ലംഘിക്കാൻ മാത്രമായി ഒരു നിയമം

ജനാധിപത്യമര്യാദയുടെ ലംഘനം ഏറ്റവും കൂടുതൽ നടക്കുന്നത് കുടുംബങ്ങളിലാണ്. ഗാർഹിക പീഡനത്തിന് ഇന്ത്യയിൽ മൂന്നാം റാങ്കുണ്ട് നമ്മുടെ നാടിന്. സ്ത്രീധനരഹിത കേരളത്തിലെത്താൻ നമ്മൾ ഇനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. സ്വന്തം കഴിവിൽ പരിപൂർണ വിശ്വാസമുള്ളവരും, പരാശ്രയികളുമല്ലാത്ത, ഒരു പുതുപെൺതലമുറയ്ക്ക് മാത്രമേ ആത്യന്തികമായി വിവാഹവും സ്ത്രീധനവും തമ്മിലള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാൻ സാധിക്കൂ.

ന്റെ തിരുവനന്തപുരം, നിന്റെ ജീവിതസർവകലാശാലയിൽ നിന്നാണ് എനിക്ക് ബിരുദം കിട്ടിയിട്ടുള്ളത്. നിന്റെ നഗരത്തിൽ വെച്ചാണ് ഞാൻ മനുഷ്യനിൽനിന്ന് കൃമി ആയി മാറിപ്പോയത്. അന്നേരം ഞാൻ കാഫ്കയുടെ മെറ്റമോർഫോസിസ് വായിച്ചിട്ടുണ്ടായിരുന്നില്ല. സദാ ചിലച്ചുകൊണ്ടിരുന്നു എന്റെ മനസ്സിനോട് നീ അടങ്ങിയിരിക്കാൻ പറഞ്ഞില്ലെങ്കിലും, എല്ലാ ജീവിതവൈരുദ്ധ്യങ്ങൾക്കിടയിലും ബാലൻസ് ചെയ്തു നടക്കാൻ നീ എന്നെ പഠിപ്പിച്ചു. സ്ത്രീധനം എന്ന ഏർപ്പാട് കല്യാണത്തിന് മാല പോലെ, വിളക്ക് പോലെ, മന്ത്രകോടി പോലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണെന്ന് നീ പറഞ്ഞപ്പോൾ, ഞാൻ നിന്നോട് തർക്കിച്ചു. കോഴിക്കോട്ടേ എന്റെ സുഹൃത്തു ക്കളുടേയോ, ബന്ധുക്കളുടെയോ കല്യാണങ്ങളിൽ സ്ത്രീധനത്തിന് ഒരു റോളും ഉണ്ടായിരുന്നില്ല എന്ന് ഞാൻ പറഞ്ഞ നേരം ‘കാനാ മൂന അറിയാത്തവൾ' എന്ന് തമിഴിൽ നീ എന്നെ കളിയാക്കി.
സത്യം അതായിരുന്നു, എനിക്കൊന്നുമറിയില്ലായിരുന്നു. അതുകൊണ്ടല്ലേ, കൊല്ലമിത്ര കഴിഞ്ഞിട്ടും തിരുവനന്തപുരത്ത് ഞാൻ പണിയെടുത്ത വക്കീൽ ഓഫീസിലെ ചില സംഭാഷണങ്ങ ൾ ഇന്നും ചെവിയിൽ മുഴങ്ങുന്നത്. എന്തോ ഒരു കേസിന്റെ ആവശ്യത്തിന് വന്നവരായിരുന്നു അവർ.
ഒന്നാമൻ: ‘അന്തസ്സായി ബാങ്കിൽ പണിയെടുക്കുന്ന എന്റെ ചെറുക്കന് വെറും 70 പവനും 20 ലക്ഷവും, കൊള്ളാം, സെക്രട്ടേറിയറ്റിലെ ഒരു പ്യൂണിന് ഇതിനെക്കാൾ കിട്ടുമല്ലോ എന്നുപറഞ്ഞ് ഞാനപ്പേഴേ ആ ആലോചന വേണ്ടെന്നുവെച്ചു’.

അവിടെ കൂടിയിരുന്ന മുഖമില്ലാത്ത മറ്റ് മനുഷ്യരെല്ലാം തന്നെ അയാൾ പറഞ്ഞത് തലയാട്ടിയും, മൂളിയുമൊക്കെ ശരിവെക്കുന്നുണ്ടായിരുന്നു.
കല്യാണത്തിന് വിളിക്കാൻ വരുന്ന പയ്യന്റെ വീട്ടുകാരോട്, എന്തുകിട്ടും എന്നത് പതിവുചോദ്യമായിരുന്നു, തിരുവനന്തപുരത്ത്. അധികം വൈകാതെ സ്ത്രീധനം എന്നത് തിരുവനന്തപുരത്ത് മാത്രമുള്ള ഒരേർപ്പാടല്ല എന്നും, തൃശ്ശൂരും, കൊല്ലത്തും, കോഴിക്കോട്ടും, ചെന്നൈയിലും, ഹൈദരാബാദിലും, മുംബൈയിലും, ഡൽഹിയിലും, ലുധിയാനയിലും അങ്ങിനെ അങ്ങിനെ ഞാൻ കേട്ടിട്ടില്ലാത്തതും, സഞ്ചരിച്ചിട്ടില്ലാത്തതുമായ ഇന്ത്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ അങ്ങോളമിങ്ങോളമുള്ള ഒന്നാണെന്നും എനിക്ക് മനസ്സിലായി.

