അബ്ബാസിക്കയും ഉന്നക്കയും

നോമ്പുകാലത്തെ മുസ്‌ലിം സ്ത്രീകളുടെ അധിക ജോലിഭാരത്തെക്കുറിച്ച് മുഹമ്മദ് അബ്ബാസ് എഴുതിയിരുന്നു. ഈ വിഷയം, സ്ത്രീജീവിതവുമായി ബന്ധപ്പെട്ട പലതരം ചർച്ചകൾക്കിടയാക്കി. അബ്ബാസിന്റെ വാദത്തോടുള്ള പ്രതികരണമെന്ന നിലയ്ക്ക്, കുടുംബസംവിധാനത്തിലെ സ്ത്രീയുടെ റോളിനെ മുൻനിർത്തി എഴുതുകയാണ്, ഷഫീക്ക് മുസ്തഫ.

ബ്ബാസിക്കാന്റെ ചായക്കടയിലെ പൊറോട്ടയും ബീഫും നാട്ടിൽ ഫേമസാണ്. അത്രയും നല്ല പൊറോട്ടയും ബീഫും വിളമ്പുന്നതിന് നാട്ടിലെ എല്ലാവരും അബ്ബാസിക്കയോട് കടപ്പെട്ടിരിക്കുന്നു. അബ്ബാസിക്കാന്റെ പൊറോട്ടയുടെ ക്വാളിറ്റി അറിയണമെങ്കിൽ പൊറോട്ടയുടെ സെന്ററിൽ പിടിച്ചു പൊക്കണം. അയഞ്ഞുപോയൊരു കോണിക്കൽ സ്പ്രിംഗ് പോലെ അത് ഇലുന്നിലുന്ന് താഴേക്ക് തൂങ്ങിക്കിടക്കും. ഇറച്ചിക്കറിയുടെ ക്വാളിറ്റി അറിയണമെങ്കിൽ ചുമ്മാ, ചാറൊരല്പം നാക്കിൽ തൊട്ടു നോക്കിയാൽ മതി. മസാലയുടെ മനം മയക്കുന്ന രുചികൾക്ക് ഇടയിലൂടെ പച്ചമുളകും ഇഞ്ചിയും പരസ്പരം പുണർന്നതിന്റെ ഒരുതരം തരിപ്പ് നാക്കിലേക്ക് നുഴഞ്ഞു നുഴഞ്ഞു കയറും. തുഴഞ്ഞു തുഴഞ്ഞ് അത് ആത്മാവിന്റെ അറ്റം വരെ എത്തും. ശ്ശ്ശ്ശ്ശ്ശ്ശ്..ഹാ.. അതിന്റെ നിർവൃതിയിൽ കണ്ണുകളടച്ച് നമ്മൾ അബ്ബാസിക്കായ്ക്കു വേണ്ടി പ്രാർഥിച്ചുപോകും, യാ ശൈഖേ...

നോമ്പുകാലത്ത് അബ്ബാസിക്ക ഷട്ടർ അടയ്ക്കും പക്ഷേ പിൻവാതിൽ തുറക്കും. വയസായവർക്കും രോഗികൾക്കും നോമ്പെടുക്കാത്ത കഠിനജോലിക്കാർക്കും ഭക്ഷണം വിളമ്പും. മൂന്ന് മൂന്നരയാകുമ്പോൾ മുന്നിലെ ഷട്ടർ ഉയർത്തി പൊരിസാധനങ്ങൾ ഡിസ്‌പ്ലേ ചെയ്യും. സമോസ മുതൽ മുളകു ബജ്ജി വരെ. മുളകുബജി മുതൽ സമോസ വരെ.

പുറത്തു നിന്ന് നോക്കുന്നവർക്ക് ഇതൊക്കെ നിസാരം. അവർ പറയും: അബ്ബാസിക്കാന്റെ കടയിൽ എല്ലാമുണ്ട്. എല്ലാർക്കും ഉണ്ട്.

