രാമചന്ദ്രൻ മൊകേരി; ഒരു ഭ്രാന്തൻ നാടക മാനിഫെസ്റ്റോ

നാടകവും സമരവും സമന്വയിക്കുന്ന കലാഭാവനയാണ് തന്റെ ആത്മാവിഷ്‌കാരത്തിന്റെ മാധ്യമമായി രാമചന്ദ്രൻ മൊകേരി വികസിപ്പിച്ചത്. ശരിക്കും ഒരു പ്രൊട്ടസ്റ്റ് തിയറ്റർ. അതുകൊണ്ടാണ് കേരളത്തിൽ രണ്ടു തരത്തിലുള്ള നാടകക്കാരേ ഉള്ളൂ എന്ന് രാമചന്ദ്രൻ മൊകേരി പറഞ്ഞത്, പൊലീസ് പിടിക്കുന്ന നാടകക്കാരും പൊലീസ് പിടിക്കാത്ത നാടകക്കാരും.

കീറിപ്പറിഞ്ഞ വേഷത്തിൽ തലയിലൊരു തൊപ്പിയും കാലിൽ ചിലങ്കയും കഴുത്തിൽ കീറിയ ടൈയ്യുമൊക്കെ കെട്ടി തെരുവിൽ നിന്ന് പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളുന്നയിച്ച് അലറിവിളിച്ച് ചോദ്യം ചോദിച്ച് നാടകം കളിച്ചിരുന്ന, ‘ഡോഗ്ടർ മോക്കറി' എന്ന് ആത്മപുച്ഛം കലർന്ന സ്വരത്തിൽ സ്വയം വിശേഷിപ്പിച്ചിരുന്ന ഡോ. രാമചന്ദ്രൻ മൊകേരി ഇനിയില്ല. എന്നാൽ തെരുവരങ്ങിലും അക്കാദമികളിലും അദ്ദേഹമുണ്ടാക്കിയ ഒറ്റയാൾക്കലാപത്തിന്റെ ഓർമകൾ എക്കാലവും ഇവിടെയുണ്ടാകും. നിലനിൽക്കുന്ന നാടകസങ്കൽപ്പങ്ങൾക്കെല്ലാം എതിർനിലയിലുള്ള ഭവനാമണ്ഡലങ്ങളിലൊന്ന് സ്വയം സൃഷ്ടിച്ചുകൊണ്ടാണ് മലയാള നാടക ചരിത്രത്തിൽ മൊകേരി മാഷ് വേറിട്ടു നിൽക്കുന്നത്. അടിമുടി രാഷ്ട്രീയമായ ‘തെണ്ടിക്കൂത്താ'യിരുന്നു അദ്ദേഹത്തിന്റെ ആ നാടക സങ്കൽപ്പം.

കണ്ണൂരിലെ പാനൂരിൽ നിന്ന്​ ഏഴാം ക്ലാസിൽ പഠനമവസാനിപ്പിച്ച് മദ്രാസിലേക്ക് വണ്ടികയറി ഹോട്ടൽ തൊഴിൽ ചെയ്യുന്നതിനിടയിൽ അവിടുത്തെ സന്ദർശകനായിരുന്ന ചിത്രകാരൻ എം.വി. ദേവനാണ് രാമചന്ദ്രനെ സ്‌കൂൾ വിദ്യാഭ്യാസം തുടരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയത്. അങ്ങനെ രണ്ടു വർഷത്തിനുശേഷം വീണ്ടും അവിടുത്തെ സ്‌കൂളിൽ ചേരുകയായിരുന്നു. മദ്രാസ് ക്രിസ്ത്യൻ സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഷേക്‌സ്പിയറിന്റെ മാക്ബത്തിൽ അഭിനയിച്ചു കൊണ്ടാണ് അരങ്ങിൽ മൊകേരിയുടെ തുടക്കം. തുടർന്ന് വില്യം മോറിസന്റെ ലിറ്റിൽ ഷേക്‌സ്പിയർ എന്ന നാടക സംഘത്തിൽ ചേർന്ന് ബ്രിട്ടീഷ് കൗൺസിലിൽ നാടകാവതരണം. അവിടുന്ന് നാടകം കളിയുടെ ഊർജവും തുടർന്നുള്ള യൂനിവേഴ്‌സിറ്റി പഠനവും രാമചന്ദ്രൻ മൊകേരിയെ തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ പദവി വരെ എത്തിച്ചു.

