മിനിമലിസം ഉപേക്ഷിക്കലല്ല, മറിച്ച് നിങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടത് എന്താണ്, അതിനെ മാത്രം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ലളിത ജീവിതരീതിയാണ്. മിനിമലിസം നല്‍കുന്നത് സ്വാതന്ത്ര്യമാണ്. ഓരോ വ്യക്തിക്കും അവനവന് ഇഷ്ടമുള്ള രീതിയില്‍ മിനിമലിസത്തെ വ്യാഖ്യാനിച്ച് എടുക്കാം
17 Aug 2020, 04:06 PM
‘മിനിമലിസം, ഒരു പുതിയ സംഭവമൊന്നുമല്ല. സായിപ്പ് കണ്ടുപിടിച്ച കാര്യമായിട്ടൊന്നും അതിനെ എഴുന്നള്ളിക്കണ്ട. നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ ജീവിതം തന്നെ മാതൃക ആക്കിയാല്‍ പോരേ?'
‘മിനിമലിസം, അതൊരു ഗിമ്മിക്ക് അല്ലേ? ജീവിക്കുന്ന കാലം സുഖിച്ച് ജീവിക്കണം.'
‘കുറച്ചുകാലം കേരളത്തിന് പുറത്തുപോയി താമസിക്കുന്നവര്‍ ഇങ്ങനെ ചില നമ്പറുമായി വരാറുണ്ട്.'
‘ഇതിനൊക്കെ എവിടെയാണ് നേരം'
‘ഒരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഒന്നും നടക്കില്ല'
മിനിമലിസത്തകുറിച്ച് രണ്ടോ മൂന്നോ ഓണ്‍ലൈന്‍ കുറിപ്പുകള്‍ എഴുതിയ നേരത്ത് എനിക്ക് കിട്ടിയ പ്രതികരണങ്ങളില്‍ ചിലത് ആണ് ഇവ.
എന്താണ് മിനിമലിസം? എന്തുകൊണ്ട് അത് ഒരു പടിഞ്ഞാറന്‍ വാക്കായി മാറി?
ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ കിട്ടാത്തത്ര സ്വീകാര്യത യൂറോപ്പിലും, അമേരിക്കയിലും, ജപ്പാനിലും മറ്റും മിനിമലിസത്തിന് എങ്ങനെ കിട്ടി?
ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് നല്ലതാണ്. മിനിമലിസം ഒരു ലളിത ജീവിതരീതിയാണ്. ചരിത്രവഴികള്‍ അന്വേഷിച്ചാല്‍ മിനിമലിസം ചെന്നെത്തിനില്‍ക്കുന്നത് ബുദ്ധനില്‍ ആയിരിക്കും. ബുദ്ധനുമായി ചേര്‍ത്തുവായിക്കുന്നതുകൊണ്ട്, ഉപേക്ഷിക്കല്‍ ആണ് മിനിമലിസത്തിന്റെ അടിത്തറ എന്ന് തെറ്റിദ്ധരിക്കുന്ന വരും ഉണ്ട്.
നിരാകരണമല്ല
മിനിമലിസം ഉപേക്ഷിക്കലല്ല, മറിച്ച് നിങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടത് എന്താണ്, അതിനെ മാത്രം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ലളിത ജീവിതരീതിയാണ്.
ബുദ്ധമതത്തിന്റെ അടിസ്ഥാനം തന്നെ ഒന്നിനോടും ആവശ്യത്തില്‍ കൂടുതല്‍ മമത അഥവാ അറ്റാച്ച്‌മെന്റ് ഇല്ലാതിരിക്കുക എന്നതാണ്. ആ തത്വത്തെ എങ്ങനെ ഫലപ്രദമായി ഭൗതിക ജീവിതത്തില്‍ ഉപയോഗിക്കാമെന്നതാണ് മിനിമലിസ്റ്റുകള്‍ പഠിപ്പിക്കുന്ന പാഠം.
