പത്താമത്തെ മ്യൂസ് സാഫോയുടെ 2500 വർഷം

യൂറോപ്യൻ കവിതയിലെ ആദ്യ സ്ത്രീശബ്ദമായ സാഫോ ഗേ-ലെസ്ബിയൻ രാഷ്ട്രീയത്തിന്റെ കാലത്ത് വീണ്ടെടുക്കപ്പെടുന്നു

Without a warning
As a whirlwind
swoops on an oak
Love shakes my heart
(Sappho/Barnard 67)**

ന്നത്തെ ധാരണയനുസരിച്ച്, യൂറോപ്യൻ കവിതയിൽ കേൾക്കുന്ന ആദ്യ സ്ത്രീശബ്ദമാണ് സാഫോയുടെ എഴുത്തിലുള്ളത്. എന്നാൽ, ആദ്യകാല ലിറിക് കവി എന്ന നിലയിലോ എഴുത്തുകാരി എന്ന നിലയിലോ ഒരു ഇളവും അവരുടെ രചനകൾ ആവശ്യപ്പെടുന്നുമില്ല. പരിഷ്‌കൃതവും ഇന്നും പുതുമ നിലനിർത്തുന്നതുമായ രചനാരീതി അവയിൽ കാണാം; അവിടെ പ്രകടമാകുന്ന ചിന്താ-വികാരങ്ങളിൽ പലതും ഇന്നും തീവ്രതയോടെ തന്നെ മനസ്സിലാക്കപ്പെടുന്നു.

എല്ലാക്കാലത്തേയും മികച്ച കവിതകൾക്കൊപ്പം നിൽക്കുന്നതിനുള്ള ഉൾബലവും ശിൽപഭംഗിയും അവരുടെ കവിതൾക്കുണ്ട് എന്ന് ഇപ്പോൾ അവശേഷിക്കുന്ന കാവ്യശകലങ്ങൾ തന്നെ കാണിച്ചുതരികയും ചെയ്യുന്നു.
എഴുത്തുകാരി എന്ന നിലയിൽ തനിക്കു തുടർച്ചയുണ്ട് എന്നതിനെപ്പറ്റി സാഫോക്ക് ധാരണയുണ്ടായിരുന്നു എന്ന് ചില കവിതകൾ സൂചിപ്പിക്കുന്നുണ്ട്. എഴുത്തിൽ സ്വന്തം വികാരങ്ങളിൽനിന്ന് കാണിച്ചിരുന്ന അതേ അകലം ഈ ധാരണയുടെ കാര്യത്തിലും അവർ പുലർത്തിയിരുന്നുതാനും.

സാഫോ പ്രതീക്ഷിച്ചതിലും എത്രയോ അധികം വായനക്കാരാണ് പിന്നീട് അവർക്കുണ്ടായത്. പുരാതന ഗ്രീസിലും റോമിലും ഹോമറിനൊപ്പം സ്വീകാര്യതയും അംഗീകാരവും അവർക്കു ലഭിച്ചിരുന്നു. ആർക്കിലോക്കസ്, ആൽകയോസ്, (ആൽസീയൂസ് എന്നും ഉച്ചാരണമുണ്ട്) പിൻഡാർ തുടങ്ങി അക്കാലത്തെ ചുരുക്കം എഴുത്തുകാർ മാത്രമാണ് തുടർച്ചയായി വായനക്കാരെ കണ്ടെത്തിയിട്ടുള്ളത്.

സാഫോ പ്രതീക്ഷിച്ചതിലും എത്രയോ അധികം വായനക്കാരാണ് പിന്നീട് അവർക്കുണ്ടായത്. പുരാതന ഗ്രീസിലും റോമിലും ഹോമറിനൊപ്പം സ്വീകാര്യതയും അംഗീകാരവും അവർക്കു ലഭിച്ചിരുന്നു.

ഒരു കവിക്ക് പിൽക്കാലം തുടർച്ച കിട്ടുന്നത് വായനക്കാരിലൂടെ മാത്രമല്ല; പിന്നീടുവരുന്ന എഴുത്തുകാർ അവരെ സ്വന്തം കാലത്തിൽ പുനർനിർമിക്കുന്നതിലും അവർ സാധ്യമാക്കിയ കാവ്യപ്രക്രിയകളിൽ ചിലത് തുടരുന്നതിലും കൂടിയാണ്.

റോമൻ കവിതയുടെ 'സുവർണ'കാലമായിരുന്ന ബി.സി ഒന്നാം ശതകത്തിലെ നാലു പ്രധാനകവികൾ, (കറ്റാലസ്, ഹോറെസ്, ഓവിഡ്, വെർജിൽ) സാഫോയെ സ്വന്തം രചനകളിൽ പുനർനിർമിക്കുകയുണ്ടായി. ഇവയിൽ ശ്രദ്ധിക്കപ്പെട്ട പ്രതികരണങ്ങളിലൊന്ന്, സാഫോയുടെ Fragment 31 പുനരാവിഷ്‌കരിച്ചെഴുതിയ കറ്റാലസ്സിന്റെ 'Poem 51' എന്ന കവിതയാണ്.

സാഫോയുടെ കവിതയുടെ സ്വതന്ത്ര വിവർത്തനമായിരിക്കുമ്പോൾ തന്നെ കറ്റാലസിന്റെ അനുഭവവിവരണം കൂടിയാകുന്ന രീതിയിലാണ് ഇതെഴുതിയിട്ടുള്ളത്. കറ്റാലസ്സ് കവിതകളിലെ കാമുകീ കഥാപാത്രമായ ലെസ്ബിയയാണ്, സാഫോയുടെ കാമുകിയല്ല, 'Poem 51ൽ' വിഷയം.

ഈ കഥാപാത്രത്തിന് ലെസ്ബിയ എന്ന പേരുകൊടുത്തതു തന്നെ ലെസ്ബോസിലെ കവിയായ സാഫോയോടുള്ള ആദരം സൂചിപ്പിക്കുന്നു. (അക്കാലത്ത് 'ലെസ്ബിയൻ' എന്ന വാക്കിന് ലെസ്ബോസുമായി ബന്ധപ്പെട്ടത്, ലെസ്ബോസിൽ ജനിച്ചത് തുടങ്ങിയ അർത്ഥങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.)

അക്കാലത്ത് 'ലെസ്ബിയൻ' എന്ന വാക്കിന് ലെസ്ബോസുമായി ബന്ധപ്പെട്ടത്, ലെസ്ബോസിൽ ജനിച്ചത് തുടങ്ങിയ അർത്ഥങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഹോറെസിന്റെയും ഓവിഡിന്റെയും കവിതകളിൽ സാഫോ പല സന്ദർഭങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. അതിലുമുപരി, കറ്റാലസ്സിന്റെ കാര്യത്തിലെന്നപോലെ ഇവരുടെ രചനകളിലും സാഫോ എപ്പോഴും പ്രത്യക്ഷമാകാവുന്ന സാന്നിദ്ധ്യവുമാണ്. കൂടുതൽ ക്ലാസിക്കൽ സ്വഭാവമുള്ള വെർജിലിൽ തന്നെ സാഫോയുടെ കവിതാലോകത്തിലേക്ക് സൂചന നൽകുന്ന സന്ദർഭങ്ങൾ കാണാം.

അടുത്ത കാലത്തായി, 19, 20 ശതാബ്ദങ്ങളിൽ ചാൾസ് ബോദ്‌ലെയർ, എ.സി സ്വിൻബേൺ, പോൾ വെർലെയ്ൻ, റെയ്‌നർ മാറിയ റിൽകെ, റെനേ വിവിയാൻ, എസ്രാ പൗണ്ട്, ടി. എസ് എലിയറ്റ്, അഡ്രിയെൻ റിച് തുടങ്ങി നിരവധി കവികളാണ് സാഫോയുടെ രചനകളുമായി പ്രതിപ്രവർത്തിച്ചിട്ടുള്ളത്.

Alcaeus and Sappho an ancient vase courtesy:Wikimedia Commons

ക്രിസ്തുവിന് പിമ്പ് മൂന്നാം നൂറ്റാണ്ടിൽ അലക്സാൻഡ്രിയായിലെ ലൈബ്രറിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് ഒൻപതു പുസ്തകങ്ങളിൽ സമാഹരിച്ച സാഫോയുടെ മുഴുവൻ രചനകളും വായിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഈ സൗകര്യം അധികനാൾ നിലനിന്നില്ല; നാലാം നൂറ്റാണ്ടോടെ സാഫോയുടെ രചനകൾ അപ്രത്യക്ഷമാകാൻ തുടങ്ങി.

സ്വവർഗാനുരാഗത്തെപ്പറ്റി എഴുതിയതുകൊണ്ട് ഗ്രിഗറി എന്നു പേരുള്ള ഒരു ആർച്ബിഷപ്പിന്റെയും, അതേ പേരുള്ള പോപ്പിന്റെയും നേതൃത്വത്തിൽ സാഫോയുടെ കവിതകൾ തീയിട്ടും അല്ലാതെയും നശിപ്പിക്കപ്പെട്ടു.