ഇടയിൽ എഴുപതുകളിലെ ക്ഷുഭിതയൗവ്വനത്തിന്റെയും തീവ്ര ഇടതുപക്ഷത്തിന്റെയും സാംസ്‌കാരിക വേദിയുടെയും ഇടങ്ങളിലൂടെ സഞ്ചരിച്ച് പല വഴികളിലൂടെ ചരിത്രമടയാളപ്പെടുത്തിയ ‘തെണ്ടിക്കൂത്തി'ലെത്തുകയായിരുന്നു. ഈ എത്തലിനെക്കുറിച്ച് ഒരിക്കലദ്ദേഹം തന്നെ പറഞ്ഞിരുന്നു: ‘തെണ്ടിക്കൂത്ത് എന്റെ നാടക സങ്കൽപമാണ്. അത് പ്രതിരോധത്തിന്റെ നാടക രൂപമാണ്. അത് നടന്റെ വിമോചനത്തിന്റെ മാനിഫെസ്റ്റോ കൂടിയാണ്. അതിൽ പ്രധാനം നടനാണ്. അഭിനയം കൊണ്ട് സ്ഥലകാല വ്യവസ്ഥകളിൽ കൂത്തധികാരം (The Right to Act) സ്ഥാപിച്ചെടുക്കാനുള്ള അന്വേഷണം. നിലവിലെ അഭിനയ വ്യവസ്ഥകളെയെല്ലാം നിഷേധിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കൂത്താട്ടം.'

രാമചന്ദ്രൻ മൊകേരി

അതെ; ആ കൂത്താട്ടത്തിൽ ഒരിക്കലും അയാൾ ഒറ്റയ്ക്കായിരുന്നില്ല. മറിച്ച് കാണികളോരോരുത്തരേയും ഈ കളികൾക്കിടയിൽ തന്നോടൊപ്പം സംഭാഷണത്തിലേർപ്പെടുന്ന നടൻമാരും നടികളുമാക്കി മാറ്റി നാടകത്തെ അപ്രതീക്ഷിതമായ നിലകളിലേക്കുയർത്തുകയായിരുന്നു. ചിലയിടങ്ങളിൽ നിന്ന് ഉയർന്ന വൈകാരികതയിൽപ്പെട്ട് സംഭാഷണത്തിന് വാക്കുകൾ കിട്ടാതെ സന്ദർഭത്തിന് ചേർന്ന കവിതകൾ ചൊല്ലി പിൻവാങ്ങേണ്ടി വന്നിട്ടുണ്ട്. അങ്ങനെയേ അദ്ദേഹത്തിന് മുന്നോട്ടു പോകാൻ കഴിയുമായിരുന്നുള്ളൂ. കാരണം മൊകേരിയുടെ നാടകത്തിന് ഒരു സ്ഥിരപാഠമില്ല. തെരുവിൽ അഭിനയം തുടരുമ്പോൾത്തന്നെ ഒപ്പം നാടകകൃതിയും നിർമിക്കപ്പെടുകയായിരുന്നു. അങ്ങനെ നോക്കിയാൽ പലപ്പോഴും ഒറ്റയാളിൽ നിന്ന് ആൾക്കൂട്ടത്തിന്റെയും കൂടി ഇടപെടലാക്കി നാടകകൃതിയെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹം.

ഒറ്റയാളിൽ നിന്ന് ആൾക്കൂട്ടത്തിലേക്കും ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റയാളിലേക്കും മാറി മാറിയുള്ള സഞ്ചാരമായിരുന്നു അപൂർവ്വമായ ഈ മൂന്നാംലോക തെണ്ടിക്കൂത്ത്. പ്രേക്ഷകരാണ് യഥാർത്ഥ അഭിനേതാക്കൾ എന്ന സാംസ്‌കാരിക രാഷ്ട്രീയ ദർശനമാണ് ഈ അവതരണത്തിലൂടെ മുന്നോട്ടു വെക്കുന്നതെന്ന് അദ്ദേഹം പറയും. പലപ്പോഴും പൂർണ്ണതയോ ആദിമധ്യാന്തപ്പൊരുത്തമോ ഇല്ലാത്ത ഇത്തരം നാടകങ്ങളുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് ഒട്ടും ആശങ്കയുണ്ടായിരുന്നില്ല. കാരണം ഓരോ കലാപ്രകടനത്തെയും അപൂർണങ്ങളായ പരീക്ഷണങ്ങളായിട്ടായിരുന്നു അദ്ദേഹം കണ്ടത്. ആ അപൂർണ്ണതയിൽ നിന്നാണ് നായ്ക്കളിയും, ഫ്രാക്‌മെന്റോസും, തെണ്ടിക്കൂത്തുമൊക്കെ പുസ്തകരൂപമാർജിച്ചത്.

