‘The early evening star disappears.'
"The glow of a funeral pyre slowly dies by the silent river.'
"Jackals cry in chorus from the courtyard of the deserted house in the light of the worn-
out moon.'
"If osme wanderer, leaving home, come here to watch the night and with bowed head
listen to the murmur of the darkness, who is there to whisper the secrets of life into his
ears if I, shutting my doors, should try to free myself from mortal bonds?'
- from The Gardener by Rabindranath Tagore
ഇന്റർനെറ്റ് സാക്ഷരത നേടുന്നതിന്റെ ഭാഗമായി 2007 മാർച്ചിൽ ഞാനൊരു ബ്ലോഗ് അക്കൗണ്ട് തുടങ്ങി. ആദ്യ ദിവസം തന്നെ ഒരു കവിതാശകലവും പോസ്റ്റി. അതിനടിയിൽ വന്ന കമന്റുകൾ മിക്കതും ലോകത്തിന്റെ പല കോണിൽ നിന്നായിരുന്നു.
മലയാളലിപിയും കവിതയും ആഗോളമായി ചിതറിപ്പരക്കുന്നല്ലോ എന്ന ചിന്തയുടെ ചീള് ആദ്യമായി തലയിൽ വന്നു കൊണ്ടത് അന്നാണ്. കമന്റുകളിൽ രണ്ടെണ്ണം ദക്ഷിണകൊറിയയിൽ നിന്ന്. ഒന്നിലെ വിലാസം: ലാപുട, കോങ്ജു യൂണിവേഴ്‌സിറ്റി, കോങ്ജു. രണ്ടാമത്തേത് പ്രമാദം, ഹന്നം യൂണിവേഴ്‌സിറ്റി, ദെയ്‌ജോൺ.
അന്ന് ദക്ഷിണകൊറിയയിലേക്ക് ഒരു റൈറ്റർ ഇൻ റെസിഡൻസി പ്രോഗ്രാമിന് ശീട്ടു കിട്ടിയതിന്റെ സന്തോഷത്തിലായിരുന്ന എന്റെ ഓളം ഇരട്ടിച്ചു. കൊറിയൻ വിലാസങ്ങളുള്ള ഈ വിചിത്രപ്പേരുകാർ രണ്ടും ആരപ്പാ? പെരുത്തു കേറിയ കൗതുകത്തോടെ കമ്പ്യൂട്ടർ ഗുരു പി.പി.രാമചന്ദ്രനെ വിളിച്ചു. ബ്ലോഗിലൂടെ പ്രശസ്തരായിക്കൊണ്ടിരിക്കുന്ന യുവകവികളാണെന്ന് പി. പി. ആറിന്റെ മറുപടി. ശാസ്ത്രഗവേഷകരുമാണത്രേ.
ലാപുടയുടെ ശരിപ്പേര് ടി.പി.വിനോദ്. പ്രമാദം ബ്ലോഗർ കെ.എം പ്രമോദും.
പിന്നെ താമസിച്ചില്ല. പി.പി.ആർ തന്ന വിവരങ്ങൾ വച്ച് വിനോദുമായി ബന്ധപ്പെട്ടു. ഇരുവരുടെയും ബ്ലോഗുകൾ തുറന്നു വായിച്ചു. അവ വേറെയും കവിതാ ബ്ലോഗുകളിലേക്ക് വാതിൽ തുറന്നു. അടുത്ത മാസം ഞാൻ വിരിവയ്ക്കാൻ പോകുന്ന വിദൂരപൂർവ്വദേശത്ത് ശാസ്ത്രഗവേഷണാർത്ഥം നങ്കൂരമിട്ട ഈ കാവ്യകിശോരർ, പുപ്പുലികളെന്നു പിടി കിട്ടി. കുഴൂർ വിൽസൺ (വിശാഖം - അച്ചടി മലയാളം നാടുകടത്തിയ കവിതകൾ), വിഷ്ണുപ്രസാദ് (പ്രതിഭാഷ), സനൽ ശശിധരൻ (സനാതനൻ), ടി.പി. അനിൽകുമാർ (രാപ്പനി), റഫീക് തിരുവള്ളൂർ (ഉമ്പാച്ചി), തുടങ്ങിയ ഒരു പിടി പ്രതിഭാശാലികൾക്കൊപ്പം മലയാളകവിതയുടെ ഭാവി ടൈപ്പു ചെയ്തുകൊണ്ടിരിക്കുന്നവരെന്ന് തിരിഞ്ഞു.
പ്രമാദം ബ്ലോഗിന്റെ ഒരു വിശേഷം അതിലെ ഹൈപ്പർലിങ്കുകളിലൂടെ തെളിയുന്ന കടൂർ എന്ന ദേശമാണ്. ബഷീറിയൻ "സ്ഥലം' പോലെ ഒരിടം. രണ്ടു മൂന്നു തലമുറകളുടെ ഓർമ്മയിലും തൽസമയയാഥാർത്ഥ്യങ്ങളിലും വ്യാപരിക്കുന്ന ഒരുപിടി മനുഷ്യർ, അവരുടെ ജീവിത പരിസരങ്ങൾ, മുഹൂർത്തങ്ങൾ... ലിങ്കുകളിൽ വിരൽ തൊട്ട് വ്യത്യസ്ത കവിതകളുടെ തുടർച്ചയിലേക്ക് സഞ്ചരിക്കൽ പുതിയ അനുഭവമായിരുന്നു. മാത്രമല്ല, പ്രമോദ് അന്നു പാർത്തിരുന്ന ദെയ്‌ജോണിൽ അവനൊപ്പവും എന്റെ കൊറിയൻ താവളമായിരുന്ന യോങ് ഇൻ കാമ്പസിൽ ഒറ്റയ്ക്കുമിരുന്ന് കേരളത്തിലെ എനിക്കപരിചിതമായ ഒരുൾനാടൻ ഗ്രാമത്തിലൂടെ നടത്തിയ തിരയലച്ചി (virtual journey) ലായിരുന്നു അത്. അന്യദേശത്തിരുന്നു കൊണ്ട് സ്വന്തം നാട്ടിലെ ഏതോ സങ്കൽപ്പ ദേശത്തേക്കുള്ള സ്വപ്നാടനം എന്നു പറയാം. സമാനമായിരുന്നു അവന്റെ എഴുത്തും. ബ്ലോഗ് എന്ന അപരിചിതഭൂമിയിൽ ചിരപരിചിതമായ മലയാളകവിതയുടെ പുതിയൊരു ഭാവനാലോകം.
വായിച്ചറിഞ്ഞ ചരിത്രാവശേഷം നേരിൽ കാണാനിറങ്ങിയ സഞ്ചാരിയെപ്പോലെ 2009ൽ ഞാൻ കടൂരിലെത്തി. കൊറിയയിലിരുന്ന് ജിമെയിൽ ചാറ്റ് വിൻഡോയിലൂടെ പ്രമോദ് എനിക്കുള്ള റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നു. പക്ഷേ, വഴിവിലങ്ങിപ്പൂതങ്ങൾ ഇടപെട്ടിട്ടാവണം, അതു പൊളിഞ്ഞു. കവിതകളോട് വഴി ചോദിച്ചു ചോദിച്ച് ഞാൻ നടന്നു...
ഒരേ സമയം ചെറുതും വലുതുമാണ് കെ.എം. പ്രമോദിന്റെ പ്രമേയലോകം. ചെറിയ ലോകം വായനയുടെ ഏതു കോണിൽ നിന്നു നോക്കിയാലും കാണാം
തേനീച്ചകൾ ഏതോ കാട്ടുമരത്തിലെന്ന പോലെ അവന്റെ മൊഴികൾ എന്റെ തലയിൽ തീർത്ത ഒരു പെരുന്തേൻകൂടായിരുന്നു കടൂർ. മരിച്ചോരും മരിക്കാനുള്ളവരും അമരരും അചേതനരും വെളിമ്പറമ്പുകളും വെറുംപാറകളും വെയിലും നിഴലുമായ അനേകർ വന്ന് എന്നെ അതിന്റെ അകങ്ങളിലൂടെ നടത്തിച്ചു. ദീർഘനിശ്ചലമായ മൂളക്കങ്ങൾക്കിടയിലൂടെ തേനടകളുടെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്യംനിന്നു കഴിഞ്ഞതായി അന്നോളം കരുതിയ ഒരു മലയാഴച്ചെരു ജീവനോടെ കണ്ട് ഞാൻ അന്തംവിട്ടു നിന്നു. പരന്ന എന്റെ പട്ടണത്തം, കൂന്ന നാട്ടുമ്പുറത്തത്തിന്റെ സൂചിക്കുഴയിലൂടെ കടന്നുപോയി. അവിടെ ആറടിയിലധികം നീണ്ടുനിവർന്നു കിടക്കുന്ന കുഞ്ഞമ്പ്വേട്ടനെ കണ്ടു.
"വീണുകിടക്കുന്ന കൊടി / അടഞ്ഞുകിടക്കുന്ന ജോളി ഫ്രെണ്ട്‌സ് ക്ലബ്ബ്/ ചത്തുമലച്ച വാക്ക്....' കണ്ടു (അനങ്ങാതെ കിടക്കുന്നത്). "ഇക്കൊല്ലം നമ്പ്യാർ മാവു പൂത്തോ ആലേലെ ചാണമെല്ലാം വാരിയോ അപ്പറത്തെ ബാലന്റെ ഓള് പെറ്റോ അമ്പലക്കൊളത്തിൽ വെള്ളമുണ്ടോ എന്നൊക്കെ' നോക്കാൻ അനുവാദമില്ലാത്ത, "അനങ്ങിപ്പോകരുത്' എന്ന് അമ്മ കുളിപ്പിച്ചു ചാരുകസേരയിലിരുത്തിയ അമ്മമ്മയെ കണ്ടു. അമ്മമ്മയിൽ തന്നെ കൺനട്ടിരിക്കെ, പക്ഷേ, കടൂർ, ചൊൻമിൻദോങ് ആയി പകരുകയായിരുന്നു. പരപരാ വെളുപ്പിന് പ്രമോദും വിനോദുമൊത്ത് "യോ' ബാറിനു മുന്നിലെ റോഡിലൂടെ നടക്കുമ്പോൾ പണ്ട് എതിരേ എച്ചിൽവണ്ടിയുന്തിവന്ന, പിന്നീട് എനിക്കൊരോർമ്മച്ചിത്രവും പ്രമോദിനൊരമ്മൂമ്മക്കവിതയുമായിത്തീർന്ന, തൊണ്ണൂറു കഴിഞ്ഞ മഞ്ഞ അമ്മമ്മയെ ഓർമ്മവന്നു (കൊറിയയിലെ അമ്മമ്മേ...). ചെമ്പകവും പനിനീരും കാക്കപ്പൂവും കിണ്ടിപ്പൂവും താന്താങ്ങളുടെ പലമട്ടിലകൾ തോറും ചിങ്ങവെയിൽച്ചന്തം പകർത്തുന്ന ചെമ്മങ്ങാട്ടിടത്തിരുന്ന്, "ഒരില പോലുമില്ലാതെ വഴിയരികിൽ പൂവും കാണിച്ചു' നിൽക്കുന്ന (വസന്തം) കൊറിയൻ വസന്തത്തിന്റെ ചെടികളെ ഓർത്തെടുത്തു. മുകുംഹ്വാ..., മേഹ്വാ..., ഗുംജൻഹ്വാ..., ഗുക്ഹ്വാ...
കൊറിയയിലെ ദീർഘകാലപ്രവാസവും പാരീസിലെയും ബർലിനിലെയും ബംഗളൂരുവിലെയും ഹ്രസ്വകാല ദരിദ്രവാസങ്ങളും എഴുതുമ്പോൾ അത് പ്രത്യക്ഷമോ ചെറിയവലിയേടങ്ങളുടെ സംഘർഷവേദിയോ ആയി മാറും
ഒരേ സമയം ചെറുതും വലുതുമാണ് കെ.എം. പ്രമോദിന്റെ പ്രമേയലോകം. ചെറിയ ലോകം വായനയുടെ ഏതു കോണിൽ നിന്നു നോക്കിയാലും കാണാം. അത്യുത്തര കേരളത്തിലൊരിടത്ത് ഇന്നിന്റെ ഓരങ്ങളിലും അരനൂറ്റാണ്ടോളം മുമ്പത്തെ ഓർമകളിലും "അനങ്ങാതെ കിടക്കുന്ന' ഒരു മലയോരഗ്രാമത്തിലെ ഏതാനും മനുഷ്യരും മരങ്ങളും സ്ഥാവരങ്ങളും മാത്രമുള്ള ലോകം. അതിന്റെ കേന്ദ്രത്തിൽ കവിയിലെ വക്താവും മറൂള പോലെ അയാളെയാകെ ചൂഴ്ന്ന് ഒരമ്മമ്മയും അമ്മമ്മയിലൂടെ വൈദ്യുതമാവുന്ന ചില ജൈവ സ്ഥലകാലങ്ങളും.
ആദ്യസമാഹാരത്തിലെ ഓർമ്മ, അമ്മയ്‌ക്കൊരു കത്ത്, അനങ്ങാതെ കിടക്കുന്നത്, കല, രണ്ടാം സമാഹാരത്തിലെ കൂക്ക്, തെഴുപ്പ്, മരംനടൽ, എന്തോ ഒന്ന് തുടങ്ങിയ നിരവധി രചനകളിൽ പരസ്പരാവിഷ്ടപ്രമേയങ്ങളായി ഇവ പടർന്നു കിടക്കുന്നു. വലിയ ലോകമാവട്ടെ, തന്റെ ഇട്ടാവട്ടക്കഥകളിൽ നിന്ന് വക്താവു പാലിച്ചുപോരുന്ന നിർമ്മമദൂരങ്ങളാൽ അനുനിമിഷം സന്നിഹിതമെങ്കിലും, വായനയുടെ കൺവെട്ടത്ത് വരിക പരദേശാനുഭവങ്ങൾ എഴുതുമ്പോൾ മാത്രം. കൊറിയയിലെ ദീർഘകാലപ്രവാസവും പാരീസിലെയും ബർലിനിലെയും ബംഗളൂരുവിലെയും ഹ്രസ്വകാല ദരിദ്രവാസങ്ങളും എഴുതുമ്പോൾ അത് പ്രത്യക്ഷമോ ചെറിയവലിയേടങ്ങളുടെ സംഘർഷവേദിയോ ആയി മാറും. രണ്ടു സമാഹാരത്തിലെയും യഥാക്രമം "കൊറിയയിലെ അമ്മമ്മേ...' എന്നും "കൊറിയ ഏസോ കടൂർ കാചി' എന്നും പേരിട്ട രണ്ടാം ഖണ്ഡത്തിലെ മുഴുവൻ കവിതകളും ഇക്കൂട്ടത്തിൽ പെടുന്നു.
മൊഴി (idiom) യിലും സമാനമായ ഇരട്ടത്തം പ്രമോദിനുണ്ട്. തനിനാട്ടുമൊഴിയും നാടത്തമോ ആടയാഭരണമോ വേണ്ടെന്നു വച്ച മാനക മലയാളവും അയാളിൽ ഒന്നിച്ചു പ്രവർത്തിക്കുന്നു. കണ്ണൂരിലെത്തന്നെ ഒരു പ്രത്യേക ദേശത്തെ, അന്നാട്ടിലെ തന്നെ അരനൂറ്റാണ്ടോളം മുമ്പത്തെ, വാമൊഴിയും പഴമൊഴിയുമാണ് ചില കവിതകളുടെ ഘടന തന്നെ നിശ്ചയിക്കാറ്. പറമ്പിലെ വന്മമരങ്ങളെ ചൂണ്ടി അവറ്റയുടെ ദീനം പിടിച്ച കുട്ടിക്കാലം അമ്മമ്മ ഓർത്തെടുക്കുന്നതു നോക്കൂ:
"പണ്ടെപ്പോ പയ്യെങ്ങാനും/ കടിച്ച് ബെല്ലാണ്ടാക്ക്യ
തെങ്ങുംതൈ നിന്റപ്പാപ്പൻ/ ഏട്‌ന്നോ കൊണ്ടന്നതാ.