ജാതി, നിറം, സൗന്ദര്യം...

ആധുനിക ഇന്ത്യയിൽ എന്തൊക്കെയാണ് സ്ത്രീധനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ? ജാതി, മതം, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, സൗന്ദര്യം, നിറം ( പെണ്ണി​ന്റെ മാത്രം), അച്ഛന്റെയും ആങ്ങളമാരുടെയും വരുമാനം, സഹോദരിമാർക്ക് കൊടുത്ത സ്ത്രീധനത്തുക തുടങ്ങി പണവുമായി ബന്ധപ്പെട്ട പല അന്വേഷണങ്ങളും ഇന്നും ഇന്ത്യൻ വിവാഹങ്ങളുടെ മുന്നോടിയായി നടക്കുന്നു. ജാതക ചേർച്ചക്കുപകരം, രക്തഗ്രൂപ്പ്, ജനിതകരോഗ നിർണയം തുടങ്ങിയവ കല്യാണത്തിനുമുമ്പ് കണ്ടെത്തുന്ന രീതി 22ാം നൂറ്റാണ്ടിലെങ്കിലും ഇന്ത്യയിൽ ഉണ്ടാവുമോ? ആർക്കറിയാം. പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് പണം ചെലവാക്കാൻ മടിക്കുന്ന, അച്ഛനമ്മമാർ പോലും മകളുടെ കല്യാണം ഒരു മിനി ഉത്സവമാക്കി മാറ്റുന്നു. കുറെ വർഷങ്ങളായി (കോവിഡിനുമുമ്പുവരെ) കേരളത്തിൽ ഇടത്തരക്കാരായ എല്ലാ മതക്കാരുടെയും കല്യാണത്തോടനുബന്ധിച്ച് നടക്കുന്ന പല ചടങ്ങുകളും ഉത്തരേന്ത്യയിൽ നിന്ന് കടം കൊണ്ടതാണ്. സ്വർണ കടക്കാരും, തുണി കച്ചവടക്കാരുമെല്ലാം കാലാകാലങ്ങളായി ഇറക്കുമതി ചെയ്യുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ, വളരെ എളുപ്പം ചെലവാക്കപ്പെടുന ഒരു ഇടമായി മാറിയിരിക്കുന്നു, കേരളത്തിലെ കല്യാണ വ്യവസായം. കിലോക്കണക്കിന് സ്വർണവും പണവുമായി ഭർത്താവിന്റെ വീട്ടിലേക്ക് പോയ മകൾ, വീണ്ടും പണം

വേണമെന്ന ഭർത്താവിന്റെയും വീട്ടുകാരുടെയും ആവശ്യം സ്വന്തം വീട്ടിൽ അവതരിപ്പിക്കുന്ന നേരത്ത് സംഗതി മാറുന്നു. അധിക ഡിമാന്റ് താങ്ങാൻ വയ്യാത്ത ഇടത്തരം അച്ഛനമ്മമാരെപോലെ തന്നെ പ്രയാസപ്പെടുന്നു, കല്യാണവ്യവസ്ഥയില സ്ത്രീധനതുക നേരം വൈകിയിട്ടും കൊടുക്കാൻ പറ്റാത്ത സാമ്പത്തികശേഷി കുറഞ്ഞ അച്ഛനമ്മമാർ.
ആൺകുട്ടികളെ പണം ഉൽപ്പാദിപ്പിക്കുന്ന യന്ത്രമായും, പെൺകുട്ടികളെ ബാധ്യതയുമായി കണക്കാക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ ഉൽപ്പന്നമായിരുന്നു ഒരുകാലത്ത് ഉത്തരേന്ത്യൻ ക്ലിനിക്കുകളിൽചിലയിടത്ത് കണ്ട ചുവരെഴുത്തുകൾ: 'ഇന്ന് 500 രൂപ ചെലവാക്കൂ, ഭാവിയിൽ അഞ്ച് ലക്ഷം രൂപ ലാഭിക്കൂ' എന്നത്. ലോകത്തിലെ മുഴുവൻ സാമ്പത്തിക വിദഗ്ധൻമാരും ഈ തിരിച്ചറിവിന്റെ മുമ്പിൽതോറ്റുപോയിക്കാണും.
അങ്ങനെ രാജ്യം മുഴുവൻ പ്രചാരണം കിട്ടിയ, ഭ്രൂണത്തിൽ തന്നെ പെൺകുഞ്ഞുങ്ങളെ കൊന്നുകളയുന്ന ഏർപ്പാടിന് ഇന്നും അവസാനമായിട്ടില്ല.