‘ഞാനൊരു തെണ്ടി ഹാ.. ഹാ
നീയൊരു തെണ്ടീ ഹാ.. ഹാ
മൂന്നാം ലോകത്തെണ്ടികൾ നമ്മൾ ഹാ ഹാ..'

അയാളെയും നമ്മളെയും തെണ്ടികളാക്കി അഭിസംബോധന ചെയ്തു കൊണ്ടുള്ള ഈ കൂത്ത് പഴയ ഹൈന്ദവ ബ്രാഹ്മണിക്കൽ പാരമ്പര്യത്തിൽപ്പെട്ട കൂത്തല്ല. മറിച്ച് ആദിദ്രാവിഡ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണത്. തെരുക്കൂത്ത് തമിഴിലെ ഒരു അഭിനയ സമ്പ്രദായമാണ്. തെരുവീഥികൾ ഉപയോഗിച്ച് അഭിനയിക്കുന്ന രീതി. ഇതിൽ നിന്നാണ് അദ്ദേഹം തെണ്ടിക്കൂത്തിലേക്ക് എത്തിയത്. ആദ്യം തെണ്ടിക്കൂത്ത് എന്ന് ഉപയോഗിച്ചിടത്തു നിന്ന് പിന്നീട് തെണ്ടിപ്പട്ടിക്കൂത്തായി. പിന്നീട് ഡോഗ്‌സ് ഓപ്പറ ഇന്ത്യൻ ഫ്രാക്‌മെന്റോസ് എന്ന് വിളിച്ചു. ഇങ്ങനെ തെരുവിലെ ഓരോ ആൾമാറാട്ടക്കളിക്കൊപ്പം വാക്മാറാട്ടവും നടത്തിക്കൊണ്ടാണ് മൊകേരി തന്റെ സാന്നിദ്ധ്യം തിയറ്റർ സ്‌പെയ്‌സിൽ അടയാളപ്പെടുത്തിയത്.

ഇത്ര ആപൽക്കരമായും പ്രകോപനപരമായും മുന്നിലേക്കു വരുന്ന ഈ ഒറ്റയാൾ നാടകക്കാരനെപ്പോലെ മറ്റൊരാൾ കേരളത്തിന്റെ നാടക ചരിത്രത്തിൽ ഇല്ലെന്നുതന്നെ പറയാം. ചരിത്രത്തിൽ ചൊരിയപ്പെട്ട ചോരയുടെ കണക്കുകൾ പറഞ്ഞ് അലറുന്ന ഗിത്താറിന്റെ തന്ത്രികളുടെ അകമ്പടിയുമായാണ് ഈ കലാകാരൻ എന്നും തെരുവിലേക്ക് വന്നത്. അടിയന്തരാവസ്ഥ, ബാബറി മസ്ജിദ്, ഗുജറാത്ത്, മാറാട്, മുത്തങ്ങ, രോഹിത് വെമൂല തുടങ്ങി രാജ്യത്ത് നാം മറന്നു തുടങ്ങിയ ദുരന്തങ്ങളോരോന്നും വിളിച്ചു പറഞ്ഞ് നമ്മുടെ അലസതയുടെ ആഘോഷങ്ങളിലേക്ക് പാഞ്ഞുകയറുകയായിരുന്നു അയാൾ. ഇടിമിന്നലിന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും തീമഴ പോലെ ചെയ്യുന്ന കവിതാ ശകലങ്ങളുമായി കാണികളെ ഞൊടിനേരം കൊണ്ട് അസ്വസ്ഥമാക്കുകയായിരുന്നു അയാളുടെ ലക്ഷൃം. അധികാരത്തിനെതിരായ അവിരാമമായ ഈ രോഷപ്രകടനങ്ങളുടെ തുടർച്ചയായിരുന്നു രാമചന്ദ്രൻ മൊകേരിക്ക് ഓരോ നാടകവും.