തല ചീഞ്ഞിറ്റോ മറ്റോ/ ആരാനോ തോട്ടിൽ ചാട്യ
കവ്ങ്ങ് കൊണ്ടന്നിറ്റ്/ ഞാൻ ആട നടീച്ചതാ.'
(മരംനടൽ)
പഴക്കച്ചൂരുള്ള മൊഴിയും ഓർമ്മയും ഇഴചേർത്ത് പ്രമോദ് 2007ൽ എഴുതിയ ഒരു പുതുകവിതയിലെ വരികൾ ഇങ്ങനെ:
കരിഞ്ചിപ്പശു ഞാറ് തിന്നേന്/ ഏട്ടൻ തന്നത് പത്ത് അടി
കുഞ്ഞൂട്ടിപ്പേരമ്മേം മോളും/ തലേന്നും പിറ്റേന്ന്വാ പെറ്റത്!
കുംഭം എട്ടിനേര്ന്നു/ നിന്റെ അപ്പാപ്പന് സൂക്കേട് കിട്ട്യത്
പള്ളിക്കോത്ത് കാവില് ഒടൂല് തെയ്യം നടത്തീറ്റ്
പൊറമ്പാത്തെ ബാലന്റത്രേം വയസ്സായി
ഇവര്യെല്ലാം പോലീസുപിടിക്കുമ്പം
കല്യാണിക്ക്/ അഞ്ചരമാസം വയറ്റിലേനും
........ഇപ്പളത്തെ മാഷമ്മാര്‌ക്കൊന്നും/ തീരെ ഒച്ചയില്ലപ്പാ...
അപ്പുക്കുണ്ടൻ നമ്പൂര്യൊക്കെ/ പടിപ്പിക്കുന്നത് കേക്കണം
"അപ്പോൾ
മാളത്തിൽ നിന്നൊരു ശബ്ദം കേട്ടു:
പുലിയമ്മാവാ, ഇനി നിങ്ങൾക്ക് പോകാം
ഞങ്ങളുടെ വഴക്ക് തീർന്നു'
(ഓർമ്മ)
വ്യവഹാരഭാഷയുടെ പൂജ്യം ഡിഗ്രി ഉപയോഗവും മേലുദ്ധരിച്ച കവിതകളിൽ തന്നെയുണ്ട്. അമ്മമ്മ പറയുന്ന നാട്ടുമൊഴിയോട് ഒട്ടും ഗൃഹാതുരത പുലർത്താതെ, അമ്മമ്മയുടെ ഗൃഹാതുരതയെ കാലിക യാഥാർത്ഥ്യം കൊണ്ട് നിർവീര്യമാക്കുന്ന മൊഴിയാണത്. കുറിപ്പടി, അപേക്ഷാ ഫോറം, പരീക്ഷ, കവിത എന്നിത്യാദി ഏതു വ്യവഹാരത്തിനും തരം പോലെ എടുത്തുപയോഗിക്കാവുന്ന മാനകമലയാളം. നിർത്താതെ ചിലയ്ക്കുന്ന അമ്മമ്മയുടെ പഴവായ്‌മൊഴിയെ പ്രമോദ് പൊടുന്നനെ ആ പൊതുമൊഴിയെടുത്തു തടുക്കുന്നത്, "....എന്നൊക്കെ (അമ്മമ്മ) ഓർത്തെടുക്കുന്നത്/ ഒരൊറ്റ കുറിപ്പുപോലും നോക്കിയല്ല./ അപേക്ഷാ ഫോറം പൂരിപ്പിക്കാനോ/ പരീക്ഷയ്‌ക്കോ/ കവിതയെഴുതാൻ പോലുമോ അല്ല.' (ഓർമ്മ) എന്ന സത്യപ്രസ്താവനയോടെയാണ്. "മരംനടലി'ൽ അമ്മമ്മയുടെ ചരിത്രം പറച്ചിൽ തനി നാട്ടുമൊഴിയിലാണെങ്കിലും കവിതയുടെ കടിഞ്ഞാൺ കയ്യാളുന്ന വക്താവിന്റെ ആമുഖവും ഉപസംഹാരവും മാനകമൊഴിയിലാണ്:
"വീട്ടിലെ പറമ്പിലെ/ വന്മരങ്ങളെച്ചൂണ്ടി
അമ്മൂമ്മയവയുടെ/ ചരിത്രം പറയുന്നൂ'
എന്ന് തനിഗദ്യമായ പദ്യത്തിൽ തുടക്കം. ഒടുക്കമോ,"ഓടിച്ചെന്നൊരു തൈ ഞാൻ
നടുമ്പോൾ അമ്മൂമ്മ തൻ
കവിളിന്നോരത്തൊരു
കവിത മുളയ്ക്കുന്നൂ'
എന്ന് ഗദ്യപരതയുള്ള പദ്യത്തിലും. കേകയിൽ നിബന്ധിക്കപ്പെട്ടു എന്നതൊഴികെ മറ്റെല്ലാ നിലയിലും മാനകമലയാളമാണിത്.
പ്രമോദിന്റെ നോക്കുകോണിലുമുണ്ട് വൈരുദ്ധ്യങ്ങളുടെ അരേഖീയമായ ഒന്നിച്ചിരിപ്പ്. ലോകവീക്ഷണം, സാമൂഹിക - രാഷ്ട്രീയ നിലപാട് എന്നിത്യാദി പതിവുകൾ അടക്കമുള്ള കവിതയുടെ നിൽപ്പിനെയാണ് ഇവിടെ നോക്കുകോൺ എന്ന് വിശേഷിപ്പിക്കുന്നത്. വൈയക്തികമായ നോട്ടം സാമൂഹികമായ കാഴ്ചയായി പരിവർത്തിക്കപ്പെടുന്ന പരമ്പരാഗത രേഖീയത ആദ്യകാല രാഷ്ട്രീയ പ്രമേയാഖ്യാനങ്ങളിൽ കാണാമെങ്കിലും, എഴുത്തിൽ ക്രമേണ തിടംവയ്ക്കുന്ന നിരവധി ആഖ്യാന അടരുകളും പ്രമേയവൈരുദ്ധ്യങ്ങളും ചേർന്ന് കാഴ്ചപ്പലമയുടെ തുറസ്സിലേക്കു വായനയെ സ്വതന്ത്രമാക്കുന്നവയാണ് പ്രമോദിന്റെ പിൽക്കാല രചനകൾ.
കണ്ണൂരിലെ ജനകീയസമരങ്ങളുടെയും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ചരിത്രസ്മരണകളെ തന്റെ കാലത്തു നിന്നു കൊണ്ട് നോക്കിക്കാണുന്ന ഒരു പിടി കവിതകൾ പ്രമോദിന്റേതായുണ്ട്
"വീട്ടിലേക്ക് വന്നുകയറുന്ന പുതിയ പെണ്ണിനെയെറിയാൻ' കുടുംബത്തിലെ പെൺതലമുറകൾ കാലാകാലമായി സൂക്ഷിച്ചുവെച്ചതും ആണുങ്ങൾ പഞ്ഞിക്കെട്ടായി കരുതി "തലവെച്ച് കിടന്നുറങ്ങു'ന്നതും "ഓളായി വന്നുകേറുന്നോൾക്ക് കുപ്പിച്ചില്ലു പോലുള്ള അതിന്റെ മുനകൊണ്ട് മുറിവേൽക്കു'ന്നതുമായ ചില ചൊല്ലുകളെ പല കോണിൽ നോക്കിക്കാണലാണ് "കല്ലുകൾ' എന്ന കവിത.""അമ്മേന്റെ ചോറ് ഉറീലാന്ന്/ പെങ്ങളെ ചോറ് അട്പ്പിലാന്ന്/ ഓളെ ചോറ് ഒരലിലാന്ന്'' എന്ന ചൊ(ക)ല്ലിന്റെ മൂർച്ച, പുതിയ കാലത്ത് പുതുതായി വരുന്നോൾക്ക് പക്ഷേ, ഉള്ളതിനെക്കാൾ അധികമായി തോന്നുന്നു. "ഓളെ വീട്ടിൽപ്പോയി നിന്നാൽ നാലാന്നാൾ നായ്ക്ക് സമം' എന്ന ചൊല്ല്, കെട്ടിയവനെയും കൂട്ടി സ്വന്തം വീട്ടിൽപ്പോയി നാലു ദിവസത്തിലധികം നിന്നാൽ മാത്രം ശമിക്കുന്ന സഹിയാവേദനയായിത്തീരുന്നു. "അവളുടെ വേദന ഏറ്റെടുത്ത് നമ്മുടെ വീട് പെറുമായിരിക്കും' എന്ന കവിവക്താവിന്റെ ഭാവനാമർമ്മരത്തിലാണ് കവിത അവസാനിക്കുന്നത്. അത് ഒരേസമയം സ്വകാര്യനിശ്വാസവും കുടുംബവ്യവസ്ഥയുടെ പരിണതികൾ സംബന്ധിച്ച പൊതുവിചാരവുമായി മാറുന്നുണ്ട്. അങ്ങനെ, പല സ്ഥലകാലമൂല്യവ്യവസ്ഥകളിലൂടെ കടന്നുപോകുന്നതുവഴി ചൊല്ലുകൾ കൂർത്തു മൂർത്ത കല്ലുകളായി പരിണമിക്കുന്നതിന്റെ വ്യക്തിപരവും കുടുംബപരവും തദ്ദേശീയവും സാമുദായികവും കേരളീയവും പൗരസ്ത്യവും സർവ്വരാജ്യപ്പുരുഷാധിപത്യപരവുമൊക്കെയായ അനുഭവസാക്ഷ്യമായിത്തീരുന്നു "കല്ലുകൾ'.
ഇപ്രകാരം വായിച്ചു വിപുലീകരിക്കാനാവുന്ന കവിനോക്കുകൾ ധാരാളമുണ്ട് പ്രമോദിൽ. സ്വകാര്യദുഃഖങ്ങളെ നർമ-നിർമമതകളുടെ കണ്ണട വച്ച് വ്യാവഹാരിക വസ്തുതകൾ പോലെ പാരായണം ചെയ്യുന്ന കവിതകളിലും (എന്തോ ഒന്ന്, അച്ഛൻ, തോന്നൽ തുടങ്ങിയവ), വ്യക്തിപരത താരതമ്യേന കൂടുതലായ അണു കുടുംബാനുഭവങ്ങൾ ആത്മഹാസപൂർവ്വം എഴുതുമ്പോഴും (നമ്മൾ, തിരിച്ചറിവ്, "ണ്ട' "മ്പ', ഈ കവിത വന്ന വഴി എന്നിവ) വിരുദ്ധവും വിവിധവുമായ നോക്കുകോണുകളുടെ ഈ ഒന്നിച്ചിരിപ്പ് കാണാം.
കണ്ണൂരിലെ ജനകീയസമരങ്ങളുടെയും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ചരിത്രസ്മരണകളെ തന്റെ കാലത്തു നിന്നു കൊണ്ട് നോക്കിക്കാണുന്ന ഒരു പിടി കവിതകൾ പ്രമോദിന്റേതായുണ്ട്. അക്കൂട്ടത്തിലെ ആദ്യകാല രചനകൾ മിക്കതും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് നിരുപാധികം ചേർന്നു നിൽക്കുന്നവയുമാണ്. എന്നാൽ, സാക്ഷാൽ കാന്തലോട്ടു കുഞ്ഞമ്പു, അച്ഛൻ പോലും ജനിക്കും മുമ്പ് താൻ ഒളിവിൽ കഴിഞ്ഞ വീട്ടുപറമ്പിലെ കിണറ്റിലിരുന്ന് കവിയെ കാപ്പി കുടിക്കാൻ ക്ഷണിക്കുന്ന തരം കവിതകളിലെത്തുമ്പോൾ (കിണർ) മാറുന്ന യാഥാർത്ഥ്യത്തിന്റെയും ഒപ്പം ഭാവനയുടെയും കാളകൂടം കവിതയിൽ കലരാൻ തുടങ്ങുന്നു. വക്താവിലെ രാഷ്ട്രീയപക്ഷപാതങ്ങളുടെ അടിത്തട്ടിൽ നിന്ന് വെറും വസ്തുതകൾ തേട്ടി വരുന്നു. സോവിയറ്റ് റഷ്യ ഒരു ലഹരിയായിരുന്ന അയാളിലെ പ്രത്യയശാസ്ത്രപാനരോഗിക്ക് കൈ വിറയ്ക്കുന്നു. ഗ്ലാസ്‌നോസ്തിൽ പെരിസ്‌ത്രോയിക്കയൊഴിച്ചു വെള്ളം ചേർക്കാതെയടിച്ച് വാളും പരിചയും വെക്കേണ്ടി വന്ന ഗോർബച്ചേകവരോട് "കളരിദൈവങ്ങൾ വെളിപ്പെട്ടിരുന്നില്ലേ' എന്നയാൾ കയർക്കുന്നു; കമ്യൂണിസം ഫ്രിഡ്ജിൽ വരണ്ടു വെറുങ്ങലിച്ചിരിക്കുന്ന ആത്മനിന്ദാലഹരിയുടെ ഒരു ബ്രാന്റ് മാത്രമാണെന്നു വരുന്നു (ക്ഷണം).
വർഗരാഷ്ട്രീയത്തിന്റെ ഉറപ്പുകൾ നഷ്ടപ്പെടുമ്പോഴും അന്തിമമായി നീതിയുടെ ഇടതുചേരിയോടു ചേർന്നുനിൽക്കാൻ തീരുമാനിച്ച കവിതയാണ് പ്രമോദിന്റേത്
മേൽപ്പരാമർശിച്ച രണ്ടു കവിതകളും പ്രമോദ് 2007 ൽ - അതായത് കണ്ണൂരിലെയും കലാലയത്തിലെയും തന്റെ കൗമാര രാഷ്ട്രീയാനുരാഗത്തകർച്ചകൾ ഓർത്ത് നിരാശനായി കൊറിയയിൽ കഴിയുന്ന കാലത്ത് - എഴുതിയവയാണ്. എന്നാൽ പിൽക്കാലത്ത്, സ്വന്തം പ്രത്യയശാസ്ത്രദൂരദർശിനികളെ അപ്രസക്തമാക്കും വിധം, "നമ്മളാൽ സാധിക്കാത്ത കാര്യമിങ്ങനെ നിങ്ങൾ/ നമ്മളോടോതീട്ടെന്തു കാര്യാണ്' എന്ന് പച്ചയ്ക്കു ചോദിക്കുന്ന ഗ്രാമീണസ്ത്രീകളെ (യോഗം), കവിതയിലെ രാഷ്ട്രീയനോട്ടങ്ങൾക്കിടയിൽ പ്രമോദ് കണ്ടുമുട്ടുന്നുണ്ട്. കുട്ടിക്കാലത്തെ "തിരിച്ചുകിട്ടാത്ത നുള്ളുകളെപ്പറ്റിയുള്ള ചിന്തയുടെ മുള്ളുകൾ കൊണ്ട്' സഹനത്തിന്റെ പുതിയൊരു പ്രത്യയശാസ്ത്രമുണ്ടാക്കുന്നുമുണ്ട് (ഒരു നുള്ള് കവിത).