റോമൻ പള്ളിയിലുൾപെട്ട ചില അധികാരകേന്ദ്രങ്ങളായിരുന്നു ഇതിനുപിന്നിൽ. സ്വവർഗാനുരാഗത്തെപ്പറ്റി എഴുതിയതുകൊണ്ട് ഗ്രിഗറി എന്നു പേരുള്ള ഒരു ആർച്ബിഷപ്പിന്റെയും, (പിന്നീട്) അതേ പേരുതന്നെയുള്ള പോപ്പിന്റെയും നേതൃത്വത്തിൽ അവരുടെ കവിതകൾ തീയിട്ടും അല്ലാതെയും വ്യവസ്ഥാപിതരീതികളുപയോഗിച്ച് നശിപ്പിക്കപ്പെട്ടു.

എങ്കിലും, അവശേഷിക്കുന്ന രചനകളിലൂടെ സാഫോ തുടർന്നും വായിക്കപ്പെടുകയും യൂറോപ്പിലെ പല പ്രധാന കവികളുടെയും വിമർശകരുടെയും ശ്രദ്ധയിൽ വരികയും ചെയ്തു.

മദ്ധ്യകാലം മുതൽ കഴിഞ്ഞ നൂറ്റാണ്ടുവരെ പലരുടെയും രചനകളിലുള്ള ഉദ്ധരണികളിലൂടെയാണ് ഈ ശേഷിപ്പുകൾ പ്രധാനമായും നിലനിന്നത്.

ഇതിൽ പ്രധാനം ലോഞ്ജൈനസ്സിന്റെ 'On Sublimity' (Fragment 31), Dionysius of Halicarnassus എഴുതിയ 'On Literary Composition' (Fragment 1) എന്നീ പ്രബന്ധങ്ങളാണ്. മദ്ധ്യകാലത്തിനുശേഷം, ലോഞ്ജൈനസ് കൂടുതൽ വായിക്കപ്പെടാനാരംഭിച്ചത് ഒരു പ്രധാനകവിയെന്ന നിലയിൽ സാഫോയെ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നു.

സബ്ലൈം എന്ന ആശയം ചർച്ച ചെയ്യുന്ന കാന്റിന്റെ Critique of Judgement (1790) പുറത്തുവന്നതിനു ശേഷം ലോഞ്ജൈനസ്സിന്റെ പ്രബന്ധത്തിന് വായനക്കാർ കൂടി. സാഫോയുടെ ഏറെക്കുറെ പൂർണമായും അവശേഷിക്കുന്ന Fragment 31 അങ്ങനെ വ്യാപകമായി വായിക്കപ്പെട്ടു.

undefined

പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും എഴുത്തുകാർ അവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതി എന്ന നിലയിലേക്ക് On Sublimity എന്ന ലോഞ്ജൈനസ് പ്രബന്ധം മാറിയിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിൽ സാഫോയും ലെസ്ബോസും ബോദ്‌ലെയർ, സ്വിൻബേൺ തുടങ്ങിയവരെഴുതിയ കവിതകൾക്കു വിഷയമായി. വ്യക്തികൾ എന്ന നിലക്കും കവികൾ എന്ന നിലക്കും സ്വന്തം ആവശ്യങ്ങൾക്ക് അനുസൃതമായാണ് ഈ കവികൾ സാഫോയെ പുനഃസൃഷ്ടിച്ചത് എങ്കിലും യൂറോപ്പിലെ ഒരു പ്രധാന കവി എന്ന നിലയിൽ നൂറ്റാണ്ടുകൾക്കുശേഷവും സാഫോ മറ്റു കവികൾക്കു പ്രചോദനമായതെങ്ങനെ എന്ന് ഈ സന്ദർഭങ്ങൾ സൂചിപ്പിക്കുന്നു.

'Love's priestess, mad with pain and joy of song, / Song's priestess, mad with joy and pain of love' എന്നു തുടങ്ങുന്ന സ്വിൻബേണിന്റെ വരികൾ ഈ പ്രചോദനത്തിന്റെ സങ്കീർണ ഉദാഹരണങ്ങളിലൊന്നാണ്.

'Love's priestess, mad with pain and joy of song, / Song's priestess, mad with joy and pain of love'

1904ൽ ഈജിപ്ഷ്യൻ പട്ടണമായ ഓക്സിറിങ്കസിനു (Oxyrhynchus) സമീപം ജീർണാവശിഷ്ടങ്ങൾക്കിടയിൽ നിന്നു കിട്ടിയ പപൈറസ് കഷണങ്ങളിൽ നിന്ന് വായിച്ചെടുത്ത നൂറോളം കവിതാശകലങ്ങൾ പ്രസിദ്ധീകരിച്ചതോടെ സാഫോ കൂടുതൽ വായനക്കാരിലേക്കെത്തി. (തുടർന്ന്, 2004, 2014 വർഷങ്ങളിൽ ഏതാനും കാവ്യഭാഗങ്ങൾ കൂടി കണ്ടെത്തി ).

1922ൽ (യൂലിസിസിന്റെയും ദ് വെയ്സ്റ്റ് ലാൻഡിന്റെയും പ്രസിദ്ധീകരണവർഷം) J.M. Edmonsd എഡിറ്റ് ചെയ്ത് William Heinemann പ്രസിദ്ധീകരിച്ച Lyra Graeca Volume I അതുവരെ ലഭ്യമായിരുന്ന സാഫോയുടെ കവിതളെല്ലാം ഉൾപ്പെടുത്തിയിരുന്നു.
ഗ്രീക്ക് പാഠത്തോടൊപ്പം കൃത്യത പാലിക്കുന്ന ഗദ്യത്തിലുള്ള ഇംഗ്ലീഷ് വിവർത്തനങ്ങൾ ഈ സമാഹരത്തിന് സ്വീകാര്യത നൽകി. 1982ൽ David A Campbell എഡിറ്റ് ചെയ്ത Greek Lyric I പുറത്തിറങ്ങുന്നതു വരെ ഇംഗ്ലീഷ് വായനാലോകത്ത് സാഫോയുടെ കൃതികൾക്കുള്ള ആധികാരിക സ്രോതസ്സ് Lyra Graeca I ആയിരുന്നു. ഇപ്പോൾ സാഫോയുടെ ഏതു വിവർത്തനം വായിക്കുമ്പോഴും താരതമ്യത്തിന് ഉപയോഗിക്കാവുന്ന പുസ്തകങ്ങളാണ് ഇവ രണ്ടും. 1922നുശേഷം നിരവധിപേർ സാഫോയെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. ഇവയിൽ Willis Barnstone, Mary Barnard, Anne Carson, Diane J. Rayor എന്നിവരുടെ വിവർത്തനം എടുത്തുപറയാവുന്നതാണ്.

സാഫോയുടെ ഇപ്പോൾ കിട്ടാനുള്ള രചനകളിൽ പൂർണരൂപത്തിലുള്ളത് 'Fragment 1' എന്നറിയപ്പെടുന്ന അഫ്രൊഡൈറ്റിയെപ്പറ്റിയുള്ള ഒരു കവിത മാത്രമേയുള്ളു. മറ്റുള്ളവയെല്ലാം കാവ്യശകലങ്ങളായി നിലനിൽക്കുന്നു. ഇവയിൽ ചിലത് ഏകദേശം പൂർണമാണ്; ചിലതിൽ ഒന്നോ രണ്ടോ വാക്കുമാത്രമേ അവശേഷിക്കുന്നുള്ളൂ.

പതിനായിരത്തിനടുത്ത് വരികളുടെ ദൈർഘ്യമുണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്ന രചനകളിൽ എഴുന്നൂറോളം വരികളാണ് ഇന്ന് അവശേഷിക്കുന്നത്

ഒൻപതു പുസ്തകങ്ങളിലായി (ഒൻപത് പപൈറസ് ചുരുളുകൾ) സമാഹരിച്ചിരുന്നതും ഏകദേശം പതിനായിരത്തിനടുത്ത് വരികളുടെ ദൈർഘ്യമുണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നതുമായ രചനകളിൽ എഴുന്നൂറോളം വരികളാണ് ഇന്ന് അവശേഷിക്കുന്നത് എന്നുപറഞ്ഞാൽ ചിത്രം വ്യക്തമായി. അതേസമയം, ഇവർക്ക് പുരാതനഗ്രീസിൽ ഹോമറിനോടൊപ്പമായിരുന്നു സ്ഥാനം എന്നത് ബോദ്ധ്യപ്പെടാൻ ഇത്രയും വരികൾ ധാരാളവുമാണ്.

undefined

സ്വകാര്യ യുദ്ധങ്ങൾ, തൃഷ്ണകൾ

ചുരുങ്ങിയ വർഷങ്ങൾക്കുള്ളിലാണ് (ബി.സി എട്ടും ഏഴും നൂറ്റാണ്ടുകളിൽ) ഹോമറിന്റെയും ഹെസിയോഡിന്റെയും ഇതിഹാസരചനാരീതി വിട്ട് വ്യക്ത്യനുഭവങ്ങളും വികാരങ്ങളും പ്രകാശിപ്പിക്കാനെളുപ്പമുള്ള ലിറിക് രൂപത്തിലേക്ക് ഗ്രീക്ക് കവികൾ മാറുന്നത്.

