വിവാഹപ്രായം 21: സ്​ത്രീവിരുദ്ധതയിലേക്ക്​ ഒരു കുറുക്കുവഴി

ഇന്ത്യയിൽ പതിനെട്ടു വയസാണ് ഒരു വ്യക്തിയ്ക്ക് നിയമപരമായി പ്രായപൂർത്തി ആകുന്ന പ്രായം. അതോടുകൂടി എല്ലാ തരത്തിലുള്ള നിയമപരമായ കോൺട്രാക്ടുകളുടെയും ഭാഗമാകാൻ കഴിയും. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഭാഗഭാക്കാകാനാവും. എന്നിട്ടും സ്വന്തം ജീവിതത്തിലെ ഒരു കാര്യത്തിൽ, വിവാഹ കാര്യത്തിൽ, തീരുമാനമെടുക്കാൻ അവർക്ക് കഴിയില്ല എന്ന് വരുന്നതിൽ യാതൊരു യുക്തിയുമില്ല.

തൊരു നിയമനിർമ്മാണത്തിനുപിന്നിലും ഒരു ലക്ഷ്യമുണ്ടാകണം. ആ നിയമം കൊണ്ട് നിറവേറ്റപ്പെടുന്ന ഒരു കടമയുണ്ടാകണം. അത് ഭരണഘടനാ ധാർമികതയിലൂന്നിയ ജനാധിപത്യ ലോകവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഈയൊരു പ്രാഥമിക ബോധ്യത്തോടെ സമീപിച്ചാൽ, രാജ്യത്തെ യുവതികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയ കേന്ദ്ര കാബിനറ്റ്​ നിർദ്ദേശം എത്രമാത്രം അർത്ഥശൂന്യമാണെന്നു മനസ്സിലാക്കാനാകും. സമതാ പാർട്ടി നേതാവ് ജയാ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് ആണ് ഗവൺമെന്റിന് ഇത്തരമൊരു നിർദ്ദേശം സമർപ്പിച്ചത്. നിതി ആയോഗിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരാണ് കമ്മറ്റിയിലെ മറ്റംഗങ്ങൾ.

പ്രസവത്തോടുകൂടി മരണപ്പെടുന്ന അമ്മമാരുടെ എണ്ണം കുറക്കുക, ആരോഗ്യകരമായ പ്രസവം ഉറപ്പുവരുത്തുക, പോഷകഹാരക്കുറവുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുക, തുടങ്ങിയവയാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഓർമ വരുന്നത് 2016-ൽ നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോൾ ഗവണ്മെൻറ്​ പറഞ്ഞ കാര്യങ്ങളാണ്. അതേ മാതൃകയിൽ തന്നെ ഇക്കാര്യത്തിലും പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് നടപ്പിലാക്കുന്ന നയവുമായി ഇവിടെയും യാതൊരു ബന്ധവുമില്ല എന്നു കാണാം.

ലോകത്ത് മാതൃമരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ മണിക്കൂറിലും 5 സ്ത്രീകളാണ് പ്രസവസംബന്ധമായ സങ്കീർണതകൾ മൂലം മരിക്കുന്നത്. 2006-ൽ 130 ആയിരുന്ന മാതൃമരണനിരക്ക് 2019 ആകുമ്പോഴേക്കും 113 ആയി കുറഞ്ഞുവെങ്കിലും ഇപ്പോഴും വർഷാവർഷം 26,437 സ്ത്രീകളുടെ ജീവനാണ് നഷ്ടമാകുന്നത്. വിവാഹപ്രായം പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്നാക്കി ഉയർത്തിയാൽ ദുഃഖകരമായ ഈ സാഹചര്യത്തിന് പരിഹാരമാകുമോ എന്നു പരിശോധിക്കാം.