രാമചന്ദ്രൻ മൊകേരി

‘ലക്ഷണമൊത്ത ആസ്ഥാന ദൃശ്യവ്യവഹാരവ്യാപാരി ഏകോപന സമിതികൾക്കും ലക്ഷണമൊത്ത നാടക ഫണ്ടിതാചാര്യ തിരുവടിമാർക്കും ലക്ഷണമൊത്ത കാണികളും കങ്കാണികളുമാകാൻ മാത്രം വിധിക്കപ്പെട്ടവർക്കും ലക്ഷണം കെട്ടൊരീ മൂന്നാം ലോകത്തെണ്ടിയുടെ സാഷ്ടാംഗ പ്രണാമങ്ങൾ'
എന്ന ഭരതവാക്യം തുടങ്ങുമ്പോൾത്തന്നെ അധികാരവുമായുള്ള മൊകേരിയുടെ തർക്കമാരംഭിക്കുന്നുണ്ട്. അവിരാമമായ ആ സംഘർഷങ്ങൾക്ക് വാക്മാറാട്ടം കൂടി പ്രധാനമാണെന്ന് അദ്ദേഹമെപ്പോഴും കരുതിയിരുന്നു. ഒപ്പം നാട്യശാസ്ത്ര ലക്ഷണങ്ങളിലേക്കെല്ലാം ഈ ആക്ഷേപഹാസ്യത്തിന്റെ അമ്പുകൾ തൊടുക്കുന്നുണ്ട്. ഇതിനെക്കുറിച്ച് തന്റെ അനുഭവം പങ്കിട്ട്​ ഒരിക്കൽ അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്: ‘നമ്മുടെ നാടകവേദിയിൽ വ്യവസ്ഥാപിതമായ രീതിയിൽ വളരെ സുരക്ഷിതമായി നാടകം ചെയ്യാൻ അനേകം അവസരങ്ങളുണ്ട്. അതിനായി അനേകം ഫണ്ടുകളും സബ്‌സിഡികളും ഉണ്ട്. ഇത് വാങ്ങുന്നവരുണ്ട്. ഏതെങ്കിലും രീതിയിൽ ഫണ്ടഡായ നാടകങ്ങൾ ആളുകളെ എളുപ്പം ആകർഷിക്കും. അതിൽപ്പെട്ട് എത്ര പ്രതിഭകൾ ഇവിടെ ഇല്ലാതായിട്ടുണ്ട്. ഒരിക്കൽ എന്നെയും ജോസ് ചിറമ്മലിനെയും എം. ഗോവിന്ദന്റെ മകനെയും ഫോഡ് ഫൗണ്ടേഷൻ സമീപിച്ചിരുന്നു. അവർ രണ്ടു പേരും ആ പണം സ്വീകരിച്ചു. ഇങ്ങനെ പോയവർ എന്തു ഗുണമാണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്. നമ്മുടെ എത്രയോ പ്രതിഭകളെ വിദേശ ഫണ്ടിങ്ങുകൾ കീഴടക്കിയിട്ടുണ്ട്. ഒരേ സമയം നാട്യശാസ്ത്രത്തിനു വിധേയപ്പെടുകയും വേറൊരുതരത്തിൽ വ്യാപാര ലോകത്തിൽ മുട്ടുമടക്കുകയും ചെയ്യുന്ന അവസ്ഥ. ഇതിനെതിരെയാണ് ഞാൻ നീങ്ങിയത്'.

അതെ; ഈ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ഭരതവാക്യത്തിന്റെ പൊരുൾ. അതിനെതിരെയാണ് അദ്ദേഹത്തിന്റെ കുരിശേറ്റങ്ങൾ മുഴുവനും. അതിനെതിരെ പുതിയ ഇടമെന്ന നിലയിലാണ് തെരുവിൽ ഉറക്കെ പത്രം വായിച്ചുകൊണ്ടും, മാംസം കയറ്റിയ വണ്ടിയുന്തിക്കൊണ്ടും, പെൺകുട്ടിയെ കയറിൽ കെട്ടിവലിച്ചുമൊക്കെ അദ്ദേഹം നാടകങ്ങളുണ്ടാക്കുന്നത്. പ്രതിരോധങ്ങളെ ഫെസ്റ്റിവൽ വിശേഷങ്ങളായി ന്യൂനീകരിക്കുന്ന സന്ദർഭങ്ങളിൽ ഈ കലയ്ക്ക് വേറിട്ടൊരു രാഷ്ട്രീയമുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണ്.

