കയ്യിൽ ഒരു കെട്ട് പുസ്തകങ്ങളുമായി തിടുക്കത്തിൽ പത്രസ്ഥാപനത്തിന്റെ പടി കയറി വരുന്ന കാനേഷ് പൂനൂരിനെ ധിക്കാരപൂർവം തടഞ്ഞുനിർത്തി എന്റെ ചോദ്യം: ""എന്താണ് സാർ ഈ ചീരണിയും റൂഹും മൗത്തും?''
അന്ധാളിച്ചു പോയിരിക്കണം പാവം കാനേഷ്. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനാണ് വിചിത്രമായ ചോദ്യവുമായി മുന്നിൽ. അതും ഔചിത്യലേശമില്ലാതെ. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കാനേഷ് പകച്ചുനിന്നപ്പോൾ, ഓർമ്മയിൽ നിന്ന് ഒരു പാട്ടിന്റെ വരികൾ മൂളി ഞാൻ: "ഏതോ സുബർക്കത്തിൽ സ്വർണത്താമര മഞ്ചത്തിൽ/ ചിരിയുടെ ചീരണി ബെച്ചു നീ സുൽത്താനേകുമ്പോൾ / റൂഹിലെരിയിച്ച ചന്ദനത്തിരി ഗന്ധത്തിൽ/ ഹൂറീ ഞാൻ മൗത്തായ മോഹത്തിൻ ജാറം മൂടുന്നു..' പതിനാലാം രാവ് (1979) എന്ന ചലച്ചിത്രത്തിൽ രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തി ജയചന്ദ്രൻ വിഷാദമധുരമായി പാടിയ ""പനിനീര് പെയ്യുന്നു പതിനാലാം രാവിൽ പനിമതി'' എന്ന പാട്ടിന്റെ അനുപല്ലവി. ""എനിക്കേറെ പ്രിയപ്പെട്ട പാട്ടാണ്. എപ്പോൾ കേട്ടാലും മനസ്സിൽ അജ്ഞാതമായ വിഷാദം നിറയ്ക്കുന്ന പാട്ട്. അതിലെ ആ മൂന്ന് വാക്കുകൾ മാത്രം ഇന്നും പിടിതന്നിട്ടില്ല. എഴുതിയ ആളെ എന്നെങ്കിലും നേരിൽ കാണുമ്പോ ചോദിക്കണം എന്നുറച്ചിരുന്നു. ഇപ്പോഴാണ് അവസരം ഒത്തുവന്നത്. പറഞ്ഞുതന്നാലും....''
ഇത്തവണ കാനേഷ് ഹൃദയം തുറന്നു ചിരിച്ചു. പേര് ചോദിച്ചു പരിചയപ്പെട്ട ശേഷം എന്റെ ചോദ്യത്തിന് ക്ഷമാപൂർവം മറുപടി നൽകി അദ്ദേഹം: ""ചീരണി എന്നാൽ അരിയും ശർക്കരയും മറ്റും ചേർത്തു തയ്യാറാക്കി വിശേഷാവസരങ്ങളിൽ വിതരണം ചെയ്യുന്ന ഒരു മധുരപദാർത്ഥം. ചിരിയുടെ ചീരണി വെച്ച് പ്രണയപൂർവം കാമുകനേകുകയാണ് ഇവിടെ കാമുകി. റൂഹ് എന്ന അറബി വാക്കിന് ജീവൻ എന്നർത്ഥം. മൗത്തായ എന്ന് വെച്ചാൽ മൃതമായ, അല്ലെങ്കിൽ ജീവച്ഛവമായ....'' ഒരു നിമിഷം നിർത്തി കാനേഷിന്റെ ചോദ്യം. ""മതിയോ?'' ചിരിച്ചുകൊണ്ട് തലയാട്ടി ഞാൻ. പിന്നെ ഇഷ്ടഗാന രചയിതാവിന്റെ കൈപിടിച്ച് കുലുക്കി. ""മാപ്പിളപ്പാട്ടുകൾ നൂറുകണക്കിന് ഉണ്ടായിട്ടുണ്ടാകും മലയാള സിനിമയിൽ. അധികവും കെസ്സുപാട്ടുകളും തമാശ കലർന്ന പാട്ടുകളും. അല്ലെങ്കിൽ ഒപ്പനപ്പാട്ടുകൾ. മിക്കവയും ഹിറ്റുകളാണ് താനും. എങ്കിലും നിങ്ങളുടെ പാട്ടോളം മനസ്സിനെ സ്പർശിച്ചവ അപൂർവം. രചനയോ സംഗീതമോ ആലാപനമോ ഏതാണ് മുന്നിൽ നിൽക്കുന്നതെന്ന് പറയുക വയ്യ. മൂന്നും ഒന്നിനൊന്ന് മെച്ചം. ജയചന്ദ്രന്റെ ആലാപനം എത്ര ഹൃദ്യം. ഒരു നേർത്ത ഗദ്ഗദം ഇല്ലേ ആ ശബ്ദത്തിൽ എന്ന് തോന്നും ചിലപ്പോൾ....''
