം കിട്ടി തുടങ്ങി. ആ പണം കൊണ്ട് മാങ്ങാട് നടേശൻമാഷിന്റെ കീഴിൽ പ്രത്യേക കോച്ചിങ് ക്ലാസിനു പോകുകയും ഗാനപ്രവീണ ഒന്നാം റാങ്കോടെ പാസാവുകയും ചെയ്തു. പഠിക്കുമ്പോൾ തന്നെ കർണാടക സംഗീതത്തിൽ AIR ൽ നിന്ന് B ഗ്രേഡ് നേടി. കേന്ദ്ര സർക്കാറിനു കീഴിലെ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ ജൂനിയർ സ്കോളർഷിപ്പും നേടി.

പിന്നണി ഗാനരംഗത്തേക്കുവന്നത് ട്രാക്ക് പാടിയായിരുന്നു. കമലിന്റെ നമ്മൾ എന്ന സിനിമയിൽ മോഹൻ സിതാരയുടെ സംഗീതത്തിൽ പാടിയ കാത്തുകാത്തൊരു മഴയത്ത് എന്ന ഗാനത്തിലൂടെ യാദൃച്ഛികമായി പിന്നണി ഗായികയായി. ആ പാട്ട് മുഴുവൻ ട്രാക്ക് പാടിയത് ഞാനായിരുന്നു. ഒരു ദിവസം തൃശൂർക്ക് വരുമ്പോൾ ബസിൽ വച്ചാണ് ഞാൻ എന്റെ പാട്ട് ആദ്യമായി കേൾക്കുന്നത്. അതുവരെ എനിക്കറിയില്ലായിരുന്നു എന്റെ voice തന്നെയാണ് ഗാനത്തിന് ഉപയോഗിച്ചതെന്ന്.

പിന്നീട് പല പാട്ടുകളും പാടിയെങ്കിലും എന്നെ സിനിമാസംഗീത ലോകത്തിന്റെ കാഴ്ചവട്ടത്തിൽ പ്രവേശിപ്പിക്കാൻ തക്ക നല്ല പാട്ടുകളുടേതായ അവസരങ്ങൾ ഇല്ലായിരുന്നു. ഞാൻ ഖത്തറിൽ അധ്യാപികയായി പോയി. രണ്ടു വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞ് വരികയും 2011 ൽ സാൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിലെ പാട്ട് പാടി ഒരു സീറ്റ് എനിക്കായി നേടിയെടുക്കുകയും ചെയ്തു. മലയാളികളെല്ലാം ഏറ്റെടുത്തൊരു ഗാനമായിരുന്നു "ചെമ്പാവ് പുന്നെല്ലിൻ' എന്ന ഗാനം. എന്നിട്ടും സ്റ്റേറ്റിന്റെ സ്‌പെഷ്യൽ മെൻഷൻ ലഭിച്ചില്ല. അതിനുശേഷം അതെ ജോണറിലുള്ള പല ഗാനങ്ങൾക്കും സ്റ്റേറ്റിന്റെ അംഗീകാരങ്ങൾ കിട്ടി.

മലയാളികൾക്കെല്ലാം എന്റെ ഈ പാട്ട് അറിയാം, എന്നാൽ അത് പാടിയ എന്നെ അറിയില്ല. കാരണം visual മീഡിയയുടെ സൗന്ദര്യ സങ്കൽപത്തിന് പുറത്താണ് ഞാനുള്ളത്. കോർപ്പറേറ്റ് മൂലധന ശക്തികളെല്ലാം ഉപരി വർഗ്ഗത്തിന്റെയാകുമ്പോൾ സാമൂഹികമായി താഴെത്തട്ടിലുള്ള എനിക്ക് സ്‌പേസ് തരാൻ അവർ മടിക്കുന്നു. താഴെ തട്ടിലുള്ളവർ പണം മുടക്കി തന്നെയാണ് ചാനലുകൾ ഓരോന്നും കാണുന്നത്. അടിസ്ഥാന വർഗങ്ങളുടെ പണം എല്ലാവർക്കും വേണം. എന്നാൽ അവർക്കിടയിൽ നിന്നൊരു ഗായികയെ, ഒരു നായികയെ, ഒരു നായകനെ ഇവർക്ക് വേണ്ട. അതിനുള്ള വിസിബിലിറ്റി ഇവർ നൽകില്ല. ദളിതുകൾ ഈ യഥാർഥ്യം തിരിച്ചറിയാൻ തുടങ്ങിയതിന്റെ പല മാറ്റങ്ങളും ഇന്ന് സമൂഹത്തിൽ പ്രകടമാകാൻ തുടങ്ങിയിട്ടുണ്ട്.

എനിക്കിന്നുള്ള വിസിബിലിറ്റി facebook തന്നതാണ്. എന്റെ സ്വന്തം ഗാനങ്ങളാണ് അതിനു പിന്നിൽ. രാഷ്ട്രീയം പറഞ്ഞും പ്രതിരോധം തീർത്തുമാണ് ഞാൻ സംഗീതലോകത്ത് നിലനിൽക്കുന്നത്. ജനങ്ങൾക്ക് എന്റെ പാട്ട് കേൾക്കാനും കാണാനും അവസരമുണ്ടായപ്പോൾ ഒരുപാടുപേരുടെ സ്‌നേഹവും പ്രോത്സാഹനവും കിട്ടി. സമൂഹത്തെ നവീകരിക്കേണ്ടതും ഒരു നല്ല സമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടതും ഇവിടത്തെ അടിസ്ഥാന വർഗങ്ങളുടെ വലിയൊരാവശ്യമാണ്. അത്തരം സാംസ്‌കാരിക പരിസരം സൃഷ്ടിക്കുകയാണ് മിക്കവാറും എന്റെ സംഗീതം കൊണ്ട് ഞാൻ ചെയ്യാറുള്ളത്. ആ സംഗീതം എല്ലാ ജോണറിലും എനിക്ക് വഴങ്ങും. കർണാട്ടിക് ക്ലാസിക്കൽ സംഗീതമായും, ഗസലായും, ഭജനായും നവോഥാന ഗാനങ്ങളായും സിനിമാഗാനങ്ങളായും... അത് ജീവിതത്തെ ധന്യമാക്കുന്നു.

(ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 9 ൽ പ്രസിദ്ധീകരിച്ച ലേഖനം)

Comments