വർഗരാഷ്ട്രീയത്തിന്റെ ഉറപ്പുകൾ നഷ്ടപ്പെടുമ്പോഴും അന്തിമമായി നീതിയുടെ ഇടതുചേരിയോടു ചേർന്നുനിൽക്കാൻ തീരുമാനിച്ച കവിതയാണ് പ്രമോദിന്റേത്. ഒരു പതിറ്റാണ്ടിലേറെ മുമ്പ് പാടിക്കുന്ന് രക്തസാക്ഷികളെയും കണ്ടക്കൈ സമരനായികയെയും ദൈവക്കരുവോളം ഉയർത്തിയ കണ്ണൂർത്തോറ്റങ്ങൾ - കുട്ട്യപ്പ (2007), കുഞ്ഞാക്കമ്മ (2007), പോസ്റ്റർ (2008), കുഞ്ഞപ്പ നമ്പ്യാർ (2009) എന്നിവ - രചിച്ച കാലത്തെ രാഷ്ട്രീയാവേശം ഇന്നില്ലെങ്കിലും, തുർക്കിയിലെ ഉർദോഗാനിസ്റ്റ് ഫാസിസത്തിനെതിരേയുള്ള സമരഭൂമിയിൽ മരിച്ചുകിടന്നുകൊണ്ട് "പൂട്ടിയിട്ട പാട്ടുകളെ പറത്തിവിടൂ' എന്നു പാടുന്ന ഹെലിൻ ബോലെക്കിന്റെ കണ്ണുകളെക്കുറിച്ച് അടക്കിയ വിലാപസ്ഥായിയിൽ 2020 ലും പ്രമോദ് എഴുതുന്നുണ്ട്. മാത്രമല്ല ചില സമീപകാല കവിതകളിൽ, വല്ലാതെ വലതുപക്ഷവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറൽലോകത്തെ, നവസാമൂഹിക രാഷ്ട്രീയത്തിന്റെ നൈതികാധികാരളോടെ അഭിമുഖീകരിക്കുന്നുമുണ്ട്.
ചേരികളും ഊരുകളും കാടും മലയും കടലും മണലും കയ്യേറുന്ന ബഹുരാഷ്ട്ര / ആഭ്യന്തര കുത്തകകളുടെയും മറ്റും പതിവ് വ്യവസായിക വികസന കഥയിൽ നിന്ന് ചീന്തിയെടുത്ത ഒരു പുറമ്പോക്കുപേജാണ്, 2015 ലെഴുതിയ "പിരിച്ചുവിടൽ'. കഥപറയലിന്റെ വിശദാംശങ്ങൾ ഒഴിവാക്കി, ഏതോ "സംഭവ'കഥയുടെ ഏതാനും ചൊൽമട്ടുകൾ ചെത്തിയടുക്കി വളച്ചെടുത്ത ഒരു "ചെറുകിട' ആഖ്യാനപ്പുര. ഇതെഴുതിയത് കവി സ്വദേശവും വിദേശവും വിട്ട് കമ്പോള ഇന്ത്യയിൽ തൊഴിലെടുത്തു തുടങ്ങിയ കാലത്തായിരിക്കണം. സ്ഥലം വിട്ടുകൊടുത്ത് ജോലി സമ്പാദിച്ചവർക്കും വിട്ടുകൊടുക്കാതെ കേസുങ്കൂട്ടം സമ്പാദിച്ചവർക്കും ഇടയിലെ കമ്പനിയുടെ ഇടനിലപ്പണിക്ക് നിയുക്തനായവനാണ് ഇവിടെ കവിതയിലെ വക്താവ്. തദ്ദേശവാസികളെ തമ്മിലടിപ്പിക്കുന്നതിലും പിരിച്ചുവിടുന്നതിലും കമ്പനിയുടെ കങ്കാണിയെങ്കിലും വികസനകഥയുടെ ഏതെങ്കിലും തിരിവിൽ വച്ച് പിരിച്ചുവിടപ്പെടാൻ സാധ്യതയുള്ള തൊഴിലാളി തന്നെ അയാളും. ഫലത്തിൽ പതിവ് ഇരയുടെയും വേട്ടക്കാരന്റെയും ഇരട്ടനില. വേട്ടക്കാരന്റെ കാവൽനായ എന്ന മൂന്നാമതൊരു നില കൂടി അയാളിൽ വായിക്കുകയുമാവാം.
പുതിയ കാലത്തിന്റെ നിലയും നോക്കും മലർക്കെ തുറന്നു കിടക്കുന്ന കവിതയാണ് "ഉത്തരക്കടലാസ് നോക്കുമ്പോൾ'(2020). ഉത്തരങ്ങളെല്ലാം എണ്ണം പറഞ്ഞതെങ്കിലും അവയ്ക്കുള്ള ചോദ്യം ചോദിച്ചിട്ടില്ലാത്ത അധ്യാപകന്റെ അനിശ്ചിതമായ നില ഒരുവശത്തും, തന്നെ തോൽപ്പിച്ച ചോദ്യം ഏതെന്നറിയാത്ത കുട്ടിയുടെ അരക്ഷിതമായ നില മറുവശത്തുമായി ഒരു ചിലന്തിവലയിലെന്ന പോലെ കാഴ്ചപ്പാടുകൾ കുരുങ്ങിപ്പിണയുന്ന ഈ കവിതയിൽ നോക്കുകോൺ പ്രമേയപരിസരം തന്നെയായി മാറുന്നു.
തന്റെ കാവ്യനിർമ്മിതിയെക്കുറിച്ച് കവിതകളിലുടനീളം ആത്മഹാസപൂർവ്വം നടത്തുന്ന അതികഥനത്തിന്റെ കാചത്തിലൂടെ നോക്കിയാൽ, "ഒരു വകയ്ക്കും കൊള്ളാത്ത/ പുറമ്പോക്കിൽ കിടക്കുന്ന/ വക്കു പൊട്ടിയ വാക്കുകളെ/ പെറുക്കിയെടുത്ത്/ കവിതയുണ്ടാക്കു'ന്ന ഒരു ബദൽ നിർമാണപ്രക്രിയയുടെ റെസീപി കൂടിയാണ് പ്രമോദിന്റെ രചനകൾ
ലോകത്തെ/ അനുഭവങ്ങളെ ലളിതമായ സാമാന്യയുക്തിയുടെ കണ്ണടയാൽ നോക്കിക്കാണുന്ന രീതിയെ പരമലളിതമായ ഒരു കടൂർക്കവിത കൊണ്ട് തലതിരിച്ചിടുന്നുണ്ട് പ്രമോദ്. ഒറ്റനോക്കിൽ ഒരോർമ്മക്കവിതയാണ് "പ്രാതൽ'. പതുപതുത്ത ഇഡ്ഡലിയോ ദോശയോ പുട്ടോ ഇഷ്ടമല്ലാത്ത, പ്രിയഭക്ഷണമായ കൊട്ടനവിൽ തേങ്ങാപ്പൂളും വെല്ലക്കഷ്ണവും ചേർത്ത് താടി വേദനിച്ചും തടവിയും തിന്നുന്ന, ഗോയിന്നേട്ടനെക്കുറിച്ചുള്ള കവിത. പക്ഷേ വക്താവിനെ സംബന്ധിച്ചിടത്തോളം ഗോയിന്നേട്ടന്റെ തിന്നലും വേദനയും ഒച്ചയും ചേർന്നു മുഴങ്ങുന്നൊരു മൊരട്ടുശബ്ദവും അതിലൂടെ തന്റെ ഉള്ളിൽ ചുരമാന്തുന്ന അർത്ഥവുമാണ് "പ്രാതൽ'. പതിവു പ്രാതലിന്റെ പതുപതുപ്പു മാത്രമുള്ള വരേണ്യമായ നോക്കുകോൺ തലതിരിച്ചിട്ട് പരുപരുത്ത പുതിയൊരു പൊരുൾ വായിച്ച ശേഷം പ്രമോദ് തന്റെ ലളിതരചനയിലെ സങ്കീർണ്ണാനുഭവം വ്യഞ്ജിപ്പിക്കുന്നത് ഇങ്ങനെ:
ഇഷ്ടം, കഷ്ടപ്പാട്, കാഴ്ചപ്പാട് തുടങ്ങിയ വാക്കുകൾക്കൊക്കെ ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്ന് എന്നോട് പറഞ്ഞു ആ കൊട്ടനവിൽ.
പ്രത്യക്ഷത്തിൽ ലളിത രചനകളെങ്കിലും വിരുദ്ധവും വിവിധവും അനിശ്ചിതവുമായ ഘടനകളുടെ ഉൾപ്പണികളാണ് പ്രമോദിന്റെ കവിതകൾ എന്ന വായനാനുഭവം വിസ്തരിക്കാനാണ് മേൽ ഖണ്ഡികകളിൽ ശ്രമിച്ചത്. ഈ ഉൾപ്പണിയിൽ പ്രമോദിന് വജ്രായുധമായിത്തീരുന്ന അതികഥന (Metanarrative) മെന്ന രചനാ സങ്കേതത്തെ കുറിച്ചു കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. മൊഴിയിലെ ഓരോ അണുവിനെയും സ്ഥൂലമോ സൂക്ഷ്മമോ ആയ അകലങ്ങളിൽ അന്യമാക്കി നിർത്തി വിചാരണ ചെയ്യാൻ കെൽപ്പുള്ള, അർത്ഥങ്ങളിലെ ആത്മാനുരാഗിതയെ കർശനമായ സ്‌കാനിങ്ങിനു വിധേയമാക്കുന്ന ഒരെഴുത്തുരീതിയും എഴുത്തുരുചിയുമാണ് ഇവിടെ അതികഥനം.
തന്റെ കാവ്യനിർമ്മിതിയെക്കുറിച്ച് കവിതകളിലുടനീളം ആത്മഹാസപൂർവ്വം നടത്തുന്ന അതികഥനത്തിന്റെ കാചത്തിലൂടെ നോക്കിയാൽ, "ഒരു വകയ്ക്കും കൊള്ളാത്ത/ പുറമ്പോക്കിൽ കിടക്കുന്ന/ വക്കു പൊട്ടിയ വാക്കുകളെ/ പെറുക്കിയെടുത്ത്/ കവിതയുണ്ടാക്കു'ന്ന ("തെഴുപ്പ്') ഒരു ബദൽ നിർമാണപ്രക്രിയയുടെ റെസീപി കൂടിയാണ് പ്രമോദിന്റെ രചനകൾ. തല ചീഞ്ഞവ തോട്ടിലെറിഞ്ഞവ പയ്യ് കടിച്ചവ ഒക്കെ നട്ടുനനച്ചുവളർത്തി വന്മരമാക്കിയിരുന്ന, തളർന്നവയെ തളിർപ്പിച്ചിരുന്ന, പഴയ ഒരപ്പാപ്പന്റെ പാതയോരപാരമ്പര്യമാണത്. വയോവൃദ്ധയായ അമ്മമ്മയെ തളർവാതബാധയിൽ നിന്ന് വീണ്ടെടുക്കുന്ന ഒരുൾനാടൻ ഒറ്റമൂലിയുമാണ്. കേവലം "ആക്രി'വാക്കുകൾ കൊണ്ടു പടുത്ത ആ ബദൽ ഉരുപ്പടികളെ സംബന്ധിച്ച് വാക്കുകളും കവിയും തമ്മിൽ ഒരു രഹസ്യ ഉടമ്പടി തന്നെ നിലവിലുണ്ടത്രേ: "തങ്ങളിൽ കവിതയുണ്ടെന്ന്/ വാക്കുകളും/ വാക്കുകളിൽ കവിതയുണ്ടെന്ന്/ ഞാനും/ പരസ്പരം വെളിപ്പെടുത്തില്ലെന്ന് തീരുമാനിച്ചു;/ രോഗവിവരം / നാം / ഉറ്റവരിൽ നിന്നും/ മറച്ചുവയ്ക്കും പോലെ ' (ഒളിച്ചുകളി)
ബദൽ നിർമാണകലയിലെ നയപരിപാടികളെയെന്ന പോലെ തന്നെ അതിലെ പ്രായോഗികതന്ത്രങ്ങളെയും അതികഥനത്തിനു വിധേയമാക്കുന്നുണ്ട് പ്രമോദ്: "എന്നുടെ വികലാംഗ/ കവിതയ്ക്കീണത്തിന്റെ/ വെപ്പുകാൽ പിടിപ്പിച്ച്/ നടത്തിക്കുന്നൂ ഞാനും!' (വെപ്പുകാൽ) എന്ന് പരുക്കൻ പദ്യത്തിലും, "വാക്കിൽ പണിഞ്ഞു കൊണ്ടിരുന്ന/ വാക്കുകൾക്ക് പണി കൊടുത്തുകൊണ്ടിരുന്ന/ വാക്കുകൾ പണി കൊടുത്തുകൊണ്ടിരുന്ന/ അവനായിരുന്നിരിക്കണം/ ഞാനാദ്യം നേരിൽക്കണ്ട കവി.' (കപ്പൻ) എന്ന് പരപ്പൻ ഗദ്യത്തിലും തന്റെ പണിത്തരത്തിലെ "കളിപ്പീര്' പ്രമോദ് വെളിപ്പെടുത്തുണ്ട്.
എഴുതിയതോ എഴുതേണ്ടതോ ആയ കവിതയിലെ പ്രമേയത്തെ / കഥാപാത്രത്തെ സംബന്ധിച്ച സംവാദം തന്നെ അതികഥനമായി മാറും പലപ്പോഴും. "അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും' എന്ന കവിത, പലരെയും കുറിച്ചെഴുതിയിട്ടും സ്‌നേഹനിധിയായ തന്നെക്കുറിച്ചു മാത്രം മരുമകൻ ഇതുവരെ എഴുതാത്തതിലെ അമ്മാവന്റെ പരിഭവത്തിൽ തുടങ്ങി, ആ കവിത എഴുതി എഫ്.ബിയിൽ പോസ്റ്റു ചെയ്തതിനെത്തുടർന്ന് പല കോണുകളിൽ നിന്നുയർന്ന ദൂഷണ വിമർശനങ്ങളിൽ വരെ പ്രമേയപരമായി എത്തിച്ചേരുന്ന ഒരു അനുഭവ നർമ്മാഖ്യാനമാണ്. എന്നാൽ, നാം വായിക്കുന്ന ആഖ്യാനമാവട്ടെ, "അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും' എന്ന പേരിൽ ഇനിയും എഴുതപ്പെട്ടിട്ടില്ലാത്തൊരു കവിതയെക്കുറിച്ചാണു താനും. അതികഥനത്തിനുമേൽ അതികഥനമായി കാവ്യപ്പെടുന്ന ആഖ്യാനലീലയാണിത്.
ഈ ജനുസ്സിലെ മറ്റൊരു രചനയാണ് "ഒരു നുള്ള് കവിത'. കുട്ടിക്കാലത്തെ നുള്ള് എന്ന ദുഃശീലത്തിലെ ഹിംസാത്മകത യാദൃച്ഛികമായ ആത്മവിചാരണകളിലൂടെ തിരുത്തപ്പെടുന്നതിന്റെ സ്വകാര്യ ചരിത്രമെന്ന് ഇതിലെ കാവ്യപ്രമേയത്തെ വായിക്കാം. ഒരു നീണ്ട കഥയായ കവിത തുടങ്ങുന്നത്, "ഒട്ടും വിചാരിക്കാതെ ഞാൻ/ ഒരു വലിയ കവിതയിൽ നിന്നും/ ഒരുവിധം നീന്തിക്കയറി' എന്ന മുഖവുരയോടെയാണ്. അവസാനിക്കുന്നതോ "കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ്/ ഒരു തീർപ്പാക്കി'യില്ലെങ്കിൽ "എങ്ങനെ തീർക്കുമായിരുന്നു/ ഞാൻ എന്റെ ഈ കവിത?' എന്ന തീർപ്പാക്കലിന്റെ നെടുവീർപ്പിലും. കുട്ടിക്കാലത്തെ നിഷ്‌കളങ്കമെങ്കിലും ഹിംസാത്മകമായ ഒരു പ്രവൃത്തിയിലെ ന്യായാന്യായത്തിന് തീർപ്പുണ്ടാക്കണം. എന്നാൽ മാത്രം നീന്തിക്കയറാവുന്ന, തീർപ്പാവുന്ന കവിതയാണ്, ഈ കവിതയ്ക്കുള്ളിൽ താൻ എഴുതിക്കൊണ്ടിരിക്കുന്നതെന്ന അതികഥനമാണ് "ഒരു നുള്ള് കവിത'യുടെ ഘടന.