വേദന കലർന്ന ഇശൽ
അതായിരുന്നു കാനേഷുമായുള്ള ആദ്യ കൂടിക്കാഴ്ച. പിന്നീട് അതേ പത്രസ്ഥാപനത്തിൽ ഞങ്ങൾ സഹപ്രവർത്തകരായി. മാസങ്ങൾ മാത്രം നീണ്ടുനിന്ന ആ ""സഹജീവന''ത്തെ അവിസ്മരണീയമാക്കിയത് ""വർത്തമാന''ത്തിന്റെ ചാലപ്പുറം ഓഫീസിൽ ഒരുമിച്ചു ചെലവഴിച്ച സംഗീതരാവുകളാണ്. പാട്ടും കവിതയും സിനിമയും പത്രപ്രവർത്തനവുമെല്ലാം വിഷയങ്ങളായി വന്നു നിറഞ്ഞ കൂട്ടായ്മകൾ. ഇന്നും അപൂർവമായി കാനേഷ് ഫോൺ ചെയ്യുമ്പോൾ കാതിൽ മുഴങ്ങുക പതിനാലാം രാവിലെ ആ പാട്ടു തന്നെ.
''മാപ്പിളപ്പാട്ടുകൾ നൂറുകണക്കിന് ഉണ്ടായിട്ടുണ്ടാകും മലയാള സിനിമയിൽ. അധികവും കെസ്സുപാട്ടുകളും തമാശ കലർന്ന പാട്ടുകളും. അല്ലെങ്കിൽ ഒപ്പനപ്പാട്ടുകൾ. മിക്കവയും ഹിറ്റുകളാണ് താനും. എങ്കിലും നിങ്ങളുടെ പാട്ടോളം മനസ്സിനെ സ്പർശിച്ചവ അപൂർവം.''
ഒരിക്കലും കേട്ടു മതിവരാത്ത പാട്ട്. ജയചന്ദ്രൻ അതിലും മികച്ച ഗാനങ്ങൾ പാടിയിരിക്കാം; രാഘവൻ മാഷ് അതിലും ഗംഭീരമായ പാട്ടുകൾ സ്വരപ്പെടുത്തിയിരിക്കാം. എങ്കിലും വേദന കലർന്ന പുതിയൊരു ഇശൽ മൂളി പിടയെ വിളിക്കുന്ന ആ പൈങ്കിളിയുടെ ശബ്ദത്തിലെ വിരഹം ഇന്നും മനസ്സിനെ ആർദ്രമാക്കുന്നു.