മാതൃമരണങ്ങളിൽ എഴുപത്തഞ്ചു ശതമാനത്തിനും കാരണം പ്രസവസമയത്തുള്ള രക്തസ്രാവമോ, അണുബാധയോ, ഉയർന്ന രക്തസമ്മർദ്ദമോ ആണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുണ്ട്. ഇതിൽ തന്നെ രക്തസ്രാവമാണ് മുഖ്യകാരണം. ഇതിനു കാരണം അനീമിയയും പോഷക ആഹാരക്കുറവും അടിയന്തര വൈദ്യസൗകര്യങ്ങളുടെ അഭാവവും പ്രസവസമയത്ത് വൈദഗ്ധ്യം നേടിയ ജീവനക്കാരുടെ സേവനം ലഭ്യമാക്കാത്തതും ഒക്കെയാണ്, അല്ലാതെ 18-നും 21-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ പ്രസവിക്കുന്നതല്ല.

ഇന്ത്യയിലെ മാതൃമരണ നിരക്കിനെ സംബന്ധിച്ച പട്ടിക (2016 വരെയുള്ള കണക്കുകൾ) / Photo: WIkimedia Commons

"ദി മില്യൻ ഡെത്ത് കൊറോബറേറ്റേഴ്സ്' 2014-ൽ നടത്തിയ പഠനപ്രകാരം ഇന്ത്യയിൽ നടക്കുന്ന മാതൃമരണങ്ങളുടെ പകുതിയും സംഭവിക്കുന്നത് ഇരുപതിനും ഇരുപത്തിയൊൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ്. ഇതിൽ പതിനെട്ടു വയസിൽ താഴെയുള്ളവർ ആറു ശതമാനം മാത്രമേ വരുന്നുള്ളൂ. എന്നാൽ വളരെ പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങൾ ഈ പഠനത്തിന്റെ ഭാഗമായി വരുന്നുണ്ട്.

മരണങ്ങളിൽ നാലിൽ മൂന്നും സംഭവിക്കുന്നത് രാജ്യത്തെ ദരിദ്ര സംസ്ഥാനങ്ങളിലാണ്. അക്ഷരാഭ്യാസമില്ലാത്ത വിഭാഗങ്ങൾക്കിടയിൽ നിന്നാണ് ഗ്രാമപ്രദേശങ്ങളിലെ മരണങ്ങളിൽ 72.30 ശതമാനവും. നഗരമേഖലയിൽ ഇത് 46.10 ശതമാനമാണ്. ആകെ മരണങ്ങളിൽ 49.70 ശതമാനവും വീടുകളിൽ വച്ചാണ് സംഭവിച്ചത്. 13 ശതമാനം മരണം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു. 25 ശതമാനം പേർക്കും യാതൊരു തരത്തിലുമുള്ള വൈദ്യസഹായവും ലഭിച്ചില്ല. 37.60 ശതമാനം പേർക്കും പ്രസവസംബന്ധിയായ സങ്കീർണതകൾ ഉടലെടുത്ത ഘട്ടത്തിൽ ചികിത്സ ലഭ്യമായിട്ടില്ല. അതിനർത്ഥം പ്രസവസമയത്ത് മരണം സംഭവിക്കുന്നതിനുള്ള പ്രധാനകാരണം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയാണ് എന്നതാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കണക്കു പരിശോധിച്ചാൽ മാനവവികസന സൂചികയിൽ പിന്നോക്കം നിൽക്കുന്ന ആസാം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മാതൃമരണ നിരക്ക് ഏറ്റവും കൂടുതൽ. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് വളരെ കുറവാണെന്നും കാണാം.

ലോകരോഗ്യസംഘടനയും ഉയർത്തിക്കാണിക്കുന്നത് ഇതേ കാര്യമാണ്. മാതൃമരണങ്ങളിൽ 94 ശതമാനവും ഉണ്ടാകുന്നത് വിഭവങ്ങളുടെ അപര്യാപ്തതയുള്ള മേഖലകളിലാണ് എന്നാണ് കണക്ക്. ദാരിദ്ര്യം, ആരോഗ്യ സംവിധാനങ്ങളിലേക്കുള്ള ദൂരം, അപര്യാപ്തത, സാംസ്‌കാരികവും വിശ്വാസപരവുമായ ചില മാമൂലുകൾ എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടന അക്കമിട്ടു നിരത്തുന്ന കാരണങ്ങൾ. വിവാഹപ്രായത്തിന്റെ കാര്യത്തിൽ പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള ഗർഭിണികളിൽ മരണസാധ്യത കൂടുതലാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ള ഗർഭിണികൾ ഏതെങ്കിലും തരത്തിൽ പ്രത്യേക അപകടസാധ്യതയുള്ള വിഭാഗമാണ് എന്ന പരാമർശം എവിടെയുമില്ല. ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും മാനദണ്ഡങ്ങൾ അനുസരിച്ച് പതിനെട്ടു വയസിൽ താഴെ പ്രായമുള്ള വിവാഹങ്ങളാണ് ശൈശവ വിവാഹമായി കണക്കാക്കുന്നത്. ആഗോളതലത്തിൽ, വികസിത ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ വിവാഹപ്രായം പതിനെട്ടായാണ് നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാഹപ്രായം പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്ന് ആക്കി ഉയർത്തുന്നത് മാതൃമരണ നിരക്ക് കുറക്കുവാനാണ് എന്ന വാദം യുക്തിസഹമല്ല.