സ്ത്രീധനത്തിന്റെ ഹിന്ദുവൽക്കരണം

പുരാതന റോമിലും, യൂറോപ്പിലെ പലയിടത്തും സ്ത്രീധനം എന്ന ഏർപ്പാട് ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാര്യമാണ്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ യൂറോപ്പിൽ ഇല്ലാതായ ഒന്ന്, ഇന്നും ചുമക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യയെ കൂടാതെ പാക്കിസ്ഥാനും, ബംഗ്ലാദേശും, ഇറാനും, വടക്കൻ ആഫ്രിക്കയുമുണ്. സ്ത്രീധനമരണത്തിന്റെ കണക്ക് വിവര പട്ടികയിൽ പക്ഷെ, ഇന്ത്യ മറ്റു രാജ്യങ്ങളെ പുറന്തള്ളുന്നു. മനുസ്മൃതിയിൽ പരാമർശിക്കുന്ന സ്ത്രീധനത്തെ പറ്റി പക്ഷേ പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച്, ഇന്ത്യയെ കുറിച്ച് പുസ്തകങ്ങൾ എഴുതിയ പേർഷ്യൻ പണ്ഡിതൻ അൽബറൂനിയുടെ പുസ്തകങ്ങളിൽ ഒന്നും തന്നെ കാണുന്നില്ല. എന്നാൽ വിവാഹസമയത്ത് പുരുഷൻ സ്ത്രീക്ക് സമ്മാനം കൊടുക്കുന്ന പുരാതന ഭാരതീയ രീതികളെക്കുറിച്ച് അൽബറൂണി പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടുതാനും.
1956ൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ വന്ന ഭേദഗതിക്കുശേഷമാണ് ഹിന്ദു സ്ത്രീകൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശം കിട്ടിയത്. അതുവരെ വിവാഹസമയത്ത് കിട്ടുന്ന സമ്മാനങ്ങളിലും പണത്തിലും തീർന്നുപോകുന്ന ഒന്നായിരുന്നു ഹിന്ദു സ്ത്രീയുടെ പാരമ്പര്യ സ്വത്തിൻമേലുള്ള അവകാശം.
ഇന്നും ഹിമാചൽപ്രദേശിലും ഇന്ത്യയുടെ മറ്റു ചിലയിടങ്ങളിലും ഹിന്ദു സക്‌സഷൻ ആക്ട് നടപ്പിൽ വരുത്തിയ ഭേദഗതി അനുസരിച്ചല്ല കാര്യങ്ങൾ നടക്കുന്നതെന്ന് ഉർ സുല ശർമ എന്ന ഒരു സ്ത്രീവാദി നടത്തിയ പഠനങ്ങളിൽ പറയുന്നു. സ്ത്രീകളുടെ പാരമ്പര്യസ്വത്തിൽ മേലുള്ള അവകാശം വിവാഹ സമയത്ത് നൽകുന്ന സ്ത്രീധനത്തിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നാണ് തന്റെ പഠനങ്ങളിലൂടെ അവർ മനസ്സിലാക്കിയത്.
എന്നാൽ കേരളം പോലെ, പുരോഗമന ജീവിതരീതി അവകാശപ്പെടുന്ന സംസ്ഥാനങ്ങളിൽ പക്ഷേ ഹിന്ദു പിന്തുടർച്ചാവകാശ നിയമഭേദഗതി അംഗീകരിക്കുന്നതോടൊപ്പം, അതിനുബദലായി നടന്നുകൊണ്ടിരുന്ന സ്ത്രീധനം എന്ന സമ്പ്രദായത്തെ പൂർവാധികം ശക്തിയേടെ കൂടെ കൂട്ടുകയും ചെയ്തു. ആദ്യമൊക്കെ ഒരു ബ്രാഹ്മണിക്കൽ രീതി മാത്രമായിരുന്ന സ്ത്രീധന സമ്പ്രദായം വൈകാതെ ഹിന്ദുമതത്തിലുള്ള എല്ലാ ജാതിക്കാരും ഏറെറടുത്ത് പ്രായോഗികവൽക്കരിച്ചു.