വരികളിൽ മാറ്റങ്ങളോടെ രണ്ടു വ്യത്യസ്ത സന്ദർഭങ്ങളിൽ കടന്നുവരുന്നുണ്ട് ""പതിനാലാം രാവി''ൽ ആ ഗാനം. അത്തർ വിൽക്കാൻ വരുന്ന ഒരു ചെറുപ്പക്കാരൻ (അന്തരിച്ച നടൻ രവിമേനോൻ അവതരിപ്പിച്ച കഥാപാത്രം), ഒരു പാവം പെൺകുട്ടിയിൽ (ഊർമ്മിള ) അനുരക്തനാകുന്നതും, അവർ ഒരുമിക്കും മുൻപ് രണ്ടാം കെട്ടുകാരനായ ധനാഢ്യൻ (സലാം കാരശ്ശേരി ) അവളെ കല്യാണം കഴിച്ചു കൊണ്ടുപോകുന്നതുമാണ് സിനിമയുടെ കഥ. കാമുകിയെ നഷ്ടപ്പെട്ട വേദനയിൽ കാമുകന് പാടാൻ ഒരു പാട്ട് വേണം.
കഥാസന്ദർഭത്തിന്റെ വികാരതീവ്രത ഉൾക്കൊണ്ടു തന്നെ നിമിഷങ്ങൾക്കകം കാനേഷ് പാട്ടെഴുതി: "പനിനീര് പെയ്യുന്നു പതിനാലാം രാവിൽ പനിമതി, പിടയെ വിളിക്കുന്നു പുതിയൊരു ഇശൽ മൂളി പൈങ്കിളി...' ഗാനത്തിന്റെ പല്ലവി മാത്രം നിലനിറുത്തി ആഹ്ലാദാന്തരീക്ഷമുള്ള മറ്റൊരു ഗാനം കൂടി ജയചന്ദ്രന് വേണ്ടി അതേ പടത്തിൽ എഴുതി കാനേഷ്. കൂടുതൽ പ്രിയപ്പെട്ടത് വിഷാദഗാനം തന്നെ. എനിക്ക് മാത്രമല്ല, പാടിയ ജയചന്ദ്രനും, സംഗീതം പകർന്ന രാഘവൻ മാഷിനും.
"അകതാരിൽ സൂക്ഷിച്ചോരാശ തൻ അത്തർ തൂവിപ്പോയ്, കൽപ്പന തുന്നിയ പട്ടുറുമാലും പിഞ്ഞിപ്പോയ്, മാണിക്യവും മുത്തും കോർത്തു തീർത്ത മണിമാല, മാറിലണിയിക്കും മുൻപേ വീണു ചിതറിപ്പോയ്...'-- വികാരജീവിയായ ഒരു നിരാശാകാമുകന്റെ ആത്മഗീതം. ഭാസ്‌കരൻ മാസ്റ്റർക്കേ ഇത്രയും മനോഹരമായ വരികൾ എഴുതി ഫലിപ്പിക്കാൻ കഴിയൂ എന്ന് വാശിയോടെ വാദിച്ച സംഗീത പ്രേമിയായ ഒരു സുഹൃത്തിനെ ഓർമ്മവരുന്നു. ""പലർക്കും അറിയില്ല ആ പാട്ട് ഞാൻ എഴുതിയതാണെന്ന്.''-- കാനേഷ് പറഞ്ഞു. ""എങ്കിലും പരാതിയില്ല. ഇത്ര കാലത്തിനു ശേഷവും എന്റെ പാട്ട് ഓർമ്മയിൽ സൂക്ഷിക്കുന്നവർ ഉണ്ട് എന്നറിയുമ്പോൾ സന്തോഷം. കണ്ണടച്ച് തുറക്കും മുൻപ് പാട്ടുകൾ ചുണ്ടിൽ നിന്നും മനസ്സിൽ നിന്നും മാഞ്ഞുപോകുന്ന കാലമല്ലേ?''
സൗഹൃദങ്ങളുടെ സുൽത്താൻ
കൗതുകരമാണ് കാനേഷിന്റെ സിനിമാ യാത്രകൾ. ഗാനരചയിതാവാകുക എന്ന മോഹം പണ്ടേയുണ്ട് ഉള്ളിൽ. പക്ഷെ യാദൃച്ഛികമായി പാട്ടെഴുതാൻ അവസരം ഒത്തുവന്നപ്പോൾ അദ്ദേഹം ശുപാർശ ചെയ്തത് ആത്മസുഹൃത്തിന്റെ പേരാണ്.
