മതാധിഷ്​ഠിത അധികാരബോധത്തിനെതിരെ ഒരു രാഹുൽ പ്രതി​രോധം

കോൺഗ്രസ്സും സമാനവീക്ഷണക്കാരായ രാഷ്ട്രീയ കക്ഷികളും - അവ പ്രാദേശികമാവട്ടെ, ദേശീയമാവട്ടെ, ശക്തരാവട്ടെ, ക്ഷീണിതരാവട്ടെ - മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യവീക്ഷണത്തിന് (അതെത്ര ദുർബലമായാലും) പകരം വയ്ക്കാവുന്നതല്ല, ഇന്ന് ഇന്ത്യയിൽ നിലവിലുള്ള മതാധിഷ്ടിത അധികാരബോധം.

"ഭാരത് ജോഡോ' യാത്ര സമീപകാല ഭാരത പൊതുജീവിതത്തിലെ ഏറ്റവും അർഥപൂർണമായ രാഷ്ട്രീയ ചിഹ്നമായി മാറുന്നത് എങ്ങനെയാണ്? മതചിന്തയിൽ ഉന്മത്തമായ ഇന്നത്തെ അധികാരഘടനയ്ക്കെതിരെ സാർത്ഥകമായ ഒരു പ്രതിരോധം ആദ്യമായി ഉണ്ടാകുന്നത് ഈ യാത്രയ്ക്ക് ശേഷമാകുന്നതുകൊണ്ടാവാം അങ്ങനെ. സ്വജനപ്രീണനവും അഴിമതികളും കൊണ്ട് നിൽക്കുന്ന ഭൂമി വിറച്ചു തുടങ്ങിയെന്നതും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം യാത്രയ്ക്ക് മുൻപും പിൻപും എന്ന് വേർതിരിക്കാവുന്ന വിധം പരിണമിക്കുകയും ചെയ്തുവെന്നതും അതിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുമുണ്ട്.

ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്രീയ ബോധത്തിന് തുല്യത സഹിക്കാനാവുന്ന കാര്യമല്ല. ഹിറ്റ്‌‌‌‌ലറും ജനറൽ ഫ്രാങ്കോയും കഥാപാത്രങ്ങളാകുന്ന ഒരു തമാശ കഥയുണ്ട്. രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭത്തിൽ, 1940 ൽ, ഈ രണ്ട് ഏകാധിപതികളും തമ്മിൽ ഒരു കൂടിക്കാഴ്ച നടന്നിരുന്നു. അച്ചുതണ്ട് ശക്തികൾക്ക് ഫ്രാങ്കോയുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു ആ കൂടിക്കാഴ്ചയെങ്കിലും സ്പാനിഷ് ജനറലിന്റെ അഹന്തയും അത്യാഗ്രഹവും മൂലം അതൊരു പരാജയമായി. ആ കാഴ്ചക്കുശേഷം ഹിറ്റ്‌‌‌‌ലർ പറഞ്ഞുവത്രെ, ഫ്രാങ്കോയുമായി സംസാരിക്കുന്നതിനേക്കാൾ നല്ലത്, സ്വന്തം പല്ല് പിഴുതെടുക്കുന്നതാണെന്ന്. തനിക്കൊപ്പമോ തനിക്കുമേലേയോ ആരേയും വച്ചുപൊറിപ്പിക്കുവാൻ സ്വേച്ഛാധിപത്യ ചിന്തകൾക്കാവില്ലെന്നതിന്റെ പ്രതിഫലനമായിരുന്നു ഹിറ്റ്‌ലറുടെ വാക്കുകൾ. അതിന്റെ മറ്റൊരു പ്രതിഫലനമാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധിയ്ക്ക് പുറകെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്​സഭാ സെക്രട്ടേറിയറ്റിന്റെ ധൃതി പിടിച്ച ഉത്തരവ്.

കോൺഗ്രസും സമാനവീക്ഷണക്കാരായ രാഷ്ട്രീയ കക്ഷികളും - അവ പ്രാദേശികമാവട്ടെ, ദേശീയമാവട്ടെ, ശക്തരാവട്ടെ, ക്ഷീണിതരാവട്ടെ - മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യവീക്ഷണത്തിന് (അതെത്ര ദുർബലമായാലും) പകരം വയ്ക്കാവുന്നതല്ല, ഇന്ന് ഇന്ത്യയിൽ നിലവിലുള്ള മതാധിഷ്​ഠിത അധികാരബോധം.

ഓർത്തുനോക്കൂ, രണ്ടാം ലോകയുദ്ധകാലത്തെ ലോകം ആൽഫ മെയ്‌ലുകളുടേതായിരുന്നു. ട്രൂമാൻ, ചർച്ചിൽ, സ്റ്റാലിൻ, ഡി ഗോൾ, ഹിറ്റ്‌ലർ, മുസോലിനി, ടോജോ, ഫ്രാങ്കോ... ആ നിര വിഷലിപ്തമായ ആണധികാരത്തിന്റെ, ടോക്സിക് മാസ്ക്കുലൈനിറ്റിയുടെ, പൊതു പ്രദർശനമായിരുന്നു. ഇതിൽ ആദ്യം വരുന്ന രണ്ട് പേരുകളൊഴികെ, മറ്റെല്ലാവരും പട്ടാളവുമായി ബന്ധപ്പെട്ടവരും. ഈ അവസ്ഥയുടെ ബാക്കിപത്രമായിരുന്നു രണ്ടാം ലോകയുദ്ധം. ഇന്നത്തെ കാലഘട്ടവും സമാനമായ ഒരു കാഴ്ച തരുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വരും, ട്രംപ്, ബോറിസ് ജോൺസൺ, ബൊൾസണാരോ, പുട്ടിൻ, ഷി ജിൻ പെങ്, ഡ്യൂടെർട്ടെ, മോദി, തുടങ്ങിയവർ അടങ്ങിയ ലോകനേതൃനിര കാണുമ്പോൾ. എങ്കിലും പ്രകൃതിയുടെ സമതുലനപ്രക്രിയയിൽ, ബാലൻസിങ്ങ് മെക്കാനിസത്തിൽ, നമ്മൾ വിശ്വസിച്ചേ പറ്റൂ. രണ്ടാമത്തെ പട്ടികയിലെ ആദ്യ മൂന്നുപേരുകാരും അപമാനകരമായ രീതിയിൽ കളമൊഴിയേണ്ടിവന്നു എന്നത് സമാധാനം തരുന്നുണ്ട്.

ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി നാമെല്ലാം ഉറ്റുനോക്കിയിരിക്കുന്നത് അതിലേക്കാണ്.

Comments