ഇതൊക്കെ ചുമ്മാതങ്ങ് ഉണ്ടാകുമോ? ഉണ്ടാക്കിയാലേ ഉണ്ടാകൂ. വെട്ടൽ, അരിയൽ, കാച്ചൽ, പൊരിക്കൽ, വറുക്കൽ, ചുടൽ, ഇളക്കൽ, ചേർക്കൽ, കുറുക്കൽ, അരയ്ക്കൽ, ചിരവൽ, പൊളിക്കൽ, പിഴിയൽ, പരത്തൽ, ഉരുട്ടൽ ഇതെല്ലാം മുറയ്ക്ക് മുറയായി വഴിക്കുവഴിയായി തർത്തീബ് അനുസരിച്ച് ചെയ്യണം. ആരു ചെയ്യും? പാവം അബ്ബാസിക്ക ചെയ്യും. എന്തിനുവേണ്ടി ചെയ്യുന്നു? ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ.

പൊറോട്ടയ്ക്ക് മാവ് അയച്ച് ബോൾ പിടിച്ച് പരത്തി തീക്കുണ്ഠത്തിനു മുകളിലെ ഇരുമ്പ് പാളത്തിലേക്ക് എറിയുമ്പോൾ അബ്ബാസിക്കയുടെ രണ്ടുതുള്ളി വിയർപ്പു കൂടി അതിലേക്ക് തെറിച്ചു വീഴുന്നു. അത് ഒരു ശീൽക്കാരത്തോടെ ബാഷ്പീകരിച്ച് തട്ടിൻ മുകളിലെ പൊഹാറകളിൽ ചെന്ന് അലയ്ക്കുന്നു. തീക്കുണ്ഠമാണോ തീക്കുണ്ഡമാണോ തീക്കുണ്ടമാണോ എന്ന് അബ്ബാസിക്കായ്ക്ക് അറിയില്ല. അബ്ബാസിക്ക സാഹിത്യം പഠിച്ചിട്ടില്ല. പക്ഷേ ഇരുമ്പ് പാളത്തിൽ തന്റെ വിയർപ്പു തുള്ളികൾ ബാഷ്പീകരിച്ചു പോകുന്നത് അബ്ബാസിക്ക ദിവസവും കാണുന്നു. വേനലിന്റെ ചൂടിൽ തന്റെ ചായക്കടയുടെ ആസ്ബസ്റ്റോസ് റൂഫ് അദ്ദേഹത്തിനെ ഒരു ചെറിയ മഹ്ഷറ അനുഭവിപ്പിക്കുന്നു. ചൂടു പൊറോട്ട ഒരോന്നായി അടുക്കിയെടുത്ത് ഇപ്പുറത്തെ ഡെസ്‌കിലിട്ട് തല്ലി പതം വരുത്തുമ്പോൾ ഇടയ്ക്കിടെ അബ്ബാസിക്ക തന്റെ കൈത്തലങ്ങൾ കുടയുകയും കൈരേഖകളിലേക്ക് ഒരു നിമിഷം തുറിച്ചു നോക്കുകയും ചെയ്യുന്നു. കറിക്ക് അരിയാനായി സ്റ്റോറിൽ നിന്ന് ഉള്ളിച്ചാക്കുകൾ പൊക്കുമ്പോൾ അള്ളാഹ്.. എന്നൊരു നൊമ്പരം നിശ്വസിക്കുന്നു.

എന്നത്തേയും പോലെ ഇന്നലെ പത്തര രാത്രിക്ക് കടയടച്ച് അബ്ബാസിക്ക വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ ഷഹ്ബാനത്ത് ചോദിക്കുന്നു:

""നിങ്ങളാ പോസ്റ്റ് വായിച്ചിരുന്നോ?''

""ഏത് പോസ്റ്റ്?''