മേരി റോയി കേസ് വിധിയും ക്രിസ്ത്യൻ വിവാഹങ്ങളും

‘എന്റെ അമ്മ' എന്ന ലേഖനത്തിൽ അരുന്ധതി റോയ് പറയുന്നു; ‘എന്റെ അച്ഛൻ പുകവലിക്കില്ലായിരുന്നു, അദ്ദേഹം ഒരു മദ്യപാനിയും ആയിരുന്നില്ല. എന്നാൽ അദ്ദേഹം സ്ഥിരമായി തന്റെ ഭാര്യയെ തല്ലാറു ണ്ടായിരുന്നു'. ഭർത്താവിന്റെ ശാരീരിക പീഡനങ്ങളിൽ ചോരയൊലിപ്പിച്ചു നിന്നിരുന്ന മേരി റോയിയുടെ ചിത്രം മകൾ വായനക്കാർക്ക് കാണിച്ചുതന്നു. അങ്ങനെത്തെ ഒരു ഭർത്താവിനെ ഉപേക്ഷിക്കുക എന്നല്ലാതെ മേരി റോയിക്കുമുമ്പിൽ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. തന്റെ രണ്ടു മക്കളുമായി അച്ഛൻ പണിത ഊട്ടിയിലെ കോട്ടേജിൽ താമസിക്കാനെത്തിയ മേരി റോയിക്ക് അത്ര നല്ല സ്വീകരണം അല്ലായിരുന്നു സഹോദരന്മാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്.
ട്രാവൻകൂർ ക്രിസ്ത്യൻ സക്‌സഷൻ ആകട് എന്നപേരിൽ 1916ൽ നിലവിൽവന്ന ക്രിസ്ത്യൻ പിന്തുടർ ച്ചവകാശനിയമം കൈയിലടുത്തുകൊണ്ടായിരുന്നു സഹോദരന്മാർ മേരി റോയിയോട് വീടുവിട്ടുപോകാൻ ആവശ്യപ്പെട്ടത്. പ്രസ്തുത നിയമത്തിലെ സെക്ഷൻ 24 പ്രകാരം, ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീക്ക് പാരമ്പര്യ സ്വത്തിൽ അവളുടെ സഹോദരന് ലഭിക്കുന്ന അവകാശത്തിന്റെ കാൽഭാഗം ഷെയറോ, 5000 രൂപയോ ഇതിൽ ഏറ്റവും കുറവ് ഏതാണ്, അതിനാണ് അർഹത ഉണ്ടായിരുന്നത്. സമാന അനുഭവസ്ഥർ ആയ രണ്ടു സ്ത്രീകൾക്കൊപ്പം ചേർന്ന് ഭരണഘടനാവിരുദ്ധമായ ഈ നിയമത്തെ മേരി റോയി ചോദ്യംചെയ്തു. 1986ൽ സുപ്രീംകോടതിയിൽ നിന്ന് മേരി റോയിക്ക് അനുകൂലമായ ലഭിച്ച ഈ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പ്രധാന വിധികളിൽ ഒന്നാണ്. എന്നാൽ ഇതേ മേരി റോയ് തന്നെ പറയുന്നു, ഈ വിധിക്കനുസരിച്ചല്ല കേരളത്തിലെ ഒട്ടുമിക്ക ക്രിസ്ത്യൻ വിവാഹങ്ങൾ ഇന്നും നടക്കുന്നതെന്ന്. കുടുംബകോടതിയിൽ കേസ് നടത്തിയ സമയത്തൊക്കെ ക്രിസ്ത്യൻ സ്ത്രീകൾ പറയാറുണ്ടായിരുന്നു , വിവാഹനിശ്ചയ സമയത്ത് ഭർത്താവിന് നൽകിയ സ്ത്രീധനം മാത്രമാണ് ഇന്നും തങ്ങൾക്ക് കുടുംബസ്വത്തിൽ മേലുള്ള അവകാശമെന്ന. വിദ്യാഭ്യാസമുള്ള അന്തരീക്ഷത്തിൽനിന്ന് വരുന്നവരാണ് ഈ സ്ത്രീകളിൽ പലരും എന്നതുകൂടി ഇതിനോടൊപ്പം ചേർത്തുവായിക്കുക.
വിവാഹനിശ്ചയം സമയത്ത് ഭർത്താവിനും അയാളുടെ വീട്ടുകാർക്കും നൽകുന്ന സ്ത്രീധനത്തുക തിരിച്ചു കിട്ടാൻ കേസ് നടത്തുമ്പോഴാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്, കാരണം ഈ സ്ത്രീധന കൈമാറ്റ സമയത്ത് സാക്ഷികൾക്കോ ഫോട്ടോഗ്രാഫർക്കോ മൂന്നാമതൊരാൾക്കോ പ്രവേശനമില്ല. ഇത്തരം ഘട്ടങ്ങളിൽ സ്ത്രീകൾക്ക് അനുകൂലമായ നിലപാടാണ് പലപ്പോഴും കോടതികൾ എടുക്കാറുള്ളത് എന്ന് തീർത്തു പറയാനും വയ്യ.
ഇസ്‌ലാം മതവിശ്വാസപ്രകാരം വിവാഹസമയത്ത് പുരുഷൻ മെഹർ നൽകിയാൽ മാത്രമേ, ആ വിവാഹ കരാർ പൂർണമാകുന്നുള്ളൂ. എന്നാൽ ഇന്ന് പെൺവീട്ടുകാരിൽ നിന്ന് വലിയൊരു തുക സ്ത്രീധനം വാങ്ങി അതിൽ നിന്ന് ഒരു തുക മെഹർ കൊടുക്കുന്ന പുരുഷന്മാർ ധാരാളമുണ്ടെന്ന് അഭിഭാഷ കൂടിയായ ഒരു ഇസ്‌ലാം മത വിശ്വാസിയുടെ സാക്ഷ്യപ്പെടുത്തൽ. നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളിലൊന്നും സ്ത്രീധനം വിവാഹത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും മത, ദൈവ വിശ്വാസികൾ എന്ന് സ്വയം കരുതുന്നവരിൽ ഒരു നല്ല ശതമാനം ആൾക്കാരും സ്ത്രീധനത്തെ പിന്തുണയ്ക്കുന്നു.

