കൊല്ലപ്പെട്ടയാളുടെ സ്റ്റാറ്റസ്, പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷയെ സ്വാധീനിക്കരുത് എന്നാണ് അടിസ്ഥാന തത്വം. എന്നാല്‍, ഇത് പതിവായി ലംഘിക്കപ്പെടുന്ന ഒരു തത്വം കൂടിയാണ്. രാജ്യത്തിന്റെ "പൊതുമനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍' എന്നതുപോലും, വധശിക്ഷ വിധിക്കാനുള്ള കാരണമായി ജുഡീഷ്യറി വിശദീകരിച്ചിട്ടുണ്ട് എന്ന് ഓര്‍ക്കുക. ഇന്ത്യയുടെ മൂല്യത്തിനും സത്തക്കും ചേര്‍ന്ന ഒന്നല്ല ഈ വിധിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറയുന്നത്, ഈ "പൊതുമനഃസാക്ഷി തത്വം' വച്ചുകൊണ്ടാണ്. ഇത്തരം വൈകാരികതകളല്ല നീതിയുടെ അടിസ്ഥാനമാകേണ്ടത്.
11 Nov 2022, 07:44 PM
രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറുപേരെ കൂടി ജയില്‍ മോചിതരാക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധി, ഇന്ത്യന്‍ നീതിന്യായവുമായി ബന്ധപ്പെട്ട ഒരു പ്രധാന മനുഷ്യാവകാശ സന്ദര്‍ഭമാണ്.
പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് സമാനമായി, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ളതാണ് ഈ വിധി. സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിക്കുള്ള പ്രത്യേക അധികാരമാണ് പേരറിവാളന്റെ കാര്യത്തില്‍ സുപ്രീംകോടതി പ്രയോഗിച്ചത്. അദ്ദേഹത്തിന്റെയും ഇപ്പോള്‍ മോചിപ്പിക്കപ്പെട്ട ആറുപേരുടെയും ശിക്ഷ ഇളവുചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ തീരുമാനമെടുത്തില്ല.
വധക്കേസില്‍ മാപ്പ് നല്‍കുന്നതും പ്രതികളുടെ ശിക്ഷ കുറക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ ഗവര്‍ണറെ ഉപദേശിക്കാനുള്ള വ്യക്തമായ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും ഗവര്‍ണറുടെ തീരുമാനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം കോടതിക്ക് പരിശോധിക്കാമെന്നുമാണ്, 142ാം വകുപ്പ് വിനിയോഗിച്ചുകൊണ്ട് സുപ്രീംകോടതി, പേരറിവാളന്റെ കേസില്‍ പറഞ്ഞത്. ഇപ്പോള്‍, മോചിപ്പിക്കപ്പെടുന്ന ആറു പേരുടെയും കാര്യത്തിലും ഇതേ ഇടപെടലാണ് സുപ്രീംകോടതി നടത്തിയത്.
ആറു പേരുടെയും ആരോഗ്യസ്ഥിതി അടക്കമുള്ള കാര്യങ്ങള്‍, ഈ ഉത്തരവില്‍ പ്രത്യേകം കോടതി വിലയിരുത്തുന്നുണ്ട്. നളിനി സ്ത്രീയാണെന്നും മൂന്നു ദശാബ്ദത്തിലേറെ ജയില്‍വാസമനുഭവിച്ചിട്ടുണ്ടെന്നും എടുത്തുപറയുന്നു. മാത്രമല്ല, ആറു പേരും, മൂന്നുപതിറ്റാണ്ടിലേറെ പിന്നിട്ട ശിക്ഷാകാലം ഉപരിപഠനത്തിനും മറ്റും ഉപയോഗപ്പെടുത്തി ക്രിയാത്മകമായി വിനിയോഗിച്ചതും പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. തടവുശിക്ഷ അനുഭവിക്കുന്ന മനുഷ്യരുടെ ശാരീരികാവസ്ഥയെയും മനോഭാവത്തെയും, മോചനത്തിനും ശിക്ഷായിളവിനും ഉപാധിയാക്കുക എന്നത് നീതിന്യായത്തിന്റെ അടിസ്ഥാനതത്വമായി മാറുന്ന സന്ദര്‍ഭമായതുകൊണ്ടാണ്, ഈ വിധി പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം കൂടിയായി മാറുന്നത്.