""അബ്ബാസിക്കാന്റെ പോസ്റ്റ്?''

""അതേത് അബ്ബാസിക്ക?''

""അത് വേറോരു അബ്ബാസിക്ക''

ടഡാ..

അങ്ങനെയാണ് ഷഹ്ബാനത്ത് ഓരോ കാര്യങ്ങളും ഭർത്താവിന് മനസ്സിലാക്കിക്കൊടുക്കുക. സ്വന്തം കഷ്ടപ്പാടുകളും വിഷമതകളും നേരിട്ട് ഭർത്താവിനോടു പറയാൻ നിന്നാൽ അത് വഴക്കിലും വക്കാണത്തിലുമേ അവസാനിക്കുകയുള്ളൂ. സാഹിത്യമാകുമ്പോൾ തഞ്ചത്തിനും തരത്തിനും ഒരാളുടെ മനസ്സിലേക്ക് അറിയാതെ പടർന്നുകൊള്ളും. സാഹിത്യത്തിലൂടെയാണ് ലോകം തന്നെ മാറിമറിഞ്ഞത്.

അബ്ബാസിക്ക അബ്ബാസിന്റെ ലേഖനസാഹിത്യം വായിച്ചു. മുസ്ലിം സ്ത്രീകളുടെ കഷ്ടപ്പാടുകളെ ഇന്ത ലെവലിൽ റൊമാന്റിസൈസ് ചെയ്യാമോ എന്നൊന്നും അയാൾ ചിന്തിച്ചില്ല. അയാൾക്ക് തീക്കുണ്ഡത്തിന്റെ സ്‌പെല്ലിംഗ് പോലും അറിയില്ലല്ലോ. തന്റെ ഭാര്യയുടെ മുഖത്തേക്ക് അനുതാപത്തോടെ ഒന്നു നോക്കുകമാത്രം ചെയ്തിട്ട് അയാൾ ഒരല്പം വെള്ളം ചോദിച്ചു: ""വെള്ളം''

"ഒരു നിമിഷം വെറുതേയൊന്ന് ഇരിക്കാൻ സമ്മതിക്കില്ലല്ലോ ഈ മനുഷ്യൻ' എന്ന മുഷിപ്പോടെ ഷഹ്ബാനത്ത് അയാൾക്ക് ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടുവന്നു കൊടുത്തു: ""ദാ, വെള്ളം!''

സാഹിത്യത്തിന്റെ "ദു:സ്വഭാവ'ങ്ങളിൽ ഒന്നാണ് വായനക്കാരെ അതിലെ ഏതെങ്കിലും കഥാപാത്രവുമായി താദാത്മ്യപ്പെടാൻ നിർബ്ബന്ധിക്കുക എന്നത്. അബ്ബാസിന്റെ ലേഖനസാഹിത്യത്തിൽ പരാമർശിക്കുന്ന, "നിസ്‌കാരപ്പായയ്ക്കും അടുപ്പുകൾക്കും ഇടയിൽ ഇഴയുന്ന മുസ്ലീം സ്ത്രീ'യുമായി ഷഹ്ബാനത്ത് വളരെവേഗം താദാത്മ്യപ്പെടുന്നു.