കലയിലും, വാസ്തുശില്‍പകലയിലും, സംഗീതത്തിലും മിനിമലിസ്റ്റിക് രീതികള്‍ പ്രചാരത്തിലുണ്ട്. മിനിമലിസം ഒരു ജീവിതചര്യ എന്ന നിലക്ക് ലോകം കണ്ടുതുടങ്ങിയത് എന്നുമുതല്‍ക്കാണ്? മിനിമലിസത്തിന് ചട്ടങ്ങളോ നിയമാവലികളോ മാനിഫെസ്‌റ്റോയോ ഇല്ല. മതത്തിന് ആധിപത്യമുള്ള രാജ്യങ്ങളില്‍ പക്ഷേ ഇത്തരം രീതികള്‍ പ്രചരിപ്പിക്കാന്‍ തക്ക സംവിധാനം ഇല്ല എന്നുവേണം പറയാന്‍. മിനിമലിസം നല്‍കുന്നത് സ്വാതന്ത്ര്യമാണ്. ഓരോ വ്യക്തിക്കും അവനവന് ഇഷ്ടമുള്ള രീതിയില്‍ മിനിമലിസത്തെ വ്യാഖ്യാനിച്ച് എടുക്കാം.
സന്തോഷത്തിന്റെ നീളം
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അമേരിക്കയിലെ ഒരുകൂട്ടം ആളുകള്‍ മിനിമലിസത്തിന്റെ വഴിയിലൂടെ നടന്നുതുടങ്ങിയത്. ജാനറ്റ് ലൂ ഹോഴ്‌സ് എന്ന സ്ത്രീ എഴുതിയ ‘സിംപ്ലിസിറ്റി' എന്ന പുസ്തകത്തിന് വന്‍ സ്വീകാര്യതയാണ് അമേരിക്കയില്‍ ലഭിച്ചത്. ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടി , ഓടിയും പാഞ്ഞും കിതച്ചും ഒടുവില്‍ ഒന്നുമാകാതെ, മടക്കയാത്ര പോകേണ്ടിവരുന്ന ഒരു ശരാശരി അമേരിക്കക്കാരനെ സംബന്ധിച്ച് മിനിമലിസം, അയാളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ അത്ഭുതങ്ങള്‍ക്കുമ പ്പുറമായിരുന്നു.
മിനിമലിസം ഒരു തിരിച്ചറിവാണ്, അത് ഒരു നാടയില്‍ ബന്ധിക്കുകയാണെങ്കില്‍, അവിടെ നിങ്ങളുടെ സമയം, ഊര്‍ജ്ജം എന്നിവയെ കൂടാതെ ഭൗതികമായ വാരിക്കൂട്ടലുകളുമുണ്ടാകും. മിനിമലിസം ഒരാള്‍ക്ക് എന്താണ് തിരിച്ചുനല്‍കുന്നത്? ആരോഗ്യമുള്ള ശരീരവും സന്തോഷമുള്ള മനസ്സും. ചോദ്യവും ഉത്തരവും വളരെ സിമ്പിള്‍ ആയി തോന്നിയേക്കാം. എന്നാല്‍ ഒരു ക്യാപിറ്റലിസ്റ്റിക് വേള്‍ഡില്‍ ഈ ചോദ്യത്തിനും ഉത്തരത്തിനെുമൊക്കെ പ്രസക്തിയുണ്ടോ? ആര്‍ക്കറിയാം?

വലിയ വീട്, ഒന്നിലധികം കാറുകള്‍, കനത്ത ബാങ്ക് ബാലന്‍സ്, ആഭരണങ്ങളുടെ ശേഖരം, വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങള്‍, ഉന്നതര്‍ക്ക് മാത്രം പ്രവേശനം ഉണ്ടെന്ന് കരുതുന്ന ക്ലബ്ബിലെ മെമ്പര്‍ഷിപ്പ്. നമ്മുടെ സമൂഹത്തില്‍ വിജയിക്ക് കല്‍പ്പിച്ച് നല്‍കിയ അളവുകോലുകളില്‍ ചിലതാണിവ. ഇവയെല്ലാം സന്തോഷം തരുന്ന കാര്യങ്ങള്‍ ആണെന്ന് മിനിമലിസ്റ്റിക്കുകളും സമ്മതിക്കുന്നു. എന്നാല്‍, ഇത്തരം സന്തോഷത്തിന്റെ നീളം; അതാണ് അന്വേഷിച്ച് ഉത്തരം കാണേണ്ട ഒന്ന്.