രാജീവ് വധം വൈകാരികം എന്നപോലെ തന്നെ സങ്കീര്‍ണമായ രാഷ്ട്രീയസമസ്യകള്‍ കൂടി അടങ്ങിയതാണ്. ഈ കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ അത്തരം വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. നളിനിയുടെ കാര്യത്തിലാണെങ്കില്‍, അവര്‍ അമ്മയാണ് എന്ന തീര്‍ത്തും വൈയക്തികവും വൈകാരികവുമായ ഒരു തലം കൂടി ചര്‍ച്ച ചെയ്യപ്പെട്ടു. അവരെ തൂക്കിക്കൊന്നാല്‍, ആ കുഞ്ഞ് അനാഥമാക്കപ്പെടും എന്ന്, ജീവപര്യന്തം മതി എന്ന ഭിന്നവിധിയില്‍ ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നുണ്ട്. മാത്രമല്ല, പിന്നീട്, നളിനിയുടെ ശിക്ഷാ ഇളവില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് എഴുതിയ കത്തില്‍, ഗാന്ധി വധക്കേസ് പ്രതിയായ ഗോപാല്‍ ഗോഡ്‌സെ അടക്കമുള്ളവരെ, 14 വര്‍ഷത്തിനുശേഷം നെഹ്‌റു സര്‍ക്കാര്‍ പുറത്തുവിട്ടതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയാകുന്നവരും പങ്കാളികളാക്കപ്പെടുന്നവരും അതിലകപ്പെടുന്നവരും മാത്രമല്ല, പേരറിവാളനെപ്പോലെ നീതിനിഷേധത്തിനിരയായവര്‍ വരെയുണ്ടാകാം. ഇവരുടെയെല്ലാം കാര്യത്തില്‍ നിയമത്തിന് ഏതു പരിധിവരെ മുന്നോട്ടുപോകാം എന്ന കാര്യം ഇന്ത്യന്‍ ജുഡീഷ്യറിയെ സംബന്ധിച്ച് പലപ്പോഴും തര്‍ക്കവിഷയമാണ്. അതുകൊണ്ടാണ് ഹൈകോടതിയും സുപ്രീംകോടതിയും പോലുള്ള ഉന്നത ജുഡീഷ്യറിയില്‍ നിന്നുതന്നെ പലപ്പോഴും വിരുദ്ധമായ വിധികളുണ്ടാകുന്നത്. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍, കൊല്ലപ്പെട്ടയാളുടെ സ്റ്റാറ്റസ്, പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷയെ സ്വാധീനിക്കരുത് എന്നാണ് അടിസ്ഥാന തത്വം. എന്നാല്‍, ഇത് പതിവായി ലംഘിക്കപ്പെടുന്ന ഒരു തത്വം കൂടിയാണ്. രാജ്യത്തിന്റെ "പൊതുമനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍' എന്നതുപോലും, വധശിക്ഷ വിധിക്കാനുള്ള കാരണമായി ജുഡീഷ്യറി വിശദീകരിച്ചിട്ടുണ്ട് എന്ന് ഓര്‍ക്കുക. ഇന്ത്യയുടെ മൂല്യത്തിനും സത്തക്കും ചേര്‍ന്ന ഒന്നല്ല ഈ വിധിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറയുന്നത്, ഈ "പൊതുമനഃസാക്ഷി തത്വം' വച്ചുകൊണ്ടാണ്. ഇത്തരം വൈകാരികതകളല്ല നീതിയുടെ അടിസ്ഥാനമാകേണ്ടത്.
നിയമത്തിന്റെയും നീതിന്യായത്തിന്റെയും അന്യായ പാരമ്പര്യങ്ങളെ തിരുത്താന്‍ പര്യാപ്തമായ ഒന്നാണ് ഈ വിധി. ഇന്ത്യന്‍ ജയിലുകളില്‍ നീതി നിഷേധിക്കപ്പെട്ടുകഴിയുന്ന മനുഷ്യരിലേക്കും ജുഡീഷ്യറിയുടെ ഇത്തരം ഇടപെടലുകള്‍ എത്തണം. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 77 ശതമാനവും വിചാരണ കാത്തുകിടക്കുന്നവരാണ്, 22 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടവര്‍. വിചാരണ കാത്തുകിടക്കുന്നവരില്‍ തന്നെ, മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ ജയിലില്‍ കിടക്കുന്ന നൂറുകണക്കിനുപേരുണ്ട്. കാലങ്ങളായി പരിഹാരമില്ലാതെ തുടരുന്ന ഇത്തരം നീതിനിഷേധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനെങ്കിലും സുപ്രീംകോടതിയുടെ ഇതുപോലുള്ള ഇടപെടലുകള്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
കെ. കണ്ണന്‍
Jan 04, 2023
4 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read