സ്ത്രീധന നിരോധന നിയമം എന്തിന്?

1961 നിലവിൽ വന്ന സ്ത്രീധന നിരോധന നിയമം ആയിരിക്കും ഒരു പക്ഷേ, പ്രത്യക്ഷവും പരോക്ഷവുമായി
ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്ന ഇന്ത്യൻ നിയമം. സ്ത്രീധനം കൊടുക്കുന്നവനും വാങ്ങുന്നവനും ശിക്ഷിക്കപ്പെടുന്നു എന്നതുകൊണ്ടാവാം, അധികം പരാതികൾ ഈ നിയമത്തിന്റെ ബലത്തിൽ കോടതികളിൽ എത്താത്തത്. സ്ത്രീധനം കൊടുക്കുന്ന ആളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്ന രീതിയിൽ ഒരു ഭേദഗതി വരണമെന്ന് 1983ൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി നൽകിയ ശുപാർശ അംഗീകരിക്കപ്പെട്ടില്ല. സ്ത്രീധനം കൊടുക്കുന്ന ആൾക്കും വാങ്ങുന്ന ആൾക്കും നിശ്ചയിച്ച ആറു മാസത്തെ തടവ് അഞ്ച് വർഷമായി ഉയർന്നെങ്കിലും ഈ നിയമമനുസരിച്ചുള്ള സ്ത്രീധന പീഡന പരാതികളുടെ എണ്ണം ഇന്നും വളരെകുറവാണ്. രണ്ടുതവണ ഭേദഗതി നടത്തിയ സ്ത്രീധന നിരോധന നിയമം കൊണ്ട് ഇന്ത്യയിലെ സ്ത്രീകൾക്ക് കാര്യമായ മെച്ചമുണ്ടായിട്ടില്ല.
സ്ത്രീധനം ആവശ്യപ്പെടുന്നതും, പത്രങ്ങളിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയോ സ്ത്രീധനത്തെ കുറിച്ച് പരാമർശമുള്ള പരസ്യങ്ങൾ നൽകുന്നതും തെറ്റാണെന്ന് ഈ നിയമത്തിൽ പറയുന്നുണ്ട്. പരസ്യം നൽകുന്ന ആൾ മാത്രമല്ല പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിന്റെ പ്രിന്ററും പബ്ലിഷറും വരെ ശിക്ഷിക്കപ്പെടണമെന്ന വ്യവസ്ഥ ഭേദഗതിയിലൂടെ ഡൗറി പ്രൊഹിബിഷൻ നിയമത്തിൽ വന്നെങ്കിലും എന്തുമാറ്റമാണ് ആ ഭേദഗതി കൊണ്ട് ഉണ്ടായത് ? 2020ൽ പോലും പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും വിവാഹത്തിലൂടെ ലഭിക്കാൻ സാധ്യതയുള്ള സാമ്പത്തികനേട്ടങ്ങളും പരോക്ഷമായി വെളിപ്പെടുത്തുന്ന രീതിയിലാണ് സ്ത്രീകൾക്ക് വേണ്ടിയുള്ള മാട്രിമോണിയൽ പരസ്യങ്ങൾ പലപ്പോഴും തയ്യാറാക്കുന്നത്.
1984ൽ വന്ന ഭേദഗതി പ്രകാരം കല്യാണത്തിന് സമ്മാനമായി കിട്ടിയ വസ്തുക്കളുടെ ഒരു ലിസ്റ്റ് വരനും വധുവും സൂക്ഷിച്ചുവെക്കണം. ഡൗറി പ്രൊഹിബിഷൻ ഓഫീസർ ഇതിൽ ഒപ്പിടണം. ആരാണ് ഈ ഡൗറി പ്രൊഹിബിഷൻ ഓഫീസർ, എന്താണ് അദ്ദേഹത്തിന്റെ അധികാരപരിധി? ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങൾക്ക് ഇന്നും അറിയാത്ത കാര്യമാണിത്. ഡൗറി പ്രൊഹിബിഷൻ ഓഫീസറെ സഹായിക്കാൻ അഞ്ച് അംഗങ്ങൾ അടങ്ങിയ സാമൂഹികക്ഷേമ ജീവനക്കാരുടെ ഉപദേശകസമിതി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്, ഇതിൽ തന്നെ രണ്ടുപേർ സ്ത്രീകളായിരിക്കണം. 59 കൊല്ലം പഴക്കമുള്ള സ്ത്രീധന നിരോധന നിയമം ഇന്നും ശൈശവദശയിലാണ്. പൊതുജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ ഇത്തരം നിയമങ്ങൾക്ക് മുന്നോട്ടുപോക്ക് സാധ്യമല്ല എന്നാണ് ഭരിക്കുന്നവർ പറയുന്നത്.