അബ്ബാസിക്കയുടെ അടുക്കള പോലെയല്ല ഷഹ്ബാനത്തിന്റെ അടുക്കളയെന്ന് അവർ അതിവേഗം സമർഥിച്ചെടുക്കും. നാലുപേർക്കേ അവൾ വെച്ചു വിളമ്പുന്നുള്ളൂവെങ്കിലും നാനൂറു പേർക്ക് വെച്ചു വിളമ്പുന്ന അബ്ബാസിക്കയുടെ അടുക്കളയേക്കാൾ വേവും ചൂടും തന്റെ അടുക്കളയ്ക്കാണെന്ന് വാദിച്ചു നിൽക്കും. കൃത്യമായി മറുപടി പറയാനാവാത്ത മൂന്ന് വാദങ്ങളാണ് പ്രധാനമായും അതിലുള്ളത്. ഒന്ന്- തന്റെ അധ്വാനത്തിന് വേണ്ടത്ര അംഗീകാരമില്ല. രണ്ട്- തന്റെ അധ്വാനത്തിന് പ്രതിഫലമില്ല. മൂന്ന്- തനിക്ക് അടുക്കളയിൽ നിന്ന് ഒരിക്കലും മോചനമില്ല. അബ്ബാസിക്കയ്ക്ക് വേണമെങ്കിൽ ഹോട്ടൽ പണി മടുത്താൽ അത് നിർത്തി മറ്റേതെങ്കിലും ജോലി നോക്കാം.

ടഡാ..

അബ്ബാസിന്റെ ലേഖനത്തിൽ മുസ്ലീം സ്ത്രീയ്ക്ക് പ്രത്യേകമായി ഒരു അടുക്കളയുണ്ടെന്നും ആ അടുക്കള നോമ്പുകാലത്ത് കൂടുതൽ നരകമായിത്തീരുന്നുവെന്നുമാണ് പറഞ്ഞുവെക്കുന്നത്.

ഓണം വന്നാലും പെരുന്നാള് വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞമാതിരിയാണ് ഏതു വിഭാഗത്തിലേയും പെണ്ണുങ്ങളുടെ അവസ്ഥ. ഏത് ഉത്സവത്തിലും, ആണുങ്ങളും കുട്ടികളും ഉമ്മറത്ത് ആർമാദിക്കുമ്പോൾ അടുക്കളയിൽ പൊരിക്കലും വറുക്കലും "ചുമയ്ക്കലും' ഒക്കെയായി ഉത്സവം കെങ്കേമമാക്കാൻ കഷ്ടപ്പെടുകയാവും പെണ്ണുങ്ങൾ. അങ്ങനെയിരിക്കെ, മുസ്ലീം സ്ത്രീയെ മാത്രം മാറ്റി നിർത്തി അനുതപിക്കുന്നത് അപരവത്കരണത്തിന് ആക്കം കൂട്ടുകയേയുള്ളൂ. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഏതോ ഒരു ലോകത്ത് ജീവിക്കുന്നവരാണ് മുസ്ലീങ്ങൾ എന്ന പ്രൊപഗണ്ടാ പൊതുബോധത്തെ ഊട്ടിയുറപ്പിക്കും ഇത്തരം "പരിഷ്‌കരണ' ശ്രമങ്ങൾ.

Photo: Muhammed Fasil

അബ്ബാസ് എന്നല്ല, ആർക്കും എന്തുവേണമെങ്കിലും എഴുതി ഫലിപ്പിക്കാവുന്നൊരു പലകയായി മുസ്ലിം സമൂഹത്തെ മാറ്റിത്തീർക്കുന്നതിൽ ഇത്തരം "പരിഷ്‌കരണ ശ്രമങ്ങൾ'ക്ക് നല്ല പങ്കുണ്ട്. നമ്മുടെ കലയും സാഹിത്യവും സിനിമയുമെല്ലാം മുസ്ലീങ്ങളെ പരിഷ്‌കരിച്ചു പരിഷ്‌കരിച്ച് "നാലും അഞ്ചും കല്യാണം കഴിക്കുന്നവരും, തുമ്മിയാൽ ത്വലാക്ക് ചൊല്ലുന്നവരും, പളപളെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരും, ബിരിയാണി മാത്രം ആഹരിക്കുന്നവരും, തല്ലാനും കൊല്ലാനും മടിയില്ലാത്തവരും, മര്യാദയ്ക്ക് മലയാളം പറയാൻ അറിയാത്തവരുമാക്കിത്തീർത്തു. ഇങ്ങനെ കിളച്ചിട്ടിരിക്കുന്ന നിലത്താണ് തല്പര കക്ഷികൾ നാർക്കോട്ടിക്ക് ജിഹാദിന്റെ വിത്തെറിഞ്ഞ് മുളപ്പിക്കുന്നത്. കുഴിമന്തി ജിഹാദിനെ വളർത്തിയെടുക്കുന്നത്. ലൗ ജിഹാദിന്റെ വിളവെടുക്കുന്നത്. മുസ്ലീങ്ങൾ ബിരിയാണിയിൽ തുപ്പുമെന്നുപോലും പ്രസംഗിച്ചു നടന്ന് ഒരു ദേശീയപ്പാർട്ടി ആയിരക്കണക്കിന് ആളുകളെ തങ്ങളുടെ സംഘത്തിലേക്ക് പുതുതായി ചേർക്കുന്നു.