എന്നാൽ, ഇതുകൊണ്ട് വലിയ ദോഷമുണ്ടാകുകയും ചെയ്യും. കാരണം ഈ നിയമഭേദഗതി ഇരുപത്തിയൊന്ന് വയസിൽ താഴെയുള്ള വിവാഹങ്ങളെ ക്രിമിനൽവത്കരിക്കും. അതോടെ പ്രസവവുമായി ബന്ധപ്പെട്ട വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളിൽ നിന്നും ഇവർ പുറത്താവുന്ന സാഹചര്യം ഉണ്ടായേക്കാം. ഇന്ന് ലോകത്ത് ആകെ നടക്കുന്ന ശൈശവ വിവാഹങ്ങളിൽ നാൽപ്പതു ശതമാനവും നമ്മുടെ രാജ്യത്താണ്. 2003-ൽ ഇത് ആകെ നടക്കുന്ന വിവാഹങ്ങളുടെ നാൽപ്പത്തിയേഴ് ശതമാനമായിരുന്നുവെങ്കിൽ 2019-ൽ അത് ഇരുപത്തിമൂന്ന് ശതമാനമായി കുറഞ്ഞു. വിവിധ സാമൂഹ്യ ക്ഷേമ/സ്ത്രീശാക്തീകരണ പദ്ധതികളും വിദ്യാഭ്യാസത്തിന്റെ വ്യാപനവുമാണ് ഇത്തരത്തിൽ ഒരു മാറ്റം സാധ്യമാക്കിയത്. എന്നിരുന്നാലും ഇന്ത്യയിലെ ശൈശവ വിവാഹങ്ങളുടെ തോത് ഒട്ടും ആശ്വാസ്യമായ തരത്തിലല്ല. ഇതിൽ ഏറിയ പങ്കും നടക്കുന്നത് ദരിദ്ര-ഗ്രാമീണ മേഖലകളിലാണ്. നിയമം മൂലം വിവാഹപ്രായം ഉയർത്തിയതുകൊണ്ട് ഈ സാഹചര്യം മാറാൻ പോകുന്നില്ല. നമ്മൾ സംസാരിക്കുന്നത് പതിനെട്ടു വയസിൽ താഴെ പ്രായമുള്ള സ്ത്രീകളുടെ വിവാഹങ്ങൾ ശൈശവ വിവാഹമായി കണക്കാക്കിക്കൊണ്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാൽ വിവാഹപ്രായം ഇരുപത്തിയൊന്ന് ആക്കുന്നതോടെ ശൈശവ വിവാഹങ്ങളുടെ എണ്ണം വീണ്ടും വർദ്ധിക്കുകയും, കൂടുതൽ കല്യാണങ്ങൾ ഗോപ്യമായി വക്കേണ്ടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അല്ലെങ്കിൽ അത് ക്രിമിനൽ കുറ്റമായി മാറും. ഇത് കൂടുതൽ അന്യവത്കരണത്തിലേക്കും അവശതകളിലേക്കുമായിരിക്കും അവരെ നയിക്കുക. മാതൃമരണ നിരക്ക് കുറയ്ക്കാൻ ആവശ്യമായ, പോഷകാഹാരം, ചികിത്സാ സൗകര്യങ്ങൾ, സാമൂഹ്യസുരക്ഷ, നിയമപരിരക്ഷ തുടങ്ങിയ എല്ലാ മേഖലകളിലും പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പുറന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും. അതോടെ 2019-20 വരെ നാം ഈ മേഖലയിൽ ആർജ്ജിച്ച പുരോഗതി ഇല്ലാതാകുകയും ചെയ്യും.