നിര്‍ഭാഗ്യവശാല്‍ സന്തോഷമുള്ള മനസ്സിനോ ആരോഗ്യമുള്ള ശരീരത്തിനോ ഉള്ള അന്വേഷണങ്ങള്‍ പലപ്പോഴും മധ്യവയസ്സു കഴിഞ്ഞിട്ടായിരിക്കും നമ്മള്‍ തുടങ്ങുക. കുഞ്ഞുങ്ങളെ ഒന്നാമതാകാന്‍ മാത്രം പഠിപ്പിക്കുന്നു നമ്മുടെ സ്‌കൂളുകളില്‍, എന്നാല്‍ സന്തോഷത്തോടെ ജീവിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ഒരു പാഠാവലിയിലും എഴുതിവെച്ചിട്ടുമില്ല.
പ്രായോഗികമായ ഒരു ജീവിതരീതി
ജപ്പാനിലും മറ്റുമുള്ള സ്റ്റീരിയോടൈപ്പ് മിനിമലിസ്റ്റിക് ആകുക എന്നത് എളുപ്പമുള്ളേതോ അനുകരണീയമോ ആയ കാര്യമല്ല. പെട്ടെന്ന് നോക്കുമ്പോള്‍ ഇവര്‍ ജീവിതത്തെ നിരാകരിക്കുന്നവരാണെന്ന് തോന്നാം. ആഘോഷങ്ങളിലും ഒത്തുചേരലിലും ഒരുപാടൊരുപാട് സന്തോഷം കണ്ടെത്തുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ടുതന്നെ നിരാകരണം എന്ന വാക്ക് നമ്മുടെ നിഘണ്ടുവില്‍ ഇല്ല. മിനിമലിസം ഒന്നിനെയും വേണ്ടെന്നുവയ്ക്കാന്‍ നിങ്ങളോട് പറയുന്നില്ല. മറിച്ച് പ്രകൃതിയെ ദ്രോഹിക്കാത്ത, അവനവന്റെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന, പണവും സമയവും നഷ്ടപ്പെടുത്താത്ത ഏറ്റവും എളുപ്പത്തിലുള്ള, പ്രായോഗികമായ ഒരു ജീവിതരീതിയാണ് മിനിമലിസം നിങ്ങള്‍ക്കു മുമ്പില്‍ വെച്ചുനീട്ടുന്നത്.
ഒരു ജീവിതരീതി എന്ന നിലയില്‍ മിനിമലിസത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന ആളുകള്‍, ചില മാറ്റങ്ങള്‍ക്ക് കൂടി തയ്യാറെടുക്കണം. ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടി നിറയ്ക്കുന്ന ഒരു ഇടമായി മാറിയിരിക്കുകയാണ് പലര്‍ക്കും വീട്. നമ്മള്‍ മലയാളികള്‍ക്ക് വീട് എന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ ആയി മാറിയത് എന്ന് മുതല്‍ക്കാണ്? 10 സെന്റ് ഭൂമിയില്‍ എട്ട് സെന്റിലും വീടുണ്ടാക്കി ബാക്കി രണ്ടു സെന്റ് കോണ്‍ക്രീറ്റ് ചെയ്ത് വെടിപ്പാക്കുന്ന നമ്മുടെ രീതിയെ പ്രകൃതി ഇടംകാലുകൊണ്ട് ചവിട്ടിത്തുടങ്ങി. ഒരോ പ്രളയകാലത്തും എന്തെല്ലാം ഓര്‍മ്മപ്പെടുത്തലുകളാണ് ഭൂമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രണ്ട് സ്വീകരണമുറികളും രണ്ട് അടുക്കളകളും ഉള്ള വീടാണ് ഇടത്തരക്കാരും, താണ ഇടത്തരക്കാരും വരെ ഉണ്ടാക്കുന്നത്. വന്‍തുക ബാങ്ക് വായ്പ എടുത്തോ അല്ലാതെയോ ഉണ്ടാക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ക്കകത്ത് വാങ്ങി നിറയ്ക്കുന്ന സാധനങ്ങളില്‍ എത്രയെണ്ണം നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടെന്ന് കണ്ടെത്തുക?. അതാണ് മിനിമലിസത്തിലേക്കുള്ള ആദ്യപടി. രണ്ടാമത്തെ പടി, ഡി ക്ലട്ടറിംഗാണ്. ഇതിന് ഓരോരുത്തര്‍ക്കും അവരുടെതായ വഴികളുണ്ട്.