നേരിൽ കാണുന്നതിനെ അവഗണിച്ചുകൊണ്ടും, കുറ്റങ്ങളെ പർവ്വതീകരിച്ചുകൊണ്ടും ഒരു അയഥാർഥ ലോകത്തെ പൊതുമനസ്സിൽ ഉറപ്പിക്കുന്നതിലൂടെയാണ് മുസ്ലിം അപരവത്കരണം സാധ്യമാകുന്നത്. രണ്ടു കെട്ടിയവരെത്തന്നെ നമ്മുടെ പരിസരങ്ങളിൽ കണികാണാൻ പ്രയാസമെന്നിരിക്കെ നാലുകെട്ടി അതിൽ ഒരുപറ്റം കുട്ടികളുമായി ജീവിക്കുന്നവരാണ് മുസ്ലിങ്ങൾ എന്ന ഇമേജാണ് പൊതുബോധം ഇതുവരെ നിർമ്മിച്ചു വെച്ചിട്ടുള്ളത്.

നിലവിലെ കുടുംബവ്യവസ്ഥയ്ക്ക് ഒട്ടേറെ ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ഒട്ടേറെ ന്യൂനതകളുമുണ്ട്. പരസ്പരം സറണ്ടർ ചെയ്യപ്പെട്ട ജീവിതങ്ങളെയാണ് നമുക്ക് അവിടെ കാണാനാവുക. ആണും പെണ്ണും പരസ്പരം തങ്ങളുടെ താല്പര്യങ്ങളും സ്വാതന്ത്ര്യങ്ങളും സ്വപ്നങ്ങളും കുടുംബത്തിനു വേണ്ടി അടിയറവെക്കുന്നു. ഈ വ്യവസ്ഥയിൽ കഷ്ടപ്പാടുകൾക്ക് വലിയ അർഥങ്ങളില്ല. ഉത്തരവാദിത്തങ്ങൾ മാത്രമാണ് പ്രധാനം. പാചകം ചെയ്യുന്നതിനെയല്ല, പാചകം ചെയ്യാൻ ഒന്നുമില്ലാത്ത അവസ്ഥയെയാണ് കുടുംബം കഷ്ടപ്പാട് എന്നു വിളിക്കുന്നത്. ആ കഷ്ടപ്പാടിനെ മാത്രമേ കുടുംബത്തിന് ഭയമുള്ളൂ. ഭക്ഷിക്കാൻ ഒരുപാട് ഉണ്ടായിരിക്കുക എന്നത് കുടുബത്തെ സംബന്ധിച്ച് ആഡംബരമാണ്. ഏത് കുടുംബമാണ് ആഡംബരം ആഗ്രഹിക്കാത്തത്? സ്വന്തം അടുപ്പിൽ നാഴി അരിയിട്ട് തീപുകയ്ക്കാനായി എത്രയോ അടുക്കളകളിൽ പാത്രം മോറുകയും എത്രയോ വിഴുപ്പുകൾ അലക്കുകയും ചെയ്യുന്ന സ്ത്രീകൾ ജീവിക്കുന്നൊരിടം കൂടിയല്ലേ കേരളം. അത് ഒരു ജോലിയായിരിക്കെത്തന്നെ കഷ്ടപ്പാട് കൂടിയാണ്. പലപ്പോഴും അത്തരം ജോലികളിൽ അവരുടെ ആത്മാവിനും ആത്മാഭിമാനത്തിനും പോറലേൽക്കുന്നു.