കൊറോണ പോലെ ഒരിരുണ്ട കാലികപ്രമേയത്തെപ്പറ്റി ഉറക്കെ സംസാരിക്കുമ്പോഴും പ്രമോദ് അതികഥനത്തിന്റെ അടരോരോന്നോരോന്നായി വകഞ്ഞ് ഉള്ളിലേക്ക് കടക്കുന്നു. മരിച്ചുപോയ അമ്മമ്മയെ ഒരിക്കൽ കൂടി കണ്ടെങ്കിൽ എന്ന തോന്നലിനെ പണ്ട് "തോന്നൽ' എന്ന പേരിൽ കവിതയാക്കിയതിലെ അനുഭവയുക്തി അനുസ്മരിച്ചുകൊണ്ട് തുടങ്ങുന്ന കവിത, അതികഥനത്തിന്റെ നിരവധി പാളികൾ അതിവേഗം തുളച്ചു കടക്കുന്നതു നോക്കൂ: "ഇപ്പോൾ/ ആരുടെയെങ്കിലും പ്രിയപ്പെട്ടവരെ/ ആരുടെയെങ്കിലും നാടിനെ/ എവിടെയെങ്കിലുമുള്ള എന്തിനെയെങ്കിലും/ ഒരു തവണ കൂടി കണ്ടിരുന്നെങ്കിലെന്ന/ തോന്നലിനെ കുറിച്ചുള്ള/ കവിതയെയെങ്കിലും/ കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ/ ഞാനൊരു കവിതയാക്കാൻ നോക്കുന്നു' (കൊറോണാക്കാലത്തെ കവിത).
കഥയോ കഥാപാത്രമോ തന്നെ അതികഥന സംവാദത്തിന്റെ വേദിയാവുന്നവയാണ് മേൽ പരാമർശിച്ച മൂന്നു കവിതകളും. എന്നാൽ ഈ ജനുസ്സിലെ ആദ്യകാല രചനകളിലൊന്നായ "അയ്യേ...', പിൽക്കാലത്ത് കവിതയായി വായിക്കപ്പെടുമെന്നോ താനെഴുതാനിരിക്കുന്ന കവിതകളുടെ അതികഥനമായി മാറുമെന്നോ അറിയാതെ സ്‌കൂൾജനലിൽ പണ്ട് ചേടിമണ്ണു കൊണ്ടെഴുതിയ ഒരസംബന്ധത്തെക്കുറിച്ചാണ്. കവിവക്താവിന്റെ ബാല്യം മുതലുള്ള ദീർഘകാല ജനൽപ്പാളിയിൽ മായാതെ കിടന്ന ശേഷം ആദ്യ വരിയായ "കുട്ടിരാമൻ പിട്ടയിട്ടു' ആദ്യവും രണ്ടാമത്തെ വരിയായ "പിട്ടതട്ടി തോട്ടിലിട്ടു' രണ്ടാമതും ഉസ്‌ക്കൂളിലെ അരിവെപ്പുകാരിയായ സ്വന്തം അമ്മയുടെ ഉച്ചക്കഞ്ഞിയടുപ്പിൽ വിറകായത്രേ. ആ ആത്മഹവ്യകഥയുടെ ഒടുവിൽ തന്നിലെ സ്വാനുരാഗിക്കെതിരേ കവിയുടെ അതികഥനവികൃതി ഫണമുയർത്തുന്നതു നോക്കൂ:
"ഞാൻ ഇപ്പോൾ/ ഒരുഗ്രൻ കവിയായി. പുസ്തകം ഉടനെയിറക്കും./ അവാർഡ് കിട്ടും. വേദിയിൽ വച്ച്/ ഞാൻ ജീവിതത്തിൽ ആദ്യമായി കുട്ടിരാമൻ പിട്ടയിട്ടു എന്ന/ ആദ്യ കവിതയുടെ പിതൃത്വം എറ്റെടുക്കും.' (അയ്യേ...)
അതികഥനങ്ങളുടെ തുടരടരുകളാൽ "കഥ'യുടെ നിർവ്വഹണം അനന്തമായി - അനിശ്ചിതമായും - നീട്ടിവയ്ക്കപ്പെടുന്നതിന്റെയും അതികഥനം ലക്ഷ്യസ്ഥാനത്തേക്ക് കണിശമായി തൊടുക്കപ്പെടുന്നതിന്റെയും ദൃഷ്ടാന്തമാണ് യഥാക്രമം "ഈ കവിത വന്ന വഴി'യും "ഒരുക്ക'വും. "ഈ കവിത വന്ന വഴി'യിൽ, കവിത വായിച്ചിട്ട് ആദ്യം "അവൾ' പറഞ്ഞതു കവിതയായും പിന്നീട് അതു വായിച്ചപ്പോഴുണ്ടായ "അവളുടെ' ചിരി കൂടി കവിതയായും എഴുത്ത് തുടരുന്നു. "ഒരുക്ക'ത്തിലാവട്ടെ എഴുത്ത് "കവിതയെത്തന്നെ അട്ടിമറിക്കുന്ന അവസാനത്തെ ആ നാലുവരി'യിൽ കൃത്യമായി ചെന്ന് തറയുകയാണ് ചെയ്യുന്നത്.
തന്നെക്കുറിച്ച് പഴയൊരു കവിതയിൽ രഹസ്യമായി തിരുകിയ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാത്തതിന്റെ പേരിൽ കവിയുടെ ഭാര്യ ഉയർത്തുന്ന ആത്മഹത്യാഭീഷണിയും അതിനു വഴങ്ങാത്ത കവിയുടെ നിലപാടും തുടർന്നുള്ള വഴക്കുമാണ് "ഈ കവിത വന്ന വഴി'യുടെ പ്രത്യക്ഷസന്ദർഭം. വഴക്കിനൊടുവിൽ കൈവന്ന യാഥാർത്ഥ്യബോധത്തോടെ ഭാര്യ പറയുന്നു:"മരിക്കുവാൻ മനസ്സില്ലെൻ/ മരണവും കവിതയിൽ
വരിയൊപ്പിച്ചെഴുതുവാൻ/ തിരക്കായല്ലേ?'
പക്ഷേ ആ നാടകീയ മുഹൂർത്തം അവിടെ അവസാനിക്കുന്നില്ല. മറിച്ച് പ്രമോദസഹജമായ ലീലയിലൂടെ അതികഥനത്തിന്റെ തുടർക്കതകുകൾ തുറക്കപ്പെടുകയാണ്:
"അവളിതുപറഞ്ഞപ്പോൾ/ അവിടൊരു കടലാസിൽ അഴകിലീ വരികൾ ഞാൻ/ എഴുതി വെച്ചൂ. ഇതുവായിച്ചവളെന്നോ-/ ടതുമിതും പറയാതെ ഒരുവട്ടം ചിന്തിച്ചൊരു/ ചിരി ചിരിച്ചു. അവളുടെ ചിരി കൂടെ/ കവിതയിലെഴുതെന്നു കടലാസു നീട്ടിക്കൊണ്ടെൻ/ അടുത്തു വന്നൂ'
ആ ചിരിയിലും തുടർന്നുണ്ടാവാനിടയുള്ള വഴക്കുചിരികരച്ചിലുകളിലും എത്ര വേണമെങ്കിലും തുഴഞ്ഞു മുന്നേറാവുന്നൊരു നതോന്നതവഞ്ചിയാണ് "ഈ കവിത വന്ന വഴി'.
കൊല്ലത്തിൽ ഒരു മാസം ഇളകുന്ന പ്രാന്തിന് അസംസ്‌കൃതവസ്തുക്കൾ ശേഖരിക്കും പോലെ ബാക്കി പതിനൊന്നു മാസവും പലേ പണികൾ ചെയ്തുകൊണ്ടിരിക്കുന്ന മുകുന്ദേട്ടന്റെ ഒരുക്കത്തെക്കുറിച്ചുള്ള കവിതയാണ് "ഒരുക്കം'. എന്നാൽ അതു മാത്രമാണോ? അല്ല. മുകുന്ദേട്ടന്റെ പിരാന്തിനോട് മൃദുമന്ദഹാസം പൊഴിച്ചു നിന്ന കവിത, നൊടിയിടയിൽ ഭാവം പകർന്ന്, ആ "വെളിവി'ൽ നിന്ന് പഠിച്ച ചില വെളിപാടുകൾ കൂടിയായി പരിണമിക്കുന്നു:
"അതു നോക്കി/ ഞാൻ പലതും പഠിച്ചു തുറന്നു പറച്ചിൽ/ പ്രതികാരം/ പ്രണയം/ കവിത കവിതയെത്തന്നെ/ അട്ടിമറിക്കുന്ന/ അവസാനത്തെ/ ആ നാലുവരി.'
അതികഥനത്തിന്റെ ആകസ്മികമായ ഒരട്ടിമറിയുണ്ടിവിടെ. അത്, ഒടുവരിമിന്നായം കൊണ്ട് കവിതയാസകലം വൈദ്യുതമാക്കുകയെന്ന കാവ്യകലാസങ്കേതത്തിലേക്കു തന്നെ കിറുകൃത്യമായി തൊടുക്കുന്നു, "ഒരുക്ക'ത്തിൽ.
അനുഭവകഥകളാണ് ഈ കവി എഴുതുന്നത് എന്നു പറയാം. ഇനി വായനാസമക്ഷം അനുഭവമെഴുതുന്നതായി ഭാവിക്കുന്നതുമാവാം. ആഖ്യാനത്തിൽ തന്റെ ആത്മകഥനമാണെന്ന ഒരു വ്യംഗ്യാടോപം ഏതായാലും കവി തിരികിവച്ചിട്ടുണ്ട്. ഉറപ്പ്. എഴുത്തുസങ്കേതം, സ്വാനുഭവങ്ങളെ തൻരുചിയിൽ വായിച്ചെടുക്കലുമായും അനുഭവാവിഷ്‌കാരം, സ്വന്തം രചനാരീതിയെ തന്മൊഴിയിൽ വ്യാഖ്യാനിക്കലുമായും നിരന്തരം കലരുകയും ഇഴപിരിയുകയും ചെയ്യുന്നു പ്രമോദിൽ. അതുകൊണ്ടു തന്നെ എഴുതുന്ന ഓരോ വാക്കിനെയും/ അനുഭവത്തെയും അപനിർമ്മിക്കുകയെന്ന അതികഥനബാധയിൽ നിന്ന് അയാൾക്ക് മോചനമില്ല. തീരെ അകാൽപ്പനികമെന്ന് പ്രത്യക്ഷത്തിലും വാച്യത്തിലും വെളിപ്പെടുന്ന പ്രമോദ് കവിതയിലെ തന്മട്ടിനും തൻരുചിക്കും പിന്നിൽ പക്ഷേ, സവിശേഷമായൊരു കാൽപ്പനികത്വമുണ്ട്. നാടനും നേരേയുമായ പുതിയ ഒരിനം കാൽപ്പനികത്വം. അതുകൊണ്ടാവാം, ജർമ്മൻ കേൾക്കുമ്പോൾ കള്ളനെക്കണ്ട നായയുടെ കുരയെന്നും കൊറിയൻ കേൾക്കുമ്പോൾ ഏറു കൊണ്ട നായയുടെ കരച്ചിലെന്നും, ചരിത്രധ്വനിയുള്ള ശ്രാവ്യോപമകളിലേക്ക് അനായാസഗമനം നടത്തുന്ന കവിവക്താവ്, "മലയാളം കേൾക്കുമ്പോൾ മലയാളം കേൾക്കു'ക മാത്രം ചെയ്യുന്നത് (ഉപമ).
കൊറിയയോട് യാത്ര പറയുന്ന "കൊറിയ ഏസോ കടൂർ കാചി' എന്ന കവിതയിൽ തന്റെ അതികഥന രചനാതന്ത്രത്തിന്റെ വികൃതികളായ ആടകൾ ഒരു നിമിഷത്തേക്ക് ഊരിയെറിഞ്ഞ് പ്രമോദ് എഴുതുന്നതു നോക്കൂ:
"അങ്ങു ദൂരെ/ എനിക്ക്/ എന്റെ നാടുണ്ട് അവിടെ/ ഇവിടത്തെക്കാൾ അഴുക്കുണ്ട് കളവുണ്ട്/ രോഗമുണ്ട്/ പട്ടിണിയുണ്ട്....പക്ഷേ.../ എനിക്കു കവിത തോന്നുന്ന ഭാഷയുണ്ട്. ആ ഭാഷയ്ക്ക് വട്ടങ്ങളും വരകളും കൊണ്ടുണ്ടാക്കിയ 24 കൊറിയൻ അക്ഷരങ്ങൾക്കു പകരം വട്ടങ്ങളും വരകളും വളവുകളും കൊണ്ടുണ്ടാക്കിയ 51 മലയാളം അക്ഷരങ്ങൾ ഉണ്ട് ഞാൻ പോകുന്നു....'
മേൽപരാമർശിച്ച രചനകളിലെല്ലാം കർത്തൃത്വത്തിനും കവിതയ്ക്കുമിടയിൽ അതികഥനത്തിലൂടെ വിധ്വംസകമായ അകലമോ അന്യവൽക്കരണമോ സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ കവിത അതിനെത്തന്നെ ആത്മവിമർശകമായി പ്രതിഫലിപ്പിക്കുന്ന ദർപ്പണമായിത്തീരുന്നു. വിശാലാർത്ഥത്തിൽ എല്ലാ രചനാസങ്കേതങ്ങളും സമ്പ്രദായങ്ങളും പ്രമോദ് ഉപയോഗിക്കുന്നത് തന്നെത്തന്നെ പുറത്തുനിന്നു നോക്കുന്ന ഒരു കാക്കക്കണ്ണ് എന്ന നിലയിലും കൂടിയാണ്. വൃത്തം, ശബ്ദതാളം, ഗദ്യപരത, പ്രാസം, നാട്ടുമൊഴിത്തം, സംഭാഷണം തുടങ്ങിയ തരം രൂപസങ്കേതങ്ങളിലും ഉപമരൂപകാദികൾ, മറ്റ് ചമൽക്കാരങ്ങൾ, നേരേയോ കുറച്ചോ കടത്തിയോ ഉള്ള വെറും പറച്ചിലുകൾ, ദൂഷണ - പരിഹാസങ്ങൾ, തുടരെഴുത്തുകൾ തുടങ്ങിയ വിവിധ ആഖ്യാന സങ്കേതങ്ങളിലും ഉടനീളം ഈ അന്യത/അകലം പ്രവർത്തിക്കുന്നുണ്ട്. ഒരു പക്ഷേ ഭാവഗീതത്തിന്റെയോ സ്തവത്തിന്റെയോ രേഖീയവടിവിൽ എന്തെങ്കിലും എഴുതണമെന്നു വച്ചാൽ പോലും കഴിയാത്ത വിധം ശക്തമാണ് പ്രമോദ് തന്റെ എഴുത്തുമുറയിൽ തുടർച്ചയായി പുലർത്തിവരുന്ന ഈ ലയവിരുദ്ധത എന്നു തന്നെ തോന്നുന്നു.