ഇന്ത്യ, സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും അപകടം പിടിച്ച രാജ്യം

1983ലെ സംയുക്ത പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടിൽ വിവാഹിതരായ ഇന്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന സ്ത്രീധന പീഡനങ്ങളെക്കുറിച്ച് പഠനങ്ങളിൽ കണ്ട വിവരങ്ങളുണ്ടായിരുന്നു. അതുകൂടി കണക്കിലെടുത്താണ് 1983ൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 498ന് എ എന്നൊരു അനുബന്ധം കൂടി കൂട്ടിചേർത്തത്. സെക്ഷൻ 498 എ, ഇന്ത്യൻ പീനൽ കോഡ്. ഭർത്താവോ ബന്ധുക്കളോ വിവാഹിതയായ ഒരു സ്ത്രീയെ പണത്തിനുവേണ്ടി ക്രൂരമായി ഉപദ്രവിച്ചാൽ മൂന്നുവർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ക്രൂരത എന്നതിന് വലിയൊരു നിർവചനമാണിവിടെ നൽകുന്നത്. സ്ത്രീധനത്തിന് വേണ്ടി (പണവും, ആഭരണങ്ങളും ഭൂമിയും ഇതിൽപ്പെടുന്നു) ഒരു സ്ത്രീയെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുകയാണെങ്കിലും ഇത്തരം ക്രൂരത നേരിടാൻ വയ്യാതെ അവർ ആത്മഹത്യ ചെയ്യുകയാണെങ്കിലും സെക്ഷൻ 498 എ പ്രകാരം കേസെടുക്കാം.
സ്ത്രീധന നിരോധന നിയമത്തിലെ പോരായ്മകളെ ഒരു പരിധിവരെ പരിഹരിക്കാൻ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 498 ലെ കൂട്ടിച്ചേർക്കലിന് കഴിഞ്ഞു. പക്ഷേ, ഒരു സ്ത്രീ സംരക്ഷണ നിയമം എന്നതിനപ്പുറത്തേക്ക് ഒരു ആയുധമായി പ്രസ്തുത നിയമം മാറിയ സാഹചര്യം ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉണ്ടായി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ. ഭർത്താവിനോടും അയാളുടെ ബന്ധുക്കളോടും പക തീർക്കാൻ ഒരു അവസരമായി 498 എ കേസുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ സുപ്രീംകോടതി വീണ്ടും ചില മാർഗനിർദേശങ്ങളുമായി വന്നു: ഈ സെക്ഷൻ പ്രകാരമുള്ള ഉടൻ അറസ്റ്റ് പാടില്ലെന്നുമാത്രമല്ല, ഇത്തരം കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കാനും പറ്റും. അങ്ങിനെ സ്ത്രീധന പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കുവേണ്ടി നിർമ്മിച്ച ഈ നിയമത്തിന് ഇന്ന് വേണ്ടത്ര ഫലം ഇല്ലാതായി. യഥാർത്ഥ ഇരയ്ക്ക് വീണ്ടും നീതി നിഷേധത്തിന്റെ നാളുകൾ.
ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 304 ബി പ്രകാരം വിവാഹത്തിന്റെ ആദ്യ ഏഴ് വർഷത്തിനുള്ളിൽ, ഒരു സ്ത്രീ സംശയാസ്പദമായ സാഹചര്യത്തിൽ മരിക്കുയാണെങ്കിൽ അതൊരു സ്ത്രീധന മരണം ആയി കണക്കാക്കാം. സ്ത്രീധന നിരോധന നിയമത്തിൽ സ്ത്രീധനത്തെ നിർവച്ചിരിക്കുന്ന അതേ അർത്ഥത്തിൽ ഈ നിയമവും എടുത്തിരിക്കുന്നു. എഴു വർഷത്തിൽ കുറയാത്ത ശിക്ഷയാണ് പ്രതികൾക്ക് ലഭിക്കുക. പക്ഷേ ഇവിടെ വിജയത്തിന്റെ കനി ആസ്വദിക്കാൻ ഇരയായ സ്ത്രീ ജീവനോടെ ഇല്ല എന്നുമാത്രം. 2005 നിലവിൽവന്ന ഗാർഹിക പീഡന സംരക്ഷണ നിയമം മാത്രമാണ് കുറച്ചെങ്കിലും ഇരയായ സ്ത്രീകൾക്ക് പ്രതീക്ഷ നൽകുന്ന ഒന്ന്. 2005ൽ നാഷണൽ ഫാമിലി ഹെൽത്ത് സെന്റർ ഒരു സർവേ നടത്തിയിരുന്നു, അതനുസരിച്ച് 15 മുതൽ 49 വയസ്സ് വരെ പ്രായമുള്ള ഇന്ത്യൻ സ്ത്രീകളിൽ 33.5 ശതമാനം പേർ ഗാർഹിക പീഡനത്തിന് ഇരയാകുന്നു എന്ന് കണ്ടെത്തി. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ പഠനങ്ങൾ പറയുന്നത്, ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മുന്നിൽ ഗാർഹികപീഡനം ആണെന്നാണ്. ഇതേ വിഷയത്തിൽ ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഫൗണ്ടേഷൻ ആയ തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ, സ്ത്രീ സുരക്ഷയിൽ ഇന്ത്യ ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ് എന്നും സ്ത്രീകളെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യം ഇന്ത്യയാണെന്നും വിലയിരുത്തുന്നു.