Photo: Malabar Spices

ഈ അവസ്ഥയിൽ ഒരു ചോദ്യം മാത്രമാണ് പ്രധാനം. ഒരു കുടുംബത്തിലെ അടുക്കളജോലികൾ ആരുചെയ്യണം, എന്നതു മാത്രമാണത്. അരി ആരുണ്ടാക്കണം? ചോറ് ആരുണ്ടാക്കണം? - ഈ രണ്ട് ചോദ്യങ്ങളിലേക്ക് അതിനെ പിരിച്ചെഴുതുകയും ആവാം.

100 ശതമാനം പൗരന്മാർക്കും വേണ്ട തൊഴിലുകൾ നിലവിലില്ലെന്നിരിക്കെ സ്ത്രീയ്ക്കും പുരുഷനും ജോലി ചെയ്യാനാവുക എന്നത് എല്ലാ കുടുംബങ്ങളിലും സാധ്യമല്ല.

ഏതു ജോലിക്കും സ്ത്രീ പ്രാപ്തയാണ് എന്ന വാദങ്ങൾ നിലനിൽക്കെത്തന്നെ കഠിന ജോലികൾ എന്ന് പൊതുവേ കരുതപ്പെടുന്ന മേഖലകളിൽ ഇപ്പോഴും സ്ത്രീ പ്രാതിനിധ്യം ഇല്ലെന്നു തന്നെ പറയാം. ടെക്‌നോളജിയുടേയും മെഷീനറികളുടേയും കടന്നുവരവ് സ്ത്രീകൾക്ക് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനുള്ള വഴിയൊരുക്കുന്നുണ്ട്. എങ്കിലും, തീരദേശമത്സ്യബന്ധനം പോലെ ലക്ഷക്കണക്കിനു പുരുഷന്മാർ ജോലി ചെയ്യുന്ന ഇടങ്ങളിൽ സ്ത്രീകളെ കണ്ടുകിട്ടാൻ പ്രയാസമാണ്. കയറ്റിറക്ക് പോലെയുള്ള മേഖലകളിലും സ്ത്രീ പ്രാതിനിധ്യം ഇല്ല. ഇങ്ങനെയുള്ള കുടുംബങ്ങളിൽ, "സ്ത്രീയുടെ കഷ്ടപ്പാട്' എന്ന വാദത്തിന് അധികം ബലമുണ്ടാവുകയില്ല. സ്ത്രീയും പുരുഷനും ഇവിടെ ഒരേ കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ്. വിഭവങ്ങൾ എത്തിക്കുന്ന പുരുഷനേക്കാൾ വിഭവങ്ങൾ പാചകം ചെയ്യുന്ന സ്ത്രീയ്ക്ക് ഇവിടെ കഷ്ടപ്പാടില്ല.
സ്ത്രീകൾ കഷ്ടപ്പെടുന്നു എന്ന് കരുതേണ്ടത്, താരതമ്യം ചെയ്യേണ്ടിവരുന്ന അവസ്ഥകളിൽ മാത്രമാണ്. പുരുഷൻ ആയാസരഹിതമായി സമ്പാദിക്കുകയും സ്ത്രീ അടുക്കളയിൽ മാത്രമായി ഒതുങ്ങുകയും ചെയ്യുമ്പോഴാണ് സ്ത്രീയ്ക്ക് അടുക്കള ഒരു തടവറയാകുന്നത്. അവൾ അവിടെ വേവുന്നത്. രണ്ടുപേർ ഓടുമ്പോൾ രണ്ടുപേരും ഓടുകയാണ്. ഒരാൾ സൈക്കിളിലും മറ്റയാൾ ഓട്ടത്തിലുമാണെങ്കിൽ ഓടുന്നയാൾ പ്രയാസത്തിലാണ്. രണ്ടുപേരും സൈക്കിളിലാകുമ്പോഴും പ്രശ്‌നമില്ല. ഒരാൾ കാറിലും മറ്റയാൾ സൈക്കിളിലും ആണെങ്കിൽ സൈക്കിളിൽ ഉള്ളയാൾ പ്രയാസത്തിലാണ്.