കാനേഷിന്റെ സുമനസ്സ് അങ്ങനെ മലയാള സിനിമക്ക് പ്രതിഭാധനനായ ഒരു പാട്ടെഴുത്തുകാരനെ സമ്മാനിക്കുന്നു: പൂവച്ചൽ ഖാദർ.
എന്തുകൊണ്ട് സ്വയം ആ ക്ഷണം സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് സൗമ്യമായ പുഞ്ചിരിയാണ് കാനേഷിന്റെ മറുപടി. സൗഹൃദങ്ങൾക്ക് മറ്റെന്തിനേക്കാൾ വില കല്പിക്കുന്ന നന്മ നിറഞ്ഞ ഒരു കോഴിക്കോടൻ മനസ്സുണ്ട് ആ ചിരിയിൽ. പൂവച്ചൽ പിന്നീട് നൂറു കണക്കിന് സിനിമകൾക്ക് പാട്ടെഴുതി. എങ്കിലും സിനിമാപ്രവേശത്തിന് നിമിത്തമായ സുഹൃത്തിനെ ഒരിക്കലും മറന്നില്ല പൂവച്ചൽ. ഇന്നും ആത്മസുഹൃത്തുക്കളാണ് ഇരുവരും. വൈകിയാണെങ്കിലും, നീണ്ട കാത്തിരിപ്പിനൊടുവിൽ സിനിമാഗാനരചനക്കുള്ള അവസരം കാനേഷിനെയും തേടിയെത്തുക തന്നെ ചെയ്തു. എഴുതിയ പാട്ടുകൾ എണ്ണത്തിൽ കുറവെങ്കിലും, അവയിലൊന്ന് നാല് പതിറ്റാണ്ടുകൾക്കിപ്പുറവും ആസ്വാദകമനസ്സുകളിൽ ജീവിക്കുന്നു എന്നത് സംതൃപ്തിയും സന്തോഷവും പകരുന്ന കാര്യം. 1970 കളുടെ അവസാനം ചലച്ചിത്ര ഗാനങ്ങൾ അർത്ഥരഹിതമായ ജല്പനങ്ങളും സംഗീതം ശബ്ദഘോഷവുമായി മാറിക്കൊണ്ടിരുന്ന നാളുകളിലാണ് , വിഷാദസാന്ദ്രമായ ആ പാട്ട് എങ്ങുനിന്നോ വന്നു മലയാളികളുടെ ഹൃദയം കീഴടക്കിയത്. ഇന്നുമില്ല അതിന്റെ ആസ്വാദ്യതയ്ക്ക് മങ്ങൽ.
ഭാസ്‌കരൻ മാസ്റ്റർക്കേ ഇത്രയും മനോഹരമായ വരികൾ എഴുതി ഫലിപ്പിക്കാൻ കഴിയൂ എന്ന് വാശിയോടെ വാദിച്ച സംഗീത പ്രേമിയായ ഒരു സുഹൃത്തിനെ ഓർമ്മവരുന്നു. ""പലർക്കും അറിയില്ല ആ പാട്ട് ഞാൻ എഴുതിയതാണെന്ന്.''-- കാനേഷ് പറഞ്ഞു.