മറ്റൊരു വാദം വിവാഹപ്രായം വർദ്ധിപ്പിക്കുന്നത് സ്ത്രീ ശാക്തീകരണത്തിനു സഹായകമാകും എന്നതാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനും തൊഴിൽ അന്വേഷിക്കാനും കൂടുതൽ സാവകാശം നൽകുന്നതാണ് നിർദ്ദിഷ്ട ഭേദഗതി എന്നതാണ് കാരണം. എന്നാൽ വളരെ പരിമിതമായ ഒരു വിഭാഗത്തിന് മാത്രമേ ഈ ഗുണമുണ്ടാകൂ. കാരണം രാജ്യത്തെ ശൈശവവിവാഹങ്ങളിൽ സിംഹഭാഗവും നടക്കുന്നത് തുടർപഠനത്തിനോ ജോലി നോക്കാനോ സാധ്യതകൾ ഇല്ലാത്ത മേഖലകളിലും സാമൂഹിക വിഭാഗങ്ങളിലുമാണ്. ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ബാധകമാണെന്ന് കരുതരുത്. വിദ്യാഭ്യാസവും സാമൂഹിക പിന്നാക്കാവസ്ഥയും സാമ്പത്തിക സ്ഥിതിയും ഒക്കെയാണ് മാനദണ്ഡം. ഈ വിഭാഗങ്ങൾക്കിടയിൽ രണ്ടു വർഷങ്ങൾ കൂടി പെൺകുട്ടികളെ ഒരു ഭാരമായി കണക്കാക്കുന്ന സാമൂഹിക ബോധം ബലപ്പെടുത്താൻ മാത്രമേ ഈ ഭേദഗതി ഉപകരിക്കൂ. പഠിക്കാനും തൊഴിലെടുക്കാനും സാധ്യതകളും അവസരങ്ങളും ഉള്ള ഇടങ്ങളിൽ ശരാശരി വിവാഹപ്രായം കൂടി വരികയും വധൂവരന്മാർ തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞു വരികയും ചെയ്യുന്നതായി കാണാം. ആഗോളതലത്തിൽ ഉള്ള അനുഭവങ്ങൾ ഇക്കാര്യം ശരിവയ്ക്കുന്നതാണ്. വികസിത ജനാധിപത്യ സമൂഹങ്ങളിൽ ശരാശരി വിവാഹപ്രായം ഉയർന്നതും പ്രായവ്യത്യാസം കുറവും ആണ്. അത്തരമൊരു മാറ്റത്തിനുള്ള അവസരങ്ങൾ ഒരുക്കാനുള്ള ബാധ്യത ഗവണ്മെന്റിനുണ്ട്. ക്ഷേമപദ്ധതികളിലും ഗ്രാമീണ മേഖലയിൽ ആസ്തിവികസനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും പണം മുടക്കേണ്ടതുണ്ട്. അതു ചെയ്യാതെ ഇത്തരത്തിലുള്ള ലൊടുക്കു വിദ്യകൾ കാണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക.

അനീമിയയും പോഷക ആഹാരക്കുറവും അടിയന്തര വൈദ്യസൗകര്യങ്ങളുടെ അഭാവവും പ്രസവസമയത്ത് വൈദഗ്ധ്യം നേടിയ ജീവനക്കാരുടെ സേവനം ലഭ്യമാക്കാത്തതും ഒക്കെയാണ് മാതൃമരണത്തിന്റെ മുഖ്യകാരണം, മറിച്ച് 18-നും 21-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ പ്രസവിക്കുന്നതല്ല. / Photo: un.org