(ലിറിക്കിന് നിരവധി ഉപവിഭാഗങ്ങളുണ്ട്; ഒരാളുടെ ശബ്ദത്തിനുവേണ്ടി എഴുതപ്പെട്ടതും (monody) വ്യക്തിപരമായ പ്രമേയങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നതുമായ വിഭാഗങ്ങൾ മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്).

അറിയപ്പെടുന്ന ആദ്യ ലിറിക് കവിയായ ആർക്കിലോക്കസ് (680645 ബി.സി) ജനിച്ച കാലത്ത് ഹോമർ ജീവിച്ചിരുന്നിരിക്കാൻ തന്നെ സാധ്യതയുണ്ട്. പദോപയോഗത്തിന്റെയും പദ്യരൂപത്തിന്റെയും കാര്യത്തിൽ എപിക് കവിതയുമായി ആർക്കിലോക്കസിന്റെ ശൈലിക്ക് സാദൃശ്യമുണ്ടെങ്കിലും ഭാവനയുടെ പുതിയൊരു ലോകമാണ് അദ്ദേഹത്തിന്റെ രചനകളിൽ തെളിയുന്നത്.

നൂറ്റാണ്ടുകൾക്കുമുൻപു നടന്ന യുദ്ധമല്ല ഇവിടെ കവിതയുടെ പ്രമേയം; അത് 'ഇന്ന'ത്തെ വ്യക്തിയുടെ സ്വകാര്യയുദ്ധങ്ങളും അനുഭവങ്ങളും നിരീക്ഷണങ്ങളും തൃഷ്ണകളുമാണ്. പ്രേമത്തിന്റെ സങ്കീർണവേദനകൾ മുതൽ രാഷ്ട്രീയ പ്രതിഷേധം വരെ ഇക്കാലത്തെ ലിറിക് കവിതകൾ വിഷയമാക്കുന്നു:

Love
I live here miserable and broken with desire,
pierced through to the bones by the bitterness
of this god-given painful love.
O comrade, this passion makes my limbs limp
and tramples over me.
(Archilochos, in Barnstone 12)**

മോഹം കൊണ്ടു തളർന്ന്
ആധിയിൽ, വേദനയിൽ
ഞാനിവിടെ കഴിയുന്നു;
കയ്പുറ്റ ഒരു പ്രേമം
തുടർന്നും
അസ്ഥിയിൽ
തുളകൾ വീഴ്ത്തുമ്പോൾ
സുഹൃത്തേ, ഈ ജ്വരം
എന്നെ തളർത്തുന്നു, എന്നെ
ചവിട്ടിമെതിച്ച് നടന്നു പോകുന്നു.

undefined

ഏകാന്തത, മരണം, സമൂഹത്തിൽ നിന്നുള്ള തിരസ്‌കാരം ('കുടുംബ'ത്തിൽ ജനിക്കാത്തതുകൊണ്ട് സമൂഹം പുറംതള്ളിയ ഒരാളായിരുന്നു ആർക്കിലോക്കസ്; ഇരുപതാം നൂറ്റാണ്ടിൽ ഷോങ് ഷെനെ [Jean Genet] ചെയ്തതുപോലെ സമൂഹത്തിന്റെ മൂല്യങ്ങളെ തിരസ്‌കരിച്ചാണ് അദ്ദേഹം ജീവിച്ചത്).

പരിഹാസം, സാമൂഹ്യവിമർശനം, (സ്വവർഗ്ഗനുരാഗമുൾപ്പെടുന്ന) ലൈംഗികത, കവിത, മദ്യലഹരി തുടങ്ങി മറ്റു നിരവധി പ്രമേയങ്ങൾ ആർക്കിലോക്കസ് കവിതകളിൽ അവതരിപ്പിച്ചു. സുഹൃദ്സംഗമങ്ങളിലും മദ്യപാനസദസുകളിലും മറ്റും സംഗീതത്തോടൊപ്പം അവതരിപ്പിക്കുന്നതിനാണ് ഇവയിലധികവും എഴുതപ്പെട്ടത്. അടുത്ത തലമുറയിൽ ആൽകായോസ് ഈ പാരമ്പര്യം തുടരുന്നുണ്ട്.

(സ്വവർഗ്ഗനുരാഗമുൾപ്പെടുന്ന) ലൈംഗികത, കവിത, മദ്യലഹരി തുടങ്ങിയ പ്രമേയങ്ങൾ ആർക്കിലോക്കസ് കവിതകളിൽ അവതരിപ്പിച്ചു. സുഹൃദ്സംഗമങ്ങളിലും മദ്യപാനസദസുകളിലും സംഗീതത്തോടൊപ്പം അവതരിപ്പിക്കുന്നതിനാണ് ഇവയിലധികവും എഴുതപ്പെട്ടത്.

ഹോമറിൽ നിന്നും ഹെസിയോഡിൽ നിന്നും വളരെ ദൂരെയുള്ള ലോകമാണിത്. ഈ അന്തരീക്ഷത്തിലാണ് തുടർന്നുവന്ന വർഷങ്ങളിലെഴുതിയ ആൽകായോസ്, സാഫോ, ഇബിക്യൂസ് തുടങ്ങിയ നിരവധി കവികൾ അവരുടെ ലിറിക് ഭാവനയും രചനാരീതിയും വികസിപ്പിക്കുന്നത്.

നേർമ്മയുള്ള വികാരങ്ങൾ മുതൽ തീഷ്ണമായ രാഷ്ട്രീയരോഷം വരെ വിഷയമാക്കുവാൻ അവർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അലങ്കാരങ്ങളും മറ്റു കാവ്യസങ്കേതങ്ങളും ഉപയോഗിക്കുമ്പോൾ തന്നെ ദൈനംദിന സംസാരഭാഷയുടെ ഘടനയും താളങ്ങളും അവരുടെ രചനകൾ നിലനിർത്തുന്നു.

വിവർത്തനത്തിൽ വായിക്കുമ്പോഴും കവിതയെഴുത്തിലെ വൈദഗ്ദ്ധ്യമെന്താണെന്ന് സൂചിപ്പിക്കുവാനും അവയിൽ ചിലതിനു കഴിയുന്നു.
സമൂഹത്തിന്റെ കഥയുടെ ആഖ്യാനം എന്ന എപിക് നിലയിൽ നിന്ന് ആത്മനിഷ്ഠമായ രചനയിലേക്കുള്ള മാറ്റമാണ് ഹോമറിൽ നിന്ന് സാഫോയിലും ആൽകായോസിലും എത്തുമ്പോൾ കാണുന്നത്.

എന്നാൽ, ഇപ്പോൾ നോക്കുമ്പോൾ തോന്നുന്നത്ര വിപ്ലവകരമായ പരിവർത്തനമായിരുന്നില്ല ഇത്. ഹോമറിനുമുൻപ് ഇതിഹാസകാവ്യങ്ങളുണ്ടായിരുന്നതുപോലെ, ആർക്കിലോക്കസ്സിനു മുൻപ് ലിറിക് കവിതകളുമുണ്ടായിരുന്നു.

ഒരു മുൻചരിത്രമില്ലാതെ ഇലിയഡ് പോലെ പരിഷ്‌കൃതമായ രചനാശിൽപമുള്ള ഒരു കൃതി സങ്കൽപിക്കുകതന്നെ എളുപ്പമല്ല. ട്രോജൻ യുദ്ധത്തിന്റെ ആഖ്യാനങ്ങൾ മുമ്പുനടത്തിയിരുന്ന കൃതികൾ നഷ്ടമായതുകൊണ്ടാണ് ഇലിയഡ് ഇന്ന് ആദികാവ്യമായി പരിഗണിക്കുന്നത്.

ബി.സി ഏഴാം നൂറ്റാണ്ടിനു മുൻപുള്ള ലിറിക് സൃഷ്ടികളെക്കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്. പലതരം ഗാനരൂപങ്ങളെപ്പറ്റി ഹോമർ തന്നെ പരാമർശിക്കുന്നുമുണ്ട്. വായ്മൊഴിയായി ഒരു ലിറിക് പാരമ്പര്യം മുൻപുതന്നെ നിലനിന്നിരുന്നു എന്നും ആർക്കിലോക്കസ്സിന്റെ കവിത ഇതിന്റെ തുടർച്ചയായിരുന്നു എന്നുമാണ് മനസ്സിലാക്കേണ്ടത്.