ഗാർഹിക പീഡന സംരക്ഷണ നിയമം

ഗാർഹിക പീഡനം ഇന്ത്യയിൽ മാത്രമൊതുങ്ങുന്ന ഒന്നല്ല. ലോകത്തിലെ മുഴുവൻ സ്ത്രീജനസംഖ്യയുടെ 35 ശതമാനം പേർ ഗാർഹിക പീഡനത്തിനോ ലൈംഗിക പീഡനത്തിനോ ഇരയാകുന്നുണ്ട്. ഗാർഹിക പീഡനത്തിൽ വേട്ടക്കാരൻ ചിലപ്പോൾ ഭർത്താവ്, മറ്റുചിലപ്പോൾ മുൻ ഭർത്താവ്, കാമുകൻ, അടുത്ത ബന്ധുക്കൾ, ചിലപ്പോഴെങ്കിലും അപരിചിതനായ ഒരാളും ആയേക്കാം. പീഡന സംരക്ഷണ നിയമങ്ങൾ പീഡനത്തെ നിർവഹിച്ചിരിക്കുന്നത് വെറും ശാരീരിക പീഡനമായി മാത്രമല്ല, മാനസിക പീഡനങ്ങളും സാമ്പത്തിക ചൂഷണങ്ങളും , ലൈംഗിക പീഢനങ്ങളും വാക്കുകൊണ്ടുള്ള വേദനിപ്പിക്കലുമെല്ലാം ഉൾപ്പെടുന്നു. ഭർത്താവിന്റെ വീട്ടിൽ തന്നെ നിയമസംരക്ഷണത്തിൽ പരാതിക്കാരിക്ക് കഴിയാം എന്നതാണ് ഈ നിയമത്തിന്റെ വലിയൊരു സാധ്യത. എന്നാൽ അവിടെ അവൾ സുരക്ഷിതയല്ല എന്നുവരികിൽ മറ്റൊരിടത്തേക്ക് വാടകയ്ക്ക് താമസിക്കാൻ അവൾക്ക് അവകാശമുണ്ട്, അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കേണ്ടത് ഭർത്താവിന്റെ നിയമപരമായ ബാധ്യതയാണ്. സാമ്പത്തികമായ
സംരക്ഷണവും കുട്ടികളുടെ കസ്റ്റഡിയും ആവശ്യപ്പെടാൻ പരാതിക്കാരിയായ സ്ത്രീക്ക് ഈ നിയമത്തിലൂടെ സാധിക്കും. ഭർത്താവുമാത്രമാകണമെന്നില്ല, പരാതിയിൽ പ്രതിസ്ഥാനത്ത് വരേണ്ടത്. വിവാഹം കഴിക്കാതെ തന്നെ ലിവിംഗ് റിലേഷൻഷിപ്പിൽ ഏർപ്പെടുന്ന സ്ത്രീക്ക് സുഹൃത്തായ പുരുഷനിൽനിന്ന് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷണം ആവശ്യപ്പെടാം. പ്രതിസ്ഥാനത്ത് ഭർത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ സ്ത്രീകളെയും ഉൾപ്പെടുത്താം, ഈ നിയമം അടിസ്ഥാനപ്പെടുത്തി നൽകുന്ന പരാതിയിൽ. ക്ഷമിക്കാനും സഹിക്കാനും പൊലീസ് ഇരയെ ഉപദശിക്കാറുണ്ട് എന്ന് ഇരകളായ സ്ത്രീകൾ പലപ്പോഴും പറയുന്ന ഒരു കാര്യമാണ്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും, ഇന്ത്യയിൽ ഇന്ന് നിലവിലുള്ള സ്ത്രീ സംരക്ഷണ നിയമങ്ങളിൽ കുറച്ചെങ്കിലും സ്ത്രീക്ക് പ്രയോജനപ്പെടുന്നത് ഗാർഹിക പീഡന സംരക്ഷണ നിയമം മാത്രമാണ്.