എല്ലായിടത്തും എപ്പോഴും "കഷ്ടപ്പാടിന്റെ' കുപ്പായം എടുത്തണിയുന്നില്ലെങ്കിലും ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം സ്ത്രീകളെ പതിവിലധികം കഷ്ടപ്പെടുത്തുന്നു എന്ന കാര്യത്തിൽ അബ്ബാസിനോടൊപ്പം നിൽക്കാൻ തന്നെയാണ് താല്പര്യം.. പക്ഷേ, തുടക്കത്തിൽ പറഞ്ഞതുപോലെ, മുസ്ലീം സ്ത്രീകൾ പ്രത്യേകമായൊരു നരക ജീവിതം ജീവിക്കുന്നു എന്നത് മുസ്ലീം അപരവത്കരണത്തിന് ആക്കം കൂട്ടുകയേയുള്ളൂ. അഥവാ മുസ്ലിം സ്ത്രീകളോ മുസ്ലീങ്ങൾ പൊതുവേയോ ഏതെങ്കിലും വിധത്തിലുള്ള നരക ജീവിതമാണ് നയിക്കുന്നതെങ്കിൽ പോലും അവരെ ഒന്നു പരിഷ്‌കരിച്ചെടുക്കാനുള്ള ശ്രമം അപകടകരമാം വിധം ആയുധമാക്കപ്പെടുന്ന സാമൂഹിക സാഹചര്യവും നിലനിൽക്കുന്നു.

Photo: Muhammed Fasil

ടഡാ..

വാട്ട്‌സാപ്പ് ഗ്രൂപ്പിലെ പ്രീത ദിവസവും വന്ന് ചോദിച്ചും: .

""കൂട്ടുകാരേ, എന്തൊക്കെയാണ് ഇന്നത്തെ നോമ്പുതുറ വിഭവങ്ങൾ?''

ഞാനാണ് അതിന് ആദ്യം മറുപടി കൊടുക്കുക. ഞാൻ ഒരു ലിസ്റ്റ് പോസ്റ്റു ചെയ്യും:

ഈന്തപ്പഴം
നാരങ്ങാവെള്ളം
തണ്ണിമത്തൻ ജ്യൂസ്
സമോസ
പഴമ്പൊരി
കഞ്ഞി
പയർ
ഇഡിയപ്പം
ചിക്കൻ കറി
ആപ്പിൾ
മുന്തിരി
ഓറഞ്ച്.

അങ്ങനെ 12 ഐറ്റങ്ങൾ. ചില ദിവസങ്ങളിൽ വിരുന്നുകാരുണ്ടെങ്കിൽ പതിനാലോ പതിനഞ്ചോ ആവാം. ദിവസങ്ങൾ പോകെപ്പോകെ വിഭവങ്ങൾ കുറഞ്ഞു വരികയും ആവാം. എന്നിരുന്നാലും ഒരു നോമ്പു തുറയുടെ സാമാന്യം ഭേദപ്പെട്ട മെന്യു ആണ് മുകളിൽ. ഇവയും പിന്നെ അച്ചാറ് മിച്ചാറ് സലാഡ് സുലാഡ് ഒക്കെയും കൂടി ഒരു ടേബിളിൽ നിരത്തുമ്പോൾ നിറയും. കളർഫുൾ ആകും. അങ്ങനെ കളർഫുൾ ആക്കി ഒരു ഫോട്ടോ കൂടി ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യലാണ് പിന്നത്തെ പടി. അപ്പോഴേക്കും പല കോണിൽ നിന്നായി ചോദ്യങ്ങൾ വരും:

""ഇതെല്ലാം കൂടി എപ്പോൾ തിന്നു തീർക്കും?''