ട്രോജൻ യുദ്ധത്തിന്റെ ആഖ്യാനങ്ങൾ മുമ്പുനടത്തിയിരുന്ന കൃതികൾ നഷ്ടമായതുകൊണ്ടാണ് ഇലിയഡ് ഇന്ന് ആദികാവ്യമായി പരിഗണിക്കുന്നത്.

ഇവിടെ ചർച്ച ചെയ്യുന്ന ഗ്രീക്ക് സന്ദർഭത്തിൽ 'ഭാവഗീതം' എന്ന അർത്ഥം മാത്രമല്ല ലിറിക് എന്ന പദത്തിനുള്ളത്. Lyre എന്ന സംഗീതോപകരണത്തിന്റെ അകമ്പടിയോടുകൂടി പാടുന്നതിന് എഴുതിയ കൃതികളാണ് ലിറിക്കുകൾ. Lyre വായിക്കുന്നതിലും പാടുന്നതിലും സാഫോക്ക് വൈദഗ്ദ്ധ്യമുണ്ടായിരുന്നു; Lyre വായിക്കുന്നതിനുപയോഗിക്കുന്ന plectrum കണ്ടുപിടിച്ചതുതന്നെ സാഫോയാണെന്ന് കരുതപ്പെടുന്നു.
ദേവവർഗം

"In the Days of Sappho" ജോൺ വില്ല്യം ഗോഡ്‌വാർഡിന്റെ പെയിന്റിങ്‌ courtesy:Wikimedia Commons

ഗ്രീസിൽ ഫിലോസഫി തുടങ്ങുന്നത് സാഫോയുടെ സമകാലികനായിരുന്ന ഥേയ്‌ലീസ് (ബി.സി 624-545) മുതലാണ്. പൈതഗോറസ്, ഹെറക്ലൈറ്റസ്, പാർമനിഡീസ് തുടങ്ങിയവരിലൂടെ സോക്രറ്റീസിലും പ്ലെയ്റ്റോയിലുമെത്തുമ്പോഴേക്കും (ബി.സി നാലാം നൂറ്റാണ്ട്) ഒരു ലോകചിത്രം നിർമിക്കുന്നതിൽ തത്വചിന്ത ആളുകളെ സ്വാധീനിക്കാൻ തുടങ്ങി.

ചുറ്റുമുള്ള ലോകത്തെപ്പറ്റി മിത്തോളജിയെ അടിസ്ഥാനപ്പെടുത്തിയ വീക്ഷണങ്ങളാണ് അതിനുമുൻപുണ്ടായിരുന്നത്. ഹോമറിന്റെ ഇതിഹാസങ്ങളിൽ ഗ്രീക് ദൈവങ്ങൾ നേരിട്ടിടപെടുന്ന സന്ദർഭങ്ങൾ സാധാരണമായിരുന്നു.

ഇലിയഡും ഓഡിസിയും നിർമിക്കുന്ന ലോകചിത്രത്തിന്റെ ചട്ടക്കൂട് ഈ ദൈവങ്ങളെയും അവരെയുൾക്കൊള്ളുന്ന മിത്തോളജിയെയും അടിസ്ഥാനപ്പെടുത്തിയതാണ്; ചരിത്രത്തെയും ദൈനംദിന ജീവിതാനുഭവത്തെയും വ്യാഖ്യാനിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഉപകരണങ്ങൾ മിത്തിന്റെ മേഖലയിലാണ് അക്കാലത്തെ മനുഷ്യർ കണ്ടെത്തിയിരുന്നത്. പ്രകൃതിയിലെയും അനുഭവത്തിലെയും ഓരോ പ്രതിഭാസവും ദേവതകളുടെ പ്രീതി-അപ്രീതി ദ്വന്ദമുപയോഗിച്ച് വ്യാഖ്യാനിക്കപ്പെട്ടു.

ഭാവനയിലധിഷ്ഠിതമായ ഈ ലോകചിത്രനിർമിതിയിൽ നിന്ന് പുറത്തുകടക്കുക ഗ്രീക് ലോകത്ത് ആദ്യമായി മുഖ്യലക്ഷ്യമാക്കുന്നത് പ്ലേറ്റോയുടെ ചിന്താപദ്ധതിയാണ്.

ഭാവനയിലധിഷ്ഠിതമായ ഈ ലോകചിത്രനിർമിതിയിൽ നിന്ന് പുറത്തുകടക്കുക ഗ്രീക് ലോകത്ത് ആദ്യമായി മുഖ്യലക്ഷ്യമാക്കുന്നത് പ്ലേറ്റോയുടെ ചിന്താപദ്ധതിയാണ്. മിത്തോളജിയാവശ്യപ്പെടുന്ന അന്ധമായ വിശ്വാസം, അതുളവാക്കുന്ന ഭാവന എന്ന സമീപനത്തിനു പകരം, സൂക്ഷ്മവും നിരന്തരവുമായ ചോദ്യം ചെയ്യലിലൂടെ യാഥാർത്ഥ്യം എന്തെന്നന്വേഷിക്കുക എന്ന കർക്കശമായ ചിന്താരീതി അവതരിപ്പിക്കുക വഴി, ഥേയ്‌ലീസ് തുടക്കമിട്ട പ്രക്രിയയുടെ അടുത്ത ഘട്ടം ആരംഭിക്കുകയാണ് പ്ലേറ്റോ ചെയ്യുന്നത്.

ഒരു പ്രത്യേക മിത്തോളജി അടിസ്ഥാനമാക്കിയ ലോകചിത്രനിർമ്മിതിയുടെ അവസാനം കുറിക്കുന്നതുകൊണ്ട് ചിന്താരീതികളിലുള്ള അടിസ്ഥാനപരമായ (radical) മാറ്റം ഇത് സാദ്ധ്യമാക്കിത്തീർത്തു.

undefined

അലൗകിക സാന്നിദ്ധ്യങ്ങളുടെ കാര്യത്തിൽ ഹോമറിന്റെയും പ്ലേറ്റോയുടെയും നിലകൾക്കിടയിൽ വരുന്ന ഒരിടത്താണ് സാഫോയുടെ സ്ഥാനം. ഹോമറിന്റെ കവിതകളിൽ കാണുന്നതുപോലെ മനുഷ്യജീവിതം പൂർണമായി നിയന്ത്രിക്കുന്ന ദൈവങ്ങൾ സാഫോയുടെ കവിതകളിലില്ല; പ്രേമത്തിന്റെ ദേവതകളായ അഫ്രൊഡൈറ്റിയും ഇറോസും മാത്രമാണ് അവിടെയുള്ളത്.

അതിശക്തരായാണ് സങ്കൽപിക്കപ്പെടുന്നതെങ്കിലും, ഇവരോട് സംഭാഷണത്തിലേർപ്പെടാൻ കഴിയുന്ന വ്യക്തിബന്ധം സാഫോയുടെ കവിതകളിൽ സംസാരിക്കുന്നയാൾ നിലനിർത്തുന്നുമുണ്ട്. ദേവവർഗവുമായി ഹോമർ പാലിക്കുന്ന അകലം ഇവിടെയില്ല.

അഫ്രോഡൈറ്റിയുടെ സാന്നിദ്ധ്യം സാഫോയുടെ കവിതകളെ അവരുടെ കാലത്ത് ഉറപ്പിച്ചുനിർത്തുന്ന പ്രധാന ഘടകമാണ്. ആധുനിക മനസ്സുള്ള സമകാലീനകവിയായി സാഫോയെ പുനർനിർമ്മിക്കാൻ നോക്കുമ്പോൾ അതിലേക്കു പ്രശ്നങ്ങൾ കൊണ്ടുവരാൻ ഈ സാന്നിദ്ധ്യം തന്നെ ധാരാളമാകും.

തികച്ചും വിഭിന്നമായ തന്റെ ജീവിതലോകത്തുനിന്നും കാലത്തിൽ നിന്ന് വേർപടുത്തി, ആധുനിക ജീവിതത്തിന്റെ ഘടനയിൽ സാഫോയെ വിലയിപ്പിക്കാൻ ശ്രമിക്കുന്നത് പല ചേർച്ചയില്ലായ്മകളെയും പുറത്തുകൊണ്ടുവരും.

ഒരു തലത്തിൽ ലളിതമായിരിക്കുമ്പോൾ പോലും സഫോയുടെ കവിതകൾ ചിലപ്പോൾ ഒരു അഭേദ്യത നിലനിർത്തുന്നു. താഴെയുള്ള കവിതയിൽ എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കാൻ വിഷമമില്ല; എന്നാൽ അതുൾക്കൊള്ളുന്ന വിലാപത്തിന്റെ തീവ്രത, വായിക്കുന്നയാൾക്ക് അജ്ഞാതമായി നിലകൊള്ളുന്നു:

FIRST VOICE:*
Young Adonis is
dying! O Cytherea
What shall we do now?

SECOND VOICE:*
Batter your breasts!
With your fists, girls-
tatter your dresses!