മാരി കോന്റോയുടെ ഡി ക്ലട്ടറിംഗ് ടെക്‌നിക്‌സ്
മാരി കോന്റോ എന്ന ജപ്പാന്‍കാരിയുടെ ഡി ക്ലട്ടറിംഗ് ടെക്‌നിക്‌സ് ഏതാണ്ട് ലോകം മുഴുവന്‍ ഏറ്റെടുത്ത മട്ടാണ്. അവര്‍ ഒരു പ്രഖ്യാപിത മിനിമലിസ്റ്റല്ലെങ്കില്‍ പോലും. വൃത്തിയാക്കല്‍ ഒരു ബാഹ്യമായ ഏര്‍പ്പാടായി മാത്രം കരുതരുതെന്ന് മാരി. നമുക്ക് സന്തോഷം തരാത്ത ഒന്നും വീട്ടില്‍ സൂക്ഷിക്കരുതെന്ന് അവര്‍.

ഉദാഹരണത്തിന് റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ പറ്റാത്തതായ വസ്തുക്കള്‍, ധരിക്കാന്‍ ബുദ്ധിമുട്ടുള്ളതും ഔട്ട് ഓഫ് ഫാഷനുമായ വസ്ത്രങ്ങള്‍, ഒരു വര്‍ഷമായി നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, അങ്ങിനെ തുടങ്ങി ആര്‍ട്ട് ഓഫ് ഡിസ്‌കാര്‍ഡിoഗിനെ കുറിച്ച് മാരി വിശദമായി പറയുന്നു. ദിവസം ഒന്ന് എന്ന കണക്കില്‍ വേണ്ടാത്ത ഒരു വസ്തു ഉപേക്ഷിച്ചാല്‍ ഒരു കൊല്ലം കൊണ്ട് 365 വസ്തുക്കള്‍ ഉപേക്ഷിക്കാവുന്ന തേയുള്ളു. പ്രത്യക്ഷത്തില്‍ വൃത്തിയാക്കല്‍ എന്നത് ഒരു ശാരീരിക പ്രവൃത്തി മാത്രമാണെങ്കിലും, അത് പൂര്‍ണമനസ്സാലേ ചെയ്യേണ്ട കര്‍മ്മം ആണെന്നും, അതുവഴി ഉണ്ടാകുന്ന മാറ്റങ്ങള്‍ ചില്ലറയല്ല എന്നും മാരി കോന്റോ തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി. ഒരിക്കലും ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍, വായിക്കാത്ത പുസ്തകങ്ങള്‍ എന്നിവ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ് എന്ന് മാരി.
ഉപയോഗശൂന്യമായതും, കാലഹരണപ്പെട്ടതും ആയ വസ്തുക്കള്‍ ഉപേക്ഷിക്കുന്ന അത്ര എളുപ്പമല്ല, സന്തോഷം തരാത്ത വസ്തുക്കള്‍ തിരഞ്ഞെടുത്ത കളയുന്നത്. തന്റെ സ്വന്തം അനുഭവം മാരി പറയുന്നത് നോക്കുക; ‘സന്തോഷം തരാത്ത വസ്തുക്കള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയ കാലത്ത് ഏറ്റവും ചുരുങ്ങിയത്, സാധനങ്ങള്‍ അടങ്ങിയ 15 ബാഗുകള്‍ ഓരോ മാസവും എന്റെ വീടിന്റെ പുറത്തേക്ക് പോയി തുടങ്ങി. ഒരേ കാറ്റഗറിയില്‍ പെട്ട സാധനങ്ങള്‍ തെരഞ്ഞെടുത്ത് ഒരുമിച്ച് ഒഴിവാക്കുന്ന രീതിയാണ് മാരിയുടേത്.
ഉദാഹരണമായി, ഇലക്ട്രോണിക് സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍ പാത്രങ്ങള്‍ മുതലായവ. വൈകാരികമായി ബന്ധമുള്ള വസ്തുക്കള്‍ ഏറ്റവും അവസാനം ഒഴിവാക്കുന്നതാണ് നല്ലത്. അത്തരത്തിലുള്ള വസ്തുക്കളില്‍ പലതും നമ്മുടെ ഭൂതകാലവുമായി വല്ലാതെ ബന്ധപ്പെട്ട് കിടക്കുന്നു. അവ നല്ലതും ചീത്തയുമായ ഓര്‍മകളെ നമ്മുടെ വര്‍ത്തമാനകാല ജീവിതത്തിലേക്ക് കൊണ്ടുവരുന്നു.
ഇത്തരം വസ്തുക്കളിലൂടെ പലതവണ മനസ്സും കണ്ണും വായിച്ചശേഷം ആവശ്യമുള്ളത് മാത്രം മാറ്റിവയ്ക്കുക.
കണ്‍സ്യൂമര്‍ ജീവിയായ ഒരു ശരാശരി മനുഷ്യന്‍ തന്റെ ആവശ്യങ്ങളേക്കാള്‍ മുന്‍തൂക്കം കൊടുക്കുന്നത് മറ്റുള്ളവരുടെ നോട്ടത്തിനാണ്. വലിയ വീട്, ആധുനികമുഖമുള്ള കാര്‍ തുടങ്ങിയവ സമൂഹത്തില്‍ തനിക്ക് മെച്ചപ്പെട്ട സ്ഥാനം നല്‍കും എന്നൊരു തെറ്റായ വിശ്വാസം ലോകത്തിലെ വലിയൊരു ശതമാനം ആളുകള്‍ക്കുമുണ്ട്. മലയാളികള്‍ക്കാകട്ടെ ഈ തോന്നല്‍ മറ്റു ജനസമൂഹങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. നമ്മള്‍ ജീവിത വിജയം അളക്കുന്നത് പലപ്പോഴും ഒരാള്‍ ഭൗതികമായി നേടിയതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണല്ലോ?
Sheena Hiren Dath
19 Aug 2020, 02:40 PM
Frugal Life ആണ് മിനിമലിസത്തിന്റെ basic property. എന്തെന്നാൽ ഒരു step by step cutting ഓഫ് on each thing . For eg . ഞാൻ ഒരു വർഷം 4-5 വാച്ച് /20-25 dress / 6-8 vallets അങ്ങനെ പലതും അനാവശ്യമായി വാങ്ങി കൂട്ടിയിരുന്ന ആളാണ് . ഓരോ പുർച്ചെസിലും 50% cut off ചെയ്തു തുടങ്ങി 3 വർഷത്തിനിടയിൽ ഞാൻ ഒരു വാച്ച് പോലും വാങ്ങിയില്ല അങ്ങനെ ഓരോ സാധനത്തിലും കട്ട് ഓഫ് apply ചെയ്തു . ഇപ്പോൾ എന്ത് ചെയ്യുമ്പോഴും ഇത് അത്യാവശ്യമോ , ഇതില്ലാതെ ഒരാഴ്ചയെങ്കിലും ജീവിക്കാൻ സാധിക്കുമോ എന്ന് രണ്ടു പ്രാവശ്യം സ്വയം ചോദിക്കും , അതിലൂടെ ഒഴിച്ചുകൂടാനാവാത്തവ മാത്രം തിരഞ്ഞെടുക്കാൻ ശീലിച്ചു . ഇപ്പോൾ ഏത് അവസ്ഥയിലും ജീവിക്കാമെന്നുള്ള അവസ്ഥയിലേക്ക് ഏതാണ്ട് 70% എത്തിക്കഴിഞ്ഞു . Its an amazing concept .