ഇതിൽ സമോസയും പഴമ്പൊരിയും പുറത്തെ കടയിൽ നിന്ന് വാങ്ങിയതാണ്. ഇന്നലത്തെ ചിക്കൻ കറിയാണ് ഇന്നും വിളമ്പുന്നതെങ്കിൽ അങ്ങനെ ലാഭിച്ച സമയത്തിന് പഴമ്പൊരി വീട്ടിൽ ഉണ്ടാക്കിയതാവാനും മതി. കഞ്ഞി പള്ളിയിൽ നിന്ന് കൊണ്ടുവരും. ഇഡിയപ്പവും ചിക്കൻ കറിയുമാണ് ഇതിൽ അല്പം സമയം മെനക്കെടുത്തേണ്ട വിഭവങ്ങൾ. ഫ്രൂട്ട്‌സ് ഐറ്റംസ് ഒക്കെ അരിഞ്ഞാൽ മതി. അത് മഗ്രിബ് ബാങ്ക് വിളിക്കുന്നതിന് 15-20 മിനിട്ട് മുമ്പ് മാത്രം തയ്യാറാക്കാൻ തുടങ്ങുന്നവയാണ്. അതൊരു കൂട്ടുസംരംഭം കൂടിയാണ്.

ഇതെല്ലാം കൂടി എപ്പോൾ തിന്നും എന്നു ചോദിച്ചാൽ, പകുതിയിലധികം അപ്പോൾ തന്നെ തിന്നും. ഫ്രൂട്ട്‌സും ജ്യൂസുകളും രണ്ട് പൊരി സാധനങ്ങളും അകത്താക്കുമ്പോഴേക്ക് പകുതി കഴിയും. അടുത്തത് എട്ടെട്ടര മണിയാകും. ഇഡിയപ്പം + ചിക്കൻ കറി. കഞ്ഞി+പയർ ഇതിനിടയിലോ ഇതുകഴിഞ്ഞോ ഒരു ഗ്ലാസ്സ് കുടിക്കും. ബാക്കി വരുന്ന സാധനങ്ങൾ പുലർച്ചെ ഇടയത്താഴത്തിനു കഴിക്കും. അതല്ലാതെ, പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഒരു ടോറസ് തീറ്റസാധനങ്ങൾ ഹൈഡ്രോളിക്കിൽ പൊക്കി വായിലേക്ക് തട്ടുകയല്ല ചെയ്യുന്നത്.

അബ്ബാസിന്റെ ലേഖനം വന്നശേഷം, വാട്ട്‌സാപ്പിൽ ലിസ്റ്റ് ഇടുമ്പോൾ കടയിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വലതുവശത്ത് കട എന്നു ഞാൻ ബ്രാക്കറ്റിൽ എഴുതാൻ തുടങ്ങി. ഉന്നക്കാ (കട). ഇങ്ങനെ എഴുതിയില്ലെങ്കിൽ, ഗ്രൂപ്പിൽ എല്ലാവരും തമ്പ്‌സപ്പ് കാണിക്കുമെങ്കിലും സീക്രട്ട് ഗ്രൂപ്പുകളിൽ പറയും:

""ആ പഹയൻ, ഷഫീക്ക്, ഈ നോമ്പുകാലത്ത് ഭാര്യയെയിട്ട് കഷ്ടപ്പെടുത്തുകയാണ്''

ടഡാ..

Comments