ഇരുപത്തിയൊന്ന് വയസ്സുവരെ ഒരു സ്ത്രീയുടെ സ്വയം നിർണയാവകാശത്തെ പുരുഷാധിപത്യ/ജാത്യാധിപത്യ സാമൂഹിക വ്യവസ്ഥിതിയ്ക്ക് അടിയറവു വക്കുന്നതുകൂടിയാണ് പുതിയ പരിഷ്‌കരണ നിർദ്ദേശം. രണ്ടു മുതിർന്ന വ്യക്തികളുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയ്ക്കും ഒരുമിച്ചുള്ള ജീവിതത്തിനും ഒക്കെ ഇത് ഭീഷണിയാകും. ഇരുപത്തിയൊന്ന് വയസ്സുവരെ സ്ത്രീകൾക്ക് അവരുടെ ജീവിതത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കാൻ കഴിയില്ല എന്നുവരും. പതിനെട്ട് വയസു കഴിഞ്ഞവർക്കുള്ള ലൈംഗിക സ്വാതന്ത്ര്യം നഷ്ടമാകും എന്നു മാത്രമല്ല, "ലിവിംഗ് ടുഗെദർ' ബന്ധങ്ങളെയും ഇത് ക്രിമിനൽവത്കരിക്കും.

രാജ്യത്ത് നിലവിലുളള ശൈശവവിവാഹ നിരോധന നിയമ (പി.സി.എം.എ. ആക്ട്)-ത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശൈശവവിവാഹം നടത്തുന്നവരെ ശിക്ഷിക്കുന്നു എന്നതല്ല, വിവാഹത്തിൽ ഏർപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. നിയമത്തിന്റെ വകുപ്പ് 3(3) അനുസരിച്ച് ബാല്യത്തിലേ വിവാഹിതരായവർക്ക്, വിവാഹപ്രായമായി രണ്ടു വർഷത്തിനുള്ളിൽ ബന്ധം ഉപേക്ഷിച്ചു പിൻവാങ്ങാം. അതായത് പെൺകുട്ടികൾക്ക് 18 കഴിഞ്ഞ് 20 വയസ്സാകുന്നതിനുള്ളിൽ ആ ബന്ധത്തിൽ നിന്ന്​ പുറത്തുകടക്കണമെങ്കിൽ അങ്ങനെ ഒരു തീരുമാനത്തിലേക്കെത്താം. എന്നാലിനി 21 വയസ്സുവരെ അവൾ കാത്തിരിക്കണം.

പി.സി.എം.എ. നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയും 21 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും വിവാഹിതരായാൽ ആ വിവാഹം സാധുവാണ്, എന്നാൽ അസാധുവാക്കാൻ കഴിയുന്നതുമാണ്. ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ ചതിയോ ഉണ്ടെങ്കിൽ വിവാഹം അസാധുവാക്കാൻ കോടതിയ്ക്ക് കഴിയും; വിവാഹം നടത്തിക്കൊടുത്തവരെ ശിക്ഷിക്കാനും. എന്നാലും, പ്രായപൂർത്തിയാകാത്ത വധൂവരന്മാർ വിവാഹം നിലനിൽക്കണം എന്നു ആവശ്യപ്പെട്ടാൽ വിവാഹം സാധുവാണ് താനും. എതിർപ്പുകൾ മറികടന്ന് ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കുന്നവരുടെ വിവാഹം സംരക്ഷിക്കപ്പെടുന്നത് ഇങ്ങനെയാണ്.

ഇത്തരം കേസുകളിൽ പലപ്പോഴും പെൺകുട്ടിയുടെ വീട്ടുകാർ പി.സി.എം.എ. നിയമം കാമുകനെതിരെയുള്ള ആയുധമാക്കാറുണ്ട്. ഇനി അതിനുള്ള സാധ്യതയേറുകയാണ് ഉണ്ടാവുക. ഇനി മുതൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധം അനുവദനീയമായ പ്രായം 21 ആണെന്ന് വരികിൽ പോക്‌സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ഇതിനോട് ചേർത്ത് എപ്രകാരമായിരിക്കും പ്രയോഗിക്കപ്പെടുക എന്നു കണ്ടറിയണം. ഒപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോന്നോരോന്നായി പാസാക്കിക്കൊണ്ടിരിക്കുന്ന വിവിധ മത പരിവർത്തന നിരോധന നിയമങ്ങളും "ലൗ ജിഹാദ്' നിയമങ്ങളും കൂടി ചേരുമ്പോൾ പരമ്പരാഗത ജാതി-മത-ഗോത്ര സമവാക്യങ്ങൾക്കകത്ത് സ്ത്രീയെ തളച്ചിടാനുള്ള ഉപകരണം മാത്രമായി ഇതു മാറും.