തെണ്ടിക്കൂത്ത് അഥവാ വിത്ത് ഔട്ട് എ സ്‌ക്രിപ്റ്റ് എന്ന ഈ നാടക സങ്കൽപ്പം തന്നെ നടനെമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. നടന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. നാടകകൃത്തിന്റെയും സംവിധായകന്റെയും നിയന്ത്രണങ്ങളിൽ നിന്ന് വിമോചിപ്പിക്കപ്പെട്ട ഒരു നടനസങ്കൽപ്പം കൂടിയാണിത്. ഒരു ശവവണ്ടിയുമായി കുറേ പോസ്റ്ററുകൾ ഒട്ടിച്ച് കോഴിക്കോട് എസ്.എം. സ്ട്രീറ്റിലൂടെ നടന്നു പോകുന്നതിൽ തീർച്ചയായും ഒരു നാടകമുണ്ടാകുന്നുണ്ട്. അപ്പോളുന്നയിക്കുന്ന ചോദ്യങ്ങൾക്ക് വേറിട്ടൊരു കനമുണ്ട്. അതൊരക്കാദമി ഡയറക്ടർ കൂടിയാവുമ്പോൾ പിന്നെയും കനമേറുന്നുണ്ട്. ജയിലിലും കലാലയങ്ങളിലും ആശുപത്രികളിലും ആദിവാസി ഊരുകളിലുമൊക്കെ ഇതേ രീതിയിലായിരുന്നു അദ്ദേഹം നാടകം കളിച്ചത്. സ്വന്തം ശരീരം കൊണ്ടും ഭാഷ കൊണ്ടും നിർമ്മിച്ചെടുത്ത ഭ്രാന്തൻ നാടകമാനിഫെസ്റ്റോ എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച ഈ ബദൽ നാടകവേദി ലോകനാടക വേദിയിൽത്തന്നെ അനന്യമാണെന്നു പറയാം.

നിലനിൽക്കുന്ന നാടകരൂപങ്ങളിൽ ഭൂരിപക്ഷത്തെയും യൂറോ- അമേരിക്കൻ -ബ്രാഹ്മിൺ ബുൾഷിറ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം ഡയറക്ടറായ സ്‌കൂൾ ഓഫ് ഡ്രാമ പോലും അങ്ങനെയാണെന്ന വിമർശനം അദ്ദേഹമുന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ നാടകമെന്ന സങ്കൽപ്പത്തിനെത്തന്നെ പല നിലയിൽ പുതുക്കാനുള്ള ഇടപെടലായിരുന്നു അദ്ദേഹത്തിന് ഓരോ ഇടവും. ഒരു സംഭാഷണം പോലുമില്ലാതെ കുറേ പോസ്റ്ററുകളൊട്ടിച്ച് മണിക്കൂറുകളോളം സ്വയം കുരിശേറി പ്രതിഷേധിക്കുന്നതിനെപ്പോലും നാടകമായിട്ടായിരുന്നു അദ്ദേഹം ഭാവന ചെയ്തിരുന്നത്.

വി.കെ.എന്നിന്റെ പുസ്തകം നിരോധിച്ചതിനെതിരെ രാമചന്ദ്രൻ മൊകേരി കാലിക്കറ്റ് സർവകലാശാലയിൽ കുരിശിലേറി പ്രതിഷേധിക്കുന്നു

വി.കെ. എന്നിന്റെ അധികാരം എന്ന നോവൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സിലബസിൽ നിന്ന് പിൻവലിച്ചപ്പോൾ ഉണ്ണി കോഹിനൂരിനൊപ്പം രണ്ട് കുരിശുണ്ടാക്കി രണ്ടുപേരെയും അതിൽ തറച്ച് രാവിലെ മുതൽ വൈകിട്ടു വരെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് മുനകൂർപ്പിച്ച ഡയലോഗുകൾ, ഒപ്പം നോവലിൽ നിന്നുള്ള ചില വാക്യങ്ങളും ഇടയ്ക്കിടയ്ക്ക് ഉരുവിട്ട്​ നടത്തിയ പ്രതിഷേധം അദ്ദേഹത്തിന് നാടകംകളി തന്നെയായിരുന്നു. ഈ കുരിശേറ്റത്തിന് കേരളത്തിലെ പ്രേക്ഷകർ പലതവണ പലയിടങ്ങളിലായി സാക്ഷിയായിരുന്നു. ഇങ്ങനെ നാടകവും സമരവും സമന്വയിക്കുന്ന കലാഭാവനയാണ് തന്റെ ആത്മാവിഷ്‌കാരത്തിന്റെ മാധ്യമമായി അദ്ദേഹം വികസിപ്പിച്ചത്. ശരിക്കും ഒരു പ്രൊട്ടസ്റ്റ് തിയറ്റർ. അതുകൊണ്ടാണ് കേരളത്തിൽ രണ്ടു തരത്തിലുള്ള നാടകക്കാരേ ഉള്ളൂ എന്ന് രാമചന്ദ്രൻ മൊകേരി പറഞ്ഞത്, പൊലീസ് പിടിക്കുന്ന നാടകക്കാരും പൊലീസ് പിടിക്കാത്ത നാടകക്കാരും.