ഈ വായനയിൽ ഇതുവരെ നിരീക്ഷിച്ച ഒട്ടുമിക്ക രചനാസവിശേഷതകളും സമന്വയിക്കുന്ന ചില അപൂർവ്വഘടനകൾ പ്രമോദ് സൃഷ്ടിച്ചിട്ടുണ്ട്. എന്റെ "മഷിനോട്ട'ത്തിൽ അവയായിരിക്കണം ഈ കവിയുടെ ഏറ്റവും മികച്ച കൃതികൾ.
കർക്കടം
അകലെയെവിടെയോ ഇരുന്ന് ഫോണൊച്ചയിലൂടെ വക്താവ് അനുഭവിക്കുന്ന കർക്കടമാണ് കവിതയുടെ വാച്യം. പക്ഷേ, വ്യഞ്ജിക്കപ്പെടുന്നതോ ഒരു നാടിന്റെ ജീവനാഡിയിലെ ഓർമ്മകൾ, ദൃശ്യങ്ങൾ; കാലാവസ്ഥയും ജൈവവ്യവസ്ഥയും.... പഞ്ഞക്കർക്കടത്തിന്റെ നാളുകൾ. നനഞ്ഞുവാരിയ വീടും പറമ്പും കണ്ടവും. "കഞ്ഞി താമ്മേ...'ന്ന് കുഞ്ഞിത്തവളകൾ. "തെരാം മക്കളേ...' ന്ന് മണാട്ടിത്തവളകൾ, "കൊടുത്തേക്കറോ...' ന്ന് പേക്രോം തവളകൾ. "തല കത്തുമ്പോലൊരു മിന്നലിനു ശേഷം' വന്ന കാലമാടന്റെ ചോദ്യമോ, "എഭിഠ്‌ന്നെഠ്ത്ത് ഖൊഠ്ക്ക്ക്ക്ഘും?'. തവളക്കരച്ചിലുകളെ പഞ്ഞമാസക്കഥയിലെ പേച്ചുകളാക്കിക്കൊണ്ട്, കവിത ശബ്ദപ്രകൃതിയുടെയും കലയെന്ന് അടിവരയിടുന്നു "കർക്കടം'.
"വീട്ടിലേക്കു ഫോൺ ചെയ്തപ്പോൾ/ ഒച്ചയുണ്ടാക്കുന്നു/ മറന്നു പോയ ചിലർ' എന്ന് പത്രഭാഷാമട്ടിൽ സാക്ഷ്യം പറഞ്ഞാണ് "കർക്കടം' ആരംഭിക്കുന്നത്. വീട്ടിലേക്ക് ഫോൺ ചെയ്യുന്ന കവിതയിലെ അദൃശ്യനായ ആ വക്താവ് (ഞാൻ, അയാൾ എന്നിത്യാദി കർതൃസംജ്ഞ ഉപയോഗിച്ചിട്ടില്ലാത്തിടത്തോളം) ആരാണ്? ചിലരെ അയാൾ മറന്നു പോയത് എന്തുകൊണ്ടാവാം? എവിടെയിരുന്നാകും അയാൾ ഫോൺ ചെയ്യുന്നത്? ഇക്കരെ മൺസൂൺ കേരളത്തിൽ നിന്ന് പുറപ്പെട്ട ഒരു ശബ്ദവീചി അപ്പുറത്ത് ഏതോ അജ്ഞാതക്കരയിലിരിക്കുന്ന വക്താവിൽ സൃഷ്ടിക്കുന്ന അനുരണനമെന്താവാം?
പ്രമോദ് എന്ന കവിയോ ഒരു മനുഷ്യൻ തന്നെയോ അല്ല, മറിച്ച് വിശാലമായൊരു പ്രതിനിധാനമാണ്. ഒരു ജൈവവ്യവസ്ഥയിലെ അസന്നിഹിതരായിക്കൊണ്ടിരിക്കുന്ന സൂക്ഷപ്രാണങ്ങളുടെ പ്രതിനിധി; കാലാവസ്ഥാവ്യതിയാനകാലത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ഓർമ
ദെയ്‌ജോണിലെ ഇളവേനലിലിരുന്ന് കടൂരിലെ വീട്ടുപ്രാരബ്ധവും നാട്ടുപഞ്ഞവും കേൾക്കുകയായിരുന്നു പ്രമോദെന്ന് എനിക്കറിയാമായിരുന്നിട്ടു പോലും കർക്കടം എന്ന കവിത മേൽച്ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നു. അവയ്ക്കുത്തരം തേടി ഫോണൊച്ച വിവരിക്കുന്ന കാഴ്ചകളുടെ ഉള്ളിലേക്ക് ഞാൻ കുഴിച്ചു കുഴിച്ചു പോകുന്നു; അവയുടെ ജൈവവും കാലികവും സാമൂഹികവുമായ വ്യവസ്ഥയെ വായിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വീടും പറമ്പും പാടവും രാത്രിയും രാപ്രാണങ്ങളും ഇടിമിന്നലും ഒന്നിച്ചിരമ്പുന്ന ഗ്രാമത്തിന്റെ "മറന്നു പോയ' ഓർമ്മ, അഥവാ അത്തരമൊരു വന്യ വ്യവസ്ഥയുടെ അസാന്നിധ്യം, അതല്ലേ വക്താവ് കേൾക്കുന്നത്; വായിക്കുന്ന നമുക്ക് മൊഴിയിൽ സന്നിഹിതവും അയാൾക്ക് വേദനകരമാം വിധം അസന്നിഹിതവുമായ ഒന്ന്? അതിന്റെ എതിർവ്യവസ്ഥയിലുള്ള ഒരിടത്തായിരിക്കാം അയാളുടെ പ്രവാസം. അതായത്, നമ്മുടെ വായനയ്ക്ക് അജ്ഞാതവും അയാൾക്ക്, നാട്ടിലെ പഞ്ഞം പോലും ഗൃഹാതുരമാവും വിധം യാഥാർത്ഥ്യവുമായ ഒരിടത്ത്. അത് ഭൂമിയിലെ ഏത് ദെയ്‌ജോണുമാവാം. കവിതയിലെ ആ കർക്കടഗ്രാമമല്ലാത്ത എവിടവുമാകാം. ആരാണയാൾ? പതിവ് പ്രവാസി മലയാളിയോ? അതും കൂടിയാണെന്നല്ലാതെ ആ വാർപ്പു മാതൃകയല്ല അയാൾ. പ്രമോദ് എന്ന കവിയോ ഒരു മനുഷ്യൻ തന്നെയോ അല്ല, മറിച്ച് വിശാലമായൊരു പ്രതിനിധാനമാണ്. ഒരു ജൈവവ്യവസ്ഥയിലെ അസന്നിഹിതരായിക്കൊണ്ടിരിക്കുന്ന സൂക്ഷപ്രാണങ്ങളുടെ പ്രതിനിധി; കാലാവസ്ഥാവ്യതിയാനകാലത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ഓർമ്മ; താളം തെറ്റി, വഴി തെറ്റി, ഒരു സ്മൃതിവിനാശരോഗിയെപ്പോലെ പുറപ്പെട്ടു പോയ നവലിബറൽക്കാലകേരളത്തിന്റെ പ്രകൃതി, ചരിത്രം, ഉണ്മ... ഫോൺവീചിയിൽ നിന്ന് തല കത്തുമൊരു മിന്നലാകാരം പൂണ്ട്, അയാളോട് "എഭിഠ്‌ന്നെഠ്ത്ത് ഖൊഠ്ക്ക്ക്ക്ഘും?'എന്നിടിവെട്ടുന്ന ആ കാലമാടൻ ആരായിരിക്കും? ദൈവമോ സാത്താനോ? അന്ധാധികാരമോ അശരണജീവിതമോ? - തുറന്നു കിടക്കുന്നു കവിത.
ചെറിയ - വലിയ പ്രമേയലോകം, മൊഴിയിൽ നാട്ടു - മാനകങ്ങളുടെ കലരൽ, നോക്കുകോണിലെ സ്വാതന്ത്ര്യം, നിലപാടിലെ രാഷ്ട്രീയം, കർത്തൃത്വത്തിനും കവിതയ്ക്കുമിടയിലെ നിർമ്മമദൂരം ഇവയെല്ലാം സഹജമായി വിന്യസിച്ച പ്രമോദിന്റെ - മലയാളപ്പുതുകവിതയിലെയും - മൗലികസ്പർശമുള്ള രചനയാണ് "കർക്കടം'.
അനങ്ങാതെ കിടക്കുന്നത്, കൂക്ക്
മേൽ സവിശേഷതകൾ കടൂർക്കഥ പറയുന്ന ഒട്ടുമിക്ക രചനകളിലും കാണാമെങ്കിലും അവയെല്ലാം ചേർന്ന് ഈ വായനയെ ഒരുൾനാടൻ കൂടോത്രത്തിൽ കുടുക്കിയ രണ്ടു കവിതകളുണ്ട് - "അനങ്ങാതെ കിടക്കുന്നത്', "കൂക്ക്' എന്നിവ. സദൃശ രചനകളാണ് രണ്ടും. കടൂർ എന്ന യഥാർത്ഥദേശത്ത്, ഏതോ അയഥാർത്ഥ സ്ഥല-കാലത്തിലെ അതീത യാഥാർത്ഥ്യങ്ങൾ പോലെ പ്രത്യക്ഷപ്പെടുന്നു, "അനങ്ങാതെ..' യിലെ കുഞ്ഞമ്പ്വേട്ടനും "കൂക്കി'ലെ മുകുന്ദേട്ടനും. ആരെയും കൂസാത്ത രണ്ടു പുരുഷശിങ്കങ്ങൾ. അമ്മമ്മയുടെ - അപ്പാപ്പന്റെയും - പ്രതാപകാല കഥകളിൽ അനശ്വരം അധിവസിക്കുന്നവർ....
വക്താവു കാണുമ്പോഴേക്കും "അനങ്ങാതെ...' യിലെ കുഞ്ഞമ്പ്വേട്ടൻ മിണ്ടാട്ടം മുട്ടി കിടപ്പിലായിക്കഴിഞ്ഞു. എങ്കിലും അമ്മമ്മയുടെ കഥകളിലൂടെ, ആറടിയിലധികം ഉയരമുള്ള അയാൾ നീണ്ടുനിവർന്ന് നടക്കുന്നു. തന്റെ ഓള് ആണിനെ മാത്രം പെറുന്നോളെന്ന് പ്രഖ്യാപിക്കുന്നു. ഭ്രാന്തിളകിയ നായിനാറപ്പാപ്പനെ ചങ്ങലയ്ക്കിടുന്നു. തെയ്യക്കാലത്ത് നമ്പൂരിക്കെതിരേ ഒരം പിടിക്കുന്നു. ശവദാഹത്തിനുള്ള മരമേതെന്ന മരണവീട്ടിലെ തർക്കത്തിനിടെ ഏറ്റവും വലിയ മാവ് വെട്ടിയിടുന്നു. പക്ഷേ യഥാർത്ഥ ലോകത്ത് അയാൾ മിണ്ടാട്ടംമുട്ടി കിടപ്പിലായ വെറുമൊരിറച്ചിത്തുണ്ട്. കാലത്തരിമ്പിൽ തളം കെട്ടിയ ഒരു പഞ്ചഭൂതശകലം... പക്ഷേ കവിത അയാളെ അമ്മമ്മക്കഥയിലെ വെറും കുഞ്ഞമ്പ്വേട്ടനായി തളം കെട്ടിക്കിടക്കാൻ അനുവദിക്കുന്നില്ല. കവിയുടെ കാലത്തിലേക്കും നാടിന്റെ ചരിത്രത്തിലേക്കും അയാൾ പകരുന്നു. വീണു കിടക്കുന്ന കൊടിയാവുന്നു. അടഞ്ഞു കിടക്കുന്ന ക്ലബ്ബാകുന്നു. ചത്തുമലച്ച വാക്കാവുന്നു.
കടൂർക്കവിതകളെല്ലാം വായിച്ചു കഴിയുമ്പോഴും നമ്മുടെ തലച്ചോറിലെ ഏതോ മലഞ്ചെരുവിൽ രാത്രി തോറും മുകുന്ദേട്ടന്റെ കുറുക്കപ്പിരാന്ത് കൂക്കിക്കൊണ്ടിരുന്നേക്കാം. നല്ല കവിതകൾക്കുള്ളിൽ ചില മാന്ത്രികരുണ്ട്; പുറത്തു നിന്നു നോക്കുമ്പോൾ ഭ്രാന്തരെന്നു തോന്നുന്നവർ
അമ്മമ്മയുടെ - വക്താവിന്റെയും - കണ്മുന്നിൽ അപ്പാപ്പന്റെ ഓർമ്മ അണിയറയും മുകുന്ദേട്ടന്റെ പിരാന്ത് അരങ്ങുമായി മാറുന്ന സർവതന്ത്ര സ്വാതന്ത്ര്യത്തിന്റെ ഒരേകാങ്കാവതരണമാണ് "കൂക്ക്'. പതിവ് കഥപറച്ചിൽ മട്ടിൽ "ഒരു ദിവസം മുകുന്ദേട്ടൻ വീട്ടിൽ വന്നു' എന്ന് നേരേ കാര്യത്തിലേക്കു കടക്കുന്ന ആദ്യവരിക്കു തൊട്ടു പിന്നാലെ "മിറ്റത്തു കിടന്നിരുന്ന കണ്ടംകടലാസിൽ നിന്ന് മലയാളത്തിന്റെ ഉമി കളഞ്ഞ് ഇംഗ്ലീഷ് മാത്രം വായിച്ചു'കൊണ്ട് മുകുന്ദേട്ടന്റെ പിരാന്തും തഞ്ചത്തിൽ കവിതയിലേക്ക് കടക്കുന്നു. അമ്മമ്മ സമക്ഷം, അടികൊണ്ട അപ്പാപ്പനെ പണ്ട് ചുമലിലിരുത്തി ആസ്പത്രിയിൽ കൊണ്ടോയതിന്റെ അവകാശം സ്ഥാപിക്കുന്നു. "തീക്കൊള്ളിയുടെ ചോന്ന അറ്റത്തു പിടിച്ച് പൊള്ളില്ലെന്ന്' തെളിയിക്കുന്നു. "പണിക്ക് പോണമെന്ന് ഒഴിയാൻ നോക്കിയ ആപ്പനെ... കൂച്ചിപ്പിടിച്ചെടുത്ത് ഒച്ചത്തിൽ വർത്താനം പറഞ്ഞോണ്ട്' പണിസ്ഥലത്തേക്കു നടക്കുന്നു. വേണമെങ്കിൽ അവിടെ അവസാനിക്കാമായിരുന്ന കവിത, മുകുന്ദേട്ടന്റെ പിരാന്തിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് പിന്നെയും വളരുന്നു. "രാത്രി കുന്നുമ്പൊറത്ത് പോയി ""പണ്ടെല്ലാം എത്ര കുറുക്കമ്മാരുണ്ടേനും, / ഇപ്പം ഒന്നിനേം കാണുന്നില്ലല്ലോ''ന്ന് പറഞ്ഞ് / നേരമ്പൊലരും വരെ' കൂക്കുന്നു. അങ്ങനെ മൊഴിയും ഭ്രാന്തും മനുഷ്യകഥാനുഗായിയായ പിരാന്തിന്റെ അതിർത്തി കടക്കുന്നു.