പത്രപ്രവർത്തനത്തിൽ നിന്ന് പാട്ടെഴുത്തിലേക്ക് കടന്നു വന്നയാളാണ് താമരശ്ശേരിക്കടുത്ത് പൂനൂർ സ്വദേശിയായ കാനേഷ് . ജേർണലിസം ഉപവിഷയമായി എടുത്തു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം എ. എം കുഞ്ഞിബാവ, പി. കെ മുഹമ്മദ്, പുത്തൂർ മുഹമ്മദ് എന്നിവരുടെ പ്രോത്സാഹനത്തോടെ ചന്ദ്രിക വാരികയുടെ പത്രാധിപ സമിതിയിൽ ഇടം നേടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീടൊരു ഘട്ടത്തിൽ വാരികയുടെ പൂർണ ചുമതല ഏറ്റെടുക്കേണ്ടിയും വന്നു. സാഹിത്യവും സംഗീതവും സൗഹൃദങ്ങളുമെല്ലാം ചേർന്ന് അവിസ്മരണീയമാക്കിയ കാലം. സാഹിത്യ അക്കാദമി അവാർഡ് നേടിയ എം. മുകുന്ദന്റെ ഈ ലോകം അതിലൊരു മനുഷ്യൻ, ബഷീറിന്റെ ഓർമ്മയുടെ അറകൾ, പൊറ്റെക്കാടിന്റെ നോർത്ത് അവന്യൂ തുടങ്ങിയ പ്രസിദ്ധ നോവലുകളൊക്കെ അക്കാലത്തു ചന്ദ്രികയിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ബാലകൃഷ്ണൻ മാങ്ങാട്, വിനയൻ, എം. എൻ കാരശ്ശേരി, യു. കെ കുമാരൻ, വൈശാഖൻ, പി.കെ പാറക്കടവ്, സാറാ ജോസഫ്, വി. ആർ സുധീഷ്, ടി. വി കൊച്ചുബാവ, എ. പി കുഞ്ഞാമു തുടങ്ങി നിരവധി യുവ എഴുത്തുകാർ. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സാഹിത്യ നിരൂപണവും സലാം കാരശ്ശേരിയുടെ സിനിമാ നിരൂപണവും അക്കാലത്ത് ചർച്ച ചെയ്യപ്പെട്ട പംക്തികളായിരുന്നു. ""ആദ്യ കാലത്ത് വാരികയിൽ രേഖാചിത്രങ്ങൾ വരച്ചിരുന്നവരിലൊരാൾ ഐ. വി ശശിയാണ്. അന്ന് സിനിമയിൽ ആർട്ട് ഡയറക്ടരും അസോസിയേറ്റുമായിരുന്ന ശശി ചെന്നൈയിൽ നിന്ന് ഇടയ്ക്കു നാട്ടിൽ വരുമ്പോൾ ഞാനുമായി കമ്പനി കൂടാനെത്തും. സിനിമയുടെ അണിയറക്കഥകൾ പങ്കുവച്ച് ഞങ്ങൾ കോഴിക്കോട് നഗരപ്രാന്തങ്ങളിൽ കറങ്ങി നടക്കും..'' കാനേഷ് പൂനൂർ ഓർക്കുന്നു.
പ്രശസ്ത നടി വിജയനിർമ്മല "കവിത' എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നത് അക്കാലത്താണ്. ശശിയായിരുന്നു മുഖ്യ പ്രചോദനം. പാട്ടെഴുതുന്നത് ഭാസ്‌കരൻ മാഷാണെങ്കിലും പടത്തിലെ നായിക കവയിത്രി ആയതിനാൽ പശ്ചാത്തലത്തിൽ ചേർക്കാൻ കുറച്ചു കവിതകൾ കൂടി വേണം. ശശി ഇക്കാര്യം പറഞ്ഞപ്പോൾ ഗാനരചയിതാവായി പൂവച്ചലിന്റെ പേർ നിർദേശിക്കാൻ ഇരുവട്ടം ആലോചിക്കേണ്ടി വന്നില്ല കാനേഷിന്. സിനിമക്ക് വേണ്ടി ചില കവിതാ ശകലങ്ങൾ എഴുതിക്കൊണ്ട് അങ്ങനെ പൂവച്ചൽ ഗാനരചയിതാവായി അരങ്ങേറുന്നു. തൊട്ടുപിന്നാലെ ശശിയുടെ തന്നെ ശുപാർശയിൽ കാറ്റ് വിതച്ചവൻ എന്ന സിനിമയ്ക്ക് കൂടി പൂവച്ചൽ പാട്ടെഴുതി -- മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു ജൈത്രയാത്രയുടെ തുടക്കം.
നിഴലേ നീ സാക്ഷി
ആറു വർഷം കഴിഞ്ഞാണ് ""പതിനാലാം രാവിലൂടെ'' പാട്ടെഴുത്തുകാരനായി കാനേഷിന്റെ അരങ്ങേറ്റം. അതിനു മുൻപേ ബി. പി മൊയ്തീൻ നിർമിക്കാനിരുന്ന നിഴലേ നീ സാക്ഷി എന്ന പടത്തിനു വേണ്ടി ഗാനങ്ങൾ എഴുതാൻ അദ്ദേഹത്തിന് അവസരം ലഭിച്ചതാണ്. സീമ നായികയായി തുടക്കം കുറിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു അത്. സംവിധായകൻ ബേബി. കാനേഷ് രചിച്ച "കവിതയ്ക്ക് കരിനീലക്കണ്ണുകൾ'എന്ന് തുടങ്ങുന്ന പാട്ട് രാഘവൻ മാഷ് കമ്പോസ് ചെയ്‌തെങ്കിലും പടം മുടങ്ങി. പിന്നീടാണ്, എം. എൻ കാരശ്ശേരി തിരക്കഥയെഴുതി ശ്രീനി സംവിധാനം ചെയ്ത പതിനാലാം രാവ്. സുഹൃത്തായ എം. എൻ കാരശ്ശേരി അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ നിർമാതാവ് സലാം കാരശ്ശേരിയോടു പാട്ടെഴുത്തുകാരനായി കാനേഷിന്റെ പേര് നിർദേശിക്കുകയായിരുന്നു. ""പതിനാലാം രാവി''ൽ മറ്റ് രണ്ടു പേർ കൂടിയുണ്ടായിരുന്നു ഗാനരചയിതാക്കളായി -- പൂവച്ചലും (അഹദോന്റെ തിരുനാമം) പി. ടി അബ്ദുറഹ്മാനും (പെരുത്ത് മൊഞ്ചുള്ളോരുത്തി).
ചെന്നൈയിലാണ് റെക്കോർഡിംഗ്. രണ്ടു കാരശ്ശേരിമാർക്കും പി. എ ബക്കറിനുമൊപ്പം സിനിമാ നഗരത്തിൽ ചെലവഴിച്ച നാളുകൾ മറക്കാനാവില്ല. ""കെ ജി ജോർജും ബക്കറും ചെന്നൈയിൽ അടുത്തടുത്ത ഫ്‌ളാറ്റുകളിലാണ് താമസം. ബക്കറിന്റെ ചുവന്ന വിത്തുകൾക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സർക്കാരിന്റെ അവാർഡ് ലഭിച്ച വിവരം അറിയുന്നത് അവിടെ വച്ചാണ്. ഗംഭീരമായ ആഘോഷമുണ്ടായി. ആദം അയൂബും പൂവച്ചൽ ഖാദറും ഒക്കെ ഉണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ. ഉറങ്ങാൻ കിടന്നപ്പോൾ ഏറെ വൈകി. ഉറക്കം പിടിച്ചു തുടങ്ങിയപ്പോളാണ് നാട്ടിൽ നിന്ന് ഫോൺ: സലാം കാരശ്ശേരിയുടെ മൂത്ത പെങ്ങൾ മരിച്ചു. ഞങ്ങൾ എല്ലാം എണീറ്റിരുന്നു. വാർത്തയുടെ നടുക്കത്തിൽ പൂവച്ചൽ തല കറങ്ങി വീഴാൻ പോയി. ആരൊക്കെയോ ചേർന്ന് പിടിച്ചത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല. സലാമിനും എം. എൻ കാരശേരിക്കും പെട്ടെന്ന് നാട്ടിൽ പോയേ പറ്റൂ. എന്നാൽ ടാക്‌സി വിളിക്കാൻ കാശില്ല. ബക്കർ പണത്തിനായി പല വാതിലുകളും മുട്ടി. ഒടുവിൽ അദ്ദേഹം നിർമിച്ച ഓളവും തീരവും എന്ന പടത്തിലെ നായിക ഉഷാനന്ദിനിയാണ് മൂവായിരം രൂപ സംഘടിപ്പിച്ചു കൊടുത്തത്..''
പിൽക്കാലത്ത് സിനിമക്ക് വേണ്ടി കാനേഷ് എഴുതിയ പാട്ടുകളിൽ മധുചന്ദ്രലേഖയിലെ മനസ്സിൽ വിരിയുന്ന മലരാണ് സ്‌നേഹം (സംഗീതം എം. ജയചന്ദ്രൻ) ശ്രദ്ധേയമായിരുന്നു. പഴശിരാജയിലെ ആലമടങ്കലമൈത്തവനല്ലേ എന്ന മുസ്ലിം പശ്ചാത്തലത്തിലുള്ള പാട്ടും ഏറെ അഭിനന്ദനങ്ങൾ നേടിയെടുത്തു. സിനിമക്ക് പുറമേ സീരിയലുകൾക്കും ആൽബങ്ങൾക്കും വേണ്ടി പാട്ടെഴുതുന്ന തിരക്കിൽ പത്രപ്രവർത്തനം ഉപേക്ഷിച്ചില്ല കാനേഷ്. ചന്ദ്രിക വാരികക്ക് പുറമേ, വർത്തമാനം ഗൾഫ് പതിപ്പിന്റെയും സംഗീതിക വാരികയുടെയും സാംസ്‌കാരിക പൈതൃകം മാസികയുടെയും പത്രാധിപത്യം വഹിച്ചു അദ്ദേഹം. ഇടയ്ക്കു കുറെ നാൾ ഉപജീവനാർത്ഥം ഗൾഫിൽ.
കാനേഷ് ഇന്നും ഇടയ്‌ക്കൊക്കെ വിളിക്കും. ചിലപ്പോൾ പുതിയൊരു പാട്ടെഴുതിയതിന്റെ ആഹ്ലാദം പങ്കുവെക്കാൻ; അല്ലെങ്കിൽ പാട്ടെഴുത്തിന് അവസരം ഒത്തുവരാത്തതിന്റെ നിരാശയുമായി. ""എന്തിന് നിരാശനാകണം കാനേഷ് ഭായ്?'' ഞാൻ ചോദിക്കും. ""കൽപ്പന തുന്നിയ ആ പട്ടുറുമാൽ പാട്ടിന്റെ വരികളിലേ പിഞ്ഞിപ്പോയിട്ടുള്ളൂ. സംഗീത പ്രേമികളുടെ മനസ്സിൽ ഇന്നും പുതുമണം മാറാത്ത പ്രണയാനുഭൂതിയായി നിലനിൽക്കുന്നു അത്...''
ചിത്രം: പതിനാലാം രാവ്,
സംഗീതം: കെ. രാഘവൻ,
നിർമ്മാണം: സലാം കാരശ്ശേരി
പാടിയത്: പി. ജയചന്ദ്രൻ
രചന: കാനേഷ് പൂനൂർ
പനിനീര് പെയ്യുന്നു പതിനാലാം രാവിൽ പനിമതീ
പിടയെ വിളിക്കുന്നു പുതിയൊരിശൽ മൂളി പൈങ്കിളി
എന്നുള്ളിലെന്നാലോ മാരിക്കാർ വന്നു മൂടുന്നു
അമ്പേറ്റ പോലെയെൻ ഖൽബിലെ കിളി കേഴുന്നു
ഏതോ സുബർക്കത്തിൽ സ്വർണത്താമര മഞ്ചത്തിൽ
ചിരിയുടെ ചീരണി ബെച്ചു നീ സുൽത്താനേകുമ്പോൾ
റൂഹിലെരിയിച്ച ചന്ദനത്തിരി ഗന്ധത്തിൽ
ഹൂറീ ഞാൻ മൗത്തായ മോഹത്തിൻ ജാറം മൂടുന്നു
അകതാരിൽ സൂക്ഷിച്ചോരാശ തൻ അത്തർ തൂവി പ്പോയ്
കൽപന തുന്നിയ പട്ടുറുമ്മാലും പിഞ്ഞിപ്പോയ്
മാണിക്യവും മുത്തും കോർത്തു തീർത്ത മണിമാലാ
മാറിലണിയിക്കും മുമ്പേ വീണു ചിതറിപ്പോയ്