ശബ്ദം ഒന്ന്:
അഡൊണിസ് മരിച്ചു-
കൊണ്ടിരിക്കുന്നു; സിതേറിയാ,
നമ്മൾ ഇപ്പോൾ എന്തുചെയ്യും?

ശബ്ദം രണ്ട്:
കൈ ചുരുട്ടി
നെഞ്ചത്തടിക്കുക, പെണ്ണുങ്ങളേ,
വസ്ത്രങ്ങൾ വലിച്ചു കീറുക!

അഫ്രൊഡൈറ്റി (സിതേറിയ)യുടെ കാമുകനായിരുന്ന അഡോണിസിന്റെ മരണമാണ് കവിതയുടെ സന്ദർഭം. ആധുനിക നരവംശശാസ്ത്രവുമായി പരിചയമുള്ളവർക്ക് അഡോണിസ്സിന്റെ മരണകഥയുടെ fertility myth പശ്ചാത്തലം എളുപ്പത്തിൽ മനസ്സിലാകും. അതിനപ്പുറത്ത്, നെഞ്ചത്തടിച്ചും വസ്ത്രം കീറിയും നടത്തുന്ന വിലാപം എന്താണെന്ന് പരാവർത്തനം ചെയ്ത് ധാരണയുണ്ടാക്കാനല്ലാതെ, അതിന്റെ അനുഭവതലം എന്തെന്നറിയാനുള്ള ഒരുപാധിയും ഇന്നത്തെ വായനക്കാരുടെ കൈവശമില്ല.

എഴുത്തിന്റെ പരിമിതികൊണ്ടു സംഭവിക്കുന്നതല്ല ഇത്, ഭാവനയിൽ പോലും തിരിച്ചറിയാൻ കഴിയാത്ത കഠിനവസ്തുക്കൾ ചരിത്രത്തിൽ പലയിടത്തും നിലനിൽക്കുന്നുണ്ട് എന്നതാണ് ഇവിടെ വായന ദുഷ്‌കരമാക്കുന്നത്.
സ്നേഹിക്കുന്നവരുടെ അഭാവം

'Sappho Inspired by Love' painting by Angelica Kauffmann

പൂർണരൂപത്തിൽ അവശേഷിക്കുന്ന സാഫോയുടെ രണ്ടു കവിതകളിലൊന്ന് അഫ്രോഡൈറ്റിക്കുള്ള പ്രാർത്ഥനാഗീതമാണ്. (2014ൽ കണ്ടെടുത്ത 'Brothers Song' ആണ് രണ്ടാമത്തേത്) ഹോമറിനെ ഓർമിപ്പിക്കുന്ന രീതിയിൽ അഫ്രൊഡൈറ്റിയെ പുകഴ്ത്തിക്കൊണ്ടാണ് തുടങ്ങുന്നത് എങ്കിലും ഏതാനും വരികളുടെ സമയത്തിനുള്ളിൽ സംഭാഷണരീതി തികച്ചും വ്യക്തിപരമായി മാറുന്നു.

പൂർണരൂപത്തിൽ അവശേഷിക്കുന്ന സാഫോയുടെ രണ്ടു കവിതകളിലൊന്ന് അഫ്രോഡൈറ്റിക്കുള്ള പ്രാർത്ഥനാഗീതമാണ്.

തുടർന്ന് സാഫോയുടെ ദുഃഖങ്ങളുമായി അടുത്തുപരിചയമുള്ള ഒരാളായാണ് അഫ്രൊഡൈറ്റി സംസാരിക്കുന്നത്:

''Who, Sappho, is
unfair to you? For, let her
run, she will soon run after'';

''if she won't accept gifts, she
will one day give them; and if
she won't love you-she soon will''

'love although unwillingly. . . .'
(Barnard 57-58)**

സാഫോ, ആരാണ്
നിന്നെ വേദനിപ്പിക്കുന്നത്?
അവൾ പോയ്മറയട്ടെ, പിന്തുടരരുത്;
അധികദിവസങ്ങൾക്കുമുൻപ്
മറയുന്ന ഒരാളെ അവൾ
പിൻതുടന്നതു നീ കാണും;

നിന്റെ സമ്മാനങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ
ഒരുദിവസം അവൾ
സമ്മാനങ്ങൾ നൽകും; നിന്നെ സ്നേഹിക്കുന്നില്ലെങ്കിൽ
ഒരുദിവസം അവൾ സ്നേഹിക്കും

ഇഷ്ടമില്ലാതെ പോലും.

തൃഷ്ണ വീണ്ടും വീണ്ടും മാറ്റിവയ്ക്കപ്പെടുന്ന അവസ്ഥയും ഈ വരികൾ സൂചിപ്പിക്കുന്നു; ഇന്ന് സാഫോ അനുഭവിക്കുന്നത് ഒരിക്കൽ അടുത്തയാൾ അനുഭവിക്കും; രണ്ടുപേരും നേരിടുന്നത് ഒരേ ശുന്യതയാണ്. ഇതുതന്നെയാണ് കവിതയുടെ കേന്ദ്രപ്രമേയവും.

ഒരാൾ വിട്ടുപോയതുകൊണ്ട് ഉണ്ടാകുന്ന ശൂന്യതയിലേക്കാണ് അഫ്രോഡൈറ്റിയെ ഇവിടെ വിളിച്ചു വരുത്തുന്നത്. അഫ്രൊഡൈറ്റി ഇതിൽ ഒരു കാവ്യപ്രമേയമല്ല, സങ്കേതമാണ്; അഫ്രൊഡൈറ്റിയോടല്ലാതെ മറ്റാരോടും പറയാനാവാത്ത കാര്യങ്ങളാണ് കവിതയിലുള്ളത് എന്നതുകൊണ്ടാണ് ഈ സങ്കേതം ഉപയോഗിക്കുന്നതും.

'The Birth of Venus' അലക്‌സാണ്ട്രെ കാബ്‌നലിന്റെ പെയിന്റിങ്

പ്രേമത്തെക്കുറിച്ചുള്ള സാഫോയുടെ പല കവിതകളിലും വേർപാടിന്റെ രൂപകങ്ങൾ സാധാരണമാണ്; സ്‌നേഹിക്കുന്നയാളുടെ അഭാവമാണ് അവയുടെ പശ്ചാത്തലം. വിവാഹശേഷം ദൂരദേശങ്ങളിലേക്കും (സാഫോയെ ഉപേക്ഷിച്ച്) മറ്റു സൗഹൃദങ്ങളിലേക്കും പോയ കൂട്ടുകാരികളാണ് ഇവിടെ അഭാവങ്ങളായി വരുന്നത്.

ഒരു പരിഹാരവുമില്ലാത്ത അഭാവങ്ങളാണ് ഇവ. സാന്നിദ്ധ്യം കൊണ്ടുതന്നെ ശൂന്യസ്ഥലങ്ങൾ സൂചിപ്പിക്കുന്ന ഈ രൂപകങ്ങൾ, ഈ കവിതകൾ പ്രധാനമായും പറയാൻ ശ്രമിക്കുന്നത് എന്താണ് എന്ന് സൂചിപ്പിക്കുന്നുമുണ്ട്.

ഒരിക്കലും സഫലീകരിക്കാനകാത്ത തൃഷ്ണയാണ് സാഫോയുടെ കേന്ദ്ര-പ്രമേയം എന്ന് വ്യക്തമാക്കുന്ന കവിതകൾ നിരവധിയുണ്ട്.

ഒരിക്കലും സഫലീകരിക്കാനകാത്ത തൃഷ്ണയാണ് സാഫോയുടെ കേന്ദ്ര-പ്രമേയം എന്ന് വ്യക്തമാക്കുന്ന കവിതകൾ നിരവധിയുണ്ട്. തൃഷ്ണയുടെ നിർമ്മിതിയും പരിണിതിയും നിരീക്ഷിച്ച്, അതിനെ കാവ്യപ്രമേയമാക്കി എന്നതാണ് സാഫോയെ വലിയ കവിയാക്കുന്നതിൽ പ്രധാനമായ ഘടകങ്ങളിലൊന്ന്. തൃഷ്ണ പല തലങ്ങളിൽ അവതരിപ്പിക്കപ്പെടുന്നു. ചിലപ്പോൾ ഇത് ഒരാളുടെ അഭാവം കൊണ്ടുണ്ടാകുന്ന ഏകാന്തതയാണ്:

Tonight I've watched

The moon and then
the Pleiades
go down

The night is now
half-gone; youth
goes; I am

in bed alone
(Barnard 83)**

നിലാവും, പിന്നീട്
കാർത്തികയും
താഴ്ന്നുപോകുന്നത്
ഞാൻ നോക്കിയിരുന്നു

രാത്രി പകുതിയും
കഴിഞ്ഞിരിക്കുന്നു; യൗവനം
കഴിയുന്നു; കിടക്കയിൽ
ഞാൻ തനിച്ചുമാണ്.