എന്തിനായിരിക്കും മുകുന്ദേട്ടൻ രാമുഴുവൻ കൂക്കുന്നത്? കവിതയിൽ അതു വരെയും വിസ്തരിച്ച പിരാന്തുകൾക്കെല്ലാം - ഇംഗ്ലീഷ് വായിക്കൽ, തീക്കൊള്ളി പിടിക്കൽ, ആളുകളെ ചുമക്കൽ - മനുഷ്യസഹജമായ യുക്തികൾ കണ്ടെത്താം. പക്ഷേ ഒടുക്കത്തെ ആ കൂക്ക് ? അറിയില്ല. പ്രമോദിനും അറിയാൻ വഴിയില്ല. കടൂർക്കവിതകളെല്ലാം വായിച്ചു കഴിയുമ്പോഴും നമ്മുടെ തലച്ചോറിലെ ഏതോ മലഞ്ചെരുവിൽ രാത്രി തോറും മുകുന്ദേട്ടന്റെ കുറുക്കപ്പിരാന്ത് കൂക്കിക്കൊണ്ടിരുന്നേക്കാം. നല്ല കവിതകൾക്കുള്ളിൽ ചില മാന്ത്രികരുണ്ട്; പുറത്തു നിന്നു നോക്കുമ്പോൾ ഭ്രാന്തരെന്നു തോന്നുന്നവർ.
ഇടമൊഴിത്തം (Intertextuality) പ്രമോദിന്റെ കവിതകളിലുടനീളമുണ്ട്. അവയിൽ പരാമർശിക്കപ്പെടുന്ന സ്ഥലങ്ങൾ, സംഭവങ്ങൾ, വ്യക്തികൾ, സന്ദർഭങ്ങൾ ഒക്കെയും ആത്മകഥാപരമായ ഒരു ആഖ്യായികയിലെന്നോണം കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു. കടൂരും അമ്മമ്മയും സർവ്വവ്യാപിയെങ്കിൽ അപ്പാപ്പന്റെ ഭ്രാന്തും മരങ്ങളും മൂന്നു കവിതകളിലും (എന്തോ ഒന്ന്, തെഴുപ്പ്, മരംനടൽ) മുകുന്ദേട്ടനും ഭ്രാന്തും നാലു കവിതകളിലും (ഭാഗ്യവാൻ, വെപ്പുകാൽ, കൂക്ക്, ഒരുക്കം) ആവർത്തിക്കുന്നു. എന്നാൽ "അനങ്ങാതെ കിടക്കുന്നതും' "കൂക്കും' ഒരു നാടിന്റെ/വീടിന്റെ ഇരുകാലങ്ങൾ; ഒരു നാണയത്തിനിരുപുറങ്ങൾ പോലെ, യഥാക്രമം ഓർമ്മയും സാക്ഷ്യവും. ഓർമ്മയിലെ, അതേ അല്ലെങ്കിൽ സമാന മനുഷ്യരോ സന്ദർഭമോ തന്നെ സാക്ഷ്യത്തിലും - അമ്മമ്മ, അപ്പാപ്പൻ, വീട്, ഭ്രാന്ത്, ആണൂറ്റം, കുഞ്ഞമ്പ്വേട്ടൻ/മുകുന്ദേട്ടൻ... രണ്ടു കവിതയിലെയും കേന്ദ്രകഥാപാത്രങ്ങളായ ഏട്ടന്മാരുടെ ചെയ്തികളിലുമുണ്ട് സമാനതകൾ -- ആരെയും കൂസാത്ത നടപ്പ്, അപ്പാപ്പനെ ചങ്ങലയ്ക്കിടൽ/ ചുമലിലേറ്റൽ, മരണവീട്ടിൽ തന്നിഷ്ടത്തിന് മാവു വെട്ടൽ/ അനുവാദം ചോദിക്കാതെ ആപ്പനെ പണിസ്ഥലത്തേക്ക് എടുത്തുകൊണ്ടു പോകൽ, ഒരം പിടിക്കൽ / അവകാശം സ്ഥാപിക്കൽ, വീരവാദം / ഉച്ചത്തിൽ വർത്താനം എന്നിങ്ങനെ.
താനറിഞ്ഞ ദേശക്കഥകളെ മുനകൂർപ്പിച്ചും ഇടമൊഴിത്തത്തോടെയും മലയാളപ്പൊതുവിടത്തിൽ മാറ്റിനടുകയാണ് പ്രമോദ് മിക്കപ്പോഴും ചെയ്യാറ്
വിരുദ്ധാവസ്ഥകളാൽ രണ്ടു കവിതയും പരസ്പരാപേക്ഷവുമാവുന്നുണ്ട്. മൊഴി തുടങ്ങുമ്പോൾ തന്നെ കുഞ്ഞമ്പ്വേട്ടന് മിണ്ടാട്ടം മുട്ടിയിരുന്നു. അമ്മമ്മയുടെ ഓർമ്മയിൽ മാത്രമേ അയാൾ ചലിച്ചുള്ളൂ. മുകുന്ദേട്ടനാകട്ടെ ഉടനീളം വികടസരസ്വതി. കണ്ടങ്കടലാസിൽ ഇംഗ്ലീഷ് വായിച്ചും മിണ്ടാതൊഴിയാൻ നോക്കിയ ആപ്പനെ കൂച്ചിപ്പിടിച്ചെടുത്ത് വർത്താനം പറഞ്ഞും നടന്നവൻ.
ഹ്രസ്വകാലഭ്രാന്തിനായുള്ള മുകുന്ദേട്ടന്റെ ദീർഘകാലയത്‌നങ്ങളെക്കുറിച്ച് പ്രമോദ് പിൽക്കാലത്തെഴുതിയ "ഒരുക്ക'ത്തിൽ ഓർത്തെടുക്കും പോലെ, "കവിതയെത്തന്നെ അട്ടിമറിക്കുന്ന അവസാനത്തെ നാലുവരി' യിലൂടെയാണ് "അനങ്ങാതെ...' യിലെ കുഞ്ഞമ്പ്വേട്ടൻ വീണ കൊടിയും അടഞ്ഞ ക്ലബ്ബും ചത്തുമലച്ച വാക്കുമായി മാറുന്നത്; കടൂരിലെ - ഏതു ഗ്രാമത്തിലെയും - മിണ്ടാട്ടം മുട്ടിയ ഒരു സാമൂഹിക - രാഷ്ട്രീയ കാലഘട്ടത്തിന്റെ ചരിത്രാവശിഷ്ടമായി അടയാളപ്പെടുന്നത്. "കൂക്കി'ലെ മുകുന്ദേട്ടനാകട്ടെ, സമാനമായ "അട്ടിമറി'യിലൂടെ അവസാന വരികളിൽ കുറുക്കന്മാരൊഴിഞ്ഞ "കുന്നുമ്പൊറ'ത്തെത്തുന്നു. "നേരമ്പൊലരും വരെ' കൂവുന്നു. മുകുന്ദേട്ടൻ ഭാഷയിൽ നിന്ന് കൂക്കിലേക്ക്, മനുഷ്യത്വത്തിൽ നിന്ന് ജന്തുത്വത്തിലേക്ക് ചുരുങ്ങുകയാണോ? അതോ വളരുകയാണോ? വാക്കു ചത്തു മലച്ചിടത്തു നിന്ന് കൂക്കിന്റെ ആദിമത അനങ്ങുകയാണോ?
ഇനി, ഈ വായന തന്നെ ഊളത്തരമാണോ? അങ്ങു വടക്ക്, കുറുക്കൻ പാറകളും മുത്തപ്പൻകാവുകളും കർഷക സമരങ്ങളും അന്യം നിന്നൊരു കുന്നുമ്പുറത്തു നിന്ന് പുലരും വരെ കൂക്കി മുകുന്ദേട്ടൻ റദ്ദാക്കുന്നത് എന്റെ മാതിരിയൊരു തെക്കൻ പട്ടണവാസിയുടെ "ഊളത്തര'ങ്ങളെയും കൂടിയാണോ?
മരിച്ച വീരർ തെയ്യമാകുന്ന നാട്ടിൽ ജീവിത കാലത്ത് തെയ്യമായവരല്ലേ കുഞ്ഞമ്പ്വേട്ടനും മുകുന്ദേട്ടനും? അങ്ങനെ വായിക്കാനാവും വിധം ഇരുവരുടെയും വീരശൂരകഥ പ്രമോദ് തലതിരിച്ചിടുന്നുണ്ട്. മലകളിൽ നിന്ന് മലകളിലേക്ക് കൂക്കി വിളിച്ച് നായാടി നടന്ന കുന്നത്തൂർപാടി മുത്തപ്പന്റെ ഛായയില്ലേ മാളോരെച്ചുമക്കുകയും തീക്കൊള്ളി തീണ്ടുകയും ചെയ്യുന്ന മുകുന്ദേട്ടന്? ജീവിതകാലത്ത് ഒരു കീഴാളത്തെയ്യത്തിന്റെ ഒരംപിടുത്തവും ഉരിയാട്ടും കഴിഞ്ഞ് മുടിയഴിഞ്ഞുകിടക്കുന്നവനല്ലേ കുഞ്ഞമ്പ്വേട്ടൻ?
രണ്ട് അമ്മമ്മക്കഥകൾക്ക് ആകസ്മികമായ വഴിത്തിരിവുകൾ നൽകി അനുഭവത്തെയും നോക്കുകോണിനെയും കവിതകളുടെ പൂർവ്വാഖ്യാനത്തെയാകെയും അട്ടിമറിച്ച്, വായനക്കാർക്ക് താന്താങ്ങളുടെ നിരവധി കവിതകൾക്കായി മൊഴിമുഖം തുറന്നിടുന്നു, മേൽ വിസ്തരിച്ച രണ്ടു കവിതകളും.
തെഴുപ്പ്, എന്തോ ഒന്ന്, അച്ഛൻ
താനറിഞ്ഞ ദേശക്കഥകളെ മുനകൂർപ്പിച്ചും ഇടമൊഴിത്തത്തോടെയും മലയാളപ്പൊതുവിടത്തിൽ മാറ്റിനടുകയാണ് പ്രമോദ് മിക്കപ്പോഴും ചെയ്യാറ്. അവ പൊതുവിടത്തിൽ പ്രതിബിംബിക്കുമ്പോഴോ പ്രതിധ്വനിക്കുമ്പോഴോ രൂപം കൊള്ളുന്ന അനേകം പൊരുളുകളിൽ ഒന്നോ രണ്ടോ എന്റേതു പോലുള്ള വായനകളിൽ തെളിയുന്നുവെന്നു മാത്രം. അക്കൂട്ടത്തിൽ ചില ദേശക്കഥകൾ വക്താവിന്റെ നേരിട്ടുള്ള ആത്മകഥാകഥനം തന്നെയായും മാറുന്നുണ്ട്. ബാർബർ കണ്ണേട്ടൻ, നീലക്കുറിഞ്ഞികൾ, അയ്യേ, കൊറിയയിലെ അമ്മമ്മേ..., ആത്മകവിത, അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വർഷങ്ങൾ തുടങ്ങിയ ആത്മകഥാസ്പദം കൂടിയായ ഒരുപിടി കവിതകൾ ആദ്യസമാഹാരത്തിൽ കാണാം.
എങ്കിലും ഞാൻ എന്ന വൈകാരിക സ്വത്വം ചോരനീരോടെ തെളിയുന്ന തരം രചനാസാന്ദ്രതയിൽ പ്രമോദ് എത്തിപ്പെടുന്നത് രണ്ടാം സമാഹാരത്തിലെ കവിതകളുടെ കാലത്താണ് (എന്തോ ഒന്ന്, കല്ലുകൾ, തെഴുപ്പ്, അച്ഛൻ, നമ്മൾ, തോന്നൽ, കപ്പൻ, ഒരു നുള്ള് കവിത). ആ കാലത്തിന്റെ പ്രാതിനിധ്യവും സഹജമായ "പ്രമോദത്ത'വും ഉണ്ടായിരിക്കെ തന്നെ വ്യത്യസ്ത ആഖ്യാനമാതൃകകളുടെയും ജീവിതമുഹൂർത്തങ്ങളുടെയും പലമ ഒറ്റ രചനയിൽ ഇഴയിടുന്ന ഒരപൂർവ്വകവിതയാണ് "തെഴുപ്പ്'.
പതിവുപോലെ നർമ്മ - നിർമ്മമോക്തി ചാലിച്ച് വക്താവു പറയുന്ന ഒരു വീട്ടു/നാട്ടുകഥ എന്നു തോന്നുമെങ്കിലും "തെഴുപ്പ്', പലർ പലപാട് ഓർത്തെടുക്കുന്ന പലകാലങ്ങളുടെ ചേർത്തുവെപ്പാണ്. നാടകീയമായ ആഖ്യാനത്തിരിവുകളുള്ള നാലു ഭാഗങ്ങളുണ്ട് കവിതയ്ക്ക്. 1) അപ്പാപ്പൻ ദുർബലരായ മരത്തൈകളെ മാത്രം നട്ടുവളർത്തിയ കഥ - പറയുന്നത് "ഞാ'നാണെങ്കിലും ഈ ഭാഗം വാസ്തവത്തിൽ അമ്മമ്മയുടെ ഓർമ്മയാണ്. 2) "ഞാനും' അമ്മമ്മയുമായുള്ള അഭിമുഖ സംഭാഷണം - ശരിക്കും ഒരു നാടകരംഗത്തിലെ സംവാദത്തിന്റെ നേർരൂപമാണിത്:
""അമ്മമ്മേ'' ""എന്നാ?'' "അമ്മമ്മക്ക് വാതം ബന്നിറ്റില്ലേ?'' ""ങേ? ങേ?'' ""ബാതം ബാതം ബന്നിറ്റില്ലേ?'' ""ബന്നിന്' ""എങ്ങന്യാന്ന് ബന്നത്, ഒന്നു പറയാ?''
എന്ന മട്ടിൽ. 3) വീടിന്റെ സ്‌നേഹസ്പർശത്താൽ അമ്മമ്മ പക്ഷാഘാതത്തിൽ നിന്ന് കരകയറിയ കഥ - അന്നാളുകളിൽ നാട്ടിലില്ലാതിരുന്ന "എന്റെ' ആത്മകഥാപരവും വൈകാരികവുമായ സ്മരണകളിലൂടെ. 4) അപ്പാപ്പന്റെ കഥയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് അവശരുടെയും അംഗവിഹീനരുടെയും വക്കാലത്തുമായി നടക്കുന്ന തന്നെത്തന്നെ കളിയാക്കൽ - സ്വന്തം എഴുത്തുമുറ വെളപ്പെടുത്തലും സ്വരചനകളുടെ ഗുണനിലവാരത്തെ ഇകഴ്ത്തലും കൂടിയാണ് ഈ ഭാഗം.
വൃത്താലങ്കാരബദ്ധമായ കാവ്യഭാഷ കഴിയുന്നതും ഒഴിവാക്കുകയോ അതികഥനത്തിനും അന്യവത്കരണത്തിനും ആത്മപരിഹാസങ്ങൾക്കും മാത്രം ഉപയോഗിക്കുകയോ ചെയ്യുകയാണ് പ്രമോദിന്റെ സാമാന്യരീതി. മിക്ക കവിതകളും നാട്ടുവാമൊഴിയുടെ ഇത്തിരി നഞ്ഞു കലർന്ന വ്യവഹാരഭാഷയിലാണ്. "തെഴുപ്പി'ന്റെ ഉള്ളും ഉടലും വ്യത്യസ്തമല്ല. എന്നല്ല, "കാവ്യാത്മകത' ബാധിക്കാതിരിക്കാൻ പരദൂഷണവും സ്വയംദൂഷണവും വാമൊഴിയും നന്നായി ചെലുത്തി ഗദ്യത്തിൽ പരത്തിയെടുത്തത്; കഥപറച്ചിൽമട്ടു കൊണ്ട് ഒരു പക്ഷേ, ഈ കവിയുടെ "ഞാ'നെഴുത്തുകളിലെ മാതൃകാ അകവിത (Antipoetry).