ചിലരെപ്പറ്റി മരണക്കുറിപ്പിലെഴുതുമ്പോൾ ‘ഒറ്റയാൾക്കലാപകാരി'യെന്ന ആലങ്കാരിക വിശേഷം യാഥാർത്യത്തോട് നീതി പുലർത്തിയ അപൂർവ്വ സന്ദർഭങ്ങളേ ഉണ്ടാവാറുള്ളൂ. എന്നാൽ മലയാള നാടക ചരിത്രത്തിൽ രാമചന്ദ്രൻ മൊകേരിയെ സത്യസന്ധമായി അങ്ങനെ തന്നെ വിളിക്കാം. കാരണം പലപ്പോഴും അറസ്റ്റിലോ ലോക്കപ്പിലോ പ്രകോപിതരായ ആൾക്കൂട്ടത്തിന്റെ കയ്യേറ്റത്തിലോ അവസാനിച്ച ഇതുപോലുള്ള നാടകം കളികളുമായി കേരളത്തിന്റെ തെരുവുകളിൽ ഇനിയൊരക്കാദമി ഡയറക്ടറും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയില്ല. ഒരു പക്ഷേ അങ്ങനെയുണ്ടായാൽ രാജ്യം ഭരിക്കുന്ന പുതിയ ഭരണകൂടം അതിനനുവദിക്കാൻ സാധ്യതയുമില്ല. കാരണം ഭരണകൂടത്തിനെതിരെ അദ്ദേഹമുപയോഗിച്ചതുപോലുള്ള തെറികൾ രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കാനുള്ള അവസരമാകും. അതെങ്ങനെയുമാകാം. സ്ത്രീപീഡനം വ്യാപകമായ രാജ്യത്തിന്റെ തെരുവുകളൊന്നിൽ ഒരിക്കൽ വലിയ ലിംഗം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു അയാൾ വന്നത്. അതേ ലിംഗം തന്നെ തൊട്ടടുത്ത നിമിഷം സി.എൻ.എൻ ചാനലിന്റെ മെഗാ ഫോണാക്കി മാറ്റുന്നു. എന്നിട്ടിങ്ങനെ പറഞ്ഞു.
‘I Piss in public, I piss in your Republic '. ‘ഞാൻ മൂത്രമൊഴിക്കുന്നു പരസ്യമായി നിങ്ങളുടെ റിപ്പബ്ലിക്കിൽ'.

ഇതൊക്കെ ഓർക്കുമ്പോഴാണ് ആപൽക്കാരിയായ ഇങ്ങനെയൊരു കലാകാരൻ ഭാവിയിലുണ്ടാവാനിടയില്ലെന്ന് വിചാരിച്ചു പോകുന്നത്. ഉണ്ടായാൽത്തന്നെ അയാൾ / അവൾ കാരാഗൃഹങ്ങൾക്ക് പുറത്താകില്ലെന്ന് തീർച്ച.

ഒരിക്കൽ രാമചന്ദ്രൻ മാഷ് ഇങ്ങനെ എഴുതിയിരുന്നു; ‘അച്ചടക്കത്തോടെയുള്ള നമ്മുടെ എല്ലാ നായ്ക്കളികളും ഭരണകൂടത്തിന് ഇഷ്ടമാണ്. അത് അങ്ങനെ തന്നെ തുടർന്ന് പോകേണ്ടത് നമ്മുടെയും ഭരണകൂടത്തിന്റെയും സുരക്ഷിതത്വത്തിന് അങ്ങേയറ്റം ആവശ്യവുമാണ്.'
അതുകൊണ്ട്...
സുരക്ഷിതമായ ഈ നായ്ക്കളികൾക്കിടയിൽ നിന്ന് ഇത്രയെങ്കിലും...

Comments