രാത്രിയാത്രകൾ; സീന ജോസഫിന്റെ കവിത

വിളക്കുകാലിനു താഴെ വെളിച്ചം
സൂര്യന്റെ ഓർമ വരച്ചു ചേർക്കുന്നു
ജാലകത്തുറവിയിൽ അവൾ അതു നോക്കി
നന്നായിരിക്കുന്നല്ലോ എന്നോർത്തു

പകൽ ജാലകത്തിന്റെ മറവിലിരുന്ന്
സൂര്യൻ നിഴൽച്ചിത്രങ്ങൾ പേർത്തും പേർത്തും
മാറ്റിവരയ്ക്കുന്നത് നോക്കിയിരിക്കലാണ്
അവളുടെ ഇഷ്ടവിനോദങ്ങളിലൊന്ന്

രാത്രിയിലാണ് ചിന്തകൾ നിർബന്ധപൂർവ്വം
അവളേയും വിളിച്ച് നടക്കാനിറങ്ങുന്നത്
പകൽ തിളച്ചുമറിയുമ്പോൾ മുങ്ങിപ്പോകുന്ന പലതും
രാത്രിയുടെ മനപ്പൂർവ്വമുള്ള മൗനത്തിൽ കേൾക്കാം

ആരുടേയൊക്കെയോ മൗനസംവാദങ്ങൾ
അപ്പൂപ്പൻതാടികൾ പോലെ ചുറ്റും പറന്നുനടക്കും

‘‘ഒന്നു തിരികെ വിളിച്ചിരുന്നെങ്കിൽ''
‘‘പോവരുതെന്ന് പറയാമായിരുന്നു''

‘‘എന്നാലും ഞാൻ അവളുടെ അമ്മയല്ലേ , എന്നോടു ക്ഷമിച്ചൂന്ന് അവൾക്ക് പറഞ്ഞാലെന്താ''

‘‘എനിക്കാരുടേയും ഔദാര്യം വേണ്ട, എന്നെ മര്യാദ പഠിപ്പിക്കാനാരും വരുകയും വേണ്ട''

രാത്രിയുടെ ഭാരംകുറഞ്ഞ വായുവിൽ
അന്നേരം അവളും ഒരു അപ്പൂപ്പൻതാടിയാകും
പൊടിയാത്ത കണ്ണീരിന്റെ നനവുള്ള വാക്കുകൾക്കൊപ്പം
വെറുതെ അങ്ങനെ പുലരുവോളം പറന്നുനടക്കും

പകലിന്റെ തീരാ ബഹളങ്ങൾക്കിടയിൽ
തനിച്ചായിപ്പോകുന്ന ഒരു കുഞ്ഞിനെ
ഉള്ളിൽ കൊണ്ടുനടക്കുന്നവർ ഇത്രയേറെയുണ്ടോ
എന്നവൾ വെറുതെ നിത്യവും അത്ഭുതപ്പെടും

രാത്രിയാത്രയിങ്ങനെ പുരോഗമിക്കുമ്പോഴേക്കും
ജാലകപ്പടിയിൽ തലചാരി അവളുറങ്ങിപ്പോയിട്ടുണ്ടാവും...

Comments