മറ്റു ചിലപ്പോൾ ഈ അനുഭവം നിശ്ശബ്ദമായ ദാഹവും സമരവുമായി മാറുന്നു:

Day in, day out
I hunger and
I struggle (Barnard 74).**

പകൽ മുഴുവൻ, രാത്രിമുഴുവൻ
ഞാൻ ദാഹിക്കുന്നു
ഞാൻ പൊരുതുന്നു

പലപ്പോഴും അതിസങ്കീർണരൂപങ്ങളിലാണ് ഇത്തരം ചിന്ത-അനുഭവങ്ങൾ സങ്കൽപിക്കപ്പെടുന്നതുതന്നെ. വിവാഹിതയായി ലിഡിയൻ നഗരമായ സാർഡിസ്സിലേക്കു പോയ ഒരു സുഹൃത്തിനെപ്പറ്റിയുള്ള കവിതയിൽ സ്വന്തം വികാരങ്ങൾ മറ്റൊരാളിലേക്ക് സ്ഥാനമാറ്റം ചെയ്താണ് കവി സംസാരിക്കുന്നത്:

she wanders

aimlessly thinking of gentle
Atthis, her heart hanging
heavy with longing in her little breast

She shouts aloud, Come! we know it;
thousand-eared night repeats that cry
across the sea shining between us
(Barnard 61)**

മൃദുഭാവങ്ങളുള്ള ആറ്റിസ്സിനെ-
യോർത്ത്, ലക്ഷ്യമില്ലാതെ
അവൾ അലഞ്ഞുതിരിയുന്നു;
അവളുടെ ചെറിയ ശരീരത്തിൽ
മോഹത്തിന്റെ ഭാരം കൊണ്ട്
ഹൃദയം താഴ്ന്നിരിക്കുന്നു

അവൾ ഉറക്കെ പറയുന്നു: വരൂ!
നമുക്കിടയിൽ തിളങ്ങുന്ന കടലിനപ്പുറം
ആയിരം ചെവികളുള്ള രാത്രി
അവൾ പറയുന്നത് ആവർത്തിക്കുന്നു.

Sahpo embrassant sa lyre painting by Jules Elie Delaunay

ഇതു പറയുന്നത് കൂടെ നിൽക്കുന്ന ആറ്റിസ്സിനോടാണ്; കവിതയുടെ തുടക്കത്തിൽ ആറ്റിസ്സും സാഫോ-കഥാപാത്രവും പങ്കിടുന്നതായി പറയുന്ന വികാരം ('Yes, Atthis, you may be sure / Even in Sardis / Anactoria will think often of us'/ 'ആറ്റിസ്, ഉറപ്പുണ്ട്/സാർഡിസ്സിലായിരിക്കുമ്പോൾ പോലും/അനക്റ്റോറിയ/പലപ്പോഴും/ നമ്മളെയോർക്കും') ആറ്റിസ്സിനെയേൽപ്പിച്ച് പിൻവാങ്ങുകയാണ് കവി ഇവിടെ ചെയ്യുന്നത്.

വൈകാരികമായ ഒരു പിൻമാറ്റമല്ല ഇത്, കലാപരമായ ഒന്നാണ്. സാർഡിസ്സിലുള്ളയാൾ തന്നെ ആഗ്രഹിക്കണമെന്ന് സാഫോയും ആഗ്രഹിക്കുന്നുണ്ട്; അതിനപ്പുറം, കലാപരമായ ഒരു അകലം സൃഷ്ടിച്ചെടുക്കുന്നതിനാണ് വായിക്കുന്നവർക്ക് കാണാവുന്ന രീതിയിൽ തന്നെ സാഫോ ഇവിടെ പിന്നോട്ടുനീങ്ങുന്നത്.

പത്താമത്തെ മ്യൂസ്

വേർപാടിന്റെ വേദനയനുഭവിക്കുന്ന ഒരാൾ എഴുതുന്ന / ഉച്ചരിക്കുന്ന വരികളായിട്ടും ഈ കവിതകളൊന്നും അതിവൈകാരികതയിൽ മുഴുകാതിരിക്കുന്നതിന്റെ ഒരു കാരണം, ഇത്തരം പിന്മാറ്റങ്ങളാണ്.

വികാരങ്ങൾക്കു കീഴ്പ്പെടാതെ, കവിതയിൽ അവയെ വസ്തുനിഷ്ഠമായി പുനഃസൃഷ്ടിക്കുകയെന്നതാണ് ഇവിടെ സാഫോയുടെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ, കവിയെയും കവിതകളിൽ വരുന്ന സാഫോ എന്ന കഥാപാത്രത്തെയും വേറിട്ടുകാണുന്നത് പ്രധാനമാകുന്നു. കലാവസ്തു നിർമ്മിച്ചെടുക്കുന്നതിനാവശ്യമായ സംയമനവും അകലവും കവി ഇവിടെ പാലിക്കുന്നുണ്ട്.

കൃത്യതയുള്ള ബിംബങ്ങൾ കരവിരുതോടെ വിന്യസിച്ച് നിർമിച്ചെടുത്ത കാവ്യ-പ്രസ്താവങ്ങളാണ് അവർ ലക്ഷ്യമാക്കിയിട്ടുള്ളത്. അങ്ങനെ പാലിക്കുന്ന കൃത്യതയും അകലവുമാണ് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും വൈകാരികജൽപനങ്ങൾ എന്ന നിലയിൽ നിന്ന് പുതുമ നിലനിർത്തുന്ന കവിതകൾ എന്ന നിലയിലേക്ക് സാഫോയുടെ രചനകളെ ഉയർത്തുന്നതും.

അവരുടെ കൃതികൾ മുഴുവൻ ലഭ്യമായിരുന്ന കാലത്ത് (എ.ഡി മൂന്നാംനൂറ്റാണ്ടുവരെ) ഹോമർ മാത്രമാണ് സാഫോയ്ക്ക് ഒപ്പം നിൽക്കുന്ന താരതമ്യമായി ഗ്രീക് കവിതയിലുണ്ടായിരുന്നത് എന്നതിന്റെ കാരണങ്ങളിലൊന്ന് കവിതയുടെ കലയിലുള്ള അവരുടെ ഇടപടലുകളാണ്.

'On Sublimity' എന്ന പ്രബന്ധത്തിൽ ലോഞ്ജൈനസ്സ് (എ.ഡി ഒന്നാം ശതകം) ഇത് എടുത്തുപറഞ്ഞിട്ടുണ്ട്. സാഫോയുടെ കവിത ഉത്തുംഗതയിലെത്തുന്നത് (sublimity) ശ്രദ്ധേയമായ വിശദാംശങ്ങൾ തിരഞ്ഞെടുക്കുന്നതിലും അവ അനുയോജ്യമായ ക്രമത്തിൽ ചേർത്തുവച്ച് ഒരു പുതിയ ഏകരൂപം സൃഷ്ടിക്കുന്നതിലുമാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു (On Sublimity 10.110.3). ഇതിന് ഉദാഹരണമായി ലോഞ്ജൈനസ് ഉദ്ധരിക്കുന്നത് താഴെയുള്ള കവിതയാണ് (Fr. 31):

He is a god in my eyes-
the man who is allowed
to sit beside you-he

who listens intimately
to the sweet murmur of
your voice, the enticing

laughter that makes my own
heart beat fast. If I
meet you suddenly, I can't

speak-my tongue is broken;
a thin flame runs under
my skin; seeing nothing,

hearing only my own ears
drumming, I drip with sweat;
trembling shakes my body

and I turn paler than
dry grass. At such times
death ins't far from me. (Barnard 60)**

എന്റെ കണ്ണുകളിൽ അയാൾ ഒരു ദേവനാണ്
നിന്റെ അടുത്തിരിക്കാൻ അനുവാദമുള്ളയാൾ, നിന്റെ
മൃദുമന്ത്രണങ്ങളുടെ സ്വരങ്ങൾ അടുപ്പത്തോടെ
കേട്ടിരിക്കുന്നയാൾ,

എന്റെ ഹൃദയമിടിപ്പുകൂട്ടുന്ന
നിന്റെ ചിരിയുടെ ശബ്ദം
ശാന്തനായി ശ്രദ്ധിക്കുന്നയാൾ.

പെട്ടെന്ന് നീ കാഴ്ചയിലെത്തുമ്പോൾ
എനിക്ക്
മിണ്ടാൻ കഴിയുന്നില്ല, എന്റെ നാവ്
തകർന്നിരിക്കുന്നു; എന്റെ ത്വക്കിനടിയിൽ
നേർത്ത ഒരു ജ്വാല
പടരാൻ തുടങ്ങുന്നു;

ഒന്നും കാണാൻ കഴിയാതെ
ചെവിയുടെ മുഴക്കം മാത്രം കേട്ട്, ഞാൻ
വിയർത്തൊഴുകുന്നു;

വിറയലിൽ
എന്റെ ദേഹം കുലുങ്ങുന്നു; ഞാൻ
ഉണങ്ങിയ പുല്ലിനേക്കാൾ
വിളറിപ്പോകുന്നു; ഇത്തരം നിമിഷങ്ങളിൽ
മരണം
എന്റെ കൂടെത്തന്നെയുണ്ട്.

ഈ കവിതയിലെ സാഫോ-കഥാപാത്രം ഒരു പെൺകുട്ടിയുമായി പ്രേമത്തിലാണ്; പക്ഷെ പെൺകുട്ടിയോടൊപ്പം 'ദേവ'തുല്യനായ ഒരു പുരുഷനുമുണ്ട്. അയാളുടെ സാന്നിധ്യം കാമുകിയെ അപ്രാപ്യയാക്കുന്നു. അതോടെ സംസാരിക്കുന്നയാളുടെ ഹൃദയവേഗം കൂടുകയും സംസാരശേഷിയും കാഴ്ചശക്തിയും നഷ്ടപ്പെടുകയും ചെയ്യുന്നു.

വിയർപ്പിൽ കുളിച്ച്, ശരീരം വിറകൊണ്ട്, വിളറി വെളുത്ത്, അവൾ മരണത്തിനടുത്തുവരെ എത്തുന്നു. മുന്നിൽ തെളിയുന്ന ശൂന്യതയിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള വഴികളൊന്നും തന്നെ കവിതയിൽ കാണുന്നില്ല. ഈ ശൂന്യതയിലേക്കാണ് കവി പിന്മാറുന്നത്.

നാടകീയതയും എഴുത്തിന്റെ കലയും ഒത്തുചേർന്ന് അസാധാരണ ഉൾബലം സൃഷ്ടിക്കുന്ന ഈ കവിതയിൽ സാധാരണജീവിതത്തിൽ നിന്നുള്ള വിശദാംശങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ആശയം വികസിക്കുന്നതിനനുസരിച്ച് അനുക്രമമായി ഉപയോഗിച്ച്, അവയുടെ പരസ്പരബന്ധത്തിൽ ഒരു വൈകാരികാവസ്ഥയുടെ കൃത്യമായ നിർവചനം സൃഷ്ടിക്കാനാണ് സാഫോ ശ്രമിക്കുന്നത്.

ഇതിലടങ്ങിയ കലാപാടവവും പ്രാവീണ്യവും അസാധാരണവുമാണെന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

സാഫോയെ 'പത്താമത്തെ മ്യൂസ്' എന്നു പ്ലേറ്റോ വിശേഷിപ്പിച്ചതായി The Greek Anthology എന്ന സമാഹാരത്തിൽ കാണുന്നു.

ഇതുപോലെയുള്ള നിരവധി രചനകൾ പ്രചാരത്തിലുണ്ടായിരുന്ന പുരാതനഗ്രീസിലും റോമിലും അവർക്കു ലഭിച്ച അംഗീകാരം (ലോഞ്ജൈനസ് തന്നെ ഉദാഹരണം) അത്ഭുതപ്പെടുത്തുന്നതല്ല. സാഫോയെ 'പത്താമത്തെ മ്യൂസ്' (ക്ലിയോ, കാലിയോപി തുടങ്ങി എഴുത്തിനു പ്രചോദനം നൽകുന്ന ഒൻപത് ദേവതകൾ ഗ്രീക്ക് പുരാണങ്ങളിലുണ്ട്) എന്നു പ്ലേറ്റോ വിശേഷിപ്പിച്ചതായി The Greek Anthology എന്ന സമാഹാരത്തിൽ കാണുന്നു.

ഇത് പ്ലേറ്റോയുടെ അഭിപ്രായമായിരുന്നു എന്ന് ഉറപ്പൊന്നുമില്ല. അതെന്തായാലും അന്ന് കവിത വായിച്ചിരുന്നവർക്കിടയിൽ സാഫോയുടെ സ്ഥാനം എന്തായിരുന്നു എന്ന് ഈ വിശേഷണം സൂചിപ്പിക്കുന്നു.

സാഫോ ഇന്ന് വായിക്കുമ്പോൾ

കഴിഞ്ഞ നൂറുവർഷങ്ങൾക്കുള്ളിൽ സാഫോയെപ്പറ്റി നിരവധിപേർ എഴുതിയിട്ടുണ്ട്. പാഠസംശോധകരും വിമർശകരും മുതൽ കഥയെഴുത്തുകാർ വരെ. ഗേ /ലെസ്ബിയൻ രാഷ്ട്രീയം ശക്തമായത് സാഫോക്ക് കൂടുതൽ വായനക്കാരെയുണ്ടാക്കി; ഈ രാഷ്ട്രീയത്താൽ പ്രേരിതമായും അല്ലാതെയും അവരുടെ കവിതകളെയും ജീവിതത്തെയും അവരെക്കുറിച്ചുള്ള കഥകളെയുമടിസ്ഥാനമാക്കി പല സ്വഭാവങ്ങളുള്ള രചനകൾ സമീപകാലത്തു നടന്നു.

സാഫോ കാവ്യവസ്തുവാകുന്ന കൃതികൾ (ഇതിൽ കാവ്യേതരവസ്തുക്കളും പെടും) മുതൽ കവിതകളെയും പാഠങ്ങളെയും പറ്റിയുള്ള നിശിത പഠനങ്ങൾ വരെ ഇവിടെ കാണാം. വൈവിദ്ധ്യമുള്ള വായനാസാദ്ധ്യതകളാണ് ഇപ്പോൾ ഈ കവിയിൽ താല്പര്യമുണ്ടാകുന്നവർക്കു മുന്നിലുള്ളത്.
അടുത്ത കാലത്ത് സാഫോയുടെ കവിതകൾക്ക് ഇംഗ്ലീഷിലേക്കുതന്നെ നിരവധി വിവർത്തനങ്ങളുണ്ടായി. അതനുസരിച്ച് വായനക്കാരുടെ എണ്ണവും കൂടി.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ, വായനയുമായി ബന്ധപ്പെട്ടും അല്ലാതെയും, കഥകളിലും നോവലുകളിലും കവിതകളിലും ഒരു കഥാപാത്രമായും, ലെസ്ബിയൻ സ്നേഹത്തിന്റെ രൂപകമായും സാഫോ കൂടുതലായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത് പുതിയ പ്രതിഭാസമായിരുന്നില്ല. യൂറോപ്യൻ ചിത്രകലയുടെ നവോത്ഥാനകാലം മുതൽ അവരുടെ ജീവിതത്തെച്ചുറ്റി നിലവിൽ വന്ന നിരവധി കെട്ടുകഥകളും അവയിലുള്ള സന്ദർഭങ്ങളും നിരവധി പെയിന്റിങ്ങുകൾക്കാണ് ജന്മം നൽകിയത്.

1851ൽ Charles Gounod സംഗീതം രചിച്ച് Émile Augier എഴുതിയ librettoയോടുകൂടി അവതരിക്കപ്പെട്ട Sapho എന്ന opera ഈ ചരിത്രത്തിൽ ഒരു പ്രധാന സംഭവമാണ്. സമീപകാലത്ത്, സാഫോയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ മൂന്നു നോവലുകൾ വിമർശകരുടെ ശ്രദ്ധയാകർഷിക്കുകയുണ്ടായി: The Laughter of Aphrodite (പീറ്റർ ഗ്രീൻ, 1965), Sappho: the Tenth Muse (നാൻസി ഫ്രീഡ്മൻ, 1998), Sappho's Leap (എറിക ജോങ്, 2003). ഇവയിലെല്ലാം സാഫോ എന്ന കവിയെക്കാളുപരി, സാഫോ എന്ന സാങ്കൽപിക കഥാപാത്രമാണ് കാഴ്ചയിൽ വരുന്നത് എന്ന വസ്തുത പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

ഈ കഥാപാത്രത്തെയാണ് പിന്നീട് ഫാഷൻ, ടൂറിസം വ്യവസായങ്ങൾ വിപുലമായി ഏറ്റെടുത്തത്.

undefined

ഇന്ന് സാഫോയുടെ പേരുള്ള നിരവധി ഫാഷൻ ഉൽപന്നങ്ങളും ഭക്ഷണശാലകളും ഹോട്ടലുകളുമുണ്ട്. സാഫോ ഇപ്പോൾ കവി മാത്രമായല്ല നിലനിൽക്കുന്നത്; ഒരു brand name എന്ന നിലയിലുമാണ്. ഒരു കവിയെ കൊമോഡിറ്റിയാക്കുന്നു എന്നതല്ല ഇതിലെ പ്രശ്നം. ഇപ്പോഴത്തെ മൂലധനവ്യവസ്ഥയിൽ തികച്ചും സാധാരണമായതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല.

കവിയുമായി കൃത്രിമപരിചയം സൃഷ്ടിച്ച് കവിതയുടെ ഭിന്നസ്വഭാവം കാണാതിരിക്കാൻ വായിക്കുന്നവരെ പ്രേരിപ്പിക്കുന്നു എന്നതാണ് കൊമോഡിറ്റി-വൽക്കരണം കൊണ്ടുണ്ടാകുന്ന പ്രധാന അപകടം. ഇത്തരം സന്ദേശങ്ങൾ അവഗണിക്കുക എന്നതാണ് ഇപ്പോൾ വായനകൊണ്ടുചെയ്യാവുന്ന പ്രതിരോധങ്ങളിൽ മുഖ്യം.