ബിന്ദു റ്റി എസ്
18 Aug 2020, 06:35 PM
മിനമലിസം എന്ന മാനസികാവസ്ഥ ഭൂരിപക്ഷത്തിനും ഉണ്ടാക്കിയെടുക്കാൻ കഴിയില്ല.അനാവശ്യമായ ധൂർത്ത് കർശനനിയമം വഴി തടയണം..അത്രേയുള്ളു
Anie Thomas
18 Aug 2020, 02:51 PM
നല്ല ചിന്തകളാണ്. ഇഷ്ടപ്പെട്ടു., Sustainable living എന്നൊരു വാക്ക് കൂടി ഉപയോഗിക്കാമോ എന്ന് തോന്നുന്നു.. ജീവിതത്തെ നിലനിർത്താൻ ആവശ്യമുള്ളത് മാത്രം മതി എന്ന ചിന്ത.. നിറയെ കതിർ മണികളുള്ള പാടത്ത് നിന്നും തങ്ങൾക്ക് ആവശ്യത്തിനുള്ളത് മാത്രം കൊത്തിയെടുത്ത് പറന്നു പോകുന്ന വയൽക്കിളികൾ.അവർ റേഷൻ കാർഡോ,സഞ്ചിയോ ഒന്നും കരുതിയല്ലല്ലോ പാടത്ത് വന്നത് എന്ന തമാശ കലർന്ന വരികൾ ബോബി ജോസ് അച്ചൻ്റെ ഹ്യദയവയൽ എന്ന പുസ്തകത്തിലാണ് വായിച്ചത് എന്ന് തോന്നുന്നു..There is enough for everyone's need,not for everyone's greed.. എന്ന ഗാന്ധി സൂക്തം പ്രസക്തമാണ്.,
Shyju Rain
18 Aug 2020, 11:26 AM
മിനിമലിസം ഇവിടെയും വേരുകളുണ്ടെന്നത് ആഹ്ളാദം തരുന്ന കാര്യമാണ്. മിനിമം ഉപയോഗിക്കാന്‍ കുഞ്ഞുകാര്യങ്ങളില്‍ ഇത്തിരി മാത്രം ഉപയോഗിക്കുന്നതില്‍ കൗതുകമുള്ള സൗന്ദര്യം കണ്ടെത്താന്‍ പാകപ്പെടണം. ആ രീതിയില്‍ അറിയപ്പെടുന്ന മിനിമലിസ്റ്റായിരുന്നു സ്റ്ററീവ് ജോബ്സ്.
Dr. ശ്രീലത രെജീവ്
17 Aug 2020, 07:19 PM
രാധിക അസ്സലായി എഴുതി.... മിനിമലിസം നമ്മൾക്ക് വേണ്ടത് മാത്രം എടുത്തു അതിൽ സന്തോഷം കണ്ടെത്തൽ തന്നെയാണ്... എനിക്ക് സന്തോഷം തരാത്തത് ഞാൻ ഉപേക്ഷിക്കും...... എനിക്ക് സന്തോഷം തരുന്നത് ഇത്തിരിയായാലും സൂക്ഷിച്ചു ഉപയോഗിക്കും..... കളയാതെ... രാധിക ഇഷ്ടം i❤️
Truecopy Webzine
Jun 20, 2022
8 minutes read
കെ. സജിമോൻ
Feb 08, 2022
8 minutes read
പി. എസ്. റഫീഖ്
Jan 06, 2022
4 minutes read
Arun
30 May 2021, 09:35 PM
Being a brave monk means ..... I even abandoned myself.