സ്ത്രീകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതുകൂടിയാണ് ഈ ഭേദഗതി എന്നും വാദമുണ്ട്. സ്ത്രീക്ക് വിവാഹപ്രായം പതിനെട്ടും പുരുഷന് ഇരുപത്തിയൊന്നും ആകുന്നത് വിവേചനപരമാണ്. അത് മാറ്റി വിവാഹപ്രായം ഏകീകരിക്കുന്നത് ലിംഗസമത്വത്തെ പ്രതിഫലിപ്പിക്കും എന്ന വാദം ശരിയാണ്. അത് പക്ഷേ സ്ത്രീയുടെ വിവാഹപ്രായം കൂട്ടിയിട്ടല്ല, പുരുഷന്റെ പ്രായം കൂടി കുറച്ച്, പതിനെട്ട് ആക്കുകയായിരുന്നു വേണ്ടത്. കാരണം സ്ത്രീ ആദ്യം വളർച്ച പ്രാപിക്കുന്നു എന്നത് പ്രാകൃതമായ ഒരു വിശ്വാസമാണ്. അത് മാറ്റേണ്ട സമയം കഴിഞ്ഞു. എന്നാൽ ഇന്നത് മാറ്റുമ്പോൾ ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചു വേണം എന്നുമാത്രം.

ലോകത്ത് 158 രാജ്യങ്ങളിൽ പെണ്ണിന്റെ വിവാഹപ്രായം പതിനെട്ടാണ്. 180 രാജ്യങ്ങളിൽ ആണിനും പതിനെട്ട് തന്നെ. യൂറോപ്യൻ രാജ്യങ്ങളിലെല്ലാം തന്നെ ആണിനും പെണ്ണിനും 18 ആണ് വിവാഹപ്രായം. സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരത്തിലുള്ള വിവേചനവും അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര കൺവെൻഷൻ (CEDW) പറയുന്നതും വിവാഹപ്രായം ഇരുവർക്കും 18 വയസ്സ് പൂർത്തിയായിരിക്കണം എന്ന നിലയ്ക്കാണ്. 2018-ൽ NHRC കേസിൽ സുപ്രീംകോടതിയും വിവാഹപ്രായം ഏകീകരിക്കണം എന്ന് നിരീക്ഷിക്കുകയുണ്ടായി. 2008-ൽ ലോ കമ്മീഷന്റെ റിപ്പോർട്ടിലും ഇതേ പരാമർശമുണ്ട്. ലോ കമ്മീഷന്റെ നിർദ്ദേശവും പുരുഷന്മാരുടെ വിവാഹപ്രായവും പതിനെട്ടാക്കി നിശ്ചയിക്കണം എന്നതായിരുന്നു.

ഇന്ത്യയിൽ പതിനെട്ടു വയസാണ് ഒരു വ്യക്തിയ്ക്ക് നിയമപരമായി പ്രായപൂർത്തി ആകുന്ന പ്രായം. അതോടുകൂടി എല്ലാ തരത്തിലുള്ള നിയമപരമായ കോൺട്രാക്ടുകളുടെയും ഭാഗമാകാൻ കഴിയും. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഭാഗഭാക്കാകാനാവും. എന്നിട്ടും സ്വന്തം ജീവിതത്തിലെ ഒരു കാര്യത്തിൽ, വിവാഹ കാര്യത്തിൽ, തീരുമാനമെടുക്കാൻ അവർക്ക് കഴിയില്ല എന്ന് വരുന്നതിൽ യാതൊരു യുക്തിയുമില്ല. അഭിപ്രായം പ്രകടിപ്പിക്കാനും തിരഞ്ഞെടുക്കാനും ഉള്ള അവരുടെ അവകാശത്തെ നമുക്ക് മാനിക്കാതിരിക്കാനാവില്ല. അതാണ് അതിന്റെ ശരിയും.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments