‘‘മറ്റ് സാഹിത്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാളത്തിലെ ആൺകവിതയിൽ രതി അങ്ങേയറ്റം ഒളിവിലും മറവിലും മാത്രമാണ് പൊതുവേ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്. ആൺരതിയുടെ നൈസർഗികമായ ആവിഷ്‌കാരങ്ങൾ രാഷ്ട്രീയമായി തെറ്റിപ്പോകാമെന്ന ഒരു ശങ്ക, ആ സംശയത്തിന്റെ ഒരു തടവ്, പുതുകവിതയിൽപ്പോലും പലപ്പോഴും കാണാം. എന്നാൽ തുറവോടെയും തീർച്ചയോടെയും തന്റെ ജീവിതചര്യകളോട് ചേർത്ത് ശരീരബദ്ധമായ രതി ആവിഷ്‌കരിക്കുന്നുവെന്നതാണ് റഫീക്കിന്റെ ഒരു വലിയ വ്യത്യാസം.''- റഫീക്ക് തിരുവള്ളൂരിന്റെ കവിതകൾ വായിക്കുന്നു, അനിത തമ്പി; ട്രൂ കോപ്പി വെബ്‌സീനിൽ.
‘‘മതചരിത്രവും ആചാരക്രമങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സങ്കരഭാഷയിൽ പ്രണയ/രതിവർണനകൾ ഉണ്ടാകുമോ? ഉണ്ടാകും, ഉണ്ടായിരുന്നു. എം. എൻ. കാരശ്ശേരി ഒരു സംഭാഷണത്തിൽ ഇതു സൂചിപ്പിക്കുന്നുണ്ട്, മോയിൻകുട്ടി വൈദ്യർ എഴുതിയ രതികൾ നിങ്ങൾക്ക് സങ്കൽപിക്കാനാകാത്തവയാണ് എന്ന്. ധാരാളം കൃതികളുണ്ട്. മാപ്പിളപ്പാട്ടുകൾ അനവധി. പുലിക്കോട്ടിൽ ഹൈദർ എഴുതിയ തെറിപ്പാട്ടുകളെപ്പറ്റി പറയേണ്ടതില്ല. 'പൈങ്കിളി' അറബി മലയാളം നോവലുകൾ വ്യാപകമായി അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടിട്ടുപോലുമുണ്ട്. പ്രാർത്ഥന പുസ്തകങ്ങളും അത്തറും ഒക്കെ വിൽക്കാൻ വരുന്ന ആളുകൾ ആയിരുന്നുവത്രെ വീട്ടിലെ കാരണവർ കാണാതെ അവ യുവതികൾക്ക് കൈമാറിയിരുന്നത്. അതായത്, ശരീരബദ്ധമായ പ്രണയവും രതിയും ശ്ലീലമായും അശ്ലീലമായും തുറവിലും മറവിലും കൈകാര്യം ചെയ്യപ്പെട്ടിരുന്ന ഭാഷയാണ് അറബി മലയാളം. അതുകൊണ്ട് പെട്ടെന്നൊരു കവി ശരീരത്തെപ്പറ്റി ഉണർന്നെഴുതുമ്പോൾ ഭാഷയ്ക്ക് നാണമോ ചൂളലോ ക്ഷോഭമോ ഒന്നുമുണ്ടാവാൻ തരമില്ല എന്നു മാത്രമല്ല, ചില പ്രതീക്ഷകൾ ഉണ്ടാവുകയും ചെയ്യും.''
‘‘ആ ഭാഷയുടെ തുടർച്ചയിൽ റഫീക്കിന്റെ കവിത ചെയ്യുന്നത് വ്യക്തിപരവും/ആത്മീയവും സമുദായപരവും/മതപരവും ആയ അനുഭവത്തെ ഭാഷാപരവും ലാവണ്യപരവും ആയി വീണ്ടെടുക്കലാണ്, സ്ഥാപിക്കലുമാണ്. വി. അബ്ദുൽലത്തീഫ് റഫീക്കിന്റെ കാവ്യഭാഷയിൽ സാമാന്യമലയാളത്തിന്റെയും അറബി മലയാളത്തിന്റെയും ദർസ് മലയാളത്തിന്റെയും തുടർച്ച കാണുന്നുണ്ട്. ഈ കവിതകൾ സമുദായത്തിനകത്ത് വിചാരണ ചെയ്യപ്പെട്ടേക്കാം എന്ന് അദ്ദേഹം ഭയപ്പെടുന്നു, റഫീക്ക് പറയുന്നത് ബഹുവചനത്തിൽ, 'വലിയ അശുദ്ധികൾ' എന്നാണ്. വലിയ അശുദ്ധികളെ ഉയർത്തുന്നുവെന്ന് പ്രഖ്യാപിക്കുകയാണ്. വഴക്കിന്റെ വിത്തു കുഴിച്ചിട്ട വഴക്കത്തിന്റെ ഭാഷയാണത്. അത് പൗരോഹിത്യത്തിന് വെളിപ്പെടുകയില്ല. അവരറിയാതെ ആ വിത്ത് മുളയ്ക്കും.''
‘‘റഫീക്ക് സനദ് നേടി മതപുരോഹിതനായിരുന്നുവെങ്കിൽ കവിത കൂടടച്ച് അകത്തിരുന്നേനെ, അല്ലെങ്കിൽ നല്ല കവിതകളെഴുതുന്ന ഒരു 'ഖത്തീബോ' 'മുസ്ല്യാരോ' ഉണ്ടായേനെ എന്നൊരു സാധ്യത അജയ് പി. മങ്ങാട്ട് പറയുന്നുണ്ട്. പക്ഷെ റഫീക്ക് ആ വഴി വിട്ടു നടന്ന് കവിതയുടെ ആന്തരികലോകത്തിലെ, ഉൾവഴികളിലെ സഞ്ചാരിയാവുകയാണുണ്ടായത്. ഉറച്ച ഔപചാരിക മതവിദ്യാഭ്യാസവും സാഹിത്യത്തിലും തത്വചിന്തയിലും ഉള്ള പരന്ന വായനയും ശിക്ഷണവും കൊണ്ട് ഉരുത്തിരിയുന്ന ലോകവീക്ഷണം മാത്രമല്ല, റഫീക്കിന്റെ ആത്മീയതയുടെ ഉറവിടം എന്നെനിക്കു തോന്നുന്നു. അതെല്ലാമൊരു മൂശ മാത്രമായിരിക്കണം. ജഗദ്പ്രേമമാണ് അതിന്റെ ജീവൻ. മനുഷ്യാധീനവും മനുഷ്യാതീതവുമായ ലോകങ്ങൾക്കിടയിലാണ് അതിന്റെ വാസം, അത് രണ്ടുലോകങ്ങൾക്കുമിടയിൽ ഒരു പറവയെപ്പോലെ നിർത്താതെ പോയ്?വരുന്നു... 'ഇരുട്ടിനേ വെളിപ്പെടുത്താനാകൂ / പ്രകാശദൂരങ്ങളും വെളിച്ചത്തിന്റെ ജീവനും' എന്നാണതിന്റെ തിരിച്ചറിവ്. അത് പ്രപഞ്ചപ്രതിഭാസങ്ങൾ പോലെ നിരന്തരം ആവർത്തിക്കപ്പെടുന്നതും അർത്ഥം ചോരാത്തതുമായ ഒന്നാണ്. 'ഉൾക്കിണർ' എന്ന കവിത ഈ ആത്മീയതയെ വെള്ളം പോലെ വ്യക്തമാക്കുന്നു: 'മനസ്സിന്ററ്റത്തെ കൈവരികെട്ടാത്ത കിണറ്റിലേക്ക് കെട്ടിത്തൂക്കിയ തൊട്ടിയാണ് ആത്മീയത' എന്ന്.''
ഒരു ചെറിയ മഞ്ഞ പേരയ്ക്ക / അനിത തമ്പി
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 56ൽ വായിക്കാം, കേൾക്കാം