ദുഃഖവും വേദനയും നേരിട്ടു വന്നു കരംഗ്രഹിച്ച് അലകടലിലേക്ക് വലിച്ചുകൊണ്ടു പോകുന്ന പതിവ്, പൊതുവേ പ്രമോദിന്റെ എഴുത്തിൽ ഇല്ലാത്തതാണ്. പക്ഷേ "എന്തോ ഒന്നി'ൽ അതുണ്ട്. രൂപം കൊണ്ടല്ല സ്‌നേഹം കൊണ്ട്; സ്‌നേഹത്തിന്റെ വേദനാഭരിതവും ആനന്ദകരവുമായ ഭാരം കൊണ്ട്
"ഞാ'നെഴുത്തുകളിൽ ഏറ്റവും പ്രമേയസാന്ദ്രം "എന്തോ ഒന്ന്' ആയിരിക്കണം. ദുഃഖവും വേദനയും നേരിട്ടു വന്നു കരംഗ്രഹിച്ച് അലകടലിലേക്ക് വലിച്ചുകൊണ്ടു പോകുന്ന പതിവ്, പൊതുവേ പ്രമോദിന്റെ എഴുത്തിൽ ഇല്ലാത്തതാണ്. പക്ഷേ "എന്തോ ഒന്നി'ൽ അതുണ്ട്. രൂപം കൊണ്ടല്ല സ്‌നേഹം കൊണ്ട്; സ്‌നേഹത്തിന്റെ വേദനാഭരിതവും ആനന്ദകരവുമായ ഭാരം കൊണ്ട്. പിറന്നാളിനോ പാലുകാച്ചലിനോ പോയി മടങ്ങുമ്പോൾ ചില്ലറ പലഹാരത്തുണ്ടിനൊപ്പം അമ്മമ്മ കോന്തലയിൽ പൊതിഞ്ഞുകൊണ്ടുവരുന്ന ആ എന്തോ ഒന്ന്. വീതം വച്ചാൽ കുറഞ്ഞു പോകുമോ എന്ന് കുടുംബത്തിലെല്ലാരും വെറുതേ പേടിക്കുന്നതും വീതിച്ചില്ലെങ്കിൽ കെട്ടുപുളിക്കുന്നതുമായ ഒന്ന്. ചോർന്നൊലിക്കുന്ന വീട്ടിൽ ഒപ്പം കിടന്നുറങ്ങിയ സകലചരാചരങ്ങൾക്കും കൊടുത്തിട്ടും ബാക്കിയാകുന്നത്. ഇന്ന് "ഞാൻ' അമ്മമ്മയ്ക്ക് തിരികെ കൊടുക്കുന്ന സാധനങ്ങൾക്കൊപ്പം ആ "എന്തോ ഒന്നി'ല്ലേ എന്ന അങ്കലാപ്പിന്റെ ഭാരം, പ്രമോദിന്റെ കവിതയിൽ അത്യപൂർവ്വമായി മാത്രമുള്ള വൈകാരികതയുടെ ഉച്ചശ്രുതി കേൾപ്പിക്കുന്നു: പതിവ് ഭാരക്കുറവിലോ മന്ദസ്ഥായിയിലോ നിന്നുയരുന്നതു കൊണ്ടാവാം, ഒന്നു വിതുമ്പി, നിമിഷ നേരത്തേക്ക് തടംതല്ലിയാർത്ത് നിശബ്ദമാകുന്ന ഏതോ തന്ത്രിവാദ്യസ്വനം പോലെയുണ്ട് കവിതയുടെ ഒടുവരികൾ:
"....അതുണ്ടോ, അതില്ലേ എന്ന സംശയത്താൽ കെട്ടിപ്പിടിക്കുന്നു. ചുളിവുവീണ കൈകളിലും എന്നോടൊപ്പം കഥകേട്ടു വളർന്ന മുഖത്തെ വലിയ കരുവാറ്റയിലും തലോടുന്നു. കെട്ടിവെച്ച മുടി അഴിച്ച് വീണ്ടും കെട്ടിക്കൊടുക്കുന്നു. ഉമ്മവെക്കുന്നു. "എന്റെ മോൻ ചാകുന്നതുവരെ എന്നെ നോക്കും മോൻ ചത്താൽ പിന്നെ ആരാ നോക്ക്വാ'എന്ന കഥയോടൊപ്പം അമ്മമ്മ കരച്ചിലിൽ പൊതിഞ്ഞു തന്ന എന്തോ ഒന്ന് വാങ്ങി ഞാൻ തിരിച്ചു പോകുന്നു.'
ദേശക്കവിതകളിലെ വക്താവ് പലപ്പോഴും പ്രവാസത്തിലേക്ക് നിർമ്മമം തിരികെപ്പോകുന്നവനെങ്കിലും "എന്തോ ഒന്നി'ൽ പിൻവിളിയാൽ കൊളുത്തിവലിക്കപ്പെട്ട ഒരു നാടോടിനോവുണ്ട്. "ഞാ'നും "എന്റെ' വീടും നെഞ്ചിടിപ്പായ കവിതകളിലെല്ലാം അതുണ്ട്. അച്ഛന്റെ മരണാസന്നകാലത്തെക്കുറിച്ച് എഴുതുമ്പോൾ "ഞാൻ', തിരികെപ്പോകാതെ വീടു തന്നെയായി പരിണമിക്കുന്നു. അലങ്കാരങ്ങൾ പതിവില്ലാത്ത പ്രമോദിന്റെ കവിതയിൽ, കരച്ചിലടക്കാനെന്നോണം, ബിംബവും രൂപകവും ഉപമകളും തുടർച്ചയായി കടന്നുവരുന്നു:
"ഞരങ്ങലിന്റെയും മൂളലിന്റെയും വാദ്യഘോഷങ്ങളോടെ
മൗനത്തിന്റെ മാലയുമായി
അച്ഛൻ കട്ടിലിൽ കാത്തിരിക്കുന്നു.
തകർന്ന ശ്വാസകോശം പോലെ
അരികിലിരിക്കുന്നു, വീട്.
അച്ഛന്റെ തൊണ്ടയിലെ കഫം പോലെ
എവിടേക്കും പോകാതെ
അരികിലിരിക്കുന്നു, നമ്മൾ'
(അച്ഛൻ)
കൊറിയ ഏസോ കടൂർ കാചി
ദെയ്‌ജോൺ പട്ടണവും ചൊൻമിൻദോങിലെ പ്രമോദിന്റെ വീട്ടുപരിസരവും ഹന്നം സർവ്വകലാശാലയിലെ അവന്റെ ലാബും ഒക്കെ പരിചിതമായ ഇടങ്ങളായതു കൊണ്ടു കൂടിയാവാം, എന്റെ പ്രിയകവിതയാണ് "കൊറിയ ഏസോ കടൂർ കാചി'. ആ ഇഷ്ടത്തെ കണിശമായ അകലത്തിൽ നിർത്തി വീണ്ടും വീണ്ടും വായിക്കുമ്പോഴും പ്രിയം കൂടി വരുന്നതേയുള്ളൂ. പ്രമോദിന്റെയോ മലയാളത്തിലെ തന്നെയോ മറ്റൊരു കവിതയുമായും സാമ്യമില്ലാത്ത അനന്യഘടനയാണതിന്. ശൈലിയിലെ തൻവഴിയും പ്രമേയത്തിലെ ഇടമൊഴിത്തവും പകൽ പോലെ വ്യക്തമായ ഒരു കവിയിൽ നിന്ന് ഉൽക്ക കണക്കെ അപ്രതീക്ഷിതമായി തെന്നിത്തെറിച്ചതാണെന്നു തോന്നുന്നു, കൊറിയയിൽ നിന്ന് കടൂരേക്കുള്ള ഈ സഞ്ചാരമൊഴി.
കൊറിയൻസ്വാതന്ത്ര്യസമരത്തിന്റെ മഹാകവിയും ബുദ്ധഭിക്ഷുവും ടഗോർ ആരാധകനുമായിരുന്ന മാൻഹേയുടെ Upon Reading Tagore's "The Gardener', Your Silence, Ferryboat and the Traveler തുടങ്ങിയ ഗീതകങ്ങൾ വായിക്കുമ്പോഴെന്ന പോലെ, കയ്യിൽ പിടിച്ച ഒറ്റച്ചെരിപ്പുമായി ഹിമസാനുക്കൾ താണ്ടുന്ന സെൻമഹാഗുരുവിന്റെ കഥയോർക്കുമ്പോഴെന്ന പോലെ, "കൊറിയ ഏസോ കടൂർ കാചി' ആവർത്തിച്ചു വായിക്കുമ്പോഴും, മഹായാന ബൗദ്ധപഥത്തിന്റെ പുരാവൃത്തങ്ങളിൽ ബോധിധർമ്മനും സമീപകാല ചരിത്രത്തിൽ ടഗോറും സഞ്ചരിച്ച ആ പട്ടുപാത (Silk Route) സങ്കൽപ്പിച്ചു നോക്കാൻ തോന്നും. ഹൻകു(ക്)മാൽ എന്നു പേരായ കൊറിയഭാഷയിലെ എനിക്കറിയാവുന്ന ചില ഇന്ത്യൻ പദങ്ങൾ ഓർമ്മയിൽ തടയും: മൗലി = മൗരി, സാനു = സാൻ, പുല്ല് = ഭുൽ .... രണ്ടായിരം കൊല്ലം പഴക്കമുള്ള പട്ടുപാതയുടെ രണ്ടറ്റത്തും ഒരേ തൂവലിന്റെ പറവകൾ പോലെ, ഒരേ ഉടലിന്റെ മാലോകർ പോലെ, സമാന ശബ്ദലോകമുണ്ടാവില്ലേ? പുരാവൃത്തത്തിനും ചരിത്രത്തിനും അതാതിന്റെ ഭാഷയിൽ തിരിയും മുമ്പേ, ജന്തുസഹജമായി ദേശാടകമനുഷ്യർ തമ്മിൽ പങ്കിട്ട വെളിവും കിറുക്കും രതിയും രുചിയുമുണ്ടാവില്ലേ? മലയും കടലും പുല്ലും പായലുമുണ്ടാവില്ലേ? ഗീതം, ദൃശ്യം, കാവ്യം ദൈവം... ഉണ്ടാവില്ലേ?
അതിസൂക്ഷ്മകണങ്ങളിൽ പണിയെടുക്കുന്ന ഗവേഷകനായിട്ടും കേവലം ജന്തുയുക്തിയിലെന്നപോലെ അത്രയും സുലളിതമായ ശബ്ദകൗതുകത്തിലാണ് പ്രമോദ് തന്നിലെ പുതുദേശാടകനെ എഴുതിത്തുടങ്ങുന്നത്:
"വാ.... വാ 'എന്നതിന്/ "വാ.... വാ' എന്നു പറയുന്ന നാട്ടിൽ നിന്നും
"കാ.... കാ' എന്നതിന്/ "പോ.... പോ' എന്നു പറയുന്ന നാട്ടിലേക്ക്
ഞാൻ പോകുന്നു.
"അയ്യോ.... പാമ്പ്'എന്നതിന്/ "ഐഗോ....പേം' എന്നു പറയുന്ന നാട്ടിൽ നിന്നും
"കേ.... കേ' എന്നതിന്/ "പട്ടി....പട്ടി' എന്നു പറയുന്ന നാട്ടിലേക്ക്
ഞാൻ പോകുന്നു.
"പുല്ല്...പുല്ല്' എന്നതിന്/ "ഭുൽ... ഭുൽ' എന്നു പറയുന്ന നാട്ടിൽ നിന്നും
"നാമു....നാമു' എന്നതിന്/ "മരം....മരം' എന്നു പറയുന്ന നാട്ടിലേക്ക്
ഞാൻ പോകുന്നു.
തുടർന്ന് ജീവിതത്തിലെ പൊതുചര്യകളുടെ താരതമ്യത്തിലേക്കും വക്താവിന്റെ ദെയ്‌ജോൺ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളിലേക്കും കവിത നീളുന്നു. കൊറിയയ്ക്കും കടൂരിനുമിടയിൽ പുതിയൊരു പട്ടുപാത തെളിയുന്നു. ശബ്ദാർത്ഥങ്ങളിലെ സാധർമ്മ്യവൈജാത്യങ്ങളിലുള്ള കൗതുകം വിട്ട്, ശരീരഭാഷയിലെയും (കൈകൂപ്പൽ / കുനിയൽ) ശീലത്തിലെയും (കൈ / ചൊക്കാര കൊണ്ട് ഭക്ഷണം കഴിക്കൽ) താരതമ്യങ്ങൾ വിട്ട്, യാത്രാമൊഴിയിൽ വേർപാടിന്റെ നീറ്റം പടരുന്നു. കൊടും ശൈത്യത്തിലെ പാതിരകളിൽ, "അറിയാത്ത ഭാഷയുടെ കട്ടിക്കമ്പിളിക്കുപ്പായത്തിനു തടുക്കാനാവാത്ത സ്‌നേഹത്തിന്റെ തണുപ്പിൽ' ഒന്നിച്ചിരുന്ന് സോജു കഴിക്കാറുള്ള ചവറെടുപ്പുകാരൻ കിം അമ്മാവനോടും, പുറംനാട്ടുകാരനായ തനിക്ക് നാലോ അഞ്ചോ ഉള്ളിയോ ഉരുളക്കിഴങ്ങോ അധികം തരുന്ന ആഴ്ചച്ചന്തയിലെ അജശി (അമ്മാവൻ) മാരോടും അജുമ (അമ്മായി) മാരോടും യാത്ര പറയുന്നു. ശബ്ദാർത്ഥങ്ങളുടെ ദ്വിമുഖയുക്തിയിൽ കോർത്തിണക്കിവന്ന നർമ്മോക്തികൾ പൊടുന്നനെ, നേരിട്ടുള്ള, തൊണ്ടയിടറുന്ന, യാത്രപറച്ചിലിനു വഴിമാറുകയാണ്.
"ഒരു ചിരിയാൽ/ ആംഗ്യത്താൽ/ ശബ്ദത്താൽ അതിരുകൾ മായിച്ചവരേ ഞാൻ പോകുന്നു. ..... എന്റെ വർഷങ്ങളെ പോറ്റുകയും പഠിപ്പിക്കുകയും പീഡിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത തേഹൻമിൻകൂക്..... ഞാൻ പോകുന്നു.'
കുറച്ചു നാൾ ഇഷ്ടത്തോടെ പൊറുത്ത പുറംനാട്ടിൽ നിന്ന് പിറന്ന നാട്ടിലേക്കു മടങ്ങുന്ന ഒരാളുടെ ആത്മഗതം മാത്രമായി ഈ കവിത വായിക്കപ്പെടാം. പക്ഷേ ചിലർക്ക്, ചില വീണ്ടുംവായനകൾക്ക്, അപ്രതീക്ഷിതവും അനായാസവുമായി വളഞ്ഞുപുളഞ്ഞു പോകുന്ന പാതയായോ നോക്കിനിൽക്കെ കൂപ്പുകുത്തിയും കുത്തിത്തിരിഞ്ഞും പെരുകുന്ന ചോലയായോ ഇത് മാറിയെന്നും വരാം. പ്രമോദ് അറിഞ്ഞിട്ടുണ്ടാവണമെന്നില്ല, ഒരു സൊൻ (സെൻ, ചാൻ എന്നിവയുടെ കൊറിയൻ ഭേദം) പ്രജ്ഞയുടെ ഇടപെടലുണ്ട് ഈ കവിതയിൽ.