വിചിത്രമായ ഒരു സംഗതി, ഈ നിയമം നിലവിൽ വന്നശേഷവും ഇന്ത്യയിൽ ഗാർഹിക പീഡനനിരക്ക് കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഓരോ വർഷവും ഗാർഹിക പീഡന നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഓരോ ഒമ്പതു മിനിറ്റിലും ഒരു ഇന്ത്യൻ സ്ത്രീ ഗാർഹിക പീഡനത്തിനിരയാകുന്നു എന്ന് ഈ മേഖലയിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ കണക്കും വിവരവും മാത്രമാണ് പുറംലോകം അറിയുന്നത്. എന്നാൽ വീട്ടുകാരെയും, സമൂഹത്തെയും, ചിലപ്പോഴൊക്കെ പ്രതിയായ ഭർത്താവിനെ തന്നെയും ഭയന്ന് പീഡനവിവരം ഒളിച്ചു വെക്കുന്ന സ്ത്രീകളുടെ എണ്ണം, നിയമസുരക്ഷ ആവശ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിന്റെയും മുകളിൽ നിൽക്കുന്നു.

കുടുംബം എന്ന വില്ലൻ

സാമ്പ്രദായിക കുടുംബസംവിധാനത്തിൽ തൃപ്തിപ്പെട്ട്, അതിനകത്തെ എല്ലാ ജനാധിപത്യവിരുദ്ധ ഏർപ്പാടുകളോടും പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ജനിതകപാഠങ്ങളാണ് ഇന്ത്യൻ സ്ത്രീയുടെ ശാപം...ഇതുതന്നെയാണ് സ്ത്രീധനത്തിന്റൈ കാര്യത്തിലും സംഭവിക്കുന്നത്.
സ്ത്രീധനത്തെ പൂർണമായും മാറ്റിനിർത്തിക്കൊണ്ടുള്ള വിവാഹത്തിന് മാത്രമേ താൻ തയ്യാറാകു എന്ന് ഓരോ പെൺകുട്ടിയും പറഞ്ഞുതുടങ്ങട്ടെ, അന്നുമാത്രമേ സ്ത്രീധനമെന്ന നൂറ്റാണ്ടുകളുടെ മുഷിഞ്ഞ മണമുള്ള വിഴുപ്പിൽനിന്ന് ഇന്ത്യക്ക് മോചനം സാധ്യമാകൂ. നിലവിൽ ഇന്ത്യയിൽ പ്രാബല്യത്തിലുള്ള സ്ത്രീധന നിയമങ്ങൾക്ക് ധാരാളം പോരായ്മകളുണ്ട്. എന്നാൽ പൊതുജനപങ്കാളിത്തം ഇല്ലാത്തത് കൊണ്ടാണ് നിയമം ശരിയായ അർത്ഥത്തിൽ നടപ്പിലാക്കാൻ പറ്റാത്തത് എന്ന ഭരണകൂടത്തിന്റെ പറച്ചിലിൽ നേരിയ വാസ്തവമുണ്ടുതാനും. ജനാധിപത്യമര്യാദയുടെ ലംഘനം ഏറ്റവും കൂടുതൽ നടക്കുന്നതും കുടുംബങ്ങളിലാണ്. ഗാർഹിക പീഡനത്തിന് ഇന്ത്യയിൽ മൂന്നാം റാങ്കുണ്ട് നമ്മുടെ നാടിന്. സ്ത്രീധനരഹിത കേരളത്തിലെത്താൻ നമ്മൾ ഇനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. സ്വന്തം കഴിവിൽ പരിപൂർണ വിശ്വാസമുള്ളവരും, പരാശ്രയികളുമല്ലാത്ത, ഒരു പുതുപെൺതലമുറയ്ക്ക് മാത്രമേ ആത്യന്തികമായി വിവാഹവും സ്ത്രീധനവും തമ്മിലള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാൻ സാധിക്കൂ.

Comments