ഇന്ത്യൻ ജനാധിപത്യത്തിന് ‘ആർ.ഐ.പി’ പറയാനുള്ള സമയം അടുത്തു

‘‘ഇന്നലെ സ്പീക്കറുടെ ചേംബറിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അനൗപചാരിക യോഗം നടന്നതായി റിപ്പോർട്ടുണ്ട്. ഉന്നത തലത്തിൽതീരുമാനിക്കപ്പെട്ട അയോഗ്യവൽക്കരണമാണിത്​ എന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​.’- ജോൺ ബ്രിട്ടാസ്​ എം.പി സംസാരിക്കുന്നു.

പാർലമെന്ററി ജനാധിപത്യമെന്നത് ഇന്നത്തെ ബി.ജെപി ഗവൺമെന്റിന് തീരെ സുഖകരമല്ലാത്ത സംവിധാനമാണ്. അതുകൊണ്ടുതന്നെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായ ഒരു എം.പിക്ക് അയോഗ്യത കൽപ്പിക്കാൻ പ്രകാശ വേഗത്തിൽ സർക്കാർ മുന്നോട്ടുപോയതിൽ എനിക്ക് വലിയ അത്ഭുതമില്ല. പാർലമെന്ററി സമ്പ്രദായത്തോടുതന്നെ അവർ പുറംതിരിഞ്ഞുനിൽക്കുകയാണ്. നരേന്ദ്രമോദിക്കെതിരെ പോസ്റ്റിട്ടാലും പോസ്റ്ററൊട്ടിച്ചാലും കേസാണ്. ഇതൊക്കെ തന്നെയാണ് ഹിറ്റ്​ലറുടെ നാസി ജർമനിയിലും മുസ്സോളിനിയുടെ ഇറ്റലിയുമൊക്കെ ഉണ്ടായിരുന്നത്. അതേ രീതിയിലേക്കുതന്നെയാണ് ഇന്ത്യയും പോകുന്നത്.

1989ൽ എല്ലാ തെരുവുകളിലും രാജീവ്​ ഗാന്ധിക്കെതിരെ ഇത്തരം മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നതായി ഞാനോർക്കുന്നു. പക്ഷേ, അതിനൊന്നും ആരെയും പിടിച്ച് ജയിലിലിടാൻ അന്നത്തെ സർക്കാർ ശ്രമിച്ചിട്ടില്ല. ഇവർക്ക് എന്തും ആകാം എന്ന സ്ഥിതിയാണ്. ഒരു സമുദായത്തെ അപകീർത്തിപ്പെടുത്താൻ, എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, പക്ഷെ, എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ് എന്ന മുദ്രാവാക്യം മുഴക്കിയത് ഇവരാണ്. ഒരു വ്യക്തിയെയോ ജാതിയെയോ അല്ല, ഒരു വലിയ സമുദായത്തെയാണ് ഇതിലൂടെ അവർ അപകീർത്തിപ്പെടുത്തിയത്.

നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ സംവിധാനവും ഇൻസ്റ്റിറ്റ്യൂഷനുകളുമാക്കെ ഫാഷിസത്തിലേക് പോകുന്നു എന്നതിന്റെ സൂചനയാണിത്. രാഹുൽഗാന്ധിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്താൻ വേണ്ടി കോടതിയിലേക്കുവരുമ്പോൾ, അതിനൊത്തവണ്ണം, അതുമായി ബന്ധപ്പെട്ട് നീതിന്യായ സംവിധാനത്തിൽനിന്ന്​​ നടപടികളുണ്ടാകുന്നു എന്നത്​ സംശയകരമാണ്​. ഇന്നലെ സ്പീക്കറുടെ ചേംബറിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അനൗപചാരിക യോഗം നടന്നതായി റിപ്പോർട്ടുണ്ട്. ഉന്നത തലത്തിൽതീരുമാനിക്കപ്പെട്ട അയോഗ്യവൽക്കരണമാണിത്​ എന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. എതിർപ്പ്, ജനാധിപത്യം, പാർലമെൻറ്​, പ്രതിപക്ഷം, പ്രതിരോധം എന്നീ സംജ്ഞകളോടുള്ള ഒരു ഭരണാധികാരിയുടെ സമീപനം കൂടിയാണ്​ ഈ നടപടികളിൽ പ്രതിഫലിക്കുന്നത്​.

ഇന്ത്യൻ ജനാധിപത്യത്തിന് ഒരു ആർ.ഐ.പി (റെസ്​റ്റ്​ ഇൻ പീസ്​) പറയാനുള്ള സമയം അടുത്തുകൊണ്ടിരിക്കുകയാണ്.

Comments