ചൈനയിലെ വടക്കൻ വെയ് രാജവംശത്തെ പ്രതിനിധീകരിച്ച് ആറാം നൂറ്റാണ്ടിൽ, ദുഷ്‌ക്കരമായ തെക്കൻ പട്ടുപാതയിലൂടെ ഇന്ത്യയിലേക്കു കാൽനടയായി സഞ്ചരിച്ച സോങ് യുൻ എന്ന ബുദ്ധസന്യാസി തന്റെ മടക്കയാത്രയ്ക്കിടയിൽ പാമീർ മലനിരകളിൽ വച്ച് സെൻമഹാഗുരുവായ ബോധിധർമ്മനെ കണ്ടുവത്രേ. കയ്യിൽ ഒരു ഒറ്റച്ചെരുപ്പമായി എതിരേ നടന്നു വന്ന ഗുരുവിനെ കണ്ടയുടൻ യുൻ ചോദിച്ചു:
"അങ്ങെവിടേക്കു പോകുന്നു?' "ഞാനെന്റെ വീട്ടിലേക്കു പോകുന്നു'
സോങ് യുന്നിന് തൃപ്തിയായില്ല: "അങ്ങെന്തിനാണീ ചെരുപ്പ് കയ്യിൽ പിടിച്ചിരിക്കുന്നത്?' "നാട്ടിൽ മടങ്ങിയെത്തുമ്പോൾ ഷാവോലിൻ വിഹാരത്തിൽ ചെല്ലൂ. അപ്പോൾ നിനക്കതു മനസ്സിലാവും. പക്ഷേ എന്നെ കണ്ട കാര്യം ആരോടും പറയണ്ട. അപകടമാണ്.'
അത്രയും പറഞ്ഞ് ബോധിധർമ്മൻ നടന്നകന്നു. തിരികെ നാട്ടിലെത്തിയ ഭിക്ഷു, താൻ സെൻമഹാഗുരുവിനെ കണ്ട കാര്യം രാജാവിനോട് ഉണർത്തിച്ചു. രാജാവാകട്ടെ കള്ളക്കഥ പറഞ്ഞതിന് ഭിക്ഷുവിനെ തടവിലാക്കുകയാണ് ചെയ്തത്. ബോധിധർമ്മൻ മൂന്നു കൊല്ലം മുമ്പ് മരണപ്പെടുകയും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഷവോലിൻ വിഹാരത്തിനു സമീപം അടക്കം ചെയ്യുകയും ചെയ്തിരുന്നുവത്രേ. സോങ്ങ് യുൻ തടവിലായതിനെത്തുടർന്ന് ഷാവോലിന്നിലെ ഭിക്ഷുക്കൾ കുഴിമാടം തുറന്നു നോക്കി. ഗുരുവിന്റെ ഉടൽ അവിടെയില്ല. ഉള്ളത് ഒരു ചെരിപ്പുമാത്രം. പാമീറിന്റെ ഉച്ചിയിൽ വച്ച് സോങ് യുൻ കണ്ട അതേ ചെരുപ്പിന്റെ ഇണ. കുഴിമാടത്തെ മൂന്നുവട്ടം വണങ്ങിക്കൊണ്ട് വിഹാരത്തിലെ ഭിക്ഷുസംഘം പ്രഖ്യാപിച്ചു:
"മഹാഗുരു വീട്ടിലേക്ക് മടങ്ങിപ്പോയിരിക്കുന്നു'
പ്രമോദിന്റെ കവിതയിൽ മേൽച്ചൊന്ന ബോധിധർമ്മകഥയില്ല. സൊൻബുദ്ധവാദത്തിന്റെയോ മറ്റേതെങ്കിലും ആത്മീയ - ദാർശനിക പാഠങ്ങളുടെയോ മിഥോളജിയുടെയോ സൂചന പോലുമില്ല. ഏറ്റവും ലളിതമായ, ഒന്നിനും വേണ്ടിയല്ലാത്ത, വരയും വാക്കുമാണ് സൊൻ എങ്കിൽ "കൊറിയ ഏസോ കടൂർ കാചി'യിൽ അതുണ്ട്. ഒരു ചെരുപ്പ് ചൊൻമിൻദോങിൽ ഉപേക്ഷിച്ച് മറ്റേ ചെരുപ്പുമായി നാട്ടിലേക്കു മടങ്ങുന്ന സൊൻ / സെൻ / ചാൻ ദേശാടനമായി ഞാൻ ഈ കവിതയെ വായിക്കുന്നു.
മലയാള കവിതയിലെ ആദ്യ ഇന്റെർനെറ്റ് തലമുറയുടെ ലക്ഷണമൊത്ത പ്രതിനിധികളിൽ ഒരാളായിട്ടു കൂടിയും പ്രമോദിനെ കവിതയുടെ ഡിജിറ്റൽ ഉപഗണങ്ങളോ ഹൈപ്പർ ലിങ്ക് അത്ഭുതങ്ങളോ ഇൻസ്റ്റലേഷൻ ആർട്ട് - വീഡിയോ ആർട്ട് പരീക്ഷണങ്ങളോ മോഹിപ്പിക്കുന്നില്ലെന്നു തോന്നുന്നു
"കൊറിയ ഏസോ കടൂർ കാചി' യുടെ ഘടനയിൽ മറ്റൊരു കവിത പ്രമോദിനു എഴുതാനാവുമെന്നു തോന്നുന്നില്ല. ബഹു സാംസ്‌കാരികത, ആ വാക്കു തന്നെ ഉപയോഗിക്കാൻ തോന്നാത്ത വിധം സ്വാഭാവികമായ ലോകാനുഭവമാണിതിൽ. പദലീലയിൽ നിന്ന് യാത്രാമൊഴിയിലേക്കുള്ള, പുഞ്ചിരിയിൽ നിന്ന് കരച്ചിലടക്കലിലേക്കുള്ള, അതിന്റെ പരിണാമവും എത്ര സ്വാഭാവികം. വായിക്കുമ്പോൾ ആ സ്വാഭാവികത ഋജുവെന്നു തോന്നാം. പക്ഷേ ഒരു നേർവഴിയാവിഷ്‌കാരമല്ലിത്. ഭാഷയ്ക്കും ഭാവനയ്ക്കുമൊപ്പം ഓർമ്മയും ഗൃഹാതുരതയും ആത്മഹാസവും സങ്കടവും നാടത്തവും തദ്ദേശീയതയും സാർവ്വദേശീയതയും സാർവലൗകികതകമെല്ലാം പലപാടു പിണഞ്ഞുണ്ടായതാവണം, ഇതിന്റെ ഘടന. പരമലളിതമായൊരു സൊൻപ്രജ്ഞയുടെ പട്ടുപാത കൂടി അതിൽ പിണഞ്ഞുകയറുന്നുവെന്നു മാത്രം.
മലയാള കവിതയിലെ ആദ്യ ഇന്റെർനെറ്റ് തലമുറയുടെ ലക്ഷണമൊത്ത പ്രതിനിധികളിൽ ഒരാളായിട്ടു കൂടിയും പ്രമോദിനെ കവിതയുടെ ഡിജിറ്റൽ ഉപഗണങ്ങളോ ഹൈപ്പർ ലിങ്ക് അത്ഭുതങ്ങളോ ഇൻസ്റ്റലേഷൻ ആർട്ട് - വീഡിയോ ആർട്ട് പരീക്ഷണങ്ങളോ മോഹിപ്പിക്കുന്നില്ലെന്നു തോന്നുന്നു. പ്രമാദം ബ്ലോഗിൽ ഇടമൊഴിത്തമുള്ള ചില പൊതുസംഭവങ്ങളെയും കഥാപാത്രങ്ങളെയും ലിങ്ക് ചെയ്തിട്ടുണ്ടെന്നതൊഴികെ ടെക്‌നോളജിയെ കാവ്യഭാഷയുടെ കൈവശ ഭൂമിയിലേക്ക് ഈ കവി പ്രവേശിപ്പിക്കാറില്ല. എന്നാൽ ഓരങ്ങളിലെയും പുറമ്പോക്കുകളിലെയും ജീവിതത്തിന്റെ മൊഴിത്തുണ്ടുകൾ പെറുക്കിക്കൂട്ടി കാവ്യ ഭാഷയ്ക്കുള്ളിൽ ഇൻസ്റ്റലേഷനുകൾ സൃഷ്ടിക്കുന്ന പ്രതിഷ്ഠാപനസങ്കേതം പ്രമോദ് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഉദ്ധരിച്ച ചിലതുൾപ്പെടെ നിരവധി കവിതകളിൽ അതുണ്ട്. മാത്രമല്ല, സുസാധാരണമായ അനുഭവശകലങ്ങളിൽ നിന്ന് ഒരു സൂക്ഷ്മകണമെടുത്ത് കവിതയുടെ കാചത്താൽ പെരുപ്പിച്ച് അതിലെ അസാധാരണത്വം കണ്ടെത്തുന്ന ലാബ് വർക്കുമുണ്ട്, ഇയാളുടെ "കവിത്തര'ത്തിൽ.
ഈ കവി എന്തെഴുതുമ്പോഴും തെളിയും, ലളിതമായ ദർശനസ്ഫുലിംഗങ്ങളുടെ ഒരിടിമിന്നൽവഴി. "ഓന്റെ വീട്ടിലേക്ക് ബസ്സുണ്ടോ' എന്നന്വേഷിച്ചാൽ "ഈട്ന്ന് നേരെ നടക്ക്വാ/ അന്നേരം ഒരു ബാർപ്പ് പാലം കാണും/ അത് കടന്നിറ്റ് കണ്ടത്തിലൂടന്നെ പോകുമ്പം /ആരെങ്കിലും ഇണ്ടാവും / ചോയിച്ചാ പറഞ്ഞ് തരും. / ബസ്സൊന്ന്വല്ലല്ലോ/ ബായീലെ നാവല്ലേ മോനേ നമ്മക്ക് ബയി' (വഴി) എന്നാവും നിഷ്‌കളങ്കത നടിച്ച് അത് മറുപടി തരിക.
സൂക്ഷിച്ചു നോക്കിയാൽ ഇല്ലത്തുന്ന് പുറപ്പെട്ട് അമ്മാത്ത് എത്തിച്ചേരാത്ത ഒരു വക്രിച്ച വഴിയാണത്. ബോൾഷെവിക് യക്ഷകിന്നരർ നാട്ടുകവല തോറും സ്റ്റാലിൻഗ്രാഡിലേക്ക് 30 കിലോമീറ്റർ എന്ന ചൂണ്ടുപലക വച്ച് നാസിപ്പടയെ മഞ്ഞുകാലം വരെ ചുറ്റിച്ച വഴി പോലെ. സാമൂഹികപരിണാമമെന്ന ആഭിചാരത്തിന്റെ ഒരിക്കലും അവസാനിക്കാത്തൊരു നട്ടുച്ചവഴി. ആ വഴി മിക്കപ്പോഴും, ഒന്നൊന്നര വരയോ നിറമോ കൊണ്ടാവിഷ്‌കരിച്ച സെൻ കാരിക്കേച്ചറുകൾ പോലെയാവും പ്രമോദിന്റെ സൂക്ഷ്മരചനയ്ക്കു വിധേയമാവുക. നിമിഷനേരത്തക്ക്, അത് ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുരതയിൽ നനഞ്ഞു കുതിരുകയാണെന്നു തോന്നും. പക്ഷേ, ഒരൊറ്റ പൊട്ടിച്ചിരിയുടെ സൂര്യൻ മതി അടുത്ത ക്ഷണം അതിനെ ഉണക്കി വരട്ടാൻ. പട്ടണത്തം, ദ്വീപിൽ കടലെന്ന പോലെ ചുറ്റും മുഴങ്ങിക്കൊണ്ടിരിക്കും. കവിതയുടെ മന്ത്രവടി ഒന്നുവീശിയാൽ മതി പക്ഷേ, കടലലകൾ വകഞ്ഞ് കടൂരെന്ന കാൽപ്പനികക്കുന്നിൻചെരു കണ്ണിറുക്കും. വഴിയോരശബ്ദങ്ങളാണ് പ്രമോദിന് പ്രിയം. പൊണ്ണൻ പൊരുളുകളൊന്നും അവയിൽ മുഴങ്ങാറില്ല. മിക്കപ്പോഴും മുഖ്യധാരാലോകത്തിനു നേർക്ക് പോയിന്റ് ബ്ലാങ്കിൽ ചൂണ്ടിയ യാഥാർത്ഥ്യബോധത്തിന്റെ "ഏഷണി'കൾ മാത്രമാണവ.
അയ്യപ്പപ്പണിക്കർ, കെ.ആർ. ടോണി എന്നിവരിലൂടെ കൈമറിഞ്ഞു വന്ന ആത്മഹാസത്തെ ഭാഷാപരമായ ആറ്റൂരിയൻ ജാഗ്രതയോടെ ചെത്തിക്കൂർപ്പിക്കുന്ന പ്രമോദിനെ, മലയാള സൈബറിടത്തിൽ ഇന്ന് വ്യാപകമായിക്കഴിഞ്ഞ നീട്ടിപ്പരത്തലോ ശബ്ദഘോഷമോ ആകർഷിക്കുന്നില്ല. മറിച്ച് കേന്ദ്രിതാഖ്യാനങ്ങൾ ചിതറിപ്പോയ ഉത്തരകാലത്തെ വ്യഞ്ജിപ്പിക്കാനും ധ്വനിപ്പിക്കാനും കാവ്യഭാഷാപരം
മാത്രമായ ചില മാതൃകകൾ പരീക്ഷിക്കുകയാണയാൾ. ഭൗതിക പദാർത്ഥങ്ങളുടെ ഉൾക്കണങ്ങളിൽ ശാസ്ത്രജ്ഞനായും കവിതയുടെ പദാനുപദ അർത്ഥങ്ങളിൽ കവിയായും തന്റെ നാനോപ്പണി അയാൾ തുടരുന്നു. ഇതിനായി ആദ്യ രണ്ടു കവിതാസമാഹാരങ്ങളിലും പ്രമോദ് ആത്മകഥാപരമായ ലോകത്തിന്റെ ഇടമൊഴിത്തത്തെ വല്ലാതെകണ്ട് ആശ്രയിക്കുന്നുണ്ട്. മൊഴിയനുഭവത്തിന്റെ നിരവധി ഹൈപ്പർ ലിങ്ക് സാധ്യതകളെ ഈ സ്വാനുഭവപരത പരിമിതപ്പെടുത്തുണ്ടോ എന്ന ആശങ്ക എന്റെ പ്രമോദ് വായനയെ ഈയിടെ ശല്യപ്പെടുത്താറുണ്ട്. സ്വാനുഭവത്തിൽ നിന്നല്ലാതെ ഒന്നും എഴുതിയിട്ടില്ലെന്ന് അക്ഷരാർത്ഥത്തിൽ തന്നെ ആറ്റൂർ രവിവർമ്മ പറയുമായിരുന്നു. വ്യംഗ്യാർത്ഥത്തിലേ എനിക്കത് സ്വീകാര്യമായിരുന്നിട്ടുള്ളൂ. ആറ്റൂർ മാഷിന് പ്രമോദിന്റെ കവിതയോട് പ്രിയമായിരുന്നത് നേരിട്ടറിയാം. പ്രമോദ്, "ആറ്റൂരത്ത'ങ്ങളെ നിനക്കിനി അക്ഷരാർത്ഥത്തിലെടുക്കാനാവില്ല. നിന്റെ കവിത അനാഥമായ ഒരുത്തരകാല നഗരത്തിലെത്തിക്കഴിഞ്ഞു. സത്യാനന്തരലോകത്തിന്റെ ഇല്ലാത്ത തലസ്ഥാനനഗരമാണത്. അവിടെ ആറ്റൂരിയൻ വഴിയെന്നല്ല, ഒരു വഴിയുമില്ല. പക്ഷേ ഏതോ വഴിയൂടെ നിന്റെ കവിത മുന്നോട്ടു നടക്കുന്നുണ്ടല്ലോ. കമോൺ, നഷ്ടപ്പെടുവാൻ കൈവിലങ്ങോ കിട്ടാൻ പുത്തനുലകമോ ഇല്ലാത്ത, ഒരു വഴി പോലുമല്ലാത്ത, അതുവഴി നടന്നോളൂ. പിന്നാലെയുണ്ട് ഈ വായനക്കാരനും. ▮