ഇന്നത്തേതിൽ നിന്ന് തികച്ചും ഭിന്നമായ ലോകത്താണ് സാഫോ ജീവിച്ചത്. ഇക്കാലത്തു മനസ്സിലാക്കാൻ വിഷമമുള്ള അനുഭവങ്ങളും ചിന്തകളും അവരുടെ കവിതകളിലുണ്ട്. വായനക്ക് ഭേദിക്കാൻ കഴിയാത്ത ഇത്തരം ഘടകങ്ങളോടൊപ്പമാണ് പലരും ആസ്വദിച്ചു വായിക്കുന്ന കവിതാഭാഗങ്ങൾ നിലകൊള്ളുന്നതു തന്നെ. ഇവ വേർതിരിച്ചറിയുക പ്രധാനമാണ്.

തുടർന്നു വന്ന കാലത്ത് ഈ രചനകൾ നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങൾ റോമൻ പള്ളിയുടെ ഭാഗത്തുനിന്നുണ്ടായി എന്നതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട ചരിത്രവും ഇന്ന് സാഫോ വായിക്കുമ്പോൾ മറക്കാൻ കഴിയില്ല.

ദുർഗ്രഹമായതെല്ലാം ആ നിലയിൽ തിരിച്ചറിഞ്ഞുകൊണ്ടും, മനസ്സിലാക്കാൻ കഴിയുന്നതെല്ലാം തുടർന്നും ചോദ്യങ്ങൾക്ക് വിധേയമാണ് എന്ന കരുതലോടെയുമാകുമ്പോൾ ഈ കവിതകളോടുള്ള സമീപനം ഒന്നുകൂടി നീതിപൂർവ്വമായി മാറുന്നു. കിട്ടാനുള്ള പരിമിത അറിവുകളുടെ അടിസ്ഥാനത്തിൽ, കവിതകളെ അവ എഴുതപ്പെട്ട ചരിത്രഘട്ടവുമായി ബന്ധപ്പെടുത്തുകയെന്നതും പ്രധാനമാണ്.

തുടർന്നു വന്ന കാലത്ത് ഈ രചനകൾ നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങൾ റോമൻ പള്ളിയുടെ ഭാഗത്തുനിന്നുണ്ടായി എന്നതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട ചരിത്രവും ഇന്ന് സാഫോ വായിക്കുമ്പോൾ മറക്കാൻ കഴിയില്ല. ഇന്നത്തേതുൾപ്പെടെ മൂന്ന് ചരിത്രഘട്ടങ്ങൾ ചേർത്തുവച്ചാണ്, അക്കാലത്തെ മറ്റു പല രചനകളുടെ കാര്യത്തിലും എന്ന പോലെ, സാഫോ എഴുതിയത് ഇന്ന് വായിക്കേണ്ടത്.
കവിതകളുടെ മൂന്നോ നാലോ ഇംഗ്ലീഷ് വിവർത്തനങ്ങൾ തിരഞ്ഞെടുത്ത്, ഓരോ കവിതയുടെയും പല വിവർത്തനങ്ങൾ ചേർത്തുവച്ചു വായിക്കുക എന്നതാണ് ഇപ്പോൾ അവർക്കു സ്വീകരിക്കാവുന്ന ഒരു നല്ല മാർഗ്ഗം. വായനയ്ക്കിടയിൽ David Campbell എഡിറ്റ് ചെയ്ത Greek Lyric I (1982) എന്ന സമാഹാരത്തിൽ ചേർത്തിട്ടുള്ള ഗദ്യവിവർത്തനങ്ങളുമായി ഇവയെ താരതമ്യം ചെയ്യുന്നത് കവിതകൾക്ക് കൂടുതൽ വ്യക്തത നൽകും.

ഇതോടൊപ്പം ആർക്കിലോക്കസ്, ആൽകയോസ്, ഇബിക്യൂസ് തുടങ്ങിയ സാഫോയുടെ സമകാലികരുടെയും, കറ്റാലസ്, ഹോറെസ് തുടങ്ങിയ റോമൻ പിൻഗാമികളുടെയും ഏതാനും കവിതകൾകൂടി നോക്കുന്നത് വായനയുടെ പശ്ചാത്തലം വിപുലമാക്കാൻ സഹായിക്കും. ഓവിഡ് ആദ്യകാലത്തെഴുതിയ The Heroides (Letters of Heroines) എന്ന കൃതിയിലെ പതിനഞ്ചാമത്തെ കത്ത് ('Sappho to Phaon') സാഫോ എഴുതിയതായാണ് സങ്കല്പിക്കുന്നത്.

അവരെപ്പറ്റിയുള്ള നിരവധി കെട്ടുകഥകൾക്ക് അടിസ്ഥാനമായി മാറി എങ്കിലും, അഞ്ഞൂറോളം വർഷങ്ങൾ കൊണ്ട് സാഫോയെ ചുറ്റിയുള്ള കഥാനിർമ്മാണം എത്രമാത്രം വളർന്നിരുന്നു എന്ന് 'Sappho to Phaon' വ്യക്തമാക്കുന്നു.

ഒരു കവിക്ക് തുടർച്ചയുണ്ടാകുന്നത് വായനക്കാരിലൂടെ മാത്രമല്ല, തുടർന്നു വരുന്ന കവികളിലൂടെയുമാണ്.

ആറ്റിസ്, അനക്റ്റോറിയ തുടങ്ങിയ തന്റെ മുൻകാല കാമുകിമാരെ മറന്ന്, തന്നെയുപേക്ഷിച്ച് സിസിലിയിലേക്കു പോയ Phaon എന്ന കാമുകനെ പ്രാപിക്കുന്നതിനു വേണ്ടി, ഒരു പാറക്കെട്ടിനു മുകളിൽ നിന്ന് കടലിലേക്കു ചാടി ആത്മഹത്യ ചെയ്യുന്ന സാഫോയാണ് ഈ കവിതയിലുള്ളത്. ഇത്തരം കഥകളുടെ നിർമിതിയിൽ gender രാഷ്ട്രീയം എങ്ങനെ പ്രവർത്തിക്കുന്നു എന്നും വായിച്ചെടുക്കാവുന്നതാണ്.

മുൻപു പറഞ്ഞതുപോലെ, ഒരു കവിക്ക് തുടർച്ചയുണ്ടാകുന്നത് വായനക്കാരിലൂടെ മാത്രമല്ല, തുടർന്നു വരുന്ന കവികളിലൂടെയുമാണ്. കവിതയെഴുത്തിന്റെ കല ഗൗരവമായി പഠിക്കുന്ന ഒരാൾക്ക് തന്റെ ഉപകരണങ്ങൾ പുതുക്കുന്നതിനുള്ള നിരവധി സൂചനകൾ ഈ കവിതകളിൽ ഇപ്പോഴുമുണ്ട് എന്നതാണ് സാഫോയെ ഇന്നത്തെ കവിയാക്കുന്നത്.

References and Suggestions for Further Reading:

1.Texts and Translations
Barnard, Mary, translator. Sappho: A New Translation. Univ. of California Press, 1966.
Barnstone, Willis, translator. The Complete Poems of Sappho. Shambhala, 2011.
Barnstone, Willis, translator. Ancient Greek Lyrics. Indiana UP, 2010.
Campbell, David A., editor and translator. Greek Lyric I: Sappho and Alcaeus. Harvard UP, 1982.
Carson, Anne, translator. If Not, Winter: Fragments of Sappho. Vintage, 2003.
Edmonds, J M., editor and translator. Lyra Graeca Vol. 1. William Heinemann, 1922.
Rayor, Diane, J, translator. Sappho: A New Translation of the Complete Works. Cambridge UP, 2014.

2.Studies

Budelmann, Felix, editor. The Cambridge Companion to Greek Lyric. Cambridge UP, 2009.
Campbell, David A. The Golden Lyre: The Themes of the Greek Lyric Poets. Duckworth, 1983.
Gerber, Douglas, E, editor. A Companion to the Greek Lyric Poets. Brill, 1997.
Greene, Ellen, editor. Women Poets in Ancient Greece and Rome. Univ. of Oklahoma Press, 2005.
Longinus. 'On Sublimity.' In Russell, D A and Winterbottom, editors. Ancient Literary Criricism: The Principal Texts in New Translations. Oxford UP, 1972.
Reynolds, Margaret. The Sappho Companion. Palgrave, 2000.
Thorson, Thea S and Stephen Harrison, editors. Roman Receptions of Sappho. Oxford UP, 2019.
Tsantsanoglou, Kyriakos. Studies in Sappho and Alcaeus. De Gruyter, 2019.

Comments